8/12/09

വാത്സ്യായനൻ ഉണർന്നെണീറ്റ ഒരു സുപ്രഭാതം...

മുന്നറിയിപ്പ്: ഇതിന്റെ തലക്കെട്ടു കണ്ടിട്ട് എന്തെങ്കിലുമൊക്കെ ‘തടയു‘മെന്നു കരുതി വന്ന മാന്യ വായനക്കാർ ദാ താഴെകൊടുത്തിരിക്കുന്ന വരയിൽ‌വെച്ചുതന്നെ നിർത്തിയേരെ. ഇതു നിങ്ങൾ ഉദ്ദേശിച്ച വാത്സ്യായനൻ അല്ല.
----------------------------------------------------------------------------------------------
പിന്നെയോ?

ഇതെന്റെ ഒരു നാട്ടുകാരൻ.

മഹാകുഴിമടിയൻ. കാവിൽകടവിൽ പ്രഭാകരന്റെ മകൻ. വാത്സ്യായനൻ.

ഞാനും കുറേനാൾ ചിന്തിച്ചു നടന്നു.. ഇതെന്താണപ്പാ ഇങ്ങനെയൊരു പേര്? വാത്സ്യായനൻ?!
പിന്നെ ഞാനും കരുതി.. പന്ത്രണ്ട് മക്കളുള്ള പ്രഭാകരന് ജീവിതത്തിൽ ആരോടെങ്കിലുമൊക്കെ ഒരു കടപ്പാടു വേണ്ടേ? അതാവാം വാത്സ്യായനൻ.

സത്യത്തിൽ വാത്സ്യായനൻ എന്ന പേരും പേറി വാത്സ്യായനൻ കുറേ കഷ്ടപ്പെട്ടു. ബുദ്ധിമുട്ടി. 1997-2002 കാലഘട്ടത്തിൽ ഷക്കീല എന്നു പേരായ പെൺകുട്ടികൾ എത്രകണ്ട് ബുദ്ധിമുട്ടിയോ അതിനേക്കാൾ ബുദ്ധിമുട്ടി.

കാരണം, ഒരുകാലഘട്ടവും ഒരു യുഗവും തമ്മിൽ അജഗജാന്തരമുണ്ട്.

പറഞ്ഞുവന്നത് വാത്സ്യായനന്റെ കുഴിമടിയെപ്പറ്റിയാണ്.

സത്യത്തിൽ വാത്സ്യു എങ്ങനെയാണിത്ര മടിയനായിത്തീർന്നത്? ഒരു പണിയുമെടുക്കാതെ ഉച്ചവെയിലുറയ്ക്കുന്നതു വരെ കിടന്നുറങ്ങുന്നതെന്തുകൊണ്ടാണ്? ഉച്ചസൂര്യൻ ജനാലയിലൂടെ ഒളിഞ്ഞുനോക്കുമ്പോൾ വ്യാത്സുവിന്റെ ചന്തി സൂര്യനെ നോക്കി ചിരിക്കുകയാവും. പാവം സൂര്യൻ ഒരു മേഘക്കീറിനുള്ളിൽ തെല്ല് ലജ്ജയോടെ മുഖം മറച്ച് പെട്ടെന്ന് അസ്തമിച്ചെങ്കിലെന്നു വാച്ച് നോക്കും.

അയൽക്കാരൻ തറയിൽക്കിഴക്കതിൽ ഹമീദ് പറയുന്നത് വളർത്തുദോഷമാണെന്നാ. “ അന്നേ ഞാൻ പ്രഭാകരണ്ണനോട് പറഞ്ഞതാ പയ്യനെ നിങ്ങള് കൊഞ്ചിച്ച് കൊഞ്ചിച്ച് വഷളാക്കല്ലേന്ന്..” ഹമീദ് വരുന്നവരോടും പോന്നവരോടുമൊക്കെ പറയും.

സത്യത്തിൽ ഹമീദ് പറഞ്ഞതിലും ശരിയുണ്ട്. പ്രഭാകരേട്ടനും കാർത്യായന്യേച്ചിയും വാത്സ്യുവിനെ തറയിൽ വെച്ചാൽ ഉറുമ്പരിക്കും തലയിൽ വെച്ചാൽ പേനരിക്കും എന്ന നിലയിൽ കണ്ണിൽ എണ്ണഒഴിച്ചാ വളർത്തിയത്.

പക്ഷെ, ഇടക്കെപ്പൊഴോ എണ്ണ വറ്റിയപ്പോഴാണോ കണ്ണുതെറ്റിയപ്പൊഴാണോ എന്നറിയില്ല, വ്യാത്സുവിന്റെ മുൻ‌വരിയിലെ രണ്ടുമൂന്ന് പല്ലുകൾ പുഴുവരിച്ചു കൊണ്ടുപോയി.

അതെന്തായാലും കുഴിമടിയനായിത്തന്നെ വാത്സ്യായനൻ വളർന്നു. കാലം പോകെപ്പോകെ കൂടുതൽകൂടുതൽ മടിയുടെ കൊടുമുടികൾ കയറിയിറങ്ങി.

അധികമൊന്നും കാത്തു നിൽക്കാതെ പ്രഭാകരേട്ടൻ യാത്രയായി.

മറ്റു പതിനൊന്നുമക്കളും പതിനൊന്നിടത്ത്. ഒരിടത്തും പോകാതെ ഒരു പണിയും ചെയ്യാതെ പ്രീഡിഗ്രി തോറ്റ വാത്സ്യായനൻ പി.എസ്. സി റാങ്ക് ലിസ്റ്റിൽ പേരുവരുന്നതും സ്വപ്നം കണ്ട് ഉച്ചവരെ കിടന്നുറങ്ങി. തന്റെ സ്വഭാവത്തിന് സർക്കാർ ഉദ്യോഗമാണ് യോജിച്ചതെന്ന് അയാൾക്കറിയാമായിരുന്നു.

പക്ഷെ അയാൾ പരീക്ഷകൾ ഒന്നും എഴുതിയിരുന്നില്ല.

വയസ്സാം കാലത്ത് കാർത്യായനിയമ്മ വെച്ചുവിളമ്പുന്നത് തിന്നുകുടിച്ചു നടന്നു.

എന്തെങ്കിലുമൊക്കെ ജോലി ചെയ്യാനായി വാത്സ്യായനനെ ഉപദേശിക്കാത്ത ആരും ഞങ്ങളുടെ നാട്ടിലില്ല. എല്ലാം പക്ഷെ ടിയാൻ ഒരു കോട്ടുവായിൽ ആവാഹിക്കും. ആരുകേൾക്കാൻ?

രണ്ടുവർഷം മുമ്പ് പുള്ളിക്കാരന്റെ ചേട്ടൻ ഗോവർദ്ധനൻ ഗൾഫീന്നു വന്നപ്പോ നാട്ടിൽ നിന്നും കാർത്യായനിയമ്മയിൽനിന്നും അനുജനെക്കുറിച്ചു കേട്ടറിഞ്ഞതിൽ മനംനൊന്ത് ഒരു ചെറിയ പലചരക്കുകടയൊക്കെ സംഘടിപ്പിച്ചുകൊടുത്തു. വീടിനടുത്തുള്ള ജംഗ്ഷനിൽതന്നെ. അത്യാവശ്യം സാധനങ്ങളൊക്കെ ഉള്ള വലിയ തരക്കേടില്ലാത്ത ഒരു കടയായിരുന്നു അത്.

മടിയന്മാർ മുടിയന്മാരാണെന്നു പറയുന്നത് വെറുതെയാണോ? ആ കട പൂട്ടിപ്പോയതിന് പല കാരണങ്ങളുള്ളതായി പറയപ്പെടുന്നു.

1. മിക്കവാറും സമയങ്ങളിൽ കട മറ്റുള്ളവരെ ഏൽ‌പ്പിച്ച് പള്ളിയുറക്കത്തിനായി പുറപ്പെടുക.

2. സ്ഥിരമായി തുറന്നു പ്രവർത്തിക്കാതിരിക്കുക.

3. കടയുടെ ഉള്ളിൽ അങ്ങേ അറ്റത്ത് വെച്ചിരിക്കുന്ന ചെറിയ ഉള്ളി, ശർക്കര, കടലപ്പിണ്ണാക്ക്
തുടങ്ങിയ സാമഗ്രികൾ അവിടം വരെ ചെന്നെടുക്കാനുള്ള മടി കാരണം ആവശ്യക്കാരോട് അവയൊന്നും സ്റ്റോക്ക് ഇല്ലെന്നു പറയുക.

4. അളവിൽ കൂടുതൽ സാധനങ്ങൾ നൽകുക. (തൂക്കുന്ന സാധനം കൂടുതലാണെങ്കിൽ അതിൽ നിന്നു പിന്നെ തിരികെ എടുത്ത് പിന്നെ തൂക്കം അഡ്ജസ്റ്റ് ചെയ്ത് പിന്നെ ബാക്കി വന്ന സാധനം കൊണ്ടു ചെന്നു യഥാസ്ഥാനത്ത് തിരിച്ചിട്ട്... ഹൊ അതൊക്കെ ടിയാൻ ഒരു ബുദ്ധിമുട്ടായി മനസ്സിലാക്കുന്നു.)

5. ബന്ദിനോ ഹർത്താലിനോ വേണ്ടിയുള്ള നിരന്തരമായ പ്രാർഥന.

അങ്ങനെ 27.09.2006-ൽ തുറന്ന പലചരക്കുകടയുടെ തിണ്ണ 05.11.2006-ൽ വെട്ടുക, ഈരാണി തുടങ്ങിയ കടത്തിണ്ണക്കളിക്കളങ്ങളെക്കൊണ്ട് നിറഞ്ഞു. അതായതു പൂട്ടി.

ഇവനെക്കൊണ്ട് കാർത്യായനിയമ്മക്കും പൊറുതിമുട്ടി.

എന്തെങ്കിലും കാര്യം സാധിക്കണമെങ്കിൽ അയല്പക്കത്തെ കുട്ടികൾ വേണം. ഒന്നു കടയിൽ പോകണമെങ്കിലോ, തീയെരിക്കാൻ അല്പം വിറകു കീറണമെങ്കിലോ, സംഘക്കെട്ടിടത്തിൽ നിന്നു നടു വേദനയുടെ ഇത്തിരി തൈലം വാങ്ങണമെങ്കിലോ ഒക്കെ അയലത്തെ സുദേവന്റെ മകനെയോ, സുധീറിനെയോ ഒക്കെ വിളിക്കണം. വയസ്സാം കാലത്തെ ഓരോ ബുദ്ധിമുട്ടുകളേ.

ഒരു ദിവസം രാവിലെ കാർത്യായനിയമ്മ അയലത്തെ കുട്ടികളെ ഓരോന്നായി വിളിച്ചു നോക്കി. ഒറ്റൊരാൾടേം അനക്കം കൂടി കേൾക്കാനില്ല. വാത്സ്യായനന്റെ അമ്മക്കാണെങ്കിൽ രാവിലെ ചായ കുടിക്കാതെ ഒരു തഞ്ചവുമില്ല. മിക്കവാറും പാലു വാങ്ങിക്കൊണ്ടുവരുന്ന കൊച്ചുകുട്ടനേം കാണാനില്ല.

“അവരെല്ലാം സമ്മേളനത്തിന് പോയി വല്യമ്മേ” – തെക്കേലെ ഗോമതി മുറ്റമടിക്കുന്നതിനിടെ പറഞ്ഞു.

കുട്ടികളെല്ലാം എറണാകുളത്ത് സി പി എമ്മിന്റെ സമ്മേളനത്തിനു പോയിരിക്കുകയാ. സി.പി.എമ്മുകാരും അല്ലാത്തവരുമായ എല്ലാ കുട്ടികളും പോയി. പച്ചക്കോൺഗ്രസ്സായ മസ്താന്റെ മോൻ ഷിബു വരെ പോയി. പിന്നെയാണോ?.. സൌജന്യമായിട്ട്, കൊച്ചിയൊക്കെ ഒന്നു കാണാമല്ലോ.

സമ്മേളനം കാരണം കാർത്യായനിയമ്മയുടെ ചായകുടി മുട്ടുമെന്ന നിലയിലായി. അപ്പോഴാണ് ഏതാണ്ട് തഴഞ്ഞിട്ടിരുന്ന ഒരു തിരു-ശരീരത്തെക്കുറിച്ച് അവർക്ക് ഓർമ്മ വന്നത്.
വാത്സ്യായനൻ..

“ആളൊരുത്തൻ ഇവിടുണ്ടായിട്ട് വല്ല ഗുണവു മുണ്ടോ? കണ്ടില്ലേ കിടന്നുറങ്ങുന്നത്? മരിക്കാൻ നേരത്ത് ഒരിറക്കു വെള്ളം കിട്ടിയാൽ ഭാഗ്യം.. ഡാ വാസൂ (അമ്മക്ക് മറ്റേ പേരു പണ്ടേ വഴങ്ങില്ല.) ഇത്തിരി പാലു വാങ്ങിക്കൊണ്ടു വാടാ .. എണീക്കെടാ നേരം ഉച്ചയാകുന്നവരെ കിടന്നുറങ്ങാ‍തെ.. ഇത്തിരി പാലുചേർത്ത തേയില വെള്ളം കുടിക്കാഞ്ഞിട്ട് ഏതാണ്ടു പോലെ.. ഡാ എനീക്കെടാ വാസുവേ..

‘ഇതു തന്നെ തള്ള പറഞ്ഞുകൊണ്ടേയിരിക്കും. തള്ളക്ക് പണ്ടേയുള്ള സ്വഭാവമാ. പാട്ടുപാടിയാൽ തന്നെ പല്ലവി മാത്രമേ പാടൂ. അതും ഏഴും എട്ടും തവണ. ഇനി തള്ള ഇതു തന്നെ പറഞ്ഞുകൊണ്ടിരിക്കും. ഉറങ്ങാനും സമ്മതിക്കില്ല. നാശം!!‘ – ഇങ്ങനെയിങ്ങനെ ചിന്തിച്ച് വാത്സ്യായനൻ തിരിഞ്ഞും മറിഞ്ഞും അക്ഷമയോടെ കിടന്നു.

വാത്സ്യായനൻ ചിന്തിച്ചപോലെ തന്നെ നിർത്താനാവാത്ത ഒരു അലാറം പോലെ കാർത്യായനിയമ്മ വായിട്ടലച്ചുകൊണ്ടേയിരുന്നു.

വാത്സ്യായനന് ശരിക്കും സഹി കെട്ടു.

പിന്നെ എഴുന്നേറ്റു വന്ന് കാർത്യായനിയമ്മയോട് ഒറ്റച്ചാട്ടം!!!

“തള്ളേ ദേ.. പാലൊക്കെ വാങ്ങിക്കൊണ്ടുവരാം.. പക്ഷെ ഇതു ഞാൻ എഴുന്നേറ്റതായിട്ട് കൂട്ടരുത്”!!

വാത്സ്യായനൻ ഇറങ്ങി നടന്നു..