9/26/09

പള്ളിക്കഥകൾ-3: ഹാജി ഫക്രുദ്ദീൻ-കോയമ്മ-തങ്ങൾ

യാ ഇലാഹീ....” എന്നൊരൊറ്റ അലർച്ചയും പിന്നോട്ടൊരൊറ്റ മലക്കലുമായിരുന്നു.

പേടിച്ചു തൂറി ദേ ഈ കട്ടിലിൽ കിടക്കുന്നത് ആരാന്നുവെച്ചാ?

ആരാന്നുവെച്ചാ?

കോയമ്മ തങ്ങൾ.

ഹാജി ഫക്രുദ്ദീൻ കോയമ്മ തങ്ങൾ.!!

ഫക്രുദീൻ - കോയമ്മ- തങ്ങൾ

(സാഗർ- ഏലിയാസ്- ജാക്കി)

പുള്ളിക്കാരൻ ആരാ‍ന്നുവെച്ചാ?

ആ?

മഹാകാവ്യമെഴുതാതെ മഹാനായ മഹാകവിയാണ് മഹാകവി കുമാരനാശാൻ എന്നു പറയില്ലേ? അതു പോലെ

ഹജ്ജ് ചെയ്യാതെ ഹാജിയാരായ ഹാജിയാണ് ഹാജി ഫക്രുദ്ദീൻ കോയമ്മ തങ്ങൾ. ചുമ്മാ പിള്ളേരു കളിയാണോ? കൊള്ളാം. നല്ല ചേലായി.

എന്തായിരുന്നു സംഭവം?

എന്തായിരുന്നു സംഭവമെന്നോ?... തലതെറിച്ച പിള്ളേരുണ്ടെങ്കിൽ ഇതും ഇതിനപ്പുറവും നടക്കും. ഹാജിയാർക്ക് ചെറുമക്കളെന്നുവെച്ചാ ജീവനാന്നറിയാല്ലോ? ഇന്നലെ രാത്രി ഹാജിയാരുടെ ഇളയമകന്റെ മൂത്തമകൻ പറ്റിച്ച പണിയാ ഇത്. ഇപ്പൊ അവൻ മാത്രമല്ലേ ഉള്ളൂ വീട്ടിൽ. വീട്ടിൽ കുട്ടികളെല്ലാവരും വരുന്ന വിശേഷാവസരങ്ങളിൽ ഹാജിയാരും കുട്ടികളും കൂടി ഒരു മേളമാ. പാട്ടും കളീം കടംകഥയും ഒക്കെയായിട്ട്.

ഇന്നലെ രാത്രി ഈ ഇളയ മകന്റെ മൂത്തമകൻ ഹാജിയാരെ ഉമ്മറത്തുന്നു “ഉപ്പാപ്പാ ഉപ്പാപ്പാ ഒരു കടം കഥ കാണിച്ചേരാം.. ഉപ്പാപ്പാ‍ക്ക് ബല്യ ബുദ്ദിയാന്ന് ആൾക്കാര് പറേണത് ശരിയാണോന്ന് ഇപ്പ അറിയാലോ” എന്നു പറഞ്ഞ് വിളിച്ചോണ്ട് പോയി.

“ എന്താണ്ടാ മോനേ പുന്നാര ഫൈസലേ.. ഞ്ഞി എന്ത് കഥയാ ഉപ്പാപ്പാക്ക് കാണിച്ചരണേ” എന്നും ചോദിച്ച് ഉപ്പാപ്പാ ഫൈസലിനോടൊപ്പം പോയി.

“ ഉപ്പാപ്പ നോക്ക്.. ഞാൻ ഉപ്പാപ്പക്ക് ഒരു പടം കാണിച്ച് തരും.. അതിൽ കുറേം തെറ്റൊക്കെയുണ്ട്. സൂക്ഷിച്ച് നോക്കിയാലേ കാണൂ.. അതു കണ്ടുപിടിച്ചാൽ ഉപ്പാപ്പാനെ ഞാൻ സമ്മതിച്ചേരാം.. ” എന്നു പറഞ്ഞ് ഈ ഫൈസൽ ഹാജിയാരെ കമ്പ്യൂട്ടറിനു മുമ്പിൽ ഇരുത്തി ദുബായിൽ നിന്ന് ഹാജിയുടെ മൂത്തമകന്റെ ഇളയമകൻ വാജിദ് ഫോർവേഡ് ചെയ്ത ഒരു മെയിൽ മുന്നിലേക്ക് വിടർത്തി വെച്ചു.

ഇതാണോ കാര്യം? പണ്ട് ഹാജിയാരുടെ അഞ്ചാമത്തെ മകളുടെ നാലാമത്തെ മകൾ ബാലരമയിലെ ഒരു കടം കഥകൊണ്ട് ഹാജിയാരെ ഒന്നു വെല്ലുവിളിച്ചതാ.. ഇതുപോലെ തന്നെ ഒന്ന്. അത് പഴയ ഒരു മുഗൾ രാജകൊട്ടാരത്തിന്റേതായിരുന്നു. കൊട്ടാരത്തിൽ ചക്രവർത്തിയും പരിവാരങ്ങളും നിൽക്കുന്നു.

അന്ന് ഹാജിയാര് കണ്ടു പിടിച്ചു ആ ചിത്രത്തിലെ തെറ്റ്.

ഭിത്തിയിൽ പ്രകാശിക്കുന്ന ഒരു ഫ്ലൂറസെന്റ് ലാമ്പ്.

“ഇന്റെ പുന്നാര ഫൈസലു കുട്ടാ.. മോനേ ഇതിപ്പ ഉപ്പാപ്പ ശരിയാക്കി തരാ..“

ഹാജി കണ്ണടയെടുത്ത് ഫിറ്റ് ചെയ്ത് കമ്പ്യൂട്ടർ സ്ക്രീനിൽ ഡെഡിക്കേറ്റടായി.

സിസ്റ്റത്തിന്റെ വോളിയം

മാക്സിമത്തിലാക്കുന്നതിന്റെ തിരക്കിലായിരുന്നു ‘പുന്നാര ഫൈസൽ കുട്ടൻ.‘

ഈ ചിത്രം ഒരു ബെഡ് റൂം ആയിരുന്നു. അലക്ഷ്യമായി വലിച്ചെറിച്ച വസ്ത്രങ്ങളും ചുവരുകളും ഫർണിച്ചറുകളും ഒക്കെ ഹാജിയാർ സസൂക്ഷ്മം നിരീക്ഷിച്ചു. ‘ബല്യ കൊട്ടാരം ഞമ്മള് കണ്ടു പിടിച്ചീക്ക്ണ് .. പിന്നെയാണ് ഈ പീറ കിടപ്പു മുറി‘ എന്ന് മനസ്സിൽ പറഞ്ഞു. നിരീക്ഷണത്തിലേക്ക് ആണ്ടിറങ്ങി..

വീണ്ടും വീണ്ടും ആണ്ടിറങ്ങി.

ഇപ്പോൾ അർജുനൻ പക്ഷിയെ കണ്ടപോലെ ഹാജിയാർക്കു മുന്നിൽ ആ ചിത്രം മാത്രം.

നിശബ്ദത പാലുകുടിക്കുന്നു.

ഘടികാര സൂചിയുടെ ടിക് ടോക് ശബ്ദം മാത്രം.

ടിക് ടോക് ടിക് ടോക് ടിക് ടോക് ടിക് ടോക്

........................................................................

.................................................................

പിന്നെ CPU വിന്റെ ചെറിയോരു മൂളലും... ഹൂ....

ഉപ്പാപ്പ നിരീക്ഷണത്തിൽ മുങ്ങി..

ടിക് ടോക് ടിക് ടോക് ടിക് ടോക് ടിക് ടോക്

..............................................................................

പൊടുന്നനെ അതി ഭീകരമായ ഒരു രൂപം ഒരു വൻ അലമുറയോടെ ചിത്രത്തിന് വെളിയിലേക്ക് കുതിച്ചു വന്നു.

ഹാജിയാരാകട്ടെ

യാ ഇലാഹീ....” എന്നൊരൊറ്റ അലർച്ചയും പിന്നോട്ടൊരൊറ്റ മലക്കലുമായിരുന്നു.

അങ്ങനെ പേടിച്ചു തൂറി ദേ ഈ കട്ടിലിൽ കിടക്കുന്നത് ആരാന്നുവെച്ചാ?

ആരാന്നുവെച്ചാ?

കോയമ്മ തങ്ങൾ.

ഹാജി ഫക്രുദ്ദീൻ കോയമ്മ തങ്ങൾ.!!

ഫക്രുദീൻ - കോയമ്മ- തങ്ങൾ

(സാഗർ- ഏലിയാസ്- ജാക്കി)

പുള്ളിക്കാരൻ ആരാ‍ന്നുവെച്ചാ?

ആ...


9/18/09

പള്ളിക്കഥ-2, പെരുന്നാൾ നമസ്കാര ചരിതം.

പള്ളിക്കഥ-1 ഇവിടെ വായിക്കാം.

പള്ളിക്കഥ-2
പെരുന്നാൾ നമസ്കാര ചരിതം അഥവാ കുഞ്ഞിഖാദറിന്റെ ഈദുൽ ഫിത്വർ.

കൃഷ്ണൻകുട്ടി മുസ്ലിമായിട്ട് രണ്ടു മാസത്തോളമായി.

ഒരുമാസത്തോളം മതപാഠങ്ങൾ അഭ്യസിച്ചു.

വരുന്ന പെരുന്നാൾ ദിനത്തിൽതന്നെ നമസ്കാരം ആരംഭിച്ചുകളയാം എന്നു കരുതി.
ഒരാഴ്ച മുമ്പു തന്നെ കുപ്പായവും മുണ്ടും തൊപ്പിയും വാങ്ങി.

പച്ചനിറമുള്ള, നാലിഞ്ച് വീതിയുള്ള അറകളുള്ള ബെൽറ്റ് (സിനിമകളിലെ മുസ്ലിം കഥാപാത്രങ്ങൾ ധരിക്കുന്ന തരം) തിരക്കി ഹരിപ്പാട്ടുകാരനായ കൃഷ്ണൻ‌കുട്ടി (കുഞ്ഞിഖാദർ എന്നാണ് പുതിയ പേര്. നല്ലനല്ല മോഡേൺ മുസ്ലിം പേരുകൾ ശുപാർശ ചെയ്തതാണ്. പക്ഷെ പഴമയുള്ള നല്ല ശേലുള്ള മൊഞ്ചുള്ള ഒരു പേരു മതിയെന്നു വാശിയായിരുന്നു.) കടയായ കടകൾ മുഴുവൻ അലഞ്ഞു. ഹെവിടെ! തെക്കൻ കേരളത്തിൽ അതെവിടെക്കിട്ടാൻ! ഒരു റെഫറൻസിനു പോലും ഒന്നെടുക്കാനുണ്ടാവില്ല എവിടെയും. എങ്കിൽ അടുത്ത വല്യ പെരുന്നാളിനു മുമ്പ് കോഴിക്കോട്ടു പോയി വാങ്ങാമെന്നു നിനച്ച് തൽക്കാലം ആഗ്രഹം അവിടെ അടക്കി.

കാത്തിരുന്ന് കാത്തിരുന്ന് പെരുന്നാൾ ദിനം സമാഗതമായി.

വാങ്ങിവെച്ചിരുന്ന മുണ്ടുടുത്തു. കുപ്പായമണിഞ്ഞു. അത്തറു പൂശി.
തൊപ്പി വെക്കുമ്പോൾ കണ്ണാടിയിലൊന്നു നോക്കി.

“അൽഹംദുലില്ലാഹ്.. നല്ല അസ്സല് കാക്കാൻ”

‘ഒരാൾ മതം മാറുന്നു.. വസ്ത്രങ്ങൾ അയാളെ പാടേമാറ്റുന്നു’ എന്നൊക്കെ അന്നേരം കുഞ്ഞിഖാദറിന് ഒരു വെളിപാടൊക്കെ ഉണ്ടായി.

കണ്ണാടിയിൽ നോക്കിനിന്ന് എത്ര ഒരുങ്ങിയിട്ടും മതിയായില്ല.

മുണ്ടാണെങ്കിൽ എത്ര ഉടുത്തിട്ടും ശരിയാകുന്നില്ല.

“ പടച്ചോനേ.. ഇതു ഇടത്തേക്കു തന്നെ ഉടുക്കണോ.. എല്ലാം പഠിപ്പിച്ചിട്ടും അവരാരും ഇതൊന്നു പഠിപ്പിച്ചു തന്നില്ലല്ലോ റബ്ബേ.. ഇന്നുകൂടെ ഞാനൊന്നു വലത്തേക്കു ഉടുക്കുകയാ” എന്നും പറഞ്ഞു കുഞ്ഞിഖാദർ വലത്തേക്ക് നല്ല സുന്ദരമായിട്ടു മുണ്ടുടുത്തു മതിയാക്കി.

അങ്ങനെ കുഞ്ഞിഖാദർ അത്യന്തം സുഗന്ധപൂരിതമായ ഒരു ശരീരവുമായി കിഴക്കേ പള്ളിയിലേക്ക് യാത്രയായി.

പടിഞ്ഞാറേ പള്ളിയിൽ പല പല ആവശ്യങ്ങൾക്കായി പോയിട്ടുണ്ടെങ്കിലു കിഴക്കേ പള്ളിയിൽ ഇതാദ്യമായാണ് പോകുന്നത്. പഴയ പള്ളിയാണ്. പലതരം ചിത്രപ്പണികളാലലംകൃതമാണ് അതിനകം എന്നു കേട്ടിട്ടേയുള്ളൂ. അതൊക്കെ താനിതാ കാണാൻ പോകുന്നു, അതിന്റെയൊക്കെ ഒരു ത്രില്ലിലുമാണ് കുഞ്ഞിഖാദർ.

പള്ളി മിനാരങ്ങളിൽ നിന്നു ഒഴുകി വന്നിരുന്ന തൿബീർ ധ്വനികൾ കുഞ്ഞിഖാദറിനെ പുളകം കൊള്ളിച്ചു.

കുറച്ചുദൂരം ചെന്നപ്പോഴേക്കും തൿബീർ നിന്നു. നമസ്കാരം തുടങ്ങുവാൻ പോകുന്നുവെന്ന് ഖാദറിനു മനസ്സിലായി.
ഓടിക്കിതച്ചാണ് പള്ളിയിലെത്തിയത്.
അപ്പോഴേക്കും പള്ളി മുഴുവൻ നിറഞ്ഞു കവിഞ്ഞിരുന്നു. അധികം ഒരുങ്ങാൻ നിന്നതാണ് വിനയായത്. തന്നെക്കാത്ത് ജംഗ്ഷനിൽ നിൽക്കാമെന്നുപറഞ്ഞവരെയും അതുകാരണം കണ്ടില്ല.

കിതപ്പ് മാറിയിട്ടില്ലാത്ത കുഞ്ഞിഖാദറിനോട് അലിയാര് ഉപ്പ പറഞ്ഞു:
“പുറത്ത് കൈകെട്ടി നിസ്കരിച്ചോ കൃ.. കുഞ്ഞിഖാദറേ..”

അകത്തെ പള്ളിയിൽ ഇടമില്ല. പുറത്തു നിന്നു നമസ്കരിക്കാനാണ് അലിയാരുപ്പ പറഞ്ഞതും ഉദ്ദേശിച്ചതും.

എന്നാൽ കുഞ്ഞി ഖാദർ ഇമാമം അള്ളാഹു അൿബർ പറയേണ്ട താമസം കൈകൾ രണ്ടും വളച്ച് വളരെ ബുദ്ധിമുട്ടി തന്റെ മുതുകിനു പിന്നിലായി പിണഞ്ഞു കെട്ടി ‘പുറത്തു കൈകെട്ടി’ നമസ്കാരം തുടങ്ങി...

അങ്ങനെ കുഞ്ഞിഖാദറിന്റെ ആദ്യത്തെ പെരുന്നാൾ നമസ്കാരം പള്ളിക്കഥകളിൽ ഒരു ചരിത്രമായി രേഖപ്പെടുത്തപ്പെട്ടു.

നമസ്കാരശേഷം ആശ്ലേഷങ്ങൾക്കിടെ വടക്കൻ സൈതലവി അബൂബക്കറിനോട് ചോദിച്ചു:

“ ഓനേതാ മദ്‌ഹബ്..?”

കാലക്രമത്തിൽ ഇങ്ങനെയൊരു കൂട്ടിച്ചേർക്കലും വന്നു..9/12/09

ഉമ്മയുടെ ഫോൺകാൾ - കവിത

നമ്മുടെ മുറ്റത്തെ മാവൊന്നു പൂത്തെടാ
മാങ്ങാ പിടിച്ചെടാ
ആറാണ്ട് മുമ്പു നീ
നട്ടിട്ടു പോയതാ,
പോയാണ്ടിൽ രണ്ടു തിരി
പൂത്തു പറ്റിച്ചതാ
ഇക്കുറി എങ്കിലും പൂത്തുകായ്ച്ചു.

അടുത്തമാസത്തോടെ വിളഞ്ഞാലതിൽനിന്ന്
നാലഞ്ചു മാങ്ങകൾ അച്ചാറിടാം
ഒക്ടോബർ പത്തിന് ഹാഷിം വരുന്നുണ്ട്
അവന്റെ കയ്യിൽ കൊടുത്തയക്കാം.

വടക്കേലെ ശശാങ്കൻ ഗൾഫീന്നു വന്നെടാ
കാവ്യക്ക് ഫ്രോക്കുകൾ
ഭാര്യക്കൊരു മാല
പത്തു പവനുണ്ടൊന്നു കാണണം നീ.

തെക്കത്തെ ഗോപീടെ
മോൾ ചാടിപ്പോയെടാ
ത്റ് സന്ധ്യനേരത്തുമെത്താഞ്ഞ കണ്ടിട്ട്
ഗോപീം കുടുംബവും ഓടുന്ന നേരത്ത്
ഏതോരു ബൈക്കിന്റെ പിന്നിലായ് കണ്ടൂന്ന്
മെമ്പർ ഷഫീക്ക് പറഞ്ഞുവത്രേ

ഇന്നലെ ഒരു മഴ ഇടിവെട്ടിപ്പെയ്തെടാ
മിന്നലിൽ ഇവിടുത്തെ ടിവി പോയി.
കാറ്റത്തും മഴയത്തും ചായ്പിൽ നിന്നോടുകൾ
രണ്ടുമൂന്നെണ്ണം പറന്നു പോയി.

വാപ്പാ പാർട്ടീടെ സെക്രട്രി ആണെടാ
എന്നുമീ മുറ്റത്ത് യോഗങ്ങളാണെടാ
കട്ടനിട്ടിട്ടെന്റെ നടുവൊടിഞ്ഞു.
ഇന്നലെ പോയൊരു കാൽനട ജാഥക്ക്
കഞ്ഞിയും പയറും ഇവിടാരുന്നെടാ.

ഷമീറ് തെക്കു വടക്കു നടക്കുന്നെടാ.
ഒരെസ്റ്റീഡീ ബൂത്തുകൊണ്ടെന്തുകിട്ടും?
അവനുമിനി അക്കരെപ്പോകാതെ പറ്റില്ല
വിസയൊന്നവനും ശരിയാക്കെടാ.

മുംതാസിവിടൊണ്ട്
ഔറൂനു കുറവുണ്ട്
ഇപ്പോഴൊരൽപ്പാൽപ്പം പിടിച്ചെണീക്കും.
പൊടിക്കുട്ടൻ മഹാ തുന്ത്രിയാണവനെന്റെ
ഔറൂനെ നന്നായ് ഉപദ്രവിക്കും.

ബാസിലും ചേട്ടത്തീം
ഇന്നലെ കാലത്തെ
അമ്പലപ്പുഴക്കു പോയ്
വീടു കാണാൻ.

നിന്റെ വിശേഷങ്ങളെന്തൊക്കെയുണ്ടെടാ
ആഹാരം നന്നായ് കഴിക്കണം നീ.
ഈ മൂന്നു നേരവും ഹോട്ടലിൽ പോകാതെ
സ്വന്തമായ് വെച്ചു കഴിച്ചുകൂടെ?

നിന്റെ മൂലക്കുരുവെങ്ങനെയുണ്ടെടാ
മരുന്നുകൊണ്ടു വല്ല കുറവുമുണ്ടോ?
നാരുള്ള ഭക്ഷണം നിറയെക്കഴിക്കണം
താറാമൊട്ട പുഴുങ്ങിവിഴുങ്ങണം
ചിക്കനും അയലയും എണ്ണപ്പലഹാരവും
തൊണ്ടേടെ താഴോട്ടിറങ്ങാതെ നോക്കണം.

നീയെന്നാണിനി നാട്ടിൽ വരുന്നത്
വരുമ്പോൾ മറക്കേണ്ട പറഞ്ഞതൊന്നും.
പത്തു പവനിൽ കുറയാതെ വാങ്ങണം
പതക്കങ്ങളുള്ളൊരു ലോക്കറ്റും വാങ്ങണം.
ചിരിക്കാതെ ചിരിക്കാതീ ചിരിയൊന്നും കാണണ്ട
പെറ്റ തള്ളേടെയൊരാശയല്ലേ...
അള്ളാഹു നിന്നെ അനുഗ്രഹിക്കും..

9/3/09

പള്ളിക്കഥകൾ -1 അന്ത്രമാന്റെ ഇഷാ.പള്ളിക്കുളത്തിന്റെ പള്ളിക്കഥകൾ ഇവിടെ ആരംഭിക്കുന്നു...


അന്ത്രമാന്റെ ഇഷാ..
ഖസാഖിലേത് പോലെ കബന്ധങ്ങൾ നീരാടുന്നൊരു പള്ളിക്കുളം.
കുളത്തിനു ചുറ്റും പൊന്തക്കാടുകൾ വളര്ന്നു നില്ക്കുന്നു.
പള്ളിയോടടുത്ത ഖബർസ്ഥാനിൽ പ്ലാവുകളും മാവുകളും വളർന്ന് പൊങ്ങി ആകാശം മുട്ടി. പള്ളിക്കകത്ത് അല്പം വെട്ടം കാണാം. മണി 12.
പള്ളിയിലെ പഴയ ഘടികാരം പന്ത്രണ്ടടിച്ചപ്പോൾ അന്ത്രമാൻ ഒന്ന് ഞെട്ടി. ഇഷാ നമസ്കരിക്കുവാൻ കയറിയതാണ്. കവലയിൽ നിന്ന് വണ്ടി കിട്ടിയില്ല. കുറെ നേരം കാത്തു. സ്റ്റേ ബസ് ഉണ്ടാകുമെന്ന് കരുതി കുറെ നേരം പാഴായി. ഒടുവില് പത്തിശേരിൽ മുക്ക് വരെ ഒരാളുടെ ബൈക്ക് കിട്ടി അതില് കയറിപ്പോന്നു. ജംഗ്ഷനിൽ നിന്ന് ഇങ്ങോട്ട് ഒരാളുടേയും അനക്കം കണ്ടില്ല. കാളിക്ഷേത്രത്തിന്റെ അടുത്തുകൂടി എങ്ങനെയൊക്കെയോ ഇങ്ങെത്തി. നേരം വൈകി ആരും ആ വഴിക്ക് പോകാറില്ലാത്തതാണ്. പോക്കുവരവുള്ള ദേവീ ക്ഷേത്രമാണ് . ദിവാകരൻ മെസ്തരിയെ ഒരിക്കൽ അര്‍ച്ചനയില്‍ സെക്കന്റ് ഷോ കഴിഞു വരുന്ന വഴി ഒന്ന് ഓടിച്ചതാണ്. മേസ്തരി ഓടി വീട്ടിൽ കയറി കതകടച്ച്ച്ചു. പിറകെ വന്നയാൾക്ക് ഒൻപത് അടിയോളം പോക്കമുണ്ടായിരുന്നു പോലും. ആ രൂപം കതക് തുറക്കാൻ ശ്രമിച്ചു പരാജയപ്പെട്ട് ഒടുവിൽ മുറ്റത്തു കിടന്നിരുന്ന ഉരൽ എടുത്തു നിലത്തൊരൊറ്റ അടിയായിരുന്നു.

എന്നിട്ടൊരലർച്ചയും. “ വ്രത്തികെട്ട പടോം കണ്ടിട്ട് എന്റെ നടേലൂടെ വന്നു പോകരുത്?” – വലിയ കാലടി ശബ്ദം അകന്നകന്നു പോയി.

നേരം പുലരുമ്പോൾ ദിവാകരന്റെ ഭാര്യ പൊന്നമ്മ എട്ടു കഷണമായിക്കിടക്കുന്ന ഉരലുകണ്ട് നെഞ്ചത്തടിച്ചു കരഞ്ഞു.

ഈ കഥ പക്ഷെ അർച്ചനയിൽ സെക്കന്റ് ഷോയ്ക്ക് പോകുന്ന ചെറുപ്പക്കാരെ പേടിപ്പിക്കാൻ ദിവാകരന്റെ പേരിൽ കെട്ടിച്ചമച്ച കഥയാണെന്ന് സ്ഥലത്തെ പ്രധാന യുക്തിവാദിയായ ബാബുത്രിവിക്രമൻ തെളിവുകൾ നിരത്തി വാദിച്ചു. എങ്കിലും നേരമല്ലാത്ത നേരത്ത് അവിടെക്കൂടി പോകുന്നവരുടെ ഉള്ളിൽ ഇമ്മാതിരി ഒരു നൂറു കഥകൾ തള്ളി വന്നു.

ഒരിക്കല് താനും ഓടിയിട്ടുണ്ട്. അതുവഴി വരുമ്പോൾ ആരോ ഒരാള് പിറകെ വരുന്നതുപോലെ തോന്നും. പിന്നെ നടത്തത്തിനു വേഗത കൂട്ടും. പിറകെ വരുന്ന ആളും വേഗത കൂട്ട്ടും. ചുറ്റുപാടുമുള്ള മരങ്ങളും പച്ചിലപ്പടർപ്പുകളുമെലാം ഏതൊക്കെയോ രൂപം പൂണ്ട് നിന്നു തലയാട്ടുകയും ശബ്ദമില്ലാതെ അട്ടഹസിക്കുകയും ചെയ്യും. രാവിലെ മുതൽ അത്രയും നേരം മിണ്ടാതിരിക്കുന്ന ആനന്ദൻ സാറിന്റെ വീട്ടിലെ പട്ടി ഒരാവശ്യവുമില്ലാതെ ഓരിയിടാൻ തുടങ്ങും. പിന്നെ ഒരോട്ടമാണ്. പള്ളിമുക്കിൽ വന്നേ നിൽക്കൂ. അവിടെ വഴിവിളക്കിന്റെ ചോട്ടിൽ നേരം വൈകിയും ഏതെങ്കിലും ചെറുപ്പക്കാരൊക്കെ കാണും. പിന്നെ അവിടെനിന്നു വീട്ടിലേക്കും ആരെയെങ്കിലും കൂട്ടിനു കിട്ടും.

പക്ഷെ ഇന്ന് പള്ളിമുക്കിലും ആരെയും കണ്ടില്ല. അങ്ങനെയാണു ഇഷാ നമസ്കരിക്കാൻ കയറുന്നത്. പള്ളിയിലും ആരും ഉള്ളതായി തോന്നുന്നില്ല. വുളു എടുക്കും മുമ്പ് അന്ത്രമാൻ പള്ളിക്കുളത്തിലേക്കൊന്നു നോക്കി.
നിശ്ചലം. ഒരനക്കവുമില്ലാതെ കല്ലുപോലെ പള്ളിക്കുളം.

“മയ്യിത്തുകൾ കുളിക്കുമ്പോ കുളം അനങ്ങില്ലെടോ” എന്ന് അബൂബക്കർ പറഞ്ഞതോർത്ത് അന്ത്രമാന്റെ ഉള്ളൊന്നു കാളി. ജിന്നുകൾ കുളിക്കുന്നതു കണ്ടിട്ടുള്ളയാളാണ് പള്ളി മുക്രി ഷംസിക്ക. പുള്ളി പറഞ്ഞത് “അവറ്റകൾ കുളം കലക്കി മറിക്കും.“ എന്നാണ്.

“ പടച്ചോനേ, അപ്പൊ ഇതു മയ്യിത്തുകള് തന്നെ“. അന്ത്രമാൻ തീർച്ചപ്പെടുത്തി.
പിന്നെ ധൈര്യം സംഭരിച്ച് കുളത്തിൽ കയ്യിട്ടുലച്ച് കുറെ ഓളങ്ങളുണ്ടാക്കി.

നിശ്ചലത ഭയപ്പെടുത്തും, പലപ്പോഴും.

അന്ത്രമാൻ എങ്ങനെയൊക്കെയോ മുഖം കഴുകി. കൈകാലുകൾ കഴുകി. നാലുപാടും ഉയർന്നു നിന്ന ഇരുട്ടിന്റെ ചുവരുകളിലേക്കു നോക്കാതെ കല്പടവുകളിലൂടെ പള്ളിയിലേക്ക് പ്രവേശിച്ചു.

ഒരു കുഞ്ഞു വെട്ടത്തിൽ പള്ളിക്കകത്ത് ശൂന്യത നിറഞ്ഞു നിന്നു.

നിശബ്ദത വീണ്ടും അന്ത്രമാനെ പൊതിഞ്ഞു. ജിന്നുകളുടെയും ശൈത്താങ്ങളുടെയും കഥകളുണ്ടാക്കിയവരെ മനസ്സിൽ പ്രാകി.

അന്ത്രമാൻ കൈകെട്ടി..
“അള്ളാഹു അൿബർ..” – ആ ശബ്ദം വിശാലമായ പള്ളിയുടെ ചുമരിൽ തലങ്ങും വിലങ്ങും തട്ടി പ്രതിധ്വനിച്ചത് അന്ത്രമാന് അല്പം ആശ്വാസമേകിയോ? എന്തായാലും ആ ആശ്വാസം അധികം നീണ്ടുനിന്നില്ല.

റുക്കൂഇൽ നിൽക്കുമ്പോഴാണ് പള്ളിയിലെ പഴയ ഘടികാരം 12 അടിച്ചത്.

12 മണി രാത്രി. പള്ളിക്കുളം.., കബന്ധങ്ങൾ.., വേഷം മാറി വരുന്ന ജിന്നുകൾ.., തലമുറകൾ ഉറങ്ങുകയും ഉണരുകയും ചെയ്യുന്ന പള്ളിക്കാട്.. ഇരുട്ടിന്റെ മറവിൽ ഒളിച്ചു നിൽക്കുന്ന ഇബ്ലീസിന്റെ പട. എല്ലാവരും ഉണരുവാൻ സമയമായിരിക്കുന്നു.. ജിന്നും ഇബ്ലീസും എല്ലാം..

അന്ത്രമാൻ റുക്കൂഇൽ മുട്ടുകൾ വിറക്കാതിരിക്കാൻ കിണഞ്ഞു. ദൈവത്തിനെയാണോ പിശാചിനെയാണോ കൂടുതൽ പേടിക്കുന്നത് എന്നു പറയാൻ വയ്യാത്ത അവസ്ഥ.

ഇഅതിദാലിലേക്കു വന്നു... “ സെമിയല്ലാഹു ലിമൻ ഹമിദ:“

പൊടുന്നനെ അന്ത്രമാന്റെ പിറകിൽ നിന്നും ഒരു തൊടൽ.. ബഷീർ ഗാന്ധിയെ തൊട്ടപോലെ ഒരു തൊടൽ.. അന്ത്രമാൻ അല്പം ഒന്നു ഞെട്ടിയെങ്കിലും നമസ്കാരത്തിൽനിന്നും മുഖം തിരിക്കാതെ തന്നെ ഒന്നു പാളിനോക്കി. ആരോ തന്നെ പിന്തുടർന്നു നമസ്കരിക്കാനാണ് പിന്നിൽ നിന്നു തൊട്ടത്. അന്ത്രമാന് ആശ്വാസമായി. ഒരാൾ കൂട്ടിനായല്ലോ. അയാൽ ധൈര്യപൂർവ്വം സുജൂദിലേക്കു വീണു.

“അല്ലാഹു അൿബർ”
രണ്ടു സുജൂദുകൾക്കു ശേഷം അടുത്ത റക്കഅത്തിലേക്ക് പ്രവേശിച്ചു.

ഫാത്തിഹ ഉച്ചത്തിൽ ഓതി..

ഇതിനിടയിൽ അന്ത്രമാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു പിറകിൽനിന്നും അനക്കമൊന്നും കേൾക്കുന്നില്ല.

ഫാത്തിഹ ഓതി മുഴുമിപ്പിച്ചു...
“.....ഗൈരിൽ മഅളൂബി അലൈഹിം വലള്ളാല്ലീൻ.........”

സ്വാഭാവികമായും തന്നെ തൊട്ട, പിന്തുടരുന്ന ആൾ “ ആമീൻ” എന്നു ഉച്ചത്തിൽ പറയണം. പക്ഷെ ഒരു ശബ്ദവും കേൾക്കാനില്ല. അന്ത്രമാന്റെ ഉള്ളിലേക്കു സംശയത്തിന്റേയും സംഭ്രമത്തിന്റേയും ഒരു കടൽ അലച്ചു വന്നു.

അയാൾ എവിടെപ്പോയി? അൽപ്പം മുമ്പ് തന്നെ തൊട്ടയാൾ?

പള്ളിക്കുളം.. കബന്ധങ്ങൾ.. ജിന്ന്.. ഷൈത്താൻ...
“ റബ്ബേ..”

ഫാത്തിഹക്കു ശേഷമുള്ള സൂറത്തോതാൻ കാത്തു നിൽക്കാതെ റുക്കൂഇലേക്ക് വലിച്ചിട്ടപോലെ വീണു.
“ അല്ലാഹു അക്ബർ”

വിറക്കുന്ന കാലുകളുടെ ഇടയിലൂടെ പിറകിലേക്കു നോക്കി.
ഇല്ല. ആരുമില്ല.
ഇടം വലം തിരിഞ്ഞു നോക്കി.. റുക്കൂഇൽ തന്നെ സലാം വീട്ടി.

“അസ്സലാമു അലൈക്കും വറഹ്മത്തുള്ളാഹ്”

തിരിഞ്ഞു നോക്കി.. ആരുമില്ല..
പള്ളിക്കുളം.. കബന്ധങ്ങൾ.. ജിന്ന്.. ഷൈത്താൻ... 12 മണി രാത്രി..

അന്ത്രമാൻ രാത്രിയെത്തുളച്ചുകൊണ്ടോടി....
“പടച്ചോനേ.......”


ഇതിനിടെ അന്ത്രമാനെ തൊട്ടശേഷം അല്പം മൂത്രശങ്ക തോന്നിയതിനാൽ ടോയിലെറ്റിൽ പോയി തിരിച്ചു വന്ന പൂക്കുഞ്ഞ് കണ്ടത് പള്ളിപ്പറമ്പിലൂടെ ഒരു വെള്ള വസ്ത്രധാരി ഇരുട്ടിൽ മിന്നി മറയുന്നതായാണ്. ഇതു കണ്ട് പൂക്കുഞ്ഞിന്റെ കണ്ണിൽ ഇരുട്ടുകയറുകയും ചെറിയ ബോധക്ഷയം പോലൊന്നു സംഭവിക്കുകയും ചെയ്തു എന്നു പള്ളിക്കഥകൾ അടിവരയിടുന്നു.