12/26/09

യു. എ. ഇ ഡ്രൈവിംഗ് ലൈസനസ്..

ഞമ്മളും കണ്ടൊരു കിനാവ്.
ബല്യ ബല്യ സുൽത്താന്മാര് കാണുന്നൊരു കിനാവ്..
ബല്യ ബല്യ പാദുഷമാര് കാണുന്നൊരു കിനാവ്..
ബല്യ ബല്യ തമ്പ്രാക്കന്മാര് കാണുന്നൊരു കിനാവ്..

‘യു.എ.ഇ ഡ്രൈവിംഗ് ലൈസനസ്..’

ദാ ഇന്നലേം ഞമ്മളത് കണ്ടീക്ക്ണ് കൂട്ടരേ.
ഇന്ന് ഞമ്മക്ക് ടെസ്റ്റാണ്
ഇബ്ടെ ഷാർജേല്.
കച്ച. നട്ടുച്ചക്ക് 1 മണിക്ക്. അതോണ്ടാവാം ഇന്നലെ ബല്യ ഒരു സ്വപ്നം കണ്ടേ.
സ്വപ്നത്തിന്റെ പകുതീം ഞമ്മള് മറന്ന് പോയിക്ക്ണ്. ങ്കിലും പറയാ.
ഞമ്മടെ പാക്കറ്റിൽ പേഴ്സ്.. അതിന്റത്ത് ഇബ്ട്ത്ത ലൈസനസ്. അതിന്റത്ത് ഞമ്മടെ ഒടുക്കത്ത ഗ്ലാമറുള്ള  പോട്ടം. പോട്ടത്തിൽ ഞമ്മട പുഞ്ചിരി.. ന്തൊരു മൊഞ്ച്.. റബ്ബേ.. ലൈസനസിനും ഞമ്മന്റെ മോറിനും.. മ്മ്മ്മ.
ലൈസനസിമ്മേ മുത്തം ബെക്കുമ്പ ദാ ഞമ്മടെ ബീടര് പാത്തുമ്മ അസൂയ പൂണ്ട് ഞമ്മളെ നോക്കണ്.
“ ബലാലെ സീറ്റ് ബെൽറ്റ് ഇർ‌റീ ” - ഞമ്മള് ബിട്വോ?
ഓള് സീറ്റ് ബെൽറ്റ് ഇട്ടു. ദാണ്ടെ പിന്നേം നോക്കുന്നു.. ഇക്കുറി ഒരു ബല്ലാത്ത നോട്ടം. പഹച്ചി!
ഞമ്മളും സീറ്റ് ബെൽറ്റിട്ടു. നടുക്കത്തേം രണ്ട് സൈഡിലേം മിറർ നേരെയാക്കി. ഇപ്പം നോക്കുമ്പം രണ്ടിലും പാത്തുമ്മ ഇല്ല. ന്നാലും ഷോൾഡറ് ചെക്ക് ചെയ്യുമ്പോ പാത്തുമ്മേക്കാണാം.. തൽക്കാലം അതു മതി. പെണ്ണുങ്ങളായേനക്കൊണ്ട് അഹങ്കാരം പാടില്ല.
വണ്ടി സ്റ്റാർട്ട് ചെയ്തു. ഒരു എരപ്പിക്കലൊക്കെ എരപ്പിച്ച് ‘R‘-ൽ ഇട്ട് ഒരു പിടിപിടിച്ച് 'D' യിലിട്ട് ഒരു എടുപ്പങ്ങട്ടെടുത്തു..
“ യാ റബ്ബുൽ ആലമീൻ” - പാത്തുമ്മ പേടിച്ചു പോയി.. ഹിഹി.
“അള്ളാഹൂ അള്ളാ..” സമി യൂസഫിന്റെ പാട്ടിന്റെ ബാക്കി ഞമ്മളും പാടി..
പാത്തുമ്മാ പൊട്ടിച്ചിരിച്ചു.. :D :D :D

കൊച്ചു കൊച്ചു വഴികളിലൂടെ ഞമ്മളും പാത്തുമ്മായും പത്രാസുകാട്ടി പോയ്ക്കൊണ്ടിരുന്നു.
“ ഇക്കാക്കാ ദാ ഇത് വയി പുവ്വാം” - പാത്തുമ്മാ പറഞ്ഞ്.
“ ജ്ജ് മുണ്ടിപ്പോകര്ത്. അന്റേം ഈ വണ്ടീന്റേം വളയം എങ്ങനെ പുടിക്കണന്ന് ജ്ജ് ന്നെ പഠിപ്പിക്കണ്ടാ..” ഞമ്മള് ചിരിച്ച്.. പാത്തുമ്മേം ചിരിച്ച്..

അങ്ങന ഞമ്മള് ബണ്ടി ഓടിച്ചോടിച്ച് ബല്യ ഒരു റോട്ടിലെത്തി. ഇത്തിരി തിരക്കാര്ന്നെങ്കിലും ഞമ്മളെക്കണ്ട് ലക്സസും ബിയെംഡബ്ല്യൂം റേഞ്ച് റോവറുമൊക്കെ വയിമാറിത്തന്ന്. അപ്പം ഞമ്മടെ കാറിന്റുള്ളില് FM 96.7-ൽ നിന്ന് മമ്മൂക്കാന്റെ പടത്തിലെ പാട്ട്
“ ദാദാ സാഹിബ് വരുന്നേ വയി മാറിക്കോ..”
ഞമ്മള് കൊറച്ചുംകൂടി എയറ് മോളോട്ട് പിടിച്ച്.
പാട്ടും കേട്ടു കേട്ട് ഞമ്മള് കൊറേം ദൂരം എത്തീപ്പൊ വണ്ടികളൊന്നും കാണാണ്ടായി. ബന്ദ് ദിനത്തിലെ കോയിക്കോട് - പരപ്പനങ്ങാടി റൂട്ടുപോലെ ആരുമില്ലാണ്ട് കിടക്ക്ന്ന് ഒരു നാലുവരിപ്പാത. ഞമ്മള് അതിൽ S ഓടിച്ച് കളിച്ച്.
ഷോൾഡർ നോക്കീല,
സൈഡ് മിറർ നോക്കീല,
സെന്ററും നോക്കീല.
അങ്ങനെ S ഓടിച്ച് S ഓടിച്ച് സകല കലിപ്പും തീർത്ത്.
അങ്ങനെ ഞമ്മളും ന്റെ പാത്തുമ്മേം കൂടേ കൊറേ നേരം കഴിഞ്ഞപ്പോ ഒരു വലിയ നഗരത്തിൽ എത്തിച്ചേർന്ന്. അപ്പോൾ ഏതാണ്ട് ലാത്രിയാര്ന്ന്. ബല്യ ഒരു കൊട്ടാരത്തിന്റെ മുന്നിൽ ഞമ്മടെ കാറ് പാർക്ക് ചെയ്ത്. ഞമ്മള് ഞമ്മടെ വാഹനത്തെ ഒന്നു നോക്കി..
“പടച്ചോനേ.. റോൾസ് റോയിസ്..”
ബല്യ ടവറുകൾടെ മോളിൽ ആകാശത്ത് പൂത്തിരികൾ കത്തി. വല്യ വെടിക്കെട്ടുകളുടെ ഒച്ച കേട്ട്.
ഓരോ പൂത്തിരി കത്തുമ്പഴും പാത്തുമ്മാ ഞമ്മളെ വിളിച്ച് കാണിച്ച് പറഞ്ഞ്
“ ഹായ് ഇക്കാക്കാ എന്ത് രസം”
ന്റെ പാത്തുമ്മാന്റെ മുഖം പ്രകാശത്തിൽ മിന്നി.
ഓൾടെ കരിംകണ്ണിൽ പൂത്തിരികൾ പിന്നേം കത്തി..
ഓള് ആകാശത്തേക്കും ഞമ്മള് ഓൾടെ മുഖത്തേക്കും അങ്ങനെ നോക്കി നിന്നു..
അങ്ങനെ നോക്കിനിന്ന് നോക്കി നിന്ന് നേരം കുറേ കയിഞ്ഞീല..
ഓള് ചായേം കൊണ്ട് വന്നു നിന്ന് ചോദിച്ച്: ഇക്കാക്കാ ഇന്ന് ടെസ്റ്റിനു പോണ്ടേ?
“റോൾസ് റോയ്സ്” - ഞാമ്പറഞ്ഞ്.
“ എന്തു റോയ്സ്?” - ഓള് ചോയിച്ച്.
“റോൾസ് റോയ്സ്” - ഞാമ്പിന്നീം പറഞ്ഞ്.
“ കെടന്ന് പിച്ചും പേയും പറയാണ്ട് ടെസ്റ്റിനു പോകാൻ നോക്കീന് മനുഷ്യാ”
അപ്പം ഞമ്മള് മൊത്തത്തിലൊണർന്ന്.
ഇനിക്കാണെങ്കി ഹാളറാത്ത് കൊണ്ട്!.
ഓള് ആണ്ടെ ചായേങ്കൊണ്ടിക്കണ്.
“ഹലാക്കാക്കാനക്കൊണ്ട് അന്റെ ഒരു ചായ. കിനാവിലെങ്കിലും ഒന്നു വണ്ടിയോടിക്കാൻ ഇയ്യ് ഞമ്മളെ സമ്മതിക്കൂലാല്ലേ പാത്തൂ. ഞ്ഞി ആരാൺ‌ടീ ട്രാഫിക് പോലീസാ?“
ഓൾടെ മൊകം കറ്ത്ത്. അപ്പം ഞമ്മക്കും സങ്കടായി.
ഞാമ്പറഞ്ഞ് : “ ന്റെ പാത്തൂ.. ചായ തര്ന്നേന് മുന്നേ അനക്ക് ചോയിച്ചൂടേ ഞമ്മള് സ്വപ്നത്തിലാണോന്ന്, മുത്തേ?”
ഓള് ചിരിച്ച്,
ഞമ്മള് ചുമ്മാ ചിരിച്ച്.
******************************************************************************************************************************

12/16/09

തീവ്രവാദകാലത്തെ വായനകൾ..

കടന്നുപോകുന്ന കാലത്തെക്കുറിച്ച് എന്തെങ്കിലും എഴുതാതിരിക്കുന്നത് ശരിയല്ലായിരിക്കാം.
പക്ഷേ ഒന്നും എഴുതാതിരിക്കുന്നതാവും നല്ലത്. പക്ഷേ എഴുതാനും വായിക്കാനും പഠിച്ചുപോയി. എന്തു ചെയ്യാം.
ഞാൻ എന്റെ ചുറ്റുപാടുമുള്ള ഒരുപാട് ആൾക്കാരെ കാണുന്നു. മത്സ്യത്തൊഴിലാളികൾ, മരം കയറ്റക്കാർ, കയറു പിരിക്കുന്നവർ, ചുമ്മാ ചീട്ടുകളിച്ച് സമയം കളയുന്നവർ. പശുവിനെ വളർത്തുന്നവർ. എഴുതാനും വായിക്കാനും അറിയാമെങ്കിലും അല്ലലില്ലാതെ ആരെയും അലോസരപ്പെടുത്താതെ അവനവന്റെ പാടേ വിധിയേ എന്നു ചൊല്ലി ജീവിച്ചു പോകുന്നു മിക്കവരും .
മത്സ്യത്തൊഴിലാളികൾ രാവിലെ ആകുമ്പോൾ കടലിലോ കായലിലോ പോകുന്നു. മീൻ പിടിക്കുന്നു. നാട്ടുവിശേഷങ്ങൾ പറയുന്നു. വല മാട്ടുന്നു. വൈകും നേരം ജംഗ്ഷനിൽ വന്ന് സൊറ പറയുന്നു. വീട്ടിൽ ചെന്ന് അത്താഴം കഴിക്കുന്നു. ഭാര്യയോടും കുട്ടികളോടുമൊപ്പം സന്തോഷത്തോടെ ഉറങ്ങുന്നു. പിറ്റേ ദിവസം വീണ്ടും കടലിൽ പോകുന്നു. പത്രങ്ങൾ വായിച്ചാലായി ഇല്ലെങ്കിലായി. ലോകത്ത് നടക്കുന്ന ലൊട്ടു ലൊടുക്കുകളൊന്നും അവരെ അലട്ടുന്നില്ല. സമാധാനപരമായ ജീവിതം. ഇപ്പറഞ്ഞപോലെ പശുവിനെ വളർത്തുന്നവനും കയറുപിരിക്കുന്നവനും ഒക്കെ അവനവന് ജീവിക്കാനാവശ്യമായ ഭൌതികവും ആത്മീയവുമായ അളവിൽ കവിയാത്ത അറിവുകൾ വെച്ച് ജീവിച്ചുപോകുന്നു. അളവിൽ കവിഞ്ഞ് അറിവില്ല, സ്വത്തില്ല, സമ്പാദ്യമില്ല. പക്ഷേ ജീവിതം സ്വസ്ഥം, സുഖം, സുന്ദരം.
സാക്ഷരരെങ്കിലും, അത് ഉപയോഗപ്പെടുത്താത്ത ആരെ വേണമെങ്കിലും നിങ്ങൾ ശ്രദ്ധിച്ചോളൂ, അയാളുടെ മുഖത്ത് ഒരു സമാധാനം, മാനുഷികതയുടെ ഒരു പച്ചപ്പ്, ഒരു ആർദ്രത, ഒക്കെ നിങ്ങൾക്ക് ദർശിക്കാനാവും. ഉറപ്പ്.
അവരുമായി നിങ്ങളൊന്ന് സംസാരിച്ചു നോക്കൂ. ഒരു പച്ചമനുഷ്യനോട് സംസാരിക്കുന്നതിന്റെ സുഖം നിങ്ങൾക്ക് ആസ്വദിക്കാം. അവരുമായി ഒന്നിടപെട്ടുനോക്കൂ. നിങ്ങൾ അവരെ ഒരിക്കലും മറക്കില്ല.

പക്ഷേ എന്റെ ചുറ്റിനും അസ്വസ്ഥതകൾ തിങ്ങിയ മുഖവുമായി മറ്റു കുറേ പേർ ഉണ്ട്. അഭ്യസ്തവിദ്യരാണവർ.  ഒരു പക്ഷേ ഞാനും അതിൽ ഉൾപ്പെട്ടേക്കാം. അവർ ദിവസവും പത്രം വായിക്കുന്നു. ലോകത്ത് നടക്കുന്ന സകലകാര്യങ്ങളിലേക്കും തന്റെ തലയിട്ട് നോക്കുന്നു. തന്നെ ബാധിക്കുന്ന വിഷയങ്ങൾ, തന്റെ നാട്ടുകാരെ ബാധിക്കുന്ന വിഷയങ്ങൾ, തന്റെ മതത്തെ ബാധിക്കുന്ന, സമുദായത്തെ ബാധിക്കുന്ന വിഷയങ്ങൾ, തന്റെ ജാതിയെയും തൊഴിലിനെയും, സാമ്പത്തിക ഭദ്രതയെയും ക്രമസമാധാനത്തെയും ആരോഗ്യത്തെയും ബാധിക്കുന്ന വിഷയങ്ങൾ.. ഇതിലൊക്കെ അവർ തലയിട്ട് തലയിട്ട് തല പുണ്ണാക്കുന്നു. പല വിഷയങ്ങളും അവർക്ക് ഓർക്കുമ്പോൾ സഹിക്കാനാവുന്നില്ല. എങ്ങും ഇനിയും ഉത്തരം കണ്ടെത്തേണ്ട വിഷയങ്ങൾ. അസ്വസ്ഥത നിറഞ്ഞ മനസ്സുമായിട്ടാണ് അയാളുടെ ജീവിതം. എങ്ങും സ്വസ്ഥതയില്ല. കുടുംബത്തിലും, സമൂഹത്തിലും തൊഴിലിടത്തിലും സ്വസ്ഥതയില്ല. ലോകം മാറുന്നത് അവർ പത്രങ്ങളിലൂടെയും ഇന്റർനെറ്റിലൂടെയും ഒക്കെ അറിഞ്ഞു കൊണ്ടിരിക്കുന്നു. ഇപ്പോഴുള്ള ജോലി പോരാതെ വരുന്നു. ഇപ്പോഴുള്ള വാഹനം, വീട്, സ്ഥലം, ഒന്നും പോരാതെ വരുന്നു. അസ്വസ്ഥതകളിന്മേൽ അസ്വസ്ഥത. ഇനിയും കിടക്കുന്നു തന്റെ ഇടപെടലുണ്ടാകേണ്ട സ്ഫോടനാത്മകമായ ഇടങ്ങൾ. തന്റെ മതത്തിനെതിരെയുള്ള ആക്ഷേപങ്ങൾക്ക് മറുപടി കൊടുക്കണം. ബ്ലോഗിൽ പോസ്റ്റ് ഇടണം. ആക്ഷേപങ്ങൾക്ക് പ്രത്യാക്ഷേപങ്ങൾ നിരത്തണം. എതിർക്കാൻ വരുന്നവനെ മുട്ടുകുത്തിക്കണം. അവിടെയും അസ്വസ്ഥ ജനകമായ മനസ്സ്. അസ്വസ്ഥതകളിന്മേൽ അസ്വസ്ഥതകളിന്മേൽ അസ്വസ്ഥത. പത്തക്ഷരം പഠിച്ചവന്റെ, സാമ്പത്തികമായി ഭേദപ്പെട്ടവന്റെ  അവസ്ഥയാണ് ഈ പറയുന്നത്.

ദിവസവും പത്രം വായിക്കുന്ന, അഭ്യസ്തവിദ്യരായ, ഈ കൂട്ടരെ ഒന്നു ശ്രദ്ധിച്ചു നോക്കൂ. അവനെ മുഖം സംശയങ്ങൾ കെട്ടിനിന്ന് കൂത്താടികൾ വളർന്നപോലെയിരിക്കും. മനസിൽ തിങ്ങിയ അസമാധാനം മുഖത്തേക്ക് പടർന്നിരിക്കും. കുറുക്കനെപ്പോലെയാവും അവന്റെ നോട്ടം.
ഇക്കൂട്ടരുമായി ഒന്നു സംസാരിച്ചു നോക്കൂ. ഓരോ വാക്കിലും അവൻ ആരെന്ന് അടയാളപ്പെടുത്തിയിരിക്കും. ഓരോന്ന് മിണ്ടുമ്പോഴും അവന്റെ ഉള്ളിൽ ദേശം, ഭാഷ, വർണ്ണം, മതം, തൊഴിൽ, ജീവിത നിലവാരം എന്നിവയെ സംബന്ധിച്ച ഒരു ഡാറ്റാ വാക്കുകളുമായി ലിങ്ക് ചെയ്യപ്പെടും. ഇവരുമായി ഒന്ന് ഇടപെട്ടുനോക്കൂ.. അവർ പേറുന്ന അസ്വസ്ഥതകളെ നിങ്ങളിലേക്കവർ പകർന്നു നൽകും.

സത്യത്തിൽ വായന എന്നെ അസ്വസ്ഥാനാക്കുന്നു. വിവിധ ബ്ലോഗുകളിലൂടെ ചുമ്മാ ഒന്നു കടന്നു പോയാൽ ഈ അസ്വസ്ഥത നിങ്ങൾക്ക് ആസ്വദിച്ചറിയാം. ബ്ലോഗുകളിലെ ചർച്ചകളിൽ അന്യന്റെ അഭിപ്രായങ്ങളെ വെട്ടിമൂടാനുള്ള ത്വര മാത്രമാണ് കാണാനാവുന്നത്. ചർച്ചകൾക്കിടയിൽ മനസ്സ് ജീർണ്ണതയിലേക്ക് നയിക്കപ്പെടുന്നുണ്ടെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.  ഈ ഒരു അനുഭവത്തിൽ നിന്നാണ് ഞാൻ ഇത്രയും കുറിച്ചത്. ഒരു പക്ഷേ കേരളത്തിലെ 100% സാക്ഷരതയാണോ നമുക്ക് ഈ അസ്വസ്ഥതകൾ സമ്മാനിക്കുന്നത്?  വായനകളാണോ നമ്മെ സംശയാലുക്കളാക്കുന്നത്? ഓരോ സമൂഹങ്ങളും ആഗോളവത്കരിക്കപ്പെട്ടിരിക്കുന്നു.
ആഗോള വത്കരണത്തിന്റെ കാലത്ത് ഇന്ത്യക്ക് വെളിയിൽ അങ്ങ് പന്നേപ്പള്ളിയിൽ നടക്കുന്ന കാര്യങ്ങൾ വരെ നമ്മുടെ ഏറ്റവും അടുത്ത പ്രശ്നമായി കണ്ട് നാം അസ്വസ്ഥരാകേണ്ടി വരുന്നു. ലോകം കൈക്കുമ്പിളിലായപ്പോൾ ലോകത്തെ ഏത് ചൊറിയും നമ്മുടെ കയ്യിലേക്കും പടരുന്നു.

നാം നമ്മുടെ പഞ്ചായത്തുകളിൽ ജീവിച്ചാൽ,
നമ്മുടെ മഹല്ലുകളി മാത്രം ജീവിച്ചാൽ,
നമ്മുടെ കരയോഗങ്ങളിൽ മാത്രം ജീവിച്ചാൽ,
നമുക്ക് സമാധാനമായി ജീവിക്കാനായേക്കും.

പക്ഷേ, നമ്മുടെ പഞ്ചായത്തിനേക്കാൾ ചെറിയ ഈ ലോകം..
നാം തേടിച്ചെല്ലാതെ തന്നെ നമ്മിലേക്ക് വരുന്ന ഈ ലോകം
നാം അറിയാതെ ചെറുതാക്കിയ ഈലോകം
നമ്മെ അസ്വസ്ഥരാക്കിക്കൊണ്ടേ ഇരിക്കും.. ഹെന്തു ചെയ്യാം?!