1/11/10

ഇസ്ലാമിലെ ചാക്കു കെട്ടുകൾ.

ഇസ്ലാമിനെ “ അക്ഷരം പ്രതി“ നടപ്പാക്കാൻ തുനിഞ്ഞിറങ്ങിയ ആളുകൾ അതിന്റെ ആശയത്തെയും അത് ലക്ഷ്യംവെക്കുന്ന വിമോചന പാതയെയും കൈവെടിയുകയും വെറും ചിഹ്നങ്ങളിലൂടെ അതിനെ പ്രതിനിധീകരിക്കാൻ ശ്രമിക്കുകയും ചെയ്തതിന്റെ ഫലമായാണ് താലിബാനിസങ്ങളും സി. കെ ബാബു പറഞ്ഞപോലെ ‘ചാക്കു കെട്ടുകളും’ ഉണ്ടായിത്തീർന്നത്.

ഇസ്ലാമിക ചരിത്രത്തിൽ സ്ത്രീ എന്തായിരുന്നു എന്ന് കേട്ടാൽ അതറിയാത്തവർ ഒരുപക്ഷേ അത്ഭുതപ്പെട്ടേക്കും. ചിലകാര്യങ്ങൾ ഇവിടെ സൂചിപ്പിക്കട്ടെ.


 1. ഖുർ‌ആൻ അതിരൂക്ഷമായി ആക്ഷേപിച്ച അക്രമിയായ ഭരണാധികാരി ഫിർ‌ഔനെതിരെ നിലയുറപ്പിച്ച ധീരരായ വിപ്ലവകാരികളിൽ ഏറ്റവും ശ്രദ്ധേയയാണ് ആസിയ ബീവി. അവർ അദ്ദേഹത്തിനെതിരെ പ്രവാചകൻ മൂസയെ പിന്തുണച്ചു. വിശുദ്ധ ഖുർ‌ആൻ അവരെ മുഴുവൻ വിശ്വാസികൾക്കുമുള്ള ഉത്തമ മാതൃകയായാണ് പരിചയപ്പെടുത്തുന്നത്. 
 2. സുലൈമാൻ നബിയുടെ കാലത്തെ യമനിലെ ബിൽഖീസ് രാജ്ഞിയെ വളരെ വിവേകവും പക്വതയുമുള്ള ഭരണാധികാരിയായാണ് ഖുർ‌ആൻ അവതരിപ്പിച്ചിട്ടുള്ളത്. 
 3. മുഹമ്മദ് നബിയിൽ ആദ്യം വിശ്വസിച്ച് ഇസ്ലാം സ്വീകരിച്ചത് ഖദീജ ബീവിയാണ്. അവർ മരണം വരെ പ്രവാചകൻ മുഹമ്മദിന് താങ്ങും തണലുമായി നിലകൊണ്ടു. 
 4. ഇസ്ലാമിലെ ആദ്യത്തെ രക്തസാക്ഷി സുമയ്യ എന്ന ധീര വനിതയാണ്.
 5. പ്രവാചകചര്യയുടെ പ്രധാന അവലംബങ്ങളിൽ ഒന്ന് ഹസ്രത്ത് ആയിഷയാണ്. അവർ രണ്ടായിരത്തിലേറെ ഹദീസുകൾ നിവേദനം ചെയ്തിട്ടുണ്ട്. അഥവാ ധാരാളം സ്ത്രീകളെയും പുരുഷന്മാരെയും പ്രവാചക ചര്യ പഠിപ്പിച്ചു. എഴുന്നൂറിലേറെ സ്വഹാബി വനിതകൾ ഹദീസ് നിവേദനം ചെയ്യുകവഴി ഒട്ടേറെ ആളുകളുടെ അധ്യാപികമാരായി മാറി.
 6. ഖലീഫ ഉമറിന്റെ ഭരണകാലത്ത് അങ്ങാടികളുടെ പരിശോധന ശിഫാ എന്ന സ്ത്രീയാണ് നിർവഹിച്ചിരുന്നത്.
 7. ഉഹ്ദ് യുദ്ധത്തിൽ പല പുരുഷന്മാരും ഓടിപ്പോയെങ്കിലും ഉമ്മു അമ്മാറയെപ്പോലെയുള്ളവർ ധീരമായി പൊരുതി.
 8. അതേ യുദ്ധത്തിലും ഖൈബർ യുദ്ധത്തിലുമെല്ലാം സ്ത്രീകൾ പരിക്കുപറ്റിയവരെ ശുശ്രൂഷിക്കുന്നതിൽ മുഴുകുകയുണ്ടായി.
 9. ഖൈബർ യുദ്ധത്തിലെ രക്തസാക്ഷികളെ മറവുചെയ്യാൻ ഖബർ കുഴിച്ചിരുന്നത് സ്ത്രീകളാണ്.
 10. യർമൂഖ് യുദ്ധത്തിൽ വാളെടുത്ത് യുദ്ധം ചെയ്തതായും രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.
 11. ഹസ്രത്ത് ആയിഷ ഒരു യുദ്ധം നയിക്കുകപോലുമുണ്ടായിട്ടുണ്ട്.
ഗോത്ര ഘടന അതിന്റെ സകലവിധ ശാപങ്ങളോടും കൂടി നിലനിൽക്കുന്ന അഫ്ഗാൻ പോലെയുള്ള രാജ്യങ്ങളിൽ പുരുഷാധിപത്യവും പൌരോഹിത്യവും വളരെ വലിയ തോതിൽ പിടിമുറുക്കിയതിന്റെ ഏറ്റവും വലിയ ഇരകളാണ് അവിടുത്തെ സ്ത്രീകൾ. താലിബാനിസത്തെ പ്രമുഖ മതപണ്ഡിതരാരും തന്നെ അംഗീകരിക്കുന്നില്ല എന്നതാണ് വസ്തുത. അതിന്റെ പടംവെച്ചിട്ടാണ് ഇസ്ലാമിന്റെ സുന്ദര മുഖത്ത് ആസിഡ് തളിക്കുവാൻ സി.കെ ബാബുവിനെപ്പോലെയുള്ളവർ ശ്രമിക്കുന്നത്. സ്ത്രീകളെ സ്കൂളിൽ അയക്കാതിരുന്ന യാഥാസ്ഥിതിക പൌരോഹിത്യം നമ്മുടെ നാട്ടിലും ഈയിടെ വരെ ഉണ്ടായിരുന്നു. അതു തേടി അഫ്ഗാൻ വരെ പോകേണ്ടതില്ല. ഇന്ന് മുസ്ലീം സ്ത്രീ മതത്തെക്കുറിച്ച് കൂടുതൽ അറിയുന്നവളാണ്. അവൾ ആരാണെന്നും ആരായിരുന്നുവെന്നും മനസ്സിലാക്കിത്തുടങ്ങിയിരിക്കുന്നു. ദൈവാനുഗ്രഹത്താൽ ജനുവരി 24ന് ചരിത്രമാവാൻപോകുന്ന ഒരു വലിയ വനിതാ സമ്മേളനത്തിന് കേരളം സാക്ഷിയാകും. അവൾ തന്നെ ചുവരെഴുതി, അവൾ തന്നെ അനൌണ്സ് ചെയ്ത്, അവൾതന്നെ ഊരുമുഴുക്കെ പ്രചരിപ്പിച്ച് നടത്തുന്ന സമ്മേളനം. അന്ന് അവൾ പ്രവാചകകാലത്തെ സ്വാതന്ത്ര്യത്തിന്റെ സങ്കീർത്തനങ്ങൾ വീണ്ടും പാടും. ചാക്കുകെട്ടുകളുടെ ഫോട്ടോ എടുക്കാൻ വരുന്നവർക്ക് സ്വാഗതമോതാൻ ഞാൻ സംഘാടകനല്ല.