2/8/10

ഭായിയുടെ കമന്റുകൾ - ഒരു കമന്റ് നിരൂപണം


നിങ്ങൾക്കറിയുമോ.. ഈ ഭായിയുണ്ടല്ലോ ഈ ഭായി.. ഹ! നമ്മുടെ ബ്ലോഗർ ഭായീന്ന്. ‘ഞാനൊരു വലിയ സംഭവമൊന്നുമല്ലെങ്കിലും ഭയങ്കര സംഭവമല്ല‘എന്ന് അയാളുടെ പ്രൊഫൈലിൽ പറയുന്നുണ്ടെങ്കിലും മഹാ സംഭവമാണ് കേട്ടോ. വെറും ഒന്നൊന്നര സംഭവമൊന്നുമല്ല. രണ്ടായിരത്തി ഒന്നിലെ ഒരു മഹാ സംഭവത്തിന്റെ അത്രേം വരും. അതെ, ആ ഡബ്ല്യൂ ടി സി ഓ ആർ ഡബ്ല്യൂ എക്സ് (രണ്ടു മൂന്ന് അക്ഷരങ്ങൾ കൂടുതൽ ഇരിക്കട്ടെ. ചുമ്മാ എന്തിനാ പോലീസുകാരുടെ ചെലവിൽ ഫേമസ് ആകുന്നത് അല്ലേ?) അതിയാന്റെ സൈഡ് വ്യൂ  കണ്ടിട്ട്  ‘ ബാബു ആന്റണി’യൊക്കെ ബൂലോകത്തുണ്ടോ‘ എന്ന് വർണ്ണ്യത്തിൽ ആശങ്കിച്ചിരുന്നു പണ്ട്. അത്തരുണത്തിൽ ആശങ്കിച്ചു നിൽക്കവെ, ചെങ്ങായി തന്റെ സൈഡ് വ്യൂ മാറ്റി എലവേഷൻ എടുത്തു ഫിറ്റുചെയ്തു. ഇപ്പോൾ കണ്ടാൽ ഏതോ അമ്പലത്തിലെ എമ്പ്രാന്തിരിയെപ്പോലെ തോന്നും.

പുള്ളിക്കാരന്റെ പ്രൊഫൈൽ വായിച്ചാലോ ‘അമ്മേണ പെറ്റ തള്ള സഹിക്കില്ല’.

 “ചിരിക്കാനായി മലയാള ഭാഷ കൊണ്ട് പരമാവധി അഭ്യാസങള്‍ ഞാന്‍ ഇവിടെ കാണീക്കും....

നിങള്‍ ചിരിച്ചാല്‍ എനിക്കും സന്തോഷം നിങള്‍ക്കും സന്തോഷം.... “  എന്നൊക്കെ വെച്ചു കീച്ചിയിരിക്കുവല്ലിയോ.  
ഒന്നു പോടാ ഉവ്വേ,, നിന്റെ ഒരഭ്യാസം,  എന്നാങ്കി നീ എന്നെ ചിരിപ്പിക്കുന്നതൊന്നു കാണണം എന്നു കരുതിയാ അങ്ങേരുടെ ‘അറബിമാഡത്തിനൊരു പ്രസന്റേഷൻ’ വായിക്കാനിരുന്നെ. അവസാനം എന്റെ ചിരി കണ്ടുമ്മെച്ച് ആസ്ത്മ കൂടിയതാണെന്നു തെറ്റിദ്ധരിച്ച ഭാര്യ നെലവിളിച്ച് ആൾക്കാരെക്കൂട്ടിയതിനു ശേഷമല്ലിയോ ചിരി നിന്നെ.


ഈ ഭായീടെ ചെല കമന്റുകളാണ് കേട്ടോ പോസ്റ്റുകളേക്കാൾ കേമം. കമന്റുകൾ ഇങ്ങനെ വാരിക്കോരിക്കൊടുക്കുന്ന ഒരു ദാനശീലനായ ബ്ലോഗറെ വേറെ ഏത് ബൂലോകത്ത് കിട്ടും? എനിക്കു തോന്നുന്നില്ല. കോനുമഠം എന്ന പേരുകേട്ട ദാനശീലനായ ദാരുശില്പത്തെ പ്രതിഷ്ഠിക്കാത്ത കമന്റുപത്തായങ്ങൾ ബൂലോകത്ത് കുറയുമായിരിക്കും. പക്ഷെ, ഭായിയുടെ കാര്യത്തിൽ അയാളുടെ കമന്റുകളുടെ എണ്ണത്തിലല്ല ഭായിയെ എണ്ണപ്പെട്ടവനായിട്ട് ഞാൻ കണക്കിലെടുക്കുന്നത്. പിന്നെയോ? കമന്റുകളിലെ ഊഷ്മളതയിലും മാംസളതയിലും ബഹുസ്വരതയിലും മുന്നിട്ടു നിൽക്കുന്നു ഭായി.


“പൊന്നുഭായീ.. നീ മഹാ പർവതം..

കണ്ണിനെത്താത്ത ദൂരത്തുയർന്നു നിൽക്കുന്നു നീ“

എന്നൊരു പാരഡിക്കവിതയുടെ ഈരടികൾ ഞാൻ ഇത്തരുണത്തിൽ ഓർത്തുപോവുകയാണ്.

ഇവിടെ ബൂലോകം ഓൺലൈൻ സകല വാർദാൻ ഐറ്റങ്ങൾക്കും അവാർഡ് ഏർപ്പെടുത്തിയെങ്കിലും മികച്ച കമന്റർമാരെ തെരഞ്ഞെടുക്കാൻ ഒരു വോട്ടെടുപ്പ് നടത്തിയോ? അതിനെക്കുറിച്ച് ഇപ്പോൾ കമന്റിയാൽ കൂടിപ്പോകും അതുകൊണ്ട് മിണ്ടുന്നില്ല. എന്നുവെച്ച് എന്നും മിണ്ടാതിരുന്നുകളയുമെന്നും ബൂ. ഓ. വിചാരിക്കുകയും വേണ്ട!.


കമന്റൊഴുക്കുകളുടെ  ആദ്യ പകുതിയിൽ തന്നെ ഭായിയെ നിങ്ങൾക്ക് കണ്ടെത്താനാവും. മിക്കപ്പോഴും പത്താമനായോ, പത്തു കമന്റുപോലും കിട്ടാത്ത പോസ്റ്റുകളിൽ മൂന്നാമനായോ ഭായി ഉണ്ടാവുമെന്ന്  നമുക്ക് ഉറപ്പിക്കാം. ബൂലോകത്തിറങ്ങുന്ന നൂറുകമന്റുകളിൽ മൂന്നെണ്ണം ഭായിയുടേതായിരിക്കുമെന്ന് ഒരു സർവ്വേ ഫലം വെളിപ്പെടുത്തുന്നു. വിവാദപോസ്റ്റുകളിൽ ഭായിയെ അപൂർവ്വമായേ കാണാനാവൂ. ഇതിന് അപവാദമായത് ഒരിക്കൽ ചിത്രകാരന്റെ ഒരു പോസ്റ്റിൽ ഭായിയെ കാണാനായതാണ്.

“രാജ്യദ്രോഹത്തിന്റെ വിഷവിത്തുകൾ” എന്ന പോസ്റ്റ് വായിച്ച്  ഡിസംബർ 14നു വെളുപ്പാൻ‌കാലത്തെ 9.10ന് പല്ല്ലുപോലും തേക്കാതെ  ഭായി എഴുതി:

“100% യോജിക്കുന്നു!“

ചിത്രകാരൻപോസ്റ്റുകളെപ്പറ്റി നിലനിൽക്കുന്ന സകല സങ്കൽ‌പ്പങ്ങളെയും അട്ടിമറിക്കാൻ പോന്നതായിരുന്നു ഭായിയുടെ ശതമാനക്കണക്കിലുള്ള ആ ഗർജ്ജനങ്ങൾ. ചിത്രകാരനുപോലും യോജിക്കാനാവാത്ത വസ്തുതകളുടെ നിരത്തലുകളിൽ ഭായി എങ്ങനെ 100 ശതമാനം യോജിക്കും എന്ന് കണ്ടവർ കണ്ടവർ സംശയിച്ചിരിക്കാം. എന്നാൽ ഭായിയുടെ നിഷ്കളങ്കത്തവും ബൂലോകത്തോടുള്ള സ്നേഹവുമായിരുന്നു അതിൽ നിറഞ്ഞു നിന്നിരുന്നത് എന്ന് ആർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ.

അപ്പോൾ അതാണ് ഭായി. ഒരാളുടെ വ്യക്തിത്വം ഒരിക്കലും നമുക്ക് അയാളുടെ പോസ്റ്റിൽ നിന്ന് അളക്കാനാവില്ല. കമന്റുകളാണ് ബൂലോക ജീവികളെ നിർണ്ണയിക്കുന്നതും നയിക്കുന്നതും.

ഭായീടെ ഏറ്റവും പുതിയ മറ്റൊരു കമന്റ് നോക്കൂ.


ഭായി said...

“ഇല്ല സ്വയം തളരില്ല

ആരും തളര്‍ത്താനൊട്ട് കഴിയില്ല..ആരും തളര്‍ത്താനൊട്ട് കഴിയില്ല..“


സുനിൽ പണിക്കരുടെ ഒരു കവിതക്കിട്ട കമന്റ്റാണ് മുകളിൽ കണ്ടത്. ഇതു തന്നെയാണ് ഭായിയുടെ പ്രകൃതം. ഭായി 100 ശതമാനം ഒരു നിഷ്കളങ്ക ബ്ലോഗറാണ്. സുനിൽ പണിക്കരുടെ കവിതകളിൽ നിന്ന് സ്വന്തം സ്വത്വത്തെ കണ്ടെത്തുകയും പുറം ലോകത്തോട് അത് വിളംബരം ചെയ്യുകയും ചെയ്യുന്ന ഭായി കവിതാസ്വാ‍ദകർക്കെല്ലാം ഒരു മാതൃകയാണ്. ചെറുപ്പംതൊട്ടേ നല്ല കവിതകൾ വായിക്കുമായിരുന്നെങ്കിൽ ഭായിക്ക് ഈ ഗതി വരില്ലായിരുന്നു എന്നു വിലപിക്കുന്നവരും ഇല്ലാതില്ല.


ചില നർമ്മ പോസ്റ്റൂകൾ വായിച്ച് ഭായി ആത്മാർത്ഥമായി ചിരിക്കുന്നത് നാം കണ്ടതാണ്. തന്നെ ദത്തെടുക്കുവാനുള്ള ആഹ്വാനവുമായാണ് ഭായി വാഴക്കോടന്റെ “നർമ്മാസ് മിമിക്സ് പരേഡ് – വേദി ഒന്നി“-നെ വരവേൽക്കുന്നത്.“ഇപ്പോഴാണ് ഇതൊക്കെ കാണുന്നത്...
വാഴ ഒരു ബൂ ലോക സംഭവം തന്നെയാ കേട്ടോ...
അയ്യോ..എന്നെയങ് ദത്തെട്.:-)  “


ഇന്നും വാഴക്കൂട്ടങ്ങൾക്കിടയിലൂടെ പോകേണ്ടി വന്നാ‍ൽ ‘വേദി ഒന്നിൽ’ ഞെക്കി, മൌസ് ഉരുട്ടി താഴെവന്ന് ഈ കമന്റുകണ്ട് ചിരിക്കാറുണ്ട് ഈയുള്ളവൻ. ‘എന്നെയങ്ങ് ദത്തെട്’ എന്ന വാചകവും അതിന് കമ്മലു ചാർത്തിയതുപോലെയൊരു സ്മൈലിയും കമന്റുകളുടെ ചരിത്രത്തിൽ എന്നും മിന്നിക്കൊണ്ടിരിക്കും. ഒരു പക്ഷേ അന്ന് വാഴയുടെ പോസ്റ്റ് പോലും വിസ്മൃതിയിൽ ആണ്ടുപോയേക്കാം.


“പൊന്നുഭായീ.. നീ മഹാ പർവതം..

കണ്ണിനെത്താത്ത ദൂരത്തുയർന്നു നിൽക്കുന്നു നീ“

ആസ്വാദനം ഒരു കലയാണ്. മാലിന്യമുക്തമായ ഒരു മനസ്സിനുമാത്രമേ അത് സാധ്യമാകൂ. ചിത്രകാരന്മാരുടേയും ചാണക്യന്മാരുടേയും പോസ്റ്റുകൾ ചിന്തകന്മാർക്കും പള്ളിക്കുളങ്ങൾക്കും ആസ്വദിക്കാനാവുന്നത് മാലിന്യമുക്തമായ ഈ മനസ്സുള്ളതുകൊണ്ടാണ്. ഇവിടെ  ഭായിയുടെ ഔന്നത്യവും നാം മനസ്സിലാക്കാതെ പോകരുത്. എന്റെ തന്നെ “മുരളീധരന്റെതൊലിക്കട്ടി” എന്ന പോസ്റ്റിൽ ഭായി അർമാദിച്ചുകൊണ്ടും ആസ്വദിച്ചുകൊണ്ടും നവംബറിലെ ഒരു രാത്രിയിൽ ഇങ്ങനെയെഴുതി:


“അടിപൊളി! ഇടിപൊളി!കടിപൊളി!
തകര്‍ത്തു പള്ളീ....സമ്മതിച്ചിരിക്കുന്നു!
ഇതിന്റെ ഒരോ കോഫിയെടുത്ത് ദുഖാത്മാക്കള്‍ക്ക് വിതരണം ചെയ്യണം ദുഖം വരുംബോള്‍ ഇത് വായിച്ചാല്‍ ദുഖം പംബയല്ല പെസഫിക്കും കടക്കും!“


ഇതിൽ ‘കടിപൊളി’ എന്നാൽ എന്താണെന്ന് ഇനി തിരയാത്ത ഗൂഗിളുകളില്ല, വിക്കി പീഡിയകളില്ല. മലയാള ഭാഷക്ക് പുതുമുഖങ്ങളെ സമ്മാനിക്കുന്ന അത്യുദാത്തനായ സംവിധായകനെയാണ് ഞാൻ ഭായിയിൽ ദർശിക്കുന്നത്.

ഭായിയുടെ മാസ്റ്റർ പീസുകളായ “മലപ്പുറം സിനിമകളും“ തിരോന്തരം സിനിമകളും” സമന്വയിപ്പിച്ച് ആരോ അയച്ച ഒരു മെയിൽ കിട്ടിയപ്പോഴാണ് ഭായിയെക്കുറിച്ച് ഓർക്കുന്നത്. എന്തോ, ഭായിയെ ഇപ്പോൾ അങ്ങനെയിങ്ങനെ ഭൂലോകത്ത് കാണാനില്ല. അപൂർവമായി മാത്രം വന്നുപോകുന്നു ആ മഹാനായ കമന്റേറ്റർ..

നിങ്ങളിലാരെങ്കിലും പുള്ളിയെ കാണുകയാണെങ്കിൽ ഈ പള്ളി തിരക്കിയതായി പറയുക.


“പൊന്നുഭായീ.. നീ മഹാ പർവതം..

കണ്ണിനെത്താത്ത ദൂരത്തുയർന്നു നിൽക്കുന്നു നീ“

2/1/10

മരണാക്ഷരങ്ങൾപത്രം വായിച്ചിട്ടേറെയായി.
ബൂലോകത്തിത്തിരി കാറ്റുകൊള്ളും. കിടന്നുറങ്ങും.
പത്രം വരുത്തിയിട്ടേറെയായി..
ചരമക്കോളങ്ങൾക്കു വലതു വശം ചേർന്ന്
ഇപ്പോഴുമുണ്ടോ പാമ്പുകടിയേറ്റ് മരിച്ചൊരാൾ?
ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്ന മറ്റൊരാൾ?
‍എന്നിട്ടും കലിതീരാതെ ആത്മാഹൂതി ചെയ്ത വേറൊരാൾ?
റെയിലില്‍ തീവണ്ടി ഒച്ചക്കു കാതോര്‍ത്തു കിടന്ന കാമുകൻ
‍പത്രത്തിന്റെ സെമിത്തേരിയിലുണ്ടോ
ചെറു കോളങ്ങളിലേക്കൊതുങ്ങിയ മന്ദഹാസങ്ങൾ
ബ്രാക്കറ്റില്‍ തളഞ്ഞു പോയ ആയുസ്സുകൾ
‍കുറു വരികളിലൊതുക്കിയ ജീവിതങ്ങൾ
‍പിറ്റേ ദിവസം ചരമക്കോളവും മരിക്കും
അടിയന്തിരത്തിനുസന്തപ്ത കുടുംബാംഗങ്ങൾ
അതിന്മേൽ ഇലയിട്ടുണ്ണും.
ഉച്ചിഷ്ടങ്ങള്‍ക്കു താഴെമന്ദഹാസങ്ങളില്‍
കാക്കകൾ കാഷ്ടിച്ചു വെക്കും
തെമ്മാടിക്കുഴിയിൽ പരേതന്‍ അട്ടഹസിക്കും.
പിന്നെ പൾപ്പായരഞ്ഞ് പുനര്‍ജ്ജനിക്കുമ്പോൾ
പാമ്പുകടിയേറ്റു മരിച്ചൊരാൾ
ആത്മഹത്യ ചെയ്ത മറ്റൊരാൾ
ഒക്കെയും ഒപ്പം പുനര്‍ജ്ജനിക്കുന്നു..