10/29/14

നമ്മുടെ നായികമാരെല്ലാം സുന്ദരികളായത് എന്തുകൊണ്ടാണ്?

മാമുക്കോയ എന്ന മഹാപ്രതിഭയെ ശ്രീനിവാസൻ ആണ് സത്യൻ അന്തിക്കാടിന് പരിചയപ്പെടുത്തുന്നത്.
പല്ല് പുറത്തേക്ക് ഉന്തിയ കൊള്ളിക്കഷണം പോലെയുള്ള മാമുക്കോയയെ സത്യന് ആദ്യ കാഴ്ചയിൽ തന്നെ ദഹിച്ചില്ല. ഈ ദഹിക്കായ്ക ശ്രീനിവാസന് ഒട്ടും ദഹിച്ചില്ല. ശ്രീനിവാസൻ പറഞ്ഞു:
"നിങ്ങള്‍ സംവിധായകര്‍ ഗ്ലാമറിന്റെ തടവുകാരാണ്. സിനിമ സാധാരണ മനുഷ്യരുടെ ജീവിതം പറയുന്ന കലയാണ്'. ആ മേഖലയിലേക്ക് സാധാരണക്കാര്‍ കടന്നുവരണം. ഈ ഗ്ലാമര്‍കൊണ്ടൊന്നും ഒരു കാര്യവുമില്ല സത്യാ."
'സത്യൻ അന്തിക്കാടിന്റെ ഗ്രാമീണർ' എന്ന പുസ്തകത്തിലെ 'ശ്രീനിവാസനും മാമുക്കോയയും മലയാളസിനിമയെ പൊളിച്ചെഴുതിയത് എങ്ങനെ?' എന്ന ഭാഗത്തിലെ ഗീർവാണങ്ങളുടെ സംക്ഷിപ്ത രൂപമാണ് മുകളിൽ പറഞ്ഞത്. മാമുക്കോയ, ശ്രീനിവാസൻ തുടങ്ങിയ നടന്‍മാരുടെ പ്രഭാവം സിനിമയിലെ എല്ലാതരം ഗ്ലാമറിനേയും നിഷ്പ്രഭമാക്കുന്നു. എന്നൊരു 'കണ്ടുപിടുത്തവും' നടത്തുന്നുണ്ട് സത്യൻ അന്തിക്കാട്.
മലയാള സിനിമയിൽ ഹാസ്യനടന്മാർക്ക് ഗ്ലാമർ ഉണ്ടായിരുന്ന കാലഘട്ടം ഏതാണെന്ന് സത്യൻ ഒന്നു പറഞ്ഞുതന്നാൽ നന്നായിരുന്നു. അടൂർഭാസിയും ബഹദൂറും അവരുടെ ഫിസിക്കൽ അപ്പിയറൻസിൽ തന്നെ കോമാളികൾ ആയിരുന്നില്ലേ? എസ് പി പിള്ളയെ എന്തായാലും മമ്മൂട്ടിയോട് ഉപമിക്കാൻ ആവില്ലല്ലോ. പിന്നീട് വന്ന പപ്പു, മാള, കുഞ്ചൻ ഒക്കെയും തഥൈവ! എന്തിനേറേ, നായകന്മാർക്ക് പോലും ഗ്ലാമർ വേണമെന്ന് മലയാളി പ്രേക്ഷകൻ ഒരിക്കലും ശഠിച്ചിട്ടില്ല. സത്യനും സൂപ്പർ സ്റ്റാർ മോഹൻലാലും ഒക്കെ ഉദാഹരണം. (മോഹൻലാലിന് നല്ല നല്ല കഥാപാത്രങ്ങളിലൂടെ ഒരു ഗ്ലാമർ പരിവേഷം ഉണ്ടായിത്തീരുകയായിരുന്നു. അത് മലയാളികളുടെ ഗ്ലാമർ സങ്കൽപ്പങ്ങളിൽ പോലും കൈകടത്തി എന്നുമാത്രം!) പിന്നെ, ശ്രീനിവാസനും മാമുക്കോയയും പൊളിച്ചെഴുതിയത് എന്തു കുന്തമാണ്?
എങ്കിലും ശ്രീനിവാസൻ പറഞ്ഞത് ശരിയാണ്. സത്യന്‍ അന്തിക്കാട് ഉള്‍പ്പടെ ഉള്ള സംവിധായകർ ഇന്നും എന്നും ഗ്ലാമറിന്റെ തടവുകാരാണ്. പറഞ്ഞതുകൊണ്ട് അയില്ലല്ലോ. നമ്മൾ എന്നെങ്കിലും ഗ്ലാമര്‍ ഇല്ലാത്ത ഒരു പെണ്‍കുട്ടിയുടെ കഥ പറഞ്ഞിട്ടുണ്ടോ? നമ്മുടെ എല്ലാ നായികമാരും നയന്‍താരയെ പോലെയുള്ളവര്‍ ആയിരുന്നില്ലേ? കറുത്ത് മെലിഞ്ഞുണങ്ങിയ എത്രയോ യുവതികള്‍ നമുക്ക് ചുറ്റും കഷ്ടപ്പാടുകള്‍ക്കിടയില്‍ ജീവിക്കുന്നു. ഒരു പക്ഷെ സുന്ദരികളേക്കാള്‍ കൂടുതല്‍ സുന്ദരികള്‍ ആല്ലാത്തവര്‍ ആയിരുന്നിട്ടും എന്തുകൊണ്ട് എന്നും നാം സുന്ദരികളുടെ കഥ മാത്രം പറഞ്ഞു? നായകന്‍ കരിക്കട്ടപോലെ കറുത്ത് വികലാഗംനായിരുന്നാലും അവര്‍ക്കൊക്കെവേണ്ടി നാം തേടിപ്പിടിച്ചത് മൂടും മുലയും ഉയര്‍ന്ന രംഭതിലോത്തമമാരെയല്ലേ? സിനിമ ഗ്ലാമറിന്റെ തടവിലാണെന്ന് ദു:ഖിക്കുന്ന ശ്രീനിവാസൻ പോലും ഇന്നുവരെ ഗ്ലാമറില്ലാത്ത ഒരു നായികയെ സങ്കൽപ്പിച്ചിട്ടുണ്ടോ?. അദ്ദേഹത്തിന്റെ പടങ്ങളിൽ ആരെയും നമ്മൾ അങ്ങനെ കണ്ടിട്ടില്ല. ഇന്നും നിങ്ങളൊക്കെ നായികയെ സെലക്റ്റ് ചെയ്യുമ്പോൾ 'പ്രേക്ഷകനിൽ രോമാഞ്ചമുണ്ടാക്കാൻ ഇവൾക്കാവുമോ' എന്നാണല്ലോ ആദ്യം ചിന്തിക്കുന്നത്.
ഇനിയും സത്യന്‍ അന്തിക്കാടിനെ പോലെയുള്ളവര്‍ക്ക് ധൈര്യമുണ്ടോ മലയാള സിനിമയെ ശരിക്കും പൊളിച്ചെഴുതാന്‍? നിങ്ങളിൽ ആർക്കെങ്കിലും തൊലിവെളുപ്പും മുഖശ്രീയും ഇല്ലാത്ത ഒരു നായികയെ സങ്കൽപ്പിക്കാനുള്ള ബോൾസ് ഉണ്ടോ, ബോൾസ്??

നൈറ്റ് ഫിഷിംഗ് : ഒരു അനുഭവ കഥ

രാത്രിയായാൽ 'തപ്പാൻ' പോവുക ഞങ്ങളുടെ നാട്ടിലെ ചെറുപ്പക്കാരുടെ ഒരു വിനോദമാണ്. നാട്ടിലായിരുന്നപ്പോൾ തപ്പാൻ പോയതിന്റെ അനുഭവം പങ്കുവെക്കുകയാണ് ഈ കുറിപ്പിൽ.
കരിമീൻ തപ്പാനും ഞണ്ട് കുത്താനുമായി പോകാൻ തയ്യാറെടുക്കുന്നതിന്റെ ഭാഗമായി പാനാസോണിക്കിന്റെ ചുവന്ന നീളമുള്ള ആ ടോർച്ച് നേരത്തേ ചാർജ് ചെയ്തു വെച്ചിരുന്നു. രാത്രി എട്ട് എട്ടരയായപ്പോൾ ഒരു തോർത്തെടുത്ത് അരയിൽ കൈലിക്ക് മീതെ കെട്ടി ചുവട് ഭാഗം കരിപിടിച്ച വക്ക് ചളുങ്ങിയ ഒരു കലവുമായി കായലരികത്തേക്ക് പുറപ്പെട്ടു. പോകും വഴി ഞണ്ട്കുത്തിൽ പങ്കെടുക്കാനുള്ള മറ്റു മൂന്നുപേരും ഒപ്പം കൂടി. ഒരാളുടെ കയ്യിൽ ഒരു മുപ്പല്ലിയും മറ്റൊരാളുടെ കയ്യിൽ 8mm വാർക്കക്കമ്പി കൂർപ്പിച്ച മറ്റൊരു ഞണ്ടുകുത്തിയും ഉണ്ടായിരുന്നു. കായലോരത്ത് തെങ്ങിൽ ചാരിവെച്ചിരുന്ന കഴുക്കോലുകളിലൊന്നെടുത്ത് ആരാന്റെ ഒരു വള്ളവും കെട്ടഴിച്ച് അക്കരയിലെ ബണ്ട് ലക്ഷ്യമാക്കി ഊന്നി.
കായലിൽ അവിടവിടെയായി ചില നീട്ടുവല വള്ളങ്ങളിൽ പാട്ട വിളക്കുകൾ കാണാം. അക്കരെ ബണ്ടിന്റെ ഓരങ്ങളിലെ കുറ്റിക്കാടുകളും ഉയർന്നു നിൽക്കുന്ന കൊന്നത്തെങ്ങിൻ തലപ്പുകളും ഇരുണ്ടിരുണ്ട് പലരൂപങ്ങൾ പൂണ്ട് നിശ്ചലമായി നില്ക്കുന്നു. പിറന്നിട്ട് അധികനാളാവാത്തൊരു ചന്ദ്രിക മാനത്ത്. കാർമേഘങ്ങൾ അതിനു ചുറ്റും ഉരുണ്ടുകൂടിയിരുന്നു. ഓളങ്ങളില്ലാതെ കായൽ വലിയൊരു പെരുമ്പാമ്പിനെപ്പോലെ തെക്കോട്ട് ഇഴഞ്ഞുപൊയ്ക്കൊണ്ടിരിക്കുന്നു. ആ ഇരുട്ടിൽ കായലിന് നടുവിലെത്തുമ്പോൾ ജനിമൃതികൾക്കിടയിൽ എവിടെയോ ഒരു അപാരമുഹൂർത്തത്തിൽ എത്തപ്പെട്ടപോലൊരു തോന്നൽ.
അക്കരെയെത്തി വള്ളം കായലോരത്തോട് ചേർത്ത് ഊന്നിക്കൊണ്ടിരുന്നു. കമ്പട്ടിക്കാടുകൾ വളർന്ന് കായലിലേക്ക് കിടന്നിരുന്നു. ആ കാടുകളുടെ തണലിലാണ് കരിമീനുകളും ഞണ്ടുകളും ഇണചേരുന്നതും മുട്ടവിരിയിക്കുന്നതും കുഞ്ഞുങ്ങളെ വളർത്തുന്നതുമെല്ലാം. ജലനിരപ്പിന് മുകളിലെ കരിങ്കൽ പോടുകളിൽ കരിമൂർഖനും മഞ്ഞച്ചേരയുമൊക്കെ ചുരുണ്ടിരിക്കുന്നുണ്ടാവാം. ഞാൻ വള്ളത്തിൽ നിന്നിറങ്ങി. ഒരാൾ പോടുകളിലേക്ക് ടോർച്ച് തെളിച്ചു. വെളിച്ചം വെള്ളത്തിലേക്ക് കിഴിഞ്ഞിറങ്ങി. ഒരു മുറത്തിന്റെ അത്ര വലിപ്പമുള്ള കരിമീനുകൾ കാലുകളെ തഴുകി മിന്നൽ വേഗത്തിൽ തിരക്കിട്ട് എവിടേക്കോ പായുന്നു. ഓളമെന്നു നിലച്ചപ്പോൾ അതിലൊരുവൾ പയ്യെ തിരികെ എത്തി ടോർച്ച് വെട്ടത്തിൽ കണ്മിഴിച്ച് നിന്നു. മോഹാലസ്യത്തിലായ അവളെ ഇടതുകൈയ്യിലെ ചീമക്കൊന്നപ്പത്തലുകൊണ്ട് പയ്യെ പോടുകളിലൊന്നിലേക്ക് ആനയിച്ചു. ശേഷം വലതുകൈ ആ പോടിന്റെ അകത്തേക്കിട്ട് അവളെ അമർത്തിപ്പിടിച്ചു. അവൾ നിർവൃതികൊണ്ട് കൈവെള്ളയിലിരുന്ന് പിടച്ചു. ഒടുവിൽ അവൾ കലത്തിനകത്തായി! ഞണ്ടുകൾ കൂർത്ത 8mm കമ്പിക്കുമുന്നിൽ പുറം വിരിച്ചു നിന്നു. കുത്തിപ്പുറത്തെടുക്കുമ്പോൾ അവ നിലാവ് കണ്ട് ഉത്സാഹത്തോടെ കൈകാലുകളിട്ടടിച്ചു.
കുറച്ചുകൂടെ മുന്നോട്ടു നീങ്ങി. കലം നിറഞ്ഞു തുടങ്ങി. ടോർച്ചിന്റെ വെട്ടം മങ്ങിത്തുടങ്ങി. സമയം പതിനൊന്നായിട്ടുണ്ടാവും. നേർത്ത നിലാവിനെ കാർമേഘം മൊത്തത്തിൽ മൂടി. കമ്പട്ടിക്കാടുകൾക്ക് താഴെയും മീതെയും അന്ധകാരം കനം വെച്ചു. നീട്ടുവലക്കാരെല്ലാം പൊയ്ക്കഴിഞ്ഞു. അവിടെ ഇപ്പോൾ ഞങ്ങൾ നാലുപേർ മാത്രം. പായലുകളും ചവറുകളും നീക്കി മുന്നോട്ടു തന്നെ. ഒരു പൊന്തക്കാടിനു താഴെനിന്ന് കനമുള്ളതെന്തോ ഞാൻ വകന്നുമാറ്റി. പഴകിയ രോമക്കുപ്പായത്തിലോ മറ്റോ കൈ ഉടക്കിയപോലെ. പായലാണോ? ഹേയ്, അല്ല. എന്തോ വശപ്പിശക്.. രോമത്തിൽ പിടിച്ച് പൊക്കി. പന്തുപോലെ ഉരുണ്ട എന്തോ ഒന്ന് നിഴലിച്ചു കണ്ടു. പക്ഷേ എന്താ ഇത്ര കനം?
"ഡാ.. ഇങ്ങോട്ടൊന്നു ഒന്നു ടോർച്ചടിച്ചേ..". കൂട്ടുകാരനോട് പറഞ്ഞു.
ദുർബലമായ ടോർച്ചിന്റെ വെളിച്ചം വീണത് കീഴെ കായലിലേക്ക് തുറിച്ചു നോക്കിക്കൊണ്ടിരുന്ന ഉന്തിയ രണ്ട് കണ്ണുകളിലേക്കായിരുന്നു. ഞാൻ പിടിച്ചു പൊക്കിയത് അയാളുടെ മുടിയിലാണ്. പൊടുന്നനെ പിടിവിട്ടു. ബനിയൻ, ജീൻസ്.. ഇറുകിപ്പൊട്ടാറായി നിൽക്കുന്ന ബെൽറ്റ്. വീർത്തുചീർത്ത് കമിഴ്ന്നു കിടക്കുന്നൊരു ശവശരീരം.. കണ്ണിൽ ഇരുട്ടുകയറി. "ഡാ... ശവം!! ശവം!!" ഓരോരുത്തരായി നിലവിളിക്കാൻ തുടങ്ങി..
"എന്റുമ്മോ.. ശവം!! ശവം!!"
(ഞാൻ വ്യക്തമായി ഓർക്കുന്നു. വെപ്രാളപ്പെട്ട് എങ്ങനെയൊക്കെയോ തിരിച്ചുപോരുമ്പോൾ ആ വള്ളത്തിൽ അപ്പോൾ ഞങ്ങൾ അഞ്ചുപേരുണ്ടായിരുന്നു. ആ അഞ്ചാമൻ ആരായിരുന്നു?? ഇപ്പോഴും അറിയില്ല!!)