12/6/14

മാ നിഷാദ! (ഒരു സ്കൂൾ കലോത്സവത്തിന്റെ ഓർമയ്ക്ക്)

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉപജില്ലാ സ്കൂൾ കലോത്സവം നടക്കുകയാണല്ലോ. ഉപജില്ലാ കലോത്സവവുമായി ബന്ധപ്പെട്ട് രസകരമായൊരു ഓർമ പങ്കുവെക്കട്ടെ. 
അന്ന് ഞാൻ എട്ടാം ക്ലാസ്സിലാണ്. പല്ലന കുമാരകോടി സ്കൂളിലായിരുന്നു ഞങ്ങളുടെ ഉപജില്ലാ കലോത്സവം. മംഗലം സ്കൂളിൽ നിന്നുള്ള ഒരു വലിയ സംഘത്തോടൊപ്പം ഞാനും പോയിരുന്നു. ഫാൻസി ഡ്രസ്സ് മത്സരത്തിന് മാറ്റുരയ്ക്കാൻ. സ്കൂളിനു തെക്കുഭാഗത്തു താമസിക്കുന്ന, മംഗലം സ്കൂളിലെ സീനിയർ അധ്യാപകരിൽ ഒരാളായ കരുണാകരൻ സാറിന്റെ വീട്ടിലായിരുന്നു താമസവും അവസാന റിഹേഴ്സലും ഒക്കെ. ഫാൻസി ഡ്രസ്സിന് എനിക്ക് വേടന്റെ വേഷമായിരുന്നു കെട്ടേണ്ടിയിരുന്നത്. ഇണപ്രാവുകളിലൊന്നിനെ ഉന്നം വെക്കുന്ന വേടനായ വാത്മീകി. ഫക്രുദ്ദീൻ സാറിന്റെ വീട്ടിൽ നിന്ന് രണ്ട് പ്രാവുകളെ തരാമെന്ന് ഏറ്റിരുന്നെങ്കിലും അവസാന നിമിഷം അവർ കാലു മാറിക്കളഞ്ഞു. യഥാർഥത്തിൽ തന്നെ ഞാൻ അവയെ അമ്പെയ്തു കൊല്ലുമോ എന്ന് അവർ സംശയിച്ചിരുന്നിരിക്കണം.
എന്റെ വിഷമം കണ്ട് ഉമ്മാ ചോദിച്ചു: "
പ്രാവുകൾക്ക് പകരം കോഴി ആയാൽ കുഴപ്പമുണ്ടോടാ? നമ്മുടെ മുട്ടയിടാതെ നിക്കുന്ന പുള്ളിക്കോഴിയേം ആ പൂവനേം നീ കൊണ്ടുപൊയ്ക്കോ.."
"ഉമ്മാ ഒന്നു പൊയ്ക്കേ അവിടുന്ന്"- എന്റെ സങ്കടം ദേഷ്യമായി.
ഒടുവിൽ കണക്ക് പഠിപ്പിക്കുന്ന ഷരീഫ് സാറ് പറഞ്ഞു: "നീ ഒരു കാര്യം ചെയ്യ്. പ്രാവുകളില്ലാതെ തന്നെ പ്രാവുകളുണ്ട് എന്ന ഭാവത്തിൽ അമ്പെയ്യ്".
"അതെങ്ങനെയാ ആ ഫാവം?" - എന്റെ കുഞ്ഞു ഹൃദയത്തിൽ നിന്ന് നിഷ്കളങ്കമായൊരു സംശയം ഒഴുകിവന്നു.
സാറ് എന്നെ രൂക്ഷമായിട്ടൊന്നു നോക്കി. ചോദ്യം നിഷ്കളങ്കമാണെന്ന് ബോധ്യപ്പെട്ട ശേഷം സാറ് ഒരു കാട്ടായം കാണിച്ചു തന്നു. ഞാൻ ഓർക്കുന്നു. കർണ്ണം ചളുങ്ങിയ ഒരു വിഷമഭുജത്രികോണം പോലെയിരുന്നു അത്.
ഒടുക്കം പ്രാവുകളില്ലാതെ പ്രാവുകൾ ഉണ്ടെന്ന 'വ്യാജേന' അമ്പെയ്യാൻ തീരുമാനമായി.
ഫാൻസി ഡ്രസ്സ് മത്സരം കൃത്യം 8 മണിക്ക് (രാത്രി) തന്നെ ആരംഭിക്കുമെന്ന് അറിയിപ്പ് വന്നു.
"ആ വേടനെവിടെ? അവനൊരുങ്ങുന്നില്ലേ?" പുറത്തു നിന്ന് കരുണാകരൻ സാറിന്റെ ചോദ്യം.
ഒരുങ്ങാനോ? ദേഹത്തു മുഴുവൻ കരിവാരിത്തേക്കുന്നതിനെയാണോ സാറ് 'ഒരുക്കം' എന്നു പറഞ്ഞത്? പറഞ്ഞപോലെ കരി എവിടെ? സാറിന്റെ മകൾ സഹായിച്ചു. അടുക്കളയിൽ പോയി ചീനച്ചട്ടി എടുത്തുകൊണ്ടു വന്ന് എന്റെ മുന്നിൽ കമിഴ്ത്തിവെച്ചു. എന്നിട്ട് സാറിനോടൊരു ചോദ്യം: "
ഈ വെള്ളാരം കല്ലുപോലെയിരിക്കുന്ന ചെറുക്കനെ കറുപ്പിക്കാൻ ഈ ഒരു ചട്ടി മതിയാകുമോ അച്ഛാ?"
ഹെവടെ! എന്നെ വേടനാക്കുക എന്നത് മേക്കപ്പ് മാന് വലിയ വെല്ലുവിളിയായിരുന്നു. (സത്യായിട്ടും പണ്ട് ഞാൻ വെളുത്തിട്ടായിരുന്നു. വേണമെങ്കിൽ പഴയ ഫോട്ടോ കാണിച്ചു തരാം..) 1798 മുതൽ അപ്പം ചുട്ടതിന്റെ കരി ആ ചീനച്ചട്ടിയിൽ ഉണ്ടായിരുന്നു. എന്നിട്ടും അയല്പക്കത്തു നിന്ന് ഒണക്കമീന്റെ മണമുള്ള മറ്റൊരു ചട്ടികൂടി വന്നു. ചീനച്ചട്ടിയുടെ കരിയെന്നു പറഞ്ഞാൽ സാധാരണ കരിയൊന്നുമല്ല. ഞാൻ മെഴുമെഴാ കറുത്തു. കണ്ണിന്റെ വെള്ള മാത്രമാണ് ഇപ്പോൾ വെളുത്തുകാണുന്നത്. കണ്ണാടിയിൽ പോയി നോക്കി. എനിക്ക് ആദ്യം ആളിനെ മനസ്സിലായില്ല. "ഇങ്ങനെയൊക്കെയുള്ള വേടന്മാർ അക്കാലത്തൊക്കെ ജീവിച്ചിരുന്നിരുന്നോ?" എന്ന് എനിക്കുതന്നെ അത്ഭുതം. ആ മേക്കപ്പ്മാൻ പുല്ലൻ ഉടുത്തിരുന്ന നിക്കർ ഉൾപ്പടെ കറുപ്പിച്ചുകളഞ്ഞു. ശേഷം വീട്ടുമുറ്റത്തെ അലങ്കാരച്ചെടികളിൽ ഒന്നിന്റെ നീളമുള്ള ഇലകൾ പറിച്ച് ഒരു കയറിൽ കൊരുത്ത് അരക്ക് ചുറ്റും കെട്ടിത്തന്നു. അമ്പുകളും ആവനാഴിയും വില്ലും ഞാൻ കൊണ്ടുവന്നിട്ടുണ്ട്. അങ്ങനെ ഏഴര ആയപ്പോഴേ വേടൻ റെഡി.
സമയം എട്ടായി. നാടകം തീർന്നിട്ടില്ല. ഞാൻ പോയി നോക്കി. എന്റെ ജ്യേഷ്ഠനും കൂട്ടുകാരനും സ്കൂൾ ഫെസ്റ്റിന് അവതരിപ്പിച്ച, സമ്മാനം നേടാതെ വിവാദമായ നാടകം "ഒരു നാലം കിടക്കാരന്റെ മരണം" ഇപ്പോൾ അവിടെ മറ്റൊരു സ്കൂളിലെ കുട്ടികൾ കളിക്കുന്നു. ഫാൻസി ഡ്രസ്സ് ഇനിയും ഒന്നരമണിക്കൂർ വൈകുമെന്ന് അറിയിപ്പ് കിട്ടി. എനിക്ക് വിശക്കാൻ തുടങ്ങി. ഏഴുമണി മുതൽ കരിയും തേച്ച് നിൽക്കുകയാണ്. സംഘത്തിലെ മറ്റുള്ളവർ കാന്റീനിൽ പോയി ഇടയ്ക്കിടയ്ക്ക് ചായയും പരിപ്പുവടയും കേക്കുമൊക്കെ തട്ടുന്നുണ്ട്. ഈ കോലത്തിൽ ഞാൻ എങ്ങനെ പോകും? "അതുസാരമില്ല. നീ ആ അമ്പും വില്ലും കുന്ത്രാണ്ടോം ഒക്കെ അവിടെ വെച്ചിട്ട് പോയി വല്ലതും കഴിച്ചിട്ട് വാ.. ബാക്കിയുള്ളവരെല്ലാം അത്താഴം കഴിച്ചു." കരുണാകരൻ സാർ പറഞ്ഞു. ഞാൻ ഉച്ചയ്ക്ക് എന്തോ ഒന്നു തിന്നതാണ്. ഇനി വല്ലതും കഴിച്ചിട്ടു തന്നെ കാര്യം.
വിശപ്പ് എന്നെ കാന്റീനിലേക്ക് വഴിനടത്തി. അവിടെ ചെന്നപ്പോഴുണ്ട് ഭയങ്കര തിരക്ക്. എന്നെ കണ്ട് ആളുകൾ ചെകുത്താൻ കുരിശുകണ്ടപോലെ അകന്നു പോകുന്നു. "ഇതെന്തിന്റെ കുഞ്ഞാണിത്?" എന്ന ഭാവത്തിൽ ആളുകൾ എന്നെ നോക്കുന്നു. അവരൊക്കെ എന്നെ മുട്ടാതിരിക്കാൻ ശ്രദ്ധിച്ചു. എന്നിട്ടും ഒരു വെള്ള ജൂബ്ബാക്കാരന്റെ ചുമലിൽ ചെന്ന് ഞാനൊന്ന് അറിയാതെ ചേടി. അവന്റെ ഒരു ഭാഗത്ത് കറുത്ത നിറത്തിൽ ശ്രീലങ്കയുടെ ഭൂപടം രൂപം കൊണ്ടു. അവന് ഈ യൂണീഫോമിൽ സമൂഹഗാനം പാടാനുള്ളതാണ്. അവൻ എന്റെ ഗൽത്തായ്ക്ക് പിടിക്കാൻ വന്നു. കയ്യിലും കരിപറ്റുമല്ലോ എന്നോർത്ത് കുറേ തന്തയ്ക്ക് വിളിച്ച് കലിപ്പുതീർത്തു. അങ്ങ് വീട്ടിൽ, ബാപ്പ എട്ടുമണി റേഡിയോ നാടകം കേൾക്കുന്നതിനിടെ ഒൻപത് പ്രാവശ്യം തുമ്മി.
ഫുഡ് കൗണ്ടറിലേക്ക് അടുക്കാൻ വയ്യ. തിരക്കുകൂട്ടുന്നതെല്ലാം വലിയ വലിയ ആളുകളാണ്. ഒപ്പനയിലെ മണവാളന്മാർ, ഷുജാഇകളായ അവന്റെ തോഴന്മാർ, മണവാട്ടികളും തോഴിമാരും, പക്ഷിശാസ്ത്രം പറയുന്ന സുന്ദരികളായ നാടോടികൾ, കൈനോട്ടക്കാർ, മോഹിനികളായ മോഹിനിയാട്ടക്കാർ, വലിയ വലിയ രാജാക്കന്മാർ, പടക്കൻ പടച്ചട്ടകളിട്ട ബാന്റുമേളക്കാർ, മാർഗം കളിക്കാരായ നല്ല നല്ല നസ്രാണിപ്പെങ്കൊച്ചുങ്ങൾ എന്നുവേണ്ട കാഴ്ചക്കാരുടെ മനം മയക്കുന്ന പലപല വേഷക്കാർ അവിടെ തിരക്കുകൂട്ടുന്നു. ഇവരുടെ ഇടയിലേക്ക് ഞാൻ എങ്ങനെ ചെല്ലും? അധകൃതനായ കറുത്ത വേടൻ. കണ്ണാടിയിൽ തെളിഞ്ഞ രൂപം ഓർത്ത് ഞാൻ വിഷണ്ണനായി. ഫാൻസി ഡ്രസ്സിന് ഈ വിഷയം വേണ്ടിയിരുന്നില്ല. ടിപ്പു സുൽത്താനോ മറ്റോ മതിയായിരുന്നു. അങ്ങനെയായിരുന്നെങ്കിൽ "അണ്ണാ ഒരൂണ്.. കൂടെ രണ്ട് അയല പൊരിച്ചതും" എന്ന് ധൈര്യത്തെ ചെന്ന് പറയാമായിരുന്നു. അല്ലെങ്കിൽ സ്കൂളിൽ സമ്മാനം നേടിയ ആ ഭാഗവതരുടെ വേഷം ആയാലും മതിയായിരുന്നു.
ഇങ്ങനെയൊക്കെ ചിന്തിച്ച് കൗണ്ടറിലെ തിരക്കൊഴിയുന്നതു കാത്ത് അവിടെ ഒഴിവു വന്ന ഒരു ബഞ്ചിൽ തളർന്നിരുന്നു.. അടുത്തിരുന്ന് വെട്ടി വിഴുങ്ങുന്ന ഒരു 'മഹർഷി' എന്നെ ഒരു മുഷിപ്പൻ നോട്ടം നോക്കി. "അധികം നോക്കണ്ട! നിന്നേക്കാൾ വലിയ മഹർഷികളെ കണ്ട വാൽമീകിയടാ തെണ്ടീ ഞാൻ.." എന്ന് ഞാൻ മനസ്സിൽ പറഞ്ഞു. ഉടനേ ഒരു തൊഴിലാളി വന്ന് അവൻ വേസ്റ്റ് തുടയ്ക്കുന്ന തുണി കൂട്ടിപ്പിടിച്ച് എന്നെ അവിടുന്നു പൊക്കി. അടിമുടി ഒന്നു നോക്കി. അവിടെയൊക്കെ കരിയാക്കിയതിനു വഴക്കു പറഞ്ഞു. ഞാൻ എഴുന്നേൽക്കുമ്പോൾ ചന്തി അമർന്ന ഭാഗത്ത് എട്ടാം ക്ലാസ്സിലെ ബയോളജി പുസ്തകത്തിൽ കണ്ട അമരവിത്തിന്റെ ആകൃതിയുള്ള വൃക്കകളുടെ ചിത്രം പോലെ ഒന്ന് പ്രിന്റ് ചെയ്യപ്പെട്ടിരുന്നു.
"അണ്ണാ, എന്റെ പരിപാടി ഇപ്പോൾ തുടങ്ങും. വിശന്നിട്ടും വയ്യ. എങ്ങനെയെങ്കിലും ഒരു ടോക്കൺ എടുത്തു താ"- ഞാൻ അധകൃതന് യോജിച്ച താഴ്മയായ ഭാഷയിൽ അയാളോടു പറഞ്ഞു.
"അത്താഴത്തിനുള്ള ടോക്കൺ ഇപ്പോൾ കിട്ടത്തില്ല. ഇവിടുത്തെ തിരക്കു കണ്ടല്ലോ.. തൽക്കാലം ചായയും കടിയും കഴിക്ക്. പിന്നെ തിരക്ക് കഴിഞ്ഞിട്ട് വാ" അയാൾക്ക് എന്നെ അവിടെയിരുത്തി ഊട്ടുവാൻ താല്പര്യമില്ലായിരുന്നു. ബഞ്ചിലെ വൃക്കയുടെ പടം അയാളുടെ മസ്തിഷ്കത്തിൽ ഉണ്ട്. ഒടുവിൽ ചായയും രണ്ട് പരിപ്പുവടയും വാങ്ങിക്കഴിച്ച് തൽക്കാലം വിശപ്പടക്കി.
ഫാൻസി ഡ്രസ്സ് മത്സരം പിന്നെയും താമസിച്ചു. 8.30നു തുടങ്ങുമെന്നു പറഞ്ഞ മത്സരം തുടങ്ങിയപ്പോൾ 2.30 ആയി. നാടകത്തിനും ഫാൻസി ഡ്രസ്സിനും ഇടയിൽ മറ്റേതോ ഒരു ഐറ്റം കയറ്റി പോലും! വിശപ്പ് പിന്നെയും ആക്രമിച്ച് തുടങ്ങി. കൂട്ടിന് ഉറക്കവും. ഇന്നെങ്ങാനുമായിരുന്നു ഈ അവസ്ഥയെങ്കിൽ ഇതിന്റെ സംഘാടകനെ ഞാൻ എന്നേ അമ്പെയ്തു കൊന്നേനെ. . ഷരീഫ് സാർ ആണ് ചെസ്റ്റ് നമ്പർ അനൗൺസ് ചെയ്യുന്നത്. എന്റെ ഊഴവും കാത്ത് ഉറക്കം തൂങ്ങി ഞാൻ സ്റ്റേജിന്റെ പിന്നിൽ അമ്പും വില്ലും കുത്തിപ്പിടിച്ചിരിക്കുകയാണ്. "ചെസ്റ്റ് നമ്പർ ഫോർ... ഫസ്റ്റ് കാൾ.. സെക്കന്റ് കാൾ... ആന്റ് ഫൈനൽ കാൾ.." കർട്ടൻ പൊങ്ങി.
വാൽമീകി ഉറക്കം തൂങ്ങി ആടി ആടി സ്റ്റേജിലേക്ക് ചെന്നു. ഒരു സ്റ്റേഷൻ കിട്ടുന്നില്ല. മുന്നിൽ മാർക്കിടാനിരിക്കുന്ന സാറന്മാരെ വാത്മീകി കണ്ടു. തുടർന്നങ്ങോട്ട് നിറഞ്ഞുകവിഞ്ഞ പുരുഷാരത്തെയും കണ്ടു. സ്റ്റേജിന്റെ ഉള്ളിൽ ഇടതു വശത്ത് അനൗൺസ് ചെയ്യാനിരിക്കുന്ന ഷെരീഫ് സാറിനെ കണ്ടതോടെയാണ് കർണ്ണം ചളുങ്ങിയ വിഷമഭുജ ത്രികോണത്തിന്റെ കാര്യം ഓർമവന്നത്. ആവനാഴിയിൽ നിന്ന് ഒരു അമ്പ് വലിച്ചൂരിയെടുത്തു. ക്രൗഞ്ച മിഥുനങ്ങളെ മുകളിൽ കണ്ടു. അമ്പ് ഞാണിൽ വലിഞ്ഞുമുറുകി. കുറച്ചുകൂടി ഭാവം മുഖത്തു വരുത്തി. അമ്പ് കുറച്ചുകൂടി വലിച്ചു മുറുക്കി. വിട്ടു. ഇപ്പോൾ നിങ്ങളൊരു ഞാണൊലി കേട്ടോ? മുറുക്കം കൂടിയിട്ട് ഞാൺ പൊട്ടിപ്പോയതാണ്. വില്ല് നിവർന്ന് വടിപോലെ കയ്യിൽ. വേടൻ പെട്ടെന്ന് മഹാത്മ ഗാന്ധി ആയതുപോലെ. അമ്പ് ചെന്ന് തലയും കുത്തി മാർക്കിടാനിരുന്ന സാറന്മാരുടെ മുന്നിൽ. ഷരീഫ് സാർ നിർദ്ദേശിച്ചതിൻ പ്രകാരം പെട്ടെന്ന് കർട്ടൻ താഴ്ത്തിയിട്ടെങ്കിലും പുറത്തു നിന്നും കൂക്കുവിളികൾ കർട്ടൻ കടന്നും കണ്ണപുടത്തിലെത്തി. എന്നാലും കുഴപ്പമില്ല. അങ്ങനെ ഒരു യുഗം അവസാനിച്ചു. വാത്മീകിയ്ക്ക് മോക്ഷം കിട്ടി.
************************************************************************
പിറ്റേദിവസം പല്ലനയിൽ നിന്ന് എല്ലാവരും നടന്നാണ് തിരികെ മംഗലത്തെത്തുന്നത്. വീട്ടിലെത്തി ലൈഫ് ബൊയ്-യുടെ രണ്ട് വലിയകട്ട സോപ്പു വേണ്ടി വന്നു ദേഹത്തെ കരിമുഴുവൻ തേച്ചു മായ്ച്ചു കളയാൻ.
ആ സമൂഹഗാനക്കാരന്റെ പ്രാക്കുകൊണ്ടാണോ അതോ കാന്റീനിലെ വെയിറ്ററുടെ പ്രാക്കുകൊണ്ടാണോ എന്നറിയില്ല, അക്കുറി എനിക്ക് സമ്മാനമൊന്നും കിട്ടിയില്ല. വാത്മീകിയിൽ നിന്ന് മഹാത്മാഗാന്ധിയിലേക്ക് പൊടുന്നനെയുള്ള പരകായ പ്രവേശം അസ്സലായിരുന്നു എന്ന് പിന്നീട് പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്..

2 comments:

മുബാറക്ക് വാഴക്കാട് said...

ഒടുവില് ഞാനും ചാടിക്കുളിച്ചു..
അല്ലേലും നിറയെ വെള്ളമുള്ള കുളം കണ്ടാല് ആരായാലും ചാടിപ്പോവും..
അല്ലെ മാഷെ.. ?? :)
ആശംസകള്...

പള്ളിക്കുളം.. said...

thanks mubarak