7/26/17

ഗൂഢാലോചന

സത്യം പറഞ്ഞാൽ ക്രിമിനൽ ഗൂഢാലോചനകൾ നടത്തുന്നവരെ ആത്മാർഥമായി എതിർക്കാൻ എനിക്കാവില്ല. കാരണം കഴിഞ്ഞുപോയ കാലത്ത് ഒരു മഹാക്രൂരകൃത്യത്തിനുവേണ്ടി ഞാനും ഗൂഢാലോചന നടത്തിയിട്ടുണ്ട്. അന്ന് വെറും ഏഴിലോ എട്ടിലോ പഠിക്കുന്ന പയ്യനാണ് ഞാൻ . പന്ത്രണ്ടോ പതിമൂന്നോ വയസ്സുകാണും. പക്ഷേ, ഗൂഢാലോചനയുടെ വ്യാപ്തി ഓർക്കുമ്പോൾ ക്രിമിനൽക്കുറ്റങ്ങളെ എതിർക്കുവാനുള്ള എന്റെ ധാർമ്മിക ശേഷി സാരമാം വണ്ണം ചോർന്നുപോകുന്നതായി അനുഭവപ്പെടുന്നു.

കുറ്റവാളി ഞാനായിരുന്നില്ല. അത് തൊട്ടയല്പക്കത്തെ എന്റെ കൂട്ടുകാരനായിരുന്നു. നിസാർ. അവൻ ഒരു ദിവസം എന്നോടു വന്നു പറഞ്ഞു : 

"അളിയാ, സഹികെട്ടളിയാ.. സഹികെട്ടു! ഈ നാശം പിടിച്ച കോഴിയേം താറാവിനേം ആടിനേം കൊണ്ട് ഞാൻ സഹികെട്ടു!"

അവന്റെ വീട്ടിൽ കുറേ കോഴികളും പത്തുപന്ത്രണ്ട് താറാവുകളും മൂന്ന് ആടുകളും നാല് ആട്ടിൻകുട്ടികളും ഉണ്ട്. ഇവയെല്ലാം കാരണം അവന് യാതൊരു സ്വസ്ഥതയും സന്തോഷവുമില്ല. മറ്റു കുട്ടികളൊക്കെ സ്കൂളിൽ നിന്ന് വരുന്നപാടെ പുസ്തകക്കെട്ടെടുത്ത് അട്ടത്തേയ്ക്കെറിഞ്ഞിട്ട് കളിക്കാനായി ഓടുമ്പോൾ നിസാറിനാവട്ടെ, ആടിനെ അഴിച്ചു കെട്ടണം, അതിനു പ്ലാവില പറിച്ചുകൊടുക്കണം, വീടുകളിൽ പാലുകൊണ്ടുക്കൊടുക്കണം സന്ധ്യയാവുംമ്മുമ്പ് കോഴിയെയും താറാവിനെയും പിടിച്ച് കൂട്ടിലടയ്ക്കണം, താറാവിനു കൊടൂക്കാൻ കൂലിക്ക കുത്തണം തുടങ്ങി നൂറുകൂട്ടം പണികൾ കാണും. സ്കൂൾ അവധി ദിവസങ്ങളിലും ഈ ജീവികളെ പരിപാലിക്കലുതന്നെയാണ് അവന്റെ ജോലി. അഥവാ ഇതിനിടയിൽ ഇത്തിരി സമയം ഒപ്പിച്ച് അപ്പുറത്തെ അയ്യത്ത് ക്രിക്കറ്റ് കളിക്കാൻ പോയാലും സ്വസ്ഥതയോടെ അത് പൂർത്തീകരിക്കാൻ പറ്റില്ല. കാത്തു കാത്തിരുന്ന് ബാറ്റിംഗ് കിട്ടുമ്പോഴാവും അവന്റെ ഉമ്മ സൂറാത്ത വേലിയ്ക്കരികെ വന്നു വിളിക്കുന്നത്. ക്രൂരയായ ആ സ്ത്രീ ക്രിക്കറ്റു കളിക്ക് പറയുന്നത് തുഴയെറിഞ്ഞുകളിയെന്നാണ്. അവർ ആക്രോശിക്കും:

"നിസാറേ.., ഡാ നിസാറേ.. ഇവിടെ എന്തുമ്മാത്രം പണികിടക്കുന്നു.. അപ്പഴാ അവന്റെയൊരു തുഴയെറുഞ്ഞുകളി! അങ്ങേര് ഒന്നിങ്ങു വന്നോട്ടെ; പറഞ്ഞുകൊടുക്കുന്നുണ്ട് ഞാൻ.. "

ഇടയ്ക്കൊക്കെ ഉമ്മായുടെ നിർദ്ദേശപ്രകാരം വാപ്പാ അവനെ തല്ലാറുണ്ടെങ്കിലും ദിവസം ‌മുഴുവൻ നീണ്ടുനിൽക്കുന്ന  സ്വൈര്യക്കേട് അയാൾ ഉണ്ടാക്കാറില്ല. പുള്ളി രാവിലെ തന്നെ എണീറ്റ് ചീട്ടുകളിക്കാൻ പോകും. പിന്നെ വൈകും നേരം ഏഴെട്ട് മണിയൊക്കെ ആകുമ്പഴേ തിരിച്ചുവരൂ. നിസാർ സ്കൂളിൽ നിന്ന് ഉച്ചയ്ക്ക് ഊണിന് വീട്ടിൽ വന്ന് തിരിച്ചു പോകുമ്പോൾ വാപ്പായ്ക്കുള്ള ഭക്ഷണം കളിക്കുന്നിടത്ത് കൊണ്ടുക്കൊടുക്കും. ചീട്ടുകളിയിൽ നിന്നും എന്തെങ്കിലും ചില്ലറ കിട്ടുമെന്നല്ലാതെ അത്ര വലിയ വരുമാനമൊന്നുമില്ല. പലപ്പോഴും നഷ്ടമാണ്. പിന്നെ ഒരു ജോലി എന്ന രീതിയിൽ അയാളത് കൊണ്ടു നടക്കുന്നെന്നേയുള്ളൂ.

കോഴി, താറാവ്, ആടുകൾ മുതലായവയിൽ നിന്ന് അത്യാവശ്യം വരുമാനം ഉണ്ടാക്കുന്നതുകൊണ്ട് അതിന്റെയെല്ലാം ഉടമസ്ഥയും നോക്കിനടത്തിപ്പുകാരിയും എന്നനിലയിൽ നിസാറിന്റെ ഉമ്മയാണ് വീട്ടിലെ രാജാവ്. ചീട്ടുകളിക്കാരൻ വാപ്പാ അവിടെ വെറും ഡൈമൺ ഏഴാണ്. വീട്ടിലിരുന്നാൽ ഭാര്യ തുടരെത്തുടരെ ആജ്ഞകൾ പുറപ്പെടുവിക്കുമെന്നതുകൊണ്ടാണ് രണ്ടുകുത്ത് ചീട്ടുമെടുത്ത് അയാൾ രാവിലെതന്നെ അവിടുന്ന് കടന്നുകളയുന്നത്.

താൻ വളർത്തുന്ന പക്ഷിമൃഗാദികളെല്ലാം കൂടി ചില്ലറ അസ്വസ്ഥതകൾ സൂറാത്തായ്ക്കും ഉണ്ടാക്കാറുണ്ട്. ഏതെങ്കിലും കല്യാണ വീട്ടിൽ പോയാലോ നേർച്ചയ്ക്കോ അടിയന്തിരങ്ങൾക്കോ പോയാലോ ഒക്കെ സന്ധ്യയാവുമ്പോഴേക്ക് സൂറാത്തായ്ക്ക് ആധിയാണ്. "അയ്യോ.. കോഴിയെ പിടിച്ചിട്ടില്ല", "അയ്യോ.. ആടിനു തീറ്റകൊടുത്തില്ല!" എന്നിങ്ങനെ. എന്നാൽ ഈ ആധിയെല്ലാം അവർ ഇറക്കിവെക്കുന്നത് നിസാറിന്റെ തലയിലേക്കാണെന്നതാണ് കഷ്ടം!

"ഡാ.. നീ ചെന്ന് ആ കോഴിയേം താറാവിനേം കൂട്ടിൽ കയറ്റി ആടിന് തീറ്റയും കൊടുത്തിട്ട് ഓടി ഇങ്ങ് വാ.. അവിടേം ഇവിടേം കറങ്ങി നടക്കരുത്; പെട്ടെന്നിങ്ങ് വന്നേക്കണം.."

"നാശം". അവൻ ഓടിക്കിതച്ച് വീട്ടിൽ വരും. പെട്ടെന്ന് ജോലി തീർത്ത് തിരിച്ചുപോയാൽ കുറച്ചു നേരംകൂടി കുട്ടികളുമായി കളിക്കാമല്ലോ എന്നു കരുതി കോഴികളെ പിടിച്ച് കൂട്ടിലടച്ച്, ആടുകൾക്ക് തീറ്റയും കൊടുത്ത് താറാവിനെ കൂട്ടിൽ കയറ്റാൻ നോക്കുമ്പോഴായിരിക്കും പന്ത്രണ്ടെണ്ണം ഉള്ളതിൽ ഒന്നുരണ്ടെണ്ണത്തിനെ കാണാനില്ലെന്ന് മനസ്സിലാവുന്നത്. "നാശം അതിനെ ഇനി എവിടെപ്പോയി തപ്പിപ്പിടിക്കും?" കൂട്ടത്തിലുള്ള ഒന്നോ രണ്ടോ താറാവുകൾ ഒളിച്ചോടുന്നത്  സ്ഥിരം ഏർപ്പാടാണ്. തോടുകളിൽ നീന്തി നീന്തി നടക്കുന്നതിനിടയ്ക്ക് ചില പെടകൾ വേറേ ഏതെങ്കിലും പൂവൻ നയിക്കുന്ന കൂട്ടത്തിലേക്ക് ആകൃഷ്ടരായങ്ങ് പൊയ്ക്കളയും. പിന്നെ വള്ളവുമെടുത്ത് തോടായ തോടുമുഴുവൻ തുഴഞ്ഞ് അന്വേഷിച്ചു നടക്കണം. ഭാഗ്യമുണ്ടെങ്കിൽ പെട്ടെന്ന് കണ്ടുകിട്ടും. ഇല്ലെങ്കിൽ ഒരു എട്ടെട്ടരയെങ്കിലുമാവും. ആ സമയമാവുമ്പോഴേക്ക് മറ്റു കൂട്ടങ്ങളിൽ നിന്ന് നിഷ്കാസിതരായി 'ക്വാക്ക് ക്വാക്ക്' എന്ന് നിലവിളിച്ച് ഇരുട്ടുവീണതും വിജനവുമായ തോടുകളിൽ യഥാർഥ ഉടമയെ തേടി അവ അലയുന്നുണ്ടാവും. നിസാറിനെ കാണുമ്പോൾ അവറ്റകളുടെ സന്തോഷമൊന്ന് കാണണം!. 'ക്വാക്കി'ന്റെ ശബ്ദം കൂടും. പക്ഷേ പിടിക്കാൻ ചെല്ലുമ്പോൾ ഒരുമാതിരി ബെടക്ക് സ്വഭാവം കാണിക്കും. പൊന്തക്കാട്ടിലും അവിടെയും ഇവിടെയുമൊക്കെയിട്ട് ഓടിച്ച് മനുഷ്യന്റെ ഊപ്പാട് തീർത്തതിനു ശേഷമേ പിടിതരൂ.

നേരത്തേയൊക്കെ നിസാറിന് സ്വന്തം താറാവുകളെ തിരിച്ചറിയാൻ ബുദ്ധിമുട്ടായിരുന്നു. ഒരിക്കൽ പകരമായി വേറൊരു താറാവിനെ പിടിച്ചുകൊണ്ടുവന്ന് കൂട്ടിലടച്ച് അവൻ ഉമ്മായെ പറ്റിയ്ക്കാൻ നോക്കിയിട്ടുണ്ട്. പിറ്റേ ദിവസം ആ താറാവ് മുട്ടയിടാത്തതിൽ കലിപൂണ്ട് അവർ അവനെ ഒരുപാട് വഴക്കുപറഞ്ഞു. അതിനു ശേഷം താറാവുകളെ തിരിച്ചറിയാനായി അവൻ പന്ത്രണ്ടെണ്ണത്തിന്റെയും ഓരോ കാലുകളിലും പഴയൊരു പാവാടയിൽ നിന്ന് കീറിയെടുത്ത കാവിനിറമുള്ള  നാടകൾ കെട്ടി. അതിന്റെ പിറ്റേ ദിവസം കൂട്ടിൽ നിന്നിറങ്ങി വരിവരിയായി നടന്നു നീങ്ങിയ താറാവുകളെ കണ്ട് വടക്കേതിലെ പട്ടാളം പ്രഭാകരണ്ണൻ ചോദിച്ചു:

"ഇതെന്തോന്നാടാവേ? ആർ എസ്സ് എസ്സിന്റെ ജാഥയോ?"

ചോദ്യം കേൾക്കാത്ത ഭാവത്തിൽ താറാവുകൾ കുണുങ്ങിക്കുണുങ്ങി തോട് ലക്ഷ്യമാക്കി നടന്നുപോയി. നാടകൾ കാരണം ആളുകൾ പലതും പറഞ്ഞ് പരിഹസിക്കാറുണ്ടായിരുന്നെങ്കിലും ഏത് വലിയ താറാക്കൂട്ടങ്ങൾക്കിടയിൽ അകപ്പെട്ടുപോയാലും തന്റെ താറാവുകളെ തിരിച്ചറിയാൻ അതേ നാടകൾ അവനെ സഹായിക്കുമായിരുന്നു.

താറാവുകളെ തിരയാൻ ചിലപ്പോഴൊക്കെ ഞാനും അവനോടൊപ്പം വള്ളത്തിൽ കൂടാറുണ്ടായിരുന്നു. ഒരു ദിവസം  തിരഞ്ഞു തിരഞ്ഞ് സഹികെട്ടപ്പോൾ വള്ളത്തിൽ വെച്ച് അവൻ എന്നോടു പറഞ്ഞു:

"ഈ നാശത്തിനെയൊക്കെ കൊല്ലണം അളിയാ.., കൊല്ലണം!"

അവിടെത്തുടങ്ങി ഞങ്ങളുടെ ഗൂഢാലോചന.
എങ്ങനെ കൊല്ലും?
എപ്പോൾ കൊല്ലും?
എന്തിനെയൊക്കെ കൊല്ലും?

ഈ മൂന്ന് കാര്യങ്ങളാണ് ചർച്ചചെയ്ത് തീരുമാനിക്കേണ്ടിയിരുന്നത്.
അവസരം കിട്ടുമ്പോഴൊക്കെ ഞങ്ങൾ അതിനെപ്പറ്റി മാത്രം സംസാരിച്ചു. ഏതാണ്ട് രണ്ടര ആഴ്ചയോളം നീണ്ടു നിന്നു ആ ഗൂഢാലോചന.

ഒന്നാം ഘട്ടം:
**************
"എങ്ങനെ കൊല്ലും?"- ഞാനാണ് ആദ്യം ചോദ്യം ഉന്നയിച്ചത്

"കോഴികളെ നമുക്ക് കഴുത്തു ഞെരിച്ചു കൊല്ലാം, ആടിന് വെഷം കൊടുക്കാം"- അവൻ

"താറാവിനേം നമുക്ക് കഴുത്തു ഞെരിച്ചുകൊല്ലാം"- ഞാൻ അവേശം കൊണ്ടു.

"എടാ, ഈ നാശം കഴുത്ത് ഞെരിച്ചാൽ ചാവത്തില്ല... പിന്നെന്തു ചെയ്യും?"

"എങ്കി, നമ്മക്ക് എല്ലാത്തിനേം വെഷം കൊടുത്ത് കൊല്ലാം"

"ഓക്കെ, പക്ഷേ എന്തു വെഷം കൊടുക്കും?

"ഒതളങ്ങ!"

"ചാകുവോ?"

"പിന്നേ.., ഒറപ്പായിട്ടും ചാകും" അടുത്ത സമയത്ത് ഒതളങ്ങ കഴിച്ചു മരിച്ച രണ്ടുപേരുടെ ഉദാഹരണങ്ങൾ കൂടി ഞാൻ പറഞ്ഞു കൊടുത്തു.

"ആടും കോഴീം ഒക്കെ ഒതളങ്ങ തിന്നുവോ?"

"എടാ നമ്മക്ക് തീറ്റയ്ക്കകത്ത് അരച്ചു ചേർക്കാം"

"അതൊക്കെ ബുദ്ധിമുട്ടായിരിക്കും.., നമുക്ക് എലിവെഷം ചേർത്തുകൊടുക്കാം.. അതാകുമ്പം വീട്ടിലൊണ്ട്."

"ഓക്കെ"


രണ്ടാം ഘട്ടം:
*************
"എപ്പോൾ കൊല്ലാൻ പറ്റും?"

"അടുത്തേന്റെ അടുത്ത ഞാറാഴ്ച അക്കരേലെ അപ്പീടങ്ങ് മുഹ്‌യുദ്ദീൻ റാത്തീബാണ്. എല്ലാവരും പോയിട്ട് തിരിച്ചു വരുമ്പം ഒരുപാട് രാത്രിയാകും. നമ്മക്ക് അന്ന് കൊല്ലാം.."

"ഓക്കെ"


മൂന്നാം ഘട്ടം:
*************
"ഏതിനെയൊക്കെ കൊല്ലണം?" - അതും ഞാനാണ് ആദ്യം ചോദിച്ചത്.

ഈ ചോദ്യത്തിന് കൃത്യമായ ഉത്തരം ഉണ്ടായിവരാൻ ദീർഘമായ ആറു ദിവസങ്ങളെടുത്തു. അവനെ സംബന്ധിച്ച് അങ്കലാപ്പ് നിറഞ്ഞതായിരുന്നു ആ ചോദ്യം. 'എല്ലാത്തിനേയും' കൊല്ലണമെന്ന് പറയുമെങ്കിലും അത് നടപ്പാക്കുക എളുപ്പമല്ലെന്നും, അങ്ങനെ നടന്നാൽത്തന്നെ അത് ഊഹിക്കാവുന്നതിനും അപ്പുറമുള്ള പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ഞങ്ങൾക്ക് അറിയാമായിരുന്നു. അതുകൊണ്ട് കുറച്ചെണ്ണത്തിന്റെ മാത്രം കൊന്ന് ജോലിഭാരം കുറയ്ക്കുകയേ നിർവ്വാഹമുള്ളൂ എന്നകാര്യത്തിൽ ഞങ്ങൾക്കിടയിൽ തർക്കവുമില്ലായിരുന്നു. ഈ ജീവികളെല്ലാം ശല്യമായിരിക്കുമ്പോഴും അവയോട് അവന് എന്തോ ഒരു വാത്സല്യവും ഉണ്ടായിരുന്നു എന്നത് വേറെ!. ചിലതിനെയൊക്കെ അവൻ  പേരിട്ടുപോലും വിളിച്ചിരുന്നു. ഇപ്പോൾ 'ഏതിനെയൊക്കെ കൊല്ലണം?' എന്നു ചോദിച്ചാൽ...?, ചിന്തിക്കേണ്ടിയിരിക്കുന്നു . കൂട്ടക്കൊലയേക്കാൾ തെരഞ്ഞുപിടിച്ച് കൊല്ലുന്നതിലെ ക്രൂരത ദിവസങ്ങളോളം അവന്റെ മനസ്സിനെ അസ്വസ്ഥമാക്കി.

"എടാ, സ്ഥിരമായി ചാടിപ്പോകുന്ന താറാവുകളെയെല്ലാം എന്തായാലും കൊല്ലാം" - ഞാൻ പറഞ്ഞു. പക്ഷേ, അവൻ അത് അംഗീകരിച്ചില്ല. തോടുകളിലും കയങ്ങളിലും അന്വേഷിച്ച് നടക്കുന്നത് ബുദ്ധിമുട്ടുള്ള ജോലിയായിരുന്നെങ്കിലും അവ ചാടിപ്പോകുന്നതുകൊണ്ടു മാത്രമാണ് അവന് വീട്ടിൽ നിന്ന് കുറച്ചധികം നേരത്തേക്ക് വിട്ടുനിൽക്കാനായിരുന്നത്.

ചാട്ടക്കാരികളായ താറാവുകളെക്കൂടാതെ 'ആട്ടിൻകുട്ടികളേയും കഴുത്തിൽ തൂവലില്ലാത്ത മൂന്ന് കോഴികളേയും കൊല്ലണ്ട'. എന്ന അഭിപ്രായം അവൻ ആദ്യമേ പറഞ്ഞു. ബാക്കിയുള്ളവയിൽ ഒരു തീരുമാനമാകാതെ ദിവസങ്ങൾ നീണ്ടുനീണ്ടുപോയി. മുഹ്യുദ്ദീൻ റാത്തീബ് അടുത്തടുത്ത് വന്നു. ഒടുക്കം ഞാനൊരു ഐഡിയ പറഞ്ഞു.

"ബാക്കിയുള്ളതിനെയെല്ലാം നമ്മക്ക് പപ്പാതിയാക്കി വേറേ വേറേ കൂട്ടിലിട്ടിട്ട് ഒരു പാതിയ്ക്ക് മാത്രം വെഷം കൊടുക്കാം"

കുറച്ചുനേരം ചിന്തിച്ചിരുന്നിട്ട് അവൻ പറഞ്ഞു: "ഓക്കെ"

അങ്ങനെ, ഗൂഢാലോചന പൂർത്തിയായി!

************
കൃത്യം നടന്ന കരാള രാത്രിയെക്കുറിച്ച് വിവരിക്കാൻ ഒരുപാടുണ്ട്. തൽക്കാലം ഞാനതിന് മുതിരുന്നില്ല. ഒരു പെരുമഴ പെയ്തൊഴിഞ്ഞ രാത്രിയായിരുന്നു അത്. തവളകളും ചീവീടുകളും അവയ്ക്ക് ആവുന്നത്ര ശബ്ദത്തിൽ കരഞ്ഞു. അയൽക്കാരൊക്കെ നേരത്തേ മൂടിപ്പുതച്ച് ഉറക്കമായി. അക്കരയിലെ അപ്പിയുടെ വീട്ടിൽ നിന്നുള്ള റാത്തീബിന്റെ അലർച്ചകൾ പുഴകടന്ന്, ഇക്കരെയും എത്തുന്നുണ്ടായിരുന്നു. എല്ലാം കൊണ്ടും അനുകൂലമായ ആ രാത്രിയിൽ പ്ലാൻ ചെയ്തതുപോലെ വളരെ കൃത്യമായും ഈസിയായും ഞങ്ങൾ കൃത്യം നടത്തി. ഗൂഢാലോചനയെ അപേക്ഷിച്ച് കുറ്റകൃത്യം ഒട്ടും പ്രയാസകരമല്ലാത്ത കാര്യമാണെന്ന് എനിക്ക് മനസ്സിലാവുന്നത് അന്നാണ്. ഒരു ചെറിയ കൊലപാതകമോ ബലാത്സംഗമോ നടത്താൻ ചിലപ്പോൾ നമുക്ക്  വർഷങ്ങളോളം ഗൂഢാലോചനകൾ നടത്തേണ്ടിവരും. അത്രയും കാലം രഹസ്യങ്ങൾ സൂക്ഷിക്കേണ്ടിയും വരും. പക്ഷേ കുറ്റകൃത്യങ്ങളിൽ പലതും വളരെക്കുറഞ്ഞ സമയം കൊണ്ട് കഴിയുന്നു. ചിലപ്പോൾ ഒരു നിമിഷത്തിനുള്ളിൽ പോലും!

കൃത്യത്തിനു ശേഷം വലിയ സംഭ്രമത്തോടെയാണ് ഞാൻ വീട്ടിലേക്ക് പോകുന്നത്. അനക്കമൊന്നുമുണ്ടാക്കാതെ വാതിൽ പയ്യെത്തുറന്ന് അകത്തുകയറി ഒന്നും സംഭവിച്ചില്ലാത്തവനെപ്പോലെ കിടന്നു. അവൻ വള്ളവുമെടുത്ത് അപ്പിയുടെ വീട്ടിലേക്ക് പോയി കുറച്ചു സമയം കഴിഞ്ഞ് വാപ്പയോടും ഉമ്മയോടും ഒപ്പം ഒന്നും അറിയാത്തവനെപ്പോലെ തിരികെ വന്നു. അവർ തിരികെ എത്തുമ്പോൾ കൂടുകളിൽ അസ്വാഭാവികമായ അനക്കങ്ങൾ കേട്ടെങ്കിലും കണ്ണുകളിൽ ഉറക്കം പിടിച്ചതുകാരണം സൂറാത്ത അധികം മൈന്റ് ചെയ്യാതെ അകത്തേക്ക് പോയി. പക്ഷേ അവരെല്ലാം ഉറങ്ങാൻ കിടന്ന് അധികമാവും മുമ്പ് ആടുകൾ വലിയ ബഹളമുണ്ടാക്കാൻ തുടങ്ങി. കോഴികളും അതേ. വല്ല പാമ്പോ ചേരയോ കയറിയതാവുമെന്നു കരുതി വിളക്കുമെടുത്തു പുറത്തുവന്ന സൂറാത്ത ആട്ടിൻ കൊട്ടിലിലെ കാഴ്ചകണ്ട് നിലവിളിച്ചുപോയി...

പിറ്റേ ദിവസം ആയപ്പോഴേക്കും മരണ സംഖ്യ കൂടിയിരുന്നു. മൊത്തം ആറു കോഴികളും രണ്ട് ആടുകളും ചത്തുപോവുകയും നാലോളം കോഴികൾക്ക് മയക്കം ബാധിക്കുകയും ചെയ്തു. അത്ഭുതമെന്നു പറയട്ടേ, താറാവുകൾക്കൊന്നും സാരമായ പ്രശ്നം ഉണ്ടായില്ല. നിസാറിനെ അവന്റെ വാപ്പ മുറ്റത്തെ പൂവരശിൽ കെട്ടിയിട്ടു പൊതിരെ തല്ലുകയും ഉറുമ്പിങ്കൂട് ദേഹത്ത് കുടഞ്ഞ് വെള്ളം ഒഴിക്കുകയും ചെയ്തു.

"ആരാടാ, നിനക്ക് ഇതൊക്കെ പറഞ്ഞുതന്നത്?"

സൂറാത്തായുടെ ആക്രോശങ്ങളിൽ ഏറ്റവും കൂടുതൽ തവണ കേട്ടത് ഈ ചോദ്യമായിരുന്നു. പക്ഷേ, എന്റെ കൂട്ടുകാരൻ എന്നെ ഒറ്റിക്കൊടുത്തില്ല. ഇന്നാണെങ്കിൽ അവനെ ഞാൻ 'ചങ്ക് ബ്രോ' എന്നു വിളിക്കുമായിരുന്നു.

അന്ന് രാത്രി, നീറുകൾ കടിച്ച് ദേഹം ആസകലം തിണർത്തുപോയ അവന്റെ ശരീരത്തിൽ കെട്ടിപ്പിടിച്ച് സൂറാത്താ ഒരുപാട് കരഞ്ഞു. തേക്കിന്റെ ഇലയിട്ട് എണ്ണ കാച്ചി അവന്റെ തിണർപ്പുകളിലൊക്കെ അവർ പുരട്ടിക്കൊടുത്തു.

ഈ സംഭവത്തിനു ശേഷം സൂറാത്ത ഒരുപാട് മാറി.
അവർ ബാക്കിയുണ്ടായിരുന്ന തന്റെ വളർത്തു ജീവികളെയെല്ലാം വിറ്റ് ആ കാശിനോടൊപ്പം അല്പം കടവും ചേർത്ത് നാലുപൂട്ട് റാട്ട് വാങ്ങി കയറുപിരി തുടങ്ങി അങ്ങനെയൊക്കെയങ്ങ് ജീവിച്ചു.

കാലം കുറേയായി. പക്ഷേ 'എന്തിനായിരുന്നു ഞാൻ ആ കുറ്റകൃത്യത്തിൽ പങ്കാളിയായത്' എന്ന് ഞാൻ ഇപ്പോഴും ആലോചിക്കാറുണ്ട്. വീട്ടിലെ പീഡനം അനുഭവിച്ചവൻ എന്ന നിലയിൽ അവന് ഒരുപക്ഷേ ന്യായീകരണമുണ്ടാവും. പക്ഷേ, കണ്ടുനിന്ന ഞാനും എങ്ങനെയാണ് കുറ്റവാളിയായത്? 

7/23/17

i 7

വെക്കേഷനു നാട്ടിൽ പോകുമ്പോഴൊക്കെ ഒന്നുരണ്ട് കല്യാണങ്ങളെങ്കിലും കൂടാൻ സാധിക്കാറുണ്ട്. ഇക്കുറിയും രണ്ട് കല്യാണങ്ങൾ കൂടാൻ കഴിഞ്ഞു. രാജപ്പൻ മേശരീടെ മോൾ ചന്ദ്രമതിയുടേതും പിന്നെ നമ്മടെ തറേലെ പൂക്കുഞ്ഞാക്കായുടെ മോൻ യൂനുസ്സിന്റേതും. പണ്ട് സ്കൂളിൽ പഠിക്കുന്നസമയത്ത് യൂനുസ്സും ഞാനും കൂട്ടുകാരായിരുന്നു. ഒന്നാം ക്ലാസ്സിൽ വെച്ച് ‘യ’ എന്നക്ഷരം എഴുതാൻ ബുദ്ധിമുട്ടിയിരുന്ന എന്നെ അത് പഠിപ്പിച്ചത് അവനാണ്. കുറേയേറെക്കാലമായി അവൻ ഗൾഫിലാണ്. കുവൈറ്റ്, ഖത്തർ, റിയാദ്, റാസൽ ഖൈമ തുടങ്ങിയ സ്ഥലങ്ങളിലൊക്കെ കറങ്ങി ഒടുവിൽ ഒമാനിലെ സോഹാറിൽ വന്നടിഞ്ഞിട്ട് ഇപ്പോൾ നാലുനാലര വർഷമാകുന്നു. ഇതിനിടെ വിവാഹം വൈകി.

യൂനുസ്സിന്റെ കല്യാണത്തിന്റെ തലേന്നത്തെ രാത്രി രണ്ട് കാര്യങ്ങൾകൊണ്ട് സംഭവബഹുലമായിരുന്നു. ഒന്ന്), അടുക്കളപ്പുറത്തെ വിറകുപുരയിൽ നിന്ന് ഒരു അണലിയെയും അതിന്റെ കുഞ്ഞുങ്ങളേയും ആളുകളൊക്കെക്കൂടി പിടികൂടി തല്ലിക്കൊന്ന് തീയിട്ടു. രണ്ട്) യൂനുസ്സിന്റെ പുതിയ ഐ സെവൻ കാണാതെപോയി.

അണലി ഒരു വയസ്സിത്തള്ളയായിരുന്നു. ഇത് എത്രാമത്തെ തവണയാണ് അത് പെറ്റുകിടന്നിരുന്നതെന്നറിയില്ല. കാലം കുറേയായി ആർക്കും പിടികൊടുക്കാതെ അത് അവിടങ്ങളിലൊക്കെ ഇഴഞ്ഞിഴഞ്ഞ് നടന്നിരുന്നതായി പറയപ്പെട്ടിരുന്നെങ്കിലും പള്ളഭാഗത്തിന് യാതൊരു തേയ്മാനവുമില്ലാതെ നല്ല പരുപരുപ്പോടെ പുറത്തേക്ക് അല്പം പരന്നും ഉയർന്നും നിന്നിരുന്നു. ചിലപ്പോൾ പ്രസവം കഴിഞ്ഞതുകൊണ്ടാവാം.

കല്യാണത്തലേന്നത്തെ രാത്രിയ്ക്ക് പണ്ടേപ്പോലെ വലിയ ഹരമൊന്നും എനിക്ക് തോന്നിയില്ലെങ്കിലും കൂട്ടുകാരും അയൽക്കാരും പരിചയക്കാരുമെല്ലാം ഇപ്പോഴും ഇത്തിരിസമയമെങ്കിലും ഒത്തുകൂടാറുണ്ട്. അന്നും ഇന്നും കല്യാണ ദിവസത്തേക്കാൾ കല്യാണത്തലേന്നാണ് എനിക്കേറെയിഷ്ടം. പറമ്പിലും ഇടവഴികളിലും കെട്ടിയ ട്യൂബ് ലൈറ്റുകളുടെ വെളിച്ചവും ഉരിഞ്ഞുവെച്ച സവാള ഉള്ളികളുടെ ഗന്ധവും, അല്ലറചില്ലറ ബഹളങ്ങളും, കസേരകൾക്ക് ചുറ്റും ഓടിക്കളിക്കുന്ന കുട്ടികളുടെ കലമ്പലും, ബന്ധുജനങ്ങളുടെ വന്നുപോകലുകളും, പാചകക്കാരുടെ വീമ്പുപറച്ചിലുകളും പൊറോട്ടയടിശബ്ദവും ഒക്കെക്കൊണ്ട് അക്ഷരാർഥത്തിൽ ഒരു ഉത്സവപ്പറമ്പു തന്നെയാണ് കല്യാണത്തലേന്നത്തെ വീട്. എന്നാൽ, കല്യാണം കഴിഞ്ഞ് അന്ന് വൈകും നേരം ബന്ധുക്കളൊക്കെ തിരിച്ചുപോകുന്നതോടെ മരണവീടുപോലെ നിശബ്ദമാകും വീട്.

രാത്രി ഏഴര ആയപ്പോഴേ യൂനുസ്സിന്റെ വീട് ആളുകളെക്കൊണ്ട് സജീവമായി. ഓരോ ട്യൂബ് ലൈറ്റിനു കീഴെയും പല തരക്കാരുടേയും പല ലെവലിലുള്ള ആളുകളുടേയും ഓരോരോ സഭകൾ കുറഞ്ഞ സമയം കൊണ്ടുതന്നെ രൂപം കൊണ്ടു. വൈകുന്നേരം കൊന്നു തീയിട്ട അണലിയുടെയും കുഞ്ഞുങ്ങളുടേയും കഥകളാണ് എല്ലായിടത്തും. അടുക്കളപ്പുറത്തെ സ്ത്രീകളുടെ പന്തലിൽ നിന്നും ആരോ അക്കഥ വിവരിക്കുന്നത് ആരവങ്ങൾക്കിടയിലും വ്യക്തമായി കേൾക്കാം. ഖദർ ധാരികളും സ്ഥലത്തെ പ്രധാനികളും പാമ്പിൽ നിന്ന് പയ്യെ ഇഴഞ്ഞ് ‘കറൺസി നിരോധനം-ഭൂതം, ഭാവി, വർത്തമാനം’ എന്ന വിഷയത്തിൽ ചർച്ച തുടങ്ങി. "ഇത്തരം നടപടികളിലൂടെയൊന്നും കള്ളപ്പണം ഇല്ലാതാക്കാൻ കഴിയില്ലെന്ന്" കണ്ട്രാക്ക് വിദ്യാധരൻ ശക്തിയുക്തം വാദിക്കുന്നുണ്ടായിരുന്നു. സ്വർണ്ണക്കടക്കാരൻ ഇസ്മായീലും റിയൽ എസ്റ്റേറ്റ് ബ്രോക്കർ സലീമും ആ അഭിപ്രായത്തെ പിന്താങ്ങി. പതിമൂന്നാം വാർഡ് മെമ്പർ സോജൻ നോട്ടു നിരോധനത്തിന്റെ തിക്തഫലങ്ങളെക്കുറിച്ച് ശക്തിയുക്തം സംസാരിച്ചുകൊണ്ടിരിക്കെയാണ് കഴിഞ്ഞ ഞായറാഴ്ച കല്യാണം കഴിഞ്ഞ നജീബും ഭാര്യയും കല്യാണവീട് സന്ദർശനാർഥം കടന്നുവരുന്നത്. അതുപോലൊരു സുന്ദരിപ്പെണ്ണിനെ ഈ അടുത്ത്‌ ആരും ഞങ്ങളുടെ നാട്ടിലേക്ക് കല്യാണം കഴിച്ചു കൊണ്ടുവന്നിട്ടില്ല. പുതുതായി കല്യാണം കഴിച്ച പെണ്ണും ചെറുക്കനും അടുത്തൂടെ പോകുമ്പോൾ എന്തോരു മണമാണ്.. പന്തലിനു നടുവിൽ ഒഴിച്ചിട്ട വഴിയിലൂട അവർ നടന്നുപോയപ്പോൾ ഒരായിരം കിനാവുകളിൽ നിന്നും വാറ്റിയെടുത്ത ഏതോ അത്തറിന്റെ സുഗന്ധംകൊണ്ട് അവിടമാകെ നിറഞ്ഞു. ഹാ.. ഞാനത് ശരിക്കങ്ങ് മേലേക്കെടുത്തു.

അങ്ങനെ മുകളിലേക്കും നോക്കി ശ്വാസം പിടിച്ചു നിൽക്കുമ്പോഴാണ് യൂനുസ്സ് സംഭ്രമത്തോടെ വീടിനു പുറത്തേക്കു വരുന്നത്.

“ഇന്റെ ഐ സെവൻ കാണുന്നില്ല!”- അകെപ്പാടെ വെപ്രാളം.

“അതെന്താ സാധനം?”- വടുതലയിൽ കെട്ടിച്ച മൂത്ത പെങ്ങടെ അമ്മായിയപ്പൻ യൂനുസ്സിന്റെ പരിഭ്രമം കണ്ട് ചോദിച്ചു. അപ്പോൾ മാത്രം രൂപപ്പെട്ട കാരണവന്മാരുടെ ഒരു സദസ്സിൽ ‘ഇപ്പോഴത്തെ പിള്ളേരുടെ ഹെയർ സ്റ്റൈൽ’ എന്ന വിഷയത്തിൽ പ്രമേയം അവതരിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം.

“അദ്.. ഫോണാണ്. ആപ്പിളിന്റെ.”

അവസരം പാഴാക്കാതെ, അതേ സഭയിൽ നിന്നും ചെക്കന്റെ മൂത്താപ്പ പരിഹാസവുമായി ചാടിയിറങ്ങി: “ഓഹോ, ഫോണാണോ? എങ്കിൽ അതെങ്ങോട്ടെങ്കിലും ഓടിപ്പോയിക്കാണും. അമ്മാതിരി പീഡനമല്ലേ നീ അതിനോട് കാണിക്കുന്നത്? (കൂടിയിരിക്കുന്നവരോടായി) കേട്ടോ, ഈ കല്യാണം ഉറപ്പിച്ചതിനു ശേഷം അവനത് നിലത്തുവെച്ചിട്ടില്ല!”. കേട്ടപാടെ വയസ്സന്മാരെല്ലാവരുംകൂടി കൂട്ടച്ചിരിതുടങ്ങി. ‘ഇപ്പഴത്തെ പിള്ളേരുടെ ഹെയർ സ്റ്റൈൽ’ എന്ന വിഷയം കേട്ട് ആവേശം മൂത്തിരുന്ന വയസ്സന്മാരായ ആ ‘കലാപകാരികൾ’ അട്ടഹസിച്ചില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ?.

ഐ ഫോൺ എന്ന വാക്കു കേട്ട് ‘എവിടെ, എപ്പോൾ, എങ്ങനെ’ എന്നെല്ലാം അന്വേഷിക്കാൻ അപ്പോഴേക്കും യൂനുസ്സിനു ചുറ്റും ചെറുപ്പക്കാരെല്ലാം കൂടിയിരുന്നു.

 “അതേ, മാമാ, ഭയങ്കര വിലയുള്ള ഫോണാണ്, അതാണ് അവനിത്ര വെപ്രാളം. പത്തെഴുപതിനായിരം രൂപ വരും”- ഞാൻ യൂനുസ്സിന്റെ മൂത്താപ്പായെ മയത്തിലൊന്ന് ബോധവത്കരിക്കാൻ ശ്രമിച്ചു.

ഒരു ഫോണിന് അത്രേം വിലയോ എന്ന അത്ഭുതം മാമയുടേ കണ്ണുകളിൽ !. കഴിഞ്ഞതവണ ലീവിനു വന്നപ്പോൾ യൂനുസ്സ് തനിക്കു തന്ന നോക്കിയ സെറ്റിന്റെ ഡിസ്‌പ്ലേയിൽ അദ്ദേഹം വെറുതേയൊന്നു തടകി: “ഫോണിനു ഫോൺ തന്നെ വേണ്ടേ.. നീ.. ആ.. അവിടെയൊക്കെയൊന്ന് കാര്യമായിട്ട് നോക്ക്”: മാമായുടെ ശബ്ദം ഇടറി. യൂനുസ്സ് വീണ്ടും അകത്തേക്ക് പോയി. “ഇത്രയും വിലയുള്ള ഫോണൊക്കെ എന്തിനാ വാങ്ങുന്നത്? ഇപ്പഴത്തെ പിള്ളേർക്ക് കാശ് എങ്ങനെ ചെലവാക്കണമെന്നറിയില്ല” - പുതിയ വിഷയത്തിൽ വയസ്സൻസ് ചർച്ചകൾ തുടങ്ങി!

കുറഞ്ഞ സമയത്തിനുള്ളിൽ എല്ലായിടത്തും ഐ സെവൻ തന്നെയായി ചർച്ച. അണലിയും കുഞ്ഞുങ്ങളും എങ്ങോട്ടോ ഇഴഞ്ഞുപോയി. ഐ സെവനിലെ അഡാറു സെറ്റപ്പുകളെക്കുറിച്ചും ഫീച്ചറുകളെക്കുറിച്ചും അറിയാവുന്നവരും അറിയാത്തവരും അഭിപ്രായം പറഞ്ഞു. ഞങ്ങളുടെ പ്രദേശത്തെങ്ങും അധികം ആർക്കും ഐ സെവൻ ഇല്ല. അതാണ് ഹൈലൈറ്റ്.

ആദ്യം പുതിയാപ്ലയുടെ സാധനങ്ങൾ വെച്ചിരിക്കുന്ന റൂമിൽ എല്ലായിടത്തും നോക്കി. പിന്നെ നോക്കിയത് മണിയറയിലാണ്. മണിയറ അലങ്കരിക്കാനാണെന്നുപറഞ്ഞ് കുറച്ച് പിള്ളേർ മുറിയിലേക്ക് കയറിയാൽ പിന്നെ തുറക്കില്ല. ഒരുപാട് നേരത്തെ മുട്ടിനു ശേഷം ഒരുത്തൻ മുറിയുടെ ഒരു വാതിൽ മെല്ലെത്തുറന്നു. അതിനകം ദേവലോകം പോലെയിരുന്നു. തിളങ്ങുന്നതും മിനുങ്ങുന്നതുമായ അലങ്കാരവസ്തുക്കൾ സിഗററ്റിന്റെ പുകയിൽ മുങ്ങി നിൽക്കുമ്പോൾ അങ്ങനെയേ തോന്നൂ. പറമ്പു മുഴുവൻ ട്യൂബ് ലൈറ്റുകളെക്കൊണ്ടും ബന്ധുക്കളെക്കൊണ്ടും നിറഞ്ഞിരിക്കുന്നതിനാൽ ചെറുപ്പക്കാർക്ക് ഒന്നുവലിക്കണമെങ്കിൽ ഏറ്റവും സേഫ് ആയ സ്ഥലം മണിയറയാണ്. ബഹുമാനാർഥം ഒന്നുരണ്ട് പയ്യൻസ് സിഗററ്റ് ചന്തിപ്പുറത്തേക്ക് മാറ്റിയെങ്കിലും ഞാൻ അതൊന്നും ശ്രദ്ധിക്കാതെ യൂനുസ്സിന്റെ ഐ സെവൻ തിരഞ്ഞു. ഇല്ല. അവിടെയമില്ല.

ബാർബർ ഷോപ്പ്, ജുമാമസ്ജിദ്, ഫിനിക്സ് ഗാർമെന്റ്സ് തുടങ്ങി പുയ്യാപ്ല അന്ന് സന്ദർശിച്ച സ്ഥാപനങ്ങളിലൊക്കെ ആളെവിട്ട് അന്വേഷിപ്പിച്ചു. സംഭവം എങ്ങുമില്ല. ഇനി സാധ്യതയുള്ള ഒരു ഏരിയ പാചകപ്പന്തലാണ്. യൂനുസ്സ് അവിടെപ്പോയി നെയ്ച്ചോറിന്റെ ചെമ്പിൽ വെള്ളം തിളക്കുമ്പോൾ കുനിഞ്ഞുനോക്കിയവഴി അതിലേക്കെങ്ങാനും വീണിട്ടുണ്ടാവാം. ചോറൊക്കെ വെന്തുകഴിഞ്ഞ സ്ഥിതിക്ക് ഇനി വിളമ്പുമ്പോഴേ അറിയാനാവൂ.
അല്പസമയത്തിനു ശേഷം രാത്രിസന്ദർശകർക്കെല്ലാം ഭക്ഷണം വിളമ്പാൻ ആരംഭിച്ചു. നെയ്ച്ചോർ വിളമ്പുന്ന ആളിനും ഇറച്ചിക്കറിക്കാരനും ഇടയ്ക്ക് ഒരാളെ ഐഫോൺ നോക്കാൻ ഏൽപ്പിച്ചു. ഇങ്ങനെ, പറഞ്ഞാൽ തീരാത്തത്രയുണ്ട് അന്ന് രാത്രിയും പിറ്റേന്ന് രാവിലേയുമായി നടന്ന സംഭവങ്ങൾ. ‘ഫൈന്റ് മൈ ഫോൺ’ ഓപ്ഷൻ വർക്ക് ഔട്ട് ആകുമോ എന്നറിയാൻ ഒരു ഐടി പയ്യനെവരെ ഏർപ്പാടാക്കി. ഒരു രക്ഷയുമില്ല.

പക്ഷേ, കല്യാണത്തിന്റന്ന് ഓഡിറ്റോറിയത്തിൽ പെണ്ണിനോടൊപ്പം നിൽക്കുമ്പോൾ ഞങ്ങളെയൊക്കെ ഞെട്ടിച്ചുകൊണ്ട് യൂനുസ്സ് തന്റെ കോട്ടിന്റെ അകത്തെ പോക്കറ്റിൽ നിന്ന് പതുക്കെ ആ സാധനം വലിച്ചെടുത്തു. “ഐ സെവൻ”. കാണികളെല്ലാം അത്ഭുതപ്പെട്ടു. ഹാളിനുള്ളിൽ ആകെ ആരവമായി. ഹൂ...

പുതിയപെണ്ണിനും അതിയശം അടക്കാനായില്ല : “അതുകൊള്ളാം, ഇതല്ലേ ഇന്നലെ കളഞ്ഞുപോയെന്നുപറഞ്ഞ സാധനം?” അവൾ അടക്കത്തിൽ ചോദിച്ചു.

“താനെന്തൊരു മണ്ടിയാടോ? നമ്മൾ ഇത്രയും കാശ് കൊടുത്ത് ഒരു സാധനം മേടിക്കുമ്പോ പത്തുപേരറിയണ്ടേ?” അവനും അടക്കത്തിൽ പറഞ്ഞു.

“പടച്ചോനേ, ഇങ്ങനൊരു പുങ്കനെയാണോ എനിക്ക് കിട്ടിയത്?”

കടക്കണ്ണിൽ ഒരിത്തിരി നാണം ഒളിപ്പിച്ച്, വിരലുകൾ കൊണ്ട് ചുണ്ടുകൾ പാതിമറച്ച് അവൾ യൂനുസ്സിനെ നോക്കി തമാശകലർന്ന ഒരു ചിരിചിരിച്ചു. ഒപാ സ്റ്റുഡിയോയിലെ ശ്യാംലാൽ അത് ഒപ്പിയെടുത്തു. അവരുടെ കല്യാണ ആൽബത്തിലെ ഏറ്റവും നല്ല ഫോട്ടോ അതായിരുന്നു!!

ബ്രാഞ്ച് കമ്മിറ്റി

രാത്രി ഏതാണ്ട് എട്ടര ഒൻപത് മണി ആയിട്ടുണ്ടാവും. സിപിഐ‌ ബ്രാഞ്ച് കമ്മിറ്റി കഴിഞ്ഞു തിരിച്ചു വരുന്ന വഴിയാണ്. കമ്മിറ്റിയിൽ നിർദ്ദേശിച്ച പ്രകാരം 12-ആം പാർട്ടി കോൺഗ്രസ്സിന്റെ കുറച്ച് പോസ്റ്ററുകൾ ബാക്കിയിരിക്കുന്നത് വീട്ടിൽ നിന്നെടുത്തുകൊണ്ടുവന്ന് ‌ജംഗ്ഷനിൽ ഗ്യാപ്പുകിട്ടുന്നിടത്തൊക്കെ ഒട്ടിക്കണം. എന്നോടൊപ്പം അഞ്ചാറു സഖാക്കളുമുണ്ട്.റോഡിൽ നിന്നും ഞങ്ങൾ വീട്ടിലേക്കുള്ള ഇടവഴികയറുമ്പോഴേക്ക് ആ പ്രദേശത്തെ കറണ്ടങ്ങ് പോയി. ഇടവഴിയെന്നുപറഞ്ഞാൽ രണ്ടുപേർക്ക് തോളോട് തോൾ ചേർന്ന് പോകാൻ പറ്റില്ല. ഒരാൾക്കു പിറകേ ഒരാളെന്ന രീതിയിൽ നടന്നുപോകണം. അത്രയ്ക്കുള്ള വീതിയേ ഉള്ളൂ. പാർട്ടി ജാഥയ്ക്ക് പോയി നല്ല ശീലമായതുകൊണ്ട് ഇതൊന്നും അത്രവലിയ പ്രശ്നമായി എനിക്കിതുവരെ തോന്നിയിട്ടില്ല. ഒരേയൊരു പ്രശ്നം, എപ്പോഴും അവിടെ ചെറിയ നീർച്ചാലുകൾ ഒഴുകിക്കൊണ്ടിരിക്കും. ഇടവഴിക്ക് അപ്പുറവും ഇപ്പുറവുമായി കെട്ടിയിരുന്ന വേലികൾക്കുള്ളിലെ മറപ്പുരകളിൽ നിന്ന് ഒലിച്ചുവരുന്ന സോപ്പുവെള്ളവും മൂത്രവുമാണ് ഇപ്പറഞ്ഞ നിത്യഹരിത അരുവി തീർക്കുന്നത്. അതുകൊണ്ടുതന്നെ ആ ഇടവഴിയിൽ എപ്പോഴും സിന്തോളിന്റേയും സന്തൂറിന്റേയും മൂത്രത്തിന്റെയും സമ്മിശ്ര ഗന്ധം പരന്നുകിടക്കും.

കറണ്ടൂപോയതുകൊണ്ട് വഴി പരിചയമുള്ള ഞാനാണ് ടോർച്ച് തെളിച്ച് മുന്നിൽ നടന്നത്. കുറച്ചങ്ങോട്ടു ചെന്നതും പെട്ടെന്നൊരു നിലവിളി കേട്ടു:

“ഉമ്മായെ പാമ്പ് വിഴുങ്ങിയേ..”

ഞാനത് വ്യക്തമായും കേട്ടു. എന്തു ചെയ്യണമെന്നറിയാതെ ഞാൻ ഷോക്കടിച്ചപോലെ നിന്നുപോയി. കൈകൾ രണ്ടും വിടർത്തി പിന്നിലുള്ളവരെ തടഞ്ഞുനിർത്തിയിട്ട് അധികം ഉറക്കെയല്ല, എന്നാൽ പതുക്കെയുമല്ലാത്ത സ്വരത്തിൽ ആജ്ഞാപിച്ചു:

“സ്റ്റോപ്പ്!! ശ്ശ്‌ശ്‌ശ്..”

ഞാനും ഞാനുമെന്റാളുകളും നിശ്ശബ്ദരായി നിൽക്കേ വീണ്ടും അതേ നിലവിളി:

“ഉമ്മായെ പാമ്പ് വിഴുങ്ങിയേ..”

നസ്രീന്റെ വീട്ടിൽ നിന്നാണ്. കേട്ടപാടെ ഞങ്ങളെല്ലാവരും ഭയന്നുപോയി എന്നതാണ് സത്യം. ഞങ്ങളുടെ നാട്ടിൽ പണ്ട് പാമ്പുകളേ ഇല്ലായിരുന്നു. വിടർത്താൻ ഒരു പത്തിപോലും മര്യാദയ്ക്കില്ലാത്ത മഞ്ഞച്ചേരയായിരുന്നു നാട്ടിലെ‘കരിമൂർഖൻ’! ‘മഞ്ഞച്ചേരയെ കൊല്ലാമ്പാടില്ല’ എന്നൊരു നാട്ടുനിയമം ഉണ്ടായിരുന്നതുകൊണ്ട് ആ ജീവിയെ ആരും ഉപദ്രവിച്ചില്ല. അടുക്കളയിൽ അരകല്ലിന്റെ താഴെപ്പോലും തണുപ്പുപറ്റിക്കൊണ്ട് അവ ചുരുണ്ടുകൂടാറുണ്ടായിരുന്നു. പടർപ്പുകൾക്കിടയിൽ നിന്ന് മാക്രികളെപ്പിടിച്ചു തിന്ന് സമാധാനമായി ജീവിക്കുന്നതല്ലാതെ അതും ആരെയും ഉപദ്രവിച്ചില്ല. എന്നാൽ 12ആം പാർട്ടി കോൺഗ്രസ്സ് നടക്കുന്നതിനും മൂന്നാലു കൊല്ലം മുമ്പു മുതൽത്തന്നെ സ്ഥിതിഗതികൾ മാറി മറിയാൻ തുടങ്ങിയിരുന്നു.

താപനിലയത്തിന്റെ കൺസ്റ്റ്രക്ഷനുവേണ്ടി കായലിനക്കരെയുള്ള ബണ്ടുകൾ നശിപ്പിക്കപ്പെട്ടപ്പോൾ അതിൽ കുടിയിരുന്ന പാമ്പുകളൊക്കെ നീന്തി ഇക്കരെയെത്തി. പാമ്പുകളാണെങ്കിലും മനുഷ്യരാണെങ്കിലും സ്വന്തം ഭവനങ്ങൾ ആക്രമിക്കപ്പെട്ടാൽ മറുകരയിലേക്ക് നീന്തുകയേ നിർവ്വാഹമുള്ളൂ. അത് സിറിയയിലായാലും മ്യാന്മറിലായാലും ഇങ്ങ് കായംകുളത്തായാലും അങ്ങനെതന്നെ. അവിടെ കൺസ്ട്രക്ഷൻ നടക്കുന്ന സമയത്ത് വലിയ പൈപ്പുകളിൽ പതിയിരുന്ന് ഒട്ടേറെ ഉത്തരേന്ത്യൻ ഉരഗങ്ങൾ സൈറ്റിലെത്തിയിരുന്നു. അവയും നീന്തി ഇക്കരെയെത്തിയിട്ടുണ്ട്. എന്നാൽ, മനുഷ്യനെ വിഴുങ്ങുന്നതരം പെരുമ്പാമ്പുകൾ നാട്ടിലേക്ക് കുടിയേറുന്നത് കിഴക്കൻ മലകളിൽ നിന്നും സീവാളിനുവേണ്ടി കൂറ്റൻ പാറകൾ വരാൻ തുടങ്ങിയതുമുതൽക്കാണ്. നസ്രീന്റെ വീട്ടിൽ ഈ സംഭവം നടക്കുന്നതിനു വെറും രണ്ടാഴ്ചമുമ്പ് സീവാളിനു കല്ലുമായി വന്നൊരു ലോറിയിൽ നിന്ന് ഭയങ്കരനൊരു പെരുമ്പാമ്പിനെ ആളുകളെല്ലാംകൂടി പിടിച്ചിരുന്നു. മൂന്ന് വലിയ കല്ലുകൾക്കിടയിലെ ഗ്യാപ്പിൽ പമ്മിയിരിക്കുകയായിരുന്നു ആശാൻ. കുറേ നേരം കഴിഞ്ഞ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ വന്ന് ഏറ്റുവാങ്ങി രക്ഷപ്പെടുത്താനായി കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുമ്പോൾ അതിന്റെ വാലിൻ‌ തുമ്പത്തു മാത്രമേ അല്പം ജീവൻ ബാക്കിയുണ്ടായിരുന്നുള്ളൂ.

രണ്ടാമത്തെ നിലവിളിയോടെ ഞങ്ങളെല്ലാം സ്തംഭിച്ചുനിന്നെങ്കിലും അല്പനേരത്തിനു ശേഷം യാഥാർഥ്യത്തിലേക്കുണർന്ന് ഓരോരുത്തരായി പലമാതിരി അഭിപ്രായങ്ങൾ പറയാൻ തുടങ്ങി. എല്ലാവരുടേയും സ്വരത്തിൽ പേടി കലർന്നിരുന്നു.

“എടാ, ഇത് അതിലും ഭയങ്കര പാമ്പാണെന്ന് തോന്നുന്നു.. അല്ലെങ്കിൽപ്പിന്നെ പിള്ളേരെ വിഴുങ്ങാതെ തള്ളയെ വിഴുങ്ങുമോ?” : സഖാവ് ശശാങ്കൻ

“ തള്ളയേയും പിള്ളേരേയും വിഴുങ്ങിയെന്നാ തോന്നുന്നത്. ഇപ്പം ആരുടേം അനക്കം കേൾക്കുന്നില്ലല്ലോ”: സഖാവ് സുരേന്ദ്രൻ

“അങ്ങനല്ലടാ, പെരുമ്പാമ്പ് ഒന്നിനെ വിഴുങ്ങിയാൽ പിന്നെ ദഹിച്ചുകഴിഞ്ഞാലേ അടുത്തതിനെ വിഴുങ്ങൊള്ളൂ.” : ബ്രാഞ്ച് സെക്രട്ടറി മനോജ്..

“ഒന്നു മിണ്ടാതിരിക്കുവോ? അവിടെ എന്താണ് നടക്കുന്നതെന്നറിയാൻ‌ ‌എല്ലാവരും മിണ്ടാതിരിന്നാലേ പറ്റൂ. ബഹളം കേട്ടാൽ പാമ്പ് എങ്ങോട്ടേക്കെങ്കിലും ഇഴഞ്ഞുപോകും. ചിലപ്പോ ഇങ്ങോട്ടുവരും!”: എനിക്ക് ചൂടാകേണ്ടിവന്നു.

കുറച്ചുനേരം ‌ഞങ്ങളെല്ലാവരും‌‌ നിശ്ശബ്ദമായിനിന്ന് കാതുകൂർപ്പിച്ചു. ശബ്ദമൊന്നും കേൾക്കുന്നില്ല. നസ്രീന്റെ ഉമ്മ സഫീറാത്ത നല്ലൊരു സ്ത്രീയായിരുന്നു. നസ്രീനെപ്പോലെതന്നെ വെളുത്ത നിറവും ചുവന്ന ചുണ്ടുകളും ഒതുങ്ങിയ ഷേപ്പുമുള്ള നല്ലൊരു സ്ത്രീ. അവരെയാണ് പാമ്പ് വിഴുങ്ങിയെന്ന് നസ്രീന്റെ ആങ്ങളച്ചെക്കൻ ‌വിളിച്ചുകൂവിയത്. ‘ദാരുണം’ എന്നല്ലാതെ എന്താ പറയുക. അവരെ വിഴുങ്ങിയെങ്കിൽ ഇനിയൊന്നും ചെയ്യാനില്ല. വിഴുങ്ങിയതു വിഴുങ്ങി. നാളെമുതൽ അതുവഴി നടക്കുമ്പോൾ വേലിക്കപ്പുറത്ത് വല്ലാത്തൊരു ശൂന്യത അനുഭവപ്പെടും. അതിനോട് പൊരുത്തപ്പെട്ടേ പറ്റുകയുള്ളൂ. നസ്രീന് എന്തുപറ്റിക്കാണുമെന്ന ചിന്തയാണ് എന്നെ അപ്പോൾ അലട്ടിയത്. ചെക്കനെ പാമ്പ് വിഴുങ്ങാൻ സാധ്യതയില്ല. മെലിഞ്ഞുണങ്ങിയൊരു പീക്കിരിപ്പയ്യനാണ്. അവനെ വിഴുങ്ങിയാൽ ആന വായു ഗുളിക കഴിച്ചപോലൊരു എഫക്ടേ ഉണ്ടാകൂ. പക്ഷേ, ആ വരത്തൻ പാമ്പ് നസ്രീനെയും വിഴുങ്ങുകയാണെങ്കിൽ ഞങ്ങളുടെ പഞ്ചായത്തിന്റെ പകുതിയും അതോർത്ത് വേദനിക്കുമെന്നുറപ്പാണ്. ആ മേഖലയിലെ എണ്ണം പറഞ്ഞ സുന്ദരിമാരിൽ ഒരുവളാണവൾ. കമ്മിറ്റിയിൽ ഇന്നേവരെ ചർച്ചചെയ്തിട്ടില്ലെങ്കിലും നമ്മൾ ജീവിക്കുന്ന പ്രദേശത്തെ സുന്ദരിമാരെ ജീവൻകൊടുത്തും നിലനിർത്തുക എന്നതും ഒരു വിപ്ലവപ്രവർത്തനം തന്നെയാണ്. വിപ്ലവത്തിനു മുന്നോടിയായി അവയിലബിൾ മെമ്പേഴ്സിന്റെ ഒരു അടിയന്തിര രഹസ്യയോഗം നിന്നനിൽപ്പിൽ ഞങ്ങൾ കൂടി. എല്ലാവർക്കും ഒരേ സ്വരം. അടക്കിപ്പിടിച്ച പതിഞ്ഞസ്വരം.

“ഡാ, മനോജേ, നമ്മളിങ്ങനെ നിന്നാൽ പറ്റത്തില്ല. നീയൊന്നു കേറി നോക്കിക്കേ”: ഞാൻ പറഞ്ഞു.

“ഞാനോ?”

“നീയല്ലേ ബ്രാഞ്ച് സെക്രട്ടറി?!”

“എന്നുവെച്ച്?, നീയല്ലേ നിലവിളി ആദ്യം കേട്ടത്?”

ആ ന്യായത്തിൽ നിന്നും എനിക്ക് രക്ഷയുണ്ടായില്ല. എങ്കിലും ബാക്കി സഖാക്കന്മാർ എന്റെ പിന്നിൽത്തന്നെ ഉണ്ടാവുമെന്ന് ഉറപ്പുതന്നു. ഞങ്ങൾ ഏഴുപേരും വേലിയിൽ നിന്ന് മുഴുത്ത പത്തലുകൾ ഊരിയെടുത്തു. നാലുപാടും ടോർച്ച് അടിച്ചുകൊണ്ട് പതിയെ വീടിനോടടുത്തു. വീടിനടുത്തെത്തിയപ്പോൾ പ്രഷർ കുക്കറിന്റെ വിസിലുപോലെ ശക്തമായി എന്തോ ചീറ്റുന്ന സൗണ്ട് കേട്ടു. “അത് പാമ്പ് ചീറ്റുന്നതാണ്..പെരുമ്പാമ്പ്” പിറകിൽ നിന്നും ഒരാൾ സ്ഥിരീകരിച്ചു.

ഫ്രണ്ടിലെ രണ്ടുപാളിക്കതക് കയ്യിലിരുന്ന പത്തലുകൊണ്ട് പതിയെ കുത്തിത്തുറന്നിട്ട് ഞാൻ പിന്നാക്കം മാറിനിന്നു. ഉള്ളിൽ നിന്നും മണ്ണെണ്ണ വിളക്കിന്റെ ദുർബലമായ വെളിച്ചം പുറത്തേക്കു വീണു. അകത്ത് ആരെയും കാണുന്നില്ല. ഞാൻ പതിയെ ഉള്ളിലേക്ക് കയറി ഇടം വലം നോക്കി. പെട്ടെന്നാണ് കറണ്ട് വന്നത്. ശരിക്കും ഞെട്ടിപ്പോയി! അടുക്കളയിൽ നിന്നാണെന്ന് തോന്നുന്നു, ചെക്കൻ ഞാൻ നിന്നിരുന്നതിനു മുന്നിലെ മുറിയലേക്കുവന്നു. വീട്ടിനുള്ളിൽ വേലിപ്പത്തലുമായി നിൽക്കുന്ന എന്നെക്കണ്ടപ്പോൾ പെട്ടെന്ന് ഷോക്കായെങ്കിലും ആ വീട്ടിൽ മുട്ടനൊരു പാമ്പ് കയറിയതിന്റേയോ കയറിയിറങ്ങിപ്പോയതിന്റെയോ പരിഭ്രമങ്ങളൊന്നും അവന്റെ മുഖത്തില്ല. എനിക്കപ്പഴേ എന്തോ പന്തികേട് തോന്നി. എന്തോ, കബളിപ്പിക്കപ്പെട്ടിരിക്കുന്നു എന്നൊരു തോന്നൽ. കല്ലുലോറിയിൽ നിന്നും ‌പെരുമ്പാമ്പിനെ പിടിച്ച ദിവസം മുതൽ നാട്ടിലെങ്ങും പടർന്നുപിടിച്ച ‘മാസ്സ് ‌ഹിസ്റ്റീരിയ’യുടെ ഇരകളായി മാറിയോ ഞാനും ഞാനുമെന്റാളുകളും? ആമസോൺ കാടുകളിലെ ആദിവാസികൾ തൂറാനിരിക്കുന്നതുപോലെ പത്തലും കുത്തിപ്പിടിച്ച് നിലത്തിരുന്നിട്ട് ഞാൻ ചെക്കനോട് ചോദിച്ചു:

“മോന്റുമ്മിച്ചി എന്തിയേ?”

“അടുക്കളേലാ”

“മോനല്ലേ മുമ്പേ വിളിച്ചു കൂവിയത് ഉമ്മിച്ചിയെ പാമ്പ് വിഴുങ്ങിയെന്ന്. എന്നിട്ട് പാമ്പ് എന്തിയേ?”

“ദേ അവിടെ” - അവൻ കട്ടിലിനു മുകളിൽ വെച്ചിരുന്ന.ഏണിയും പാമ്പും ബോർഡിലേക്ക് ചൂണ്ടി. ഞാൻ അവിടം വരെ ചെന്നു നോക്കി. ശരിയാണ് അവന്റുമ്മായെ പാമ്പ് വിഴുങ്ങിയിരിക്കുന്നു. 99-ൽ നിന്ന് 18ലേക്ക്.

ജെല്ലിക്കെട്ട്

“ജെല്ലിക്കെട്ടൈ പാക്കാമെ ഇങ്കെയിരുന്ത് എങ്കയും പോകമുടിയാത് തമ്പീ”

കുവൈറ്റ് കാലത്ത് എന്റെ റൂം മേറ്റായിരുന്ന വെട്രിസെൽവത്തിന്റെ വീട്ടിൽ പണ്ടൊരു വെക്കേഷൻ കാലത്ത് വെറുതേയൊന്നു പോയതാണ്.. ഒടുക്കം അത് ജെല്ലിക്കെട്ടിലെത്തുകയും പിന്നെയതൊരു വള്ളിക്കെട്ടാവുകയും ചെയ്യും എന്ന് കരുതിയതേയല്ല. മധുരയ്ക്കടുത്ത് മണ്ണാർഗുഡിപക്കത്തിലുള്ള തിരുമക്കോട്ടൈ എന്നൊരു ഗ്രാമത്തിലാണ് അവന്റെ വീട്. അവന്റെപ്പ അങ്കെ നാട്ടാമൈ ടൈപ്പൊരു കാർന്നോരാണ്. കരീമിന്റെ കാലിഗ്രാഫിപോലെ പക്കാ സിമ്മട്രിക്കലായി വീശരുവാ ഷേപ്പിലാണ് അപ്പാവോടെയ മീശൈ.
വേഷം: പശമുക്കിത്തേച്ച വെള്ള ഷർട്ടും മുണ്ടും പിന്നെ തോളത്തൊരു തോർത്തും.
കളർ: ജപ്പാൻ ബ്ലാക്ക്.
പുള്ളി രംഗത്തേക്ക് കടന്നുവന്നാൽ കണ്മുന്നിൽ ഒരു തമിഴ് പടം ഓടുന്നപോലെ തോന്നും. ഡയലോഗ് എല്ലാം ഞാൻ ആദ്യം പറഞ്ഞതുപോലൊരു രീതിയാണ്. നമ്മളോടുള്ള ഇഷ്ടം പോലും ആജ്ഞയിലൂടെയും ഭീഷണിയിലൂടെയുമാണ് അദ്ദേഹം പ്രകടിപ്പിക്കുക. ഉണ്ണാനിരിക്കുമ്പോൾ ഒരു മൊട്ടക്കുന്നിന്റെ വലുപ്പത്തിൽ ചോറുവിളമ്പി സാമ്പാറും രസവും ഊത്തിയിട്ട് പുള്ളി ഭീഷണിപ്പെടുത്തും: “ഡായ് തമ്പീ.. മൊത്തമാ സാപ്പിടാമെ ഇങ്കയിരുന്ത് എയ്ന്തിരിക്കക്കൂടാത്”.

ഇതിൽ പറയുന്ന തമിഴ് ഞാൻ ഓർമ്മയിൽ നിന്നെടുത്ത് എഴുതുന്നതായതുകൊണ്ടും, തമിഴ് നന്നായി അറിയാത്തതുകൊണ്ടും ചെറിയ പികശുകൾ കണ്ടേക്കാം.

മൂന്നോ നാലോ ദിവസങ്ങൾ മാത്രം അവന്റെ വീട്ടിൽ നിൽക്കണമെന്നു കരുതിയാണ് പോയത്. പക്ഷേ തിരുമക്കോട്ടൈയിലെ ഗ്രാമീണ ഭംഗിയും ആ സമയത്തെ സുഖപ്രദമായ കാലാവസ്ഥയും കാരണം സ്റ്റേ ഒരാഴ്ച ആയിക്കോട്ടെ എന്നു തീരുമാനിക്കുകയായിരുന്നു. സല്ക്കാരപ്രിയരും സ്നേഹസമ്പന്നരുമായ അവർക്കും അത് സന്തോഷമായിരുന്നു.

ദിവസവും രാവിലെ ഞങ്ങൾ രണ്ടും ഒരു ലൊടുക്ക് TVS ലൂണയുമെടുത്ത് കറങ്ങാനിറങ്ങും. വാഴത്തോപ്പുകൾക്കിടയിലൂടെയും വയലുകളുടെ വരമ്പുകളിലൂടെയും ഞങ്ങൾ അതോടിച്ചു രസിച്ചു. തോട്ടങ്ങളിൽ നിന്നും പേരയ്ക്കയും ചെറിപ്പഴങ്ങളും പിച്ചിത്തിന്ന് ഓരങ്ങളിലൂടെ ഒഴുകിയിരുന്ന അരുവികളിലെ തെളിനീർ വെള്ളം കുടിച്ച് ഹാ.. എന്നാസ്വദിച്ചു. എല്ലാ ദിവസവും മാരിയമ്മൻ കോവിലിനടുത്തുള്ള മല്ലിയുടെ വീടിനുചുറ്റും ഒരു റൗണ്ടടിച്ച് അവളുടെ കടാക്ഷവും ദർശനവും വാങ്ങാൻ വെട്രി മറന്നില്ല. മല്ലിക വെട്രിസെൽവത്തേയും വെട്രിസെൽവം മല്ലികയേയും ഇഷ്ടപ്പെടുന്നു. അവളുടെ വീടിന്റെ കുറച്ചങ്ങോട്ടുമാറി ഒരായിരം വേരുകൾ തറയിൽ ഊന്നിനിൽക്കുന്ന പെരിയൊരു പേരാലുണ്ട്. ചില വൈകുന്നേരങ്ങളിൽ അവിടെവെച്ച് അവനോടവൾ കുറച്ചു നേരം സംസാരിക്കും.

“ഉങ്ക ഫ്രണ്ട് റൊമ്പ സെവപ്പായിറുക്കേ” എന്ന് അവൾ അത്ഭുതം കൂറിയ ദിവസം തിരികെ പോരുമ്പോൾ വെട്രി സെൽവം എന്നോടൊന്നും മിണ്ടിയില്ല.

ഊരിലായിരിക്കുമ്പോൾ സ്വന്തം നിറത്തെയോർത്ത് വെട്രിയ്ക്ക് സങ്കടമൊന്നും ഉണ്ടായിരുന്നില്ല. മറിച്ച്, മെലിഞ്ഞുണങ്ങിയ ശരീരപ്രകൃതമായിരുന്നു അവനെ അലട്ടിയിരുന്ന ദു:ഖം. 1980ലെ അസ്സംബ്ലി തെരഞ്ഞെടുപ്പുകാലത്താണ് അവന്റെ അമ്മ അവനെ പ്രസവിക്കുന്നത്. അന്ന് മണ്ണാർഗുഡിയിൽ പ്രചരണത്തിനു വന്ന കലൈജ്ഞർ കരുണാനിധി രണ്ടുദിവസം തിരുമക്കോട്ടൈയിലെ അവന്റെ വീട്ടിൽ തങ്ങുകയും പോരാൻ നേരം തന്റെ വിശ്വപ്രസിദ്ധമായ മഞ്ഞപ്പുതപ്പിൽ കുഞ്ഞിനെ എടുത്തുയർത്തി വെട്രിസെൽവം എന്നു പേരിടുകയും ചെയ്തു. അന്ന് കരുണാനിധി ഇട്ട മിക്ക പേരുകളിലും ‘വെട്രി’ (വിജയം) എന്നൊരു പ്രിഫിക്സും ഉണ്ടായിരുന്നു. വെട്രിമാരൻ, വെട്രിവേൽ ഇങ്ങനെ. തെരഞ്ഞെടുപ്പിൽ പക്ഷേ ഡി എം കെ പരാജയപ്പെട്ടു.

മൂക്കിലും കാതിലുമായി തുരുതുരാ തുളകളിട്ട് ഒരു ചെറിയ ജ്വല്ലറിതന്നെ നടത്തുന്ന അവന്റെ പാട്ടി പറയുന്നത് ഒന്നര വയസ്സുവരെ നല്ല ജില്ലെന്ന് വീർത്തിരുന്ന കൊളന്തയായിരുന്നു വെട്രി എന്നാണ്. കണ്ണേറുതട്ടിയിട്ടോ എന്തോ പിന്നീട് മെലിഞ്ഞുമെലിഞ്ഞുവന്നു. തടിച്ചുരുണ്ട അവന്റെ അച്ഛന് അവനെക്കാണുമ്പോൾ സഹിക്കുമായിരുന്നില്ല. അവൻ വളർന്നപ്പോഴേക്കും അഛന്റെ സങ്കടം അസഹിഷ്ണുതയായി മാറി. ‘ഡായ് പുറമ്പോക്കേ നീ എന്നോടെയ മഹനാ?’ എന്ന് ഇടയ്ക്കിടെ അയാൾ അവനെ പുച്ഛിക്കുകയും സംശയിക്കുകയും ചെയ്യാറുണ്ടെന്ന് പറയുമ്പോൾ അവന്റെ കണ്ണു നിറഞ്ഞിരുന്നു. ‘വിരണ്ടോടുന്ന കാളക്കൂറ്റനെപ്പോലും പിടിച്ചു നിർത്താൻ കരുത്തുള്ളവനാവണം ചെറുപ്പക്കാരൻ’ എന്നാണ് അയാൾ എപ്പോഴും പറയുക. സത്യത്തിൽ അയാളുടെ ഇത്തരം ഫിലോസഫികൾ സഹിക്കവയ്യാതെയാണ് മുറ്റം നിറയെ വിളകളും അകം നിറയെ പണവും അട്ടിവെച്ച ആ വീടു വിട്ട് അവൻ ഗൾഫിലേക്ക് വരുന്നത്. അയാൾക്കും അതൊരു ആശ്വാസമായിരുന്നു. അയാളെ സംബന്ധിച്ച് വെട്രി പരാജയത്തിന്റെ അടയാളമായിരുന്നു.

തിരികെ വരേണ്ട ദിവസത്തിന്റെ തലേന്ന് രാത്രി മാത്രമാണ് ഞങ്ങൾ ജെല്ലിക്കെട്ടിന്റെ പരിശീലനം നടക്കുന്ന സ്ഥലത്തു പോകുന്നത്. ‘ജെല്ലിക്കെട്ട് ജെല്ലിക്കെട്ടെ’ന്ന് ആ വീട്ടിൽ ഇടയ്ക്കിടെ മുഴങ്ങുന്നുണ്ടായിരുന്നെകിലും വെട്രി അതു വലിയ കാര്യമാക്കാത്തതുകൊണ്ട് എനിക്കും അത്തരം ചർച്ചകളിൽ‌ പ്രത്യേകം താല്പര്യമൊന്നും തോന്നിയില്ല. എങ്കിലും എനിക്ക് അത് നല്ലൊരു അനുഭവമാകുമെന്ന് കരുതിയിട്ടാവും വെട്രി എന്നെയും കൂട്ടി പരിശീലനം നടക്കുന്നിടത്ത് പോയത്. കുറച്ച് ദൂരെ ആളൊഴിഞ്ഞൊരു പ്രദേശത്ത് പെട്രോമാക്സിന്റെ വെളിച്ചത്തിലാണ് പരിശീലനം.

പുല്ലുകൊണ്ടുണ്ടാക്കിയൊരു കാളയെ നാലു ചക്രങ്ങളിൽ പിടിപ്പിച്ചിരിക്കുന്നു. ചക്രങ്ങൾ പെന്റഗൺ ഷേപ്പിലാണ്. കൂടാതെ അല്പം പിരിഞ്ഞു വളഞ്ഞിട്ടുമുണ്ട്. വെർട്ടിക്കലായും ഹൊറിസോണ്ടലായും റെസിപ്രൊക്കേറ്റ് ചെയ്യിച്ച് യഥാർത്ഥ കാളയുടെ മൂവ്മെന്റ് സിമുലേറ്റ് ചെയ്യാനാണ് ഇങ്ങനെ ഡിസൈൻ ചെയ്തിട്ടുള്ളത്. കാളയുടെ തല 180 ഡിഗ്രി റൊട്ടേറ്റ് ചെയ്യുന്ന വിധത്തിൽ ഒരു ബെയറിംഗിൽ സ്റ്റോപ്പർ ഘടിപ്പിച്ച് സജ്ജീകരിച്ചിരിക്കുന്നതാണ് ഏറെ കൗതുകകരം. രണ്ടുമൂന്ന് പേർ ചേർന്ന് കാളയെ അതിവേഗം വലിച്ചുകൊണ്ട് ഓടും. മേൽപ്പറഞ്ഞ പ്രത്യേകത കാരണം കാള കൊമ്പുകുലുക്കിക്കൊണ്ട് കുതിച്ചു പായുന്നതുപോലെയേ നമുക്ക് തോന്നൂ. ഇനിയാണ് ഏറ്റവും വലിയ അത്ഭുതം; Autodesk Inventor-ൽ വെട്രിയാണ് അത് ഡിസൈൻ ‌ചെയ്തത്.

വൈക്കോൽകാളയെ ഇങ്ങനെ ഓടിച്ചുകൊണ്ടിരിക്കുമ്പോൾ പരിശീലനത്തിനു വന്നവർ അതിന്റെ ദേഹത്തേക്ക് ചാടിവീണ് മുതുകിലെ ബലൂണിൽ പിടിച്ച് തൂങ്ങിക്കിടക്കാൻ ശ്രമിക്കണം. ഇങ്ങനെയാണ് പരിശീലനം. ഇത് കണ്ടുനിൽക്കാൻ വളരെ രസമാണ്. യന്ത്രമാണെങ്കിലും വെട്രിയുടെ കാളയെ തോൽപ്പിക്കാൻ ഇത്തിരി പ്രയാസമാണ്.

‘ഒന്നു ചാടി നോക്കിയാലോ?’ എന്ന് വിചാരിച്ചു നിൽക്കുമ്പോൾ മനസ്സറിഞ്ഞിട്ടെന്നവണ്ണം അവന്റെ അപ്പാവന്ന് തോളിൽ തട്ടിപ്പറഞ്ഞു :

“സുമ്മാ സാടുങ്കെ തമ്പീ..”

“അയ്യോ, നാനാ?, വേനാ..” ഞാൻ മടിച്ചു.

“എന്നാ, നാനാവേനാകൂനാങ്കിറേ?.. സുമ്മാ സാട്..ങാ..” പിന്നേം നിർബ്ബന്ധം.

പണ്ട്, കൊച്ചുന്നാളിൽ, ചാഞ്ഞുവീണ മണ്ടയില്ലാത്തെങ്ങിൽ ചന്തിഭാഗത്ത് ഓട്ടവീണ നീല നിക്കറും വലിച്ചുകുത്തി തൂങ്ങിക്കിടന്നപ്പോൾ കൂട്ടുകാരൊക്കെ വന്ന് ഇടത്തോട്ടും വലത്തോട്ടും മുകളിലേക്കും താഴേക്കും ആഞ്ഞുകിണഞ്ഞാട്ടിയിട്ടും തെറിക്കാതെ തൂങ്ങിക്കിടന്ന സംഭവത്തെ മനസ്സിലിട്ടൊന്നുഴിഞ്ഞിട്ട് ഞാൻ പറഞ്ഞു:

“ഓക്കെ നോക്കാം”

എണ്ണിക്കൊണ്ട് ഞാൻ പന്ത്രണ്ടു പ്രാവശ്യം ചാടി. പതിനൊന്നു പ്രാവശ്യവും സക്സസ്സായിരുന്നു. തമിഴന്മാരുടെ കണ്ണുതള്ളി. “എവാ എവാ?!” രാത്രി രണ്ടു രണ്ടര മണി ആയപ്പോഴാണ് എനിക്ക് ബോധോദയമുണ്ടായത്; നാളെ തിരിച്ചു നാട്ടിലേക്ക് പോകേണ്ടതാണ്. ഞാൻ അപ്പാവോട് ചെന്നുപറഞ്ഞു :

“നാളെ കാലൈയിലേ തിരുപ്പി ഊരുക്ക് പോണം. നാൻ ഇപ്പ പോകട്ടും”

പുള്ളി പറഞ്ഞു: “ജെല്ലിക്കെട്ടൈ പാക്കാമെ ഇങ്കെയിരുന്ത് എങ്കയും പോകമുടിയാത് തമ്പീ”

തമിഴ് ജന്മിമാർ ഒരു ദഡവു ചൊന്നാൽ സാധാരണ നൂറ് ദഡവാണ്. എന്നാൽ ഇദ്ദേഹത്തിന് അങ്ങനെ വലിയ വാശിയൊന്നുമില്ലായിരുന്നു. പക്ഷേ അന്ന് രാത്രിയിൽ അദ്ദേഹം പറഞ്ഞൊരു സെന്റിമെന്റൽ കഥയിൽ ഞാൻ വീണുപോയി. കുറേക്കാലമായി അപ്പാവോടെ കുടുംബത്തിൽ നിന്ന് ആരും ജെല്ലിക്കെട്ടിൽ ജയിക്കുന്നില്ല. വെട്രിയെക്കൊണ്ട് യാതൊരു ഗുണവുമില്ല. വെട്രിയുടെ മാമന്റെ മോൻ ഉശിരൻ ഒരുത്തനുണ്ടായിരുന്നു. പക്ഷേ രണ്ട് കൊല്ലം മുമ്പ് ഒരു ജെല്ലിക്കെട്ടിനിടെ എരന്തുപോയി. ഇതും പറഞ്ഞ് ആ വലിയ മനുഷ്യൻ എന്റെ മുന്നിലിരുന്ന് കണ്ണീർ വാർത്തു.

കുറച്ചുനേരത്തെ നിശ്ശബ്ദതയ്ക്കു ശേഷം എന്റെ തോളുപിടിച്ച് കുലുക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു : “നീ താൻ തമ്പീ എന്നോടെ വെട്രി, നാളേയ്ക്ക് നമ്മ വെട്രിത്താമരയെ പറിക്കപ്പോം!”

പിറ്റേ ദിവസം വെളുപ്പാങ്കാലത്തേ ഒരു ടാറ്റാ സുമോയിൽ ഉത്സവസ്ഥലത്ത് അത്യാവശ്യം വന്നാൽ ഉപയോഗിക്കാനുള്ള വടിവാളും ഉറുമിയുമെല്ലാം കയറ്റിയ ശേഷം രണ്ടു മല്ലന്മാരുടെ ഇടയിൽ ഇരുത്തി തട്ടിക്കൊണ്ടുപോകുന്നതുപോലെയാണ് തിരുമക്കോട്ടയിലെ ജെല്ലിക്കെട്ട് മൈതാനത്തേക്ക് എന്നെ കെട്ടിയെടുക്കുന്നത്. മഞ്ഞ ടീഷർട്ടും നിക്കറുമിട്ട മറ്റു ടീം അംഗങ്ങൾ ഒരു ലോറിയിൽ പിന്നിൽ ഉണ്ടായിരുന്നു.

ജെല്ലിക്കെട്ട് കഴിഞ്ഞ് തിരിച്ച് വെട്രിയുടെ വീട്ടിലേക്ക് ഞാൻ എത്തുന്നത് ലോറിക്ക് പിന്നിൽ ഇരുന്നായിരുന്നു. ഗംഭീരമായിരുന്നു ആ യാത്ര. ലോറി മുഴുവൻ തോരണങ്ങൾ കൊണ്ട് മൂടിയിരുന്നു. മല്ലിപ്പൂക്കൾക്കൊണ്ടുള്ള കനത്തൊരു ഹാരമണിയിച്ച് ഊരെല്ലാം കാണും വിധം പൊക്കത്തിലുള്ളൊരു ഇരിപ്പിടത്തിൽ എന്നെയിരുത്തി ഘോഷയാത്രയായാണ് വന്നത്. വരുന്ന വഴി മുക്കിനു മുക്കിന് സ്വീകരണങ്ങൾ! നോട്ടുമാലകൾ!!. കയ്യിലും നെഞ്ചിലുമൊക്കെ കാളകളുടെ കൊമ്പുകൊണ്ട് ചെറുതായി പോറിയ ഭാഗങ്ങൾ അഭിമാനം കൊണ്ട് നീറി. അന്ന് വെട്രിയുടെ വീട്ടിൽ ഉത്സവമായിരുന്നു. പാട്ടി പോലും പഴയ പാട്ടുകൾ പാടി ഡാൻസ് ചെയ്തു. പേട്ടറാപ്പ്!!

ഒരു ദിവസം കൂടി ഞാൻ അവിടെ തങ്ങി. അടുത്ത ദിവസം രാവിലെ ടാറ്റാ സുമോ നിറയെ പഴക്കുലകളും പച്ചക്കറികളും കുത്തിനിറച്ച് എന്നെ ആലപ്പുഴയിൽ കൊണ്ടാക്കാൻ വെട്രിയുടെ അപ്പ ഡ്രൈവറെ ഏർപ്പാട് ചെയ്തു. പോരും വഴി ഞാൻ മല്ലികയെ കണ്ട് യാത്ര പറഞ്ഞു. അവളുടെ മുഖത്ത് അപ്പോഴുണ്ടായ വിഷമം ഇപ്പോഴും എന്റെ കണ്ണിലുണ്ട്: ജെല്ലിക്കെട്ടിൽ ഞാൻ പിടുത്തമിട്ട് പരാജയപ്പെടുത്തിയത് വെട്രി സെല്‌വത്തെ ആയിരുന്നോ?

ഡിജിറ്റൽ ബാധ

നാട്ടിൽ നിലവിലുള്ള ഏക എക്സോർസിസ്റ്റാണ് ഭാർഗവപ്പണിക്കൻ. പ്രേതബാധ ഒഴിപ്പിക്കുന്നതിൽ നാനൂറ്റമ്പത് കൊല്ലത്തെയെങ്കിലും പാരമ്പര്യം അവകാശപ്പെടാനാവുന്ന പുരാതീന കുടുംബത്തിലെ അംഗമാണ് അദ്ദേഹം. ഞങ്ങൾ ഭാർഗവൻ ചേട്ടനെന്നു വിളിക്കും. കഴിഞ്ഞ ബുധനാഴ്ച അദ്ദേഹം കുഴഞ്ഞുവീണിട്ട് വീട്ടുകാരും നാട്ടുകാരുമൊക്കെക്കൂടി ആശുപത്രിയിലാക്കി.

ഭാർഗവൻ ചേട്ടന് ഇപ്പോൾ ആകെ വയസ്സായി. തന്റെ തറവാട് ക്ഷയിച്ചതുപോലെതന്നെ ശരീരവും ക്ഷയിച്ചുപോയിരിക്കുന്നു. ബാധകളോട് പഴയതുപോലെ ശക്തിയായി ആജ്ഞാപിക്കാൻ ആവുന്നില്ല. അഥവാ അല്പം ശബ്ദമുയർത്തി “ഇറങ്ങിപ്പോ…” എന്നലറിയാൽ അതിനെത്തുടർന്ന് മൂന്നാലഞ്ച് ചുമയും കുരയും കൂടി പുറത്തുവരും. ഏവൂരും മണ്ണാറശാലയിലുമൊക്കെയുള്ള മറ്റു മാന്ത്രികർ പറയുന്നത് ചുമയും കുരയും മന്ത്രങ്ങളോടൊപ്പം പുറപ്പെടുമ്പോൾ അവയ്ക്ക് അർഥവ്യത്യാസം സംഭവിക്കുമെന്നും, ബാധകളിൽ ഇത് കൺഫ്യൂഷൻ ഉണ്ടാക്കുകയോ കോൺഫിഡൻസ് കൂട്ടുകയോ ചെയ്യുമെന്നുമാണ്. ഭാർഗവപ്പണിക്കന്റെയത്രയും പാരമ്പര്യം അവകാശപ്പെടാനാവില്ലെങ്കിലും അവർ പറയുന്നതിനെ ശരിവെക്കുന്നതാണ് പണിക്കന് സമീപകാലത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന പാകപ്പിഴകൾ. എങ്കിലും, ചെറുതും ഇടത്തരവുമായ ബാധകളെ ഒഴിപ്പിക്കുന്നതിൽ അദ്ദേഹം ഇപ്പോഴും വിജയിക്കാറുണ്ട്.

ബാധ ഒഴിപ്പിക്കുമെങ്കിലും അദ്ദേഹത്തിന്റെ പാരമ്പര്യ തൊഴിൽ അതല്ല. അവർ പണ്ടുതൊട്ടേ വിഷഹാരികളായിരുന്നു. കടിച്ച പാമ്പിനെ വിളിച്ചു വരുത്തി വിഷം ഇറക്കിയിരുന്ന പ്രഗത്ഭരായ പിതാമഹന്മാർ ജീവിച്ചുമരിച്ച കുടുംബമാണ് ചേട്ടന്റേത്. ഇവർക്കൊക്കെയും ബാധയൊഴിപ്പിക്കലും വശമുണ്ടായിരുന്നു എന്നേയുള്ളൂ. സത്യത്തിൽ ചേട്ടന്റെ പാരമ്പര്യം നാനൂറ്റമ്പത് വർഷങ്ങൾക്കും മുമ്പേ തുടങ്ങുന്നതാണ്. എന്നാൽ രണ്ടു വിദ്യയിലും - ബാധയിലും വിഷത്തിലും- ഏറ്റവും പ്രാഗത്ഭനായിരുന്ന ശങ്കരപ്പണിക്കൻ മുതൽക്കുള്ള കഥകൾ അധികമായി ഉദ്ധരിക്കപ്പെട്ടതുകൊണ്ട് അതിനും മുമ്പുള്ള കഥകൾ വിസ്മൃതിയിൽ ആണ്ടുപോകുകയാണുണ്ടായത്.

കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിൽ ഉൾപ്പെടേണ്ടുന്ന നിഗൂഢതകൾ പേറുന്ന കഥകളാണ് ശങ്കരപ്പണിക്കന്റേയും തുടർന്നിങ്ങോട്ടുള്ള പലരുടേയും കഥകൾ. പണിക്കന്മാർ ഈഴവരിലെ ചാന്നാർ വിഭാഗത്തിൽ പെട്ടവരായതുകൊണ്ട് നമ്പൂരിമാരുടെ കഥകളുടെയത്ര അംഗീകാരം ലഭിക്കാഞ്ഞത് സ്വാഭാവികമെന്നേ കരുതേണ്ടൂ.

ശങ്കരപ്പണിക്കൻ അദ്ദേഹത്തിന്റെ അഛന് ഒരേയൊരു ആൺതരിയായിരുന്നു. മൂന്നു പെണ്മക്കൾ ഉണ്ടായിരുന്നത് വിവാഹപ്രായമെത്തും മുമ്പ് ദംശനമേറ്റ് മരിച്ചുപോവുകയും ചെയ്തു. ശങ്കരൻ വിവാഹം കഴിച്ചെങ്കിലും സന്താന സൗഭാഗ്യമുണ്ടാവാത്തതിനാൽ ഭാര്യയെ ഉപേക്ഷിച്ച് നാടുവിട്ടുപോയി. അതിനുശേഷം ഏതാണ്ട് പന്ത്രണ്ട് വർഷത്തോളം ഏകാന്തവാസമായിരുന്നു. പിന്നീട് നാട്ടിലേക്ക് തിരികെയെത്തുന്നത് കുറേ യക്ഷികളേയും കൂട്ടിയാണ്. ആളനക്കമില്ലാതെ കിടന്നിരുന്ന തന്റെ തറവാട്ടിൽ അവരോടൊപ്പം രമിച്ചും പനങ്കള്ളിന്റെ ലഹരിയിൽ മദിച്ചും അദ്ദേഹം സുഖലോലുപനായി കഴിഞ്ഞു. ഇതിനിടയിലും പ്രേതബാധ ഒഴിപ്പിക്കാൻ അദ്ദേഹത്തെ തേടി പല ദിക്കിൽ നിന്നും ആളുകൾ വന്നുകൊണ്ടിരുന്നു. ശരീരത്ത് കൂടിയതിനെ ഒഴിപ്പിക്കുന്നതു കൂടാതെ ഊരു ചുറ്റി നടന്നിരുന്ന യക്ഷികളെ നാട്ടുരാജാക്കന്മാരുടെ ഉത്തരവിൻ പ്രകാരം ബന്ധിക്കുന്നതും പതിവായിരുന്നു. താൻ ബന്ധിക്കുന്നവരിൽ സുന്ദരികളും മദാലസകളുമായവരെ ശങ്കരൻ തന്റെ തറവാട്ടിലേക്ക് കൊണ്ടുവരികയും അവിടെവെച്ച് വേഴ്ചയിൽ ഏർപ്പെടുകയും ചെയ്യുമായിരുന്നു എന്നാണ് ഐതിഹ്യം. ആ ബന്ധങ്ങളിൽ അദ്ദേഹത്തിന് ഒരുപാട് പ്രേത സന്താനങ്ങൾ ഉണ്ടായിരുന്നതായും ഐതിഹ്യങ്ങളുണ്ട്. ഇന്ന് നിലവിലുള്ള പ്രേതങ്ങളിൽ 200ൽ 1 എന്ന അനുപാതത്തിൽ ശങ്കരന്റെ ജനിതകഗുണങ്ങൾ പേറുന്നുണ്ടെന്നാണ് ശാസ്ത്രം.

ഇതിൽ നിന്നു വ്യത്യസ്തമായി ശങ്കരനോടൊപ്പം ശയിച്ച യക്ഷികളിൽ ഒരുത്തിമാത്രം ഒരു മനുഷ്യക്കുഞ്ഞിനും ജന്മം നൽകി. കായംകുളം നാട്ടുരാജ്യത്തെ പ്രജകളുടെ ഉറക്കം കെടുത്തിയിരുന്ന സുധാമണിയായിരുന്നു ആ കുഞ്ഞിന്റെ അമ്മ. പ്രസവത്തിനു കാരണമായി ശങ്കരൻ തന്റെ താളിയോലകളിൽ അവ്യക്തമായി കുറിച്ചിട്ടത് ഇങ്ങനെയാണ്:

“അവൾ പകുതി സ്ത്രീയും പകുതി യക്ഷിയുമായിരുന്നു!”

നാലഞ്ചുപേർ ചേർന്ന് പീഡിപ്പിച്ച ശേഷം പകുതിശവമാക്കി കാട്ടിലേക്ക് വലിച്ചിഴച്ച് ഉപേക്ഷിച്ചതായിരുന്നു സുധാമണിയെ എന്നൊരു ഭാഷ്യവും ഇതേസംബന്ധിച്ച് പഴമക്കാർ പറഞ്ഞുകേട്ടിട്ടുണ്ട്.

ശങ്കരൻ തന്റെ മകന് ‘ജനാർദ്ധനൻ’ എന്നുപേരിട്ടു. ജനാർദ്ധനപ്പണിക്കൻ! ഒന്നര മനുഷ്യന്റേയും അര യക്ഷിയുടേയും സ്പിരിറ്റ് പേറുന്ന ജനാർദ്ധനപ്പണിക്കനാണ് ഭാർഗവൻ ചേട്ടന്റെ മുതുമുതുമുത്തച്ഛൻ! ഇതേ കാരണം കൊണ്ടുതന്നെ ജനാർദ്ധനപ്പണിക്കന്റെ തലമുറകളിൽ പെട്ടവർക്കാർക്കുംതന്നെ യക്ഷി/മറുത/പ്രേതബാധ ഏല്ക്കുകില്ലെന്നാണ് പ്രമാണം. ഇപ്പോഴുള്ള രക്തബന്ധുക്കൾക്കും ഇനി വരാനുള്ള പരമ്പരകൾക്കും ഈ നിയമം ബാധകമാണ്. എന്താന്നുവെച്ചാൽ, ജന്മം കൊണ്ടുതന്നെ അമാനുഷികമായൊരു സ്പിരിറ്റ് ശരീരത്തിൽ കുടികൊള്ളുമ്പോൾ പുറമേ നിന്ന് മറ്റൊരു സ്പിരിറ്റിന് കയറിപ്പറ്റാൻ ഇടമില്ലാതെ വരുന്നു.

സംഗതികൾ ഇങ്ങനെയൊക്കെ ആയിരിക്കെ, കഴിഞ്ഞുപോയ തലമുറകളൊന്നും കാണാത്ത അത്ഭുതമാണ് ഭാർഗവൻ ചേട്ടന്റെ കാര്യത്തിൽ ഇപ്പോൾ നാട്ടുകാരൊക്കെ കണ്ടറിഞ്ഞുകൊണ്ടിരിക്കുന്നത്. അദ്ദേഹത്തെ ഹോസ്പിറ്റലിലാക്കി അഞ്ചര മണിക്കൂറുകൾ കഴിഞ്ഞപ്പോൾ ബോധം വന്നെങ്കിലും ആർക്കും തിരിയാത്ത ഏതോ അസംസ്കൃതഭാഷയിൽ തുടർച്ചയായി പുലമ്പിക്കൊണ്ടിരിക്കുകയാണ് അദ്ദേഹം. അക്ഷരാർഥത്തിൽ ബാധ കയറിയതുപോലെ. അദ്ദേഹത്തെ നോക്കുന്ന ഡോക്ടർ ഒരു അയ്യരാണ്. പകുതി മാന്ത്രികതയും പകുതി വൈദ്യശാസ്ത്രവും ആവാഹിച്ച ഭിഷഗ്വരൻ. ഏറ്റവും അടുത്ത ബന്ധുക്കളെവിളിച്ച് അദ്ദേഹം പറഞ്ഞു: “ബാധ കയറിയതുപോലെയുണ്ട്”

“ഒന്നുമുണ്ടായിരുന്നില്ല ഡോക്ടർ, പിള്ളേരുമായിട്ട് മൊബൈലിൽ നോക്കി എന്തോ കളിതമാശകളൊക്കെ പറഞ്ഞുകൊണ്ടിരുന്നയാളാ, പെട്ടെന്നായിരുന്നു പിന്നോട്ട് മറിഞ്ഞ് കുഴഞ്ഞുവീണത്”-മൂത്ത മരുമകൾ അമ്പിളി നടന്ന കാര്യത്തിന്റെ സംക്ഷിപ്ത രൂപം പറഞ്ഞു.

ഡോക്ടർക്ക് അതുപോരായിരുന്നു. ബന്ധുക്കളെ പുറത്തിറക്കി അദ്ദേഹം പിള്ളേരെ മാത്രം വിളിച്ച് വിശദമായി കാര്യം അന്വേഷിച്ചു.

സംഗതി ഇങ്ങനെയാണ്; ഒരു വാട്ട്സാപ്പ് മെസ്സേജാണ് ഈ പണിയൊക്കെ പറ്റിച്ചത്. “ഈ ചിത്രത്തിൽ ഒരു താക്കോലുണ്ട്. അതെവിടെയെന്ന് കണ്ടുപിടിക്കാമോ?” എന്നു ചോദിച്ച് ഒരു പടം ആരോ അയച്ചതാണ്. പിള്ളേർ അതു കണ്ടശേഷം അപ്പൂപ്പനെ സമീപിച്ചു വെല്ലുവിളിച്ചു: “അപ്പൂപ്പൻ വലിയ ബുദ്ധിമാനൊക്കെയല്ലേ, ഈ പടത്തിൽ എവിടെയാണ് താക്കോലുള്ളത് എന്നൊന്ന് കാണിച്ചുതരാമോ?”

ഭാർഗവൻ ചേട്ടൻ ‘ഇതൊക്കെയെന്ത്’ എന്ന ഭാവത്തിൽ തന്റെ സോഡാ ഗ്ലാസ്സ് കണ്ണടയെടുത്ത് ഫിറ്റ് ചെയ്ത് ദൃഷ്ടി മൊബൈലിലേക്ക് കൂർപ്പിച്ച് ഏകാഗ്രനായി. ഭരണികൾ, തവികൾ, സോക്സുകൾ, അലമാര, ടിവി, ക്യാരറ്റ്, പുസ്തകങ്ങൾ എന്നുവേണ്ട ഒരു വീട്ടിലുള്ളതും ഇല്ലാത്തതുമായ എല്ലാ സാധനങ്ങളും അലക്ഷ്യമായി വിന്യസിച്ചിരിക്കുന്ന ഒരു കുടുസ്സുമുറിയുടെ ചിത്രമായിരുന്നു അത്. അവയ്ക്കിടയിൽ എവിടെയോ ചെറിയൊരു താക്കോലുണ്ട്. അത് കണ്ടെത്തണം. അതത്ര എളുപ്പമല്ല. അദ്ദേഹം കുറച്ചുകൂടി ഏകാഗ്രനായി. ഇതിനിടെ കുട്ടികൾ ഇയർഫോൺ ചെവിയിൽ വെച്ചുകൊടുത്തതുപോലും അദ്ദേഹം അറിഞ്ഞില്ല.

ഫുൾ കോൺസണ്ട്രേഷൻ.. നിമിഷങ്ങളും മിനിട്ടുകളും കഴിയും‌തോറും കോൺസണ്ട്രേഷൻ ലെവലും കൂടിക്കൂടിവന്നു. അല്പസമയം കൂടി കടന്നുപോയി

പെട്ടെന്നായിരുന്നു വലിയ അലർച്ചയോടെ ഒരു ഭീകരസത്വം വായപൊളിച്ച് കണ്ണുകളിൽ തീക്കനലുമായി മൊബൈൽ സ്ക്രീനിനു പുറത്തേക്ക് ചാടിവന്നത്. ഭാർഗവൻ ചേട്ടന്റെ കണ്ണിൽ ഇരുട്ടുകയറി.

“കൃഷ്ണമണികൾ മുകളിലേക്ക് മറിഞ്ഞ് അപ്പൂപ്പൻ പിന്നിലേക്ക് മലർന്നടിച്ചു വീണു”- കുട്ടികൾ കഥപറഞ്ഞു നിർത്തി.

“കാലുപിറന്ന പിള്ളേരുണ്ടെങ്കിൽ വീട്ടിലെ വയസ്സന്മാർക്ക് ഇതും ഇതിലപ്പുറവും സംഭവിക്കും” : ഡോക്ടർ പിറുപിറുത്തു. എന്നിട്ട് അമ്പിളിയെ അകത്തേക്ക് വിളിച്ചു പറഞ്ഞു: “ബാധ കയറിയതുതന്നെയാണ്.”

“അത്.. പിന്നെ.. ഡോക്ടർ, അഛന്റെ ദേഹത്ത് അങ്ങനെ ബാധകളൊന്നും കൂടാൻ സാധ്യതയില്ലാത്തതാണ്”- മടിച്ചുമടിച്ചാണെങ്കിലും ഐതിഹ്യങ്ങളുടെ പിൻബലത്തിൽ അമ്പിളി ഡോക്ടറോട് സംശയം പറഞ്ഞു.

ഡോക്ടർ പറഞ്ഞു : “ഇത് ഡിജിറ്റൽ ബാധയാണ്!”

ശുചീകരണ യത്നം

പരിചയമില്ലാത്ത സ്ഥലത്തൊക്കെ യാത്രപോയാൽ പ്രാഥമിക കാര്യങ്ങൾക്ക് ഞാൻ ആശ്രയിക്കാറുള്ളത് പള്ളികളെയാണ്. ഒരു ഏകാന്തയാത്രയ്ക്കിടെ എവിടെനിന്നോ കഴിച്ച ഭക്ഷണം വയറ്റിൽക്കിടന്ന് പ്രശ്നമുണ്ടാക്കിയതിനാൽ ഈയിടെയും വിജനമായ വഴിയരികിൽക്കണ്ടൊരു മസ്ജിദിൽ ഓടിക്കയറേണ്ടിവന്നു. എന്നാൽ, അതെന്നെ വല്ലാതെ വലച്ചുകളയുമെന്ന് ഞാൻ കരുതിയതേയല്ല.

കക്കൂസിൽ കയറിയാൽ ആദ്യം തന്നെ വെള്ളം ഉണ്ടോ എന്ന് നോക്കണമെന്ന് അറിയാഞ്ഞിട്ടായിരുന്നില്ല. വെള്ളമുണ്ടോ എന്ന് നോക്കാൻ ഉപയോഗിക്കുന്ന അത്രയും വെള്ളം സംരക്ഷിക്കാമല്ലോ എന്നോർത്തു. സേവ് വാട്ടർ! പക്ഷേ, ഇത്രയ്ക്ക് ശുദ്ധമനസ്കനാണെന്നു പറഞ്ഞിട്ടെന്തുകാര്യം? ക്ലോസറ്റിൽ കാര്യം സാധിച്ചിട്ട് ഫ്ലഷ് ലിവർ വലിക്കുമ്പോൾ ഫ്ലഷ് ടാങ്കിൽ എന്തോ തട്ടിമുട്ടി വീഴുന്നതിന്റെ സൗണ്ട് മാത്രം കേട്ടു. ടാങ്ക് കാലിയാണ്. സ്പ്രേയർ ഞെക്കി നോക്കുമ്പോൾ അതിൽ നിന്ന് ഹൂ.. എന്നൊരു സൗണ്ട് മാത്രം. അതു കേട്ടപ്പോൾ ദൂരെയെങ്ങുന്നോ ഒരുറവ പാഞ്ഞുവന്ന് പുറത്തേക്ക് ചീറ്റിത്തെറിക്കുമെന്ന് തോന്നി. സ്പ്രേയർ കുറേ നേരം അങ്ങനെതന്നെ ഞെക്കിപ്പിടിച്ചിരുന്നു. പൈപ്പ് ലൈനിന്റെ ഉള്ളിൽ എവിടെയോ ഗുളുഗുളു അപശബ്ദങ്ങൾ. സ്പ്രേയറിന്റെ ഹാന്റിൽ റിലീസ് ചെയ്ത് ഒന്നുകൂടി ഞെക്കി നോക്കി. പെട്ടെന്ന് എന്നെ പ്രലോഭിപ്പിച്ചുകൊണ്ട് ശക്തമായ ഒരു വായു പ്രവാഹം. പിന്നീട് അത് നേർത്തുനേർത്തുവന്നു. പതിയെപ്പതിയെ അതിന്റെ ശ്വാസം നിലച്ചു. ഞാനും സ്പ്രേയറും മുഖാമുഖം നോക്കി. ശേഷം അതിനെ താഴേക്ക് കുനിച്ച് പിന്നെയും ഒന്നു ഞെക്കി നോക്കി. യാതൊരു ചലനവുമില്ല. വെള്ളമില്ല!. സ്പ്രേയറും ഞാനും ഒന്നുകൂടി പരസ്പരം നോക്കി. അതിന്റെ ദ്വാരങ്ങളിലെ തുരുമ്പിൻ കറകൾ വരണ്ടിരുന്നു.

എന്തുചെയ്യും? ഏഷ്യാറ്റിക്ക് ക്ലോസറ്റ് ആയതുകൊണ്ട് ഫ്ലഷ് ടാങ്ക് അല്പം ഉയരത്തിലാണ്. വെള്ളം ഇല്ലെന്നാണ് തോന്നുന്നതെങ്കിലും ഉള്ളിൽ ഒരല്പമെങ്കിലും വെള്ളം ഉണ്ടോ എന്നറിഞ്ഞാൽ പിന്നീട് എന്തെങ്കിലും ഐഡിയ തോന്നാതിരിക്കില്ല. പക്ഷേ, എങ്ങനെ എത്തിനോക്കും? ടാപ്പിന്റെ മുകളിൽ ചവിട്ടിക്കയറിയാലും ടാങ്കിന്റെ മുകൾ ഭാഗം കാണാൻ പറ്റില്ല. എങ്കിലും, ഇത്തരം അവസരങ്ങളിൽ ഞാൻ ഒട്ടും പരിഭ്രമിക്കാറില്ല. രക്ഷപ്പെടാൻ എന്തെങ്കിലും ഒരു സൂത്രം മുന്നിലുണ്ടാവുമെന്ന് ഇത്തരം അവസരങ്ങളിലൊക്കെ എനിക്ക് ഉറപ്പാണ്. അത് കണ്ടെത്തുക എന്നതിലാണ് കാര്യം.

കണ്ടെത്തി!. ഫ്ലഷ് ടാങ്ക് ഘടിപ്പിച്ചിരിക്കുന്ന ഭിത്തിയ്ക്ക് മുകളിൽ ഒരു ആംഗിൾ അയൺ പ്രൊജക്ട് ചെയ്ത് നിൽക്കുന്നുണ്ട്. ഞാൻ പാന്റ് പൂർണ്ണമായും ഊരി അതിന്റെ ഓരോ കാലുകൾ ആംഗിളിന്റെ അപ്പുറത്തും ഇപ്പുറത്തുമായി വരത്തക്ക രീതിയിൽ എറിഞ്ഞുപിടിപ്പിച്ചു. രണ്ടുകാലുകളും കൂട്ടിപ്പിടിച്ച് ബലം നോക്കിയിട്ട് അതിൽ ഞാന്ന് ഞാന്ന് മുകളിലേക്ക് കയറി ഫ്ലഷ് ടാങ്കിന്റെ അടപ്പ് തട്ടിത്തെറിപ്പിച്ചിട്ട് അകത്തേക്ക് നോക്കി. ഉള്ളിൽ മുഴുവൻ തുരുമ്പിന്റെ ചുവപ്പുകലർന്ന മഞ്ഞ നിറം. തളർന്നു തലകുമ്പിട്ടുകിടക്കുന്ന ഫ്ലോട്ട്. ടാങ്കിനടിയിൽ കറുപ്പും വെളുപ്പുമായ ഓരോ പ്ലാസ്റ്റിക് വാഷറുകളും ഉണങ്ങിച്ചുളുങ്ങിയ രണ്ട് പല്ലികളുടെ ജഡങ്ങളും.. പഴകിദ്രവിച്ച ആ പള്ളിയിൽ കയറാൻ തോന്നിയത് വലിയ പാളിച്ചയായി എനിക്ക് തോന്നിത്തുടങ്ങി. ഫ്ലഷ് ടാങ്കിനുള്ളിലെ ആ ഫ്ലോട്ട് തളർന്ന് തലകുമ്പിട്ടു കിടക്കുകയായിരുന്നില്ല. കാലങ്ങളായി വെള്ളം കിട്ടാതെ മരിച്ചുകിടക്കുകയായിരുന്നു.

ഒരൽപ്പം വെള്ളം കിട്ടിയിരുന്നെങ്കിൽ അതിൽ എന്റെ അടിവസ്ത്രം നനച്ച് ഇതിനകം ഉണങ്ങിപ്പിടിച്ചിരിക്കുന്ന മലം എന്റെ ശരീരത്തു നിന്നും കുറച്ചെങ്കിലും തുടച്ചുകളയാമായിരുന്നു. പക്ഷേ, വെള്ളമെവിടെ? വെറുതേയാണെന്നറിഞ്ഞിട്ടും പൈപ്പ് ലൈനുകളിൽ ഞാൻ വെറുതേ തട്ടുകയും മുട്ടുകയും ചെയ്തുകൊണ്ടിരുന്നു. സ്പ്രേയർ എടുത്ത് ഒന്നുകൂടി ഞെക്കിനോക്കി. ഇനി എന്താ ചെയ്ക?! ഇവിടെ നിന്ന് എങ്ങനെയാണിനി പുറത്തേക്കിറങ്ങി കാറിന്റെ അടുത്തുവരെ പോകുക? വെളിയിൽ ആരെങ്കിലും സഹായിക്കാൻ ഉണ്ടാകുമോ? അല്പം ഉച്ചത്തിൽത്തന്നെ വിളിച്ചു ചോദിച്ചു:

"അവിടെ ആരെങ്കിലും ഉണ്ടോ? ഈ പൈപ്പിന്റെ വാല്‌വ് തുറന്നിരിക്കുവാണോ എന്നൊന്ന് നോക്കാമോ? ഇതിൽ വെള്ളമില്ല!"

പുറത്ത് ആരുടെയും അനക്കമില്ല. വെള്ളം കിട്ടുമെന്ന പ്രതീക്ഷ ഏതാണ്ട് ഇല്ലാതായി. ഇനി എങ്ങിനെ ഇവിടെ നിന്ന് ഇറങ്ങിപ്പോകാം എന്നായി ചിന്ത. മുകളിലെ ആംഗിൾ അയണിൽ നിന്ന് പാന്റ് തിരികെ വലിച്ചൂരിയെടുത്തു. അരയ്ക്കും ഒരുപാട് താഴെയായി അഡ്ജസ്റ്റ് ചെയ്ത് ഉടുത്ത് ഷർട്ട് അതിനു മുകളിലേക്ക് വലിച്ചിടുമ്പോഴേക്ക് കക്കൂസിന്റെ ഡോറിനു താഴെയുള്ള വിടവിലൂടെ ഒരു നിഴൽ പതിയെ നടന്നകലുന്നതുകണ്ടു.ഞാൻ ശബ്ദമുണ്ടാക്കി:

"ഹലോ.. ഒന്നു സഹായിക്കാമോ.. ഇതിൽ വെള്ളമില്ല"

എന്നാൽ, ഉടനേ ആ നിഴൽ തിരികെ ഓടിപ്പോയതായാണ് കണ്ടത്. ഞാൻ വീണ്ടും ഹലോ ഹലോ എന്നുവിളിച്ചെങ്കിലും ആരും വന്നില്ല. എങ്കിലും, ആ നിഴൽ ഒരിക്കൽക്കൂടി വന്നെങ്കിലെന്നുകരുതി കുറേക്കൂടി കാത്തുനിന്നു. ആരും വരില്ലെന്നായപ്പോൾ വളരെ വളരെ അഡ്ജസ്റ്റ് ചെയ്ത് മലം വസ്ത്രത്തിലെങ്ങും പുരളാതിരിക്കത്തക്ക രീതിയിൽ പുറത്തിറങ്ങി കാറിനടുത്തേക്ക് നടക്കുവാൻ തീരുമാനിച്ചു. കാറിനുള്ളിൽ നിന്ന് ടിഷ്യൂ പേപ്പറോ മറ്റോ ഉപയോഗിച്ച് ക്ലീൻ ചെയ്യാനാവും എന്നായിരുന്നു എന്റെ പ്രതീക്ഷ.

ഞാൻ കക്കൂസിന്റെ വാതിൽ പതിയെ തുറന്നു. പുറത്തേക്കിറങ്ങി രണ്ടടി വെച്ചില്ല. മുന്നിൽ ഒരു പുലി!

വീണ്ടും കക്കൂസിനുള്ളിലേക്ക് ഓടി കതകടയ്ക്കാൻ എനിക്ക് തോന്നിയില്ല. അതിന്റെ പഴകിയ താഴ് ഇടും മുമ്പ് പുലി ഓടി അകത്തുവരും. ഞാൻ ഓടി. പുലി എന്റെ പിറകേയുണ്ട്. ഞാൻ ഓടി ഒരു മരത്തിൽ കയറി. ഒളിച്ചിരിക്കാൻ ആ മരത്തിൽ ഒരില പോലും ഉണ്ടായിരുന്നില്ല. പുലി താഴെയെത്തി മുകളിലേക്ക് എന്നെ തുറിച്ചു നോക്കി. ഞാൻ ഭയം കൊണ്ടു വിറച്ചു മൂത്രമൊഴിച്ചുപോയി. പാന്റിലൂടെ ഒലിച്ചിറങ്ങിയ മൂത്രം താഴേക്ക് പതിയ്ക്കും മുമ്പ് പുലി തന്റെ നാക്കു നീട്ടി അതത്രയും നുണഞ്ഞിറക്കി.

ശേഷം, തണലില്ലാത്ത ആ മരത്തിനു ചുവട്ടിൽ അവൻ അല്പം വിശ്രമിച്ചു.

ദി ബൈനോക്കുലർ

ദുബായിൽ നിന്നും രണ്ടാമത്തെ അവധിക്ക് നാട്ടിൽ പോകുമ്പോഴാണ് ഞാനൊരു ബൈനോക്കുലർ വാങ്ങുന്നത്. ആദ്യത്തെ അവധിക്ക് നാട്ടിൽ പോകുമ്പോഴേക്ക് ഞങ്ങളുടെ പുതിയ വീടിന്റെ പണിപൂർത്തിയായി താമസമായിരുന്നു. അതിന്റെ രണ്ടാം നിലയിലെ ബെഡ്റൂമിൽ നിന്നുള്ള ചില കാഴ്ചകളാണ് പിന്നീടുള്ള പോക്കിൽ ഒരു ബൈനോക്കുലർ വാങ്ങുന്നതിന് എന്നെ പ്രേരിപ്പിച്ചത്.

എന്റെ വീടിനു വടക്കുവശത്തെ വീടിനുമപ്പുറത്തെ ഷീറ്റ് മേഞ്ഞൊരു ചെറിയ വീട്ടിൽ പുതുതായി എത്തിയ വാടകക്കാരിയെ കുറച്ചുകൂടി അടുത്തുകാണണമെന്ന് തോന്നി. അന്ന് ഞാൻ വിവാഹം കഴിച്ചിട്ടുണ്ടായിരുന്നില്ല. എന്റെ വീടെന്നു പറയുമ്പോൾ അത് കുടുംബവീടാണ്. അഛൻ തന്റെ പെൻഷൻ കാശും കുറച്ചു സമ്പാദ്യങ്ങളും അമ്മകരുതിവെച്ചിരുന്ന സ്വർണ്ണവും പിന്നെ എന്റെ വക അല്ലറചില്ലറ സഹായങ്ങളും കൊണ്ടാണ് ആ വീട് പണികഴിപ്പിക്കുന്നത്.

ഇത്രയും പറഞ്ഞതിൽ നിന്ന് ഇതൊരു അശ്ലീല കഥയായിരിക്കുമെന്നു കരുതി സ്ക്രോൾ ചെയ്ത് മാറ്റാൻ വരട്ടെ. വാടകക്കാരിയുടെ മാറിടത്തിൽ ഞാൻ സൂം ചെയ്തു കണ്ട നാലഞ്ച് പുള്ളിക്കുത്തുകൾ എന്റെ ജീവിതത്തെ മാറ്റിയ കാര്യമാണ് പറയാൻ പോകുന്നത്. നാലഞ്ച് പുള്ളിക്കുത്തുകളെന്നൊരു ഏകദേശക്കണക്ക് ഞാൻ പറയാൻ പാടില്ലാത്തതാണ്. കൃത്യമായും പറഞ്ഞാൽ അവരുടെ വലതു മാറിടത്തിനു മുകളിലായി നാലു കറുത്ത പുള്ളികൾ ഉണ്ടായിരുന്നു. ബൈനോക്കുലർ വാങ്ങുംമുമ്പ് ഞാൻ അതൊന്നും കണ്ടിരുന്നില്ല.

ബൈനോക്കുലർ എന്നുകേൾക്കുമ്പോൾ നിങ്ങൾ അസ്വസ്ഥപ്പെടേണ്ട കാര്യമില്ല. നിങ്ങളുടെ ഉള്ളിലും രണ്ടു കണ്ണുകളുള്ള ഒരു ബൈനോക്കുലർ ഇല്ലേ? പ്രത്യേകിച്ചും നിങ്ങൾ അവിവാഹിതനായൊരു ചെറുപ്പക്കാരനാണെങ്കിൽ എന്തായാലും ഉണ്ടാവും; ദിവസവും പൊടിതട്ടി തുടച്ചു വൃത്തിയാക്കിവെക്കുന്നൊരു ബൈനോക്കുലർ. ഒറ്റയ്ക്കായിരിക്കുമ്പോൾ അതിന്റെ കണ്ണുകൾ അരുതാത്തിടങ്ങളിലേക്കെല്ലാം സൂം ചെയ്ത് സൂം ചെയ്ത് നീളുന്നുണ്ടാവും. അങ്ങനെ ഭാവനയുടെ മിഴുവുറ്റ ചിത്രങ്ങളിൽ നിങ്ങൾ സ്വയം മറക്കുന്നുമുണ്ടാവും.

ഞാൻ വാങ്ങിയ ബൈനോക്കുലറിന്റെ മേയ്ക്കോ, സ്പെസിഫിക്കേഷനോ ഒന്നും എനിക്കിപ്പോൾ ഓർമ്മയില്ല. ഷോപ്പിംഗ് മാളിൽ നിന്നും അത് വാങ്ങുമ്പോൾ എനിക്കു വേണ്ടിയിരുന്ന റേഞ്ച് മനസ്സിൽ കരുതി മാളിന്റെ കോറിഡോറിൽ ഏകദേശം അതേ ദൂരത്ത് സ്ഥാപിച്ചിരുന്നൊരു എക്സിറ്റ് ബോർഡലേക്ക് ഫോക്കസ് ചെയ്ത് സൂം ചെയ്ത് ടെസ്റ്റ് ചെയ്ത് തൃപ്തികരമെന്ന് തോന്നിയതൊരെണ്ണം വാങ്ങി. അവധിക്ക് വീട്ടിൽ വന്നശേഷം ജനാലകൾ തുറന്ന്, ചാഞ്ഞുകിടന്നിരുന്ന തെങ്ങോലകൾക്കും പിന്നെ അവരുടെ വീടിന്റെ അരികിൽ പന്തലിച്ച ഒട്ടുമാവിന്റെ ഇലകൾക്കും ഇടയിലൂടെ ഞാൻ ബൈനോക്കുലർ പായിച്ചു. ആ വീടിന്റെ ചെറിയ മുറ്റത്ത് പ്ലാസ്റ്റിക്കിൽ വരിഞ്ഞൊരു വട്ടക്കസേര ഒഴിഞ്ഞുകിടക്കുന്നു. വേലിക്കരികിൽ, പൂത്തുനിൽക്കുന്ന ബോൽസങ്ങളും കോഴിവാലൻ ചെടികളും. രണ്ട് പൂവൻ കോഴികളും ഒരു പിടക്കോഴിയും എന്തൊക്കെയോ കൊത്തിപ്പെറുക്കുന്നു. അതിലൊരു പൂവന്റെ ഞാന്നുകിടന്ന താടിയിലേക്ക് ഞാൻ സൂം ചെയ്തു. ഓരോ ചെറിയ അനക്കത്തിൽ പോലും അതിന്റെ ചുവന്ന പൂക്കൾ വലുതായി ഇളകി . സംഗതി കൊള്ളാം. പിന്നീട് ബൈനോക്കുലർ തിരിച്ച് ഞാൻ ആ പ്രദേശം മുഴുവൻ ഒന്നു കണ്ണോടിച്ചു. ഇതുവരെ കാണാതിരുന്ന കാഴ്ചകൾ പോലെ ദൂരെ ഓട്ടുകമ്പനിയുടെ മിനാരം, അതിനിപ്പുറത്ത് തെങ്ങിൻ തോപ്പുകൾ, അതിനുമിപ്പുറത്ത് പാടവും നീർച്ചാലുകളും. പാടവരമ്പത്ത് രണ്ടു ചെറുപ്പക്കാരികൾ എതിർ ദിശകളിൽ നിന്ന് നടന്നടുക്കുന്നു. ഞാൻ കുറച്ചുകൂടി സൂം ചെയ്യാൻ ശ്രമിച്ചെങ്കിലും ബൈനോക്കുലർ അത്ര പോരായിരുന്നു.

അവരുടെ പേര് സജിത എന്നായിരുന്നു. എന്നേക്കാൾ നാലുവയസ്സ് മൂത്തതാണ്. സജിതയെ ഞാൻ ബൈനോക്കുലറിലൂടെയല്ലാതെ അടുത്തുകാണുന്നത് വീട്ടിൽ പാലു വാങ്ങാൻ വരുമ്പോഴാണ്. അന്നേരം ഞാൻ അവരോട് എന്തെങ്കിലുമൊക്കെ മിണ്ടുകയും പറയുകയും ചെയ്യാറുണ്ടായിരുന്നു. എന്തോ, ഈ ഭാഗം വിവരിക്കുമ്പോൾ അശ്ലീല കഥകളുടെ ഘടനയിലേക്ക് വഴുതിവീഴാതിരിക്കാൻ എനിക്കാവുന്നില്ല. ഇത് മറ്റേതെങ്കിലും രീതിയിൽ പറയാനും എനിക്കറിയില്ല. ഈ പരിമിതി നിങ്ങൾ മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇരു നിറമാണെങ്കിലും അവൾ സാമാന്യം സുന്ദരിയായിരുന്നു. ഞാൻ ഏറ്റവുമധികം തവണ സൂം ചെയ്തത് അവളുടെ വിടർന്ന കണ്ണുകളിലേക്കായിരുന്നു. കാലത്തേ പാലുവാങ്ങി വീട്ടിലെത്തിയിട്ട് അല്പ നേരം കഴിഞ്ഞ് അവൾ മുറ്റത്തെ പ്ലാസിക് കസേരയിൽ വന്നിരിക്കും. കുറച്ചുനേരം കഴിഞ്ഞ് വീണ്ടും വീട്ടിനകത്തേക്ക് കയറിയിട്ട് അല്പസമയം കഴിഞ്ഞ് ചായയുമായി പുറത്തുവന്ന് കസേരയിലിരുത്തമാവും. ചായ കുടിയൊക്കെ കഴിഞ്ഞു മാത്രമേ മുറ്റമടിക്കുകയും ചെടികൾക്ക് വെള്ളം നനയ്ക്കുകയും കൂട്ടിൽ നിന്ന് കോഴികളെ തുറന്നുവിടുയുമൊക്കെയുള്ളൂ. എന്റെ രണ്ടാമത്തെ വെക്കേഷൻ ദിനങ്ങളിൽ പകുതിയും രാവിലെയും ഉച്ചയ്ക്കും വൈകിട്ടുമുള്ള സജിതയുടെ ദൈനം ദിന കാര്യങ്ങളെ ഒരു പക്ഷിനിരീക്ഷകനെപ്പോലെ നിരീക്ഷിച്ചു നിരീക്ഷിച്ചു തീർത്തു എന്നുപറയാം.

അവൾക്ക് ഒന്നര വയസ്സുമാത്രം പ്രായമുള്ള ഒരു കുഞ്ഞുണ്ടെന്ന കാര്യം ഞാൻ പറഞ്ഞിരുന്നോ? ഇല്ലെന്നു തോന്നുന്നു. എങ്കിൽ, അവൾക്ക് ഒന്നരവയസ്സുള്ളൊരു ആൺകുട്ടിയുണ്ട്. ഒരു ദിവസം അവൾ ആ കസേരയിലിരുന്ന് കുഞ്ഞിനു പാലുകൊടുക്കുമ്പോഴാണ് അവളുടെ വലതു മാറിടത്തിനു മുകളിലെ നാലു പുള്ളിക്കുത്തുകൾ ഞാൻ കാണുന്നത്. കുഞ്ഞു തടങ്ങൾ പോലെയിരുന്നു അവ. പാലുകുടിച്ചുകൊണ്ടിരിക്കുമ്പോൾ ആ പുള്ളിക്കുത്തുകളിൾ തന്റെ കുഞ്ഞു കൈവിരലുകൾ കൊണ്ട് അവൻ വെറുതേ തഴുകിക്കൊണ്ടിരുന്നു.

അമ്മയാണ് പറഞ്ഞത്, അവളുടെ ഭർത്താവ് അവളെ ഭയങ്കര പീഡനമാണെന്നും വല്ലപ്പോഴും മാത്രമേ വീട്ടിൽ വരാറുള്ളൂ എന്നും അയാൾക്ക് മറ്റു സ്ത്രീകളുമായൊക്കെ ബന്ധമുണ്ടെന്നും. ഞാൻ ലീവിലുണ്ടായിരുന്ന കാലത്തൊന്നും അയാളെ അവിടെ കണ്ടിട്ടേ ഉണ്ടായിരുന്നില്ല.

ലീവ് കഴിഞ്ഞ് തിരികെ ദുബായിലേക്ക് വന്നുവെങ്കിലും നാട്ടിൽ വെച്ച് കണ്ട ബൈനോക്കുലർ കാഴ്ചകൾ കണ്ണിൽ നിന്നും മാഞ്ഞുപോയില്ല. സ്വപ്നങ്ങളിൽപ്പോലും അതേ സീനുകൾ അടുത്തും അകലെയും വന്ന് എന്നെ അസ്വസ്ഥപ്പെടുത്തി. ഇടയ്ക്കെപ്പൊഴോ അമ്മയുമായി അവൾ കൂട്ടായി. അങ്ങനെ, വീട്ടിൽ വിളിക്കുമ്പോൾ അവളുമായി സംസാരിക്കുവാനും എനിക്ക് അവസരം കിട്ടി. പിന്നീട് അവളുമായി തുടർച്ചയായ ടെലഫോൺ ബന്ധം സ്ഥാപിക്കാനും കഴിഞ്ഞു. ചിലപ്പോഴൊക്കെ ദീർഘമായി ഞങ്ങൾ സംസാരിച്ചു. അങ്ങനെയൊരു ദീർഘ സംഭാഷണത്തിനിടെ അവളുടെ ‘മാറിടത്തിലെ പുള്ളിക്കുത്തുകളെ’ക്കുറിച്ച് ഞാൻ ചോദിച്ചു. തന്റെ ഭർത്താവ് സിഗററ്റിനു കുത്തി പൊള്ളിച്ചതാതെന്നു പറഞ്ഞ് അവൾ കുറച്ചു നേരം മിണ്ടാതിരുന്നു.

കുറച്ചു ദിവസങ്ങൾക്കു ശേഷം ഞാൻ ചോദിച്ചു: “എന്നോടൊപ്പം പോരുന്നോ?”
അടുത്ത വെക്കേഷന് ഞങ്ങൾ ആലുവായിൽ ഒരു ചെറിയ വീടെടുത്ത് താമസമായി. എന്റെ വീട്ടിൽ എല്ലാവർക്കും കൊടികെട്ടിയ എതിർപ്പായിരുന്നു. അയാൾ എവിടെയാണെന്ന് ആർക്കും അറിയുമായിരുന്നില്ല. ഇത്തരം ആശങ്കകൾക്കും പ്രശ്നങ്ങൾക്കും ഇടയിലും അവളും ഞാനും മോനും കൂടി മൂന്നാറിലേക്കും തേക്കടിയിലേക്കും കാട്ടിലേക്കും മേട്ടിലേക്കുമൊക്കെ ടൂറിനു പോയി. ദൂരെയുള്ള മാനുകളേയും മയിലുകളേയും ബൈനോക്കുലറിലൂടെ ഞാൻ അവൾക്ക് കാട്ടിക്കൊടുത്തു. എന്റെ ലീവ് തീർന്ന് തിരികെപ്പോരാനുള്ള സമയം അടുക്കുമ്പോൾ അവരെ ഒറ്റയ്ക്കാക്കേണ്ടിവരുമല്ലോ എന്നു ഞാൻ ഭയന്നിരുന്നു. എന്നാൽ എങ്ങനെ ഒളിവിലും ഒറ്റയ്ക്കും കഴിയണമെന്ന കാര്യത്തിൽ സജിതയ്ക്ക് ആശങ്കകളൊന്നും ഇല്ലായിരുന്നു.

എന്തായാലും അവളേയും കുഞ്ഞിനേയും ഒറ്റയ്ക്കാക്കിയിട്ട് ഞാൻ തിരികെ ജോലിയിൽ പ്രവേശിച്ചു. എന്റെ കയ്യിലെ ഓരോ വെൽഡിംഗ് റോഡ് കത്തുമ്പോഴും അയാളുടെ കയ്യിലെ എരിയുന്ന സിഗററ്റ് എന്റെ മനസ്സിൽ തെളിഞ്ഞുവന്നു.

ആറുമാസങ്ങൾ കഴിഞ്ഞ് ബുർജ് ഖലീഫയുടെ 152-ആം നിലയിലെ മെയിന്റെനൻസ് ജോലികൾക്കായി സേഫ്റ്റി ഷൂ ധരിക്കുന്നതിനിടയിലാണ് അവളുടെ മെസ്സേജ് വരുന്നത്:

“ഞാൻ പോവുകയാണ്”

“എവിടേയ്ക്ക്?” ഞാൻ തിരികെ മെസ്സേജ് അയച്ചു.

“അയാളോടൊപ്പം”

പിന്നീട് ഞാൻ ചോദിച്ച ചോദ്യങ്ങൾക്കൊന്നും മറുപടിയുണ്ടായില്ല. 152-ആം നിലയുടെ ബാൽക്കണിയിൽ നിന്ന് ഞാൻ താഴേക്ക് നോക്കി. ചാഞ്ഞുകിടന്നിരുന്ന തെങ്ങോലകൾക്കും പന്തലിച്ച ഒട്ടുമാവിന്റെ ഇലകൾക്കും ഇടയിലൂടെ മുറ്റത്ത് ഒഴിഞ്ഞുകിടക്കുന്ന വട്ടക്കസേരയും വേലിക്കരികിൽ, പൂത്തുനിൽക്കുന്ന ബോൽസങ്ങളും കോഴിവാലൻ ചെടികളും ഞാൻ കണ്ടു. ഇക്കാലയളവിനുള്ളിൽ ഒരേ കാഴ്ചകൾ മാത്രം വലുതായിവരുന്നൊരു ബൈനോക്കുലർ എന്റെ കണ്ണുകളിൽ പറിച്ചുമാറ്റാനാവാത്ത വിധം കിളിർത്തുവന്നിരുന്നു. കുടുംബത്തേയും നാടിനേയും ഓർത്തോർത്തുകഴിയുന്ന ഓരോ പ്രവാസിയുടേയും കണ്ണുകൾക്കു പുറമേ ഇങ്ങനെയൊരു ബൈനോക്കുലർ ഉണ്ടാവുമെന്നാണ്‌ ഞാൻ വിശ്വസിക്കുന്നത്‌.

അവളെ നഷ്ടപ്പെട്ടിട്ട്‌ കാലങ്ങൾ കഴിഞ്ഞെങ്കിലും സജിതയുമായുള്ള ബന്ധത്തിലെ ഓരോ കണികയും ഞാൻ സൂം ചെയ്തു നോക്കി. എവിടെയാണെനിക്കു പിഴച്ചത്?
ഒരു ദിവസം ഒരു യാത്രയ്ക്കിടെ അയാളെയും അവളേയും കമ്പനിപ്പടിയിൽ ബസ്സുകാത്തു നിൽക്കുന്നതായി ഞാൻ കണ്ടിരുന്നു. അയാളുടെ കയ്യിൽ അപ്പോഴും ഒരു സിഗററ്റ് എരിയുന്നുണ്ടായിരുന്നു. അപ്പോൾ, എന്റെ കണ്ണിൽ ഒരു വെൽഡിംഗ്‌ റോഡ്‌ സ്പാർക്ക്‌ ചെയ്തു

കുട്ടാണ്ണൻ

നുണയെഴുതുന്ന പരിപാടി നിർത്തിയിട്ട് സത്യം സത്യമായിത്തന്നെ എഴുതണമെന്ന് തീരുമാനിച്ചുറച്ചാണ് ഇന്നലെ രാത്രി കുട്ടാണ്ണന്റെ വീടിനടുത്തെ കലുങ്കിനു മുകളിൽ പോയിരുന്നത്. നുണയാണെങ്കിൽ എന്തും വാരിവലിച്ചെഴുതാം. പക്ഷേ സത്യം എഴുതാൻ അത്ര ഈസിയല്ലല്ലോ. എന്തുസത്യം എഴുതും എന്നാലോചിച്ച് കുറേനേരം അങ്ങനെയിരുന്നു. ഫേസ്ബുക്കിൽ ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്ന പ്രധാന വിഷയങ്ങളിലൂടെ കണ്ണോടിച്ചാൽ എന്തെങ്കിലും കിട്ടാതിരിക്കില്ലെന്നുകരുതി പോസ്റ്റുകൾ സ്ക്രോൾ ചെയ്ത് തള്ളുന്നതിനിടെ ഒരു ടോർച്ച് വെട്ടം മുഖത്തേക്ക് വീണു. കുട്ടാണ്ണൻ ആയിരിക്കുമെന്ന് എനിക്കപ്പഴേ തോന്നി. അങ്ങോര് രാത്രി ഒരു പത്തു പത്തരയൊക്കെ ആവുമ്പോ അത്താഴമൊക്കെ കഴിച്ച് തന്റെ പഴഞ്ചൻ ടോർച്ചുമെടുത്തുകൊണ്ട് നടക്കാനൊരിറക്കമുണ്ട്.. ആ സമയത്ത് വഴിയിലോ കവലകളിലോ ആരും ഉണ്ടാവാറില്ല. എന്നാലും ഒരുകിലോമീറ്ററോളം അപ്പുറത്തുള്ള ജംഗ്ഷനിൽ വരെപ്പോയി പതിനൊന്നരയാവുന്നതോടെ തിരിച്ചുവരും. അഥവാ ഇത്തിരിയെങ്ങാനും താമസിച്ചാൽ, പുള്ളി തീറ്റകൊടുത്തുവളർത്തുന്ന പുള്ളിയുടെ സ്വന്തം പട്ടി വീടിന്റെ ഗേറ്റ് തുറന്ന് അകത്തുകയറാൻ സമ്മതിക്കാതെ വട്ടം നിൽക്കും. പതിനൊന്നര കഴിഞ്ഞു വരുന്നവരെയൊന്നും അകത്തേക്ക് കയറ്റേണ്ടെന്ന് പട്ടിയ്ക്ക് സ്ട്രിക്ട് ഓർഡർ ഉണ്ടെന്ന് തോന്നുന്നു. പിന്നെ കുറേ കുരയ്ക്കലും ബഹളവുമൊക്കെ കഴിയുമ്പോൾ പുള്ളിയുടെ ഭാര്യ പുറത്തിറങ്ങി വന്ന് പട്ടിയെ അനുനയിപ്പിച്ച് ഗേറ്റ് തുറന്നുകൊടുക്കും.

കുട്ടാണ്ണന് ഏതാണ്ട് അറുപത്തി അഞ്ചുവയസ്സെങ്കിലും പ്രായം പറയും. പണ്ട് അപ്പോളോ ടയേഴ്സിൽ സെക്യൂരിറ്റി ഗാർഡായിരുന്നു. അവിടുന്ന് കിട്ടിയതാവും ആളുകളുടെ മുഖത്ത് ടോർച്ചടിക്കുന്ന ഒരുജാതി എടപാട്. മൊബൈലിന്റെ വെട്ടത്തിൽ എന്റെ മുഖം വ്യക്തമായി കാണാമെന്നിരിക്കെ പ്രത്യേകിച്ചും അയാൾ അത് ചെയ്യാൻ പാടില്ലാത്തതാണ്. അല്ലെങ്കിലും പഴയ കാർന്നോന്മാരും ഇപ്പോഴത്തെ ചെറുപ്പക്കാരും തമ്മിലുള്ള വ്യത്യാസംതന്നെ യഥാക്രമം ടോർച്ചും മൊബൈലും തമ്മിലുള്ള വ്യത്യാസമാണ്. ബാക്കിയുള്ളവൻ എന്തുചെയ്യുന്നു എന്നറിയാനും അവന്റെ കുറ്റം കണ്ടെത്താനുമാണ് ‘ടോർച്ച് ജനറേഷന്’ താല്പര്യം. എന്നെപ്പോലെയുള്ള ന്യൂജെൻ ആവട്ടെ, സ്വയം പ്രകാശിപ്പിക്കുന്നു. സ്വയം മഹാസംഭവമാക്കി മാറ്റുന്നു. മറ്റുള്ളവരെ മൈൻഡ് ചെയ്യാറില്ല.

പുള്ളിയുടെ അത്താഴം കഴിഞ്ഞുള്ള ഈ നടത്തവും പട്ടിയുടെ പിടിവാശിയും ഭാര്യയുടെ മുറുമുറുപ്പും കുറേക്കാലമായി ഞാൻ ഈ കലുങ്കിലിരുന്ന് കാണുന്നതാണ്. എന്റെ ഫോണിൽ ഡാറ്റാ പാക്കേജ് ഉണ്ടെങ്കിലും വീട്ടിൽ മൊബൈൽ റേഞ്ച് കുറവായതുകാരണം നെറ്റ് ഭയങ്കര സ്ലോ ആണ്. വെറുതേയിരുന്ന് കറങ്ങുകയേ ഉള്ളൂ. ചിലസമയത്ത്, ഈ കറക്കത്തിൽ നോക്കിയിരുന്നാൽ നമ്മൾ സ്വയം ഹിപ്നോട്ടൈസ്ഡ് ആയിപ്പോകും. മൊബൈൽ നമ്മളെ ഉള്ളിലേക്ക് ആവാഹിക്കുന്നതായൊക്കെ തോന്നും. കുട്ടാണ്ണന്റെ വീടിനടുത്തെ കലുങ്കിൽ വന്നിരുന്നാൽ ഈ പ്രശ്നങ്ങളൊന്നുമില്ല. Kuttan123 എന്നൊരു Wifi കണക്ഷൻ കിട്ടും. പാസ്‌വേഡ് Ramani123. യൂസർ നെയിം കുട്ടാണ്ണന്റേതായ സ്ഥിതിക്ക് പാസ്‌വേഡ് രമണിച്ചേച്ചിയുടേതായിരിക്കുമെന്ന ഒരു ലളിതയുക്തി പ്രയോഗിച്ചതാണ്. അതങ്ങ് ഏറ്റു. കുട്ടാണ്ണനും കുടുംബത്തിനും പിന്നെ എനിക്കുമല്ലാതെ മറ്റാർക്കും ഈ പാസ്സ്വേഡ് അറിയില്ല എന്നതാണ് പ്ലസ് പോയിന്റ്. ഏതാണ്ട് ഒൻപതുമണിയോടെ അവിടുത്തെ ഇന്റർനെറ്റ് ഉപയോഗത്തിന്റെ കട്ടയും പടവും മടക്കുന്നതുകൊണ്ട് ഞാൻ പോസ്റ്റെഴുതാൻ വരുന്ന സമയം ഒടുക്കത്തെ സ്പീഡാണ്. രാത്രികളിൽ ഉപയോഗശൂന്യമായിക്കിടക്കുന്ന ഈ വൈഫൈ ഞാൻ ഉപയോഗിക്കാൻ തുടങ്ങിയിട്ട് കുറേക്കാലമായി. അതിനും മുമ്പേ കുട്ടാണ്ണൻ തന്റെ നടത്തം തുടങ്ങിയിരുന്നിരിക്കണം.

പുള്ളിയുടെ വീട്ടിൽ നിന്ന് ഗേറ്റ് തുറന്ന് ആദ്യം പുറത്തേക്കെത്തുന്നത് ടോർച്ച് ലൈറ്റാണ്. പിറകേ പുള്ളിയും വരും. അങ്ങനെ വെളിച്ചത്താൽ നയിക്കപ്പെടുന്നൊരു യാത്രയാണ് അത്താഴം കഴിഞ്ഞുള്ള അദ്ദേഹത്തിന്റെ ഈ നടത്തം. കുറേക്കാലമായി ഈ നടത്തം ശ്രദ്ധിക്കുന്നൊരാളെന്ന നിലയിൽ എനിക്ക് പറയാൻ കഴിയും: പുള്ളിക്കാരൻ ടോർച്ച് അടിക്കുന്നതിന് ഒരു പ്രത്യേക ക്രമവും പാറ്റേണുമൊക്കെയുണ്ടെന്ന്. ചിലയിടങ്ങളിൽ അയാൾ ടോർച്ച് കത്തിച്ചുകൊണ്ട് ദീർഘനേരം ചെലവഴിക്കും. ചിലയിടങ്ങളിൽ വളരെക്കുറച്ചു സമയം മാത്രം ഒന്നു നിന്നിട്ട് നടത്തം പുനരാരംഭിക്കും.

ഗേറ്റ് കടന്ന് നിരത്തിലേക്കെത്തിയാൽ പിന്നെ കലുങ്കിൽ ഞാൻ ഇരിക്കുന്നതിനു എതിർവ്വശത്തു വന്ന് കലുങ്കിനടിയിലൂടെ ഓഴുകുന്ന തോട്ടിലേക്ക് ടോർച്ചടിക്കും. മിക്കപ്പോഴും എന്നെ കണ്ടതായി നടിക്കാറില്ല. ചിലപ്പോൾ ഒരു വാക്കോ മറ്റോ ഒന്നു മിണ്ടും:

“എന്തൊണ്ട്?”

“ഓ.. ചുമ്മാ..” ഞാൻ പറയും.

ഏകദേശം വറ്റിപ്പോയ തോട്ടിലെ ചെറിയ നീർച്ചാലിന്റെ അനക്കമൊക്കെ നോക്കി പുള്ളി കുറച്ചുനേരം അങ്ങനെ നിൽക്കും. അന്നേരം മൊബൈലില്ലെ തോണ്ടലൊക്കെ മതിയാക്കി ഞാൻ അയാളെ നോക്കിയിരിക്കാറുണ്ട്. അയാൾ മീനുകളുണ്ടോ എന്ന് നോക്കുകയോ ചെറിയ നീരൊഴുക്കിൽ പരലുകൾ ഇളകുന്നത് കണ്ടുനിൽക്കുകയോ ആവും എന്നാണ് കരുതുന്നത്. എന്റെ ഇരിപ്പും അയാളുടെ നിൽപ്പും ദൂരെനിന്ന് ഒരാൾ കാണുകയാണെങ്കിൽ, ഒരു നാടകത്തിലെന്നപോലെ അയാൾ എനിക്ക് പുറംതിരിഞ്ഞു നിന്ന് എന്നോട് ഏതോ ഒരു കദനകഥ പറയുകയാണെന്നേ തോന്നൂ. ഞങ്ങൾക്കിടയിലേക്ക് പാളിവീഴുന്ന തെരുവ് വിളക്കിന്റെ വെട്ടം ആ സീനിന് കൂടുതൽ നാടകീയതയും നൽകും.

കുറച്ചിടെ അങ്ങനെ തോട്ടിലേക്ക് ടോർച്ചടിച്ചു നോക്കി നിന്ന ശേഷം വീണ്ടും ഒരമ്പത് മീറ്ററോളം നടക്കുമ്പോൾ പുള്ളിയുടെ മറ്റൊരു സ്റ്റോപ്പായി. അവിടെ ഓടുമേഞ്ഞ ചെറിയൊരു കെട്ടിടത്തലെ ഒരുപാട് പഴക്കമുള്ള ചുവന്നൊരു ചുവരെഴുത്ത് വായിക്കും. പണ്ടേങ്ങോ സുശീലാ ഗോപാലൻ ലോക്സഭയിലേക്ക് മത്സരിച്ചപ്പോഴുള്ളൊരു ചുവരെഴുത്ത്. “സ: സുശീലാ ഗോപാലനെ അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിൽ വോട്ടു ചെയ്ത് വിജയിപ്പിക്കുക!” ഈ വരികളിലൂടെയും അരിവാൾ ചുറ്റിക നക്ഷത്രത്തിലൂടെയും അയാൾ ടോർച്ചുകൊണ്ട് വരകളിടാൻ ശ്രമിക്കുന്നത് എനിക്ക് കലുങ്കിലിരുന്നാൽ കാണാം. ചിലപ്പോഴൊക്കെ തെരഞ്ഞെടുപ്പ് ചിഹ്നത്തിലെ നക്ഷത്രത്തിൽ പോയിന്റ് ചെയ്താണ് പുള്ളി തന്റെ പഴയ ആ ടോർച്ചിന്റെ കറുപ്പ് ശരിയാക്കുന്നത്.

കുറച്ചുകൂടി മുന്നോട്ട് നീങ്ങിയിട്ട് പോസ്റ്റ് ഓഫീസിനു മുന്നിൽ തൂക്കിയിരിക്കുന്ന തപ്പാൽപ്പെട്ടിയിൽ രണ്ടു നിമിഷം ടോർച്ച് തെളിക്കും. പിന്നെ രമേശ് സൗണ്ട്സിന്റെ തട്ടികയിൽ കെട്ടിവെച്ചിരിക്കുന്ന കോളാമ്പി മൈക്കിൽ അല്പനേരം ലൈറ്റ് തെളിച്ചു നിൽക്കും. ശേഷം വളവു തിരിഞ്ഞുകഴിഞ്ഞാൽ പിന്നെ എന്റെ കണ്ണിൽ നിന്നകന്നു. എങ്കിലും പുള്ളി വഴിയരികിലൊക്കെ ഇങ്ങനെ നിന്നു നിന്നാണ് മുന്നോട്ടു പോകുന്നതെന്ന് ഉറപ്പാണ്. അല്ലെങ്കിൽപ്പിന്നെ തിരികെവരാൻ അത്ര സമയം എടുക്കില്ലല്ലോ.

ഇന്നലെ നടത്തമൊക്കെക്കഴിഞ്ഞ് തിരികെ വരും വഴിയാണ് പുള്ളി എന്റെ മുഖത്തേക്ക് ലൈറ്റ് അടിച്ചത്. എന്തോ പന്തികേട് തോന്നി ഞാൻ കലുങ്കിൽ നിന്ന് പയ്യെ എഴുന്നേറ്റു. ദിവസവും ഇവിടെ വന്നിരിക്കുന്നതിൽ പുള്ളിക്ക് അസ്വസ്ഥതയുണ്ടാവുമോ എന്നൊരു സംശയം ഉണ്ടായി. എങ്കിലും, ഞാൻ പരുങ്ങികൊണ്ട് ചുമ്മാ കുശലം ചോദിച്ചു:

“എന്താ കുട്ടാണ്ണാ, ഇന്ന് നടക്കാനൊന്നും പോയില്ലേ?”

“ഓ.. പോയിട്ട് വരുന്ന വഴിയാടാ ഉവ്വേ.. വടക്ക് പടിഞ്ഞാറ്ന്ന് നല്ല കോളുണ്ട്. പെയ്യുമെന്നാ തോന്നുന്നത്. എടാ ഉവ്വേ, അതൊക്കെ പോട്ടെ, നീ വാട്ട്സാപ്പിൽ ഈയിടെ വന്നൊരു മെസ്സേജ് വായിച്ചാരുന്നോ?”

“എന്ത് മെസ്സേജ്?”

“ഹ, മരണത്തിനെതിരേ എന്തോ മരുന്ന് കണ്ടുപിടിക്കുന്നെന്നോ, തൽക്കാലം ശരാശരി ആയുസ്സ് മുന്നൂറ് നാനൂറ് വർഷങ്ങളിലേക്ക് ആകത്തക്ക രീതിയിൽ ചില കണ്ടുപിടുത്തങ്ങൾ ഉടനേ ഉണ്ടാവുമെന്നോ ഒക്കെ പറയുന്ന ഒരു മെസ്സേജ്”

“ങാ.. ഞാൻ അങ്ങനൊന്ന് കണ്ടാരുന്നു”

“അതൊക്കെ ഒള്ളതാണോടാ ഉവ്വേ?”

“ചിലപ്പോ ശരിയായിരിക്കും അണ്ണാ.. ശാസ്ത്രം പുരോഗമിക്കുകയല്ലേ”

എന്റെ മറുപടി കേട്ട് അണ്ണൻ അല്പം അസ്വസ്ഥനായെന്നു തോന്നി.

“ഉടനേ എന്നുപറയുമ്പോ ഒരു പത്തിരുപത് വർഷത്തിനുള്ളിൽ ഉണ്ടാവുവോ?”

അറുപതുകളിൽ ജീവിക്കുന്ന അയാൾ ഏകദേശം ഇരുപതുവർഷങ്ങൾക്കൂടി ജീവിച്ചിരിക്കാൻ സാധ്യതയുണ്ടെന്ന് സ്വയം കണക്കുകൂട്ടിയിട്ടാവും ചോദിച്ചത്.

“പറയാൻ പറ്റില്ല.. ആരോഗ്യമേഖലയിലെ ഗവേഷണങ്ങൾക്ക് ഇപ്പോഴുള്ള സ്പീഡ് വെച്ചു നോക്കിയാൽ ചിലപ്പോൾ പതിനഞ്ച് വർഷങ്ങൾക്കുള്ളിലൊക്കെ സംഗതി ശരിയായേക്കും. പക്ഷേ നമ്മുടെ ഇന്ത്യയിലോട്ടൊക്കെ അത്തരം മരുന്നുകൾ എത്തുമ്പോൾ പിന്നേം കുറേ താമസിക്കുമായിരിക്കും; അതല്ലെങ്കിൽ വലിയ വിലകൊടുക്കേണ്ടിവരും”:

കുട്ടാണ്ണൻ രണ്ട് ചുമ ചുമച്ചു.
“എന്നാലും എത്ര കൊടുക്കേണ്ടിവരുമായിരിക്കും?”

ഇത് ചോദിക്കുമ്പോൾ തന്റെ പേരിലുള്ള 75 സെന്റ് തെങ്ങിൻ തോപ്പിനും ജംഗ്ഷനിലെ നാലുമുറിക്കടകൾക്കും മനസ്സിൽ അദ്ദേഹം ഒരു വിലയിട്ടിരുന്നിരിക്കും. പക്ഷേ, ഇതുവരെ ഒരു നീക്കുപോക്കും ആകാത്തൊരു സംഗതിയ്ക്ക് എന്തുചെലവുവരും എന്നുചോദിച്ചാൽ ഞാൻ കുഴങ്ങുകയേയുള്ളൂ. എന്നാലും, ശരിയാണെങ്കിലും തെറ്റാണെങ്കിലും, അണ്ണൻ എന്നിൽ നിന്നൊരു അഭിപ്രായം പ്രതീക്ഷിക്കുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ മുഖഭാവത്തിൽ നിന്ന് മനസ്സിലാവും.

“അതൊക്കെ ഭയങ്കര വിലയായിരിക്കും അണ്ണാ.. മൂന്നോ നാലോ വർഷം ആയുസ്സ് നീട്ടിക്കിട്ടാൻതന്നെ നമ്മൾ എത്രലക്ഷങ്ങളാ ഹോസ്പിറ്റലുകളിൽ മുടക്കേണ്ടിവരുന്നത്. അപ്പോൾപ്പിന്നെ ഇരുന്നൂറും മുന്നൂറും കൊല്ലങ്ങൾ ആയുസ്സ് നീട്ടാൻ കോടിക്കണക്കിനു രൂപ വേണ്ടിവരുമായിരിക്കും”

അണ്ണൻ ഒരു തെങ്ങിന്റെ മണ്ടയിലേക്ക് വെറുതേ ടോർച്ച് തെളിച്ചു മേലേക്ക് നോക്കി അല്പനേരം നിശ്ശബ്ദനായി നിന്നു. ശേഷം മറ്റു ചില കുശലങ്ങളൊക്കെ പറഞ്ഞു. അദ്ദേഹം ഇത്രനേരം സംസാരിക്കുമെന്ന് ഞാൻ കരുതിയതേയല്ല. എന്റെ പോസ്റ്റുകൾ വായിക്കാറുണ്ടെന്നും കമന്റുകൾ എഴുതാത്തത് ടൈപ്പിംഗ് അത്ര വശമില്ലാത്തതുകൊണ്ടാണെന്നും പറഞ്ഞു. ‘വയസ്സായതുകാരണം വിരലുകളൊന്നും വഴങ്ങുന്നില്ല’ത്രേ!.

ഞാനുമായി സംസാരിച്ചു നിന്നു താമസിച്ചതുകാരണം പുള്ളിക്ക് അന്നും പട്ടിയുമായി ഗുസ്തിയിടേണ്ടിവന്നു. എനിക്കാണെങ്കിൽ, പോസ്റ്റുകളൊന്നും എഴുതാനും കഴിഞ്ഞില്ല.

തിരികെ വീട്ടിൽ ചെന്നു കിടന്നിട്ട് ഉറക്കം വന്നില്ല. തിരിഞ്ഞും മറിഞ്ഞും കിടന്നു. മനുഷ്യൻ ഉണ്ടായകാലം മുതൽ ഇന്നുവരെ കോടാനുകോടാനുകോടി ആളുകൾ മരിച്ചുപോയിട്ടുണ്ടെന്നിരിക്കെ ഇന്നു ജീവിച്ചിരിക്കുന്നവർ എന്തിനാണ് മരണത്തെ അതിജയിക്കാൻ നോക്കുന്നത്? ഇരുന്നൂറും മുന്നൂറും വർഷങ്ങൾ വരെ ആയുസ്സ് കൂട്ടാൻ നോക്കുന്നത്? ഇതൊക്കെ ഉടനേ യാഥാർഥ്യമാവുമോ? ഉടനേയില്ലെങ്കിൽ പിന്നെന്തിനാണ്…

പ്രസേനന്റെ പശു

ഇപ്പ ഇപ്പ എപ്പ നോക്കിയാലും പ്രസേനന്റെ കൂടെ അയാളുടെ പശുവുംകാണും. എവിടെപ്പോയാലും അവന്റെ കൂടെത്തന്നെ അത് കാണും. കല്യാണമാവട്ടെ, പുരതാമസമാവട്ടെ, മരണമാവട്ടെ, അങ്ങനെ നാട്ടിൽ എന്തു വിശേഷങ്ങളുണ്ടായാലും അയാൾ അതിനേയും കൊണ്ടേ വരാറുള്ളൂ. പോകാറുള്ളൂ. എങ്കിലും, മറ്റു പശുക്കളെപ്പോലെ കണ്ടിടത്തൊക്കെ ചാണകം പൊഴിക്കുന്നതോ, മൂത്രമൊഴിക്കുന്നതോ ആയ യാതൊരു വൃത്തികേടും പ്രസേനന്റെ പശുവിനില്ല. ആളും പരിസരവും കണ്ടറിഞ്ഞു പെരുമാറാൻ മിടുക്കിയാണവൾ. ലോകത്തുള്ള മിക്കവാറും എല്ലാ പശുക്കളുടേയും പേരുപോലെതന്നെ ‘നന്ദിനി’ എന്നായിരുന്നു അവളുടേയും പേര്. അത് പോരെന്ന് തോന്നി ഗസറ്റിൽ വിജ്ഞാപനം ചെയ്താണ് ‘സുനന്ദിനി’ എന്ന് പേരുമാറ്റിയത്. മനോഹരവും അപൂർവ്വവുമായ പേരെന്ന് സ്വയം വിചാരിച്ചിരിക്കെയാണ് ‘സുനന്ദിനി’ എന്ന പേരും പശുക്കൾക്ക് സാധാരണയാണെന്ന വിവരം പ്രസേനന് എവിടുന്നോ കിട്ടുന്നത്. സാധാരണയെന്നു മാത്രമല്ല, മുസ്ലിം പശുക്കൾക്ക് പോലും ‘സുനന്ദിനി’ എന്നു പേരുണ്ടെന്നറിഞ്ഞ് പ്രസേനൻ ചെറുതായി ഞെട്ടുകയും ചെയ്തു. ഒട്ടും താമസിച്ചില്ല; വീണ്ടും ഗസറ്റിൽ വിജ്ഞാപനം ചെയ്തു. അങ്ങനെ നന്ദിനിയെന്ന സുനന്ദിനിയുടെ ഇപ്പോഴത്തെ പേര് ‘കല്യാണി’ എന്നായി. കല്യാണിയുടെ ആധാറിലെ പേരും കല്യാണി എന്നുതന്നെ.

ഈ പോസ്റ്റിൽ എവിടെയെങ്കിലും സാന്ദർഭികമായി കല്യാണിയെക്കുറിച്ച് വർണ്ണിക്കുന്നതുകണ്ടാൽ എന്നോട് പൊറുക്കുക. അത്രയ്ക്ക് സുന്ദരിയും ആകർഷകത്വവും ഉള്ളവളാണവൾ. സാധാരണഗതിയിൽ, മനുഷ്യരുടേതാവട്ടേ, മൃഗങ്ങളുടേതാവട്ടെ, ആരുടേതുമാവട്ടെ, അംഗോപാംഗം വർണ്ണിക്കുന്നത് ഒഴിവാക്കാറാണ് പതിവ്. ഉദാഹരണത്തിന്, എവിടെയെങ്കിലും വെച്ച് കണ്ടുമുട്ടിയ ഒരാളെക്കുറിച്ച് നിങ്ങളോട് പറയേണ്ടിവരുമ്പോൾ അയാളുടെ കവിളുകൾ കുഴിഞ്ഞതായിരുന്നോ പുരികം തടിച്ചതായിരുന്നോ എന്നൊക്കെ വിസ്തരിക്കാൻ മുതിരാറില്ല. നമ്മൾ വായിച്ച തടിയൻ പുസ്തകങ്ങളുടെ മൂന്നിലൊന്നെങ്കിലും ഇതുപോലെ അസഹ്യമായ വർണ്ണനകളാണ്. വലിയ പ്രാധാന്യമില്ലാത്ത വർണ്ണനകളെ നിങ്ങളിൽ മിക്കവരും സ്കിപ്പ് ചെയ്യാറാണ് പതിവെന്നാണ് കരുതുന്നത്. വായനക്കാരുടെ ഭാവനാസ്വാതന്ത്ര്യത്തിന്മേലുള്ള കൈകടത്തലുകളാണ് അത്തരം വർണ്ണനകൾ എന്നുവേണമെങ്കിൽ പറയാം. അതേസമയം, വർണനകൾ ഇഷ്ടപ്പെടുന്നവരും ഉണ്ടെന്നുള്ള കാര്യം വിസ്മരിക്കുന്നില്ല. ഇടയ്ക്ക്, ഇൻ ബോക്സിൽ വന്നൊരു പെൺകുട്ടി പരാതി പറഞ്ഞു:

“ചേട്ടായീ, ചേട്ടായിയുടെ പോസ്റ്റിൽ ‘പൂത്തുലഞ്ഞ ഒരു മരത്തിന്റെ തണലിൽ’ എന്നേ എഴുതിയിട്ടുള്ളൂ. ഏത് നിറമുള്ള പൂക്കളാണ് എന്നെഴുതിയിട്ടില്ല”

“കുട്ടിയ്ക്ക് ഏത് നിറമുള്ള പൂവാണിഷ്ടം? “- ഞാൻ ചോദിച്ചു.

“മഞ്ഞ”

“എങ്കിൽ, ആ മരം നിറയെ മഞ്ഞപ്പൂക്കളായിരുന്നു..”

കുട്ടിയ്ക്ക് സമാധാനമായി. എങ്കിലും, ആ ഡയലോഗ് ഏതോ സിനിമയിൽ കേട്ടിട്ടുണ്ടല്ലോ എന്ന് കുട്ടി ചിന്തിച്ചിട്ടുണ്ടാവാം. ചിന്തിക്കട്ടെ! അതിനെന്താ?

അവൾ തമ്പ്സ് അപ്പ് പറഞ്ഞ് പോകുന്നതിനുമുമ്പ് ഒന്നൂടെ എന്നെ തോണ്ടി വിളിച്ചു:

“ചേട്ടായീ..”

“എന്തോ..” ഞാൻ വിളികേട്ടു.

“ഞാനേ, ചേട്ടായി വിചാരിക്കുന്നപോലെ ‘കുട്ടി’യല്ല”

“പിന്നെയെന്താണ്?”

“എനിക്കേ, ഇരുപത്തിനാല് വയസ്സുണ്ട്”

“ഓഹോ? വിവാഹം കഴിച്ചതാണോ?”

“ :o “

“വിവാഹം കഴിച്ചതാണോന്ന്?”

“അല്ല. നോക്കുന്നുണ്ട്”

ഞാൻ സോറി പറഞ്ഞു: “കുട്ടിയെന്ന് വിളിച്ചതിന് സോറി..”

(Y) - അവൾ പറഞ്ഞു.
(Y) - ഞാനും.

വിവാഹം കഴിയ്ക്കാത്ത യുവതികൾ വെറും ‘പെൺകുട്ടികൾ’ ആണെന്ന് ഞാനവളെ തിരുത്താനൊന്നും പോയില്ല. സമൂഹം മാത്രമല്ല, പത്രക്കാരും കോടതിയുമൊക്കെ അവളെ ‘കുട്ടി’ എന്നു വിളിക്കുമ്പോൾ എനിക്കുമാത്രം എന്തുകൊണ്ട് ആയിക്കൂടാ?. ‘കുട്ടിയുടെ അച്ഛൻ’, പെൺകുട്ടിയുടെ മൊഴി, പെൺകുട്ടിയ്ക്ക് പ്രൊട്ടക്ഷൻ, ഇങ്ങനെയിങ്ങനെയുള്ള പ്രയോഗങ്ങളിൽ നിന്ന് ഒരു പെൺകുട്ടി സമൂഹത്തിന്റേയും ഭരണയന്ത്രങ്ങളുടേയും സംരക്ഷണത്തിലും തീരുമാനങ്ങൾക്കുള്ളിലും ആണെന്നുകൂടി അവളെ ബോധവത്കരിക്കേണ്ടതായിരുന്നെന്ന് പിന്നീട് തോന്നി!.

ഞാൻ നേരത്തേ പറഞ്ഞ പ്രസേനന്റെ പശു കല്യാണി വിവാഹമൊന്നും കഴിച്ചിട്ടില്ലെങ്കിലും ഒരു പെൺകുട്ടിയല്ല. രണ്ട് പേറുകഴിഞ്ഞൊരു അമ്മയാണ്. അവളുടെ കന്നി പ്രസവത്തിൽ ഒരു ആൺകുട്ടിയായിരുന്നു. മുലകുടിച്ച് കൊതിതീരും മുമ്പ് പ്രസേനൻ അവനെ അറവുകാർക്ക് വിറ്റു. ഇപ്പോൾ ചത്തോ ജീവിച്ചിരിപ്പുണ്ടോ എന്ന് ആർക്കും ഒരു തിട്ടവുമില്ല. അവന്റെ പിഞ്ചുശരീരത്തെ സിറാജ് റെസ്റ്റോറന്റിന്റെ തീന്മേശയിൽ ആട്ടിറച്ചിയുടെ രൂപത്തിൽ കണ്ടവരുണ്ടെന്ന് പറയപ്പെടുന്നു. കഷ്ടം! കല്യാണി തന്റെ മകനുവേണ്ടി വിങ്ങിച്ചുരന്ന മുലപ്പാലെല്ലാം ഈ കാലങ്ങളിൽ പ്രസേനൻ കറന്നെടുത്തു വിൽക്കുകയും ചെയ്തുവല്ലോ!.

കല്യാണി രണ്ടാമത് പ്രസവിച്ചത് ഒരു പെൺകുഞ്ഞിനെയായിരുന്നു. ഇപ്പോൾ അവൾ മദിയുടെ ലക്ഷണങ്ങൾ കാണിക്കുന്ന യുവതിയായെങ്കിലും കല്യാണിയുടെ ചന്തത്തിന്റെ അയലത്തെത്തില്ല പെണ്ണ്! അവളുടെ ചാട്ടം കണ്ടിട്ടാവണം പ്രസേനൻ അവൾക്ക് ‘മേനക’ എന്ന് പേരിട്ടത്. മേനകയ്ക്ക് കിട്ടിയിരിക്കുന്നത് സിയാമുദ്ദീന്റെ വീട്ടിലെ ആ മുരട്ടുക്കാളയുടെ തൊലിക്കറുപ്പും വെളുത്ത പുള്ളികളുമാണ്. എന്നാൽ അമ്മ കല്യാണിയാവട്ടെ നല്ല ചുവന്ന തവിട്ടു നിറത്തിലുള്ള ലക്ഷണമൊത്തൊരു പെണ്ണാണ്. അവളുടെ വിടർന്ന കണ്ണുകളും കറുത്ത് മിനുസമാർന്ന കുളമ്പുകളും കുറുകിക്കൂർത്ത കൊമ്പുകളും ആരെയും ആകർഷിക്കാൻ പോന്നതാണ്. മുട്ടുകവിഞ്ഞു ഞാന്നു കിടക്കുന്ന മുടിപിന്നിയിട്ടപോലുള്ള വാലും ബ്യൂട്ടി ബോൺസ് തള്ളിനിൽക്കുന്ന പിൻഭാഗവും കുലുക്കി അവൾ നടക്കുന്നതുകണ്ടാൽ ഏത് കാളയും ഒന്നു നോക്കാതിരിക്കില്ല. ചുരത്തി നിൽക്കുന്ന സമയത്താണ് പ്രസേനൻ അവളെയും കൊണ്ട് നടക്കാനിറങ്ങുന്നതെങ്കിൽ കണ്ണേറ് തട്ടാതിരിക്കാനായി കണ്മഷികൊണ്ട് അകിടിൽ ചെറിയൊരു കറുത്തപുള്ളി വരയ്ക്കാറുണ്ടയാൾ. അതും ഒരു ചന്തം തന്നെ!

കല്യാണിയുടെ രണ്ടാമത്തെ പേറിന്റെ നോവ് തുടങ്ങുന്നത് രാത്രി ഏതാണ്ട് രണ്ട് രണ്ടരയോടടുപ്പിച്ചാണ്. വേദനയുടെ ആദ്യ അമറൽ കേട്ടപ്പോൾത്തന്നെ പ്രസേനൻ 108 ഡയൽ ചെയ്തു. പതിനഞ്ച് മിനിട്ടിനുള്ളിൽ സർവ്വ സന്നാഹങ്ങളുമായി ആംബുലൻസ് പാഞ്ഞുവന്ന് അവളെ കെട്ടിയ തൊഴുത്തിനു മുന്നിൽ ബ്രേക്കിട്ടു നിന്നു. അതിൽനിന്നും ഡോക്ടറും മൂന്നു നഴ്സുമാരും മറ്റു രണ്ടു ജോലിക്കാരും ചാടിയിറങ്ങി. അപ്പോഴേക്കും കല്ല്യാണിയുടെ മുന്നീർ പൊട്ടി ഫ്ലൂയിഡ് നിലത്ത് പരന്നിരുന്നു. ഡോക്ടർ അവളുടെ വയറ്റിൽ അവിടവിടങ്ങളിലായി തൊട്ടുതലോടുകയും ചെവിചേർത്തുവെച്ച് എന്തോ അനക്കങ്ങൾ ശ്രദ്ധിക്കുകയും ചെയ്തശേഷം പിൻഭാഗത്തേക്ക് ടോർച്ച് തെളിച്ച് സാകൂതം നോക്കിനിന്നു. ജോലിക്കാർ കുഞ്ഞിനുവേണ്ടി പുല്ലുകൊണ്ടൊരു മെത്തയുണ്ടാക്കിവെച്ചു. അല്പസമയം കഴിഞ്ഞപ്പോൾ കല്യാണിയുടെ ഈറ്റത്തിൽ കുഞ്ഞിന്റെ കുളമ്പുകൾ ദൃശ്യമായി. ഈ ലോകത്തേക്ക് കുതിയ്ക്കാൻ വെമ്പുന്ന കുഞ്ഞിക്കാലുകൾ!. ആകാംക്ഷയോടെ നിന്ന പ്രസേനനെയും കുടുംബത്തേയും ഡോക്ടർ സമാധാനിപ്പിച്ചു:

“ഒന്നും പേടിക്കാനില്ല”

കല്യാണി ഒന്നു ഞെരങ്ങി. അവളു വയറ്റിലൂടെ വലിയൊരു പാറ ഉരുണ്ടുമറിഞ്ഞു. അവളൊന്നു മുക്കി. വലിയ ശബ്ദത്തോടെ കനത്തൊരു നിശ്വാസവായു പുറത്തേക്ക് ചീറ്റി. ‘പ്ലക്കെ’ന്നൊരു ശബ്ദത്തോടെ ക്ടാവ് പിന്നിൽ ഒരുക്കിയ പുൽത്തകിടിയിലേക്ക് വീണു. ഉടനേ നഴ്സുമാർ വന്ന് അതിന്റെ മൂക്കിലേയും മുഞ്ഞിയിലേയും ഞോളയൊക്കെ തുടച്ചുമാറ്റി. വയറ്റിൽ മെതിയെ തടവി ശ്വാസോഛ്വാസം നേരേയാക്കി. പൊക്കിൾക്കൊടി മുറിച്ച് അവിടെ മരുന്നു പുരട്ടി. ശേഷം, കാലിന്റേയും വാലിന്റേയും തലയുടേയും പിന്നെ മൊത്തം ശരീരത്തിന്റേയും അളവുകളെടുത്തു. സെക്സ് ‘ഫീമെയിൽ’ എന്ന് റെക്കോഡിൽ എഴുതിച്ചേർത്തു. ഈ സമയത്ത് ക്ടാവിനെ പരിപാലിക്കേണ്ടതെങ്ങനെ എന്ന കാര്യത്തിൽ പ്രസേനനും കുടുംബത്തിനും ഡോക്ടർ നിർദ്ദേശങ്ങൾ നൽകിക്കൊണ്ടിരുന്നു.

ഡോക്ടർക്കും സംഘത്തിനും പ്രസേനൻ നന്ദിപറഞ്ഞു. 108 മറ്റേതോ തൊഴുത്തിനെ ലക്ഷ്യമാക്കി പറന്നുപോയി.

അന്നുമുതൽ അവസരം കിട്ടുന്നിടങ്ങളിലെല്ലാം ഗോക്കൾക്കുള്ള ആംബുലൻസ് സേവനങ്ങളെക്കുറിച്ച് പ്രസേനൻ വാചാലനായി. ഗോക്കളെ സ്വന്തം മാതാക്കളെന്നുകണ്ട് സംരക്ഷിക്കുകയും പരിരക്ഷിക്കുകയും ചെയ്യുന്ന സർക്കാറിനെ പൂർവ്വാധികം ഇഷ്ടപ്പെട്ടുതുടങ്ങി.

“ഈ സർക്കാർ മനുഷ്യരുടെ മാത്രമല്ല; മൃഗങ്ങളുടേയും സർക്കാരാണ്”
“മനുഷ്യർക്കുള്ളതുപോലെ അവകാശങ്ങൾ പശുക്കൾക്കും ഉണ്ട്”
“പശുക്കൾ ദേശത്തിന്റെതന്നെ അമ്മയാണ്”

കവലയിൽ നിന്ന് പ്രസേനൻ നടത്തുന്ന പ്രസ്താവനകൾ ഇങ്ങനെയൊക്കെയാണ്. അയാൾക്കിപ്പോൾ പശുക്കളിൽ വലിയ പ്രതീക്ഷയുണ്ട്. ഇന്ന് ആധാറിലെങ്കിൽ, നാളെ വോട്ടേഴ്സ് ലിസ്റ്റിലും പശുക്കൾ കയറിപ്പറ്റുമെന്ന കാര്യത്തിൽ സംശയമില്ല. ചിലയാളുകൾ പറയുന്നത് പ്രസേനൻ സദാസമയവും പശുവുമായി ചുറ്റിക്കറങ്ങുന്നത് അടുത്ത ലോക്‌സഭാ ഇലക്ഷൻ ലക്ഷ്യം വെച്ചുകൊണ്ടാണെന്നാണ്. പശുക്കൾക്ക് ഇലക്ഷന് മത്സരിക്കാനുള്ള അവകാശവും പാർലമെന്റിൽ സംവരണവും നടപ്പാവും എന്ന പ്രതീക്ഷയിൽ കല്യാണിയെ ജനകീയയാക്കാനും പിന്നീട് മൃഗീയഭൂരിപക്ഷത്തോടെ വിജയിപ്പിച്ചെടുക്കാനുമുള്ള ഫീൽഡ് വർക്കിന്റെ ഭാഗമാണ് ഈ കാട്ടായങ്ങളൊക്കെ എന്നാണ്.

വ്യക്തിപരമായി, ഇത്തരം ആരോപണങ്ങളെ തമാശയായേ ഞാൻ കണക്കാക്കുന്നുള്ളൂ. ഇപ്പോൾ ഇതേപ്പറ്റി പരമാവധി എനിക്ക് പറയാനാവുന്നത് പ്രസേനൻ എവിടെപ്പോയാലും അയാളുടെ പശുവും കൂടെക്കാണും എന്നുമാത്രമാണ്.

ചിരിയുടെ വെൺ പ്രാവുകൾ

“വിടപറയുകയാണോ.. ചിരിയുടെ വെൺ പ്രാവുകൾ..”

കഴിഞ്ഞ ഫെബ്രുവരി 10ന്, ഒരു സന്ധ്യാനേരം കഴിഞ്ഞുള്ള ഉല്ലാസയാത്രയ്ക്കിടെ അടിച്ചുപൊളി പാട്ടുകൾക്കിടയിലേക്ക് ഈ ശോകഗാനം കയറിക്കൂടിയപ്പഴേ Next അടിച്ച് അത് മാറ്റാൻ പുള്ളിക്കാരി മുന്നറിയിപ്പ് തന്നതാണ്. അതിനു പറഞ്ഞ പ്രധാന കാരണങ്ങൾ ഇവയായിരുന്നു.
1. യാത്രയുടെ മൂഡ് പോകും.
2. ഡ്രൈവിംഗിനിടയിൽ ഉറക്കം തൂങ്ങും.
3. പിള്ളേർക്ക് ഇഷ്ടമല്ല.
പിന്നെയും പുതിയ എന്തൊക്കെയോ പോയിന്റ്സുകൾ കൂട്ടിച്ചേർത്തിരുന്നു. സ്ത്രീകൾ പറയുന്ന മൂന്നിൽ കൂടുതൽ പോയിന്റുകൾ ശ്രദ്ധിക്കാറേയില്ലാത്തതുകൊണ്ട് അതൊന്നും ഓർമ്മയില്ല. ഇതുതന്നെ ഓർത്തിരിക്കുന്നത് എല്ലായ്പ്പോഴും പറയുന്ന കാരണങ്ങളായതുകൊണ്ടാണ്. എന്നാൽ ഈ മൂന്നും അല്ല കാരണങ്ങൾ എന്ന് ഒരു പുരുഷന്റെ ബുദ്ധികൊണ്ട് എനിക്ക് നിഷ്പ്രയാസം മനസ്സിലാവുന്നതുമാണ്.

യഥാർത്ഥ കാരണം എന്താന്നുവെച്ചാൽ ഇതൊരു ‘ബർക്കത്ത് കെട്ട’ പാട്ടാണ് എന്നതാണ്. ചിരിയുടെ വെൺപ്രാവുകൾ പറന്നുപോകുന്നതരത്തിൽ അറം പറ്റുന്ന എന്തെങ്കിലും യാത്രയ്ക്കിടയിൽ സംഭവിച്ചാലോ എന്ന അന്ധവിശ്വാസത്തിലൂന്നിയ ഉത്ഘണ്ഠയാണ് ഈ പാട്ട് സ്കിപ്പ് ചെയ്യാൻ നിർബ്ബന്ധിക്കുന്നതിനു പിന്നിലെ ചേതോവികാരം. ഇത്തരം മറ്റു ചില പാട്ടുകളും ഉണ്ട്. ‘മലക്കുൽ മൗത്തസ്രാഈൽ അണഞ്ഞിടും മുമ്പേ..’ കനമേറും മീസാൻ കല്ലും മണ്ണും അതിന്മീതെ..’ അങ്ങനെ ചിലത്. ഇരഞ്ഞോളി മൂസായുടെ ‘കെട്ടുകൾ മൂന്നും കെട്ടീ..’ ആണ് ഇതിൽ ഏറ്റവും ഗ്രേഡ് മൂത്തത്.

പണ്ട്, ഗൾഫിലേക്ക് ആദ്യമായി വരുന്ന അവസരത്തിൽ കരച്ചിലുകൾക്കും പിഴിച്ചിലുകൾക്കും ശേഷം വീട്ടിൽ നിന്നു പുറപ്പെട്ട് മൂന്നാമത്തെ വളവ് തിരിയുമ്പോൾ ഡ്രൈവർ ‘കെട്ടുകൾ മൂന്നും കെട്ടി’ പ്ലേ ചെയ്തു. കൂടെയുണ്ടായിരുന്ന ജ്യേഷ്ഠനും മാമായ്ക്കും ഈ പാട്ടുകേട്ടിട്ട് അത്ര പന്തിയായി തോന്നിയില്ലെങ്കിലും സിസ്റ്റം ഓഫ് ചെയ്യാനോ വേറേ എന്തെങ്കിലും പാട്ടുവെക്കാനോ പറയാനായില്ല. ശകുനസംബന്ധിയായ യാഥാസ്ഥിതിക സങ്കൽപ്പം നിലനിൽക്കെത്തന്നെ മാപ്പിളപ്പാട്ട് ഇടയ്ക്കുവെച്ച് ഓഫ് ചെയ്യ്യുന്നതിന്റെ മതവിധിയെ സംബന്ധിച്ച് അവർക്കുള്ളിൽ ചെറിയൊരു കൺഫ്യൂഷൻ ഉണ്ടായിരുന്നു. അതേസമയം, എനിക്ക് ആ പാട്ടു കേട്ടിട്ട് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. എന്റെ അന്നേരത്തെ മൂഡിനു പറ്റിയൊരു പാട്ടെന്നരീതിയിൽ അത് വളരെ നന്നായി എന്നുവേണം പറയാൻ. അതിന്റെ വരികൾ എന്റെ ദു:ഖത്തിന് ഒരു പ്രത്യേക സുഖം നൽകി. കൂടാതെ യാത്രയോട് ഒരുപാട് സാമ്യമുള്ള വരികളും ആയിരുന്നു അവ. കെട്ടുകൾ മൂന്നും കെട്ടീ.. (ഹാന്റ് ലഗേജ് ഉൾപ്പടെ മൂന്ന് കെട്ടുകൾ ഉണ്ടായിരുന്നു)
കട്ടിലിൽ നിന്നെയും ഏറ്റീ.. (മഞ്ചൽ എന്നാണ് ഉദ്ദേശം. പണ്ട് കാലത്ത് യാത്ര ചെയ്യാൻ മഞ്ചൽ. ഇന്നത്തെക്കാലത്ത് കാർ.. ആ വരിയും കൃത്യം.)
ഒരു ദിനമുണ്ടൊരു യാത്രാ… തീരെ മടക്കമില്ലാത്ത യാത്രാ.. - ഈ വരികൾ മാത്രമാണ് ചെറിയ പ്രശ്നമുള്ളതായിട്ട് തോന്നുന്നത്. എന്നാൽ,. ഒരിക്കൽ പ്രവാസിയായാൽ പിന്നെ എന്നെന്നും പ്രവാസി എന്നൊരു അർഥമേ അതിനുള്ളൂ.. അതുകൊണ്ട്, പേടിക്കാനില്ല. ഇനി, അർത്ഥം മറ്റെന്താണെങ്കിലും ഇത്തരം പാട്ടുകളെ പണ്ടുതൊട്ടേ എനിക്ക് യാതൊരു പേടിയും ഉണ്ടായിരുന്നില്ല.

ഇവിടെ, ഉല്ലാസയാത്രയ്ക്കിടെ, ഭാര്യയുടെ എതിർപ്പ് അവഗണിച്ചിട്ടാണെങ്കിലും ശ്രേയാ ഘോഷാലിന്റെ ഗുലാബ് ജാമുൻ ശബ്ദത്തിലുള്ള ആ ശോകമധുര ഗാനം ആസ്വദിച്ചാസ്വദിച്ച് ഞാൻ ഡ്രൈവ് ചെയ്തു. പാട്ടുകേട്ട് പിള്ളേരു രണ്ടും ഉറക്കം തൂങ്ങാൻ ആരംഭിച്ചു. പാട്ട് തീർന്നപ്പോഴേക്കും വണ്ടി ഷെയ്ക്ക് സായിദ് റോഡിൽ നിന്ന് ഷെയ്ക്ക് റാഷിദ് റോഡിലേക്കുള്ള ആദ്യത്തെ എക്സിറ്റിലേക്ക് തിരിയുകയായിരുന്നു. അടുത്തപാട്ട് പെട്ടെന്ന് പൊട്ടിവീണു:

“സുറുക്കിറുക്കാ മുക്കാമുഴം പോട് ലാക്കിമരുന്ന്
കവുത്തില് മാട്ടിപ്പുടിച്ച്..”

“അപ്പടി പോട് മാമേ.. “ - ഭാര്യ പ്രോത്സാഹിപ്പിച്ചു.
ഞാൻ വോളിയം ചെറുതായിട്ടൊന്നുയർത്തി. പിള്ളേർ ഉണർന്ന് പിറകിൽ ഡാൻസ് തുടങ്ങി. സ്റ്റിയറിംഗിൽ നിന്ന് വിട്ട് ഇടയ്ക്കിടെ കൈകൊട്ടുകയും താളത്തിനനുസരിച്ച് ചെറുതായി തുള്ളുകയും ചെയ്തുകൊണ്ട് ഞാൻ പിള്ളേരെ പ്രോത്സാഹിപ്പിച്ചു. “ദമ്മാലേ.. ദമ്മാ ദമ്മാ ദമ്മാലേ.. “

പാട്ട് മുറുകി പകുതിയ്ക്കപ്പുറം കടന്നപ്പോൾ പെട്ടെന്നൊരു മിന്നൽ! ഫ്ലാഷ്!!
റിയാലിറ്റി ഷോകളിൽ അനർഥങ്ങളുണ്ടാവുമ്പോഴെന്നപോലെ ആ ഫ്ലാഷിൽ കുളിച്ച് ഞങ്ങളെല്ലാം ഒരു നിമിഷത്തേക്ക് വെള്ളിപോലെ വിളറി:

“ഡീ.. ക്യാമറ അടിച്ചെന്നാ തോന്നുന്നെ..” പരിഭ്രമത്തോടെ ഞാൻ ബ്രേക്ക് പകുതി ചവിട്ടി
“തോന്നുന്നതല്ല.. അടിച്ച്! ക്യാമറ അടിച്ച്!!, നിങ്ങളാ നാശം പിടിച്ച പാട്ടൊന്ന് ഓഫ് ചെയ്യ്” - അവൾ എന്നേക്കാൾ പരിഭ്രമിച്ചു!

പറയേണ്ട താമസം, പേടിച്ചരണ്ട് ഞാൻ ‘ലാക്കിമരുന്ന്’ ഓഫ് ചെയ്തു. ഉടനെ പിള്ളേർക്ക് പാട്ടുവേണം. “ഇരിയെടാ അവിടെ! അവന്റെയൊരു പാട്ട്! അടങ്ങി ഒരിടത്തിരുന്നോണം”- പരിഭ്രമിച്ചുപോയ ഭാര്യ പിള്ളേരെ ഭീഷണിപ്പെടുത്തി അടക്കിയിരുത്തി. ഫ്ലാഷിന്റെ ശക്തി കാറിനെ പിടിച്ചു കുലുക്കിയിരുന്നോ എന്ന് ചെറിയൊരു അബോധാവസ്ഥയിൽ ഓർക്കാൻ ശ്രമിക്കുകയായിരുന്നു അപ്പോൾ ഞാൻ. ‘ചിരിയുടെ വെൺ പ്രാവുകൾ’ അതാ പറന്നുപറന്നു പോകുന്നു. ശ്രേയയുടെ പാട്ടാണ് ക്യാമറയടിക്കാൻ കാരണമെന്ന് അവൾക്ക് വേണമെങ്കിൽ നിഷ്പ്രയാസം സ്ഥാപിക്കാനാവും. അവൾ അത് ചെയ്യുമെന്നും ഉറപ്പാണ്. ഇപ്പോൾത്തന്നെ ഒരു അടിച്ചുപൊളിപ്പാട്ടു പോലും അവളുടെ കണ്ണിൽ ‘നാശം പിടിച്ച പാട്ടായി’ മാറിയിട്ടുണ്ട്. പന്ത് ഇപ്പോൾ അവളുടെ കാലിലാണ്. പെനാൽറ്റി ഷൂട്ടൗട്ട് നേരിടാൻ നിൽക്കുന്ന ഗോളിയുടെ മാനസികാവസ്ഥായാണ് എനിക്കിപ്പോൾ. ശ്രേയാ ഘോഷാലിന്റെ ഗുലാബ് ജാമൂൻ തൊണ്ടയിൽക്കുടുങ്ങി കയ്ക്കുന്നതായി തോന്നി. 600 ദിർഹം ഫൈൻ അടയ്ക്കുന്നതിനേക്കാൾ അവളുടെ നിർദ്ദേശങ്ങളും ആജ്ഞകളും പരാതികളും ഇനി ഞാൻ കേൾക്കണം എന്നോർക്കുമ്പോഴാണ്!. പരസ്പരബന്ധമില്ലാത്ത സംഗതികളെ ചേർത്തുവെച്ച് വലിയ ഖണ്ഢികകളുണ്ടാക്കാൻ സ്ത്രീകൾക്കുള്ള കഴിവ് അപാരമാണ്.
അവൾ തുടങ്ങിക്കഴിഞ്ഞു:

“ഞാൻ നൂറുപ്രാവശ്യം പറഞ്ഞതാണ് ആവശ്യമില്ലാത്ത പാട്ടുകൾ കാറിൽ ഇടരുതെന്ന്.. അംഗീകരിച്ചു തരരുത്.. ഇതുപോലെ അനുഭവം വന്നെങ്കിലേ പഠിക്കൂ.. 800 ദിർഹം പോയില്ലേ? ഓ.. എനിക്ക് ഒരു തരി പൊന്നു വാങ്ങിത്തരാൻ മാത്രം ആരുടേയും കയ്യിൽ കാശില്ല. അതു പറയുമ്പോൾ എന്തൊക്കെ ന്യായങ്ങളാ? ഇങ്ങനെ കാശ് കൊണ്ടുക്കളയുന്നതിന് യാതൊരു മടിയുമില്ല.. ഒരാഴ്ച മുമ്പ് മിൻഷായുടെ കയ്യീന്ന് ഓൺലൈൻ വഴി ഒരു ചുരിദാർ വാങ്ങാമെന്നു പറഞ്ഞപ്പോ അതിനും കാശില്ല.. ഇതിനൊക്കെ കാശുണ്ട്.. ഇപ്പം ചിരീം കളീം ഒക്കെ പോയല്ലോ.? വേറേ എന്തുമ്മാത്ര പാട്ടുകൾ ആ USBയിൽ ഉണ്ടായിരുന്നു? ഹൊ! ഉടനേ ആ ശകുനം പിടിച്ച പാട്ടുതന്നെ കേൾക്കണം! പെണ്ണുങ്ങൾ പറയുന്നതിലും കാര്യമുണ്ടെന്നോർക്കണം” - ഇങ്ങനെ കുറേം കാര്യങ്ങൾ.

അവളുടെ ഈ സംഭാഷണങ്ങളിൽ വസ്തുതാപരമായി ഒരുപാട് തെറ്റുകളുണ്ട്. ഉദാഹരണത്തിന് ഫൈൻ തുക 800 ആവില്ല. അറുന്നൂറേ ആകാൻ സാധ്യതയുള്ളൂ. പക്ഷേ, ഈ അവസരത്തിൽ തിരുത്താൻ ശ്രമിക്കുന്നത് വലിയ അബദ്ധമായിരിക്കും. സംഭാഷണത്തിന്റെ വ്യാപ്തി കൂട്ടാൻ മാത്രമായിരിക്കും അത് ഉപകരിക്കുക.

ഒരു മഹാപ്രതിസന്ധിയിലാണ് ഞാനിപ്പോൾ വന്നുപെട്ടിരിക്കുന്നത്. ഫൈൻ അടയ്ക്കുന്നതുകൂടാതെ ഇനിമുതൽ എന്റെ ഇഷ്ടത്തിനനുസരിച്ച് പാട്ടിടാൻ പഴയതിലേറെ ബുദ്ധിമുട്ടേണ്ടിവരും. ചിലപ്പോൾ സാധിച്ചില്ലെന്നും വരും. കൂടാതെ, വീട്ടിലെത്തിയാലുടൻ ഒരു സ്വർണ്ണ വ്യാപാര കരാറിലും പിന്നൊരു വസ്ത്രവ്യാപാര കരാറിലും ഒപ്പിടേണ്ടിയും വരും.

ചില പ്രതീക്ഷകളും മനസ്സിൽ നാമ്പിടാതിരുന്നില്ല. ദുബായിൽ ഇപ്പോൾ വേഗതയെ ഓർമ്മിപ്പിക്കുന്ന വാണിംഗ് ഫ്ലാഷുകളും ഉണ്ട്. അതിന് ഫൈൻ ഇല്ല. ഇനി ഇത് അതുവല്ലതും ആണെങ്കിലോ? ഞാൻ വണ്ടി സൈഡിൽ ഒതുക്കി. ഇക്കാര്യത്തെക്കുറിച്ച് അറിയാൻ ഓരോ കൂട്ടുകാരെയായി വിളിച്ചുനോക്കി. ആ റോഡിൽ വാണിംഗ് ഫ്ലാഷ് ഉണ്ടാവാനും ഇല്ലാതിരിക്കാനുംള്ള സാധ്യതകൾ മാത്രം ഓരോരുത്തരും ഷെയർ ചെയ്തു. എന്നാൽ ഷാഹിദിനെ വിളിച്ചപ്പോഴാണ് സമാധാനമായത്. അവന് ഇതേ റോഡിൽ നിന്ന്, ഇതേ സ്പോട്ടിൽ നിന്ന് കഴിഞ്ഞമാസം രണ്ടുതവണ ക്യാമറ അടിച്ചിരിക്കുന്നു. അവ ഉൾപ്പടെ 2200 ദിർഹം ഇക്കഴിഞ്ഞയാഴ്ച അടച്ചിട്ടേയുള്ളൂ എന്നും പറഞ്ഞു.

അതായത്, ‘അപ്രത്തെ വീട്ടിലും കറണ്ടുപോയി’!

എനിക്കും ഭാര്യയ്ക്കും കുറച്ചൊക്കെ സമാധാനമായി. ചിരിയുടെ വെൺപ്രാവുകൾ ആ യാത്രയിൽ പിന്നീട് തിരിച്ചുവന്നില്ലെങ്കിലും ആശ്വാസത്തിന്റെ വെള്ളരിപ്രാവുകൾ മനസ്സിലിരുന്ന് കുറുകി. ക്യാമറ അടിച്ച ദു:ഖത്തിൽ ആരെങ്കിലും വിളിക്കുകയാണെങ്കിൽ അയാളെ സമാധാനിപ്പിക്കാൻ പറ്റുന്ന ഏറ്റവും വലിയ കാര്യം ‘എനിക്കും കഴിഞ്ഞയാഴ്ച ക്യാമറയടിച്ചു, ഒന്നല്ല, രണ്ടെണ്ണം’ എന്നുപറയലാണെന്ന് ബോധ്യമായി. ആ രീതിയാണ് ഇപ്പോൾ ഞാൻ പിന്തുടരുന്നത്. ഇന്നലെക്കൂടി ഒരുത്തനെ സമാധാനിപ്പിച്ചിട്ടേയുള്ളൂ.

ഇനി, അപശകുനം പിടിച്ച പാട്ടുകൾ കാറിൽ പ്ലേ ചെയ്യുന്നതുകൊണ്ട് കുഴപ്പമുണ്ടോ എന്നു ചോദിച്ചാൽ, അത് ഒഴിവാക്കുന്നതാണ് നല്ലതെന്നാണ് അഭിപ്രായം. മുകളിലെ സംഭവത്തോടെ ഞാനൊരു അന്ധവിശ്വാസിയായി എന്നു നിങ്ങൾ കരുതരുത്. ഞാനൊരു അന്ധവിശ്വാസിയല്ല. ശാസ്ത്രീയമായ യാതൊരടിത്തറയും അത്തരം വിശ്വാസങ്ങൾക്കില്ല എന്നും എനിക്കറിയാം.

എന്നാലും, വേണ്ടെടോ..

മഴക്കാലത്തെ ചില പാലായനങ്ങൾ

കേരളത്തിൽ അങ്ങനെയാണ്. മഴ പെയ്താലും പെയ്തില്ലെങ്കിലും കറണ്ട് പോകും. ഒരിക്കൽ, ഒരു സമ്മറിലെ കൊല്ലപ്പരീക്ഷ സമയത്ത് കറണ്ട് കട്ട് സഹിക്കവയ്യാതെ ഉമ്മാമയുടെ ധാർമ്മിക രോഷം ഇളകി : "പിള്ളേരുടെ പരീക്ഷയായിട്ട് ഇവന്മാരിതെന്ത് കാണിക്കുവാ? "

"അത്, ഉമ്മാമേ, ഡാമിൽ വെള്ളമില്ല"- ഞാൻ പറഞ്ഞു.

"ഇവന്മാർക്ക് ഇത് നേരത്തിനും കാലത്തിനും നിറച്ചിട്ടുകൂടേ?, പിള്ളേർക്ക് പരീക്ഷയാണെന്ന് അറിഞ്ഞുകൂടേ? ഏതവനാടാ ഇപ്പം ഭരിക്കുന്നത്?"- ഉമ്മാമയുടെ വക മൂന്നാല് ചോദ്യങ്ങൾ ഒരുമിച്ച്.

ഇതു കേട്ടിട്ട് വീട്ടിൽ മുഴുവൻ കൂട്ടച്ചിരിയായിരുന്നു. ഉമ്മാമ വിചാരിക്കുന്നത് മോട്ടറുവെച്ച് ടാങ്കിൽ വെള്ളം അടിച്ചുകയറ്റിയിടുന്നപോലെ എന്തോ സംഭവമാണ് ഇടുക്കി ഡാം എന്നാണ്.
രണ്ടാഴ്ചമുമ്പുണ്ടായ കാറ്റിലും പെശരിലും മംഗലം ഗുരുമന്ദിരത്തിനടുത്ത് ഒരു മാവ് മറിഞ്ഞ് 11കെവി ലൈനിന്റെ പുറത്തുവീണു. മാവെന്നു പറഞ്ഞാൽ ഭയങ്കരനൊരു മാവ്!. മാർത്താണ്ഡ വർമ്മയുടെ കാലത്തെങ്ങാണ്ട് നട്ടതാണ്. സംഭവം ലൈനിലേക്ക് വീണതോടെ ലൈൻ പൊട്ടുകയും അപ്പുറവും ഇപ്പുറവും ഉണ്ടായിരുന്ന രണ്ട് കോൺക്രീറ്റ് പോസ്റ്റുകൾ അടിയിൽ നിന്ന് ഒടിഞ്ഞ് ചരിഞ്ഞുപോവുകയും ചെയ്തു. കെ എസ് ഇ ബിക്കാർ അവരുടെ കയ്യിലുള്ള ഓല കോതുന്ന ചെറിയ അരിവാളും ചുറ്റികയുമൊക്കെയായി വന്നെങ്കിലും സീൻ കണ്ട് കണ്ണുതള്ളി നിൽക്കുകയാണ്. 'മാവ് പൊക്കി മാറ്റാൻ ആനയെ വിളിക്കണോ ആളിനെ വിളിക്കണോ' എന്ന് ഒരു വശത്ത് നാട്ടുകാരും ഉദ്യോഗസ്ഥരുമായി ചർച്ചയും തർക്കങ്ങളും. 'നഷ്ട പരിഹാരം കിട്ടിയിട്ടേ മാവ് എടുത്തുമാറ്റാൻ പറ്റൂ' എന്ന് വസ്തുവിന്റെ ഉടമ പള്ളിക്കൂടത്തിൽ പോയിട്ടില്ലാത്ത ഭാർഗവൻ ചേട്ടൻ.

കെ എസ് ഇ ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ സ്ഥലത്തെത്തി സംഭവ വികാസങ്ങൾ നിരീക്ഷിച്ച ശേഷം പറഞ്ഞു: "പ്രശ്നങ്ങളെല്ലാം പരിഹരിച്ച് വൈദ്യുതി പുന:സ്ഥാപിക്കാൻ രണ്ടുദിവസമെങ്കിലും എടുക്കും". മനോരമയുടെ പ്രാദേശിക ലേഖകൻ പ്രസ്താവന എഴുതിയെടുത്തോണ്ട് പോയി. ആ സീൻ കാണുന്ന ഏതു നാട്ടുകാരനും അറിയാം ഇനി കറണ്ടു വരാൻ മിനിമം അഞ്ച് ദിവസമെങ്കിലും എടുക്കുമെന്ന്. "ഓല വീണാൽ ഒരു ദിവസമെടുക്കുന്ന കെ എസ് ഇ ബി, മാവ് വീണാൽ എത്ര ദിവസമെടുക്കും?"- ഇതായിരുന്നു അവിടെ നാട്ടുകാരുടെ വക ഉയർന്നുകേട്ടതിൽ ഏറ്റവും ലോജിക്കുള്ള ചോദ്യം.

തുള്ളിക്കൊരുകുടമെന്ന കണക്കെ നിർത്താതെ മഴയുപെയ്യുന്ന ഈ പ്രതികൂല കാലാവസ്ഥയിൽ ആ ചോദ്യം കൂടുതൽ പ്രസക്തവുമാണ്.

ഹോ.. അഞ്ചു ദിവസം കറണ്ടില്ലാതെ എങ്ങനെ കഴിയും? ആദ്യത്തെ രാത്രിമുഴുവൻ മെഴുകുതിരി കത്തിച്ചുവെച്ച് ഇതുതന്നെയായിരുന്നു വീട്ടിലെ ചർച്ച. രാത്രിയാവുമ്പോൾ കൊതുകുകൾ ഇരച്ചുവരും. മുകളിലെ ഫാനുകൾ കറങ്ങില്ല. കൊതുകു ബാറ്റിന്റെ ചാർജ്ജ് തീരുമെന്നതിനാൽ അതുകൊണ്ട് യാതൊരു ഗുണവുമുണ്ടാവില്ല. ഇപ്പോൾത്തന്നെ രണ്ടര വയസ്സുള്ള എന്റെ മോന്റെ ദേഹത്തെ കൊതു കുത്തിയ തടിച്ച പാടുകൾ കണ്ടാൽ നമുക്ക് കരച്ചിൽ വരും. അപ്പോൾപ്പിന്നെ കറണ്ട് ഇല്ലെങ്കിലുള്ള സ്ഥിതിയോ?

അഞ്ചുദിവസം കറണ്ടില്ല എന്നാൽ അഞ്ചുദിവസം വെള്ളമില്ല എന്നുകൂടിയാണ് അർഥം. ടാങ്കിലെ വെള്ളം ഏതാണ്ട് ഒന്നര ദിവസംകൊണ്ട് തീരും. ബാക്കി മൂന്നര ദിവസങ്ങൾ പ്രാകൃത മരുഭൂവാസികളെപ്പോലെ ജീവിക്കേണ്ടിവരും. കുടിയ്ക്കാനും കുളിക്കാനും പാകം ചെയ്യാനും വെള്ളമില്ലാതെ വലയും.

"ഇനി എന്തു ചെയ്യും? " എല്ലാവരും ഇതേ ചോദ്യം പരസ്പരം ചോദിച്ചു.

"എന്നെ അമ്പലപ്പുഴെ കൊണ്ടുചെന്നാക്കിയേക്ക്" - ഹസീന പറഞ്ഞു.

ചേട്ടന്റെ ഭാര്യ ഉയർത്തിയ ഈ അഭിപ്രായ പ്രകടനം തദ്ദേശഭവനവാസികളിൽ ചെറിയൊരു അസ്വാരസ്യം പരത്തി.
എന്റെ ഭാര്യ ഫാത്തിമയ്ക്കും സമാനമായ ഒരു ആശയം ഉള്ളിലുണ്ടായിരുന്നെങ്കിലും സിറ്റുവേഷൻ ചേയ്ഞ്ചാകുന്നതു മനസ്സിലാക്കി അത് ഉന്നയിക്കാൻ ശ്രമിച്ചില്ല. എന്തുതന്നെയായാലും പ്രധാന ചോദ്യം അങ്ങനെതന്നെ നിലനിന്നു: 'ഇനി എന്തു ചെയ്യും'?
വാട്ടർ ടാങ്കിലെ അവസാന തുള്ളി വെള്ളവും തീർന്നതിനു ശേഷമാണ് ഞങ്ങൾക്കൊരു ഉത്തരം കിട്ടിയത്: "മുംതാസിന്റെ വീട്ടിലേക്ക് പോവുക!".

മുംതാസ് പെങ്ങളാണ്. ഇപ്പോൾ കായംകുളത്ത് വലിയ വീടൊക്കെ വെച്ച് താമസിക്കുന്നു. അവിടെ വെള്ളത്തിനു ക്ഷാമമില്ല. മുൻസിപ്പാലിറ്റി ആയതുകൊണ്ട് അങ്ങനിങ്ങനെ കറണ്ടുപോവുകയില്ല. എല്ലാവർക്കും കിടക്കാൻ ആ വീട്ടിൽ ഇടമുണ്ട്.

എന്തായാലും, മുംതാസിന്റെങ്ങ് പോയി നിൽക്കുന്ന കാര്യത്തിൽ ഒരു രൂപരേഖയായി. ഉമ്മാമയ്ക്ക് ഇതിൽ അല്പം അഭിമാനക്കുറവുണ്ട്. കൂടാതെ യാത്ര ചെയ്യാനും വയ്യ! ഉമ്മാമാ വരാത്തതുകൊണ്ട് വാപ്പായും ഉമ്മായും വരുന്നില്ലെന്ന് തീരുമാനിച്ചു. അവർക്ക് മൂന്നുപേർക്കുമുള്ള ഫുഡ് പെങ്ങളുടെ വീട്ടിൽ നിന്ന് കൊണ്ടുവന്നു കൊടുക്കും. ഇതിനിടെ എപ്പോഴെങ്കിലും കറണ്ടു വന്നാൽ അവർ വിളിച്ചു പറയും. അവസാന മിനുക്കുപണിയെന്ന രൂപത്തിൽ വാപ്പ പറഞ്ഞു : "എങ്കിൽ കഴുകാനുള്ള മുണ്ടും തുണികളും കൂടി വാരിക്കെട്ടി കൊണ്ടുപോയ്ക്കോ, അവിടാകുമ്പം ഇഷ്ടത്തിനു വെള്ളമുണ്ടല്ലോ"

ഇതുകൂടെ കേട്ടപ്പോ അതുവരെ സഹിച്ചു നിൽക്കുകയായിരുന്ന ഉമ്മാമ പദ്ധതിയ്ക്ക് ഇടങ്കോലിട്ടു: "എടാ, മാനോം അഭിമാനോം വേണം.. വെള്ളം കുടിച്ചില്ലെങ്കി വെള്ളം കുടിച്ചില്ലെന്നേയുള്ളൂ, എന്നേക്കൊണ്ടൊന്നും പറയിക്കാതെ എല്ലാവനും അകത്ത് കേറിപ്പോ.. വെള്ളം വരുമ്പം വരട്ടെ"

ആറാട്ടുപുഴ എന്ന ഞങ്ങളുടെ നാടിൽ അഭിമാനം കൊള്ളുന്നൊരു ദേശസ്നേഹിയാണ് ഉമ്മാമ. ആറാട്ടുപുഴക്കാർ പണ്ട് പൂച്ചയെക്കൊണ്ടുക്കളഞ്ഞിരുന്ന സ്ഥലമാണ് കായംകുളം എന്നാണ് ഉമ്മാമ പറയാറ്. കായംകുളത്തുന്ന് ഒരുപാട് ആളുകൾ പണ്ട് കയറുപിരിയ്ക്കാനും തൊണ്ടുതല്ലാനും തെങ്ങിനു തടമെടുക്കാനും മീൻ ഉണക്കാനുമൊക്കെ ആറാട്ടുപുഴയിൽ വരാറുണ്ടായിരുന്നെന്നും, പണ്ട് കുറ്റിക്കാടും കൊള്ളക്കാരുമായിക്കിടന്നിരുന്ന സ്ഥലമായിരുന്നു കായംകുളം എന്നുമൊക്കെയാണ് ഉമ്മാമയുടെ വാദങ്ങൾ. "എന്നുമുതലാടാ, ഈ മുൻസിപ്പാലിറ്റി ഒക്കെ ഉണ്ടായത്? " - ഉമ്മാമ ചോദിക്കും.

ഇത് കൂടാതെ വേറേയും ചില ചരിത്ര സങ്കൽപ്പങ്ങൾ ഉമ്മാമ വെച്ചുപുലർത്തുന്നുണ്ട്. ഞങ്ങളുടെ വീടു നിൽക്കുന്നിടം പഴയ ഒരു ഈഴവ പ്രമാണിയുടെ കയ്യിൽ നിന്ന് വാങ്ങിയതാണ്. അയാളുടെ അപ്പനപ്പുപ്പന്മാർക്ക് ഒരു നായർ പ്രമാണിയുടെ കയ്യിൽ നിന്നാണ് ഈ വസ്തു കിട്ടുന്നത്. അന്ന് അതിൽ ഒരു പുര കൂടി ഉണ്ടായിരുന്നു. പുര പിന്നീട് നശിച്ചുപോയി. ഉമ്മാമയുടെ ഉപ്പുപ്പ ഇത് ഈഴവപ്രമാണിയിൽ നിന്ന് വാങ്ങുമ്പോൾ അവിടെ നശിച്ചുപോയ ഒരു എരുത്തിലിന്റെ അവശിഷ്ടങ്ങളുണ്ടായിരുന്നു. നായർ പ്രമാണിയിൽ നിന്ന് ഈഴവ പ്രമാണിയിലേക്ക് കൈമാറിയ കഥയനുസരിച്ച് അത് 18ആം നൂറ്റാണ്ടിൽ ടിപ്പു സുൽത്താന്റെ പടയോട്ടത്തിൽ നശിപ്പിക്കപ്പെട്ട എരുത്തിലായിരുന്നു. എന്നിട്ട് ടിപ്പു അതിലുണ്ടായിരുന്ന പശുവിനേയും ക്ടാവിനേയും പിടിച്ചുകൊണ്ടുപോയി; എന്നൊക്കെയാണ് കഥ. 'അതെന്തിനാ പശുവിനെ പിടിചോണ്ടു പോയതെ'ന്ന് കഥയ്ക്കിടെ കുഞ്ഞുന്നാളിൽ ഞങ്ങൾ ചോദിക്കാറുണ്ടായിരുന്നു. അപ്പോഴൊക്കെ ഉമ്മാമ പറയും : "പടയാളികൾക്ക് ചായയിട്ടു കൊടുക്കാൻ.."

"അപ്പോ ക്ടാവിനെയോ? "

"അത്.. പശുവിനെ കാണാതിരുന്നാൽ ക്ടാവ് വിഷമിക്കില്ലേ എന്ന് സുൽത്താന് തോന്നിക്കാണും"- എന്നിട്ട് ഉമ്മാമ പറയും : "സുൽത്താന്മാർക്കൊക്കെ ഓരോരോ വിചിത്ര രീതികളാണ്!"

ഞാൻ ഇതൊക്കെ പറയുന്നതെന്തിനാന്നുവെച്ചാൽ ഉമ്മാമയെ നയിക്കുന്ന ഇത്തരം ചില ഈഗോകളാണ് കുടുംബത്തിന്റെ പല പദ്ധതികൾക്കും ഇടങ്കോലിടാൻ പ്രേരിപ്പിക്കുന്നത് എന്ന് സൂചിപ്പിക്കാനാണ്. തകർക്കപ്പെട്ടതിന്റെ ചരിത്രമാണെങ്കിലും ഒരു ചരിത്രമുണ്ട് എന്നതാണ് ഉമ്മാമയെ അഭിമാനിയാക്കുന്ന ഘടകം. ജ്യേഷ്ഠൻ ഷമീർ പക്ഷേ നേരത്തേ പറഞ്ഞ സിറ്റുവേഷൻ വളരെ സമർഥമായി ടാക്കിൾ ചെയ്തു.

"പണ്ട് സുനാമി വന്ന സമയത്ത് ഉമ്മാമ കരുവാറ്റയിലെ ചേട്ടത്തീടെ വീട്ടിലേക്ക് പേടിച്ചോടിയല്ലോ.. അതെന്തായിരുന്നു?"- അവൻ ചോദിച്ചു.

"അതുപിന്നെ ഒരാവശ്യം വരുമ്പം..." - ഉമ്മാമ വിക്കി

"എങ്കിൽ ഇതും അങ്ങനാ.. "- ഷമീർ ഒരു പഞ്ചുകൂടി കൊടുത്തു.

"അതിന് ഞാൻ നിന്റെ പെങ്ങടെ വീട്ടിലേക്ക് പോകണ്ട എന്നു പറഞ്ഞില്ലല്ലോ.. ഇങ്ങനെ കാടിളക്കി ഇവിടുത്തെ നാട്ടുകാരേം അറിയിച്ച്, അവിടുത്തെ നാട്ടുകാരേം അറിയിച്ച് നാണക്കേടുണ്ടാക്കരുതെന്നേ പറഞ്ഞുള്ളൂ.. " ഉമ്മാമ അയഞ്ഞു.

അങ്ങനെ, ഞങ്ങൾ നാലുപേരും പിന്നെ മൂന്നു പിള്ളേരുമായി പാതിരാത്രി കാറുമെടുത്ത് കോരിച്ചൊരിയുന്ന മഴയത്ത് കുടിവെള്ളം തേടി തെക്കുദിക്കിലേക്ക് യാത്രയായി. നേരത്തേ വിളിച്ചറിയിച്ചതിനാൽ പെങ്ങൾ ഗേറ്റ് തുറന്നിട്ടിരുന്നു. വണ്ടി പാർക്ക് ചെയ്ത് അയൽക്കാരാരും ഉണരാതിരിക്കാൻ കള്ളന്മാരെപ്പോലെ അളിയന്റെ ബെഡ് റൂമിന്റെ ജനാലയിൽ ചെന്ന് മുട്ടിവിളിച്ചു
അളിയാ.. കതക് തുറക്ക് (പതിഞ്ഞ ശബ്ദം.) (3)

അളിയൻ പോത്തുപോലെ കിടന്നുറങ്ങുന്നു.
മുംതാസ് വന്ന് കതക് തുറന്നുതന്നു. പുറത്ത് അധികനേരം നിൽക്കാതെ കെട്ടും ഭാണ്ഡങ്ങളുമായി ഞങ്ങൾ വീട്ടിലേക്ക് ഇരച്ചുകയറി. സ്വന്തം പെങ്ങളുടെ വീട്ടിൽ കള്ളനെപ്പോലെ കയറുകയും പിന്നീട് അഭയാർഥിയാകേണ്ടിവരികയും ചെയ്യുക; എന്തൊരു ദുര്യോഗമാണിത്.

നേരത്തേ മൊബൈലിലൂടെ അപേക്ഷിച്ച കാര്യങ്ങൾ അവളെ ഒന്നുകൂടി ധരിപ്പിച്ചു: "ഞങ്ങൾ ഇവിടെയുള്ള കാര്യം പുറത്താരും അറിയണ്ട. ഏതെങ്കിലും കാരണവശാൽ അറിഞ്ഞാൽത്തന്നെ ആറാട്ടുപുഴയിൽ വെള്ളം കിട്ടാഞ്ഞിട്ടാണ് ഇവിടെ വന്നത് എന്നറിയണ്ട". അവസാനമായി, അവളുടെ ദേശീയ വികാരം ചെറിയ രീതിയിൽ ഒന്നിളക്കിവിടുകയും ചെയ്തു: "നീയും ഒരു ആറാട്ടുപുഴക്കാരിയാണ് എന്നു മറക്കരുത്!"

മാർത്താണ്ഡവർമ്മയുടെ മാവ് കാരണം ഉണ്ടായ ദുര്യോഗങ്ങളിൽ മനം നൊന്തു കിടന്നതുകാരണം പിള്ളേർക്കൊഴികെ ഞങ്ങൾ നാലുപേർക്കും അന്ന് ശരിയ്ക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. കാലത്ത് വെയിൽ ഉദിച്ചുവരുന്നതു കണ്ട് പെണ്ണുങ്ങൾക്ക് സന്തോഷമായി. ഇപ്പോൾ തെളിഞ്ഞു നിൽക്കുന്ന കാലാവസ്ഥ എപ്പോൾ ഇരുളും എന്നറിയാത്തതുകൊണ്ട് അവർ അപ്പോൾത്തന്നെ തുണിയെല്ലാം വാരി വാഷിംഗ് മെഷീനിലിട്ട് അലക്കാൻ തുടങ്ങി. അഭയാർഥികളായി വന്നവരാരും വീടിനു പുറത്തിറങ്ങണ്ട എന്നു തീരുമാനമുള്ളതിനാൽ അയയിൽ തുണി വിരിക്കാൻ മുംതാസുതന്നെ മുന്നോട്ടു വന്നു. അപ്പുറത്ത് പോത്തുപോലെ കിടന്നുറങ്ങുന്ന അളിയന്റെ അഭിമാനവും അവൾ സംരക്ഷിക്കണമല്ലോ.

അവൾ ബക്കറ്റിൽ നിന്ന് ഒന്നുരണ്ട് ചുരിദാറെടുത്ത് അയയിലങ്ങോട്ടു വിരിച്ചില്ല അപ്പഴത്തേക്കും തെക്കേലെ സൗദാത്ത അവരുടെ വീട്ടിന്റെ രണ്ടാം നിലയിലെ ബാൽക്കണിയിൽ നിന്നൊരു ചോദ്യം താഴേക്ക് എറിഞ്ഞു:

"മുംതാസേ... ഇതേതാ ചുരിദാറ്? ഞാൻ കണ്ടിട്ടില്ലല്ലോ? "

ചുറ്റുവട്ടത്തുള്ള പെണ്ണുങ്ങൾക്ക് ഏതൊക്കെ നിറത്തിൽ എത്രെയൊക്കെ ചുരിദാറുണ്ട്, സാരിയുണ്ട് പാവാടയുണ്ട്, ഏതൊക്കെത്തരം കമ്മലുകളുണ്ട്, മാലയുണ്ട്, ചെരിപ്പുണ്ട് തുടങ്ങി എല്ലാ വിവരങ്ങളും സൗദാത്തായ്ക്ക് കൃത്യമായി അറിയാം.
"അ..അ.. അതുപിന്നെ ഇത് നാത്തൂന്റെ ചുരിദാറാ.. അവർ തിരുവനന്തപുരത്ത്ന്ന് തിരിച്ചു പോകും വഴി ഇവിടെ കേറി.. വഴിയിൽ വെച്ച് കുഞ്ഞ് ഡ്രസ്സിൽ മൂത്രമൊഴിച്ചു." - ഇത്തിരി സത്യത്തിലേക്ക് അല്പം കള്ളവും ചേർത്ത് ചെറിയൊരു കഥയുണ്ടാക്കി അവൾ.

"അപ്പം മറ്റേ ചുരിദാറോ?"

"അ.. അ.. അത് മറ്റേ നാത്തൂന്റെയാ.."
"ഓ.. അപ്പോ എല്ലാവരും വന്നോ?"

"ഇല്ല, ആങ്ങളമാരും അവരുടെ ഫാമിലിയും മാത്രം!"

'നാശത്തിന് എന്തൊക്കെ അറിയണം?' എന്ന് പിറുപിറുത്തുകൊണ്ട് അവൾ ബാക്കി ഡ്രെസ്സ് അവിടെ വിരിയ്ക്കാതെ അയൽക്കാരുടെ നോട്ടമെത്താത്ത അടുക്കളവശത്തെ അയകളിൽ കൊണ്ടുവന്നു തൂക്കി.

അളിയൻ ഉറക്കം എണീറ്റപ്പോഴേക്ക് ഏതാണ്ട് പതിനൊന്ന് മണിയോളമായി. ജിയോ വന്നതിനു ശേഷം ഇന്റർനെറ്റിന് അടിമയായ അളിയൻ ഇപ്പോൾ ആരുടേയും മുഖത്ത് നോക്കി സംസാരിക്കാറില്ല. മൊബൈലിൽ കുത്തിക്കൊണ്ടുതന്നെ വിശേഷങ്ങളൊക്കെ ചോദിക്കാൻ പ്രത്യേക വൈദഗ്ധ്യം അളിയൻ ഇതിനകം സ്വായത്തമാക്കിക്കഴിഞ്ഞു.

"ആറാട്ടുപുഴയിൽ ജിയോയ്ക്ക് നല്ല റേഞ്ച് ഉണ്ടോ?"- രാവിലെ കണ്ടപ്പോൾ അളിയൻ ആദ്യം ചോദിച്ചത് അതാണ്.

ഉച്ചയായപ്പോൾ ഉമ്മാമയ്ക്കും മറ്റുള്ളവർക്കുമുള്ള ഭക്ഷണവുമായി ഷമീർ പോയി. വൈകും നേരമായപ്പോൾ അവൻ മടങ്ങിവരുന്നത് ഒട്ടേറെ വാർത്തകളുമായാണ്. അറക്കവാളും ക്രെയിനും ഒക്കെയായി ഡിപ്പാർട്ടുമെന്റുകാർ മരം മുറിച്ചു മാറ്റാൻ വന്നെങ്കിലും നഷ്ടപരിഹാരം കൊടുക്കാതെ മാവിൽ തൊടാൻ സമ്മതിക്കില്ലെന്നു പറഞ്ഞ് ഭാർഗവൻ തടിയിൽ കെട്ടിപ്പിടിച്ചുകൊണ്ട് ഒരേ കിടപ്പായിരുന്നത്രേ..!. ഒടുക്കം കളക്ടർ വന്ന് ഭാർഗവനെ ഭീഷണിപ്പെടുത്തിയശേഷമാണ് കാര്യങ്ങൾ നേരാം വണ്ണം ആയത്. മഹാരാജാവിന്റെ മരം എന്നനിലയിൽ മരം മുറിച്ചുമാറ്റിയാൽ സർക്കാർ അതിന്റെ ചെലവു മുഴുവൻ വഹിക്കുമെന്നും അതല്ല മാവ് സ്വകാര്യ സ്വത്താണെന്ന് വാദിക്കുകയാണെങ്കിൽ ക്രെയിൻ വാടക, തൊഴിലാളികളുടെ കൂലി എന്നതെല്ലാം ഉൾപ്പടെ ഒരുലക്ഷത്തി ഇരുപതിനായിരം രൂപ കളക്ട്രേറ്റിൽ കെട്ടിവെക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. നഷ്ടപരിഹാരത്തുകയായി കൂടിവന്നാൽ കൃഷിഭവനിൽ നിന്ന് എണ്ണൂറു രൂപ കിട്ടുമായിരിക്കുമെന്നുകൂടി കളക്ടർ കൂട്ടിച്ചേർത്തു. മാവിൽ നിന്ന് പിടിവിടാൻ ഭാർഗവൻ ചേട്ടനെ പ്രേരിപ്പിച്ചത് ആദ്യത്തെ തുക ആയിരുന്നില്ല; രണ്ടാമത് പറഞ്ഞ തുകയായിരുന്നു.

ഇതിനിടെ, പുരാതനമായ മരങ്ങൾ സ്വകാര്യ സ്വത്താണോ എന്നതിനെ സംബന്ധിച്ച് നാട്ടിലെ വാട്ട്സാപ്പ് ഗ്രൂപ്പുകളിലും മറ്റും വലിയ സംവാദങ്ങൾ നടന്നു. വിതയ്ക്കാത്ത് ഒരാൾക്കും കൊയ്യാനുള്ള അവകാശമില്ലെന്നും അതിർത്തികൾ ലംഘിച്ചു വളരുന്ന, മാവുകൾ പോലെയുള്ള വൃക്ഷങ്ങൾക്ക് ഒന്നിൽ കൂടുതൽ അവകാശികൾ ഉണ്ടാവുക സാധ്യമാണ് എന്നുമൊക്കെയുള്ള വാദങ്ങളിലൂടെ ചർച്ചകൾ വികസിച്ചുകൊണ്ടേയിരുന്നു.

മറ്റൊരു വാർത്ത, നാട്ടിലുള്ള ആളുകൾ ഇപ്പോൾ കുടവും കന്നാസുമൊക്കെയായി ദൂരെ സ്ഥലങ്ങളിൽ പോയാണ് വെള്ളം കൊണ്ടുവരുന്നത് എന്നതായിരുന്നു. ചില സ്വകാര്യ ടാങ്കറുകൾ വൈകും നേരങ്ങളിൽ വെള്ളം കച്ചവടം ചെയ്യാനും തുടങ്ങിയിട്ടുണ്ട്. അവർ വൈദ്യുതി പുന:സ്ഥാപനം വൈകിപ്പിയ്ക്കാൻ ചില ഉദ്യോഗസ്ഥരെ സ്വാധീനിക്കാൻ ശ്രമിച്ചുവെങ്കിലും ജനങ്ങൾ ഉപരോധ സമരങ്ങളും മറ്റും തുടങ്ങിയതിനാൽ പണി തകൃതിയായി തുടരാതിരിക്കാൻ ബോർഡിന് നിർവ്വാഹമില്ലാതെവന്നുവെന്നും ഷമീർ പറഞ്ഞു.

"തകൃതിയായി പണി നടക്കുന്നു എന്നുപറഞ്ഞാൽ പണി തീരാൻ ഇനി എത്ര ദിവസം കൂടി എടുക്കും?"

"ഇനിയും നാലു ദിവസം"

പറഞ്ഞതുപോലെ, നാലു ദിവസം കൊണ്ട് പണി പൂർത്തിയായി. പക്ഷേ, ഈ നാലു ദിവസങ്ങൾ കൊണ്ട് മുംതാസിന്റെ വീട്ടിന്റെ ഏതാണ്ട് അഞ്ചു കിലോമീറ്റർ ചുറ്റളവിൽ എല്ലാവരും അറിഞ്ഞു; കുടിവെള്ളവും കറണ്ടും ഇല്ലാത്തതിനാൽ ആറാട്ടുപുഴക്കാർ വന്ന് കായംകുളത്ത് താമസിക്കുന്ന വിവരം!. അതിൽ കുറേ ആളുകൾ കപടസഹതാപം നടിച്ച് ഞങ്ങളെ ആശ്വസിപ്പിക്കാനും വിവരങ്ങൾ ചോർത്താനും വന്നു.നാട്ടുകാർ ഈ വിവരം അറിഞ്ഞതെങ്ങാനും ഉമ്മാമ അറിഞ്ഞാൽ ഞങ്ങളെ കൊന്നുകളയും!

രണ്ട് ദിവസങ്ങൾക്കൂടി കഴിഞ്ഞപ്പോഴേക്ക് പെങ്ങളുടെ വീട്ടിലെ പൊറുതി അസഹ്യമായിത്തീർന്നിരുന്നു. ഉമ്മാമയുടെ പഴം പുരാണങ്ങളുടെ ഈർപ്പം കെട്ടിനിന്ന് പൂപ്പൽ പിടിച്ച ചുവരുകളാണെങ്കിലും സ്വന്തം വീട്ടിൽ കിടന്ന് ഉറങ്ങുന്നതിനേക്കാൾ നല്ല ഉറക്കം മറ്റൊരു പട്ടുമെത്തയിലും കിട്ടില്ലെന്ന കാര്യം ഞങ്ങൾക്ക് ബോധ്യമായിരുന്നു. നാലാമത്തെ ദിവസം, കാത്തിരിപ്പിന്റെ മൂർദ്ധന്യാവസ്ഥയിൽ, ഏതാണ്ട് പതിനൊന്ന് മണി രാത്രിയോടെ "കറണ്ടും വെള്ളവും വന്നു" എന്ന ശുഭവാർത്തയുമായി വാപ്പയുടെ ഫോൺ കോൾ എത്തി.

തിരികെപ്പോകാനായി എല്ലാവരും ഒരുങ്ങി, സാധനങ്ങളും ഭാണ്ഡക്കെട്ടുകളും കാറിനുള്ളിൽ കയറ്റുമ്പോഴേക്ക് വലിയൊരു കോള് മാനത്ത് ഉരുണ്ട് കൂടുകയും, മരങ്ങളിലെല്ലാം കാറ്റുവീശുകയും നാശം പിടിച്ച ഒരു മഴ പൊട്ടിവീഴാൻ തുടങ്ങുകയും ചെയ്തിരുന്നു.

7/10/17

ഉഷ്ണമേഖലാ പ്രശ്നങ്ങൾവെക്കേഷനു പോയിവന്നപ്പോഴേക്കും എ സിയുടെ തണുപ്പിനെച്ചൊല്ലി റൂമിൽ എല്ലാക്കൊല്ലവും നടന്നു വരാറുണ്ടായിരുന്ന വഴക്കിനും വക്കാണത്തിനും എന്തായാലും അറുതിയായി. സമ്മർ സീസൺ തുടങ്ങിക്കഴിഞ്ഞാൽ ക്യാമ്പ് ബോസ്സ് തുടച്ചയായി സന്ദർശിക്കുന്ന റൂമുകളിൽ ഏറ്റവും മുൻപന്തിയിൽ നിന്നിരുന്നത് ഞങ്ങളുടെ റൂമായിരുന്നു. കഴിഞ്ഞ കുറേക്കൊല്ലങ്ങളായി അയാൾക്ക് ചായയിട്ടുകൊടുക്കാൻ ചെലവഴിച്ച പാലിനും പഞ്ചസാരയ്ക്കും കണക്കില്ല. തേയിലയ്ക്കും!

രണ്ട് ഡബിഡക്കർ കട്ടിലുകളിലായി റൂമിൽ ആകെ നാലു പേരാണ് ഉള്ളത്. രണ്ടുപേർ കട്ടിലിന്റെ താഴേത്തട്ടിലും രണ്ടുപേർ മേലേത്തട്ടിലും. നാലുപേരും നാല് ടെമ്പറേച്ചർ സോണുകളിൽ ജീവിക്കുന്നു. ഞാൻ മുകൾത്തട്ടിൽ വിൻഡോ എ സിയുടെ നേരേ എതിർവശത്ത് അതിശൈത്യമേഖലയിലാണ്. എന്റെ താഴെയുള്ള വർഗീസച്ചായൻ ശീതോഷ്ണ മേഖലയിലും മറ്റു രണ്ടുപേരിൽ മുകളിൽ കിടക്കുന്ന രാജൻ ചേട്ടൻ കാറ്റ് നേരിട്ട് അടിക്കാത്തതും എന്നാൽ അത്യാവശ്യം തണുപ്പുള്ളതുമായ മിതശീതോഷ്ണ മേഖലയിലും പുതിയ അന്തേവാസി സുഭാഷ് ഏസിയുടെ ഭാഗത്തെ കട്ടിലിന്റെ അടിത്തട്ടിലെ ഉഷ്ണമേഖലയിലുമാണ് കിടപ്പ്. ഏറ്റവും അവസാനം പറഞ്ഞ മേഖല എങ്ങനെ ഉഷ്ണമേഖലയാവുന്നു എന്നെനിക്ക് പിടികിട്ടിയിട്ടില്ല. കാരണം തണുത്തവായു എപ്പോഴും താഴെയാണല്ലോ തങ്ങിനിൽക്കേണ്ടത്. ഏസിയിൽ നിന്നുള്ള കാറ്റിന്റെ ഗതിയൊക്കെവെച്ചു നോക്കിയാൽ മിതശീതോഷ്ണ മേഖല എന്നു പറഞ്ഞിടമാണ് യഥാർഥത്തിൽ ഉഷ്ണമേഖല ആവേണ്ടത്. പക്ഷേ എന്തുകൊണ്ടോ അത്തരം തത്വങ്ങൾ ഞങ്ങളുടെ റൂമിനെ സംബന്ധിച്ച് ഇന്നുവരെ ശരിയായി വന്നിട്ടില്ല.
 സുഭാഷ് വന്നിട്ട് ഇപ്പോൾ ഏതാണ്ട് ഒരു മാസമേ ആവുന്നുള്ളൂ. അതിനുമുമ്പ് ആ ബെഡ്ഡിൽ സലാഹുദ്ദീൻ എന്നൊരു തമിഴനായിരുന്നു. ഏസിയുടെ തണുപ്പുമായി ബന്ധപ്പെട്ടു നടക്കുന്ന തർക്കങ്ങളിൽ സലാഹുദ്ദീൻ ഒരിക്കലും ഭാഗഭാക്കായിരുന്നിട്ടില്ല. അവന് തണുപ്പ് കൂടിയാലും ഇല്ലെങ്കിലും ഒരു കുഴപ്പവുമില്ലായിരുന്നു. ഏത് ചൂടത്തും തണുപ്പത്തും നന്നായി ഉറങ്ങും. ഒരേയൊരു പ്രശ്നം; വെട്ടവും തട്ടലും മുട്ടലുമൊന്നും കക്ഷിക്ക് ഇഷ്ടമായിരുന്നില്ല. കഴിഞ്ഞ സമ്മറിൽ ക്യാമ്പിലേക്കുള്ള മെയിൻ ഫീഡർ കേബിളുകളിൽ രണ്ടെണ്ണം എരിഞ്ഞുപോയതുകാരണം മൂന്നു ദിവസം തുടർച്ചയായി കറണ്ട് ഇല്ലായിരുന്നു. ആ സമയത്തുപോലും അവൻ റൂമിൽത്തന്നെയാണ് കഴിച്ചുകൂട്ടിയത്. ഞാനും മറ്റു രണ്ടുപേരുമാവട്ടെ, ചൂട് സഹിക്കാനാവതെ ജിംനേഷ്യം ബിൽഡിംഗിന്റെ ടെറസ്സിൽപ്പോയിക്കിടന്ന് നേരം വെളുപ്പിച്ചു.

നാലാമത്തെ ദിവസം കുവൈറ്റ് ഇലക്ട്രിസിറ്റി ഡിപ്പാർട്ടുമെന്റ് വക നാല് ഭീമൻ ജനറേറ്ററുകൾ ട്രെലിലറുകളിൽ എത്തിച്ച് കറണ്ട് കണക്ട് ചെയ്തു. അന്ന് ക്യാമ്പിൽ ഉത്സവമായിരുന്നു. ഭീമൻ ജനറേറ്ററുകളുടെ ഭയങ്കരമായ ശബ്ദവും നീണ്ട മൂന്നു ദിവസത്തെ ഇരുട്ടിനു ശേഷം വന്ന വെളിച്ചവും എല്ലാംകൂടി അക്ഷരാർത്ഥത്തിൽ ഞങ്ങളുടെ ലേബർ ക്യാമ്പ് ഒരു ഉത്സവപ്പറമ്പായി മാറി. റൂമുകളിൽ നിന്ന് കുറേ അധികം പേർ വെളിയിലിറങ്ങി റെസിഡന്റ്സ് ബ്ലോക്കുകളുടെ ഇടവഴികളിൽ വീണ വെളിച്ചത്തിലൂടെ വെറുതേ നടന്നു. റൂമുകളിൽ കഴിഞ്ഞവരിൽ നിന്നാവട്ടെ, ബഹളവും അട്ടഹാസങ്ങളും ഉയർന്നു. ഉത്സവം കെങ്കേമമാക്കുന്നതിന്റെ ഭാഗമായി ഞങ്ങൾ സഹമുറിയന്മാരെല്ലാവരും കൂടി തലേന്നത്തെ സവാള വഴട്ടിയതും തൈരും വെളിയിൽ ഗാർബേജ് ബിന്നിൽ കൊണ്ടുചെന്ന് തട്ടിയിട്ട് ഫ്രെഷ് ചിക്കൻ വാങ്ങി നല്ല എരുവിൽ കറിവെച്ച് ഖുബ്ബൂസിനൊപ്പം കഴിച്ചു. രാജൻ ചേട്ടനും വർഗീസ് അച്ചായനും അന്ന് കരീമിന്റെ കയ്യിൽ നിന്ന് വാറ്റ് വാങ്ങി പതിവിലേറെ കുടിച്ചു. പാതിരാത്രി കഴിഞ്ഞപ്പോൾ അച്ചായൻ എന്നെപ്പിടിച്ചിരുത്തി അവരുടെ കടവന്ത്രയിലെ കുടുംബവീട്ടിൽ പണ്ട് കറണ്ടുവന്ന കഥപറഞ്ഞ് വധിച്ചുകളഞ്ഞു. എന്നോടൊപ്പം കഥകേട്ട് തലയാട്ടിയിരുന്ന രാജൻ ചേട്ടൻ ഇടയ്ക്കുവെച്ച് വാളുവെക്കാനായി പുറത്തേക്ക് പോയതുകൊണ്ട് പുള്ളി രക്ഷപ്പെട്ടു.

രാജൻ ചേട്ടൻ കൊല്ലത്തുകാരനാണ്. റൂമിൽ എറ്റവും സീനിയോരിറ്റി ഉള്ളത് പുള്ളിയ്ക്കാണ്. എ സിയുടെ പ്രശ്നങ്ങൾ അറിയാവുന്നതുകൊണ്ടാവണം ഏറ്റവും കംഫർട്ടായ സോണിൽ പുള്ളി പണ്ടേ ഇടം പിടിച്ചത്. അല്ലാതെ മറ്റു പ്രശ്നങ്ങളൊന്നുമില. നമ്മൾ കരുതും താഴേത്തട്ടാണ് ഏറ്റവും നല്ല സ്ഥലമെന്ന്!. അങ്ങനെയല്ല; താഴേത്തട്ടിനാണ് ഒരുപാട് പ്രശ്നങ്ങളുള്ളത്!. റൂമിൽ സന്ദർശനത്തിനു വരുന്ന സകലരും കയറിയി നിരങ്ങി വൃത്തികേടാക്കുന്ന കട്ടിലുകൾ താഴത്തേതാണ്. ആരുടേതാണെന്നോ എന്താണെന്നോ ചോദ്യമൊന്നുമില്ല. വെള്ളിയാഴ്ചകളിലും മറ്റ് അവധി ദിവസങ്ങളിലും പുറത്തുനിന്ന് വരുന്ന സന്ദർശകരിൽ ചിലർ കട്ടിലിലേക്കങ്ങ് ചാഞ്ഞാൽ പിന്നെ നീണ്ട ഉറക്കം കഴിഞ്ഞൊക്കെയേ എണീക്കുകയുള്ളൂ. ഇതിനേക്കാളൊക്കെ ഏറ്റവും വലിയ ബുദ്ധിമുട്ട് ആരെങ്കിലും കതകിൽ മുട്ടുകയാണെങ്കിൽ ഉറക്കത്തിൽ നിന്നാണെങ്കിൽ കൂടി എഴുന്നേറ്റു ചെന്ന് തുറന്നുകൊടുക്കേണ്ടത് താഴെ കിടക്കുന്നവന്റെ ചുമതലയാണെന്നതാണ്. ഇങ്ങനെ, ഗുണത്തേക്കാളേറെ ദോഷമുണ്ട് എന്ന് മനസ്സിലാക്കിയതിനാലാവാം കയറ്റിറക്കങ്ങളുടെ ബുദ്ധിമുട്ട് അവഗണിച്ച് മുകൾത്തട്ടിലെ മിതശീതോഷ്ണമേഖലയിൽ സുഖമായി ഉറങ്ങാൻ രാജേട്ടൻ തീരുമാനിച്ചത്.

അന്ന് കറണ്ട് വന്ന ദിവസം പക്ഷേ പുള്ളിയ്ക്ക് നന്നായി ഉറങ്ങാൻ പറ്റിയില്ല. ചിക്കൻ കറി അമിതമായി കഴിച്ചതുകാരണം നെഞ്ചെരിച്ചിലും ഗാസ്ട്രബിളും അദ്ദേഹത്തെ കട്ടിലിലിട്ടുരുട്ടി. അസ്വസ്ഥതകൊണ്ട് ആ രാത്രിയിൽ ഒരുപാട് തവണ പുള്ളി കതകുതുറന്ന് പുറത്തുപോയി വന്നു. കയറ്റിറക്കങ്ങളും കതക് അടച്ചുതുറക്കലുകളൂം കതകു തുറക്കുമ്പോഴൊക്കെ കണ്ണിലേക്ക് പാളിവീണ ഇടനാഴിയിലെ വെളിച്ചവും ഒക്കെക്കൂടി സലാഹുദ്ദീനും അന്ന് നന്നായി ഉറങ്ങിയില്ല. എത്ര വലിയ ഉറക്കത്തിലാണെങ്കിലും വെട്ടം തട്ടിയാൽ സലാഹുദ്ദീൻ കണ്ണുമിഴിച്ച് അസ്വസ്ഥപ്പെടും. സുഭാഷ് വരുന്നതിനും ഏതാണ്ട് ഒന്നര മാസം മുമ്പ് തന്റെ ഉഷ്ണമേഖലാകട്ടിലിൽ സലാഹുദ്ദീൻ മരിച്ചു കിടക്കുമ്പോൾ മൂക്കിൽ വിരൽ വെച്ചു നോക്കിയ ശേഷം മൊബൈൽ ടോർച്ച് കണ്ണിലേക്കടിച്ച് അവന്റെ മരണം സ്ഥിരീകരിക്കുന്നത് രാജൻ ചേട്ടനാണ്. ഒന്നു ചിമ്മുകപോലും ചെയ്യാതെ ആ കണ്ണുകൾ പകുതി തുറന്ന നിലയിൽ അങ്ങനെതന്നെയിരുന്നു.
അവിടെ നടക്കുന്ന വഴക്ക് മുഴുവൻ അതിശൈത്യമേഖലയിൽ കിടക്കുന്ന ഞാനും പിന്നെ താഴെ തട്ടിൽ മിതോഷ്ണ മേഖലയിൽ കിടക്കുന്ന വർഗ്ഗീസ് അച്ചായനും തമ്മിലാണ്. സമ്മറിൽ അയാൾക്ക് ഒടുക്കത്തെ തണുപ്പു വേണം. എന്നാൽ, വിന്ററിൽ ഹീറ്റർ കത്തിച്ചുവെച്ച് മനുഷ്യനെ അവിച്ചുകളയുകയും ചെയ്യും. വിന്ററിലെ ഹീറ്റർ കൊണ്ടുള്ള ശല്യം കമ്പിളിപ്പുതപ്പ് ദൂരെയെറിഞ്ഞ്, ഞാൻ അഡ്ജസ്റ്റ് ചെയ്യും. പക്ഷേ, സമ്മറിലെ തണുപ്പ് കമ്പിളികൊണ്ട് പുതച്ചാലും പരിഹരിക്കാനാവാത്ത പ്രശ്നമാണെനിക്ക്. ചൂടുകാലത്ത് ഉണ്ടാകുന്ന തർക്കത്തിന്റെ ആന്തോളനങ്ങൾ ഒരു ശീതസമരമായി കൊല്ലം മുഴുവനും ഞങ്ങൾ രണ്ടുപേരുടേയും ഉള്ളിൽ നിലനിൽക്കും എന്നൊരു പ്രശ്നവുമുണ്ട്. തൊട്ടതിനും പിടിച്ചതിനുമെല്ലാം പുള്ളി മേക്കിട്ട് കേറാൻ വരുന്നത് ഈ ശീതസമരത്തിന്റെ ഭാഗമാണ്. ഡോർ ലോക്ക് ചെയ്യാതെ ജോലിക്കുപോയി, തേച്ചുകഴിഞ്ഞ് തേപ്പുപെട്ടി ഓഫ് ചെയ്തില്ല, കഴുകാത്ത സോക്സു കൊണ്ടുവന്ന് കട്ടിലിനടിയിൽ വെച്ചു, ആരുമില്ലാത്തപ്പോൾ റൂമിലിരുന്ന് ബീഡിവലിച്ചു തുടങ്ങിയ നിസ്സാര പ്രശങ്ങൾ പോലും പുള്ളി ഊതി വീർപ്പിയ്ക്കും.

ഏ സി പ്രശ്നം സമരിയാക്കാനായി ക്യാമ്പ് ബോസ് റൂം സന്ദർശിക്കുന്ന അവസരങ്ങളിലെല്ലാം അച്ചായൻ അതേപ്പറ്റി സംസാരിയ്ക്കാതെ മുകളിൽ പറഞ്ഞ ആരോപണങ്ങളുടെ കെട്ടാണ് ആദ്യം തന്നെ അഴിച്ചുവെക്കുക. അതുകാരണം, എപ്പോഴും ഏസിയുടെ പ്രശ്നം പരിഹരിക്കപ്പെടാതെ പോവുകയാണ് പതിവ്. ഒരിയ്ക്കൽ അയാൾ ക്യാമ്പ് ബോസിനോട് പറയുകയാണ് : ‘പെണ്ണുകെട്ടാത്ത പയ്യന്മാരെ മുകളിലെ കട്ടിലുകളിൽ ഇനിയെങ്കിലും അപ്പോയിന്റ് ചെയ്യരുതെ’ന്ന്!. ‘രാത്രിയിൽ കട്ടിൽ വല്ലാതെ ഉലയുന്നതുകാരണം അയാൾക്ക് ഉറങ്ങാനാവുന്നില്ലത്രേ!’. യാതൊരു മര്യാദയുമില്ലാത്ത വർത്താനമായിരുന്നു അത്. സത്യത്തിൽ അയാളാണ് എന്നെ ഉറങ്ങാൻ സമ്മതിയ്ക്കാത്തത്. രണ്ട് മണിക്കൂർ കൂടുമ്പോൾ കൂടുമ്പോൾ പുള്ളി ഗുളിക കഴിയ്ക്കാനായി എഴുന്നേൽക്കുന്നതുകൊണ്ടുള്ള ശല്യം ചില്ലറയല്ല! സലാഹുദ്ദീൻ പലതവണ ഇത് ശരിവെച്ചിട്ടുള്ളതുമാണ്

ഇത്രയും കാലത്തിനിടയ്ക്ക് അച്ചായൻ എപ്പോഴെങ്കിലും വെക്കേഷന് നാട്ടിൽ പോയതായി ഞാൻ കണ്ടിട്ടില്ല. അതായത് അങ്ങനെപോലും ഒരു നല്ലകാലം എനിക്ക് ഉണ്ടായിട്ടില്ലെന്ന്! യഥാർഥത്തിൽ, നാട്ടിൽ അദ്ദേഹത്തിന് ആരെയും കാണുവാനില്ല. അദ്ദേഹം ഭാര്യയുമായി പിരിഞ്ഞിട്ട് പത്തുപന്ത്രണ്ട് കൊല്ലങ്ങൾ കഴിഞ്ഞു. അവർ ONGC യിൽ വലിയ ഉദ്യോഗസ്ഥയായിരുന്നു. ത്രിപുരയിലെ ഒരു പ്രൊജക്ട് സൈറ്റിൽ വെച്ച് ഫയർ പമ്പ് ഇൻസ്റ്റല്ലേഷന്റെ ഇൻസ്പെക്ഷൻ സമയത്താണ് മിൽറൈറ്റ് ഫിറ്ററായി ജോലി ചെയ്തിരുന്ന വർഗീസ് അച്ചായനെ അവർ കാണുന്നതും പിന്നീട് വിവാഹം കഴിക്കുന്നതും. ഒരു വലിയ പമ്പിന്റെ കപ്ലിംഗും അതിനെ ചലിപ്പിക്കേണ്ടുന്ന മോട്ടറിന്റെ ഷാഫ്റ്റും തലനാരിഴ വ്യത്യാസം പോലുമില്ലാതെ കൂട്ടിയിണക്കുന്നതിൽ അഗ്രഗണ്യനായിരുന്നു അച്ചായൻ. ഇന്ന് അയാൾക്ക് നാട്ടിലെ ആരെങ്കിലുമായി ബന്ധമുണ്ടെങ്കിൽ അത് അയാളുടെ മകളോട് മാത്രമാണ്. ദിവസവും കിടക്കുന്നതിനു മുമ്പ് അയാൾ കട്ടിലിൽ ഇരുന്നുകൊണ്ട് തന്റെ മകൾ വാട്ട്സാപ്പ് വഴി അയച്ചുകൊടുത്ത ഫോട്ടോകൾ ഓരോന്നായി മറിച്ചുമറിച്ച് നോക്കിക്കൊണ്ടിരിക്കും. ഏകദേശം അര മണിക്കൂറെങ്കിലും പുള്ളിക്കാരൻ അതിങ്ങനെ വീണ്ടും വീണ്ടും മറിച്ചുകൊണ്ടേയിരിക്കും. റൂമിൽ വേറാരും ശ്രദ്ധിക്കുന്നില്ലെങ്കിൽ മുകളിലെ കട്ടിലിൽ കിടന്ന് ഞാനും ആ കുട്ടിയുടെ ഫോട്ടോകളിലേക്ക് എത്തിനോക്കാറുണ്ട്.

ചില സമയത്ത്, ചില സമയത്ത് മാത്രം, അച്ചായനെപ്പോലെ ഇത്രയും നല്ല മനുഷ്യൻ വേറേയില്ലെന്നും തോന്നും. ഒരു വെള്ളിയാഴ്ച, അബൂഹലീഫയിൽ ഫാമിലിയോടൊപ്പം താമസിക്കുന്നൊരു ബന്ധു എന്നെ കാണാൻ റൂമിൽ എത്തി. അവിടെ എവിടെയും ഇരിയ്ക്കാൻ മടിച്ച അദ്ദേഹം ആദ്യമായി ചോദിച്ചത് “ഇവിടെ മൂട്ട‌യുണ്ടോ?” എന്നാണ്. എന്റെ മുഖം വല്ലാതായതുകണ്ട് അച്ചായൻ ബന്ധുവുമായി ജഗഡ ആയി. മാസ്കിംഗ് ടേപ്പിൽ പറ്റിച്ചുവെച്ചിരുന്ന തന്റെ മൂട്ട കളക്ഷൻ എടുത്തുകാണിച്ചിട്ട് അച്ചായൻ ചോദിച്ചു : “ഇതിൽ ഏതു വേണം?”

ബന്ധുവിന് അത് വലിയ കുറച്ചിലായിപ്പോയി. “ബന്ധുക്കൾ തമ്മിലുള്ള കാര്യത്തിൽ ഇടപെടാൻ ഇയാളാരെ”ന്ന് പിന്നീട് നടന്ന ചെറിയ തർക്കത്തിടെ ബന്ധു കയർത്തു. “ഇവൻ കീഴ്വായു വിട്ടാൽ ശ്വസിക്കേണ്ടി വരുന്നൊരാൾ” എന്ന് അച്ചായൻ എന്നെ ചൂണ്ടി മറുപടി പറഞ്ഞു. അതോടെ ബന്ധു അവിടെ നിന്നും ഇറങ്ങിപ്പോയി. ബന്ധുത്വം രക്തത്തിലൂടെ മാത്രമല്ല, വായുവിലൂടെയും പകരും എന്ന വലിയൊരു പാഠമായിരുന്നു അച്ചായൻ ബന്ധുവിനെ പഠിപ്പിക്കാൻ ശ്രമിച്ചത്. ബന്ധുവിന് അത് മനസ്സിലായോ ആവോ?

പുതിയ പയ്യൻ സുഭാഷിനോട് അച്ചായൻ എന്നേക്കുറിച്ചുള്ള ആരോപണങ്ങൾ അല്പം നീട്ടിപ്പരത്തിത്തന്നെ പറഞ്ഞുകൊടുത്തിട്ടുണ്ടെന്ന് തോന്നുന്നു.
ഉഷ്ണമേഖലയിലായതുകാരണം അവനും തണുപ്പ് കൂട്ടണമെന്ന കാര്യത്തിൽ അച്ചായനോട് യോജിപ്പായിരുന്നു. ഞാൻ ഇല്ലാതിരുന്ന ദിവസങ്ങളിൽ അവർ അത്യാവശ്യം തണുപ്പ് കൂട്ടി വെച്ചിരുന്നെങ്കിലും സുഭാഷിന് അത് പോരാത്തതിനാൽ രണ്ടുമൂന്ന് ദിവസം എന്റെ ബെഡിൽ കയറിക്കിടന്നു. അപ്പോഴാണ് അവിടെ തണുപ്പ് അധികമാണെന്ന് അവനും ബോധ്യമായത്. അങ്ങനെ, ഏ സി ടെക്നീഷ്യനായ അവൻ ഒരു രാത്രി മുഴുവൻ ചിന്തയിൽ ആണ്ടിരിക്കുകയും പിറ്റേ ദിവസം റൂമിന്റെയൊക്കെ അളവെടുത്തുകൊണ്ടുപോവുകയും തൊട്ടടുത്ത വെള്ളിയാഴ്ചദിവസം റൂമിന്റെ ഏസിയിൽ നിന്ന് ഓരോ ബെഡിലേക്കും ക്രമമായ അളവിൽ തണുത്ത വായു പ്രവഹിക്കത്തക്ക രീതിയിൽ ഡക്ടുകൾ പണിയുകയും ചെയ്തു.

ഈ സിസ്റ്റം അച്ചായന് നന്നായി പിടിച്ചു. മറ്റുള്ളവർക്കും സന്തോഷമായി. ഞാൻ വെക്കേഷൻ കഴിഞ്ഞ് തിരികെ വന്ന ദിവസം അച്ചായൻ കരീമിനെ വിളിച്ച് വാറ്റ് വരുത്തിയ്ക്കുകയും ഫ്രെഷ് ചിക്കൻ കറിവെച്ച് ഖുബ്ബൂസിനൊപ്പം കഴിക്കുകയും ചെയ്തു. രാജൻ ചേട്ടനൊഴികെ ഞങ്ങളെല്ലാം സുഖമായി ഉറങ്ങി. അയാൾ നേരം വെളുക്കും വരെ ഇടയ്ക്കിടെ കതകു തുറന്ന് പുറത്തുപോയി വന്നു.