7/10/17

ഉഷ്ണമേഖലാ പ്രശ്നങ്ങൾവെക്കേഷനു പോയിവന്നപ്പോഴേക്കും എ സിയുടെ തണുപ്പിനെച്ചൊല്ലി റൂമിൽ എല്ലാക്കൊല്ലവും നടന്നു വരാറുണ്ടായിരുന്ന വഴക്കിനും വക്കാണത്തിനും എന്തായാലും അറുതിയായി. സമ്മർ സീസൺ തുടങ്ങിക്കഴിഞ്ഞാൽ ക്യാമ്പ് ബോസ്സ് തുടച്ചയായി സന്ദർശിക്കുന്ന റൂമുകളിൽ ഏറ്റവും മുൻപന്തിയിൽ നിന്നിരുന്നത് ഞങ്ങളുടെ റൂമായിരുന്നു. കഴിഞ്ഞ കുറേക്കൊല്ലങ്ങളായി അയാൾക്ക് ചായയിട്ടുകൊടുക്കാൻ ചെലവഴിച്ച പാലിനും പഞ്ചസാരയ്ക്കും കണക്കില്ല. തേയിലയ്ക്കും!

രണ്ട് ഡബിഡക്കർ കട്ടിലുകളിലായി റൂമിൽ ആകെ നാലു പേരാണ് ഉള്ളത്. രണ്ടുപേർ കട്ടിലിന്റെ താഴേത്തട്ടിലും രണ്ടുപേർ മേലേത്തട്ടിലും. നാലുപേരും നാല് ടെമ്പറേച്ചർ സോണുകളിൽ ജീവിക്കുന്നു. ഞാൻ മുകൾത്തട്ടിൽ വിൻഡോ എ സിയുടെ നേരേ എതിർവശത്ത് അതിശൈത്യമേഖലയിലാണ്. എന്റെ താഴെയുള്ള വർഗീസച്ചായൻ ശീതോഷ്ണ മേഖലയിലും മറ്റു രണ്ടുപേരിൽ മുകളിൽ കിടക്കുന്ന രാജൻ ചേട്ടൻ കാറ്റ് നേരിട്ട് അടിക്കാത്തതും എന്നാൽ അത്യാവശ്യം തണുപ്പുള്ളതുമായ മിതശീതോഷ്ണ മേഖലയിലും പുതിയ അന്തേവാസി സുഭാഷ് ഏസിയുടെ ഭാഗത്തെ കട്ടിലിന്റെ അടിത്തട്ടിലെ ഉഷ്ണമേഖലയിലുമാണ് കിടപ്പ്. ഏറ്റവും അവസാനം പറഞ്ഞ മേഖല എങ്ങനെ ഉഷ്ണമേഖലയാവുന്നു എന്നെനിക്ക് പിടികിട്ടിയിട്ടില്ല. കാരണം തണുത്തവായു എപ്പോഴും താഴെയാണല്ലോ തങ്ങിനിൽക്കേണ്ടത്. ഏസിയിൽ നിന്നുള്ള കാറ്റിന്റെ ഗതിയൊക്കെവെച്ചു നോക്കിയാൽ മിതശീതോഷ്ണ മേഖല എന്നു പറഞ്ഞിടമാണ് യഥാർഥത്തിൽ ഉഷ്ണമേഖല ആവേണ്ടത്. പക്ഷേ എന്തുകൊണ്ടോ അത്തരം തത്വങ്ങൾ ഞങ്ങളുടെ റൂമിനെ സംബന്ധിച്ച് ഇന്നുവരെ ശരിയായി വന്നിട്ടില്ല.
 സുഭാഷ് വന്നിട്ട് ഇപ്പോൾ ഏതാണ്ട് ഒരു മാസമേ ആവുന്നുള്ളൂ. അതിനുമുമ്പ് ആ ബെഡ്ഡിൽ സലാഹുദ്ദീൻ എന്നൊരു തമിഴനായിരുന്നു. ഏസിയുടെ തണുപ്പുമായി ബന്ധപ്പെട്ടു നടക്കുന്ന തർക്കങ്ങളിൽ സലാഹുദ്ദീൻ ഒരിക്കലും ഭാഗഭാക്കായിരുന്നിട്ടില്ല. അവന് തണുപ്പ് കൂടിയാലും ഇല്ലെങ്കിലും ഒരു കുഴപ്പവുമില്ലായിരുന്നു. ഏത് ചൂടത്തും തണുപ്പത്തും നന്നായി ഉറങ്ങും. ഒരേയൊരു പ്രശ്നം; വെട്ടവും തട്ടലും മുട്ടലുമൊന്നും കക്ഷിക്ക് ഇഷ്ടമായിരുന്നില്ല. കഴിഞ്ഞ സമ്മറിൽ ക്യാമ്പിലേക്കുള്ള മെയിൻ ഫീഡർ കേബിളുകളിൽ രണ്ടെണ്ണം എരിഞ്ഞുപോയതുകാരണം മൂന്നു ദിവസം തുടർച്ചയായി കറണ്ട് ഇല്ലായിരുന്നു. ആ സമയത്തുപോലും അവൻ റൂമിൽത്തന്നെയാണ് കഴിച്ചുകൂട്ടിയത്. ഞാനും മറ്റു രണ്ടുപേരുമാവട്ടെ, ചൂട് സഹിക്കാനാവതെ ജിംനേഷ്യം ബിൽഡിംഗിന്റെ ടെറസ്സിൽപ്പോയിക്കിടന്ന് നേരം വെളുപ്പിച്ചു.

നാലാമത്തെ ദിവസം കുവൈറ്റ് ഇലക്ട്രിസിറ്റി ഡിപ്പാർട്ടുമെന്റ് വക നാല് ഭീമൻ ജനറേറ്ററുകൾ ട്രെലിലറുകളിൽ എത്തിച്ച് കറണ്ട് കണക്ട് ചെയ്തു. അന്ന് ക്യാമ്പിൽ ഉത്സവമായിരുന്നു. ഭീമൻ ജനറേറ്ററുകളുടെ ഭയങ്കരമായ ശബ്ദവും നീണ്ട മൂന്നു ദിവസത്തെ ഇരുട്ടിനു ശേഷം വന്ന വെളിച്ചവും എല്ലാംകൂടി അക്ഷരാർത്ഥത്തിൽ ഞങ്ങളുടെ ലേബർ ക്യാമ്പ് ഒരു ഉത്സവപ്പറമ്പായി മാറി. റൂമുകളിൽ നിന്ന് കുറേ അധികം പേർ വെളിയിലിറങ്ങി റെസിഡന്റ്സ് ബ്ലോക്കുകളുടെ ഇടവഴികളിൽ വീണ വെളിച്ചത്തിലൂടെ വെറുതേ നടന്നു. റൂമുകളിൽ കഴിഞ്ഞവരിൽ നിന്നാവട്ടെ, ബഹളവും അട്ടഹാസങ്ങളും ഉയർന്നു. ഉത്സവം കെങ്കേമമാക്കുന്നതിന്റെ ഭാഗമായി ഞങ്ങൾ സഹമുറിയന്മാരെല്ലാവരും കൂടി തലേന്നത്തെ സവാള വഴട്ടിയതും തൈരും വെളിയിൽ ഗാർബേജ് ബിന്നിൽ കൊണ്ടുചെന്ന് തട്ടിയിട്ട് ഫ്രെഷ് ചിക്കൻ വാങ്ങി നല്ല എരുവിൽ കറിവെച്ച് ഖുബ്ബൂസിനൊപ്പം കഴിച്ചു. രാജൻ ചേട്ടനും വർഗീസ് അച്ചായനും അന്ന് കരീമിന്റെ കയ്യിൽ നിന്ന് വാറ്റ് വാങ്ങി പതിവിലേറെ കുടിച്ചു. പാതിരാത്രി കഴിഞ്ഞപ്പോൾ അച്ചായൻ എന്നെപ്പിടിച്ചിരുത്തി അവരുടെ കടവന്ത്രയിലെ കുടുംബവീട്ടിൽ പണ്ട് കറണ്ടുവന്ന കഥപറഞ്ഞ് വധിച്ചുകളഞ്ഞു. എന്നോടൊപ്പം കഥകേട്ട് തലയാട്ടിയിരുന്ന രാജൻ ചേട്ടൻ ഇടയ്ക്കുവെച്ച് വാളുവെക്കാനായി പുറത്തേക്ക് പോയതുകൊണ്ട് പുള്ളി രക്ഷപ്പെട്ടു.

രാജൻ ചേട്ടൻ കൊല്ലത്തുകാരനാണ്. റൂമിൽ എറ്റവും സീനിയോരിറ്റി ഉള്ളത് പുള്ളിയ്ക്കാണ്. എ സിയുടെ പ്രശ്നങ്ങൾ അറിയാവുന്നതുകൊണ്ടാവണം ഏറ്റവും കംഫർട്ടായ സോണിൽ പുള്ളി പണ്ടേ ഇടം പിടിച്ചത്. അല്ലാതെ മറ്റു പ്രശ്നങ്ങളൊന്നുമില. നമ്മൾ കരുതും താഴേത്തട്ടാണ് ഏറ്റവും നല്ല സ്ഥലമെന്ന്!. അങ്ങനെയല്ല; താഴേത്തട്ടിനാണ് ഒരുപാട് പ്രശ്നങ്ങളുള്ളത്!. റൂമിൽ സന്ദർശനത്തിനു വരുന്ന സകലരും കയറിയി നിരങ്ങി വൃത്തികേടാക്കുന്ന കട്ടിലുകൾ താഴത്തേതാണ്. ആരുടേതാണെന്നോ എന്താണെന്നോ ചോദ്യമൊന്നുമില്ല. വെള്ളിയാഴ്ചകളിലും മറ്റ് അവധി ദിവസങ്ങളിലും പുറത്തുനിന്ന് വരുന്ന സന്ദർശകരിൽ ചിലർ കട്ടിലിലേക്കങ്ങ് ചാഞ്ഞാൽ പിന്നെ നീണ്ട ഉറക്കം കഴിഞ്ഞൊക്കെയേ എണീക്കുകയുള്ളൂ. ഇതിനേക്കാളൊക്കെ ഏറ്റവും വലിയ ബുദ്ധിമുട്ട് ആരെങ്കിലും കതകിൽ മുട്ടുകയാണെങ്കിൽ ഉറക്കത്തിൽ നിന്നാണെങ്കിൽ കൂടി എഴുന്നേറ്റു ചെന്ന് തുറന്നുകൊടുക്കേണ്ടത് താഴെ കിടക്കുന്നവന്റെ ചുമതലയാണെന്നതാണ്. ഇങ്ങനെ, ഗുണത്തേക്കാളേറെ ദോഷമുണ്ട് എന്ന് മനസ്സിലാക്കിയതിനാലാവാം കയറ്റിറക്കങ്ങളുടെ ബുദ്ധിമുട്ട് അവഗണിച്ച് മുകൾത്തട്ടിലെ മിതശീതോഷ്ണമേഖലയിൽ സുഖമായി ഉറങ്ങാൻ രാജേട്ടൻ തീരുമാനിച്ചത്.

അന്ന് കറണ്ട് വന്ന ദിവസം പക്ഷേ പുള്ളിയ്ക്ക് നന്നായി ഉറങ്ങാൻ പറ്റിയില്ല. ചിക്കൻ കറി അമിതമായി കഴിച്ചതുകാരണം നെഞ്ചെരിച്ചിലും ഗാസ്ട്രബിളും അദ്ദേഹത്തെ കട്ടിലിലിട്ടുരുട്ടി. അസ്വസ്ഥതകൊണ്ട് ആ രാത്രിയിൽ ഒരുപാട് തവണ പുള്ളി കതകുതുറന്ന് പുറത്തുപോയി വന്നു. കയറ്റിറക്കങ്ങളും കതക് അടച്ചുതുറക്കലുകളൂം കതകു തുറക്കുമ്പോഴൊക്കെ കണ്ണിലേക്ക് പാളിവീണ ഇടനാഴിയിലെ വെളിച്ചവും ഒക്കെക്കൂടി സലാഹുദ്ദീനും അന്ന് നന്നായി ഉറങ്ങിയില്ല. എത്ര വലിയ ഉറക്കത്തിലാണെങ്കിലും വെട്ടം തട്ടിയാൽ സലാഹുദ്ദീൻ കണ്ണുമിഴിച്ച് അസ്വസ്ഥപ്പെടും. സുഭാഷ് വരുന്നതിനും ഏതാണ്ട് ഒന്നര മാസം മുമ്പ് തന്റെ ഉഷ്ണമേഖലാകട്ടിലിൽ സലാഹുദ്ദീൻ മരിച്ചു കിടക്കുമ്പോൾ മൂക്കിൽ വിരൽ വെച്ചു നോക്കിയ ശേഷം മൊബൈൽ ടോർച്ച് കണ്ണിലേക്കടിച്ച് അവന്റെ മരണം സ്ഥിരീകരിക്കുന്നത് രാജൻ ചേട്ടനാണ്. ഒന്നു ചിമ്മുകപോലും ചെയ്യാതെ ആ കണ്ണുകൾ പകുതി തുറന്ന നിലയിൽ അങ്ങനെതന്നെയിരുന്നു.
അവിടെ നടക്കുന്ന വഴക്ക് മുഴുവൻ അതിശൈത്യമേഖലയിൽ കിടക്കുന്ന ഞാനും പിന്നെ താഴെ തട്ടിൽ മിതോഷ്ണ മേഖലയിൽ കിടക്കുന്ന വർഗ്ഗീസ് അച്ചായനും തമ്മിലാണ്. സമ്മറിൽ അയാൾക്ക് ഒടുക്കത്തെ തണുപ്പു വേണം. എന്നാൽ, വിന്ററിൽ ഹീറ്റർ കത്തിച്ചുവെച്ച് മനുഷ്യനെ അവിച്ചുകളയുകയും ചെയ്യും. വിന്ററിലെ ഹീറ്റർ കൊണ്ടുള്ള ശല്യം കമ്പിളിപ്പുതപ്പ് ദൂരെയെറിഞ്ഞ്, ഞാൻ അഡ്ജസ്റ്റ് ചെയ്യും. പക്ഷേ, സമ്മറിലെ തണുപ്പ് കമ്പിളികൊണ്ട് പുതച്ചാലും പരിഹരിക്കാനാവാത്ത പ്രശ്നമാണെനിക്ക്. ചൂടുകാലത്ത് ഉണ്ടാകുന്ന തർക്കത്തിന്റെ ആന്തോളനങ്ങൾ ഒരു ശീതസമരമായി കൊല്ലം മുഴുവനും ഞങ്ങൾ രണ്ടുപേരുടേയും ഉള്ളിൽ നിലനിൽക്കും എന്നൊരു പ്രശ്നവുമുണ്ട്. തൊട്ടതിനും പിടിച്ചതിനുമെല്ലാം പുള്ളി മേക്കിട്ട് കേറാൻ വരുന്നത് ഈ ശീതസമരത്തിന്റെ ഭാഗമാണ്. ഡോർ ലോക്ക് ചെയ്യാതെ ജോലിക്കുപോയി, തേച്ചുകഴിഞ്ഞ് തേപ്പുപെട്ടി ഓഫ് ചെയ്തില്ല, കഴുകാത്ത സോക്സു കൊണ്ടുവന്ന് കട്ടിലിനടിയിൽ വെച്ചു, ആരുമില്ലാത്തപ്പോൾ റൂമിലിരുന്ന് ബീഡിവലിച്ചു തുടങ്ങിയ നിസ്സാര പ്രശങ്ങൾ പോലും പുള്ളി ഊതി വീർപ്പിയ്ക്കും.

ഏ സി പ്രശ്നം സമരിയാക്കാനായി ക്യാമ്പ് ബോസ് റൂം സന്ദർശിക്കുന്ന അവസരങ്ങളിലെല്ലാം അച്ചായൻ അതേപ്പറ്റി സംസാരിയ്ക്കാതെ മുകളിൽ പറഞ്ഞ ആരോപണങ്ങളുടെ കെട്ടാണ് ആദ്യം തന്നെ അഴിച്ചുവെക്കുക. അതുകാരണം, എപ്പോഴും ഏസിയുടെ പ്രശ്നം പരിഹരിക്കപ്പെടാതെ പോവുകയാണ് പതിവ്. ഒരിയ്ക്കൽ അയാൾ ക്യാമ്പ് ബോസിനോട് പറയുകയാണ് : ‘പെണ്ണുകെട്ടാത്ത പയ്യന്മാരെ മുകളിലെ കട്ടിലുകളിൽ ഇനിയെങ്കിലും അപ്പോയിന്റ് ചെയ്യരുതെ’ന്ന്!. ‘രാത്രിയിൽ കട്ടിൽ വല്ലാതെ ഉലയുന്നതുകാരണം അയാൾക്ക് ഉറങ്ങാനാവുന്നില്ലത്രേ!’. യാതൊരു മര്യാദയുമില്ലാത്ത വർത്താനമായിരുന്നു അത്. സത്യത്തിൽ അയാളാണ് എന്നെ ഉറങ്ങാൻ സമ്മതിയ്ക്കാത്തത്. രണ്ട് മണിക്കൂർ കൂടുമ്പോൾ കൂടുമ്പോൾ പുള്ളി ഗുളിക കഴിയ്ക്കാനായി എഴുന്നേൽക്കുന്നതുകൊണ്ടുള്ള ശല്യം ചില്ലറയല്ല! സലാഹുദ്ദീൻ പലതവണ ഇത് ശരിവെച്ചിട്ടുള്ളതുമാണ്

ഇത്രയും കാലത്തിനിടയ്ക്ക് അച്ചായൻ എപ്പോഴെങ്കിലും വെക്കേഷന് നാട്ടിൽ പോയതായി ഞാൻ കണ്ടിട്ടില്ല. അതായത് അങ്ങനെപോലും ഒരു നല്ലകാലം എനിക്ക് ഉണ്ടായിട്ടില്ലെന്ന്! യഥാർഥത്തിൽ, നാട്ടിൽ അദ്ദേഹത്തിന് ആരെയും കാണുവാനില്ല. അദ്ദേഹം ഭാര്യയുമായി പിരിഞ്ഞിട്ട് പത്തുപന്ത്രണ്ട് കൊല്ലങ്ങൾ കഴിഞ്ഞു. അവർ ONGC യിൽ വലിയ ഉദ്യോഗസ്ഥയായിരുന്നു. ത്രിപുരയിലെ ഒരു പ്രൊജക്ട് സൈറ്റിൽ വെച്ച് ഫയർ പമ്പ് ഇൻസ്റ്റല്ലേഷന്റെ ഇൻസ്പെക്ഷൻ സമയത്താണ് മിൽറൈറ്റ് ഫിറ്ററായി ജോലി ചെയ്തിരുന്ന വർഗീസ് അച്ചായനെ അവർ കാണുന്നതും പിന്നീട് വിവാഹം കഴിക്കുന്നതും. ഒരു വലിയ പമ്പിന്റെ കപ്ലിംഗും അതിനെ ചലിപ്പിക്കേണ്ടുന്ന മോട്ടറിന്റെ ഷാഫ്റ്റും തലനാരിഴ വ്യത്യാസം പോലുമില്ലാതെ കൂട്ടിയിണക്കുന്നതിൽ അഗ്രഗണ്യനായിരുന്നു അച്ചായൻ. ഇന്ന് അയാൾക്ക് നാട്ടിലെ ആരെങ്കിലുമായി ബന്ധമുണ്ടെങ്കിൽ അത് അയാളുടെ മകളോട് മാത്രമാണ്. ദിവസവും കിടക്കുന്നതിനു മുമ്പ് അയാൾ കട്ടിലിൽ ഇരുന്നുകൊണ്ട് തന്റെ മകൾ വാട്ട്സാപ്പ് വഴി അയച്ചുകൊടുത്ത ഫോട്ടോകൾ ഓരോന്നായി മറിച്ചുമറിച്ച് നോക്കിക്കൊണ്ടിരിക്കും. ഏകദേശം അര മണിക്കൂറെങ്കിലും പുള്ളിക്കാരൻ അതിങ്ങനെ വീണ്ടും വീണ്ടും മറിച്ചുകൊണ്ടേയിരിക്കും. റൂമിൽ വേറാരും ശ്രദ്ധിക്കുന്നില്ലെങ്കിൽ മുകളിലെ കട്ടിലിൽ കിടന്ന് ഞാനും ആ കുട്ടിയുടെ ഫോട്ടോകളിലേക്ക് എത്തിനോക്കാറുണ്ട്.

ചില സമയത്ത്, ചില സമയത്ത് മാത്രം, അച്ചായനെപ്പോലെ ഇത്രയും നല്ല മനുഷ്യൻ വേറേയില്ലെന്നും തോന്നും. ഒരു വെള്ളിയാഴ്ച, അബൂഹലീഫയിൽ ഫാമിലിയോടൊപ്പം താമസിക്കുന്നൊരു ബന്ധു എന്നെ കാണാൻ റൂമിൽ എത്തി. അവിടെ എവിടെയും ഇരിയ്ക്കാൻ മടിച്ച അദ്ദേഹം ആദ്യമായി ചോദിച്ചത് “ഇവിടെ മൂട്ട‌യുണ്ടോ?” എന്നാണ്. എന്റെ മുഖം വല്ലാതായതുകണ്ട് അച്ചായൻ ബന്ധുവുമായി ജഗഡ ആയി. മാസ്കിംഗ് ടേപ്പിൽ പറ്റിച്ചുവെച്ചിരുന്ന തന്റെ മൂട്ട കളക്ഷൻ എടുത്തുകാണിച്ചിട്ട് അച്ചായൻ ചോദിച്ചു : “ഇതിൽ ഏതു വേണം?”

ബന്ധുവിന് അത് വലിയ കുറച്ചിലായിപ്പോയി. “ബന്ധുക്കൾ തമ്മിലുള്ള കാര്യത്തിൽ ഇടപെടാൻ ഇയാളാരെ”ന്ന് പിന്നീട് നടന്ന ചെറിയ തർക്കത്തിടെ ബന്ധു കയർത്തു. “ഇവൻ കീഴ്വായു വിട്ടാൽ ശ്വസിക്കേണ്ടി വരുന്നൊരാൾ” എന്ന് അച്ചായൻ എന്നെ ചൂണ്ടി മറുപടി പറഞ്ഞു. അതോടെ ബന്ധു അവിടെ നിന്നും ഇറങ്ങിപ്പോയി. ബന്ധുത്വം രക്തത്തിലൂടെ മാത്രമല്ല, വായുവിലൂടെയും പകരും എന്ന വലിയൊരു പാഠമായിരുന്നു അച്ചായൻ ബന്ധുവിനെ പഠിപ്പിക്കാൻ ശ്രമിച്ചത്. ബന്ധുവിന് അത് മനസ്സിലായോ ആവോ?

പുതിയ പയ്യൻ സുഭാഷിനോട് അച്ചായൻ എന്നേക്കുറിച്ചുള്ള ആരോപണങ്ങൾ അല്പം നീട്ടിപ്പരത്തിത്തന്നെ പറഞ്ഞുകൊടുത്തിട്ടുണ്ടെന്ന് തോന്നുന്നു.
ഉഷ്ണമേഖലയിലായതുകാരണം അവനും തണുപ്പ് കൂട്ടണമെന്ന കാര്യത്തിൽ അച്ചായനോട് യോജിപ്പായിരുന്നു. ഞാൻ ഇല്ലാതിരുന്ന ദിവസങ്ങളിൽ അവർ അത്യാവശ്യം തണുപ്പ് കൂട്ടി വെച്ചിരുന്നെങ്കിലും സുഭാഷിന് അത് പോരാത്തതിനാൽ രണ്ടുമൂന്ന് ദിവസം എന്റെ ബെഡിൽ കയറിക്കിടന്നു. അപ്പോഴാണ് അവിടെ തണുപ്പ് അധികമാണെന്ന് അവനും ബോധ്യമായത്. അങ്ങനെ, ഏ സി ടെക്നീഷ്യനായ അവൻ ഒരു രാത്രി മുഴുവൻ ചിന്തയിൽ ആണ്ടിരിക്കുകയും പിറ്റേ ദിവസം റൂമിന്റെയൊക്കെ അളവെടുത്തുകൊണ്ടുപോവുകയും തൊട്ടടുത്ത വെള്ളിയാഴ്ചദിവസം റൂമിന്റെ ഏസിയിൽ നിന്ന് ഓരോ ബെഡിലേക്കും ക്രമമായ അളവിൽ തണുത്ത വായു പ്രവഹിക്കത്തക്ക രീതിയിൽ ഡക്ടുകൾ പണിയുകയും ചെയ്തു.

ഈ സിസ്റ്റം അച്ചായന് നന്നായി പിടിച്ചു. മറ്റുള്ളവർക്കും സന്തോഷമായി. ഞാൻ വെക്കേഷൻ കഴിഞ്ഞ് തിരികെ വന്ന ദിവസം അച്ചായൻ കരീമിനെ വിളിച്ച് വാറ്റ് വരുത്തിയ്ക്കുകയും ഫ്രെഷ് ചിക്കൻ കറിവെച്ച് ഖുബ്ബൂസിനൊപ്പം കഴിക്കുകയും ചെയ്തു. രാജൻ ചേട്ടനൊഴികെ ഞങ്ങളെല്ലാം സുഖമായി ഉറങ്ങി. അയാൾ നേരം വെളുക്കും വരെ ഇടയ്ക്കിടെ കതകു തുറന്ന് പുറത്തുപോയി വന്നു.

No comments: