7/23/17

മഴക്കാലത്തെ ചില പാലായനങ്ങൾ

കേരളത്തിൽ അങ്ങനെയാണ്. മഴ പെയ്താലും പെയ്തില്ലെങ്കിലും കറണ്ട് പോകും. ഒരിക്കൽ, ഒരു സമ്മറിലെ കൊല്ലപ്പരീക്ഷ സമയത്ത് കറണ്ട് കട്ട് സഹിക്കവയ്യാതെ ഉമ്മാമയുടെ ധാർമ്മിക രോഷം ഇളകി : "പിള്ളേരുടെ പരീക്ഷയായിട്ട് ഇവന്മാരിതെന്ത് കാണിക്കുവാ? "

"അത്, ഉമ്മാമേ, ഡാമിൽ വെള്ളമില്ല"- ഞാൻ പറഞ്ഞു.

"ഇവന്മാർക്ക് ഇത് നേരത്തിനും കാലത്തിനും നിറച്ചിട്ടുകൂടേ?, പിള്ളേർക്ക് പരീക്ഷയാണെന്ന് അറിഞ്ഞുകൂടേ? ഏതവനാടാ ഇപ്പം ഭരിക്കുന്നത്?"- ഉമ്മാമയുടെ വക മൂന്നാല് ചോദ്യങ്ങൾ ഒരുമിച്ച്.

ഇതു കേട്ടിട്ട് വീട്ടിൽ മുഴുവൻ കൂട്ടച്ചിരിയായിരുന്നു. ഉമ്മാമ വിചാരിക്കുന്നത് മോട്ടറുവെച്ച് ടാങ്കിൽ വെള്ളം അടിച്ചുകയറ്റിയിടുന്നപോലെ എന്തോ സംഭവമാണ് ഇടുക്കി ഡാം എന്നാണ്.
രണ്ടാഴ്ചമുമ്പുണ്ടായ കാറ്റിലും പെശരിലും മംഗലം ഗുരുമന്ദിരത്തിനടുത്ത് ഒരു മാവ് മറിഞ്ഞ് 11കെവി ലൈനിന്റെ പുറത്തുവീണു. മാവെന്നു പറഞ്ഞാൽ ഭയങ്കരനൊരു മാവ്!. മാർത്താണ്ഡ വർമ്മയുടെ കാലത്തെങ്ങാണ്ട് നട്ടതാണ്. സംഭവം ലൈനിലേക്ക് വീണതോടെ ലൈൻ പൊട്ടുകയും അപ്പുറവും ഇപ്പുറവും ഉണ്ടായിരുന്ന രണ്ട് കോൺക്രീറ്റ് പോസ്റ്റുകൾ അടിയിൽ നിന്ന് ഒടിഞ്ഞ് ചരിഞ്ഞുപോവുകയും ചെയ്തു. കെ എസ് ഇ ബിക്കാർ അവരുടെ കയ്യിലുള്ള ഓല കോതുന്ന ചെറിയ അരിവാളും ചുറ്റികയുമൊക്കെയായി വന്നെങ്കിലും സീൻ കണ്ട് കണ്ണുതള്ളി നിൽക്കുകയാണ്. 'മാവ് പൊക്കി മാറ്റാൻ ആനയെ വിളിക്കണോ ആളിനെ വിളിക്കണോ' എന്ന് ഒരു വശത്ത് നാട്ടുകാരും ഉദ്യോഗസ്ഥരുമായി ചർച്ചയും തർക്കങ്ങളും. 'നഷ്ട പരിഹാരം കിട്ടിയിട്ടേ മാവ് എടുത്തുമാറ്റാൻ പറ്റൂ' എന്ന് വസ്തുവിന്റെ ഉടമ പള്ളിക്കൂടത്തിൽ പോയിട്ടില്ലാത്ത ഭാർഗവൻ ചേട്ടൻ.

കെ എസ് ഇ ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ സ്ഥലത്തെത്തി സംഭവ വികാസങ്ങൾ നിരീക്ഷിച്ച ശേഷം പറഞ്ഞു: "പ്രശ്നങ്ങളെല്ലാം പരിഹരിച്ച് വൈദ്യുതി പുന:സ്ഥാപിക്കാൻ രണ്ടുദിവസമെങ്കിലും എടുക്കും". മനോരമയുടെ പ്രാദേശിക ലേഖകൻ പ്രസ്താവന എഴുതിയെടുത്തോണ്ട് പോയി. ആ സീൻ കാണുന്ന ഏതു നാട്ടുകാരനും അറിയാം ഇനി കറണ്ടു വരാൻ മിനിമം അഞ്ച് ദിവസമെങ്കിലും എടുക്കുമെന്ന്. "ഓല വീണാൽ ഒരു ദിവസമെടുക്കുന്ന കെ എസ് ഇ ബി, മാവ് വീണാൽ എത്ര ദിവസമെടുക്കും?"- ഇതായിരുന്നു അവിടെ നാട്ടുകാരുടെ വക ഉയർന്നുകേട്ടതിൽ ഏറ്റവും ലോജിക്കുള്ള ചോദ്യം.

തുള്ളിക്കൊരുകുടമെന്ന കണക്കെ നിർത്താതെ മഴയുപെയ്യുന്ന ഈ പ്രതികൂല കാലാവസ്ഥയിൽ ആ ചോദ്യം കൂടുതൽ പ്രസക്തവുമാണ്.

ഹോ.. അഞ്ചു ദിവസം കറണ്ടില്ലാതെ എങ്ങനെ കഴിയും? ആദ്യത്തെ രാത്രിമുഴുവൻ മെഴുകുതിരി കത്തിച്ചുവെച്ച് ഇതുതന്നെയായിരുന്നു വീട്ടിലെ ചർച്ച. രാത്രിയാവുമ്പോൾ കൊതുകുകൾ ഇരച്ചുവരും. മുകളിലെ ഫാനുകൾ കറങ്ങില്ല. കൊതുകു ബാറ്റിന്റെ ചാർജ്ജ് തീരുമെന്നതിനാൽ അതുകൊണ്ട് യാതൊരു ഗുണവുമുണ്ടാവില്ല. ഇപ്പോൾത്തന്നെ രണ്ടര വയസ്സുള്ള എന്റെ മോന്റെ ദേഹത്തെ കൊതു കുത്തിയ തടിച്ച പാടുകൾ കണ്ടാൽ നമുക്ക് കരച്ചിൽ വരും. അപ്പോൾപ്പിന്നെ കറണ്ട് ഇല്ലെങ്കിലുള്ള സ്ഥിതിയോ?

അഞ്ചുദിവസം കറണ്ടില്ല എന്നാൽ അഞ്ചുദിവസം വെള്ളമില്ല എന്നുകൂടിയാണ് അർഥം. ടാങ്കിലെ വെള്ളം ഏതാണ്ട് ഒന്നര ദിവസംകൊണ്ട് തീരും. ബാക്കി മൂന്നര ദിവസങ്ങൾ പ്രാകൃത മരുഭൂവാസികളെപ്പോലെ ജീവിക്കേണ്ടിവരും. കുടിയ്ക്കാനും കുളിക്കാനും പാകം ചെയ്യാനും വെള്ളമില്ലാതെ വലയും.

"ഇനി എന്തു ചെയ്യും? " എല്ലാവരും ഇതേ ചോദ്യം പരസ്പരം ചോദിച്ചു.

"എന്നെ അമ്പലപ്പുഴെ കൊണ്ടുചെന്നാക്കിയേക്ക്" - ഹസീന പറഞ്ഞു.

ചേട്ടന്റെ ഭാര്യ ഉയർത്തിയ ഈ അഭിപ്രായ പ്രകടനം തദ്ദേശഭവനവാസികളിൽ ചെറിയൊരു അസ്വാരസ്യം പരത്തി.
എന്റെ ഭാര്യ ഫാത്തിമയ്ക്കും സമാനമായ ഒരു ആശയം ഉള്ളിലുണ്ടായിരുന്നെങ്കിലും സിറ്റുവേഷൻ ചേയ്ഞ്ചാകുന്നതു മനസ്സിലാക്കി അത് ഉന്നയിക്കാൻ ശ്രമിച്ചില്ല. എന്തുതന്നെയായാലും പ്രധാന ചോദ്യം അങ്ങനെതന്നെ നിലനിന്നു: 'ഇനി എന്തു ചെയ്യും'?
വാട്ടർ ടാങ്കിലെ അവസാന തുള്ളി വെള്ളവും തീർന്നതിനു ശേഷമാണ് ഞങ്ങൾക്കൊരു ഉത്തരം കിട്ടിയത്: "മുംതാസിന്റെ വീട്ടിലേക്ക് പോവുക!".

മുംതാസ് പെങ്ങളാണ്. ഇപ്പോൾ കായംകുളത്ത് വലിയ വീടൊക്കെ വെച്ച് താമസിക്കുന്നു. അവിടെ വെള്ളത്തിനു ക്ഷാമമില്ല. മുൻസിപ്പാലിറ്റി ആയതുകൊണ്ട് അങ്ങനിങ്ങനെ കറണ്ടുപോവുകയില്ല. എല്ലാവർക്കും കിടക്കാൻ ആ വീട്ടിൽ ഇടമുണ്ട്.

എന്തായാലും, മുംതാസിന്റെങ്ങ് പോയി നിൽക്കുന്ന കാര്യത്തിൽ ഒരു രൂപരേഖയായി. ഉമ്മാമയ്ക്ക് ഇതിൽ അല്പം അഭിമാനക്കുറവുണ്ട്. കൂടാതെ യാത്ര ചെയ്യാനും വയ്യ! ഉമ്മാമാ വരാത്തതുകൊണ്ട് വാപ്പായും ഉമ്മായും വരുന്നില്ലെന്ന് തീരുമാനിച്ചു. അവർക്ക് മൂന്നുപേർക്കുമുള്ള ഫുഡ് പെങ്ങളുടെ വീട്ടിൽ നിന്ന് കൊണ്ടുവന്നു കൊടുക്കും. ഇതിനിടെ എപ്പോഴെങ്കിലും കറണ്ടു വന്നാൽ അവർ വിളിച്ചു പറയും. അവസാന മിനുക്കുപണിയെന്ന രൂപത്തിൽ വാപ്പ പറഞ്ഞു : "എങ്കിൽ കഴുകാനുള്ള മുണ്ടും തുണികളും കൂടി വാരിക്കെട്ടി കൊണ്ടുപോയ്ക്കോ, അവിടാകുമ്പം ഇഷ്ടത്തിനു വെള്ളമുണ്ടല്ലോ"

ഇതുകൂടെ കേട്ടപ്പോ അതുവരെ സഹിച്ചു നിൽക്കുകയായിരുന്ന ഉമ്മാമ പദ്ധതിയ്ക്ക് ഇടങ്കോലിട്ടു: "എടാ, മാനോം അഭിമാനോം വേണം.. വെള്ളം കുടിച്ചില്ലെങ്കി വെള്ളം കുടിച്ചില്ലെന്നേയുള്ളൂ, എന്നേക്കൊണ്ടൊന്നും പറയിക്കാതെ എല്ലാവനും അകത്ത് കേറിപ്പോ.. വെള്ളം വരുമ്പം വരട്ടെ"

ആറാട്ടുപുഴ എന്ന ഞങ്ങളുടെ നാടിൽ അഭിമാനം കൊള്ളുന്നൊരു ദേശസ്നേഹിയാണ് ഉമ്മാമ. ആറാട്ടുപുഴക്കാർ പണ്ട് പൂച്ചയെക്കൊണ്ടുക്കളഞ്ഞിരുന്ന സ്ഥലമാണ് കായംകുളം എന്നാണ് ഉമ്മാമ പറയാറ്. കായംകുളത്തുന്ന് ഒരുപാട് ആളുകൾ പണ്ട് കയറുപിരിയ്ക്കാനും തൊണ്ടുതല്ലാനും തെങ്ങിനു തടമെടുക്കാനും മീൻ ഉണക്കാനുമൊക്കെ ആറാട്ടുപുഴയിൽ വരാറുണ്ടായിരുന്നെന്നും, പണ്ട് കുറ്റിക്കാടും കൊള്ളക്കാരുമായിക്കിടന്നിരുന്ന സ്ഥലമായിരുന്നു കായംകുളം എന്നുമൊക്കെയാണ് ഉമ്മാമയുടെ വാദങ്ങൾ. "എന്നുമുതലാടാ, ഈ മുൻസിപ്പാലിറ്റി ഒക്കെ ഉണ്ടായത്? " - ഉമ്മാമ ചോദിക്കും.

ഇത് കൂടാതെ വേറേയും ചില ചരിത്ര സങ്കൽപ്പങ്ങൾ ഉമ്മാമ വെച്ചുപുലർത്തുന്നുണ്ട്. ഞങ്ങളുടെ വീടു നിൽക്കുന്നിടം പഴയ ഒരു ഈഴവ പ്രമാണിയുടെ കയ്യിൽ നിന്ന് വാങ്ങിയതാണ്. അയാളുടെ അപ്പനപ്പുപ്പന്മാർക്ക് ഒരു നായർ പ്രമാണിയുടെ കയ്യിൽ നിന്നാണ് ഈ വസ്തു കിട്ടുന്നത്. അന്ന് അതിൽ ഒരു പുര കൂടി ഉണ്ടായിരുന്നു. പുര പിന്നീട് നശിച്ചുപോയി. ഉമ്മാമയുടെ ഉപ്പുപ്പ ഇത് ഈഴവപ്രമാണിയിൽ നിന്ന് വാങ്ങുമ്പോൾ അവിടെ നശിച്ചുപോയ ഒരു എരുത്തിലിന്റെ അവശിഷ്ടങ്ങളുണ്ടായിരുന്നു. നായർ പ്രമാണിയിൽ നിന്ന് ഈഴവ പ്രമാണിയിലേക്ക് കൈമാറിയ കഥയനുസരിച്ച് അത് 18ആം നൂറ്റാണ്ടിൽ ടിപ്പു സുൽത്താന്റെ പടയോട്ടത്തിൽ നശിപ്പിക്കപ്പെട്ട എരുത്തിലായിരുന്നു. എന്നിട്ട് ടിപ്പു അതിലുണ്ടായിരുന്ന പശുവിനേയും ക്ടാവിനേയും പിടിച്ചുകൊണ്ടുപോയി; എന്നൊക്കെയാണ് കഥ. 'അതെന്തിനാ പശുവിനെ പിടിചോണ്ടു പോയതെ'ന്ന് കഥയ്ക്കിടെ കുഞ്ഞുന്നാളിൽ ഞങ്ങൾ ചോദിക്കാറുണ്ടായിരുന്നു. അപ്പോഴൊക്കെ ഉമ്മാമ പറയും : "പടയാളികൾക്ക് ചായയിട്ടു കൊടുക്കാൻ.."

"അപ്പോ ക്ടാവിനെയോ? "

"അത്.. പശുവിനെ കാണാതിരുന്നാൽ ക്ടാവ് വിഷമിക്കില്ലേ എന്ന് സുൽത്താന് തോന്നിക്കാണും"- എന്നിട്ട് ഉമ്മാമ പറയും : "സുൽത്താന്മാർക്കൊക്കെ ഓരോരോ വിചിത്ര രീതികളാണ്!"

ഞാൻ ഇതൊക്കെ പറയുന്നതെന്തിനാന്നുവെച്ചാൽ ഉമ്മാമയെ നയിക്കുന്ന ഇത്തരം ചില ഈഗോകളാണ് കുടുംബത്തിന്റെ പല പദ്ധതികൾക്കും ഇടങ്കോലിടാൻ പ്രേരിപ്പിക്കുന്നത് എന്ന് സൂചിപ്പിക്കാനാണ്. തകർക്കപ്പെട്ടതിന്റെ ചരിത്രമാണെങ്കിലും ഒരു ചരിത്രമുണ്ട് എന്നതാണ് ഉമ്മാമയെ അഭിമാനിയാക്കുന്ന ഘടകം. ജ്യേഷ്ഠൻ ഷമീർ പക്ഷേ നേരത്തേ പറഞ്ഞ സിറ്റുവേഷൻ വളരെ സമർഥമായി ടാക്കിൾ ചെയ്തു.

"പണ്ട് സുനാമി വന്ന സമയത്ത് ഉമ്മാമ കരുവാറ്റയിലെ ചേട്ടത്തീടെ വീട്ടിലേക്ക് പേടിച്ചോടിയല്ലോ.. അതെന്തായിരുന്നു?"- അവൻ ചോദിച്ചു.

"അതുപിന്നെ ഒരാവശ്യം വരുമ്പം..." - ഉമ്മാമ വിക്കി

"എങ്കിൽ ഇതും അങ്ങനാ.. "- ഷമീർ ഒരു പഞ്ചുകൂടി കൊടുത്തു.

"അതിന് ഞാൻ നിന്റെ പെങ്ങടെ വീട്ടിലേക്ക് പോകണ്ട എന്നു പറഞ്ഞില്ലല്ലോ.. ഇങ്ങനെ കാടിളക്കി ഇവിടുത്തെ നാട്ടുകാരേം അറിയിച്ച്, അവിടുത്തെ നാട്ടുകാരേം അറിയിച്ച് നാണക്കേടുണ്ടാക്കരുതെന്നേ പറഞ്ഞുള്ളൂ.. " ഉമ്മാമ അയഞ്ഞു.

അങ്ങനെ, ഞങ്ങൾ നാലുപേരും പിന്നെ മൂന്നു പിള്ളേരുമായി പാതിരാത്രി കാറുമെടുത്ത് കോരിച്ചൊരിയുന്ന മഴയത്ത് കുടിവെള്ളം തേടി തെക്കുദിക്കിലേക്ക് യാത്രയായി. നേരത്തേ വിളിച്ചറിയിച്ചതിനാൽ പെങ്ങൾ ഗേറ്റ് തുറന്നിട്ടിരുന്നു. വണ്ടി പാർക്ക് ചെയ്ത് അയൽക്കാരാരും ഉണരാതിരിക്കാൻ കള്ളന്മാരെപ്പോലെ അളിയന്റെ ബെഡ് റൂമിന്റെ ജനാലയിൽ ചെന്ന് മുട്ടിവിളിച്ചു
അളിയാ.. കതക് തുറക്ക് (പതിഞ്ഞ ശബ്ദം.) (3)

അളിയൻ പോത്തുപോലെ കിടന്നുറങ്ങുന്നു.
മുംതാസ് വന്ന് കതക് തുറന്നുതന്നു. പുറത്ത് അധികനേരം നിൽക്കാതെ കെട്ടും ഭാണ്ഡങ്ങളുമായി ഞങ്ങൾ വീട്ടിലേക്ക് ഇരച്ചുകയറി. സ്വന്തം പെങ്ങളുടെ വീട്ടിൽ കള്ളനെപ്പോലെ കയറുകയും പിന്നീട് അഭയാർഥിയാകേണ്ടിവരികയും ചെയ്യുക; എന്തൊരു ദുര്യോഗമാണിത്.

നേരത്തേ മൊബൈലിലൂടെ അപേക്ഷിച്ച കാര്യങ്ങൾ അവളെ ഒന്നുകൂടി ധരിപ്പിച്ചു: "ഞങ്ങൾ ഇവിടെയുള്ള കാര്യം പുറത്താരും അറിയണ്ട. ഏതെങ്കിലും കാരണവശാൽ അറിഞ്ഞാൽത്തന്നെ ആറാട്ടുപുഴയിൽ വെള്ളം കിട്ടാഞ്ഞിട്ടാണ് ഇവിടെ വന്നത് എന്നറിയണ്ട". അവസാനമായി, അവളുടെ ദേശീയ വികാരം ചെറിയ രീതിയിൽ ഒന്നിളക്കിവിടുകയും ചെയ്തു: "നീയും ഒരു ആറാട്ടുപുഴക്കാരിയാണ് എന്നു മറക്കരുത്!"

മാർത്താണ്ഡവർമ്മയുടെ മാവ് കാരണം ഉണ്ടായ ദുര്യോഗങ്ങളിൽ മനം നൊന്തു കിടന്നതുകാരണം പിള്ളേർക്കൊഴികെ ഞങ്ങൾ നാലുപേർക്കും അന്ന് ശരിയ്ക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. കാലത്ത് വെയിൽ ഉദിച്ചുവരുന്നതു കണ്ട് പെണ്ണുങ്ങൾക്ക് സന്തോഷമായി. ഇപ്പോൾ തെളിഞ്ഞു നിൽക്കുന്ന കാലാവസ്ഥ എപ്പോൾ ഇരുളും എന്നറിയാത്തതുകൊണ്ട് അവർ അപ്പോൾത്തന്നെ തുണിയെല്ലാം വാരി വാഷിംഗ് മെഷീനിലിട്ട് അലക്കാൻ തുടങ്ങി. അഭയാർഥികളായി വന്നവരാരും വീടിനു പുറത്തിറങ്ങണ്ട എന്നു തീരുമാനമുള്ളതിനാൽ അയയിൽ തുണി വിരിക്കാൻ മുംതാസുതന്നെ മുന്നോട്ടു വന്നു. അപ്പുറത്ത് പോത്തുപോലെ കിടന്നുറങ്ങുന്ന അളിയന്റെ അഭിമാനവും അവൾ സംരക്ഷിക്കണമല്ലോ.

അവൾ ബക്കറ്റിൽ നിന്ന് ഒന്നുരണ്ട് ചുരിദാറെടുത്ത് അയയിലങ്ങോട്ടു വിരിച്ചില്ല അപ്പഴത്തേക്കും തെക്കേലെ സൗദാത്ത അവരുടെ വീട്ടിന്റെ രണ്ടാം നിലയിലെ ബാൽക്കണിയിൽ നിന്നൊരു ചോദ്യം താഴേക്ക് എറിഞ്ഞു:

"മുംതാസേ... ഇതേതാ ചുരിദാറ്? ഞാൻ കണ്ടിട്ടില്ലല്ലോ? "

ചുറ്റുവട്ടത്തുള്ള പെണ്ണുങ്ങൾക്ക് ഏതൊക്കെ നിറത്തിൽ എത്രെയൊക്കെ ചുരിദാറുണ്ട്, സാരിയുണ്ട് പാവാടയുണ്ട്, ഏതൊക്കെത്തരം കമ്മലുകളുണ്ട്, മാലയുണ്ട്, ചെരിപ്പുണ്ട് തുടങ്ങി എല്ലാ വിവരങ്ങളും സൗദാത്തായ്ക്ക് കൃത്യമായി അറിയാം.
"അ..അ.. അതുപിന്നെ ഇത് നാത്തൂന്റെ ചുരിദാറാ.. അവർ തിരുവനന്തപുരത്ത്ന്ന് തിരിച്ചു പോകും വഴി ഇവിടെ കേറി.. വഴിയിൽ വെച്ച് കുഞ്ഞ് ഡ്രസ്സിൽ മൂത്രമൊഴിച്ചു." - ഇത്തിരി സത്യത്തിലേക്ക് അല്പം കള്ളവും ചേർത്ത് ചെറിയൊരു കഥയുണ്ടാക്കി അവൾ.

"അപ്പം മറ്റേ ചുരിദാറോ?"

"അ.. അ.. അത് മറ്റേ നാത്തൂന്റെയാ.."
"ഓ.. അപ്പോ എല്ലാവരും വന്നോ?"

"ഇല്ല, ആങ്ങളമാരും അവരുടെ ഫാമിലിയും മാത്രം!"

'നാശത്തിന് എന്തൊക്കെ അറിയണം?' എന്ന് പിറുപിറുത്തുകൊണ്ട് അവൾ ബാക്കി ഡ്രെസ്സ് അവിടെ വിരിയ്ക്കാതെ അയൽക്കാരുടെ നോട്ടമെത്താത്ത അടുക്കളവശത്തെ അയകളിൽ കൊണ്ടുവന്നു തൂക്കി.

അളിയൻ ഉറക്കം എണീറ്റപ്പോഴേക്ക് ഏതാണ്ട് പതിനൊന്ന് മണിയോളമായി. ജിയോ വന്നതിനു ശേഷം ഇന്റർനെറ്റിന് അടിമയായ അളിയൻ ഇപ്പോൾ ആരുടേയും മുഖത്ത് നോക്കി സംസാരിക്കാറില്ല. മൊബൈലിൽ കുത്തിക്കൊണ്ടുതന്നെ വിശേഷങ്ങളൊക്കെ ചോദിക്കാൻ പ്രത്യേക വൈദഗ്ധ്യം അളിയൻ ഇതിനകം സ്വായത്തമാക്കിക്കഴിഞ്ഞു.

"ആറാട്ടുപുഴയിൽ ജിയോയ്ക്ക് നല്ല റേഞ്ച് ഉണ്ടോ?"- രാവിലെ കണ്ടപ്പോൾ അളിയൻ ആദ്യം ചോദിച്ചത് അതാണ്.

ഉച്ചയായപ്പോൾ ഉമ്മാമയ്ക്കും മറ്റുള്ളവർക്കുമുള്ള ഭക്ഷണവുമായി ഷമീർ പോയി. വൈകും നേരമായപ്പോൾ അവൻ മടങ്ങിവരുന്നത് ഒട്ടേറെ വാർത്തകളുമായാണ്. അറക്കവാളും ക്രെയിനും ഒക്കെയായി ഡിപ്പാർട്ടുമെന്റുകാർ മരം മുറിച്ചു മാറ്റാൻ വന്നെങ്കിലും നഷ്ടപരിഹാരം കൊടുക്കാതെ മാവിൽ തൊടാൻ സമ്മതിക്കില്ലെന്നു പറഞ്ഞ് ഭാർഗവൻ തടിയിൽ കെട്ടിപ്പിടിച്ചുകൊണ്ട് ഒരേ കിടപ്പായിരുന്നത്രേ..!. ഒടുക്കം കളക്ടർ വന്ന് ഭാർഗവനെ ഭീഷണിപ്പെടുത്തിയശേഷമാണ് കാര്യങ്ങൾ നേരാം വണ്ണം ആയത്. മഹാരാജാവിന്റെ മരം എന്നനിലയിൽ മരം മുറിച്ചുമാറ്റിയാൽ സർക്കാർ അതിന്റെ ചെലവു മുഴുവൻ വഹിക്കുമെന്നും അതല്ല മാവ് സ്വകാര്യ സ്വത്താണെന്ന് വാദിക്കുകയാണെങ്കിൽ ക്രെയിൻ വാടക, തൊഴിലാളികളുടെ കൂലി എന്നതെല്ലാം ഉൾപ്പടെ ഒരുലക്ഷത്തി ഇരുപതിനായിരം രൂപ കളക്ട്രേറ്റിൽ കെട്ടിവെക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. നഷ്ടപരിഹാരത്തുകയായി കൂടിവന്നാൽ കൃഷിഭവനിൽ നിന്ന് എണ്ണൂറു രൂപ കിട്ടുമായിരിക്കുമെന്നുകൂടി കളക്ടർ കൂട്ടിച്ചേർത്തു. മാവിൽ നിന്ന് പിടിവിടാൻ ഭാർഗവൻ ചേട്ടനെ പ്രേരിപ്പിച്ചത് ആദ്യത്തെ തുക ആയിരുന്നില്ല; രണ്ടാമത് പറഞ്ഞ തുകയായിരുന്നു.

ഇതിനിടെ, പുരാതനമായ മരങ്ങൾ സ്വകാര്യ സ്വത്താണോ എന്നതിനെ സംബന്ധിച്ച് നാട്ടിലെ വാട്ട്സാപ്പ് ഗ്രൂപ്പുകളിലും മറ്റും വലിയ സംവാദങ്ങൾ നടന്നു. വിതയ്ക്കാത്ത് ഒരാൾക്കും കൊയ്യാനുള്ള അവകാശമില്ലെന്നും അതിർത്തികൾ ലംഘിച്ചു വളരുന്ന, മാവുകൾ പോലെയുള്ള വൃക്ഷങ്ങൾക്ക് ഒന്നിൽ കൂടുതൽ അവകാശികൾ ഉണ്ടാവുക സാധ്യമാണ് എന്നുമൊക്കെയുള്ള വാദങ്ങളിലൂടെ ചർച്ചകൾ വികസിച്ചുകൊണ്ടേയിരുന്നു.

മറ്റൊരു വാർത്ത, നാട്ടിലുള്ള ആളുകൾ ഇപ്പോൾ കുടവും കന്നാസുമൊക്കെയായി ദൂരെ സ്ഥലങ്ങളിൽ പോയാണ് വെള്ളം കൊണ്ടുവരുന്നത് എന്നതായിരുന്നു. ചില സ്വകാര്യ ടാങ്കറുകൾ വൈകും നേരങ്ങളിൽ വെള്ളം കച്ചവടം ചെയ്യാനും തുടങ്ങിയിട്ടുണ്ട്. അവർ വൈദ്യുതി പുന:സ്ഥാപനം വൈകിപ്പിയ്ക്കാൻ ചില ഉദ്യോഗസ്ഥരെ സ്വാധീനിക്കാൻ ശ്രമിച്ചുവെങ്കിലും ജനങ്ങൾ ഉപരോധ സമരങ്ങളും മറ്റും തുടങ്ങിയതിനാൽ പണി തകൃതിയായി തുടരാതിരിക്കാൻ ബോർഡിന് നിർവ്വാഹമില്ലാതെവന്നുവെന്നും ഷമീർ പറഞ്ഞു.

"തകൃതിയായി പണി നടക്കുന്നു എന്നുപറഞ്ഞാൽ പണി തീരാൻ ഇനി എത്ര ദിവസം കൂടി എടുക്കും?"

"ഇനിയും നാലു ദിവസം"

പറഞ്ഞതുപോലെ, നാലു ദിവസം കൊണ്ട് പണി പൂർത്തിയായി. പക്ഷേ, ഈ നാലു ദിവസങ്ങൾ കൊണ്ട് മുംതാസിന്റെ വീട്ടിന്റെ ഏതാണ്ട് അഞ്ചു കിലോമീറ്റർ ചുറ്റളവിൽ എല്ലാവരും അറിഞ്ഞു; കുടിവെള്ളവും കറണ്ടും ഇല്ലാത്തതിനാൽ ആറാട്ടുപുഴക്കാർ വന്ന് കായംകുളത്ത് താമസിക്കുന്ന വിവരം!. അതിൽ കുറേ ആളുകൾ കപടസഹതാപം നടിച്ച് ഞങ്ങളെ ആശ്വസിപ്പിക്കാനും വിവരങ്ങൾ ചോർത്താനും വന്നു.നാട്ടുകാർ ഈ വിവരം അറിഞ്ഞതെങ്ങാനും ഉമ്മാമ അറിഞ്ഞാൽ ഞങ്ങളെ കൊന്നുകളയും!

രണ്ട് ദിവസങ്ങൾക്കൂടി കഴിഞ്ഞപ്പോഴേക്ക് പെങ്ങളുടെ വീട്ടിലെ പൊറുതി അസഹ്യമായിത്തീർന്നിരുന്നു. ഉമ്മാമയുടെ പഴം പുരാണങ്ങളുടെ ഈർപ്പം കെട്ടിനിന്ന് പൂപ്പൽ പിടിച്ച ചുവരുകളാണെങ്കിലും സ്വന്തം വീട്ടിൽ കിടന്ന് ഉറങ്ങുന്നതിനേക്കാൾ നല്ല ഉറക്കം മറ്റൊരു പട്ടുമെത്തയിലും കിട്ടില്ലെന്ന കാര്യം ഞങ്ങൾക്ക് ബോധ്യമായിരുന്നു. നാലാമത്തെ ദിവസം, കാത്തിരിപ്പിന്റെ മൂർദ്ധന്യാവസ്ഥയിൽ, ഏതാണ്ട് പതിനൊന്ന് മണി രാത്രിയോടെ "കറണ്ടും വെള്ളവും വന്നു" എന്ന ശുഭവാർത്തയുമായി വാപ്പയുടെ ഫോൺ കോൾ എത്തി.

തിരികെപ്പോകാനായി എല്ലാവരും ഒരുങ്ങി, സാധനങ്ങളും ഭാണ്ഡക്കെട്ടുകളും കാറിനുള്ളിൽ കയറ്റുമ്പോഴേക്ക് വലിയൊരു കോള് മാനത്ത് ഉരുണ്ട് കൂടുകയും, മരങ്ങളിലെല്ലാം കാറ്റുവീശുകയും നാശം പിടിച്ച ഒരു മഴ പൊട്ടിവീഴാൻ തുടങ്ങുകയും ചെയ്തിരുന്നു.

No comments: