7/26/17

ഗൂഢാലോചന

സത്യം പറഞ്ഞാൽ ക്രിമിനൽ ഗൂഢാലോചനകൾ നടത്തുന്നവരെ ആത്മാർഥമായി എതിർക്കാൻ എനിക്കാവില്ല. കാരണം കഴിഞ്ഞുപോയ കാലത്ത് ഒരു മഹാക്രൂരകൃത്യത്തിനുവേണ്ടി ഞാനും ഗൂഢാലോചന നടത്തിയിട്ടുണ്ട്. അന്ന് വെറും ഏഴിലോ എട്ടിലോ പഠിക്കുന്ന പയ്യനാണ് ഞാൻ . പന്ത്രണ്ടോ പതിമൂന്നോ വയസ്സുകാണും. പക്ഷേ, ഗൂഢാലോചനയുടെ വ്യാപ്തി ഓർക്കുമ്പോൾ ക്രിമിനൽക്കുറ്റങ്ങളെ എതിർക്കുവാനുള്ള എന്റെ ധാർമ്മിക ശേഷി സാരമാം വണ്ണം ചോർന്നുപോകുന്നതായി അനുഭവപ്പെടുന്നു.

കുറ്റവാളി ഞാനായിരുന്നില്ല. അത് തൊട്ടയല്പക്കത്തെ എന്റെ കൂട്ടുകാരനായിരുന്നു. നിസാർ. അവൻ ഒരു ദിവസം എന്നോടു വന്നു പറഞ്ഞു : 

"അളിയാ, സഹികെട്ടളിയാ.. സഹികെട്ടു! ഈ നാശം പിടിച്ച കോഴിയേം താറാവിനേം ആടിനേം കൊണ്ട് ഞാൻ സഹികെട്ടു!"

അവന്റെ വീട്ടിൽ കുറേ കോഴികളും പത്തുപന്ത്രണ്ട് താറാവുകളും മൂന്ന് ആടുകളും നാല് ആട്ടിൻകുട്ടികളും ഉണ്ട്. ഇവയെല്ലാം കാരണം അവന് യാതൊരു സ്വസ്ഥതയും സന്തോഷവുമില്ല. മറ്റു കുട്ടികളൊക്കെ സ്കൂളിൽ നിന്ന് വരുന്നപാടെ പുസ്തകക്കെട്ടെടുത്ത് അട്ടത്തേയ്ക്കെറിഞ്ഞിട്ട് കളിക്കാനായി ഓടുമ്പോൾ നിസാറിനാവട്ടെ, ആടിനെ അഴിച്ചു കെട്ടണം, അതിനു പ്ലാവില പറിച്ചുകൊടുക്കണം, വീടുകളിൽ പാലുകൊണ്ടുക്കൊടുക്കണം സന്ധ്യയാവുംമ്മുമ്പ് കോഴിയെയും താറാവിനെയും പിടിച്ച് കൂട്ടിലടയ്ക്കണം, താറാവിനു കൊടൂക്കാൻ കൂലിക്ക കുത്തണം തുടങ്ങി നൂറുകൂട്ടം പണികൾ കാണും. സ്കൂൾ അവധി ദിവസങ്ങളിലും ഈ ജീവികളെ പരിപാലിക്കലുതന്നെയാണ് അവന്റെ ജോലി. അഥവാ ഇതിനിടയിൽ ഇത്തിരി സമയം ഒപ്പിച്ച് അപ്പുറത്തെ അയ്യത്ത് ക്രിക്കറ്റ് കളിക്കാൻ പോയാലും സ്വസ്ഥതയോടെ അത് പൂർത്തീകരിക്കാൻ പറ്റില്ല. കാത്തു കാത്തിരുന്ന് ബാറ്റിംഗ് കിട്ടുമ്പോഴാവും അവന്റെ ഉമ്മ സൂറാത്ത വേലിയ്ക്കരികെ വന്നു വിളിക്കുന്നത്. ക്രൂരയായ ആ സ്ത്രീ ക്രിക്കറ്റു കളിക്ക് പറയുന്നത് തുഴയെറിഞ്ഞുകളിയെന്നാണ്. അവർ ആക്രോശിക്കും:

"നിസാറേ.., ഡാ നിസാറേ.. ഇവിടെ എന്തുമ്മാത്രം പണികിടക്കുന്നു.. അപ്പഴാ അവന്റെയൊരു തുഴയെറുഞ്ഞുകളി! അങ്ങേര് ഒന്നിങ്ങു വന്നോട്ടെ; പറഞ്ഞുകൊടുക്കുന്നുണ്ട് ഞാൻ.. "

ഇടയ്ക്കൊക്കെ ഉമ്മായുടെ നിർദ്ദേശപ്രകാരം വാപ്പാ അവനെ തല്ലാറുണ്ടെങ്കിലും ദിവസം ‌മുഴുവൻ നീണ്ടുനിൽക്കുന്ന  സ്വൈര്യക്കേട് അയാൾ ഉണ്ടാക്കാറില്ല. പുള്ളി രാവിലെ തന്നെ എണീറ്റ് ചീട്ടുകളിക്കാൻ പോകും. പിന്നെ വൈകും നേരം ഏഴെട്ട് മണിയൊക്കെ ആകുമ്പഴേ തിരിച്ചുവരൂ. നിസാർ സ്കൂളിൽ നിന്ന് ഉച്ചയ്ക്ക് ഊണിന് വീട്ടിൽ വന്ന് തിരിച്ചു പോകുമ്പോൾ വാപ്പായ്ക്കുള്ള ഭക്ഷണം കളിക്കുന്നിടത്ത് കൊണ്ടുക്കൊടുക്കും. ചീട്ടുകളിയിൽ നിന്നും എന്തെങ്കിലും ചില്ലറ കിട്ടുമെന്നല്ലാതെ അത്ര വലിയ വരുമാനമൊന്നുമില്ല. പലപ്പോഴും നഷ്ടമാണ്. പിന്നെ ഒരു ജോലി എന്ന രീതിയിൽ അയാളത് കൊണ്ടു നടക്കുന്നെന്നേയുള്ളൂ.

കോഴി, താറാവ്, ആടുകൾ മുതലായവയിൽ നിന്ന് അത്യാവശ്യം വരുമാനം ഉണ്ടാക്കുന്നതുകൊണ്ട് അതിന്റെയെല്ലാം ഉടമസ്ഥയും നോക്കിനടത്തിപ്പുകാരിയും എന്നനിലയിൽ നിസാറിന്റെ ഉമ്മയാണ് വീട്ടിലെ രാജാവ്. ചീട്ടുകളിക്കാരൻ വാപ്പാ അവിടെ വെറും ഡൈമൺ ഏഴാണ്. വീട്ടിലിരുന്നാൽ ഭാര്യ തുടരെത്തുടരെ ആജ്ഞകൾ പുറപ്പെടുവിക്കുമെന്നതുകൊണ്ടാണ് രണ്ടുകുത്ത് ചീട്ടുമെടുത്ത് അയാൾ രാവിലെതന്നെ അവിടുന്ന് കടന്നുകളയുന്നത്.

താൻ വളർത്തുന്ന പക്ഷിമൃഗാദികളെല്ലാം കൂടി ചില്ലറ അസ്വസ്ഥതകൾ സൂറാത്തായ്ക്കും ഉണ്ടാക്കാറുണ്ട്. ഏതെങ്കിലും കല്യാണ വീട്ടിൽ പോയാലോ നേർച്ചയ്ക്കോ അടിയന്തിരങ്ങൾക്കോ പോയാലോ ഒക്കെ സന്ധ്യയാവുമ്പോഴേക്ക് സൂറാത്തായ്ക്ക് ആധിയാണ്. "അയ്യോ.. കോഴിയെ പിടിച്ചിട്ടില്ല", "അയ്യോ.. ആടിനു തീറ്റകൊടുത്തില്ല!" എന്നിങ്ങനെ. എന്നാൽ ഈ ആധിയെല്ലാം അവർ ഇറക്കിവെക്കുന്നത് നിസാറിന്റെ തലയിലേക്കാണെന്നതാണ് കഷ്ടം!

"ഡാ.. നീ ചെന്ന് ആ കോഴിയേം താറാവിനേം കൂട്ടിൽ കയറ്റി ആടിന് തീറ്റയും കൊടുത്തിട്ട് ഓടി ഇങ്ങ് വാ.. അവിടേം ഇവിടേം കറങ്ങി നടക്കരുത്; പെട്ടെന്നിങ്ങ് വന്നേക്കണം.."

"നാശം". അവൻ ഓടിക്കിതച്ച് വീട്ടിൽ വരും. പെട്ടെന്ന് ജോലി തീർത്ത് തിരിച്ചുപോയാൽ കുറച്ചു നേരംകൂടി കുട്ടികളുമായി കളിക്കാമല്ലോ എന്നു കരുതി കോഴികളെ പിടിച്ച് കൂട്ടിലടച്ച്, ആടുകൾക്ക് തീറ്റയും കൊടുത്ത് താറാവിനെ കൂട്ടിൽ കയറ്റാൻ നോക്കുമ്പോഴായിരിക്കും പന്ത്രണ്ടെണ്ണം ഉള്ളതിൽ ഒന്നുരണ്ടെണ്ണത്തിനെ കാണാനില്ലെന്ന് മനസ്സിലാവുന്നത്. "നാശം അതിനെ ഇനി എവിടെപ്പോയി തപ്പിപ്പിടിക്കും?" കൂട്ടത്തിലുള്ള ഒന്നോ രണ്ടോ താറാവുകൾ ഒളിച്ചോടുന്നത്  സ്ഥിരം ഏർപ്പാടാണ്. തോടുകളിൽ നീന്തി നീന്തി നടക്കുന്നതിനിടയ്ക്ക് ചില പെടകൾ വേറേ ഏതെങ്കിലും പൂവൻ നയിക്കുന്ന കൂട്ടത്തിലേക്ക് ആകൃഷ്ടരായങ്ങ് പൊയ്ക്കളയും. പിന്നെ വള്ളവുമെടുത്ത് തോടായ തോടുമുഴുവൻ തുഴഞ്ഞ് അന്വേഷിച്ചു നടക്കണം. ഭാഗ്യമുണ്ടെങ്കിൽ പെട്ടെന്ന് കണ്ടുകിട്ടും. ഇല്ലെങ്കിൽ ഒരു എട്ടെട്ടരയെങ്കിലുമാവും. ആ സമയമാവുമ്പോഴേക്ക് മറ്റു കൂട്ടങ്ങളിൽ നിന്ന് നിഷ്കാസിതരായി 'ക്വാക്ക് ക്വാക്ക്' എന്ന് നിലവിളിച്ച് ഇരുട്ടുവീണതും വിജനവുമായ തോടുകളിൽ യഥാർഥ ഉടമയെ തേടി അവ അലയുന്നുണ്ടാവും. നിസാറിനെ കാണുമ്പോൾ അവറ്റകളുടെ സന്തോഷമൊന്ന് കാണണം!. 'ക്വാക്കി'ന്റെ ശബ്ദം കൂടും. പക്ഷേ പിടിക്കാൻ ചെല്ലുമ്പോൾ ഒരുമാതിരി ബെടക്ക് സ്വഭാവം കാണിക്കും. പൊന്തക്കാട്ടിലും അവിടെയും ഇവിടെയുമൊക്കെയിട്ട് ഓടിച്ച് മനുഷ്യന്റെ ഊപ്പാട് തീർത്തതിനു ശേഷമേ പിടിതരൂ.

നേരത്തേയൊക്കെ നിസാറിന് സ്വന്തം താറാവുകളെ തിരിച്ചറിയാൻ ബുദ്ധിമുട്ടായിരുന്നു. ഒരിക്കൽ പകരമായി വേറൊരു താറാവിനെ പിടിച്ചുകൊണ്ടുവന്ന് കൂട്ടിലടച്ച് അവൻ ഉമ്മായെ പറ്റിയ്ക്കാൻ നോക്കിയിട്ടുണ്ട്. പിറ്റേ ദിവസം ആ താറാവ് മുട്ടയിടാത്തതിൽ കലിപൂണ്ട് അവർ അവനെ ഒരുപാട് വഴക്കുപറഞ്ഞു. അതിനു ശേഷം താറാവുകളെ തിരിച്ചറിയാനായി അവൻ പന്ത്രണ്ടെണ്ണത്തിന്റെയും ഓരോ കാലുകളിലും പഴയൊരു പാവാടയിൽ നിന്ന് കീറിയെടുത്ത കാവിനിറമുള്ള  നാടകൾ കെട്ടി. അതിന്റെ പിറ്റേ ദിവസം കൂട്ടിൽ നിന്നിറങ്ങി വരിവരിയായി നടന്നു നീങ്ങിയ താറാവുകളെ കണ്ട് വടക്കേതിലെ പട്ടാളം പ്രഭാകരണ്ണൻ ചോദിച്ചു:

"ഇതെന്തോന്നാടാവേ? ആർ എസ്സ് എസ്സിന്റെ ജാഥയോ?"

ചോദ്യം കേൾക്കാത്ത ഭാവത്തിൽ താറാവുകൾ കുണുങ്ങിക്കുണുങ്ങി തോട് ലക്ഷ്യമാക്കി നടന്നുപോയി. നാടകൾ കാരണം ആളുകൾ പലതും പറഞ്ഞ് പരിഹസിക്കാറുണ്ടായിരുന്നെങ്കിലും ഏത് വലിയ താറാക്കൂട്ടങ്ങൾക്കിടയിൽ അകപ്പെട്ടുപോയാലും തന്റെ താറാവുകളെ തിരിച്ചറിയാൻ അതേ നാടകൾ അവനെ സഹായിക്കുമായിരുന്നു.

താറാവുകളെ തിരയാൻ ചിലപ്പോഴൊക്കെ ഞാനും അവനോടൊപ്പം വള്ളത്തിൽ കൂടാറുണ്ടായിരുന്നു. ഒരു ദിവസം  തിരഞ്ഞു തിരഞ്ഞ് സഹികെട്ടപ്പോൾ വള്ളത്തിൽ വെച്ച് അവൻ എന്നോടു പറഞ്ഞു:

"ഈ നാശത്തിനെയൊക്കെ കൊല്ലണം അളിയാ.., കൊല്ലണം!"

അവിടെത്തുടങ്ങി ഞങ്ങളുടെ ഗൂഢാലോചന.
എങ്ങനെ കൊല്ലും?
എപ്പോൾ കൊല്ലും?
എന്തിനെയൊക്കെ കൊല്ലും?

ഈ മൂന്ന് കാര്യങ്ങളാണ് ചർച്ചചെയ്ത് തീരുമാനിക്കേണ്ടിയിരുന്നത്.
അവസരം കിട്ടുമ്പോഴൊക്കെ ഞങ്ങൾ അതിനെപ്പറ്റി മാത്രം സംസാരിച്ചു. ഏതാണ്ട് രണ്ടര ആഴ്ചയോളം നീണ്ടു നിന്നു ആ ഗൂഢാലോചന.

ഒന്നാം ഘട്ടം:
**************
"എങ്ങനെ കൊല്ലും?"- ഞാനാണ് ആദ്യം ചോദ്യം ഉന്നയിച്ചത്

"കോഴികളെ നമുക്ക് കഴുത്തു ഞെരിച്ചു കൊല്ലാം, ആടിന് വെഷം കൊടുക്കാം"- അവൻ

"താറാവിനേം നമുക്ക് കഴുത്തു ഞെരിച്ചുകൊല്ലാം"- ഞാൻ അവേശം കൊണ്ടു.

"എടാ, ഈ നാശം കഴുത്ത് ഞെരിച്ചാൽ ചാവത്തില്ല... പിന്നെന്തു ചെയ്യും?"

"എങ്കി, നമ്മക്ക് എല്ലാത്തിനേം വെഷം കൊടുത്ത് കൊല്ലാം"

"ഓക്കെ, പക്ഷേ എന്തു വെഷം കൊടുക്കും?

"ഒതളങ്ങ!"

"ചാകുവോ?"

"പിന്നേ.., ഒറപ്പായിട്ടും ചാകും" അടുത്ത സമയത്ത് ഒതളങ്ങ കഴിച്ചു മരിച്ച രണ്ടുപേരുടെ ഉദാഹരണങ്ങൾ കൂടി ഞാൻ പറഞ്ഞു കൊടുത്തു.

"ആടും കോഴീം ഒക്കെ ഒതളങ്ങ തിന്നുവോ?"

"എടാ നമ്മക്ക് തീറ്റയ്ക്കകത്ത് അരച്ചു ചേർക്കാം"

"അതൊക്കെ ബുദ്ധിമുട്ടായിരിക്കും.., നമുക്ക് എലിവെഷം ചേർത്തുകൊടുക്കാം.. അതാകുമ്പം വീട്ടിലൊണ്ട്."

"ഓക്കെ"


രണ്ടാം ഘട്ടം:
*************
"എപ്പോൾ കൊല്ലാൻ പറ്റും?"

"അടുത്തേന്റെ അടുത്ത ഞാറാഴ്ച അക്കരേലെ അപ്പീടങ്ങ് മുഹ്‌യുദ്ദീൻ റാത്തീബാണ്. എല്ലാവരും പോയിട്ട് തിരിച്ചു വരുമ്പം ഒരുപാട് രാത്രിയാകും. നമ്മക്ക് അന്ന് കൊല്ലാം.."

"ഓക്കെ"


മൂന്നാം ഘട്ടം:
*************
"ഏതിനെയൊക്കെ കൊല്ലണം?" - അതും ഞാനാണ് ആദ്യം ചോദിച്ചത്.

ഈ ചോദ്യത്തിന് കൃത്യമായ ഉത്തരം ഉണ്ടായിവരാൻ ദീർഘമായ ആറു ദിവസങ്ങളെടുത്തു. അവനെ സംബന്ധിച്ച് അങ്കലാപ്പ് നിറഞ്ഞതായിരുന്നു ആ ചോദ്യം. 'എല്ലാത്തിനേയും' കൊല്ലണമെന്ന് പറയുമെങ്കിലും അത് നടപ്പാക്കുക എളുപ്പമല്ലെന്നും, അങ്ങനെ നടന്നാൽത്തന്നെ അത് ഊഹിക്കാവുന്നതിനും അപ്പുറമുള്ള പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ഞങ്ങൾക്ക് അറിയാമായിരുന്നു. അതുകൊണ്ട് കുറച്ചെണ്ണത്തിന്റെ മാത്രം കൊന്ന് ജോലിഭാരം കുറയ്ക്കുകയേ നിർവ്വാഹമുള്ളൂ എന്നകാര്യത്തിൽ ഞങ്ങൾക്കിടയിൽ തർക്കവുമില്ലായിരുന്നു. ഈ ജീവികളെല്ലാം ശല്യമായിരിക്കുമ്പോഴും അവയോട് അവന് എന്തോ ഒരു വാത്സല്യവും ഉണ്ടായിരുന്നു എന്നത് വേറെ!. ചിലതിനെയൊക്കെ അവൻ  പേരിട്ടുപോലും വിളിച്ചിരുന്നു. ഇപ്പോൾ 'ഏതിനെയൊക്കെ കൊല്ലണം?' എന്നു ചോദിച്ചാൽ...?, ചിന്തിക്കേണ്ടിയിരിക്കുന്നു . കൂട്ടക്കൊലയേക്കാൾ തെരഞ്ഞുപിടിച്ച് കൊല്ലുന്നതിലെ ക്രൂരത ദിവസങ്ങളോളം അവന്റെ മനസ്സിനെ അസ്വസ്ഥമാക്കി.

"എടാ, സ്ഥിരമായി ചാടിപ്പോകുന്ന താറാവുകളെയെല്ലാം എന്തായാലും കൊല്ലാം" - ഞാൻ പറഞ്ഞു. പക്ഷേ, അവൻ അത് അംഗീകരിച്ചില്ല. തോടുകളിലും കയങ്ങളിലും അന്വേഷിച്ച് നടക്കുന്നത് ബുദ്ധിമുട്ടുള്ള ജോലിയായിരുന്നെങ്കിലും അവ ചാടിപ്പോകുന്നതുകൊണ്ടു മാത്രമാണ് അവന് വീട്ടിൽ നിന്ന് കുറച്ചധികം നേരത്തേക്ക് വിട്ടുനിൽക്കാനായിരുന്നത്.

ചാട്ടക്കാരികളായ താറാവുകളെക്കൂടാതെ 'ആട്ടിൻകുട്ടികളേയും കഴുത്തിൽ തൂവലില്ലാത്ത മൂന്ന് കോഴികളേയും കൊല്ലണ്ട'. എന്ന അഭിപ്രായം അവൻ ആദ്യമേ പറഞ്ഞു. ബാക്കിയുള്ളവയിൽ ഒരു തീരുമാനമാകാതെ ദിവസങ്ങൾ നീണ്ടുനീണ്ടുപോയി. മുഹ്യുദ്ദീൻ റാത്തീബ് അടുത്തടുത്ത് വന്നു. ഒടുക്കം ഞാനൊരു ഐഡിയ പറഞ്ഞു.

"ബാക്കിയുള്ളതിനെയെല്ലാം നമ്മക്ക് പപ്പാതിയാക്കി വേറേ വേറേ കൂട്ടിലിട്ടിട്ട് ഒരു പാതിയ്ക്ക് മാത്രം വെഷം കൊടുക്കാം"

കുറച്ചുനേരം ചിന്തിച്ചിരുന്നിട്ട് അവൻ പറഞ്ഞു: "ഓക്കെ"

അങ്ങനെ, ഗൂഢാലോചന പൂർത്തിയായി!

************
കൃത്യം നടന്ന കരാള രാത്രിയെക്കുറിച്ച് വിവരിക്കാൻ ഒരുപാടുണ്ട്. തൽക്കാലം ഞാനതിന് മുതിരുന്നില്ല. ഒരു പെരുമഴ പെയ്തൊഴിഞ്ഞ രാത്രിയായിരുന്നു അത്. തവളകളും ചീവീടുകളും അവയ്ക്ക് ആവുന്നത്ര ശബ്ദത്തിൽ കരഞ്ഞു. അയൽക്കാരൊക്കെ നേരത്തേ മൂടിപ്പുതച്ച് ഉറക്കമായി. അക്കരയിലെ അപ്പിയുടെ വീട്ടിൽ നിന്നുള്ള റാത്തീബിന്റെ അലർച്ചകൾ പുഴകടന്ന്, ഇക്കരെയും എത്തുന്നുണ്ടായിരുന്നു. എല്ലാം കൊണ്ടും അനുകൂലമായ ആ രാത്രിയിൽ പ്ലാൻ ചെയ്തതുപോലെ വളരെ കൃത്യമായും ഈസിയായും ഞങ്ങൾ കൃത്യം നടത്തി. ഗൂഢാലോചനയെ അപേക്ഷിച്ച് കുറ്റകൃത്യം ഒട്ടും പ്രയാസകരമല്ലാത്ത കാര്യമാണെന്ന് എനിക്ക് മനസ്സിലാവുന്നത് അന്നാണ്. ഒരു ചെറിയ കൊലപാതകമോ ബലാത്സംഗമോ നടത്താൻ ചിലപ്പോൾ നമുക്ക്  വർഷങ്ങളോളം ഗൂഢാലോചനകൾ നടത്തേണ്ടിവരും. അത്രയും കാലം രഹസ്യങ്ങൾ സൂക്ഷിക്കേണ്ടിയും വരും. പക്ഷേ കുറ്റകൃത്യങ്ങളിൽ പലതും വളരെക്കുറഞ്ഞ സമയം കൊണ്ട് കഴിയുന്നു. ചിലപ്പോൾ ഒരു നിമിഷത്തിനുള്ളിൽ പോലും!

കൃത്യത്തിനു ശേഷം വലിയ സംഭ്രമത്തോടെയാണ് ഞാൻ വീട്ടിലേക്ക് പോകുന്നത്. അനക്കമൊന്നുമുണ്ടാക്കാതെ വാതിൽ പയ്യെത്തുറന്ന് അകത്തുകയറി ഒന്നും സംഭവിച്ചില്ലാത്തവനെപ്പോലെ കിടന്നു. അവൻ വള്ളവുമെടുത്ത് അപ്പിയുടെ വീട്ടിലേക്ക് പോയി കുറച്ചു സമയം കഴിഞ്ഞ് വാപ്പയോടും ഉമ്മയോടും ഒപ്പം ഒന്നും അറിയാത്തവനെപ്പോലെ തിരികെ വന്നു. അവർ തിരികെ എത്തുമ്പോൾ കൂടുകളിൽ അസ്വാഭാവികമായ അനക്കങ്ങൾ കേട്ടെങ്കിലും കണ്ണുകളിൽ ഉറക്കം പിടിച്ചതുകാരണം സൂറാത്ത അധികം മൈന്റ് ചെയ്യാതെ അകത്തേക്ക് പോയി. പക്ഷേ അവരെല്ലാം ഉറങ്ങാൻ കിടന്ന് അധികമാവും മുമ്പ് ആടുകൾ വലിയ ബഹളമുണ്ടാക്കാൻ തുടങ്ങി. കോഴികളും അതേ. വല്ല പാമ്പോ ചേരയോ കയറിയതാവുമെന്നു കരുതി വിളക്കുമെടുത്തു പുറത്തുവന്ന സൂറാത്ത ആട്ടിൻ കൊട്ടിലിലെ കാഴ്ചകണ്ട് നിലവിളിച്ചുപോയി...

പിറ്റേ ദിവസം ആയപ്പോഴേക്കും മരണ സംഖ്യ കൂടിയിരുന്നു. മൊത്തം ആറു കോഴികളും രണ്ട് ആടുകളും ചത്തുപോവുകയും നാലോളം കോഴികൾക്ക് മയക്കം ബാധിക്കുകയും ചെയ്തു. അത്ഭുതമെന്നു പറയട്ടേ, താറാവുകൾക്കൊന്നും സാരമായ പ്രശ്നം ഉണ്ടായില്ല. നിസാറിനെ അവന്റെ വാപ്പ മുറ്റത്തെ പൂവരശിൽ കെട്ടിയിട്ടു പൊതിരെ തല്ലുകയും ഉറുമ്പിങ്കൂട് ദേഹത്ത് കുടഞ്ഞ് വെള്ളം ഒഴിക്കുകയും ചെയ്തു.

"ആരാടാ, നിനക്ക് ഇതൊക്കെ പറഞ്ഞുതന്നത്?"

സൂറാത്തായുടെ ആക്രോശങ്ങളിൽ ഏറ്റവും കൂടുതൽ തവണ കേട്ടത് ഈ ചോദ്യമായിരുന്നു. പക്ഷേ, എന്റെ കൂട്ടുകാരൻ എന്നെ ഒറ്റിക്കൊടുത്തില്ല. ഇന്നാണെങ്കിൽ അവനെ ഞാൻ 'ചങ്ക് ബ്രോ' എന്നു വിളിക്കുമായിരുന്നു.

അന്ന് രാത്രി, നീറുകൾ കടിച്ച് ദേഹം ആസകലം തിണർത്തുപോയ അവന്റെ ശരീരത്തിൽ കെട്ടിപ്പിടിച്ച് സൂറാത്താ ഒരുപാട് കരഞ്ഞു. തേക്കിന്റെ ഇലയിട്ട് എണ്ണ കാച്ചി അവന്റെ തിണർപ്പുകളിലൊക്കെ അവർ പുരട്ടിക്കൊടുത്തു.

ഈ സംഭവത്തിനു ശേഷം സൂറാത്ത ഒരുപാട് മാറി.
അവർ ബാക്കിയുണ്ടായിരുന്ന തന്റെ വളർത്തു ജീവികളെയെല്ലാം വിറ്റ് ആ കാശിനോടൊപ്പം അല്പം കടവും ചേർത്ത് നാലുപൂട്ട് റാട്ട് വാങ്ങി കയറുപിരി തുടങ്ങി അങ്ങനെയൊക്കെയങ്ങ് ജീവിച്ചു.

കാലം കുറേയായി. പക്ഷേ 'എന്തിനായിരുന്നു ഞാൻ ആ കുറ്റകൃത്യത്തിൽ പങ്കാളിയായത്' എന്ന് ഞാൻ ഇപ്പോഴും ആലോചിക്കാറുണ്ട്. വീട്ടിലെ പീഡനം അനുഭവിച്ചവൻ എന്ന നിലയിൽ അവന് ഒരുപക്ഷേ ന്യായീകരണമുണ്ടാവും. പക്ഷേ, കണ്ടുനിന്ന ഞാനും എങ്ങനെയാണ് കുറ്റവാളിയായത്? 

No comments: