7/23/17

ദി ബൈനോക്കുലർ

ദുബായിൽ നിന്നും രണ്ടാമത്തെ അവധിക്ക് നാട്ടിൽ പോകുമ്പോഴാണ് ഞാനൊരു ബൈനോക്കുലർ വാങ്ങുന്നത്. ആദ്യത്തെ അവധിക്ക് നാട്ടിൽ പോകുമ്പോഴേക്ക് ഞങ്ങളുടെ പുതിയ വീടിന്റെ പണിപൂർത്തിയായി താമസമായിരുന്നു. അതിന്റെ രണ്ടാം നിലയിലെ ബെഡ്റൂമിൽ നിന്നുള്ള ചില കാഴ്ചകളാണ് പിന്നീടുള്ള പോക്കിൽ ഒരു ബൈനോക്കുലർ വാങ്ങുന്നതിന് എന്നെ പ്രേരിപ്പിച്ചത്.

എന്റെ വീടിനു വടക്കുവശത്തെ വീടിനുമപ്പുറത്തെ ഷീറ്റ് മേഞ്ഞൊരു ചെറിയ വീട്ടിൽ പുതുതായി എത്തിയ വാടകക്കാരിയെ കുറച്ചുകൂടി അടുത്തുകാണണമെന്ന് തോന്നി. അന്ന് ഞാൻ വിവാഹം കഴിച്ചിട്ടുണ്ടായിരുന്നില്ല. എന്റെ വീടെന്നു പറയുമ്പോൾ അത് കുടുംബവീടാണ്. അഛൻ തന്റെ പെൻഷൻ കാശും കുറച്ചു സമ്പാദ്യങ്ങളും അമ്മകരുതിവെച്ചിരുന്ന സ്വർണ്ണവും പിന്നെ എന്റെ വക അല്ലറചില്ലറ സഹായങ്ങളും കൊണ്ടാണ് ആ വീട് പണികഴിപ്പിക്കുന്നത്.

ഇത്രയും പറഞ്ഞതിൽ നിന്ന് ഇതൊരു അശ്ലീല കഥയായിരിക്കുമെന്നു കരുതി സ്ക്രോൾ ചെയ്ത് മാറ്റാൻ വരട്ടെ. വാടകക്കാരിയുടെ മാറിടത്തിൽ ഞാൻ സൂം ചെയ്തു കണ്ട നാലഞ്ച് പുള്ളിക്കുത്തുകൾ എന്റെ ജീവിതത്തെ മാറ്റിയ കാര്യമാണ് പറയാൻ പോകുന്നത്. നാലഞ്ച് പുള്ളിക്കുത്തുകളെന്നൊരു ഏകദേശക്കണക്ക് ഞാൻ പറയാൻ പാടില്ലാത്തതാണ്. കൃത്യമായും പറഞ്ഞാൽ അവരുടെ വലതു മാറിടത്തിനു മുകളിലായി നാലു കറുത്ത പുള്ളികൾ ഉണ്ടായിരുന്നു. ബൈനോക്കുലർ വാങ്ങുംമുമ്പ് ഞാൻ അതൊന്നും കണ്ടിരുന്നില്ല.

ബൈനോക്കുലർ എന്നുകേൾക്കുമ്പോൾ നിങ്ങൾ അസ്വസ്ഥപ്പെടേണ്ട കാര്യമില്ല. നിങ്ങളുടെ ഉള്ളിലും രണ്ടു കണ്ണുകളുള്ള ഒരു ബൈനോക്കുലർ ഇല്ലേ? പ്രത്യേകിച്ചും നിങ്ങൾ അവിവാഹിതനായൊരു ചെറുപ്പക്കാരനാണെങ്കിൽ എന്തായാലും ഉണ്ടാവും; ദിവസവും പൊടിതട്ടി തുടച്ചു വൃത്തിയാക്കിവെക്കുന്നൊരു ബൈനോക്കുലർ. ഒറ്റയ്ക്കായിരിക്കുമ്പോൾ അതിന്റെ കണ്ണുകൾ അരുതാത്തിടങ്ങളിലേക്കെല്ലാം സൂം ചെയ്ത് സൂം ചെയ്ത് നീളുന്നുണ്ടാവും. അങ്ങനെ ഭാവനയുടെ മിഴുവുറ്റ ചിത്രങ്ങളിൽ നിങ്ങൾ സ്വയം മറക്കുന്നുമുണ്ടാവും.

ഞാൻ വാങ്ങിയ ബൈനോക്കുലറിന്റെ മേയ്ക്കോ, സ്പെസിഫിക്കേഷനോ ഒന്നും എനിക്കിപ്പോൾ ഓർമ്മയില്ല. ഷോപ്പിംഗ് മാളിൽ നിന്നും അത് വാങ്ങുമ്പോൾ എനിക്കു വേണ്ടിയിരുന്ന റേഞ്ച് മനസ്സിൽ കരുതി മാളിന്റെ കോറിഡോറിൽ ഏകദേശം അതേ ദൂരത്ത് സ്ഥാപിച്ചിരുന്നൊരു എക്സിറ്റ് ബോർഡലേക്ക് ഫോക്കസ് ചെയ്ത് സൂം ചെയ്ത് ടെസ്റ്റ് ചെയ്ത് തൃപ്തികരമെന്ന് തോന്നിയതൊരെണ്ണം വാങ്ങി. അവധിക്ക് വീട്ടിൽ വന്നശേഷം ജനാലകൾ തുറന്ന്, ചാഞ്ഞുകിടന്നിരുന്ന തെങ്ങോലകൾക്കും പിന്നെ അവരുടെ വീടിന്റെ അരികിൽ പന്തലിച്ച ഒട്ടുമാവിന്റെ ഇലകൾക്കും ഇടയിലൂടെ ഞാൻ ബൈനോക്കുലർ പായിച്ചു. ആ വീടിന്റെ ചെറിയ മുറ്റത്ത് പ്ലാസ്റ്റിക്കിൽ വരിഞ്ഞൊരു വട്ടക്കസേര ഒഴിഞ്ഞുകിടക്കുന്നു. വേലിക്കരികിൽ, പൂത്തുനിൽക്കുന്ന ബോൽസങ്ങളും കോഴിവാലൻ ചെടികളും. രണ്ട് പൂവൻ കോഴികളും ഒരു പിടക്കോഴിയും എന്തൊക്കെയോ കൊത്തിപ്പെറുക്കുന്നു. അതിലൊരു പൂവന്റെ ഞാന്നുകിടന്ന താടിയിലേക്ക് ഞാൻ സൂം ചെയ്തു. ഓരോ ചെറിയ അനക്കത്തിൽ പോലും അതിന്റെ ചുവന്ന പൂക്കൾ വലുതായി ഇളകി . സംഗതി കൊള്ളാം. പിന്നീട് ബൈനോക്കുലർ തിരിച്ച് ഞാൻ ആ പ്രദേശം മുഴുവൻ ഒന്നു കണ്ണോടിച്ചു. ഇതുവരെ കാണാതിരുന്ന കാഴ്ചകൾ പോലെ ദൂരെ ഓട്ടുകമ്പനിയുടെ മിനാരം, അതിനിപ്പുറത്ത് തെങ്ങിൻ തോപ്പുകൾ, അതിനുമിപ്പുറത്ത് പാടവും നീർച്ചാലുകളും. പാടവരമ്പത്ത് രണ്ടു ചെറുപ്പക്കാരികൾ എതിർ ദിശകളിൽ നിന്ന് നടന്നടുക്കുന്നു. ഞാൻ കുറച്ചുകൂടി സൂം ചെയ്യാൻ ശ്രമിച്ചെങ്കിലും ബൈനോക്കുലർ അത്ര പോരായിരുന്നു.

അവരുടെ പേര് സജിത എന്നായിരുന്നു. എന്നേക്കാൾ നാലുവയസ്സ് മൂത്തതാണ്. സജിതയെ ഞാൻ ബൈനോക്കുലറിലൂടെയല്ലാതെ അടുത്തുകാണുന്നത് വീട്ടിൽ പാലു വാങ്ങാൻ വരുമ്പോഴാണ്. അന്നേരം ഞാൻ അവരോട് എന്തെങ്കിലുമൊക്കെ മിണ്ടുകയും പറയുകയും ചെയ്യാറുണ്ടായിരുന്നു. എന്തോ, ഈ ഭാഗം വിവരിക്കുമ്പോൾ അശ്ലീല കഥകളുടെ ഘടനയിലേക്ക് വഴുതിവീഴാതിരിക്കാൻ എനിക്കാവുന്നില്ല. ഇത് മറ്റേതെങ്കിലും രീതിയിൽ പറയാനും എനിക്കറിയില്ല. ഈ പരിമിതി നിങ്ങൾ മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇരു നിറമാണെങ്കിലും അവൾ സാമാന്യം സുന്ദരിയായിരുന്നു. ഞാൻ ഏറ്റവുമധികം തവണ സൂം ചെയ്തത് അവളുടെ വിടർന്ന കണ്ണുകളിലേക്കായിരുന്നു. കാലത്തേ പാലുവാങ്ങി വീട്ടിലെത്തിയിട്ട് അല്പ നേരം കഴിഞ്ഞ് അവൾ മുറ്റത്തെ പ്ലാസിക് കസേരയിൽ വന്നിരിക്കും. കുറച്ചുനേരം കഴിഞ്ഞ് വീണ്ടും വീട്ടിനകത്തേക്ക് കയറിയിട്ട് അല്പസമയം കഴിഞ്ഞ് ചായയുമായി പുറത്തുവന്ന് കസേരയിലിരുത്തമാവും. ചായ കുടിയൊക്കെ കഴിഞ്ഞു മാത്രമേ മുറ്റമടിക്കുകയും ചെടികൾക്ക് വെള്ളം നനയ്ക്കുകയും കൂട്ടിൽ നിന്ന് കോഴികളെ തുറന്നുവിടുയുമൊക്കെയുള്ളൂ. എന്റെ രണ്ടാമത്തെ വെക്കേഷൻ ദിനങ്ങളിൽ പകുതിയും രാവിലെയും ഉച്ചയ്ക്കും വൈകിട്ടുമുള്ള സജിതയുടെ ദൈനം ദിന കാര്യങ്ങളെ ഒരു പക്ഷിനിരീക്ഷകനെപ്പോലെ നിരീക്ഷിച്ചു നിരീക്ഷിച്ചു തീർത്തു എന്നുപറയാം.

അവൾക്ക് ഒന്നര വയസ്സുമാത്രം പ്രായമുള്ള ഒരു കുഞ്ഞുണ്ടെന്ന കാര്യം ഞാൻ പറഞ്ഞിരുന്നോ? ഇല്ലെന്നു തോന്നുന്നു. എങ്കിൽ, അവൾക്ക് ഒന്നരവയസ്സുള്ളൊരു ആൺകുട്ടിയുണ്ട്. ഒരു ദിവസം അവൾ ആ കസേരയിലിരുന്ന് കുഞ്ഞിനു പാലുകൊടുക്കുമ്പോഴാണ് അവളുടെ വലതു മാറിടത്തിനു മുകളിലെ നാലു പുള്ളിക്കുത്തുകൾ ഞാൻ കാണുന്നത്. കുഞ്ഞു തടങ്ങൾ പോലെയിരുന്നു അവ. പാലുകുടിച്ചുകൊണ്ടിരിക്കുമ്പോൾ ആ പുള്ളിക്കുത്തുകളിൾ തന്റെ കുഞ്ഞു കൈവിരലുകൾ കൊണ്ട് അവൻ വെറുതേ തഴുകിക്കൊണ്ടിരുന്നു.

അമ്മയാണ് പറഞ്ഞത്, അവളുടെ ഭർത്താവ് അവളെ ഭയങ്കര പീഡനമാണെന്നും വല്ലപ്പോഴും മാത്രമേ വീട്ടിൽ വരാറുള്ളൂ എന്നും അയാൾക്ക് മറ്റു സ്ത്രീകളുമായൊക്കെ ബന്ധമുണ്ടെന്നും. ഞാൻ ലീവിലുണ്ടായിരുന്ന കാലത്തൊന്നും അയാളെ അവിടെ കണ്ടിട്ടേ ഉണ്ടായിരുന്നില്ല.

ലീവ് കഴിഞ്ഞ് തിരികെ ദുബായിലേക്ക് വന്നുവെങ്കിലും നാട്ടിൽ വെച്ച് കണ്ട ബൈനോക്കുലർ കാഴ്ചകൾ കണ്ണിൽ നിന്നും മാഞ്ഞുപോയില്ല. സ്വപ്നങ്ങളിൽപ്പോലും അതേ സീനുകൾ അടുത്തും അകലെയും വന്ന് എന്നെ അസ്വസ്ഥപ്പെടുത്തി. ഇടയ്ക്കെപ്പൊഴോ അമ്മയുമായി അവൾ കൂട്ടായി. അങ്ങനെ, വീട്ടിൽ വിളിക്കുമ്പോൾ അവളുമായി സംസാരിക്കുവാനും എനിക്ക് അവസരം കിട്ടി. പിന്നീട് അവളുമായി തുടർച്ചയായ ടെലഫോൺ ബന്ധം സ്ഥാപിക്കാനും കഴിഞ്ഞു. ചിലപ്പോഴൊക്കെ ദീർഘമായി ഞങ്ങൾ സംസാരിച്ചു. അങ്ങനെയൊരു ദീർഘ സംഭാഷണത്തിനിടെ അവളുടെ ‘മാറിടത്തിലെ പുള്ളിക്കുത്തുകളെ’ക്കുറിച്ച് ഞാൻ ചോദിച്ചു. തന്റെ ഭർത്താവ് സിഗററ്റിനു കുത്തി പൊള്ളിച്ചതാതെന്നു പറഞ്ഞ് അവൾ കുറച്ചു നേരം മിണ്ടാതിരുന്നു.

കുറച്ചു ദിവസങ്ങൾക്കു ശേഷം ഞാൻ ചോദിച്ചു: “എന്നോടൊപ്പം പോരുന്നോ?”
അടുത്ത വെക്കേഷന് ഞങ്ങൾ ആലുവായിൽ ഒരു ചെറിയ വീടെടുത്ത് താമസമായി. എന്റെ വീട്ടിൽ എല്ലാവർക്കും കൊടികെട്ടിയ എതിർപ്പായിരുന്നു. അയാൾ എവിടെയാണെന്ന് ആർക്കും അറിയുമായിരുന്നില്ല. ഇത്തരം ആശങ്കകൾക്കും പ്രശ്നങ്ങൾക്കും ഇടയിലും അവളും ഞാനും മോനും കൂടി മൂന്നാറിലേക്കും തേക്കടിയിലേക്കും കാട്ടിലേക്കും മേട്ടിലേക്കുമൊക്കെ ടൂറിനു പോയി. ദൂരെയുള്ള മാനുകളേയും മയിലുകളേയും ബൈനോക്കുലറിലൂടെ ഞാൻ അവൾക്ക് കാട്ടിക്കൊടുത്തു. എന്റെ ലീവ് തീർന്ന് തിരികെപ്പോരാനുള്ള സമയം അടുക്കുമ്പോൾ അവരെ ഒറ്റയ്ക്കാക്കേണ്ടിവരുമല്ലോ എന്നു ഞാൻ ഭയന്നിരുന്നു. എന്നാൽ എങ്ങനെ ഒളിവിലും ഒറ്റയ്ക്കും കഴിയണമെന്ന കാര്യത്തിൽ സജിതയ്ക്ക് ആശങ്കകളൊന്നും ഇല്ലായിരുന്നു.

എന്തായാലും അവളേയും കുഞ്ഞിനേയും ഒറ്റയ്ക്കാക്കിയിട്ട് ഞാൻ തിരികെ ജോലിയിൽ പ്രവേശിച്ചു. എന്റെ കയ്യിലെ ഓരോ വെൽഡിംഗ് റോഡ് കത്തുമ്പോഴും അയാളുടെ കയ്യിലെ എരിയുന്ന സിഗററ്റ് എന്റെ മനസ്സിൽ തെളിഞ്ഞുവന്നു.

ആറുമാസങ്ങൾ കഴിഞ്ഞ് ബുർജ് ഖലീഫയുടെ 152-ആം നിലയിലെ മെയിന്റെനൻസ് ജോലികൾക്കായി സേഫ്റ്റി ഷൂ ധരിക്കുന്നതിനിടയിലാണ് അവളുടെ മെസ്സേജ് വരുന്നത്:

“ഞാൻ പോവുകയാണ്”

“എവിടേയ്ക്ക്?” ഞാൻ തിരികെ മെസ്സേജ് അയച്ചു.

“അയാളോടൊപ്പം”

പിന്നീട് ഞാൻ ചോദിച്ച ചോദ്യങ്ങൾക്കൊന്നും മറുപടിയുണ്ടായില്ല. 152-ആം നിലയുടെ ബാൽക്കണിയിൽ നിന്ന് ഞാൻ താഴേക്ക് നോക്കി. ചാഞ്ഞുകിടന്നിരുന്ന തെങ്ങോലകൾക്കും പന്തലിച്ച ഒട്ടുമാവിന്റെ ഇലകൾക്കും ഇടയിലൂടെ മുറ്റത്ത് ഒഴിഞ്ഞുകിടക്കുന്ന വട്ടക്കസേരയും വേലിക്കരികിൽ, പൂത്തുനിൽക്കുന്ന ബോൽസങ്ങളും കോഴിവാലൻ ചെടികളും ഞാൻ കണ്ടു. ഇക്കാലയളവിനുള്ളിൽ ഒരേ കാഴ്ചകൾ മാത്രം വലുതായിവരുന്നൊരു ബൈനോക്കുലർ എന്റെ കണ്ണുകളിൽ പറിച്ചുമാറ്റാനാവാത്ത വിധം കിളിർത്തുവന്നിരുന്നു. കുടുംബത്തേയും നാടിനേയും ഓർത്തോർത്തുകഴിയുന്ന ഓരോ പ്രവാസിയുടേയും കണ്ണുകൾക്കു പുറമേ ഇങ്ങനെയൊരു ബൈനോക്കുലർ ഉണ്ടാവുമെന്നാണ്‌ ഞാൻ വിശ്വസിക്കുന്നത്‌.

അവളെ നഷ്ടപ്പെട്ടിട്ട്‌ കാലങ്ങൾ കഴിഞ്ഞെങ്കിലും സജിതയുമായുള്ള ബന്ധത്തിലെ ഓരോ കണികയും ഞാൻ സൂം ചെയ്തു നോക്കി. എവിടെയാണെനിക്കു പിഴച്ചത്?
ഒരു ദിവസം ഒരു യാത്രയ്ക്കിടെ അയാളെയും അവളേയും കമ്പനിപ്പടിയിൽ ബസ്സുകാത്തു നിൽക്കുന്നതായി ഞാൻ കണ്ടിരുന്നു. അയാളുടെ കയ്യിൽ അപ്പോഴും ഒരു സിഗററ്റ് എരിയുന്നുണ്ടായിരുന്നു. അപ്പോൾ, എന്റെ കണ്ണിൽ ഒരു വെൽഡിംഗ്‌ റോഡ്‌ സ്പാർക്ക്‌ ചെയ്തു

No comments: