7/23/17

ബ്രാഞ്ച് കമ്മിറ്റി

രാത്രി ഏതാണ്ട് എട്ടര ഒൻപത് മണി ആയിട്ടുണ്ടാവും. സിപിഐ‌ ബ്രാഞ്ച് കമ്മിറ്റി കഴിഞ്ഞു തിരിച്ചു വരുന്ന വഴിയാണ്. കമ്മിറ്റിയിൽ നിർദ്ദേശിച്ച പ്രകാരം 12-ആം പാർട്ടി കോൺഗ്രസ്സിന്റെ കുറച്ച് പോസ്റ്ററുകൾ ബാക്കിയിരിക്കുന്നത് വീട്ടിൽ നിന്നെടുത്തുകൊണ്ടുവന്ന് ‌ജംഗ്ഷനിൽ ഗ്യാപ്പുകിട്ടുന്നിടത്തൊക്കെ ഒട്ടിക്കണം. എന്നോടൊപ്പം അഞ്ചാറു സഖാക്കളുമുണ്ട്.റോഡിൽ നിന്നും ഞങ്ങൾ വീട്ടിലേക്കുള്ള ഇടവഴികയറുമ്പോഴേക്ക് ആ പ്രദേശത്തെ കറണ്ടങ്ങ് പോയി. ഇടവഴിയെന്നുപറഞ്ഞാൽ രണ്ടുപേർക്ക് തോളോട് തോൾ ചേർന്ന് പോകാൻ പറ്റില്ല. ഒരാൾക്കു പിറകേ ഒരാളെന്ന രീതിയിൽ നടന്നുപോകണം. അത്രയ്ക്കുള്ള വീതിയേ ഉള്ളൂ. പാർട്ടി ജാഥയ്ക്ക് പോയി നല്ല ശീലമായതുകൊണ്ട് ഇതൊന്നും അത്രവലിയ പ്രശ്നമായി എനിക്കിതുവരെ തോന്നിയിട്ടില്ല. ഒരേയൊരു പ്രശ്നം, എപ്പോഴും അവിടെ ചെറിയ നീർച്ചാലുകൾ ഒഴുകിക്കൊണ്ടിരിക്കും. ഇടവഴിക്ക് അപ്പുറവും ഇപ്പുറവുമായി കെട്ടിയിരുന്ന വേലികൾക്കുള്ളിലെ മറപ്പുരകളിൽ നിന്ന് ഒലിച്ചുവരുന്ന സോപ്പുവെള്ളവും മൂത്രവുമാണ് ഇപ്പറഞ്ഞ നിത്യഹരിത അരുവി തീർക്കുന്നത്. അതുകൊണ്ടുതന്നെ ആ ഇടവഴിയിൽ എപ്പോഴും സിന്തോളിന്റേയും സന്തൂറിന്റേയും മൂത്രത്തിന്റെയും സമ്മിശ്ര ഗന്ധം പരന്നുകിടക്കും.

കറണ്ടൂപോയതുകൊണ്ട് വഴി പരിചയമുള്ള ഞാനാണ് ടോർച്ച് തെളിച്ച് മുന്നിൽ നടന്നത്. കുറച്ചങ്ങോട്ടു ചെന്നതും പെട്ടെന്നൊരു നിലവിളി കേട്ടു:

“ഉമ്മായെ പാമ്പ് വിഴുങ്ങിയേ..”

ഞാനത് വ്യക്തമായും കേട്ടു. എന്തു ചെയ്യണമെന്നറിയാതെ ഞാൻ ഷോക്കടിച്ചപോലെ നിന്നുപോയി. കൈകൾ രണ്ടും വിടർത്തി പിന്നിലുള്ളവരെ തടഞ്ഞുനിർത്തിയിട്ട് അധികം ഉറക്കെയല്ല, എന്നാൽ പതുക്കെയുമല്ലാത്ത സ്വരത്തിൽ ആജ്ഞാപിച്ചു:

“സ്റ്റോപ്പ്!! ശ്ശ്‌ശ്‌ശ്..”

ഞാനും ഞാനുമെന്റാളുകളും നിശ്ശബ്ദരായി നിൽക്കേ വീണ്ടും അതേ നിലവിളി:

“ഉമ്മായെ പാമ്പ് വിഴുങ്ങിയേ..”

നസ്രീന്റെ വീട്ടിൽ നിന്നാണ്. കേട്ടപാടെ ഞങ്ങളെല്ലാവരും ഭയന്നുപോയി എന്നതാണ് സത്യം. ഞങ്ങളുടെ നാട്ടിൽ പണ്ട് പാമ്പുകളേ ഇല്ലായിരുന്നു. വിടർത്താൻ ഒരു പത്തിപോലും മര്യാദയ്ക്കില്ലാത്ത മഞ്ഞച്ചേരയായിരുന്നു നാട്ടിലെ‘കരിമൂർഖൻ’! ‘മഞ്ഞച്ചേരയെ കൊല്ലാമ്പാടില്ല’ എന്നൊരു നാട്ടുനിയമം ഉണ്ടായിരുന്നതുകൊണ്ട് ആ ജീവിയെ ആരും ഉപദ്രവിച്ചില്ല. അടുക്കളയിൽ അരകല്ലിന്റെ താഴെപ്പോലും തണുപ്പുപറ്റിക്കൊണ്ട് അവ ചുരുണ്ടുകൂടാറുണ്ടായിരുന്നു. പടർപ്പുകൾക്കിടയിൽ നിന്ന് മാക്രികളെപ്പിടിച്ചു തിന്ന് സമാധാനമായി ജീവിക്കുന്നതല്ലാതെ അതും ആരെയും ഉപദ്രവിച്ചില്ല. എന്നാൽ 12ആം പാർട്ടി കോൺഗ്രസ്സ് നടക്കുന്നതിനും മൂന്നാലു കൊല്ലം മുമ്പു മുതൽത്തന്നെ സ്ഥിതിഗതികൾ മാറി മറിയാൻ തുടങ്ങിയിരുന്നു.

താപനിലയത്തിന്റെ കൺസ്റ്റ്രക്ഷനുവേണ്ടി കായലിനക്കരെയുള്ള ബണ്ടുകൾ നശിപ്പിക്കപ്പെട്ടപ്പോൾ അതിൽ കുടിയിരുന്ന പാമ്പുകളൊക്കെ നീന്തി ഇക്കരെയെത്തി. പാമ്പുകളാണെങ്കിലും മനുഷ്യരാണെങ്കിലും സ്വന്തം ഭവനങ്ങൾ ആക്രമിക്കപ്പെട്ടാൽ മറുകരയിലേക്ക് നീന്തുകയേ നിർവ്വാഹമുള്ളൂ. അത് സിറിയയിലായാലും മ്യാന്മറിലായാലും ഇങ്ങ് കായംകുളത്തായാലും അങ്ങനെതന്നെ. അവിടെ കൺസ്ട്രക്ഷൻ നടക്കുന്ന സമയത്ത് വലിയ പൈപ്പുകളിൽ പതിയിരുന്ന് ഒട്ടേറെ ഉത്തരേന്ത്യൻ ഉരഗങ്ങൾ സൈറ്റിലെത്തിയിരുന്നു. അവയും നീന്തി ഇക്കരെയെത്തിയിട്ടുണ്ട്. എന്നാൽ, മനുഷ്യനെ വിഴുങ്ങുന്നതരം പെരുമ്പാമ്പുകൾ നാട്ടിലേക്ക് കുടിയേറുന്നത് കിഴക്കൻ മലകളിൽ നിന്നും സീവാളിനുവേണ്ടി കൂറ്റൻ പാറകൾ വരാൻ തുടങ്ങിയതുമുതൽക്കാണ്. നസ്രീന്റെ വീട്ടിൽ ഈ സംഭവം നടക്കുന്നതിനു വെറും രണ്ടാഴ്ചമുമ്പ് സീവാളിനു കല്ലുമായി വന്നൊരു ലോറിയിൽ നിന്ന് ഭയങ്കരനൊരു പെരുമ്പാമ്പിനെ ആളുകളെല്ലാംകൂടി പിടിച്ചിരുന്നു. മൂന്ന് വലിയ കല്ലുകൾക്കിടയിലെ ഗ്യാപ്പിൽ പമ്മിയിരിക്കുകയായിരുന്നു ആശാൻ. കുറേ നേരം കഴിഞ്ഞ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ വന്ന് ഏറ്റുവാങ്ങി രക്ഷപ്പെടുത്താനായി കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുമ്പോൾ അതിന്റെ വാലിൻ‌ തുമ്പത്തു മാത്രമേ അല്പം ജീവൻ ബാക്കിയുണ്ടായിരുന്നുള്ളൂ.

രണ്ടാമത്തെ നിലവിളിയോടെ ഞങ്ങളെല്ലാം സ്തംഭിച്ചുനിന്നെങ്കിലും അല്പനേരത്തിനു ശേഷം യാഥാർഥ്യത്തിലേക്കുണർന്ന് ഓരോരുത്തരായി പലമാതിരി അഭിപ്രായങ്ങൾ പറയാൻ തുടങ്ങി. എല്ലാവരുടേയും സ്വരത്തിൽ പേടി കലർന്നിരുന്നു.

“എടാ, ഇത് അതിലും ഭയങ്കര പാമ്പാണെന്ന് തോന്നുന്നു.. അല്ലെങ്കിൽപ്പിന്നെ പിള്ളേരെ വിഴുങ്ങാതെ തള്ളയെ വിഴുങ്ങുമോ?” : സഖാവ് ശശാങ്കൻ

“ തള്ളയേയും പിള്ളേരേയും വിഴുങ്ങിയെന്നാ തോന്നുന്നത്. ഇപ്പം ആരുടേം അനക്കം കേൾക്കുന്നില്ലല്ലോ”: സഖാവ് സുരേന്ദ്രൻ

“അങ്ങനല്ലടാ, പെരുമ്പാമ്പ് ഒന്നിനെ വിഴുങ്ങിയാൽ പിന്നെ ദഹിച്ചുകഴിഞ്ഞാലേ അടുത്തതിനെ വിഴുങ്ങൊള്ളൂ.” : ബ്രാഞ്ച് സെക്രട്ടറി മനോജ്..

“ഒന്നു മിണ്ടാതിരിക്കുവോ? അവിടെ എന്താണ് നടക്കുന്നതെന്നറിയാൻ‌ ‌എല്ലാവരും മിണ്ടാതിരിന്നാലേ പറ്റൂ. ബഹളം കേട്ടാൽ പാമ്പ് എങ്ങോട്ടേക്കെങ്കിലും ഇഴഞ്ഞുപോകും. ചിലപ്പോ ഇങ്ങോട്ടുവരും!”: എനിക്ക് ചൂടാകേണ്ടിവന്നു.

കുറച്ചുനേരം ‌ഞങ്ങളെല്ലാവരും‌‌ നിശ്ശബ്ദമായിനിന്ന് കാതുകൂർപ്പിച്ചു. ശബ്ദമൊന്നും കേൾക്കുന്നില്ല. നസ്രീന്റെ ഉമ്മ സഫീറാത്ത നല്ലൊരു സ്ത്രീയായിരുന്നു. നസ്രീനെപ്പോലെതന്നെ വെളുത്ത നിറവും ചുവന്ന ചുണ്ടുകളും ഒതുങ്ങിയ ഷേപ്പുമുള്ള നല്ലൊരു സ്ത്രീ. അവരെയാണ് പാമ്പ് വിഴുങ്ങിയെന്ന് നസ്രീന്റെ ആങ്ങളച്ചെക്കൻ ‌വിളിച്ചുകൂവിയത്. ‘ദാരുണം’ എന്നല്ലാതെ എന്താ പറയുക. അവരെ വിഴുങ്ങിയെങ്കിൽ ഇനിയൊന്നും ചെയ്യാനില്ല. വിഴുങ്ങിയതു വിഴുങ്ങി. നാളെമുതൽ അതുവഴി നടക്കുമ്പോൾ വേലിക്കപ്പുറത്ത് വല്ലാത്തൊരു ശൂന്യത അനുഭവപ്പെടും. അതിനോട് പൊരുത്തപ്പെട്ടേ പറ്റുകയുള്ളൂ. നസ്രീന് എന്തുപറ്റിക്കാണുമെന്ന ചിന്തയാണ് എന്നെ അപ്പോൾ അലട്ടിയത്. ചെക്കനെ പാമ്പ് വിഴുങ്ങാൻ സാധ്യതയില്ല. മെലിഞ്ഞുണങ്ങിയൊരു പീക്കിരിപ്പയ്യനാണ്. അവനെ വിഴുങ്ങിയാൽ ആന വായു ഗുളിക കഴിച്ചപോലൊരു എഫക്ടേ ഉണ്ടാകൂ. പക്ഷേ, ആ വരത്തൻ പാമ്പ് നസ്രീനെയും വിഴുങ്ങുകയാണെങ്കിൽ ഞങ്ങളുടെ പഞ്ചായത്തിന്റെ പകുതിയും അതോർത്ത് വേദനിക്കുമെന്നുറപ്പാണ്. ആ മേഖലയിലെ എണ്ണം പറഞ്ഞ സുന്ദരിമാരിൽ ഒരുവളാണവൾ. കമ്മിറ്റിയിൽ ഇന്നേവരെ ചർച്ചചെയ്തിട്ടില്ലെങ്കിലും നമ്മൾ ജീവിക്കുന്ന പ്രദേശത്തെ സുന്ദരിമാരെ ജീവൻകൊടുത്തും നിലനിർത്തുക എന്നതും ഒരു വിപ്ലവപ്രവർത്തനം തന്നെയാണ്. വിപ്ലവത്തിനു മുന്നോടിയായി അവയിലബിൾ മെമ്പേഴ്സിന്റെ ഒരു അടിയന്തിര രഹസ്യയോഗം നിന്നനിൽപ്പിൽ ഞങ്ങൾ കൂടി. എല്ലാവർക്കും ഒരേ സ്വരം. അടക്കിപ്പിടിച്ച പതിഞ്ഞസ്വരം.

“ഡാ, മനോജേ, നമ്മളിങ്ങനെ നിന്നാൽ പറ്റത്തില്ല. നീയൊന്നു കേറി നോക്കിക്കേ”: ഞാൻ പറഞ്ഞു.

“ഞാനോ?”

“നീയല്ലേ ബ്രാഞ്ച് സെക്രട്ടറി?!”

“എന്നുവെച്ച്?, നീയല്ലേ നിലവിളി ആദ്യം കേട്ടത്?”

ആ ന്യായത്തിൽ നിന്നും എനിക്ക് രക്ഷയുണ്ടായില്ല. എങ്കിലും ബാക്കി സഖാക്കന്മാർ എന്റെ പിന്നിൽത്തന്നെ ഉണ്ടാവുമെന്ന് ഉറപ്പുതന്നു. ഞങ്ങൾ ഏഴുപേരും വേലിയിൽ നിന്ന് മുഴുത്ത പത്തലുകൾ ഊരിയെടുത്തു. നാലുപാടും ടോർച്ച് അടിച്ചുകൊണ്ട് പതിയെ വീടിനോടടുത്തു. വീടിനടുത്തെത്തിയപ്പോൾ പ്രഷർ കുക്കറിന്റെ വിസിലുപോലെ ശക്തമായി എന്തോ ചീറ്റുന്ന സൗണ്ട് കേട്ടു. “അത് പാമ്പ് ചീറ്റുന്നതാണ്..പെരുമ്പാമ്പ്” പിറകിൽ നിന്നും ഒരാൾ സ്ഥിരീകരിച്ചു.

ഫ്രണ്ടിലെ രണ്ടുപാളിക്കതക് കയ്യിലിരുന്ന പത്തലുകൊണ്ട് പതിയെ കുത്തിത്തുറന്നിട്ട് ഞാൻ പിന്നാക്കം മാറിനിന്നു. ഉള്ളിൽ നിന്നും മണ്ണെണ്ണ വിളക്കിന്റെ ദുർബലമായ വെളിച്ചം പുറത്തേക്കു വീണു. അകത്ത് ആരെയും കാണുന്നില്ല. ഞാൻ പതിയെ ഉള്ളിലേക്ക് കയറി ഇടം വലം നോക്കി. പെട്ടെന്നാണ് കറണ്ട് വന്നത്. ശരിക്കും ഞെട്ടിപ്പോയി! അടുക്കളയിൽ നിന്നാണെന്ന് തോന്നുന്നു, ചെക്കൻ ഞാൻ നിന്നിരുന്നതിനു മുന്നിലെ മുറിയലേക്കുവന്നു. വീട്ടിനുള്ളിൽ വേലിപ്പത്തലുമായി നിൽക്കുന്ന എന്നെക്കണ്ടപ്പോൾ പെട്ടെന്ന് ഷോക്കായെങ്കിലും ആ വീട്ടിൽ മുട്ടനൊരു പാമ്പ് കയറിയതിന്റേയോ കയറിയിറങ്ങിപ്പോയതിന്റെയോ പരിഭ്രമങ്ങളൊന്നും അവന്റെ മുഖത്തില്ല. എനിക്കപ്പഴേ എന്തോ പന്തികേട് തോന്നി. എന്തോ, കബളിപ്പിക്കപ്പെട്ടിരിക്കുന്നു എന്നൊരു തോന്നൽ. കല്ലുലോറിയിൽ നിന്നും ‌പെരുമ്പാമ്പിനെ പിടിച്ച ദിവസം മുതൽ നാട്ടിലെങ്ങും പടർന്നുപിടിച്ച ‘മാസ്സ് ‌ഹിസ്റ്റീരിയ’യുടെ ഇരകളായി മാറിയോ ഞാനും ഞാനുമെന്റാളുകളും? ആമസോൺ കാടുകളിലെ ആദിവാസികൾ തൂറാനിരിക്കുന്നതുപോലെ പത്തലും കുത്തിപ്പിടിച്ച് നിലത്തിരുന്നിട്ട് ഞാൻ ചെക്കനോട് ചോദിച്ചു:

“മോന്റുമ്മിച്ചി എന്തിയേ?”

“അടുക്കളേലാ”

“മോനല്ലേ മുമ്പേ വിളിച്ചു കൂവിയത് ഉമ്മിച്ചിയെ പാമ്പ് വിഴുങ്ങിയെന്ന്. എന്നിട്ട് പാമ്പ് എന്തിയേ?”

“ദേ അവിടെ” - അവൻ കട്ടിലിനു മുകളിൽ വെച്ചിരുന്ന.ഏണിയും പാമ്പും ബോർഡിലേക്ക് ചൂണ്ടി. ഞാൻ അവിടം വരെ ചെന്നു നോക്കി. ശരിയാണ് അവന്റുമ്മായെ പാമ്പ് വിഴുങ്ങിയിരിക്കുന്നു. 99-ൽ നിന്ന് 18ലേക്ക്.

No comments: