7/23/17

ചിരിയുടെ വെൺ പ്രാവുകൾ

“വിടപറയുകയാണോ.. ചിരിയുടെ വെൺ പ്രാവുകൾ..”

കഴിഞ്ഞ ഫെബ്രുവരി 10ന്, ഒരു സന്ധ്യാനേരം കഴിഞ്ഞുള്ള ഉല്ലാസയാത്രയ്ക്കിടെ അടിച്ചുപൊളി പാട്ടുകൾക്കിടയിലേക്ക് ഈ ശോകഗാനം കയറിക്കൂടിയപ്പഴേ Next അടിച്ച് അത് മാറ്റാൻ പുള്ളിക്കാരി മുന്നറിയിപ്പ് തന്നതാണ്. അതിനു പറഞ്ഞ പ്രധാന കാരണങ്ങൾ ഇവയായിരുന്നു.
1. യാത്രയുടെ മൂഡ് പോകും.
2. ഡ്രൈവിംഗിനിടയിൽ ഉറക്കം തൂങ്ങും.
3. പിള്ളേർക്ക് ഇഷ്ടമല്ല.
പിന്നെയും പുതിയ എന്തൊക്കെയോ പോയിന്റ്സുകൾ കൂട്ടിച്ചേർത്തിരുന്നു. സ്ത്രീകൾ പറയുന്ന മൂന്നിൽ കൂടുതൽ പോയിന്റുകൾ ശ്രദ്ധിക്കാറേയില്ലാത്തതുകൊണ്ട് അതൊന്നും ഓർമ്മയില്ല. ഇതുതന്നെ ഓർത്തിരിക്കുന്നത് എല്ലായ്പ്പോഴും പറയുന്ന കാരണങ്ങളായതുകൊണ്ടാണ്. എന്നാൽ ഈ മൂന്നും അല്ല കാരണങ്ങൾ എന്ന് ഒരു പുരുഷന്റെ ബുദ്ധികൊണ്ട് എനിക്ക് നിഷ്പ്രയാസം മനസ്സിലാവുന്നതുമാണ്.

യഥാർത്ഥ കാരണം എന്താന്നുവെച്ചാൽ ഇതൊരു ‘ബർക്കത്ത് കെട്ട’ പാട്ടാണ് എന്നതാണ്. ചിരിയുടെ വെൺപ്രാവുകൾ പറന്നുപോകുന്നതരത്തിൽ അറം പറ്റുന്ന എന്തെങ്കിലും യാത്രയ്ക്കിടയിൽ സംഭവിച്ചാലോ എന്ന അന്ധവിശ്വാസത്തിലൂന്നിയ ഉത്ഘണ്ഠയാണ് ഈ പാട്ട് സ്കിപ്പ് ചെയ്യാൻ നിർബ്ബന്ധിക്കുന്നതിനു പിന്നിലെ ചേതോവികാരം. ഇത്തരം മറ്റു ചില പാട്ടുകളും ഉണ്ട്. ‘മലക്കുൽ മൗത്തസ്രാഈൽ അണഞ്ഞിടും മുമ്പേ..’ കനമേറും മീസാൻ കല്ലും മണ്ണും അതിന്മീതെ..’ അങ്ങനെ ചിലത്. ഇരഞ്ഞോളി മൂസായുടെ ‘കെട്ടുകൾ മൂന്നും കെട്ടീ..’ ആണ് ഇതിൽ ഏറ്റവും ഗ്രേഡ് മൂത്തത്.

പണ്ട്, ഗൾഫിലേക്ക് ആദ്യമായി വരുന്ന അവസരത്തിൽ കരച്ചിലുകൾക്കും പിഴിച്ചിലുകൾക്കും ശേഷം വീട്ടിൽ നിന്നു പുറപ്പെട്ട് മൂന്നാമത്തെ വളവ് തിരിയുമ്പോൾ ഡ്രൈവർ ‘കെട്ടുകൾ മൂന്നും കെട്ടി’ പ്ലേ ചെയ്തു. കൂടെയുണ്ടായിരുന്ന ജ്യേഷ്ഠനും മാമായ്ക്കും ഈ പാട്ടുകേട്ടിട്ട് അത്ര പന്തിയായി തോന്നിയില്ലെങ്കിലും സിസ്റ്റം ഓഫ് ചെയ്യാനോ വേറേ എന്തെങ്കിലും പാട്ടുവെക്കാനോ പറയാനായില്ല. ശകുനസംബന്ധിയായ യാഥാസ്ഥിതിക സങ്കൽപ്പം നിലനിൽക്കെത്തന്നെ മാപ്പിളപ്പാട്ട് ഇടയ്ക്കുവെച്ച് ഓഫ് ചെയ്യ്യുന്നതിന്റെ മതവിധിയെ സംബന്ധിച്ച് അവർക്കുള്ളിൽ ചെറിയൊരു കൺഫ്യൂഷൻ ഉണ്ടായിരുന്നു. അതേസമയം, എനിക്ക് ആ പാട്ടു കേട്ടിട്ട് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. എന്റെ അന്നേരത്തെ മൂഡിനു പറ്റിയൊരു പാട്ടെന്നരീതിയിൽ അത് വളരെ നന്നായി എന്നുവേണം പറയാൻ. അതിന്റെ വരികൾ എന്റെ ദു:ഖത്തിന് ഒരു പ്രത്യേക സുഖം നൽകി. കൂടാതെ യാത്രയോട് ഒരുപാട് സാമ്യമുള്ള വരികളും ആയിരുന്നു അവ. കെട്ടുകൾ മൂന്നും കെട്ടീ.. (ഹാന്റ് ലഗേജ് ഉൾപ്പടെ മൂന്ന് കെട്ടുകൾ ഉണ്ടായിരുന്നു)
കട്ടിലിൽ നിന്നെയും ഏറ്റീ.. (മഞ്ചൽ എന്നാണ് ഉദ്ദേശം. പണ്ട് കാലത്ത് യാത്ര ചെയ്യാൻ മഞ്ചൽ. ഇന്നത്തെക്കാലത്ത് കാർ.. ആ വരിയും കൃത്യം.)
ഒരു ദിനമുണ്ടൊരു യാത്രാ… തീരെ മടക്കമില്ലാത്ത യാത്രാ.. - ഈ വരികൾ മാത്രമാണ് ചെറിയ പ്രശ്നമുള്ളതായിട്ട് തോന്നുന്നത്. എന്നാൽ,. ഒരിക്കൽ പ്രവാസിയായാൽ പിന്നെ എന്നെന്നും പ്രവാസി എന്നൊരു അർഥമേ അതിനുള്ളൂ.. അതുകൊണ്ട്, പേടിക്കാനില്ല. ഇനി, അർത്ഥം മറ്റെന്താണെങ്കിലും ഇത്തരം പാട്ടുകളെ പണ്ടുതൊട്ടേ എനിക്ക് യാതൊരു പേടിയും ഉണ്ടായിരുന്നില്ല.

ഇവിടെ, ഉല്ലാസയാത്രയ്ക്കിടെ, ഭാര്യയുടെ എതിർപ്പ് അവഗണിച്ചിട്ടാണെങ്കിലും ശ്രേയാ ഘോഷാലിന്റെ ഗുലാബ് ജാമുൻ ശബ്ദത്തിലുള്ള ആ ശോകമധുര ഗാനം ആസ്വദിച്ചാസ്വദിച്ച് ഞാൻ ഡ്രൈവ് ചെയ്തു. പാട്ടുകേട്ട് പിള്ളേരു രണ്ടും ഉറക്കം തൂങ്ങാൻ ആരംഭിച്ചു. പാട്ട് തീർന്നപ്പോഴേക്കും വണ്ടി ഷെയ്ക്ക് സായിദ് റോഡിൽ നിന്ന് ഷെയ്ക്ക് റാഷിദ് റോഡിലേക്കുള്ള ആദ്യത്തെ എക്സിറ്റിലേക്ക് തിരിയുകയായിരുന്നു. അടുത്തപാട്ട് പെട്ടെന്ന് പൊട്ടിവീണു:

“സുറുക്കിറുക്കാ മുക്കാമുഴം പോട് ലാക്കിമരുന്ന്
കവുത്തില് മാട്ടിപ്പുടിച്ച്..”

“അപ്പടി പോട് മാമേ.. “ - ഭാര്യ പ്രോത്സാഹിപ്പിച്ചു.
ഞാൻ വോളിയം ചെറുതായിട്ടൊന്നുയർത്തി. പിള്ളേർ ഉണർന്ന് പിറകിൽ ഡാൻസ് തുടങ്ങി. സ്റ്റിയറിംഗിൽ നിന്ന് വിട്ട് ഇടയ്ക്കിടെ കൈകൊട്ടുകയും താളത്തിനനുസരിച്ച് ചെറുതായി തുള്ളുകയും ചെയ്തുകൊണ്ട് ഞാൻ പിള്ളേരെ പ്രോത്സാഹിപ്പിച്ചു. “ദമ്മാലേ.. ദമ്മാ ദമ്മാ ദമ്മാലേ.. “

പാട്ട് മുറുകി പകുതിയ്ക്കപ്പുറം കടന്നപ്പോൾ പെട്ടെന്നൊരു മിന്നൽ! ഫ്ലാഷ്!!
റിയാലിറ്റി ഷോകളിൽ അനർഥങ്ങളുണ്ടാവുമ്പോഴെന്നപോലെ ആ ഫ്ലാഷിൽ കുളിച്ച് ഞങ്ങളെല്ലാം ഒരു നിമിഷത്തേക്ക് വെള്ളിപോലെ വിളറി:

“ഡീ.. ക്യാമറ അടിച്ചെന്നാ തോന്നുന്നെ..” പരിഭ്രമത്തോടെ ഞാൻ ബ്രേക്ക് പകുതി ചവിട്ടി
“തോന്നുന്നതല്ല.. അടിച്ച്! ക്യാമറ അടിച്ച്!!, നിങ്ങളാ നാശം പിടിച്ച പാട്ടൊന്ന് ഓഫ് ചെയ്യ്” - അവൾ എന്നേക്കാൾ പരിഭ്രമിച്ചു!

പറയേണ്ട താമസം, പേടിച്ചരണ്ട് ഞാൻ ‘ലാക്കിമരുന്ന്’ ഓഫ് ചെയ്തു. ഉടനെ പിള്ളേർക്ക് പാട്ടുവേണം. “ഇരിയെടാ അവിടെ! അവന്റെയൊരു പാട്ട്! അടങ്ങി ഒരിടത്തിരുന്നോണം”- പരിഭ്രമിച്ചുപോയ ഭാര്യ പിള്ളേരെ ഭീഷണിപ്പെടുത്തി അടക്കിയിരുത്തി. ഫ്ലാഷിന്റെ ശക്തി കാറിനെ പിടിച്ചു കുലുക്കിയിരുന്നോ എന്ന് ചെറിയൊരു അബോധാവസ്ഥയിൽ ഓർക്കാൻ ശ്രമിക്കുകയായിരുന്നു അപ്പോൾ ഞാൻ. ‘ചിരിയുടെ വെൺ പ്രാവുകൾ’ അതാ പറന്നുപറന്നു പോകുന്നു. ശ്രേയയുടെ പാട്ടാണ് ക്യാമറയടിക്കാൻ കാരണമെന്ന് അവൾക്ക് വേണമെങ്കിൽ നിഷ്പ്രയാസം സ്ഥാപിക്കാനാവും. അവൾ അത് ചെയ്യുമെന്നും ഉറപ്പാണ്. ഇപ്പോൾത്തന്നെ ഒരു അടിച്ചുപൊളിപ്പാട്ടു പോലും അവളുടെ കണ്ണിൽ ‘നാശം പിടിച്ച പാട്ടായി’ മാറിയിട്ടുണ്ട്. പന്ത് ഇപ്പോൾ അവളുടെ കാലിലാണ്. പെനാൽറ്റി ഷൂട്ടൗട്ട് നേരിടാൻ നിൽക്കുന്ന ഗോളിയുടെ മാനസികാവസ്ഥായാണ് എനിക്കിപ്പോൾ. ശ്രേയാ ഘോഷാലിന്റെ ഗുലാബ് ജാമൂൻ തൊണ്ടയിൽക്കുടുങ്ങി കയ്ക്കുന്നതായി തോന്നി. 600 ദിർഹം ഫൈൻ അടയ്ക്കുന്നതിനേക്കാൾ അവളുടെ നിർദ്ദേശങ്ങളും ആജ്ഞകളും പരാതികളും ഇനി ഞാൻ കേൾക്കണം എന്നോർക്കുമ്പോഴാണ്!. പരസ്പരബന്ധമില്ലാത്ത സംഗതികളെ ചേർത്തുവെച്ച് വലിയ ഖണ്ഢികകളുണ്ടാക്കാൻ സ്ത്രീകൾക്കുള്ള കഴിവ് അപാരമാണ്.
അവൾ തുടങ്ങിക്കഴിഞ്ഞു:

“ഞാൻ നൂറുപ്രാവശ്യം പറഞ്ഞതാണ് ആവശ്യമില്ലാത്ത പാട്ടുകൾ കാറിൽ ഇടരുതെന്ന്.. അംഗീകരിച്ചു തരരുത്.. ഇതുപോലെ അനുഭവം വന്നെങ്കിലേ പഠിക്കൂ.. 800 ദിർഹം പോയില്ലേ? ഓ.. എനിക്ക് ഒരു തരി പൊന്നു വാങ്ങിത്തരാൻ മാത്രം ആരുടേയും കയ്യിൽ കാശില്ല. അതു പറയുമ്പോൾ എന്തൊക്കെ ന്യായങ്ങളാ? ഇങ്ങനെ കാശ് കൊണ്ടുക്കളയുന്നതിന് യാതൊരു മടിയുമില്ല.. ഒരാഴ്ച മുമ്പ് മിൻഷായുടെ കയ്യീന്ന് ഓൺലൈൻ വഴി ഒരു ചുരിദാർ വാങ്ങാമെന്നു പറഞ്ഞപ്പോ അതിനും കാശില്ല.. ഇതിനൊക്കെ കാശുണ്ട്.. ഇപ്പം ചിരീം കളീം ഒക്കെ പോയല്ലോ.? വേറേ എന്തുമ്മാത്ര പാട്ടുകൾ ആ USBയിൽ ഉണ്ടായിരുന്നു? ഹൊ! ഉടനേ ആ ശകുനം പിടിച്ച പാട്ടുതന്നെ കേൾക്കണം! പെണ്ണുങ്ങൾ പറയുന്നതിലും കാര്യമുണ്ടെന്നോർക്കണം” - ഇങ്ങനെ കുറേം കാര്യങ്ങൾ.

അവളുടെ ഈ സംഭാഷണങ്ങളിൽ വസ്തുതാപരമായി ഒരുപാട് തെറ്റുകളുണ്ട്. ഉദാഹരണത്തിന് ഫൈൻ തുക 800 ആവില്ല. അറുന്നൂറേ ആകാൻ സാധ്യതയുള്ളൂ. പക്ഷേ, ഈ അവസരത്തിൽ തിരുത്താൻ ശ്രമിക്കുന്നത് വലിയ അബദ്ധമായിരിക്കും. സംഭാഷണത്തിന്റെ വ്യാപ്തി കൂട്ടാൻ മാത്രമായിരിക്കും അത് ഉപകരിക്കുക.

ഒരു മഹാപ്രതിസന്ധിയിലാണ് ഞാനിപ്പോൾ വന്നുപെട്ടിരിക്കുന്നത്. ഫൈൻ അടയ്ക്കുന്നതുകൂടാതെ ഇനിമുതൽ എന്റെ ഇഷ്ടത്തിനനുസരിച്ച് പാട്ടിടാൻ പഴയതിലേറെ ബുദ്ധിമുട്ടേണ്ടിവരും. ചിലപ്പോൾ സാധിച്ചില്ലെന്നും വരും. കൂടാതെ, വീട്ടിലെത്തിയാലുടൻ ഒരു സ്വർണ്ണ വ്യാപാര കരാറിലും പിന്നൊരു വസ്ത്രവ്യാപാര കരാറിലും ഒപ്പിടേണ്ടിയും വരും.

ചില പ്രതീക്ഷകളും മനസ്സിൽ നാമ്പിടാതിരുന്നില്ല. ദുബായിൽ ഇപ്പോൾ വേഗതയെ ഓർമ്മിപ്പിക്കുന്ന വാണിംഗ് ഫ്ലാഷുകളും ഉണ്ട്. അതിന് ഫൈൻ ഇല്ല. ഇനി ഇത് അതുവല്ലതും ആണെങ്കിലോ? ഞാൻ വണ്ടി സൈഡിൽ ഒതുക്കി. ഇക്കാര്യത്തെക്കുറിച്ച് അറിയാൻ ഓരോ കൂട്ടുകാരെയായി വിളിച്ചുനോക്കി. ആ റോഡിൽ വാണിംഗ് ഫ്ലാഷ് ഉണ്ടാവാനും ഇല്ലാതിരിക്കാനുംള്ള സാധ്യതകൾ മാത്രം ഓരോരുത്തരും ഷെയർ ചെയ്തു. എന്നാൽ ഷാഹിദിനെ വിളിച്ചപ്പോഴാണ് സമാധാനമായത്. അവന് ഇതേ റോഡിൽ നിന്ന്, ഇതേ സ്പോട്ടിൽ നിന്ന് കഴിഞ്ഞമാസം രണ്ടുതവണ ക്യാമറ അടിച്ചിരിക്കുന്നു. അവ ഉൾപ്പടെ 2200 ദിർഹം ഇക്കഴിഞ്ഞയാഴ്ച അടച്ചിട്ടേയുള്ളൂ എന്നും പറഞ്ഞു.

അതായത്, ‘അപ്രത്തെ വീട്ടിലും കറണ്ടുപോയി’!

എനിക്കും ഭാര്യയ്ക്കും കുറച്ചൊക്കെ സമാധാനമായി. ചിരിയുടെ വെൺപ്രാവുകൾ ആ യാത്രയിൽ പിന്നീട് തിരിച്ചുവന്നില്ലെങ്കിലും ആശ്വാസത്തിന്റെ വെള്ളരിപ്രാവുകൾ മനസ്സിലിരുന്ന് കുറുകി. ക്യാമറ അടിച്ച ദു:ഖത്തിൽ ആരെങ്കിലും വിളിക്കുകയാണെങ്കിൽ അയാളെ സമാധാനിപ്പിക്കാൻ പറ്റുന്ന ഏറ്റവും വലിയ കാര്യം ‘എനിക്കും കഴിഞ്ഞയാഴ്ച ക്യാമറയടിച്ചു, ഒന്നല്ല, രണ്ടെണ്ണം’ എന്നുപറയലാണെന്ന് ബോധ്യമായി. ആ രീതിയാണ് ഇപ്പോൾ ഞാൻ പിന്തുടരുന്നത്. ഇന്നലെക്കൂടി ഒരുത്തനെ സമാധാനിപ്പിച്ചിട്ടേയുള്ളൂ.

ഇനി, അപശകുനം പിടിച്ച പാട്ടുകൾ കാറിൽ പ്ലേ ചെയ്യുന്നതുകൊണ്ട് കുഴപ്പമുണ്ടോ എന്നു ചോദിച്ചാൽ, അത് ഒഴിവാക്കുന്നതാണ് നല്ലതെന്നാണ് അഭിപ്രായം. മുകളിലെ സംഭവത്തോടെ ഞാനൊരു അന്ധവിശ്വാസിയായി എന്നു നിങ്ങൾ കരുതരുത്. ഞാനൊരു അന്ധവിശ്വാസിയല്ല. ശാസ്ത്രീയമായ യാതൊരടിത്തറയും അത്തരം വിശ്വാസങ്ങൾക്കില്ല എന്നും എനിക്കറിയാം.

എന്നാലും, വേണ്ടെടോ..

No comments: