7/23/17

ജെല്ലിക്കെട്ട്

“ജെല്ലിക്കെട്ടൈ പാക്കാമെ ഇങ്കെയിരുന്ത് എങ്കയും പോകമുടിയാത് തമ്പീ”

കുവൈറ്റ് കാലത്ത് എന്റെ റൂം മേറ്റായിരുന്ന വെട്രിസെൽവത്തിന്റെ വീട്ടിൽ പണ്ടൊരു വെക്കേഷൻ കാലത്ത് വെറുതേയൊന്നു പോയതാണ്.. ഒടുക്കം അത് ജെല്ലിക്കെട്ടിലെത്തുകയും പിന്നെയതൊരു വള്ളിക്കെട്ടാവുകയും ചെയ്യും എന്ന് കരുതിയതേയല്ല. മധുരയ്ക്കടുത്ത് മണ്ണാർഗുഡിപക്കത്തിലുള്ള തിരുമക്കോട്ടൈ എന്നൊരു ഗ്രാമത്തിലാണ് അവന്റെ വീട്. അവന്റെപ്പ അങ്കെ നാട്ടാമൈ ടൈപ്പൊരു കാർന്നോരാണ്. കരീമിന്റെ കാലിഗ്രാഫിപോലെ പക്കാ സിമ്മട്രിക്കലായി വീശരുവാ ഷേപ്പിലാണ് അപ്പാവോടെയ മീശൈ.
വേഷം: പശമുക്കിത്തേച്ച വെള്ള ഷർട്ടും മുണ്ടും പിന്നെ തോളത്തൊരു തോർത്തും.
കളർ: ജപ്പാൻ ബ്ലാക്ക്.
പുള്ളി രംഗത്തേക്ക് കടന്നുവന്നാൽ കണ്മുന്നിൽ ഒരു തമിഴ് പടം ഓടുന്നപോലെ തോന്നും. ഡയലോഗ് എല്ലാം ഞാൻ ആദ്യം പറഞ്ഞതുപോലൊരു രീതിയാണ്. നമ്മളോടുള്ള ഇഷ്ടം പോലും ആജ്ഞയിലൂടെയും ഭീഷണിയിലൂടെയുമാണ് അദ്ദേഹം പ്രകടിപ്പിക്കുക. ഉണ്ണാനിരിക്കുമ്പോൾ ഒരു മൊട്ടക്കുന്നിന്റെ വലുപ്പത്തിൽ ചോറുവിളമ്പി സാമ്പാറും രസവും ഊത്തിയിട്ട് പുള്ളി ഭീഷണിപ്പെടുത്തും: “ഡായ് തമ്പീ.. മൊത്തമാ സാപ്പിടാമെ ഇങ്കയിരുന്ത് എയ്ന്തിരിക്കക്കൂടാത്”.

ഇതിൽ പറയുന്ന തമിഴ് ഞാൻ ഓർമ്മയിൽ നിന്നെടുത്ത് എഴുതുന്നതായതുകൊണ്ടും, തമിഴ് നന്നായി അറിയാത്തതുകൊണ്ടും ചെറിയ പികശുകൾ കണ്ടേക്കാം.

മൂന്നോ നാലോ ദിവസങ്ങൾ മാത്രം അവന്റെ വീട്ടിൽ നിൽക്കണമെന്നു കരുതിയാണ് പോയത്. പക്ഷേ തിരുമക്കോട്ടൈയിലെ ഗ്രാമീണ ഭംഗിയും ആ സമയത്തെ സുഖപ്രദമായ കാലാവസ്ഥയും കാരണം സ്റ്റേ ഒരാഴ്ച ആയിക്കോട്ടെ എന്നു തീരുമാനിക്കുകയായിരുന്നു. സല്ക്കാരപ്രിയരും സ്നേഹസമ്പന്നരുമായ അവർക്കും അത് സന്തോഷമായിരുന്നു.

ദിവസവും രാവിലെ ഞങ്ങൾ രണ്ടും ഒരു ലൊടുക്ക് TVS ലൂണയുമെടുത്ത് കറങ്ങാനിറങ്ങും. വാഴത്തോപ്പുകൾക്കിടയിലൂടെയും വയലുകളുടെ വരമ്പുകളിലൂടെയും ഞങ്ങൾ അതോടിച്ചു രസിച്ചു. തോട്ടങ്ങളിൽ നിന്നും പേരയ്ക്കയും ചെറിപ്പഴങ്ങളും പിച്ചിത്തിന്ന് ഓരങ്ങളിലൂടെ ഒഴുകിയിരുന്ന അരുവികളിലെ തെളിനീർ വെള്ളം കുടിച്ച് ഹാ.. എന്നാസ്വദിച്ചു. എല്ലാ ദിവസവും മാരിയമ്മൻ കോവിലിനടുത്തുള്ള മല്ലിയുടെ വീടിനുചുറ്റും ഒരു റൗണ്ടടിച്ച് അവളുടെ കടാക്ഷവും ദർശനവും വാങ്ങാൻ വെട്രി മറന്നില്ല. മല്ലിക വെട്രിസെൽവത്തേയും വെട്രിസെൽവം മല്ലികയേയും ഇഷ്ടപ്പെടുന്നു. അവളുടെ വീടിന്റെ കുറച്ചങ്ങോട്ടുമാറി ഒരായിരം വേരുകൾ തറയിൽ ഊന്നിനിൽക്കുന്ന പെരിയൊരു പേരാലുണ്ട്. ചില വൈകുന്നേരങ്ങളിൽ അവിടെവെച്ച് അവനോടവൾ കുറച്ചു നേരം സംസാരിക്കും.

“ഉങ്ക ഫ്രണ്ട് റൊമ്പ സെവപ്പായിറുക്കേ” എന്ന് അവൾ അത്ഭുതം കൂറിയ ദിവസം തിരികെ പോരുമ്പോൾ വെട്രി സെൽവം എന്നോടൊന്നും മിണ്ടിയില്ല.

ഊരിലായിരിക്കുമ്പോൾ സ്വന്തം നിറത്തെയോർത്ത് വെട്രിയ്ക്ക് സങ്കടമൊന്നും ഉണ്ടായിരുന്നില്ല. മറിച്ച്, മെലിഞ്ഞുണങ്ങിയ ശരീരപ്രകൃതമായിരുന്നു അവനെ അലട്ടിയിരുന്ന ദു:ഖം. 1980ലെ അസ്സംബ്ലി തെരഞ്ഞെടുപ്പുകാലത്താണ് അവന്റെ അമ്മ അവനെ പ്രസവിക്കുന്നത്. അന്ന് മണ്ണാർഗുഡിയിൽ പ്രചരണത്തിനു വന്ന കലൈജ്ഞർ കരുണാനിധി രണ്ടുദിവസം തിരുമക്കോട്ടൈയിലെ അവന്റെ വീട്ടിൽ തങ്ങുകയും പോരാൻ നേരം തന്റെ വിശ്വപ്രസിദ്ധമായ മഞ്ഞപ്പുതപ്പിൽ കുഞ്ഞിനെ എടുത്തുയർത്തി വെട്രിസെൽവം എന്നു പേരിടുകയും ചെയ്തു. അന്ന് കരുണാനിധി ഇട്ട മിക്ക പേരുകളിലും ‘വെട്രി’ (വിജയം) എന്നൊരു പ്രിഫിക്സും ഉണ്ടായിരുന്നു. വെട്രിമാരൻ, വെട്രിവേൽ ഇങ്ങനെ. തെരഞ്ഞെടുപ്പിൽ പക്ഷേ ഡി എം കെ പരാജയപ്പെട്ടു.

മൂക്കിലും കാതിലുമായി തുരുതുരാ തുളകളിട്ട് ഒരു ചെറിയ ജ്വല്ലറിതന്നെ നടത്തുന്ന അവന്റെ പാട്ടി പറയുന്നത് ഒന്നര വയസ്സുവരെ നല്ല ജില്ലെന്ന് വീർത്തിരുന്ന കൊളന്തയായിരുന്നു വെട്രി എന്നാണ്. കണ്ണേറുതട്ടിയിട്ടോ എന്തോ പിന്നീട് മെലിഞ്ഞുമെലിഞ്ഞുവന്നു. തടിച്ചുരുണ്ട അവന്റെ അച്ഛന് അവനെക്കാണുമ്പോൾ സഹിക്കുമായിരുന്നില്ല. അവൻ വളർന്നപ്പോഴേക്കും അഛന്റെ സങ്കടം അസഹിഷ്ണുതയായി മാറി. ‘ഡായ് പുറമ്പോക്കേ നീ എന്നോടെയ മഹനാ?’ എന്ന് ഇടയ്ക്കിടെ അയാൾ അവനെ പുച്ഛിക്കുകയും സംശയിക്കുകയും ചെയ്യാറുണ്ടെന്ന് പറയുമ്പോൾ അവന്റെ കണ്ണു നിറഞ്ഞിരുന്നു. ‘വിരണ്ടോടുന്ന കാളക്കൂറ്റനെപ്പോലും പിടിച്ചു നിർത്താൻ കരുത്തുള്ളവനാവണം ചെറുപ്പക്കാരൻ’ എന്നാണ് അയാൾ എപ്പോഴും പറയുക. സത്യത്തിൽ അയാളുടെ ഇത്തരം ഫിലോസഫികൾ സഹിക്കവയ്യാതെയാണ് മുറ്റം നിറയെ വിളകളും അകം നിറയെ പണവും അട്ടിവെച്ച ആ വീടു വിട്ട് അവൻ ഗൾഫിലേക്ക് വരുന്നത്. അയാൾക്കും അതൊരു ആശ്വാസമായിരുന്നു. അയാളെ സംബന്ധിച്ച് വെട്രി പരാജയത്തിന്റെ അടയാളമായിരുന്നു.

തിരികെ വരേണ്ട ദിവസത്തിന്റെ തലേന്ന് രാത്രി മാത്രമാണ് ഞങ്ങൾ ജെല്ലിക്കെട്ടിന്റെ പരിശീലനം നടക്കുന്ന സ്ഥലത്തു പോകുന്നത്. ‘ജെല്ലിക്കെട്ട് ജെല്ലിക്കെട്ടെ’ന്ന് ആ വീട്ടിൽ ഇടയ്ക്കിടെ മുഴങ്ങുന്നുണ്ടായിരുന്നെകിലും വെട്രി അതു വലിയ കാര്യമാക്കാത്തതുകൊണ്ട് എനിക്കും അത്തരം ചർച്ചകളിൽ‌ പ്രത്യേകം താല്പര്യമൊന്നും തോന്നിയില്ല. എങ്കിലും എനിക്ക് അത് നല്ലൊരു അനുഭവമാകുമെന്ന് കരുതിയിട്ടാവും വെട്രി എന്നെയും കൂട്ടി പരിശീലനം നടക്കുന്നിടത്ത് പോയത്. കുറച്ച് ദൂരെ ആളൊഴിഞ്ഞൊരു പ്രദേശത്ത് പെട്രോമാക്സിന്റെ വെളിച്ചത്തിലാണ് പരിശീലനം.

പുല്ലുകൊണ്ടുണ്ടാക്കിയൊരു കാളയെ നാലു ചക്രങ്ങളിൽ പിടിപ്പിച്ചിരിക്കുന്നു. ചക്രങ്ങൾ പെന്റഗൺ ഷേപ്പിലാണ്. കൂടാതെ അല്പം പിരിഞ്ഞു വളഞ്ഞിട്ടുമുണ്ട്. വെർട്ടിക്കലായും ഹൊറിസോണ്ടലായും റെസിപ്രൊക്കേറ്റ് ചെയ്യിച്ച് യഥാർത്ഥ കാളയുടെ മൂവ്മെന്റ് സിമുലേറ്റ് ചെയ്യാനാണ് ഇങ്ങനെ ഡിസൈൻ ചെയ്തിട്ടുള്ളത്. കാളയുടെ തല 180 ഡിഗ്രി റൊട്ടേറ്റ് ചെയ്യുന്ന വിധത്തിൽ ഒരു ബെയറിംഗിൽ സ്റ്റോപ്പർ ഘടിപ്പിച്ച് സജ്ജീകരിച്ചിരിക്കുന്നതാണ് ഏറെ കൗതുകകരം. രണ്ടുമൂന്ന് പേർ ചേർന്ന് കാളയെ അതിവേഗം വലിച്ചുകൊണ്ട് ഓടും. മേൽപ്പറഞ്ഞ പ്രത്യേകത കാരണം കാള കൊമ്പുകുലുക്കിക്കൊണ്ട് കുതിച്ചു പായുന്നതുപോലെയേ നമുക്ക് തോന്നൂ. ഇനിയാണ് ഏറ്റവും വലിയ അത്ഭുതം; Autodesk Inventor-ൽ വെട്രിയാണ് അത് ഡിസൈൻ ‌ചെയ്തത്.

വൈക്കോൽകാളയെ ഇങ്ങനെ ഓടിച്ചുകൊണ്ടിരിക്കുമ്പോൾ പരിശീലനത്തിനു വന്നവർ അതിന്റെ ദേഹത്തേക്ക് ചാടിവീണ് മുതുകിലെ ബലൂണിൽ പിടിച്ച് തൂങ്ങിക്കിടക്കാൻ ശ്രമിക്കണം. ഇങ്ങനെയാണ് പരിശീലനം. ഇത് കണ്ടുനിൽക്കാൻ വളരെ രസമാണ്. യന്ത്രമാണെങ്കിലും വെട്രിയുടെ കാളയെ തോൽപ്പിക്കാൻ ഇത്തിരി പ്രയാസമാണ്.

‘ഒന്നു ചാടി നോക്കിയാലോ?’ എന്ന് വിചാരിച്ചു നിൽക്കുമ്പോൾ മനസ്സറിഞ്ഞിട്ടെന്നവണ്ണം അവന്റെ അപ്പാവന്ന് തോളിൽ തട്ടിപ്പറഞ്ഞു :

“സുമ്മാ സാടുങ്കെ തമ്പീ..”

“അയ്യോ, നാനാ?, വേനാ..” ഞാൻ മടിച്ചു.

“എന്നാ, നാനാവേനാകൂനാങ്കിറേ?.. സുമ്മാ സാട്..ങാ..” പിന്നേം നിർബ്ബന്ധം.

പണ്ട്, കൊച്ചുന്നാളിൽ, ചാഞ്ഞുവീണ മണ്ടയില്ലാത്തെങ്ങിൽ ചന്തിഭാഗത്ത് ഓട്ടവീണ നീല നിക്കറും വലിച്ചുകുത്തി തൂങ്ങിക്കിടന്നപ്പോൾ കൂട്ടുകാരൊക്കെ വന്ന് ഇടത്തോട്ടും വലത്തോട്ടും മുകളിലേക്കും താഴേക്കും ആഞ്ഞുകിണഞ്ഞാട്ടിയിട്ടും തെറിക്കാതെ തൂങ്ങിക്കിടന്ന സംഭവത്തെ മനസ്സിലിട്ടൊന്നുഴിഞ്ഞിട്ട് ഞാൻ പറഞ്ഞു:

“ഓക്കെ നോക്കാം”

എണ്ണിക്കൊണ്ട് ഞാൻ പന്ത്രണ്ടു പ്രാവശ്യം ചാടി. പതിനൊന്നു പ്രാവശ്യവും സക്സസ്സായിരുന്നു. തമിഴന്മാരുടെ കണ്ണുതള്ളി. “എവാ എവാ?!” രാത്രി രണ്ടു രണ്ടര മണി ആയപ്പോഴാണ് എനിക്ക് ബോധോദയമുണ്ടായത്; നാളെ തിരിച്ചു നാട്ടിലേക്ക് പോകേണ്ടതാണ്. ഞാൻ അപ്പാവോട് ചെന്നുപറഞ്ഞു :

“നാളെ കാലൈയിലേ തിരുപ്പി ഊരുക്ക് പോണം. നാൻ ഇപ്പ പോകട്ടും”

പുള്ളി പറഞ്ഞു: “ജെല്ലിക്കെട്ടൈ പാക്കാമെ ഇങ്കെയിരുന്ത് എങ്കയും പോകമുടിയാത് തമ്പീ”

തമിഴ് ജന്മിമാർ ഒരു ദഡവു ചൊന്നാൽ സാധാരണ നൂറ് ദഡവാണ്. എന്നാൽ ഇദ്ദേഹത്തിന് അങ്ങനെ വലിയ വാശിയൊന്നുമില്ലായിരുന്നു. പക്ഷേ അന്ന് രാത്രിയിൽ അദ്ദേഹം പറഞ്ഞൊരു സെന്റിമെന്റൽ കഥയിൽ ഞാൻ വീണുപോയി. കുറേക്കാലമായി അപ്പാവോടെ കുടുംബത്തിൽ നിന്ന് ആരും ജെല്ലിക്കെട്ടിൽ ജയിക്കുന്നില്ല. വെട്രിയെക്കൊണ്ട് യാതൊരു ഗുണവുമില്ല. വെട്രിയുടെ മാമന്റെ മോൻ ഉശിരൻ ഒരുത്തനുണ്ടായിരുന്നു. പക്ഷേ രണ്ട് കൊല്ലം മുമ്പ് ഒരു ജെല്ലിക്കെട്ടിനിടെ എരന്തുപോയി. ഇതും പറഞ്ഞ് ആ വലിയ മനുഷ്യൻ എന്റെ മുന്നിലിരുന്ന് കണ്ണീർ വാർത്തു.

കുറച്ചുനേരത്തെ നിശ്ശബ്ദതയ്ക്കു ശേഷം എന്റെ തോളുപിടിച്ച് കുലുക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു : “നീ താൻ തമ്പീ എന്നോടെ വെട്രി, നാളേയ്ക്ക് നമ്മ വെട്രിത്താമരയെ പറിക്കപ്പോം!”

പിറ്റേ ദിവസം വെളുപ്പാങ്കാലത്തേ ഒരു ടാറ്റാ സുമോയിൽ ഉത്സവസ്ഥലത്ത് അത്യാവശ്യം വന്നാൽ ഉപയോഗിക്കാനുള്ള വടിവാളും ഉറുമിയുമെല്ലാം കയറ്റിയ ശേഷം രണ്ടു മല്ലന്മാരുടെ ഇടയിൽ ഇരുത്തി തട്ടിക്കൊണ്ടുപോകുന്നതുപോലെയാണ് തിരുമക്കോട്ടയിലെ ജെല്ലിക്കെട്ട് മൈതാനത്തേക്ക് എന്നെ കെട്ടിയെടുക്കുന്നത്. മഞ്ഞ ടീഷർട്ടും നിക്കറുമിട്ട മറ്റു ടീം അംഗങ്ങൾ ഒരു ലോറിയിൽ പിന്നിൽ ഉണ്ടായിരുന്നു.

ജെല്ലിക്കെട്ട് കഴിഞ്ഞ് തിരിച്ച് വെട്രിയുടെ വീട്ടിലേക്ക് ഞാൻ എത്തുന്നത് ലോറിക്ക് പിന്നിൽ ഇരുന്നായിരുന്നു. ഗംഭീരമായിരുന്നു ആ യാത്ര. ലോറി മുഴുവൻ തോരണങ്ങൾ കൊണ്ട് മൂടിയിരുന്നു. മല്ലിപ്പൂക്കൾക്കൊണ്ടുള്ള കനത്തൊരു ഹാരമണിയിച്ച് ഊരെല്ലാം കാണും വിധം പൊക്കത്തിലുള്ളൊരു ഇരിപ്പിടത്തിൽ എന്നെയിരുത്തി ഘോഷയാത്രയായാണ് വന്നത്. വരുന്ന വഴി മുക്കിനു മുക്കിന് സ്വീകരണങ്ങൾ! നോട്ടുമാലകൾ!!. കയ്യിലും നെഞ്ചിലുമൊക്കെ കാളകളുടെ കൊമ്പുകൊണ്ട് ചെറുതായി പോറിയ ഭാഗങ്ങൾ അഭിമാനം കൊണ്ട് നീറി. അന്ന് വെട്രിയുടെ വീട്ടിൽ ഉത്സവമായിരുന്നു. പാട്ടി പോലും പഴയ പാട്ടുകൾ പാടി ഡാൻസ് ചെയ്തു. പേട്ടറാപ്പ്!!

ഒരു ദിവസം കൂടി ഞാൻ അവിടെ തങ്ങി. അടുത്ത ദിവസം രാവിലെ ടാറ്റാ സുമോ നിറയെ പഴക്കുലകളും പച്ചക്കറികളും കുത്തിനിറച്ച് എന്നെ ആലപ്പുഴയിൽ കൊണ്ടാക്കാൻ വെട്രിയുടെ അപ്പ ഡ്രൈവറെ ഏർപ്പാട് ചെയ്തു. പോരും വഴി ഞാൻ മല്ലികയെ കണ്ട് യാത്ര പറഞ്ഞു. അവളുടെ മുഖത്ത് അപ്പോഴുണ്ടായ വിഷമം ഇപ്പോഴും എന്റെ കണ്ണിലുണ്ട്: ജെല്ലിക്കെട്ടിൽ ഞാൻ പിടുത്തമിട്ട് പരാജയപ്പെടുത്തിയത് വെട്രി സെല്‌വത്തെ ആയിരുന്നോ?

No comments: