7/23/17

പ്രസേനന്റെ പശു

ഇപ്പ ഇപ്പ എപ്പ നോക്കിയാലും പ്രസേനന്റെ കൂടെ അയാളുടെ പശുവുംകാണും. എവിടെപ്പോയാലും അവന്റെ കൂടെത്തന്നെ അത് കാണും. കല്യാണമാവട്ടെ, പുരതാമസമാവട്ടെ, മരണമാവട്ടെ, അങ്ങനെ നാട്ടിൽ എന്തു വിശേഷങ്ങളുണ്ടായാലും അയാൾ അതിനേയും കൊണ്ടേ വരാറുള്ളൂ. പോകാറുള്ളൂ. എങ്കിലും, മറ്റു പശുക്കളെപ്പോലെ കണ്ടിടത്തൊക്കെ ചാണകം പൊഴിക്കുന്നതോ, മൂത്രമൊഴിക്കുന്നതോ ആയ യാതൊരു വൃത്തികേടും പ്രസേനന്റെ പശുവിനില്ല. ആളും പരിസരവും കണ്ടറിഞ്ഞു പെരുമാറാൻ മിടുക്കിയാണവൾ. ലോകത്തുള്ള മിക്കവാറും എല്ലാ പശുക്കളുടേയും പേരുപോലെതന്നെ ‘നന്ദിനി’ എന്നായിരുന്നു അവളുടേയും പേര്. അത് പോരെന്ന് തോന്നി ഗസറ്റിൽ വിജ്ഞാപനം ചെയ്താണ് ‘സുനന്ദിനി’ എന്ന് പേരുമാറ്റിയത്. മനോഹരവും അപൂർവ്വവുമായ പേരെന്ന് സ്വയം വിചാരിച്ചിരിക്കെയാണ് ‘സുനന്ദിനി’ എന്ന പേരും പശുക്കൾക്ക് സാധാരണയാണെന്ന വിവരം പ്രസേനന് എവിടുന്നോ കിട്ടുന്നത്. സാധാരണയെന്നു മാത്രമല്ല, മുസ്ലിം പശുക്കൾക്ക് പോലും ‘സുനന്ദിനി’ എന്നു പേരുണ്ടെന്നറിഞ്ഞ് പ്രസേനൻ ചെറുതായി ഞെട്ടുകയും ചെയ്തു. ഒട്ടും താമസിച്ചില്ല; വീണ്ടും ഗസറ്റിൽ വിജ്ഞാപനം ചെയ്തു. അങ്ങനെ നന്ദിനിയെന്ന സുനന്ദിനിയുടെ ഇപ്പോഴത്തെ പേര് ‘കല്യാണി’ എന്നായി. കല്യാണിയുടെ ആധാറിലെ പേരും കല്യാണി എന്നുതന്നെ.

ഈ പോസ്റ്റിൽ എവിടെയെങ്കിലും സാന്ദർഭികമായി കല്യാണിയെക്കുറിച്ച് വർണ്ണിക്കുന്നതുകണ്ടാൽ എന്നോട് പൊറുക്കുക. അത്രയ്ക്ക് സുന്ദരിയും ആകർഷകത്വവും ഉള്ളവളാണവൾ. സാധാരണഗതിയിൽ, മനുഷ്യരുടേതാവട്ടേ, മൃഗങ്ങളുടേതാവട്ടെ, ആരുടേതുമാവട്ടെ, അംഗോപാംഗം വർണ്ണിക്കുന്നത് ഒഴിവാക്കാറാണ് പതിവ്. ഉദാഹരണത്തിന്, എവിടെയെങ്കിലും വെച്ച് കണ്ടുമുട്ടിയ ഒരാളെക്കുറിച്ച് നിങ്ങളോട് പറയേണ്ടിവരുമ്പോൾ അയാളുടെ കവിളുകൾ കുഴിഞ്ഞതായിരുന്നോ പുരികം തടിച്ചതായിരുന്നോ എന്നൊക്കെ വിസ്തരിക്കാൻ മുതിരാറില്ല. നമ്മൾ വായിച്ച തടിയൻ പുസ്തകങ്ങളുടെ മൂന്നിലൊന്നെങ്കിലും ഇതുപോലെ അസഹ്യമായ വർണ്ണനകളാണ്. വലിയ പ്രാധാന്യമില്ലാത്ത വർണ്ണനകളെ നിങ്ങളിൽ മിക്കവരും സ്കിപ്പ് ചെയ്യാറാണ് പതിവെന്നാണ് കരുതുന്നത്. വായനക്കാരുടെ ഭാവനാസ്വാതന്ത്ര്യത്തിന്മേലുള്ള കൈകടത്തലുകളാണ് അത്തരം വർണ്ണനകൾ എന്നുവേണമെങ്കിൽ പറയാം. അതേസമയം, വർണനകൾ ഇഷ്ടപ്പെടുന്നവരും ഉണ്ടെന്നുള്ള കാര്യം വിസ്മരിക്കുന്നില്ല. ഇടയ്ക്ക്, ഇൻ ബോക്സിൽ വന്നൊരു പെൺകുട്ടി പരാതി പറഞ്ഞു:

“ചേട്ടായീ, ചേട്ടായിയുടെ പോസ്റ്റിൽ ‘പൂത്തുലഞ്ഞ ഒരു മരത്തിന്റെ തണലിൽ’ എന്നേ എഴുതിയിട്ടുള്ളൂ. ഏത് നിറമുള്ള പൂക്കളാണ് എന്നെഴുതിയിട്ടില്ല”

“കുട്ടിയ്ക്ക് ഏത് നിറമുള്ള പൂവാണിഷ്ടം? “- ഞാൻ ചോദിച്ചു.

“മഞ്ഞ”

“എങ്കിൽ, ആ മരം നിറയെ മഞ്ഞപ്പൂക്കളായിരുന്നു..”

കുട്ടിയ്ക്ക് സമാധാനമായി. എങ്കിലും, ആ ഡയലോഗ് ഏതോ സിനിമയിൽ കേട്ടിട്ടുണ്ടല്ലോ എന്ന് കുട്ടി ചിന്തിച്ചിട്ടുണ്ടാവാം. ചിന്തിക്കട്ടെ! അതിനെന്താ?

അവൾ തമ്പ്സ് അപ്പ് പറഞ്ഞ് പോകുന്നതിനുമുമ്പ് ഒന്നൂടെ എന്നെ തോണ്ടി വിളിച്ചു:

“ചേട്ടായീ..”

“എന്തോ..” ഞാൻ വിളികേട്ടു.

“ഞാനേ, ചേട്ടായി വിചാരിക്കുന്നപോലെ ‘കുട്ടി’യല്ല”

“പിന്നെയെന്താണ്?”

“എനിക്കേ, ഇരുപത്തിനാല് വയസ്സുണ്ട്”

“ഓഹോ? വിവാഹം കഴിച്ചതാണോ?”

“ :o “

“വിവാഹം കഴിച്ചതാണോന്ന്?”

“അല്ല. നോക്കുന്നുണ്ട്”

ഞാൻ സോറി പറഞ്ഞു: “കുട്ടിയെന്ന് വിളിച്ചതിന് സോറി..”

(Y) - അവൾ പറഞ്ഞു.
(Y) - ഞാനും.

വിവാഹം കഴിയ്ക്കാത്ത യുവതികൾ വെറും ‘പെൺകുട്ടികൾ’ ആണെന്ന് ഞാനവളെ തിരുത്താനൊന്നും പോയില്ല. സമൂഹം മാത്രമല്ല, പത്രക്കാരും കോടതിയുമൊക്കെ അവളെ ‘കുട്ടി’ എന്നു വിളിക്കുമ്പോൾ എനിക്കുമാത്രം എന്തുകൊണ്ട് ആയിക്കൂടാ?. ‘കുട്ടിയുടെ അച്ഛൻ’, പെൺകുട്ടിയുടെ മൊഴി, പെൺകുട്ടിയ്ക്ക് പ്രൊട്ടക്ഷൻ, ഇങ്ങനെയിങ്ങനെയുള്ള പ്രയോഗങ്ങളിൽ നിന്ന് ഒരു പെൺകുട്ടി സമൂഹത്തിന്റേയും ഭരണയന്ത്രങ്ങളുടേയും സംരക്ഷണത്തിലും തീരുമാനങ്ങൾക്കുള്ളിലും ആണെന്നുകൂടി അവളെ ബോധവത്കരിക്കേണ്ടതായിരുന്നെന്ന് പിന്നീട് തോന്നി!.

ഞാൻ നേരത്തേ പറഞ്ഞ പ്രസേനന്റെ പശു കല്യാണി വിവാഹമൊന്നും കഴിച്ചിട്ടില്ലെങ്കിലും ഒരു പെൺകുട്ടിയല്ല. രണ്ട് പേറുകഴിഞ്ഞൊരു അമ്മയാണ്. അവളുടെ കന്നി പ്രസവത്തിൽ ഒരു ആൺകുട്ടിയായിരുന്നു. മുലകുടിച്ച് കൊതിതീരും മുമ്പ് പ്രസേനൻ അവനെ അറവുകാർക്ക് വിറ്റു. ഇപ്പോൾ ചത്തോ ജീവിച്ചിരിപ്പുണ്ടോ എന്ന് ആർക്കും ഒരു തിട്ടവുമില്ല. അവന്റെ പിഞ്ചുശരീരത്തെ സിറാജ് റെസ്റ്റോറന്റിന്റെ തീന്മേശയിൽ ആട്ടിറച്ചിയുടെ രൂപത്തിൽ കണ്ടവരുണ്ടെന്ന് പറയപ്പെടുന്നു. കഷ്ടം! കല്യാണി തന്റെ മകനുവേണ്ടി വിങ്ങിച്ചുരന്ന മുലപ്പാലെല്ലാം ഈ കാലങ്ങളിൽ പ്രസേനൻ കറന്നെടുത്തു വിൽക്കുകയും ചെയ്തുവല്ലോ!.

കല്യാണി രണ്ടാമത് പ്രസവിച്ചത് ഒരു പെൺകുഞ്ഞിനെയായിരുന്നു. ഇപ്പോൾ അവൾ മദിയുടെ ലക്ഷണങ്ങൾ കാണിക്കുന്ന യുവതിയായെങ്കിലും കല്യാണിയുടെ ചന്തത്തിന്റെ അയലത്തെത്തില്ല പെണ്ണ്! അവളുടെ ചാട്ടം കണ്ടിട്ടാവണം പ്രസേനൻ അവൾക്ക് ‘മേനക’ എന്ന് പേരിട്ടത്. മേനകയ്ക്ക് കിട്ടിയിരിക്കുന്നത് സിയാമുദ്ദീന്റെ വീട്ടിലെ ആ മുരട്ടുക്കാളയുടെ തൊലിക്കറുപ്പും വെളുത്ത പുള്ളികളുമാണ്. എന്നാൽ അമ്മ കല്യാണിയാവട്ടെ നല്ല ചുവന്ന തവിട്ടു നിറത്തിലുള്ള ലക്ഷണമൊത്തൊരു പെണ്ണാണ്. അവളുടെ വിടർന്ന കണ്ണുകളും കറുത്ത് മിനുസമാർന്ന കുളമ്പുകളും കുറുകിക്കൂർത്ത കൊമ്പുകളും ആരെയും ആകർഷിക്കാൻ പോന്നതാണ്. മുട്ടുകവിഞ്ഞു ഞാന്നു കിടക്കുന്ന മുടിപിന്നിയിട്ടപോലുള്ള വാലും ബ്യൂട്ടി ബോൺസ് തള്ളിനിൽക്കുന്ന പിൻഭാഗവും കുലുക്കി അവൾ നടക്കുന്നതുകണ്ടാൽ ഏത് കാളയും ഒന്നു നോക്കാതിരിക്കില്ല. ചുരത്തി നിൽക്കുന്ന സമയത്താണ് പ്രസേനൻ അവളെയും കൊണ്ട് നടക്കാനിറങ്ങുന്നതെങ്കിൽ കണ്ണേറ് തട്ടാതിരിക്കാനായി കണ്മഷികൊണ്ട് അകിടിൽ ചെറിയൊരു കറുത്തപുള്ളി വരയ്ക്കാറുണ്ടയാൾ. അതും ഒരു ചന്തം തന്നെ!

കല്യാണിയുടെ രണ്ടാമത്തെ പേറിന്റെ നോവ് തുടങ്ങുന്നത് രാത്രി ഏതാണ്ട് രണ്ട് രണ്ടരയോടടുപ്പിച്ചാണ്. വേദനയുടെ ആദ്യ അമറൽ കേട്ടപ്പോൾത്തന്നെ പ്രസേനൻ 108 ഡയൽ ചെയ്തു. പതിനഞ്ച് മിനിട്ടിനുള്ളിൽ സർവ്വ സന്നാഹങ്ങളുമായി ആംബുലൻസ് പാഞ്ഞുവന്ന് അവളെ കെട്ടിയ തൊഴുത്തിനു മുന്നിൽ ബ്രേക്കിട്ടു നിന്നു. അതിൽനിന്നും ഡോക്ടറും മൂന്നു നഴ്സുമാരും മറ്റു രണ്ടു ജോലിക്കാരും ചാടിയിറങ്ങി. അപ്പോഴേക്കും കല്ല്യാണിയുടെ മുന്നീർ പൊട്ടി ഫ്ലൂയിഡ് നിലത്ത് പരന്നിരുന്നു. ഡോക്ടർ അവളുടെ വയറ്റിൽ അവിടവിടങ്ങളിലായി തൊട്ടുതലോടുകയും ചെവിചേർത്തുവെച്ച് എന്തോ അനക്കങ്ങൾ ശ്രദ്ധിക്കുകയും ചെയ്തശേഷം പിൻഭാഗത്തേക്ക് ടോർച്ച് തെളിച്ച് സാകൂതം നോക്കിനിന്നു. ജോലിക്കാർ കുഞ്ഞിനുവേണ്ടി പുല്ലുകൊണ്ടൊരു മെത്തയുണ്ടാക്കിവെച്ചു. അല്പസമയം കഴിഞ്ഞപ്പോൾ കല്യാണിയുടെ ഈറ്റത്തിൽ കുഞ്ഞിന്റെ കുളമ്പുകൾ ദൃശ്യമായി. ഈ ലോകത്തേക്ക് കുതിയ്ക്കാൻ വെമ്പുന്ന കുഞ്ഞിക്കാലുകൾ!. ആകാംക്ഷയോടെ നിന്ന പ്രസേനനെയും കുടുംബത്തേയും ഡോക്ടർ സമാധാനിപ്പിച്ചു:

“ഒന്നും പേടിക്കാനില്ല”

കല്യാണി ഒന്നു ഞെരങ്ങി. അവളു വയറ്റിലൂടെ വലിയൊരു പാറ ഉരുണ്ടുമറിഞ്ഞു. അവളൊന്നു മുക്കി. വലിയ ശബ്ദത്തോടെ കനത്തൊരു നിശ്വാസവായു പുറത്തേക്ക് ചീറ്റി. ‘പ്ലക്കെ’ന്നൊരു ശബ്ദത്തോടെ ക്ടാവ് പിന്നിൽ ഒരുക്കിയ പുൽത്തകിടിയിലേക്ക് വീണു. ഉടനേ നഴ്സുമാർ വന്ന് അതിന്റെ മൂക്കിലേയും മുഞ്ഞിയിലേയും ഞോളയൊക്കെ തുടച്ചുമാറ്റി. വയറ്റിൽ മെതിയെ തടവി ശ്വാസോഛ്വാസം നേരേയാക്കി. പൊക്കിൾക്കൊടി മുറിച്ച് അവിടെ മരുന്നു പുരട്ടി. ശേഷം, കാലിന്റേയും വാലിന്റേയും തലയുടേയും പിന്നെ മൊത്തം ശരീരത്തിന്റേയും അളവുകളെടുത്തു. സെക്സ് ‘ഫീമെയിൽ’ എന്ന് റെക്കോഡിൽ എഴുതിച്ചേർത്തു. ഈ സമയത്ത് ക്ടാവിനെ പരിപാലിക്കേണ്ടതെങ്ങനെ എന്ന കാര്യത്തിൽ പ്രസേനനും കുടുംബത്തിനും ഡോക്ടർ നിർദ്ദേശങ്ങൾ നൽകിക്കൊണ്ടിരുന്നു.

ഡോക്ടർക്കും സംഘത്തിനും പ്രസേനൻ നന്ദിപറഞ്ഞു. 108 മറ്റേതോ തൊഴുത്തിനെ ലക്ഷ്യമാക്കി പറന്നുപോയി.

അന്നുമുതൽ അവസരം കിട്ടുന്നിടങ്ങളിലെല്ലാം ഗോക്കൾക്കുള്ള ആംബുലൻസ് സേവനങ്ങളെക്കുറിച്ച് പ്രസേനൻ വാചാലനായി. ഗോക്കളെ സ്വന്തം മാതാക്കളെന്നുകണ്ട് സംരക്ഷിക്കുകയും പരിരക്ഷിക്കുകയും ചെയ്യുന്ന സർക്കാറിനെ പൂർവ്വാധികം ഇഷ്ടപ്പെട്ടുതുടങ്ങി.

“ഈ സർക്കാർ മനുഷ്യരുടെ മാത്രമല്ല; മൃഗങ്ങളുടേയും സർക്കാരാണ്”
“മനുഷ്യർക്കുള്ളതുപോലെ അവകാശങ്ങൾ പശുക്കൾക്കും ഉണ്ട്”
“പശുക്കൾ ദേശത്തിന്റെതന്നെ അമ്മയാണ്”

കവലയിൽ നിന്ന് പ്രസേനൻ നടത്തുന്ന പ്രസ്താവനകൾ ഇങ്ങനെയൊക്കെയാണ്. അയാൾക്കിപ്പോൾ പശുക്കളിൽ വലിയ പ്രതീക്ഷയുണ്ട്. ഇന്ന് ആധാറിലെങ്കിൽ, നാളെ വോട്ടേഴ്സ് ലിസ്റ്റിലും പശുക്കൾ കയറിപ്പറ്റുമെന്ന കാര്യത്തിൽ സംശയമില്ല. ചിലയാളുകൾ പറയുന്നത് പ്രസേനൻ സദാസമയവും പശുവുമായി ചുറ്റിക്കറങ്ങുന്നത് അടുത്ത ലോക്‌സഭാ ഇലക്ഷൻ ലക്ഷ്യം വെച്ചുകൊണ്ടാണെന്നാണ്. പശുക്കൾക്ക് ഇലക്ഷന് മത്സരിക്കാനുള്ള അവകാശവും പാർലമെന്റിൽ സംവരണവും നടപ്പാവും എന്ന പ്രതീക്ഷയിൽ കല്യാണിയെ ജനകീയയാക്കാനും പിന്നീട് മൃഗീയഭൂരിപക്ഷത്തോടെ വിജയിപ്പിച്ചെടുക്കാനുമുള്ള ഫീൽഡ് വർക്കിന്റെ ഭാഗമാണ് ഈ കാട്ടായങ്ങളൊക്കെ എന്നാണ്.

വ്യക്തിപരമായി, ഇത്തരം ആരോപണങ്ങളെ തമാശയായേ ഞാൻ കണക്കാക്കുന്നുള്ളൂ. ഇപ്പോൾ ഇതേപ്പറ്റി പരമാവധി എനിക്ക് പറയാനാവുന്നത് പ്രസേനൻ എവിടെപ്പോയാലും അയാളുടെ പശുവും കൂടെക്കാണും എന്നുമാത്രമാണ്.

No comments: