7/23/17

ഡിജിറ്റൽ ബാധ

നാട്ടിൽ നിലവിലുള്ള ഏക എക്സോർസിസ്റ്റാണ് ഭാർഗവപ്പണിക്കൻ. പ്രേതബാധ ഒഴിപ്പിക്കുന്നതിൽ നാനൂറ്റമ്പത് കൊല്ലത്തെയെങ്കിലും പാരമ്പര്യം അവകാശപ്പെടാനാവുന്ന പുരാതീന കുടുംബത്തിലെ അംഗമാണ് അദ്ദേഹം. ഞങ്ങൾ ഭാർഗവൻ ചേട്ടനെന്നു വിളിക്കും. കഴിഞ്ഞ ബുധനാഴ്ച അദ്ദേഹം കുഴഞ്ഞുവീണിട്ട് വീട്ടുകാരും നാട്ടുകാരുമൊക്കെക്കൂടി ആശുപത്രിയിലാക്കി.

ഭാർഗവൻ ചേട്ടന് ഇപ്പോൾ ആകെ വയസ്സായി. തന്റെ തറവാട് ക്ഷയിച്ചതുപോലെതന്നെ ശരീരവും ക്ഷയിച്ചുപോയിരിക്കുന്നു. ബാധകളോട് പഴയതുപോലെ ശക്തിയായി ആജ്ഞാപിക്കാൻ ആവുന്നില്ല. അഥവാ അല്പം ശബ്ദമുയർത്തി “ഇറങ്ങിപ്പോ…” എന്നലറിയാൽ അതിനെത്തുടർന്ന് മൂന്നാലഞ്ച് ചുമയും കുരയും കൂടി പുറത്തുവരും. ഏവൂരും മണ്ണാറശാലയിലുമൊക്കെയുള്ള മറ്റു മാന്ത്രികർ പറയുന്നത് ചുമയും കുരയും മന്ത്രങ്ങളോടൊപ്പം പുറപ്പെടുമ്പോൾ അവയ്ക്ക് അർഥവ്യത്യാസം സംഭവിക്കുമെന്നും, ബാധകളിൽ ഇത് കൺഫ്യൂഷൻ ഉണ്ടാക്കുകയോ കോൺഫിഡൻസ് കൂട്ടുകയോ ചെയ്യുമെന്നുമാണ്. ഭാർഗവപ്പണിക്കന്റെയത്രയും പാരമ്പര്യം അവകാശപ്പെടാനാവില്ലെങ്കിലും അവർ പറയുന്നതിനെ ശരിവെക്കുന്നതാണ് പണിക്കന് സമീപകാലത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന പാകപ്പിഴകൾ. എങ്കിലും, ചെറുതും ഇടത്തരവുമായ ബാധകളെ ഒഴിപ്പിക്കുന്നതിൽ അദ്ദേഹം ഇപ്പോഴും വിജയിക്കാറുണ്ട്.

ബാധ ഒഴിപ്പിക്കുമെങ്കിലും അദ്ദേഹത്തിന്റെ പാരമ്പര്യ തൊഴിൽ അതല്ല. അവർ പണ്ടുതൊട്ടേ വിഷഹാരികളായിരുന്നു. കടിച്ച പാമ്പിനെ വിളിച്ചു വരുത്തി വിഷം ഇറക്കിയിരുന്ന പ്രഗത്ഭരായ പിതാമഹന്മാർ ജീവിച്ചുമരിച്ച കുടുംബമാണ് ചേട്ടന്റേത്. ഇവർക്കൊക്കെയും ബാധയൊഴിപ്പിക്കലും വശമുണ്ടായിരുന്നു എന്നേയുള്ളൂ. സത്യത്തിൽ ചേട്ടന്റെ പാരമ്പര്യം നാനൂറ്റമ്പത് വർഷങ്ങൾക്കും മുമ്പേ തുടങ്ങുന്നതാണ്. എന്നാൽ രണ്ടു വിദ്യയിലും - ബാധയിലും വിഷത്തിലും- ഏറ്റവും പ്രാഗത്ഭനായിരുന്ന ശങ്കരപ്പണിക്കൻ മുതൽക്കുള്ള കഥകൾ അധികമായി ഉദ്ധരിക്കപ്പെട്ടതുകൊണ്ട് അതിനും മുമ്പുള്ള കഥകൾ വിസ്മൃതിയിൽ ആണ്ടുപോകുകയാണുണ്ടായത്.

കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിൽ ഉൾപ്പെടേണ്ടുന്ന നിഗൂഢതകൾ പേറുന്ന കഥകളാണ് ശങ്കരപ്പണിക്കന്റേയും തുടർന്നിങ്ങോട്ടുള്ള പലരുടേയും കഥകൾ. പണിക്കന്മാർ ഈഴവരിലെ ചാന്നാർ വിഭാഗത്തിൽ പെട്ടവരായതുകൊണ്ട് നമ്പൂരിമാരുടെ കഥകളുടെയത്ര അംഗീകാരം ലഭിക്കാഞ്ഞത് സ്വാഭാവികമെന്നേ കരുതേണ്ടൂ.

ശങ്കരപ്പണിക്കൻ അദ്ദേഹത്തിന്റെ അഛന് ഒരേയൊരു ആൺതരിയായിരുന്നു. മൂന്നു പെണ്മക്കൾ ഉണ്ടായിരുന്നത് വിവാഹപ്രായമെത്തും മുമ്പ് ദംശനമേറ്റ് മരിച്ചുപോവുകയും ചെയ്തു. ശങ്കരൻ വിവാഹം കഴിച്ചെങ്കിലും സന്താന സൗഭാഗ്യമുണ്ടാവാത്തതിനാൽ ഭാര്യയെ ഉപേക്ഷിച്ച് നാടുവിട്ടുപോയി. അതിനുശേഷം ഏതാണ്ട് പന്ത്രണ്ട് വർഷത്തോളം ഏകാന്തവാസമായിരുന്നു. പിന്നീട് നാട്ടിലേക്ക് തിരികെയെത്തുന്നത് കുറേ യക്ഷികളേയും കൂട്ടിയാണ്. ആളനക്കമില്ലാതെ കിടന്നിരുന്ന തന്റെ തറവാട്ടിൽ അവരോടൊപ്പം രമിച്ചും പനങ്കള്ളിന്റെ ലഹരിയിൽ മദിച്ചും അദ്ദേഹം സുഖലോലുപനായി കഴിഞ്ഞു. ഇതിനിടയിലും പ്രേതബാധ ഒഴിപ്പിക്കാൻ അദ്ദേഹത്തെ തേടി പല ദിക്കിൽ നിന്നും ആളുകൾ വന്നുകൊണ്ടിരുന്നു. ശരീരത്ത് കൂടിയതിനെ ഒഴിപ്പിക്കുന്നതു കൂടാതെ ഊരു ചുറ്റി നടന്നിരുന്ന യക്ഷികളെ നാട്ടുരാജാക്കന്മാരുടെ ഉത്തരവിൻ പ്രകാരം ബന്ധിക്കുന്നതും പതിവായിരുന്നു. താൻ ബന്ധിക്കുന്നവരിൽ സുന്ദരികളും മദാലസകളുമായവരെ ശങ്കരൻ തന്റെ തറവാട്ടിലേക്ക് കൊണ്ടുവരികയും അവിടെവെച്ച് വേഴ്ചയിൽ ഏർപ്പെടുകയും ചെയ്യുമായിരുന്നു എന്നാണ് ഐതിഹ്യം. ആ ബന്ധങ്ങളിൽ അദ്ദേഹത്തിന് ഒരുപാട് പ്രേത സന്താനങ്ങൾ ഉണ്ടായിരുന്നതായും ഐതിഹ്യങ്ങളുണ്ട്. ഇന്ന് നിലവിലുള്ള പ്രേതങ്ങളിൽ 200ൽ 1 എന്ന അനുപാതത്തിൽ ശങ്കരന്റെ ജനിതകഗുണങ്ങൾ പേറുന്നുണ്ടെന്നാണ് ശാസ്ത്രം.

ഇതിൽ നിന്നു വ്യത്യസ്തമായി ശങ്കരനോടൊപ്പം ശയിച്ച യക്ഷികളിൽ ഒരുത്തിമാത്രം ഒരു മനുഷ്യക്കുഞ്ഞിനും ജന്മം നൽകി. കായംകുളം നാട്ടുരാജ്യത്തെ പ്രജകളുടെ ഉറക്കം കെടുത്തിയിരുന്ന സുധാമണിയായിരുന്നു ആ കുഞ്ഞിന്റെ അമ്മ. പ്രസവത്തിനു കാരണമായി ശങ്കരൻ തന്റെ താളിയോലകളിൽ അവ്യക്തമായി കുറിച്ചിട്ടത് ഇങ്ങനെയാണ്:

“അവൾ പകുതി സ്ത്രീയും പകുതി യക്ഷിയുമായിരുന്നു!”

നാലഞ്ചുപേർ ചേർന്ന് പീഡിപ്പിച്ച ശേഷം പകുതിശവമാക്കി കാട്ടിലേക്ക് വലിച്ചിഴച്ച് ഉപേക്ഷിച്ചതായിരുന്നു സുധാമണിയെ എന്നൊരു ഭാഷ്യവും ഇതേസംബന്ധിച്ച് പഴമക്കാർ പറഞ്ഞുകേട്ടിട്ടുണ്ട്.

ശങ്കരൻ തന്റെ മകന് ‘ജനാർദ്ധനൻ’ എന്നുപേരിട്ടു. ജനാർദ്ധനപ്പണിക്കൻ! ഒന്നര മനുഷ്യന്റേയും അര യക്ഷിയുടേയും സ്പിരിറ്റ് പേറുന്ന ജനാർദ്ധനപ്പണിക്കനാണ് ഭാർഗവൻ ചേട്ടന്റെ മുതുമുതുമുത്തച്ഛൻ! ഇതേ കാരണം കൊണ്ടുതന്നെ ജനാർദ്ധനപ്പണിക്കന്റെ തലമുറകളിൽ പെട്ടവർക്കാർക്കുംതന്നെ യക്ഷി/മറുത/പ്രേതബാധ ഏല്ക്കുകില്ലെന്നാണ് പ്രമാണം. ഇപ്പോഴുള്ള രക്തബന്ധുക്കൾക്കും ഇനി വരാനുള്ള പരമ്പരകൾക്കും ഈ നിയമം ബാധകമാണ്. എന്താന്നുവെച്ചാൽ, ജന്മം കൊണ്ടുതന്നെ അമാനുഷികമായൊരു സ്പിരിറ്റ് ശരീരത്തിൽ കുടികൊള്ളുമ്പോൾ പുറമേ നിന്ന് മറ്റൊരു സ്പിരിറ്റിന് കയറിപ്പറ്റാൻ ഇടമില്ലാതെ വരുന്നു.

സംഗതികൾ ഇങ്ങനെയൊക്കെ ആയിരിക്കെ, കഴിഞ്ഞുപോയ തലമുറകളൊന്നും കാണാത്ത അത്ഭുതമാണ് ഭാർഗവൻ ചേട്ടന്റെ കാര്യത്തിൽ ഇപ്പോൾ നാട്ടുകാരൊക്കെ കണ്ടറിഞ്ഞുകൊണ്ടിരിക്കുന്നത്. അദ്ദേഹത്തെ ഹോസ്പിറ്റലിലാക്കി അഞ്ചര മണിക്കൂറുകൾ കഴിഞ്ഞപ്പോൾ ബോധം വന്നെങ്കിലും ആർക്കും തിരിയാത്ത ഏതോ അസംസ്കൃതഭാഷയിൽ തുടർച്ചയായി പുലമ്പിക്കൊണ്ടിരിക്കുകയാണ് അദ്ദേഹം. അക്ഷരാർഥത്തിൽ ബാധ കയറിയതുപോലെ. അദ്ദേഹത്തെ നോക്കുന്ന ഡോക്ടർ ഒരു അയ്യരാണ്. പകുതി മാന്ത്രികതയും പകുതി വൈദ്യശാസ്ത്രവും ആവാഹിച്ച ഭിഷഗ്വരൻ. ഏറ്റവും അടുത്ത ബന്ധുക്കളെവിളിച്ച് അദ്ദേഹം പറഞ്ഞു: “ബാധ കയറിയതുപോലെയുണ്ട്”

“ഒന്നുമുണ്ടായിരുന്നില്ല ഡോക്ടർ, പിള്ളേരുമായിട്ട് മൊബൈലിൽ നോക്കി എന്തോ കളിതമാശകളൊക്കെ പറഞ്ഞുകൊണ്ടിരുന്നയാളാ, പെട്ടെന്നായിരുന്നു പിന്നോട്ട് മറിഞ്ഞ് കുഴഞ്ഞുവീണത്”-മൂത്ത മരുമകൾ അമ്പിളി നടന്ന കാര്യത്തിന്റെ സംക്ഷിപ്ത രൂപം പറഞ്ഞു.

ഡോക്ടർക്ക് അതുപോരായിരുന്നു. ബന്ധുക്കളെ പുറത്തിറക്കി അദ്ദേഹം പിള്ളേരെ മാത്രം വിളിച്ച് വിശദമായി കാര്യം അന്വേഷിച്ചു.

സംഗതി ഇങ്ങനെയാണ്; ഒരു വാട്ട്സാപ്പ് മെസ്സേജാണ് ഈ പണിയൊക്കെ പറ്റിച്ചത്. “ഈ ചിത്രത്തിൽ ഒരു താക്കോലുണ്ട്. അതെവിടെയെന്ന് കണ്ടുപിടിക്കാമോ?” എന്നു ചോദിച്ച് ഒരു പടം ആരോ അയച്ചതാണ്. പിള്ളേർ അതു കണ്ടശേഷം അപ്പൂപ്പനെ സമീപിച്ചു വെല്ലുവിളിച്ചു: “അപ്പൂപ്പൻ വലിയ ബുദ്ധിമാനൊക്കെയല്ലേ, ഈ പടത്തിൽ എവിടെയാണ് താക്കോലുള്ളത് എന്നൊന്ന് കാണിച്ചുതരാമോ?”

ഭാർഗവൻ ചേട്ടൻ ‘ഇതൊക്കെയെന്ത്’ എന്ന ഭാവത്തിൽ തന്റെ സോഡാ ഗ്ലാസ്സ് കണ്ണടയെടുത്ത് ഫിറ്റ് ചെയ്ത് ദൃഷ്ടി മൊബൈലിലേക്ക് കൂർപ്പിച്ച് ഏകാഗ്രനായി. ഭരണികൾ, തവികൾ, സോക്സുകൾ, അലമാര, ടിവി, ക്യാരറ്റ്, പുസ്തകങ്ങൾ എന്നുവേണ്ട ഒരു വീട്ടിലുള്ളതും ഇല്ലാത്തതുമായ എല്ലാ സാധനങ്ങളും അലക്ഷ്യമായി വിന്യസിച്ചിരിക്കുന്ന ഒരു കുടുസ്സുമുറിയുടെ ചിത്രമായിരുന്നു അത്. അവയ്ക്കിടയിൽ എവിടെയോ ചെറിയൊരു താക്കോലുണ്ട്. അത് കണ്ടെത്തണം. അതത്ര എളുപ്പമല്ല. അദ്ദേഹം കുറച്ചുകൂടി ഏകാഗ്രനായി. ഇതിനിടെ കുട്ടികൾ ഇയർഫോൺ ചെവിയിൽ വെച്ചുകൊടുത്തതുപോലും അദ്ദേഹം അറിഞ്ഞില്ല.

ഫുൾ കോൺസണ്ട്രേഷൻ.. നിമിഷങ്ങളും മിനിട്ടുകളും കഴിയും‌തോറും കോൺസണ്ട്രേഷൻ ലെവലും കൂടിക്കൂടിവന്നു. അല്പസമയം കൂടി കടന്നുപോയി

പെട്ടെന്നായിരുന്നു വലിയ അലർച്ചയോടെ ഒരു ഭീകരസത്വം വായപൊളിച്ച് കണ്ണുകളിൽ തീക്കനലുമായി മൊബൈൽ സ്ക്രീനിനു പുറത്തേക്ക് ചാടിവന്നത്. ഭാർഗവൻ ചേട്ടന്റെ കണ്ണിൽ ഇരുട്ടുകയറി.

“കൃഷ്ണമണികൾ മുകളിലേക്ക് മറിഞ്ഞ് അപ്പൂപ്പൻ പിന്നിലേക്ക് മലർന്നടിച്ചു വീണു”- കുട്ടികൾ കഥപറഞ്ഞു നിർത്തി.

“കാലുപിറന്ന പിള്ളേരുണ്ടെങ്കിൽ വീട്ടിലെ വയസ്സന്മാർക്ക് ഇതും ഇതിലപ്പുറവും സംഭവിക്കും” : ഡോക്ടർ പിറുപിറുത്തു. എന്നിട്ട് അമ്പിളിയെ അകത്തേക്ക് വിളിച്ചു പറഞ്ഞു: “ബാധ കയറിയതുതന്നെയാണ്.”

“അത്.. പിന്നെ.. ഡോക്ടർ, അഛന്റെ ദേഹത്ത് അങ്ങനെ ബാധകളൊന്നും കൂടാൻ സാധ്യതയില്ലാത്തതാണ്”- മടിച്ചുമടിച്ചാണെങ്കിലും ഐതിഹ്യങ്ങളുടെ പിൻബലത്തിൽ അമ്പിളി ഡോക്ടറോട് സംശയം പറഞ്ഞു.

ഡോക്ടർ പറഞ്ഞു : “ഇത് ഡിജിറ്റൽ ബാധയാണ്!”

No comments: