7/23/17

i 7

വെക്കേഷനു നാട്ടിൽ പോകുമ്പോഴൊക്കെ ഒന്നുരണ്ട് കല്യാണങ്ങളെങ്കിലും കൂടാൻ സാധിക്കാറുണ്ട്. ഇക്കുറിയും രണ്ട് കല്യാണങ്ങൾ കൂടാൻ കഴിഞ്ഞു. രാജപ്പൻ മേശരീടെ മോൾ ചന്ദ്രമതിയുടേതും പിന്നെ നമ്മടെ തറേലെ പൂക്കുഞ്ഞാക്കായുടെ മോൻ യൂനുസ്സിന്റേതും. പണ്ട് സ്കൂളിൽ പഠിക്കുന്നസമയത്ത് യൂനുസ്സും ഞാനും കൂട്ടുകാരായിരുന്നു. ഒന്നാം ക്ലാസ്സിൽ വെച്ച് ‘യ’ എന്നക്ഷരം എഴുതാൻ ബുദ്ധിമുട്ടിയിരുന്ന എന്നെ അത് പഠിപ്പിച്ചത് അവനാണ്. കുറേയേറെക്കാലമായി അവൻ ഗൾഫിലാണ്. കുവൈറ്റ്, ഖത്തർ, റിയാദ്, റാസൽ ഖൈമ തുടങ്ങിയ സ്ഥലങ്ങളിലൊക്കെ കറങ്ങി ഒടുവിൽ ഒമാനിലെ സോഹാറിൽ വന്നടിഞ്ഞിട്ട് ഇപ്പോൾ നാലുനാലര വർഷമാകുന്നു. ഇതിനിടെ വിവാഹം വൈകി.

യൂനുസ്സിന്റെ കല്യാണത്തിന്റെ തലേന്നത്തെ രാത്രി രണ്ട് കാര്യങ്ങൾകൊണ്ട് സംഭവബഹുലമായിരുന്നു. ഒന്ന്), അടുക്കളപ്പുറത്തെ വിറകുപുരയിൽ നിന്ന് ഒരു അണലിയെയും അതിന്റെ കുഞ്ഞുങ്ങളേയും ആളുകളൊക്കെക്കൂടി പിടികൂടി തല്ലിക്കൊന്ന് തീയിട്ടു. രണ്ട്) യൂനുസ്സിന്റെ പുതിയ ഐ സെവൻ കാണാതെപോയി.

അണലി ഒരു വയസ്സിത്തള്ളയായിരുന്നു. ഇത് എത്രാമത്തെ തവണയാണ് അത് പെറ്റുകിടന്നിരുന്നതെന്നറിയില്ല. കാലം കുറേയായി ആർക്കും പിടികൊടുക്കാതെ അത് അവിടങ്ങളിലൊക്കെ ഇഴഞ്ഞിഴഞ്ഞ് നടന്നിരുന്നതായി പറയപ്പെട്ടിരുന്നെങ്കിലും പള്ളഭാഗത്തിന് യാതൊരു തേയ്മാനവുമില്ലാതെ നല്ല പരുപരുപ്പോടെ പുറത്തേക്ക് അല്പം പരന്നും ഉയർന്നും നിന്നിരുന്നു. ചിലപ്പോൾ പ്രസവം കഴിഞ്ഞതുകൊണ്ടാവാം.

കല്യാണത്തലേന്നത്തെ രാത്രിയ്ക്ക് പണ്ടേപ്പോലെ വലിയ ഹരമൊന്നും എനിക്ക് തോന്നിയില്ലെങ്കിലും കൂട്ടുകാരും അയൽക്കാരും പരിചയക്കാരുമെല്ലാം ഇപ്പോഴും ഇത്തിരിസമയമെങ്കിലും ഒത്തുകൂടാറുണ്ട്. അന്നും ഇന്നും കല്യാണ ദിവസത്തേക്കാൾ കല്യാണത്തലേന്നാണ് എനിക്കേറെയിഷ്ടം. പറമ്പിലും ഇടവഴികളിലും കെട്ടിയ ട്യൂബ് ലൈറ്റുകളുടെ വെളിച്ചവും ഉരിഞ്ഞുവെച്ച സവാള ഉള്ളികളുടെ ഗന്ധവും, അല്ലറചില്ലറ ബഹളങ്ങളും, കസേരകൾക്ക് ചുറ്റും ഓടിക്കളിക്കുന്ന കുട്ടികളുടെ കലമ്പലും, ബന്ധുജനങ്ങളുടെ വന്നുപോകലുകളും, പാചകക്കാരുടെ വീമ്പുപറച്ചിലുകളും പൊറോട്ടയടിശബ്ദവും ഒക്കെക്കൊണ്ട് അക്ഷരാർഥത്തിൽ ഒരു ഉത്സവപ്പറമ്പു തന്നെയാണ് കല്യാണത്തലേന്നത്തെ വീട്. എന്നാൽ, കല്യാണം കഴിഞ്ഞ് അന്ന് വൈകും നേരം ബന്ധുക്കളൊക്കെ തിരിച്ചുപോകുന്നതോടെ മരണവീടുപോലെ നിശബ്ദമാകും വീട്.

രാത്രി ഏഴര ആയപ്പോഴേ യൂനുസ്സിന്റെ വീട് ആളുകളെക്കൊണ്ട് സജീവമായി. ഓരോ ട്യൂബ് ലൈറ്റിനു കീഴെയും പല തരക്കാരുടേയും പല ലെവലിലുള്ള ആളുകളുടേയും ഓരോരോ സഭകൾ കുറഞ്ഞ സമയം കൊണ്ടുതന്നെ രൂപം കൊണ്ടു. വൈകുന്നേരം കൊന്നു തീയിട്ട അണലിയുടെയും കുഞ്ഞുങ്ങളുടേയും കഥകളാണ് എല്ലായിടത്തും. അടുക്കളപ്പുറത്തെ സ്ത്രീകളുടെ പന്തലിൽ നിന്നും ആരോ അക്കഥ വിവരിക്കുന്നത് ആരവങ്ങൾക്കിടയിലും വ്യക്തമായി കേൾക്കാം. ഖദർ ധാരികളും സ്ഥലത്തെ പ്രധാനികളും പാമ്പിൽ നിന്ന് പയ്യെ ഇഴഞ്ഞ് ‘കറൺസി നിരോധനം-ഭൂതം, ഭാവി, വർത്തമാനം’ എന്ന വിഷയത്തിൽ ചർച്ച തുടങ്ങി. "ഇത്തരം നടപടികളിലൂടെയൊന്നും കള്ളപ്പണം ഇല്ലാതാക്കാൻ കഴിയില്ലെന്ന്" കണ്ട്രാക്ക് വിദ്യാധരൻ ശക്തിയുക്തം വാദിക്കുന്നുണ്ടായിരുന്നു. സ്വർണ്ണക്കടക്കാരൻ ഇസ്മായീലും റിയൽ എസ്റ്റേറ്റ് ബ്രോക്കർ സലീമും ആ അഭിപ്രായത്തെ പിന്താങ്ങി. പതിമൂന്നാം വാർഡ് മെമ്പർ സോജൻ നോട്ടു നിരോധനത്തിന്റെ തിക്തഫലങ്ങളെക്കുറിച്ച് ശക്തിയുക്തം സംസാരിച്ചുകൊണ്ടിരിക്കെയാണ് കഴിഞ്ഞ ഞായറാഴ്ച കല്യാണം കഴിഞ്ഞ നജീബും ഭാര്യയും കല്യാണവീട് സന്ദർശനാർഥം കടന്നുവരുന്നത്. അതുപോലൊരു സുന്ദരിപ്പെണ്ണിനെ ഈ അടുത്ത്‌ ആരും ഞങ്ങളുടെ നാട്ടിലേക്ക് കല്യാണം കഴിച്ചു കൊണ്ടുവന്നിട്ടില്ല. പുതുതായി കല്യാണം കഴിച്ച പെണ്ണും ചെറുക്കനും അടുത്തൂടെ പോകുമ്പോൾ എന്തോരു മണമാണ്.. പന്തലിനു നടുവിൽ ഒഴിച്ചിട്ട വഴിയിലൂട അവർ നടന്നുപോയപ്പോൾ ഒരായിരം കിനാവുകളിൽ നിന്നും വാറ്റിയെടുത്ത ഏതോ അത്തറിന്റെ സുഗന്ധംകൊണ്ട് അവിടമാകെ നിറഞ്ഞു. ഹാ.. ഞാനത് ശരിക്കങ്ങ് മേലേക്കെടുത്തു.

അങ്ങനെ മുകളിലേക്കും നോക്കി ശ്വാസം പിടിച്ചു നിൽക്കുമ്പോഴാണ് യൂനുസ്സ് സംഭ്രമത്തോടെ വീടിനു പുറത്തേക്കു വരുന്നത്.

“ഇന്റെ ഐ സെവൻ കാണുന്നില്ല!”- അകെപ്പാടെ വെപ്രാളം.

“അതെന്താ സാധനം?”- വടുതലയിൽ കെട്ടിച്ച മൂത്ത പെങ്ങടെ അമ്മായിയപ്പൻ യൂനുസ്സിന്റെ പരിഭ്രമം കണ്ട് ചോദിച്ചു. അപ്പോൾ മാത്രം രൂപപ്പെട്ട കാരണവന്മാരുടെ ഒരു സദസ്സിൽ ‘ഇപ്പോഴത്തെ പിള്ളേരുടെ ഹെയർ സ്റ്റൈൽ’ എന്ന വിഷയത്തിൽ പ്രമേയം അവതരിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം.

“അദ്.. ഫോണാണ്. ആപ്പിളിന്റെ.”

അവസരം പാഴാക്കാതെ, അതേ സഭയിൽ നിന്നും ചെക്കന്റെ മൂത്താപ്പ പരിഹാസവുമായി ചാടിയിറങ്ങി: “ഓഹോ, ഫോണാണോ? എങ്കിൽ അതെങ്ങോട്ടെങ്കിലും ഓടിപ്പോയിക്കാണും. അമ്മാതിരി പീഡനമല്ലേ നീ അതിനോട് കാണിക്കുന്നത്? (കൂടിയിരിക്കുന്നവരോടായി) കേട്ടോ, ഈ കല്യാണം ഉറപ്പിച്ചതിനു ശേഷം അവനത് നിലത്തുവെച്ചിട്ടില്ല!”. കേട്ടപാടെ വയസ്സന്മാരെല്ലാവരുംകൂടി കൂട്ടച്ചിരിതുടങ്ങി. ‘ഇപ്പഴത്തെ പിള്ളേരുടെ ഹെയർ സ്റ്റൈൽ’ എന്ന വിഷയം കേട്ട് ആവേശം മൂത്തിരുന്ന വയസ്സന്മാരായ ആ ‘കലാപകാരികൾ’ അട്ടഹസിച്ചില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ?.

ഐ ഫോൺ എന്ന വാക്കു കേട്ട് ‘എവിടെ, എപ്പോൾ, എങ്ങനെ’ എന്നെല്ലാം അന്വേഷിക്കാൻ അപ്പോഴേക്കും യൂനുസ്സിനു ചുറ്റും ചെറുപ്പക്കാരെല്ലാം കൂടിയിരുന്നു.

 “അതേ, മാമാ, ഭയങ്കര വിലയുള്ള ഫോണാണ്, അതാണ് അവനിത്ര വെപ്രാളം. പത്തെഴുപതിനായിരം രൂപ വരും”- ഞാൻ യൂനുസ്സിന്റെ മൂത്താപ്പായെ മയത്തിലൊന്ന് ബോധവത്കരിക്കാൻ ശ്രമിച്ചു.

ഒരു ഫോണിന് അത്രേം വിലയോ എന്ന അത്ഭുതം മാമയുടേ കണ്ണുകളിൽ !. കഴിഞ്ഞതവണ ലീവിനു വന്നപ്പോൾ യൂനുസ്സ് തനിക്കു തന്ന നോക്കിയ സെറ്റിന്റെ ഡിസ്‌പ്ലേയിൽ അദ്ദേഹം വെറുതേയൊന്നു തടകി: “ഫോണിനു ഫോൺ തന്നെ വേണ്ടേ.. നീ.. ആ.. അവിടെയൊക്കെയൊന്ന് കാര്യമായിട്ട് നോക്ക്”: മാമായുടെ ശബ്ദം ഇടറി. യൂനുസ്സ് വീണ്ടും അകത്തേക്ക് പോയി. “ഇത്രയും വിലയുള്ള ഫോണൊക്കെ എന്തിനാ വാങ്ങുന്നത്? ഇപ്പഴത്തെ പിള്ളേർക്ക് കാശ് എങ്ങനെ ചെലവാക്കണമെന്നറിയില്ല” - പുതിയ വിഷയത്തിൽ വയസ്സൻസ് ചർച്ചകൾ തുടങ്ങി!

കുറഞ്ഞ സമയത്തിനുള്ളിൽ എല്ലായിടത്തും ഐ സെവൻ തന്നെയായി ചർച്ച. അണലിയും കുഞ്ഞുങ്ങളും എങ്ങോട്ടോ ഇഴഞ്ഞുപോയി. ഐ സെവനിലെ അഡാറു സെറ്റപ്പുകളെക്കുറിച്ചും ഫീച്ചറുകളെക്കുറിച്ചും അറിയാവുന്നവരും അറിയാത്തവരും അഭിപ്രായം പറഞ്ഞു. ഞങ്ങളുടെ പ്രദേശത്തെങ്ങും അധികം ആർക്കും ഐ സെവൻ ഇല്ല. അതാണ് ഹൈലൈറ്റ്.

ആദ്യം പുതിയാപ്ലയുടെ സാധനങ്ങൾ വെച്ചിരിക്കുന്ന റൂമിൽ എല്ലായിടത്തും നോക്കി. പിന്നെ നോക്കിയത് മണിയറയിലാണ്. മണിയറ അലങ്കരിക്കാനാണെന്നുപറഞ്ഞ് കുറച്ച് പിള്ളേർ മുറിയിലേക്ക് കയറിയാൽ പിന്നെ തുറക്കില്ല. ഒരുപാട് നേരത്തെ മുട്ടിനു ശേഷം ഒരുത്തൻ മുറിയുടെ ഒരു വാതിൽ മെല്ലെത്തുറന്നു. അതിനകം ദേവലോകം പോലെയിരുന്നു. തിളങ്ങുന്നതും മിനുങ്ങുന്നതുമായ അലങ്കാരവസ്തുക്കൾ സിഗററ്റിന്റെ പുകയിൽ മുങ്ങി നിൽക്കുമ്പോൾ അങ്ങനെയേ തോന്നൂ. പറമ്പു മുഴുവൻ ട്യൂബ് ലൈറ്റുകളെക്കൊണ്ടും ബന്ധുക്കളെക്കൊണ്ടും നിറഞ്ഞിരിക്കുന്നതിനാൽ ചെറുപ്പക്കാർക്ക് ഒന്നുവലിക്കണമെങ്കിൽ ഏറ്റവും സേഫ് ആയ സ്ഥലം മണിയറയാണ്. ബഹുമാനാർഥം ഒന്നുരണ്ട് പയ്യൻസ് സിഗററ്റ് ചന്തിപ്പുറത്തേക്ക് മാറ്റിയെങ്കിലും ഞാൻ അതൊന്നും ശ്രദ്ധിക്കാതെ യൂനുസ്സിന്റെ ഐ സെവൻ തിരഞ്ഞു. ഇല്ല. അവിടെയമില്ല.

ബാർബർ ഷോപ്പ്, ജുമാമസ്ജിദ്, ഫിനിക്സ് ഗാർമെന്റ്സ് തുടങ്ങി പുയ്യാപ്ല അന്ന് സന്ദർശിച്ച സ്ഥാപനങ്ങളിലൊക്കെ ആളെവിട്ട് അന്വേഷിപ്പിച്ചു. സംഭവം എങ്ങുമില്ല. ഇനി സാധ്യതയുള്ള ഒരു ഏരിയ പാചകപ്പന്തലാണ്. യൂനുസ്സ് അവിടെപ്പോയി നെയ്ച്ചോറിന്റെ ചെമ്പിൽ വെള്ളം തിളക്കുമ്പോൾ കുനിഞ്ഞുനോക്കിയവഴി അതിലേക്കെങ്ങാനും വീണിട്ടുണ്ടാവാം. ചോറൊക്കെ വെന്തുകഴിഞ്ഞ സ്ഥിതിക്ക് ഇനി വിളമ്പുമ്പോഴേ അറിയാനാവൂ.
അല്പസമയത്തിനു ശേഷം രാത്രിസന്ദർശകർക്കെല്ലാം ഭക്ഷണം വിളമ്പാൻ ആരംഭിച്ചു. നെയ്ച്ചോർ വിളമ്പുന്ന ആളിനും ഇറച്ചിക്കറിക്കാരനും ഇടയ്ക്ക് ഒരാളെ ഐഫോൺ നോക്കാൻ ഏൽപ്പിച്ചു. ഇങ്ങനെ, പറഞ്ഞാൽ തീരാത്തത്രയുണ്ട് അന്ന് രാത്രിയും പിറ്റേന്ന് രാവിലേയുമായി നടന്ന സംഭവങ്ങൾ. ‘ഫൈന്റ് മൈ ഫോൺ’ ഓപ്ഷൻ വർക്ക് ഔട്ട് ആകുമോ എന്നറിയാൻ ഒരു ഐടി പയ്യനെവരെ ഏർപ്പാടാക്കി. ഒരു രക്ഷയുമില്ല.

പക്ഷേ, കല്യാണത്തിന്റന്ന് ഓഡിറ്റോറിയത്തിൽ പെണ്ണിനോടൊപ്പം നിൽക്കുമ്പോൾ ഞങ്ങളെയൊക്കെ ഞെട്ടിച്ചുകൊണ്ട് യൂനുസ്സ് തന്റെ കോട്ടിന്റെ അകത്തെ പോക്കറ്റിൽ നിന്ന് പതുക്കെ ആ സാധനം വലിച്ചെടുത്തു. “ഐ സെവൻ”. കാണികളെല്ലാം അത്ഭുതപ്പെട്ടു. ഹാളിനുള്ളിൽ ആകെ ആരവമായി. ഹൂ...

പുതിയപെണ്ണിനും അതിയശം അടക്കാനായില്ല : “അതുകൊള്ളാം, ഇതല്ലേ ഇന്നലെ കളഞ്ഞുപോയെന്നുപറഞ്ഞ സാധനം?” അവൾ അടക്കത്തിൽ ചോദിച്ചു.

“താനെന്തൊരു മണ്ടിയാടോ? നമ്മൾ ഇത്രയും കാശ് കൊടുത്ത് ഒരു സാധനം മേടിക്കുമ്പോ പത്തുപേരറിയണ്ടേ?” അവനും അടക്കത്തിൽ പറഞ്ഞു.

“പടച്ചോനേ, ഇങ്ങനൊരു പുങ്കനെയാണോ എനിക്ക് കിട്ടിയത്?”

കടക്കണ്ണിൽ ഒരിത്തിരി നാണം ഒളിപ്പിച്ച്, വിരലുകൾ കൊണ്ട് ചുണ്ടുകൾ പാതിമറച്ച് അവൾ യൂനുസ്സിനെ നോക്കി തമാശകലർന്ന ഒരു ചിരിചിരിച്ചു. ഒപാ സ്റ്റുഡിയോയിലെ ശ്യാംലാൽ അത് ഒപ്പിയെടുത്തു. അവരുടെ കല്യാണ ആൽബത്തിലെ ഏറ്റവും നല്ല ഫോട്ടോ അതായിരുന്നു!!

No comments: