8/6/17

റിലയൻസ് ജ്യുഡീഷ്യൽ സിസ്റ്റംസ്

ഇന്നലെ വല്ലാത്തൊരു സ്വപ്നം കണ്ടു. കണ്ടുകഴിഞ്ഞാൽ ഉടനേ മറന്നുപോകുന്നതുകൊണ്ട് സ്വപ്നങ്ങളുടെ സിനോപ്സിസ് എഴുതിവെക്കുന്നത് ഇപ്പോൾ ഒരു ശീലമാക്കി. ഇന്നലത്തേതിൽ നിന്ന് ഇലാബറേറ്റ് ചെയ്ത സംഗതിയാണ് താഴെ.

റിലയൻസിന്റെ പോലീസ് വന്ന് എന്നെ പിടിച്ചുകൊണ്ടു പോകുന്നു. “കേറെടാ -----ന്റെ മോനേ” എന്ന് പോലീസുകാരൻ. ജീപ്പ് പുറം തള്ളിയ പുകയ്ക്കപ്പുറത്തുനിന്ന് അലറിവിളിക്കുന്ന ഭാര്യയുടെ രൂപം‌ അകന്നകന്ന് പോകുന്നു.

എന്നെക്കൊണ്ടുപോയി രണ്ടു ദിവസം സ്റ്റേഷനിലിട്ടു ഇടിച്ചു പിഴിഞ്ഞെങ്കിലും കോടതിയിൽ ഹാജരാക്കിയപ്പോഴാണ് ചെയ്ത കുറ്റം എന്താണെന്ന് മനസ്സിലാവുന്നത്. റിയലയൻസ് സൂപ്പർമാർക്കറ്റിൽ നിന്നും രണ്ടാഴ്ചയിലേറെയായി അരിയും സാമാനങ്ങളും വാങ്ങുന്നില്ലത്രേ. റിലയൻസിന്റെ ജഡ്ജായിരുന്നു വാദം കേൾക്കേണ്ടിയിരുന്നത്. അന്നു അയാൾക്ക് പനിയടിച്ചു കിടന്നതിനാൽ അദാനി ഗ്രൂപ്പിന്റെ ഒരു ജഡ്ജിയായിരുന്നു ചെയറിൽ. കാഴ്ചയ്ക്ക് കരുണാമയൻ. പ്രത്യേകിച്ച് വലിയ വാദപ്രതിവാദങ്ങളൊന്നുമില്ല. എല്ലാം ചുമ്മാ ചടങ്ങ്.

കഴിഞ്ഞ രണ്ടാഴ്ചയായിട്ട് ഞാൻ എന്തായിരുന്നു കഴിച്ചതെന്ന് ജഡ്ജി നേരിട്ട് ചോദിച്ചു. പ്രത്യേകിച്ച് ഒന്നും കഴിച്ചില്ലെന്ന് ഞാൻ. ഉടനേ വക്കീല് വന്നെന്റെ വയറ്റത്ത് ഞെക്കിനോക്കിയിട്ട് ഒരാക്രോശം: “യുവർ ഓണർ.. ഇയാൾ കള്ളം പറയുകയാണ്. ഇന്നു രാവിലെ കൂടി ഇയാൾ വയറു നിറച്ച് എന്തോ കേറ്റിയിട്ടുണ്ട്.” അതുകേട്ടപ്പോ എനിക്ക് ചിരിവന്നു. ഒരു വക്കീലിന്റെ വായിൽ നിന്ന് ‘കേറ്റിയിട്ടുണ്ട്’ എന്ന വാക്ക് ഞാൻ ആദ്യമായി കേൾക്കുകയാണ്. ഞാൻ ചിരിച്ചുകൊണ്ടുതന്നെ പറഞ്ഞു : “സാറേ, ഇത് ഇന്നു രാവിലെ പോലീസുകാർ വാങ്ങിത്തന്നതാണ്. നാലു പൊറോട്ടായും ബീഫും”. ജഡ്ജി ഉടനെ പോലീസുകാരനെ വിളിച്ച് വിസ്തരിച്ചു. ചെലവായ കാശെത്രയെന്ന് ചോദിച്ച് അതെഴുതിവെച്ചു.

ഞാൻ കരുതി അത്രയും കൊണ്ട് തീരുമെന്ന്. ആ ജഡ്ജി കാഴ്ചയ്ക്കു മാത്രമാണ് കരുണാമയൻ. പുല്ലൻ വിളഞ്ഞ വിത്താണ്. പോലീസുകാരനെ കൂട്ടിൽ നിന്നിറക്കി വീണ്ടും എന്നെ കയറ്റി നിർത്തി. “കഴിഞ്ഞ രണ്ടാഴ്ച എന്താണ് കഴിച്ചത്?”-ജഡ്ജി ചോദിച്ചു. എന്നിട്ട് തിരിഞ്ഞ് വക്കീലിനെ വിരട്ടി “എടോ വക്കീലേ, മൃംഗസ്യാന്ന് നിൽക്കാതെ ചോദിക്കെടോ”. എനിക്കാണെങ്കിൽ ചിരിപൊട്ടി. ഒരു ജഡ്ജ് ‘മൃംഗസ്യ’ എന്ന വാക്ക് ഉപയോഗിക്കുന്നത് ആദ്യമായിട്ട് കേൾക്കുകയാണ്.

“കിണിക്കാതെ കാര്യം പറയെടേയ്”- വക്കീൽ ചൂടായി. അതുകൂടി കേട്ടപ്പോ ചിരിച്ചു ചിരിച്ച് ഒരു പരുവമായി. ഞാൻ ജഡ്ജിയെ ആംഗ്യം കാണിച്ചു: “കുടിക്കാൻനിത്തിരി വെള്ളം വേണം”. ജഡ്ജി മൂന്ന് സോഡാ സർബത്ത് വാങ്ങിക്കൊണ്ടു വരാൻ ശിപായിയോട് ഉത്തരവിട്ടു. രണ്ടു മിനിട്ട് കഴിഞ്ഞപ്പോൾ സർബത്ത് വന്നു. ഒന്ന്‌‌എനിക്കു തന്നു. ബാക്കി രണ്ടെണ്ണം വക്കീലും ജഡ്ജിയും കൂടി കുടിച്ചു. കുപ്പികളിൽ ബാക്കിവന്നത് ശിപായിയും കുടിച്ചു. അതിന്റെ പൈസ മൊത്തം‌‌ എന്റെ പേരിൽ എഴുതിവെച്ചു. ജഡ്ജി ഏമ്പക്കത്തോടൊപ്പം ഒന്നുരണ്ടുപ്രാവശ്യം സോഡാഗ്യാസ് പുറം തള്ളി. ആദ്യത്തേതിനൊപ്പം ഒരു മഴവില്ലും‌‌‌ ഉണ്ടായിരുന്നു.

“പറ, കഴിഞ്ഞ രണ്ടാഴ്ച എന്താ കഴിച്ചത്?” വക്കീൽ വിസ്താരം തുടർന്നു.

“പ്രത്യേകിച്ച് ഒന്നും കഴിച്ചില്ല”

“എന്നുവെച്ചാൽ?”

“വീട്ടിൽ എല്ലാവർക്കും ലൂസ് മോഷൻ ആയിരുന്നു. അതുകൊണ്ട് പ്രത്യേകിച്ച് ഒന്നും കഴിച്ചില്ല”

“എന്നിട്ട് ഇപ്പോൾ കുറവുണ്ടോ?”

“പൂർണ്ണമായിട്ടും മാറിയിട്ടില്ല”

“എന്നിട്ടാണോ സോഡാ സർബത്ത് കുടിച്ചത്?”

“അതുപിന്നെ...” - ഞാൻ ബബ്ബബ്ബയായി.

‘യുവർ ഓണർ’ എന്നുപറഞ്ഞുകൊണ്ട് വക്കീൽ ജഡ്ജിക്കു നേരേ തിരിഞ്ഞു. ആ തിരിയലും ‌’യുവർ ഓണറും’ കേട്ടാലറിയാം ആ തെണ്ടിവക്കീൽ എനിക്കെതിരേ എന്തൊക്കെയോ ജഡ്ജിയോട് പറയാൻ പോവുകയാണ്. അതുതന്നെ സംഭവിച്ചു. എന്റെ വാദങ്ങളൊക്കെ വിചിത്രമാണെന്നായിരുന്നു വക്കീലിന്റെ വാദം. എനിക്കും കുടുംബത്തിനും വയറിളക്കമാണെന്നതിന്റെ മെഡിക്കൽ സർട്ടിഫിക്കേറ്റ് ‌ഹാജരാക്കാൻ‌ അയാളാവശ്യപ്പെട്ടു. അത് എന്നെ കുടുക്കാനുള്ള അയാളുടെ സൂത്രമായിരുന്നു. നാട്ടുവൈദ്യം ചെയ്തു എന്നു പറയാൻ എനിക്ക്‌ ആവുമായിരുന്നില്ല. നാട്ടുവൈദ്യം നിരോധിച്ചുകൊണ്ട് റിലയൻസ് നിയമംകൊണ്ടുവന്നത് കഴിഞ്ഞവർഷം സപ്റ്റംബറിലാണ്. നാടുമുഴുക്കെ കമ്പനിയുടെ ഹോസ്പിറ്റൽ ഉണ്ടായിരിക്കെ നാട്ടുവൈദ്യം ചെയ്യുന്നത് ക്രിമിനൽ കുറ്റം ആവാനും സാധ്യതയുണ്ട്.

വാദത്തിന്റെ പല ഘട്ടങ്ങളിലും എനിക്ക് ഉത്തരം ‌മുട്ടിപ്പോയി. എന്റെ HDFC ബാങ്ക് സ്റ്റേറ്റ്മെന്റ് കയ്യിൽ ഉയർത്തിപ്പിടിച്ച് വക്കീൽ ‌അലറി: കഴിഞ്ഞ രണ്ടാഴ്ചയായി ഒരൊറ്റ ട്രാൻസാക്ഷൻ പോലും ഇതിൽ നടന്നിട്ടില്ല”. ജഡ്ജി ഒന്നു ചരിഞ്ഞ് പുച്ഛത്തോടെ എന്നെ നോക്കി- ‘എന്തുവാടേ ഇതെല്ലാം?’

വക്കീൽ പിന്നേം കുറേനേരം വായിട്ടലച്ചുകൊണ്ടിരുന്നു. എനിക്കെതിരേ ‘കമ്പനിദ്രോഹക്കുറ്റം’ വരെ ചുമത്തണമെന്ന് ആ വൃത്തികെട്ടവൻ വാദിച്ചു. വാദമെല്ലാം കേട്ടശേഷം ജഡ്ജി ചില തീരുമാനങ്ങൾ അറിയിച്ചു. രണ്ടാഴ്ചയായി പ്രതിയും കുടുംബവും എന്തൊക്കെയാണ് ഭക്ഷിച്ചതെന്ന് അറിയാൻ മലം ടെസ്റ്റ് ചെയ്യണം. സപ്ലിമെന്ററിയായിട്ട് രക്തം, കഫം, മൂത്രം എന്നിവയും ടെസ്റ്റ് ചെയ്യാൻ ശുപാർശ. പോലീസ് സ്റ്റേഷനിൽ രണ്ടു ദിവസം കിടന്നതിന്റെ മുറിവാടക, അവിടെ നിന്ന് കഴിച്ച ഭക്ഷണത്തിന്റെ ചാർജ്ജ്, സോഡാ സർബ്ബത്ത്, ലബോറട്ടറി ചാർജ്ജ്, അന്തിമ വിധിയ്ക്ക് ശേഷം കുത്തിയൊടിക്കാനുള്ള പേനയുടെ വില തുടങ്ങി കമ്പനിയ്ക്ക് ചെലവായതും ചെലവായേക്കാവുന്നതുമായ തുകയെല്ലാം കോടതി വളപ്പ് കടക്കും മുമ്പ് പ്രതി കമ്പനിയിൽ കെട്ടിവെക്കണം. HDFC ബാങ്കിന് മാപ്പപേക്ഷ എഴുതി നൽകണം. മലം പരിശോധിച്ചതിന്റെയും മറ്റും ലബോറട്ടറി റിസൾട്ട് പരിശോധിച്ചശേഷം അന്തിമ വിധി ഉണ്ടായിരിക്കും.

താൽക്കാലിക വിധി കേട്ടശേഷം കൂട്ടിൽ നിന്നിറങ്ങിയ എന്നെ ഒരു പോലീസുകാരൻ കഴുത്തിനു പിടിച്ച് കോടതിഹാളിനു പുറത്തേക്ക് തള്ളി. ഞാൻ കട്ടിലിൽ നിന്ന് ഉരുണ്ടുമറിഞ്ഞ് താഴെ വീണു.. ഉമ്മോ..

No comments: