8/6/17

മൊയ്തീൻ സൊല്യൂഷൻസ്

ഞങ്ങൾ ആറുപേർ ചേർന്നാണ് ഇപ്പോഴുള്ള M-Solutions എന്ന ഐ ടി കമ്പനി സ്ഥാപിക്കുന്നത്. ഞങ്ങളെന്നു പറയുമ്പോൾ, കമ്പനി മുതലാളി മൊയ്തീൻ ഒഴികെ മറ്റെല്ലാവരും എമ്പ്ലോയീസ് ‌മാത്രമാണ്. എങ്കിലും കമ്പനിയുടെ സംസ്ഥാപനം മുതൽക്കേ ഉണ്ടായിരുന്നതിനാൽ അങ്ങനെ പറഞ്ഞെന്നേയുള്ളൂ. മൊയ്തീൻ കുറച്ചുകാലം അമേരിക്കയിൽ ഇൻഫോസിസിലായിരുന്നു. അവിടെ മടുപ്പു തോന്നിയപ്പോഴാണ് അദ്ദേഹത്തിന് ഇന്ത്യയിൽ വന്ന് ഒരു ചെറിയ കമ്പനി തട്ടിക്കൂട്ടാൻ ആഗ്രഹം തോന്നിയത്. ഇൻഫോസിസിൽത്തന്നെ ഇടയ്ക്കിടെ നൽകുന്ന മോട്ടിവേഷണൽ സ്പീച്ചുകളും ട്രെയിനിംഗുകളുമാണ് സ്വന്തമായി എന്തെങ്കിലും ചെയ്താൽ നന്നായിരിക്കുമെന്ന ചിന്തയിലേക്ക് അദ്ദേഹത്തെ എത്തിക്കുന്നത്. ഞങ്ങൾ നാട്ടുകാരും ചിരകാല സുഹൃത്തുക്കളുമാണ്. എന്നേക്കാൾ ആറുവയസ്സിനു മൂത്തതാണ്. അമേരിക്കയിലായിരിക്കുമ്പോഴും അദ്ദേഹം ബന്ധം നിലനിർത്തിയിരുന്ന അപൂർവ്വം സുഹൃത്തുക്കളിൽ ഒരാളാണ് ഞാൻ. അതുകൊണ്ടുതന്നെ എന്തുകാര്യവും ഞാനുമായി ചർച്ച ചെയ്യുമായിരുന്നു.

മൊയ്തീൻ തന്റെ കമ്പനിക്ക് ‘മൊയ്തീൻ സൊലൂഷൻസ്’ എന്ന പേരാണ് കണ്ടുവെച്ചിരുന്നത്. “ഇതൊരുതരം ‌പ്രാഞ്ചിയേട്ടൻ കോമ്പ്ലക്സാണെ”ന്ന് കേട്ടപാടെ ഞാൻ എതിർത്തു. എന്നുമാത്രമല്ല, പറ്റുമെങ്കിൽ അദ്ദേഹത്തിന്റെ സ്വന്തം പേരും ‘മൊയ്തീൻ’ എന്നതുമാറ്റി ഒരു ഐടി കമ്പനി മുതലാളിക്കു ചേർന്നതാക്കുവാനും ഞാൻ നിർദ്ദേശിച്ചു. രണ്ടുകാര്യങ്ങളോടും ദഹനക്കേട് പ്രകടിപ്പിച്ചെങ്കിലും രണ്ടാമത്തേതിനെ അല്പം ഇമോഷണലായി തന്നെ അദ്ദേഹം എതിർത്തു. അമേരിക്കൻ യാത്രകളിലും ജീവിതത്തിലും ഏറെ പ്രയോജനപ്പെട്ട പേരാണ് തന്റേതെന്നായിരുന്നു പ്രധാന വാദം. കൂടാതെ ‘തുമ്പൈ മൊയ്തീനെ’ ഉദാഹരണമാക്കി കോർപ്പറേറ്റ് മുതലാളിമാർക്കുപോലും ‘മൊയ്തീൻ’ എന്ന പേരുണ്ടെന്ന് പറഞ്ഞ് തന്റെ ഭാഗം അദ്ദേഹം വീറോടെ സ്ഥാപിച്ചെടുത്തു.

എന്നാൽ കമ്പനിയ്ക്കായി നിർദ്ദേശിക്കപ്പെട്ട ‘മൊയ്തീൻ സൊലൂഷൻസ്’ എന്ന പേരിൽ ചില നീക്കുപോക്കുകൾക്ക് അദ്ദേഹം തയ്യാറായി. അമേരിക്കയിൽ ‘മൊയ്തീൻ‘ എന്നാൽ പഴഞ്ചനായ ഒരു മതനാമമായിരിക്കില്ല. അവർക്കിതു ചിലപ്പോൾ പുതുമയുള്ളതും ‌മതേതരമായതും വിളിക്കാൻ എളുപ്പമുള്ളതുമായ പേരായിരിക്കും. പക്ഷേ ഇന്ത്യയിലെ സ്ഥിതി അതല്ല. മുസ്ലീം നാമങ്ങളിലെ ഏറ്റവും ലഘുവായതും ഇമ്പമാർന്നതുമായ പേരാണ് മൊയ്തീനെങ്കിലും അതിനെ ചുറ്റിപ്പറ്റി നിൽക്കുന്ന സങ്കീർണ്ണതകൾ ഏറെയാണ്. അതില്ലെങ്കിൽത്തന്നെ ഈ പേര് അറുപഴഞ്ചനാണ്. ഇങ്ങനെ പേരുള്ളൊരു സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർക്ക് പെണ്ണുകിട്ടാൻ പ്രയാസമാവുമെന്നുപോലും ഒരുഘട്ടത്തിൽ എനിക്ക് പറയേണ്ടിവന്നു. “ചെക്കന് എവിടെയാ ജോലി?. ‘മൊയ്തീൻ സൊല്യൂഷൻസ്’ - അതോടെതീരും ആലോചന” - ഞാൻ പറഞ്ഞു. അങ്ങനെ പറഞ്ഞുപറഞ്ഞ് ഒടുക്കം മൊയ്തീൻ സൊല്യൂഷൻസ് M-സൊല്യൂഷൻസ് ആയി. തന്റെ പേരിനെ അടക്കം ചെയ്തിട്ട് അതിനുമുകളിൽ നാട്ടിയ മീസാൻ ‌കല്ലാണ് M-സൊല്യൂഷൻസിലെ ‘M’” എന്ന് മൊയ്തീൻ തമാശയായിട്ടെങ്കിലും ഇടയ്ക്കിടെ ‌പരിഭവിക്കാറുണ്ട്.

ആള് സ്ഥിരം മൊയ്തീൻ സങ്കൽപ്പങ്ങളിൽ നിന്നും വേറിട്ട നല്ല സെറ്റപ്പ് മനുഷ്യനാണ്. സുമുഖൻ. ഇരുനിറത്തേക്കാൾ അല്പംകൂടി വെളുത്തിട്ടാണ്. എന്നേക്കാൾ മൂന്നാല് സെന്റീമീറ്റർ കൂടുതൽ പൊക്കമുണ്ടാകും. എപ്പോഴും നല്ല ടിപ്-ടോപ്പായാണ് നടപ്പ്. തന്റെ കറുത്ത ഫ്രെയിന്റെ കണ്ണട കാണാൻ എപ്പോഴും നല്ല വൃത്തിയായിരിക്കും. കണ്ണടകൾ അതുപോലെ ക്രിസ്റ്റൽ ക്ലിയറായി സൂക്ഷിക്കാൻ എനിക്കും ആയെങ്കിലെന്ന് എപ്പോഴും ആഗ്രഹിക്കാറുണ്ട്. പക്ഷേ എത്ര ശ്രമിച്ചാലും സാധിക്കാറില്ല.

എം-സൊല്യൂഷൻസിന്റെ സ്ഥാപനത്തിനു മുമ്പും ശേഷവും ഞങ്ങൾ തമ്മിലുള്ള കൂടിച്ചേരലുകൾ വെറും സൊറപറച്ചിലുകൾക്കപ്പുറത്ത് ബ്രെയിൻ സ്റ്റോമിംഗ് സെഷനുകളായിരുന്നു എന്നുപറയാം. കാപ്പിക്കടകളിലും കടലോരത്തും ക്ഷേത്രമൈതാനത്തുമൊക്കെയിരുന്ന് വിവിധ ഐഡിയകളെപ്പറ്റി ഞങ്ങൾ മിക്കപ്പോഴും ചർച്ചചെയ്തു. മൊയ്തീന്റെ പേരുമാത്രമേ പഴഞ്ചനായിരുന്നുള്ളൂ.പുതിയ ഐഡിയാസിന്റെ വലിയ കലവറയായിരുന്നു അദ്ദേഹത്തിന്റെ മനസ്സ്. ഐടിയിലേക്ക് പ്രവേശിക്കും മുമ്പ് കുറേക്കാലം ജപ്പാനിലെ ടൊയോട്ട മാനുഫാക്ചറിംഗ് സിസ്റ്റത്തിൽ ഡിസൈൻ എഞ്ചിനീയറായിരുന്നതുകൊണ്ടാവാം കേവലമായ ഒരു ഐ ടി കമ്പനിയായിരുന്നില്ല അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നത്. ഇന്ന് എം സൊല്യൂഷൻസിന്റെ പ്രൊഡക്ടുകളിൽ നിങ്ങൾ കാണുന്നതുപോലെ ഐ ടി യുടെ സഹായത്തോടെ പ്രവർത്തിപ്പിക്കാനാവുന്നതും മനുഷ്യന്റെ നിത്യജീവിതത്തിൽ ഇടപെടുന്നതുമായ ചെറിയ ചെറിയ ഓട്ടോമാറ്റിക് സിസ്റ്റങ്ങളുടെ മാനുഫാക്ചറിംഗ് ആണ് മൊയ്തീൻ തന്റെ കമ്പനികൊണ്ട് ഉദ്ദേശിച്ചിരുന്നതും.

ഞങ്ങളുടെ ആദ്യത്തെ സംരഭമായിരുന്നു ഓട്ടോമാറ്റിക് ഫ്ലോർ ക്ലീനിംഗ് മെഷീൻ. ഇന്ത്യൻ മാർക്കറ്റിൽ ഇതിന് വളരെ തണുപ്പൻ പ്രതികരണമായിരുന്നു. ഇപ്പോഴും അതേ. എന്നാൽ അമേരിക്കയിലും ഗൾഫ് രാജ്യങ്ങളിലും ഈ പ്രൊഡക്ട് നിലവിലുണ്ടായിരുന്ന സമാനമായ ഉത്പന്നങ്ങളെ വെല്ലുവിളിച്ചു. ക്വാളിറ്റിയ്ക്കും കോമ്പറ്റിറ്റീവ് പ്രൈസിനും പുറമേ വളരെ ഇഫക്ടീവായ മൊബൈൽ ആപ്ലിക്കേഷൻ ഇന്റർഫേസാണ് ഇതിന് ഞങ്ങളെ തുണച്ചത്. അതായത്, നിങ്ങൾക്ക് ലോകത്ത് എവിടെയിരുന്നുവേണമെങ്കിലും മൊബൈൽ ആപ്ലിക്കേഷൻ ‌വഴി റൂം ക്ലീൻ ചെയ്യാനാവും. ക്ലീനിംഗ് ടാസ്ക് ഷെഡ്യൂൾ ചെയ്തു വെക്കുകയോ, പ്രീ സെറ്റ് ഓപ്ഷൻ അമർത്തിയോ, മൊബൈൽ ആപ്ലിക്കേഷനിൽ തെളിയുന്ന നിങ്ങളുടെ റൂമിന്റെ പ്ലാനിൽ വെറുതേ വിരലോടിച്ചുകൊണ്ടോ ആ മെഷീൻ പ്രവർത്തിപ്പിക്കാനാവും. ക്യാമറ മോണിറ്റേഡ് ആണ് റൂമുകളെങ്കിൽ മെഷീന്റെ ലൈവായുള്ള പ്രവർത്തനവും കാണാം.

ഇന്ത്യയിൽ ഇത് എന്തുകൊണ്ട് ചലനം സൃഷ്ടിച്ചില്ല എന്ന് ഞങ്ങൾ പലവട്ടം ചർച്ചചെയ്തു. മുറികൾ വൃത്തിയാക്കുന്നതിൽ നമ്മുടെ അലംഭാവം, പുതിയ ടെക്നോളജിയെ സ്വീകരിക്കാനുള്ള മടി, ഡിസൈൻ ചെയ്തത് ഇന്ത്യയിലാണെങ്കിലും ചൈനയിൽ മാനുഫാക്ചറിംഗ് ചെയ്തതുകൊണ്ടുണ്ടായ റിലയബിലിറ്റി ഇഷ്യൂസ് തുടങ്ങി കുറേക്കാര്യങ്ങൾ അതിൽ ഉൾപ്പെട്ടു. പക്ഷേ ഇതിലൊന്നും പെടാത്ത ഒരു കൺക്ലൂഷനായിരുന്നു മൊയ്തീന് പറയാനുണ്ടായിരുന്നത്. തന്റെ കണ്ണടയൂരി കയ്യിൽ വെച്ച് അതിന്റെ ക്ലാരിറ്റി ആസ്വദിച്ചുകൊണ്ട് മൊയ്തീൻ പറഞ്ഞു:

“We are a male dominated society, Shefeek”

ഡിവലപ്മെന്റ് ഫേസിൽ അതിനകം ഒട്ടേറെ മുന്നേറിയതിനാൽ മൊയ്തീന്റെ മേൽ കണ്ടെത്തൽ നിലനിൽക്കെത്തന്നെ ക്ലീനിംഗ് മെഷീന്റെ കൺസെപ്റ്റിൽത്തന്നെ പ്രവർത്തിക്കുന്ന മറ്റൊരു പ്രൊഡക്റ്റുകൂടി ഞങ്ങൾ ആ വർഷം അവസാനം പുറത്തിറക്കി. ‘Smart Sweeper’ എന്നു പേരിട്ട, മുറ്റം അടിച്ചുവാരുന്ന ഒരു യന്ത്രം. പ്രധാനമായും ഇന്ത്യയിലെ ഗ്രാമ പ്രദേശങ്ങളെ ഉദ്ദേശിച്ചായിരുന്നു ഇത് വികസിപ്പിച്ചത്. എന്നാൽ മൊയ്തീന്റെ തിയറിയെ പ്രൂവ് ചെയ്തു എന്നതല്ലാതെ ഇതിൽ നിന്നും പ്രത്യേകിച്ച് വരുമാനമൊന്നും ഉണ്ടാക്കാൻ ‌കമ്പനിയ്ക്കായില്ല.

വരവുചെലവ് കണക്കുകൾ അവതരിപ്പിക്കുന്ന വർഷാന്തമീറ്റിംഗിൽ മൊയ്തീൻ കമ്പനിയുടെ പ്രൊഡക്ടുകളേക്കാൾ തന്റെ തിയറിയെ എക്‌സ്‌പ്ലെയിൻ ചെയ്തു:

“പുരുഷാധിപത്യ പ്രവണതകൾ വെച്ചുപുലർത്തുന്നിടത്തോളം കാലം നമ്മുടെ സൊസൈറ്റിയിൽ M - Solutions നെപ്പോലെയുള്ളൊരു കമ്പനിയ്ക്ക് ഇന്നുള്ള നിലയിൽ നിലനിൽക്കാൻ ആവില്ല. വികസിത രാജ്യങ്ങളിൽ നമുക്ക് കിട്ടുന്ന സ്വീകാര്യത മാത്രമാണ് നമ്മെ ഇന്നു പിടിച്ചു നിർത്തുന്നത്. നമ്മുടെ ആളുകൾ സ്ത്രീകളുടെ ജോലിഭാരം വലിയ തോതിൽ ലഘൂകരിക്കുന്ന സാധനങ്ങളൊന്നും അത്ര പെട്ടെന്ന് കാശ് കൊടുത്ത് വാങ്ങാൻ പോകുന്നില്ല. വാഷിംഗ് മെഷീനും, ഗ്യാസ് അടുപ്പുകളും, മിക്സിയും റഫ്രിഡ്ജറേറ്ററും തന്നെ അധികപ്പറ്റായാണ് പല പുരുഷന്മാരും കാണുന്നത്. ഇതൊക്കെ കണ്ടുപിടിക്കപ്പെട്ടതിലുള്ള ദേഷ്യം അവർക്ക് ഇനിയും അടങ്ങിയിട്ടില്ല. നമ്മുടെ നാട്ടിൽ പണ്ട് ഇവയൊന്നും കണ്ടുപിടിക്കപ്പെടാഞ്ഞതിനു കാരണം പുരുഷന്മാരുടെ ഈ മനോനിലയാണ്. മിക്സിയിൽ അരച്ച് ഉണ്ടാക്കുന്ന കറിയ്ക്ക് സ്വാദ് കുറവാണെന്ന് പറയുന്ന പുരുഷന്മാരെ നമുക്ക് ഇന്നും കാണാം. തന്റെ അമ്മ ഏഴെട്ട് മക്കൾക്ക് വെച്ചുവിളമ്പിയത് അടുപ്പിൽ വിറകുകത്തിച്ച് പരിപാലിച്ചാണ് എന്നു പറഞ്ഞ് അഭിമാനിക്കുന്നവരേയും കാണാം. നമ്മുടെ പുരുഷന്മാർ സ്ത്രീകളിൽ കാണാൻ ആഗ്രഹിക്കുന്ന ഏറ്റവും വലിയ യോഗ്യതയാണ് ‘കഷ്ടപ്പെടുക’ എന്നത്. നമ്മുടെ കമ്പനിയുടെ പ്രൊഡക്ടുകൾ സ്ത്രീകളെ അലസരാക്കും എന്ന് അവർ ഭയപ്പെടുന്നു. അയ്യായിരം രൂപയ്ക്ക് അൻപത് ചൂലുകൾ വാങ്ങിക്കൊടുക്കാൻ അവർ തയ്യാറായേക്കും. എന്നാൽ നാലായിരത്തി ഇരുന്നൂറു രൂപയ്ക്ക് നമ്മുടെ ‘Smart Sweep’ മെഷീൻ അവർ വാങ്ങുകയില്ല.”

പ്രസന്റേഷന്റെ പല ഘട്ടങ്ങളിലും മൊയ്തീൻ ഒരു വിപ്ലവകാരിയെപ്പോലെ സംസാരിച്ചു. ഭാവിയെ സംബന്ധിച്ച് ഒരു വലിയ പ്രഖ്യാപനം നടത്തിയിട്ടാണ് അദ്ദേഹം തന്റെ സംസാരം അവസാനിപ്പിച്ചത്. അദ്ദേഹം പറഞ്ഞു:

“വീടുകളിൽ നിന്ന് നമുക്ക് അടുക്കളകളെ ഇല്ലാതാക്കണം. അടുക്കളകളെന്നാൽ ഒരു വീട്ടിലെ ഫുഡ് പ്രോസസ്സിംഗ് യൂണിറ്റ് മാത്രമാകണമെന്നാണ് M-Solutions ആഗ്രഹിക്കുന്നത്. നിലവിലെ അടുക്കളകളിൽ വേവിച്ചെടുക്കുന്നത് മനുഷ്യനെയാണ്. ആ അവസ്ഥയെ ഇല്ലാതെയാക്കി Manual Intervension വെറും 5% ആക്കിയെങ്കിലും കുറയ്ക്കുന്ന Automatic Food Processing Units ആയിരിക്കും നമ്മുടെ അടുത്ത സംരഭം. ഒരു കോഫി മെഷീന്റെ സങ്കൽപ്പത്തിൽ നിന്നും പൊടുന്നനെ പരിണമിച്ചുവികസിക്കുന്ന ഒരു വലിയ ഭക്ഷണനിർമ്മാണ യന്ത്രം! വികസിത രാജ്യങ്ങളിലെ വിപണികളാണ് നമ്മൾ താൽക്കാലികമായി ലക്ഷ്യമിടുന്നതെങ്കിലും ഇന്ത്യയിലെ വീടുകളിൽ നിന്ന് അടുക്കളകൾ അപ്രത്യക്ഷമാകുന്നതായിരിക്കണം നമ്മൾ കാണുന്ന സ്വപ്നം”.

‘ലോകം നേരിടുന്ന എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ ടെക്നോളജിക്കു മാത്രമേ സാധിക്കൂ’ എന്ന് ഉറച്ചു വിശ്വസിക്കുന്നയാളാണ് മൊയ്തീൻ. ‘പാരമ്പര്യ തൊഴിലുകളെ’ അപ്രസക്തമാക്കിയതും ജാതീയതയെ മുമ്പത്തേക്കാളേറെ നേർപ്പിച്ചതും ടെക്നോളജിയാണെന്നാണ് മൊയ്തീന്റെ പക്ഷം. ഓരോ സാങ്കേതിക വിദ്യയുടേയും വികാസം സാമൂഹികമായ ഒട്ടേറെ മാറ്റങ്ങൾക്ക് കാരണമാകുന്നുവെന്നൊക്കെ പറയുന്ന ഈ മൊയ്തീനാണോ തന്റെ കമ്പനിയ്ക്ക് 'മൊയ്തീൻ സൊല്യൂഷൻ' എന്ന് പേരുനൽകാൻ പോയതെന്ന് ഞാൻ പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട്.

എന്തായാലും, പദ്ധതിയുമായി ബന്ധപ്പെട്ട് കമ്പനിയ്ക്ക് അകത്തും പുറത്തും ഞങ്ങൾ ഒട്ടേറെ ചർച്ചകൾ നടത്തി.

“ ഒരു പരുഷാധിപത്യ സമൂഹത്തിൽ നിന്ന് അടുക്കളയെ ഇല്ലാതാക്കാൻ ആവുമോ?"

"ഇന്ത്യൻ സാഹചര്യത്തിൽ അടുക്കളയെ ഇല്ലാതാക്കുകയെന്നാൽ വീട്ടിൽ നിന്ന് സ്ത്രീകളെ പുറത്താക്കുക എന്നല്ലേ അർഥം?”

ഇത്തരം നിരവധി ചോദ്യങ്ങൾ ഉയർന്നുവന്നു. അതൊക്കെ ഇനി അടുത്ത ഭാഗത്തിൽ.

No comments: