10/19/17

ഗ്രീനിച്ച്‌ രേഖ

നാലുമണി ആയപ്പോഴേക്ക്‌ ഗ്രീനിച്ചിലെത്തി. നമ്മൾ പണ്ട്‌ പാഠപുസ്തകത്തിലൊക്കെ പഠിച്ച ഗ്രീനിച്ച്‌. ഗ്രീനിച്ച്‌ രേഖ? അത്.

അധികം തണുപ്പില്ല. എന്നാൽ എത്ര നടന്നാലും വിയർക്കുകേമില്ല. അങ്ങനെയൊരു കാലാവസ്ഥ. നാലുമണിയുടെ നല്ല സ്വർണ്ണ വെയില്‌. Weekend ആയിരുന്നതുകൊണ്ട്‌ മെട്രോയിൽ ഭയങ്കര തിരക്ക്‌. ഗീനിച്ച് സ്റ്റേഷനിൽ നിന്നിറങ്ങിയ കൂടുതൽ ആളുകളും മേലോട്ടു നോക്കിയാണ്‌ നടക്കുന്നത്‌. ഞാനും മേലോട്ട്‌ നോക്കി നടന്നു. ആചാരങ്ങൾ തെറ്റിക്കരുതല്ലോ. ഭൂരിപക്ഷം ആചരിക്കുന്നതെന്താണോ അതിനൊപ്പം ചേരുക. ചൈനയിൽ ചെന്നാൽ നടുക്കണ്ടം. കുറേ നടന്നു. കഴുത്തു വേദനിച്ചപ്പോ ഒരു സംശയം ഇങ്ങനെതന്നെ നടക്കേണ്ടതുണ്ടോ? നേരേ നടന്നാൽ എന്താ കുഴപ്പം? ലണ്ടൻ യൂസ്റ്റണിൽ നിന്ന് ഇവിടെവരെ മെട്രോയിൽ ഒപ്പം ഉണ്ടായിരുന്ന ഇറ്റലിക്കാരൻ അതാ പോകുന്നു.. ഞാൻ പിന്നീന്ന് വിളിച്ചു:

"ഹോയ്‌ സായിപ്പേ.."

പുള്ളി തിരിഞ്ഞു നിന്നു. മുഷിഞ്ഞ നോട്ടം. 'സായിപ്പോ?'.
എന്തായാലും ഞാൻ നടന്നെത്തുന്നതും കാത്ത്‌ അയാൾ അവിടെ നിന്നു.

"എന്തേ? "

"അല്ല സായിപ്പേ, എല്ലാരും എന്തിനാ മോപ്പോട്ട്‌ നോക്കി നടക്കണേ?"

"ഡേയ്‌ നിന്നോട്‌ ഞാൻ നൂറു തവണ ട്രെയിനിൽ വെച്ച്‌ പറഞ്ഞതാണ്‌ എന്റെ പേര്‌ സായിപ്പെന്നല്ല ബർലീനീ-ന്നാന്ന്"

"ങാ, ബർലീനീ, ദെന്താപ്പോ എല്ലാരും ഇങ്ങനെ?"

സത്യം പഞ്ഞാൽ ആ പേരു പറയുമ്പോ വരാലിനെക്കയറി പിടിച്ചപോലെ മേലാകെ ഒരു പെരുപെരുപ്പ്‌ കയറും. അതൊഴിവാക്കാനാണ്‌ സായിപ്പെന്ന് വിളിക്കുന്നത്‌. വീട്‌ കായംകുളം കായൽത്തീരത്തായതുകൊണ്ട്‌ വെള്ളക്കാരെക്കണ്ടാൽ സായിപ്പെന്നേ വായിൽ വരൂ. അതു വേറേ കാര്യം! "സായിപ്പേ.. thotmeen kootmo?" ദിവസവും എത്രയെത്ര ടൂറിസ്റ്റ്‌ ബോട്ടുകളും വള്ളങ്ങളുമാ കായലിലൂടെ പോകുന്നത്‌. എല്ലാവർക്കും റ്റാറ്റ കൊടുത്തിട്ടേയുള്ളൂ.. ഹാപ്പി ജേർണ്ണി പറഞ്ഞിട്ടേയുള്ളൂ. വീട്ടിൽ ഒരു നേരം മാത്രം ഉണക്കക്കപ്പ പുഴുങ്ങിത്തിന്നിട്ട്‌ രണ്ടുനേരം പട്ടിണി കിടന്നിട്ടുണ്ട്‌. അന്നൊന്നും ഞാനോ എന്റെ അഛനോ ചേട്ടന്മാരോ ആരും ഒരു സായിപ്പിനെ തട്ടിക്കൊണ്ടു വരികയാകട്ടെ, അവരുടെ ബോട്ട്‌ കൊള്ളയടിക്കയാവട്ടെ.. ങേഹേ.. ചെയ്തിട്ടില്ല. ഇനി ചെയ്യുകേമില്ല. നിക്കറിട്ടു നടന്നിരുന്ന മദാമ്മമാരെ ഞങ്ങളാരും കയറിപ്പിടിച്ചിട്ടില്ല. ചെറുപ്പം തൊട്ടേ ഇവറ്റോളെ സ്നേഹിച്ചിട്ടേയുള്ളൂ.. എന്നിട്ടും ഇറ്റലിക്കാരൻ ബർലീനിയ്ക്ക്‌ സായിപ്പേന്ന് വിളിച്ചപ്പം പുഛം!

"എഡേയ്‌ ഇവിടെ ഒരു ക്ലോക്ക്‌ ടവറുണ്ട്‌. ആളുകൾ അത്‌ നോക്കി പോകുന്നതാ. അതിൽ നോക്കി ആളുകൾ അവരുടെ വാച്ച്‌ സെറ്റ്‌ ചെയ്യും."

ഹമ്മേ, എന്തൊക്കെ ആചാരങ്ങളാ..

‘ഇതൊന്നും അറിയാതെ ടൂറിസ്റ്റാണെന്നുമ്പറഞ്ഞ്‌ ഇവിടേയ്ക്ക്‌ കെട്ടിയെടുത്ത ഇവനാരെടാ’ എന്ന അർത്ഥത്തിൽ സായിപ്പ്‌ എന്നെ ഒന്നുഴിഞ്ഞ്‌ നോക്കി.

കുറച്ചു ദൂരം ചെന്നപ്പോൾ മരങ്ങൾക്കിടയിലൂടെ അതാ ബർലീനി പറഞ്ഞ ടവർ എത്തിനോക്കുന്നു. ടൂറിസ്റ്റുകൾ നിന്ന നിപ്പിൽ വാച്ച്‌ സെറ്റ്‌ ചെയ്യുന്നു. ഞാനും സെറ്റ്‌ ചെയ്തു. 4:20

അടുത്തു നിന്ന വേറൊരു സായിപ്പ്‌ എന്റെ വാച്ചിൽ നോക്കിപ്പറഞ്ഞു:

"ചെങ്ങായീ അത്‌ ഓടുന്നില്ലല്ലോ"

രണ്ടുവർഷത്തിനു മേലെയായി എനിക്ക്‌ അക്കാര്യം അറിയാം. ഓടാത്ത കാര്യം. ഞാൻ ഉള്ള കാര്യം തുറന്നുപറഞ്ഞു:

"ഈ മൊബെയിലൊക്കെ ഉള്ളപ്പോ ഇതൊക്കെ ആരു നോക്കുന്നു?"

"പിന്നെ നിങ്ങളെന്തിനാ വാച്ച്‌ സെറ്റ്‌ ചെയ്യുന്നെ?"

ശ്ശെടാ.. സായിപ്പിന്‌ എന്തൊക്കെ അറിയണം? സായിപ്പായതുകൊണ്ട് മറുപടി പറയാതിരിക്കുന്നതും ശരിയല്ല. ഇത്തിരി സാഹിത്യം ചേർത്ത് ഞാനൊരു കീച്ചു കീച്ചി.

"അതുപിന്നെ.., ഇവിടെ വെച്ച്‌ സെറ്റ്‌ ചെയ്ത സമയം എന്നെന്നും അതുപോലെ സൂക്ഷിക്കാൻ വേണ്ടി മാത്രമാണ്‌ ഈ ഒടാത്ത വാച്ചുമായി കിലോമീറ്ററുകൾ താണ്ടി ഞാൻ ഇവിടെ വന്നത്‌. അങ്ങ്‌ ഇന്ത്യയിൽ ഓടുന്ന മൂന്ന് വാച്ചുകളുണ്ടെനിക്ക്‌. എന്റെ വീട്ടിലും എല്ലാവർക്കും വാച്ചുണ്ട്‌."

"അത്‌ ശരിയല്ല. ഇവിടെവെച്ച്‌ ആളുകൾ വാച്ചു സെറ്റ്‌ ചെയ്യുന്നത്‌ അവരുടെ കയ്യിലെ വാച്ചും ഗ്രീനിച്ചിലെ ഈ ക്ലോക്കും ഒരുപോലെ ചലിക്കാൻ വേണ്ടിയാണ്‌. ലോകത്തിലെ എല്ലാ വാച്ചുകളും ഗ്രീനിച്ചിലെ ഈ ക്ലോക്കിന്റെ മക്കളാണ്‌‌."

എന്റെ കണ്ണു നനഞ്ഞുപോയി. കയ്യിലിരിക്കുന്ന ഈ ഓടാത്ത വാച്ച്‌ ഈ അമ്മക്ലോക്കിന് മരണപ്പെട്ടുപോയ മകനെപ്പോലെയാണെന്നാണ് സായിപ്പ് പറഞ്ഞുവരുന്നത്. ഈ കുഞ്ഞുജഡവും പേറിവന്ന ഞാനെന്തൊരു പാപമാണ്‌ ചെയ്തത്‌. ഞാനെങ്ങിനെ ഇതിന്‌ പ്രായിശ്ചിത്തം ചെയ്യും?

"പറയൂ സായിപ്പേ, ഞാൻ എന്തുചെയ്യണം?"

"നമുക്ക്‌ ഇത്‌ ശരിയാക്കണം." ഇതും പറഞ്ഞുകൊണ്ട്‌ അയാൾ എന്നെ ഒരു വാച്ചുകടയിൽ കൊണ്ടുചെന്നാക്കി.
ഗ്രീനിച്ചിലെ റോഡരികിൽ നിറയെ വാച്ചുകടകളാണ്.

ഒരു ബാറ്ററിമാറ്റ ശസ്ത്രക്രിയയിലൂടെ പുനർജ്ജന്മം കിട്ടിയ വാച്ചുമായി ഞാൻ വീണ്ടും സമയം സെറ്റ്‌ ചെയ്യാനായി പോയി. അപ്പോൾ മറ്റേ‌ സായിപ്പ്‌ വേറേ രണ്ടുപേരെയും കൊണ്ട്‌ അതേ വാച്ചുകടയിലേക്ക്‌ പോകുന്നതുകണ്ടു. മൊബെയിൽക്കാലത്ത്‌‌ നിന്നുപോയ വാച്ചുകൾക്ക്‌ മോക്ഷം നൽകാൻ അവതരിച്ച പ്രവാചകനാണോ ഇയാൾ? അതോ വാച്ചുകടക്കാരന്റെ ഏജന്റോ? പ്രവാചകൻ തന്നെയായിരിക്കും.. അയാളുടെ ചെമ്പിച്ച താടി കണ്ടില്ലേ.?

വാച്ചെടുത്ത് കയ്യിൽ വെച്ച് കീ അല്പം പുറത്തേക്ക് വലിച്ച് ടവറിലേക്ക്‌ നോക്കിയപ്പോഴാണ് ശ്രദ്ധിക്കുന്നത്; അമ്മക്ക്ലോക്കിൽ സെക്കന്റ്‌ സൂചിയില്ല. സെക്കന്റ് സൂചിയില്ലാതെ എങ്ങനെ ക്ലോക്കുകളുടെയും വാച്ചുകളുടേയും തുടിപ്പറിയും? അയാളെവിടെ? ആ ഏജന്റ്? എന്റെ കയ്യിലെ മകന്റെ സെക്കന്റ്‌ സൂചിയാകട്ടെ ഒരു മയവുമില്ലാതെ ഏണിൽ നിന്നെടുത്ത്‌ താഴെ നിർത്തിയ രണ്ടര വയസ്സുകാരനെപ്പോലെ പാഞ്ഞോടുന്നു. സമയം പോകുന്നതറിയുന്നില്ല. ഇപ്പോൾത്തന്നെ അഞ്ചരമണിയായി.

ഞാൻ വന്നതുതന്നെ അത്‌ കാണാനാണ്‌. ഗ്രീനിച്ച്‌ രേഖ. അതിന്റെ മുകളിൽ നിന്ന് ഒരു പടമെടുത്ത്‌ ഫേസ്ബുക്കിലിടണം. സ്കൂളിന്റെ വാട്ട്‌സപ്പ്‌ ഗ്രൂപ്പിലും കൊണ്ടുപോയി പോസ്റ്റണം. അസൂയ ഉള്ളവന്മാർക്കുപോലും തമ്പ്സ്‌ അപ്പ്‌ ഇടാതിരിക്കാനാവില്ല. എത്രയും പെട്ടെന്ന് ഗ്രീനിച്ചു രേഖ കണ്ടുപിടിക്കണം. രണ്ടു മണിക്കൂറും കൂടി കഴിഞ്ഞാൽ ഇരുട്ടിത്തുടങ്ങും. അതു കഴിഞ്ഞാൽ ഗ്രീനിച്ച്‌ രേഖ കാണാൻ പ്രയാസമാകും. കണ്ടാൽത്തന്നെ ഫോട്ടോ എടുക്കുമ്പോൾ ക്ലിയറാകില്ല.

പക്ഷേ എവിടെയാണത്‌?. ഇത്ര പ്രാധാന്യമുള്ള രേഖയാവുമ്പോൾ അത്യാവശ്യം കാണാനുള്ള വലിപ്പത്തിൽത്തന്നെ വരച്ചിരിക്കും. ആരോടെങ്കിലും ചോദിക്കുന്നത്‌ മോശം! "എവിടുന്നു വരുന്നു ഈ കിഴങ്ങൻ” എന്ന നോട്ടം! സഹിക്കാൻ പറ്റില്ല. എന്നിട്ടും ഒരു സായിപ്പിനോട്‌ ചോദിച്ചു:

"സായിപ്പേ, ഈ ഗ്രീനിച്ച്‌ ലൈൻ...??"

സായിപ്പ്‌ നിന്നിടത്തുനിന്ന് കാലുകൊണ്ട് ഒരു വര വരച്ചിട്ട് നടന്നുപോയി. ഞാൻ അതിനു നടുവിൽക്കയറിനിന്ന് അന്തംവിട്ട് ചുറ്റുപാടും നോക്കി. സാറ്റർഡേ ഈവനിംഗ്‌‌. ഭയങ്കര തിരക്ക്. ആർക്കും സമാധാനത്തോടെ നിന്ന് ചോദ്യം കേൾക്കാനോ ഉത്തരം വിശദീകരിക്കാനോ നേരമില്ല. നേരം വൈകും തോറും തിരക്ക്‌ കൂടിക്കൊണ്ടിരിക്കുന്നു. വെല്ലുവിളിയെങ്കിൽ വെല്ലുവിളി. യാത്രക്കാരനെന്നാൽ സ്ഥലങ്ങൾ കാണുന്നവൻ മാത്രമല്ല. കണ്ടെത്തുന്നവൻ കൂടിയാണ്. ഗ്രീനിച്ചു രേഖ ഞാൻ കണ്ടുപിടിക്കും.

എല്ലാ പെരുവഴികളിലൂടെയും ഊടുവഴികളിലൂടെയും ഞാൻ നടന്നു. പക്ഷേ, ഏതെങ്കിലും ഒരു രേഖയ്ക്ക് മുകളിൽ കയറിനിന്ന് ടൂറിസ്റ്റുകൾ സെൽഫിയെടുക്കുന്നതായ ഒരു സ്ഥലവും കണ്ടില്ല. ഏതെങ്കിലും സീബ്രാ ലൈനിൽ കയറിനിന്ന് ഒരു ഫോട്ടോ എടുത്ത് കൂട്ടുകാരെ പറ്റിച്ചാലോ? ഏയ് വേണ്ട. പിന്നെയും നടന്നു. ഗ്രീനിച്ച് യുണിവേഴ്സിറ്റിയേയും മരിറ്റൈം മ്യൂസിയത്തേയും നാലുതവണ വലം വെച്ചു. കട്ടിസാർക്കിലും എൽവേഴ്സൺ റോഡുവരേയും രണ്ടുതവണ പോയി. നേരം ഇരുണ്ടുവരുന്നു. ഒടുവിൽ വഴിതെറ്റി കട്ടിസാർക്കിൽത്തന്നെ എത്തി. ഈവനിംഗ് മാർക്കറ്റ് അപ്പഴേക്കും സജീവമായിരുന്നു. എല്ലായിടത്തും ഭക്ഷണത്തിന്റെ മദിപ്പിക്കുന്ന മണം. വയറു കത്തുന്നു. ‘ഗ്രീൻവിച്ച് സാൻവിച്ച്’ എന്നെഴുതിയിരുന്നൊരു കടയിൽ കയറി ഒരു സാൻവിച്ചും കോളയും വാങ്ങി.

തെയിംസിൽ നിന്നും ചാലുവെട്ടിയ ക്രീക്കിൽ രണ്ട് വലിയ പായ്ക്കപ്പലുകൾ നങ്കൂരമിട്ടിരുന്നു. ഒരുപാട് സമുദ്രങ്ങൾ താണ്ടിയ അവയെ നോക്കിയിരുന്ന് ഞാൻ സാൻവിച്ച് കഴിക്കാൻ തുടങ്ങി. ഇനി എട്ടരയ്ക്ക് ലണ്ടൻ ഐ-യിലിരുന്നുകൊണ്ട് നഗരത്തിന്റെ രാത്രിഭാവങ്ങൾ കാണാൻ പറ്റുമോ? ഓൺലൈൻ വഴി എടുത്ത ടിക്കറ്റ് പാഴായിപ്പോകുമോ? എങ്കിലും എവിടാണ് ആ രേഖ? ചിന്തകൾക്കൊരു പഞ്ഞവുമില്ല.

അപ്പോഴതാ കപ്പലുകൾ നങ്കൂരമിട്ടിരിക്കുന്ന അഴിമുഖത്തെ ഒരു ബഞ്ചിലിരുന്ന് ഒരാരാൾ കൈകൊട്ടി വിളിക്കുന്നു. എന്നെയാണോ? ഞാൻ അയാളുടെ മുഖത്തേക്ക് നോക്കി.

“അതേ, നിങ്ങളെത്തന്നെ” - അയാൾ ആംഗ്യത്തിൽ പറഞ്ഞുകൊണ്ട് വീണ്ടും കൈയ്യാട്ടി..

ഞാൻ അടുത്തുചെന്നു. എതിർ വശത്തുള്ള ഷോപ്പുകളിൽ നിന്നുള്ള വെട്ടം അയാളുടെ മുഖത്തേക്ക് വീണിരുന്നു. കട്ടിയുള്ള കറുത്ത കണ്ണട. കഷണ്ടിത്തല. കുറുകിയ രൂപം..

കസേരയ്ക്കുള്ളിൽ ചമ്രം പടിഞ്ഞിരുന്ന അയാൾ തന്റെ ഇടതു കൈവെള്ള എന്റെ മുഖത്തിനഭിമുഖമായി നീട്ടിക്കൊണ്ടു പറഞ്ഞു:

“ദ.. ഇതാണാ രേഖ..!"

No comments: