10/19/17

വടാപ്പാവ്

ഇക്കഴിഞ്ഞ ഓണം വെക്കേഷനു നടന്ന ഒരു സംഭവം പറയണമെന്ന് വിചാരിക്കാൻ തുടങ്ങിയിട്ട് ഒരു മാസത്തിനു മേലെയായി. ഇവിടെ ബോംബെയിലെ എന്റെ റൂം മേറ്റ്സ്് ആയ ഹിന്ദിക്കാരനോടും തമിഴനോടും അറിയാവുന്ന മുറിഹിന്ദിയിൽ ഞാൻ അക്കാര്യം പറഞ്ഞിരുന്നു. അവർ ചെറുതായിട്ട് അത്ഭുതപ്പെട്ടെങ്കിലും എന്നെ സംബന്ധിച്ച് സ്വന്തം മാതൃഭാഷയിൽ കാര്യങ്ങൾ പറയുന്നതിന്റെ സുഖം കിട്ടിയില്ല. മറുനാട്ടിൽ ജീവിക്കുന്നവർക്ക് ഫേസ്ബുക്ക് ആണല്ലോ ഇക്കാര്യങ്ങളിൽ നല്ലൊരാശ്രയം.

ഈ ഓണത്തിന് പെരുന്നാളും കൂട്ടിനുണ്ടായിരുന്നതുകൊണ്ട് നീണ്ട ഒരാഴ്ചത്തെ അവധി കിട്ടി. സത്യത്തിൽ ഓണത്തിനായിട്ടൊരു വെക്കേഷനൊന്നും വിഘ്‌നേശ്വര ഇൻസ്റ്റിറ്റ്യൂട്ടിനില്ല. നേരത്തേ തൊട്ടേ അവിടെ പഠിച്ചിരുന്ന മലയാളി വിദ്യാർഥികൾ ഓണത്തിന്റേതെന്നു പറഞ്ഞ് രണ്ടുമൂന്ന് ദിവസം അപ്രഖ്യാപിത ലീവെടുക്കാറുണ്ടായിരുന്നു. വന്നുവന്ന് ഇപ്പോൾ അതൊരു പ്രഖ്യാപിത ലീവ് പോലെ ആയി.

മെക്കാനിക്കൽ എഞ്ജിനീയറിംഗ് കഴിഞ്ഞ് എന്തു ചെയ്യണമെന്ന് അറിയാതെ നടന്ന എന്നോട് ഒരു വർഷത്തെ പൈപ്പ് ലൈൻ ഡിപ്ലോമ കോഴ്സിനു ചേരാൻ പറഞ്ഞത് അബൂദാബി അഡ്നോക്കിൽ ജോലി ചെയ്യുന്ന അമ്മാവനാണ്. അദ്ദേഹം തന്നെയാണ് വിഘ്‌നേശ്വര ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് നിർദ്ദേശിച്ചതും. അവിടെ ചേർന്നതിനു ശേഷമുള്ള എന്റെ ആദ്യത്തെ വെക്കേഷനായിരുന്നു ഇക്കഴിഞ്ഞ ഓണം വെക്കേഷൻ.

രാവിലെ വീട്ടിൽ വന്നു കയറുമ്പോൾ അമ്മയ്ക്ക് എന്നെ കണ്ടിട്ട് സഹിക്കാൻ കഴിഞ്ഞില്ല. ആഹാരമൊന്നും ശരിയാവാത്തതുകൊണ്ട് ഞാൻ നന്നായി ക്ഷീണിച്ചിരുന്നു. പോരാത്തതിന് കുഴിഞ്ഞുപോയ കവിളുകളിലും കൺതടങ്ങളിലും കുർള എക്സ്പ്രസ്സ് ഊതിപ്പറത്തിയ കരിയും പുകയും പൊടിയും വന്നടിഞ്ഞ് ആകെ കരുവാളിച്ചുമിരുന്നു.

തലയിൽ തലോടിക്കൊണ്ട് അമ്മ കണ്ണീർ വാർത്തു: “എന്റെ മോനങ്ങ് ക്ഷീണിച്ചുപോയി.. നിനക്ക് അവിടെ കഴിക്കാൻ ഒന്നും കിട്ടുന്നില്ലേടാ..?”

ഹോസ്റ്റലിലെ ഭക്ഷണത്തിന്റെ വിശേഷങ്ങളൊക്കെ അമ്മയോട് ഞാൻ നൂറുവട്ടം പറഞ്ഞിട്ടുള്ളതാണ്. വീട്ടിലേക്ക് ഫോൺ ചെയ്യുമ്പോഴെല്ലാം അമ്മ ആദ്യം ചോദിക്കുന്നത് അന്ന് എന്താണ് കഴിച്ചതെന്നാണ്. അവിടം കൊണ്ടും നിർത്തില്ല. ഇന്നലെ എന്തായിരുന്നു? മെനിഞ്ഞാന്ന് എന്തായിരുന്നു? അത്താഴത്തിന് എന്തായിരുന്നു? പകലത്തേക്ക് എന്തായിരുന്നു? കറി എന്തൊക്കെ? മീൻ എന്തൊക്കെ? പറഞ്ഞതുതന്നെ പറഞ്ഞുപറഞ്ഞ് ഞാൻ സഹികെടും. ദേഷ്യപ്പെടും.. എല്ലാം കേട്ടുംകൊണ്ട് ‘എന്റെ മോൻ ഇച്ചിരി ഇറച്ചികൂട്ടി ചോറുകഴിച്ചിട്ട് എത്ര നാളായി’ എന്ന് പരിതപിക്കും.

“യാത്രാ ക്ഷീണത്തിന്റേതാണ്, കുളിച്ചൊന്ന് ഫ്രെഷ് ആകുമ്പോൾ ക്ഷീണമൊക്കെ മാറും” അഛൻ അമ്മയെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. എങ്കിലും അച്ഛനും തോന്നാതിരുന്നില്ല; ‘നല്ല ക്ഷീണമുണ്ട്. ഭക്ഷണം ശരിയാകാഞ്ഞിട്ടാണ്!’.

“നിനക്ക് ഇടയ്ക്കിടയ്ക് വടാപ്പാവ് മേടിച്ച് കഴിച്ചൂടായിരുന്നോ?”- മറന്നുപോയ ഒരു ഉപദേശമെന്ന എന്ന രീതിയിൽ അച്ഛൻ പറഞ്ഞു.

അമ്മ ചോദിച്ചു: “അതെന്താ, ഈ വടാപ്പാവ്?”

അതിനെക്കുറിച്ചു വിവരിക്കാൻ അഛൻ ചാരുകസേരയിൽ നിന്ന് മുന്നോട്ട് ആഞ്ഞ് നിവർന്നൊരു ഇരുത്തമിരുന്നു. എന്നിട്ട് ആംഗ്യ വിക്ഷേപങ്ങളോടെ വടാപ്പാവ് ഉണ്ടാക്കുന്ന വിധവും അത് തിന്നുന്ന രീതിയുമൊക്കെ സ്കൂളിലെ തന്റെ കുട്ടികളെ പഠിപ്പിക്കുന്നപോലെ നാടകീയ ശബ്ദത്തിൽ അഞ്ചു മിനിറ്റോളം വിശദീകരിച്ചു. അഛൻ പണ്ട് ഗൾഫിൽ പോകാനുള്ള ആഗ്രഹത്തിൽ ബോംബെയിൽ തെണ്ടിനടന്നിട്ടുണ്ട്. അന്ന് തന്നെ നിലനിർത്തിയത് വടാപ്പാവാണ്. ബോംബെയിൽ അഛന് അറിയാവുന്ന ഒരേയൊരു ആഹാരസാധനവും വടാപ്പാവ് തന്നെ.

ഒരു ബന്നിനകത്ത് ഒരു കിഴങ്ങു ബോണ്ട തിരുകിവെച്ച് രണ്ട് പച്ചമുളകും കടിച്ചുകൂട്ടി തിന്നേണ്ടുന്ന സാധനമാണ് ഈ വടാപ്പാവെന്ന് ഹ്രസ്വമായി മനസ്സിലാക്കിയ അമ്മയ്ക്ക് കലികയറി!

“ഹും! ഇതാണൊ വലിയ വടാപ്പാവ്?!!”

അമ്മ വിചാരിച്ചിരുന്നത് മിനിമം ഷവർമ്മ പോലെ എന്തെങ്കിലും ആണെന്നാണ്. ഇറച്ചി ഇല്ലാത്ത ഒന്നും ഇപ്പോഴിപ്പോ അമ്മ ഭക്ഷണമായിട്ട് കരുതുന്നു പോലുമില്ല. അപ്പോഴാണ് അച്ഛന്റെ ഒരു വടാപ്പാവ്!.

ഇന്നാള് ഒരിക്കൽ കോഴിക്കോട്ട് പോയപ്പോൾ വിടുത്തെ ഒരു റസ്റ്റോറന്റിൽ നിന്ന് അമ്മയ്ക്ക് ഷവർമ്മ വാങ്ങിക്കൊടുക്കേണ്ടിവന്നു. റെയിൽ വേ സ്റ്റേഷനിൽ നിന്ന് പാളയം സ്റ്റാന്റിലേക്ക് ഓട്ടോയിൽ പൊയ്ക്കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് ഷവർമ്മയുടെ മണം മൂക്കിലേക്ക്‌ ഇരച്ചു. ഞങ്ങളാരും അത് ശ്രദ്ധിച്ചിരുന്നില്ല. എന്നാൽ, പേരറിയാത്ത ഏതൊക്കെയോ മസാലകളിൽ കെട്ടിപ്പിടിച്ചുകിടന്ന് കോഴികൾ ഒന്നായി നീറുന്ന മണം അമ്മയെ സംബന്ധിച്ച് വ്യത്യസ്തവും മാസ്മരികവുമായ അനുഭൂതിയായിരുന്നു. അപ്പോൾത്തന്നെ അമ്മ ഓട്ടോ നിർത്തിച്ച് മണം വന്നിടത്തേക്ക് തിരിച്ചു വിടീച്ചു. മൂന്നുപേർക്കും ഷവർമ്മ ഓർഡർ ചെയ്തു. അന്ന് അത് ആസ്വദിച്ച് കഴിച്ചുകൊണ്ട് അമ്മ പറഞ്ഞു:

“ഹൊ! ഇത് മുന്തിയ ജാതിതന്നെ. അതിന്റെ പേരുപോലും കണ്ടില്ലേ, ഷ’വർമ്മ.”

പടവാളും കുന്തവും പ്രയോഗിക്കുന്ന ഒരേയൊരു തീറ്റസാധനം എന്ന് തിരിച്ചറിഞ്ഞതുകൊണ്ടാവാം പാതി കടിച്ച സാന്റ്-വിച്ച് മുഖത്തിന് അഭിമുഖമായി ഉയർത്തിപ്പിടിച്ചുകൊണ്ട് അമ്മ വിളബരം ചെയ്തു:

“ ക്ഷത്രിയനായ ഷ’വർമ്മ’! “

അച്ഛൻ കളിയാക്കി: “അപ്പോൾ ബോണ്ടയും പഴമ്പൊരിയുമൊക്കെ പുലയനും ഈഴവനുമാണോ?”

ഇറച്ചിയോടുള്ള അമ്മയുടേ ഇഷ്ടം പണ്ടുമുതലേ ഉള്ളതാണ്. ഇപ്പോൾ ഒരു നാലഞ്ച് കൊല്ലമായി അത് കൂടിയിട്ടുണ്ടെങ്കിലേയുള്ളൂ. വിദേശത്തുനിന്നുള്ള നിന്നുള്ള ഷവർമ്മയും ഷവായിയും മന്തിയും കെ എഫ് സിയുമൊക്കെ വഴിയരികിൽ മണം പരത്താൻ തുടങ്ങിയതിനു ശേഷമെന്ന് വേണമെങ്കിൽ പറയാം. അതോടുകൂടി ദോശ, ചമ്മന്തി, സാമ്പാർ ഇത്യാദി ഐറ്റങ്ങളോടൊക്കെ ഒരുജാതി വെറുപ്പും കാട്ടാൻ തുടങ്ങി.. നൂറുതരം ദോശ കിട്ടുന്നൊരു കട ടൗണിൽ തുറന്നിട്ടുണ്ടെന്നു പറഞ്ഞപ്പോൾ അമ്മയ്ക്ക് പുഛമായിരുന്നു:

“എടാ, കുറേ മാവ് കോരിയൊഴിച്ച്, അതിന്റെ മുകളിൽ തക്കാളി വാരിയിട്ടിട്ട് ടൊമാറ്റോ ദോശയെന്നും, കിഴങ്ങ് നിരത്തിയിട്ട് ഒനിയൻ ദോശയെന്നും, മുളകുപൊടി വിതറിയിട്ട് ചില്ലി ദോശയെന്നും പറഞ്ഞാൽ ദോശ ദോശയല്ലാതാകുമോ? അങ്ങനെ നൂറുതരം ദോശ ഉണ്ടാക്കാൻ ആർക്കാ പറ്റാത്തെ? നിനക്കു വേണോ, ഇന്നു വേണമെങ്കിൽ ഞാൻ കടുക് ദോശ ഉണ്ടാക്കിത്തരാം.. ഒരു വെറൈറ്റിയ്ക്ക്. വേണോ?”

അമ്മ ഇത്തരം വെല്ലുവിളികൾ തുടങ്ങിയാൽ പിന്നെ ഞാനും അഛനും ഒരക്ഷരം മിണ്ടില. മിണ്ടിയാൽ പുതിയ വാദങ്ങളുമായി വരും. ഇറച്ചിക്കറികളിലാണ് ഒരു കുക്കിന്റെ വൈഭവം മുഴുവൻ ഇരിക്കുന്നത്, ഇറച്ചികൊണ്ടുള്ള വിഭവങ്ങളുടെ വൈവിധ്യം മറ്റൊന്നിനുമില്ല, ഓരോ പ്രദേശത്തേയും ഓരോ രാജ്യത്തേയും ഓരോ വിഭാഗത്തിന്റേയും ഇറച്ചിക്കറികൾ വെവ്വേറേ ആയിരിക്കും, ഫുഡിന്റെ ചരിത്രത്തിൽ നിന്ന് ഇറച്ചി നീക്കം ചെയ്താൽ പിന്നെ വെറും എല്ലും തോലും മാത്രമേ ബാക്കിയുണ്ടാവൂ... ഇങ്ങനെ പ്രഭാഷണ ഭാഷയിൽ നീളും വാദങ്ങൾ..

അമ്മയ്ക്കാവട്ടെ, ഫാറ്റി ലിവർ ഉണ്ടെന്ന് കണ്ടെത്തിയിട്ട് മൂന്നാലു കൊല്ലത്തോളമായി.. അടിവയർ ചെറുതായി തൂങ്ങിയിട്ടുണ്ട്. ഇറച്ചിതീറ്റ കാരണം വന്നതാണ്. എന്നിട്ടും വല്ല കണ്ട്രോളും ഉണ്ടോ? ഇല്ല! അച്ഛൻ ഇടയ്ക്കിടെ ഉപദേശിക്കും:

“എടീ നീ ഈ ഇറച്ചി കഴിക്കൽ ഒന്നു കുറയ്ക്ക്..”

അമ്മ പറയും : “മരിക്കുന്നെങ്കിൽ ബീഫ് തിന്ന് മരിക്കണം. മിനിമം പശു കുത്തിയെങ്കിലും മരിക്കണം”

“നിന്റെ തീറ്റ ഉടനേ നിൽക്കും.. ഗവണ്മെന്റ് കേരളത്തിലും മാട്ടിറച്ചി നിരോധിക്കാൻ പോകുവാ” അഛൻ ഭീഷണിപ്പെടുത്തും.

അമ്മയ്ക്ക് അത് തമാശയാണ്. ‘ഗവണ്മെന്റിന് അന്ത്രമാനെ നിരോധിക്കാൻ പറ്റില്ലല്ലോ?’ എന്നു പറയും. അന്ത്രമാൻ നാട്ടിലെ ഇറച്ചിവെട്ടുകാരനാണ്. “മാനത്ത് പുറ കാണുന്ന കാലത്തോളം അന്ത്രമാൻ പോത്തിനെ വെട്ടും’ എന്നൊരു ആത്മവിശ്വാസം അമ്മയ്ക്കുണ്ട്..

ഞാൻ ചെന്ന ദിവസം പെരുന്നാൾ ആയിരുന്നതുകൊണ്ട് അന്നത്തേയ്ക്ക് എനിക്ക് എന്തു വെച്ചുണ്ടാക്കിത്തരും എന്ന അങ്കലാപ്പൊന്നും അമ്മയ്ക്ക് ഉണ്ടായിരുന്നില്ല. ‘അയലത്തെ റസിയേടേം ജമീലേടേം ജാരിയത്തിന്റേം വീട്ടീന്ന് കൊണ്ടുവന്ന അരിപ്പത്തിരിയും നല്ല സൂപ്പർ ഇറച്ചിക്കറിയും ഇരിപ്പുണ്ട്. ഉച്ചയാകുമ്പോൾ അവർ ബിരിയാണി കൊണ്ടുവരും. ഇതൊക്കെ ആരു തിന്നു തീർക്കും’ എന്ന ആശങ്കയേ ഉണ്ടായിരുന്നുള്ളൂ.

ഞാനും അഛനും അമ്മയും കൂടിയാണ് ഭക്ഷണം കഴിക്കാനിരുന്നത്. പാത്രം തുറന്നപ്പോൾ പത്തിരിയിൽ നിന്നും ബീഫ് കറിയിൽ നിന്നും ആവി പൊന്തി. പെരുന്നാൾ വീട്ടിലാകെ നിറയുന്നതുപോലെ തോന്നി.

എല്ലുകൾ കടിച്ചൂറിക്കൊണ്ട് അമ്മ പറഞ്ഞു : “ഞാൻ ഉണ്ടാക്കിയാൽ ഇത്രയ്ക്കങ്ങോട്ട് ശരിയാകാറില്ല. റസിയേം ജമീലേം ഒക്കെ എന്തോ സ്പെഷ്യലായിട്ട് ചേർക്കുന്നുണ്ട്..”

ഞാൻ അമ്മയെ സപ്പോർട്ട് ചെയ്തു: “ശരിയാ, മുസ്ലീങ്ങൾടെ ഇറച്ചിക്കറിയാണ് ഇറച്ചിക്കറി..” പിന്നെ ബാലൻസ് ചെയ്തു : “ എന്നുവെച്ച് അമ്മ ഉണ്ടാക്കുന്നത് മോശമെന്ന് പറയാൻ പറ്റില്ല”

പിടികിട്ടാത്ത സ്പെഷ്യൽ ചേരുവയെക്കുറിച്ച് ഞങ്ങൾ കുറച്ചുനേരം കൂടി സംസാരിച്ചു. അമ്മ കറിയെടുത്ത് നാവിൽ വെച്ച് കണ്ണുകളടച്ച് കുറച്ചുനേരം നുണഞ്ഞ് ഇൻഗ്രീഡിയൻസ് എന്തൊക്കെയെന്ന് വേർതിരിച്ചറിയാൻ ഒരു ശ്രമം നടത്തി. ‘ഒന്നും ക്ലിയറാകുന്നില്ല’.

ചതയം വരേയും വീട്ടിലെ പ്രധാന വിഭവം മാട്ടിറച്ചി ആയിരുന്നു. പെരുന്നാൾ തുടങ്ങി ചതയം വരെ നീണ്ട ഒരാഴ്ചയോളം എത്രയെത്ര മാടുകളാണ് അന്ത്രമാന്റെ കടയിൽ മരണം ആഘോഷിച്ചത്. അവയുടെ ആത്മാവിന് ഇഞ്ചിയും പച്ചമുളകും വെളുത്തുള്ളിയും മസാലകളും ചേർന്ന് മോക്ഷം നൽകും എന്നാണ് വിശ്വാസം. അതുകൊണ്ട് മനസ്സാക്ഷിക്കുത്ത് ഉണ്ടാവേണ്ട കാര്യമില്ല. കൂടാതെ, വെളിച്ചെണ്ണയിൽ കിടന്ന് മൊരിയുമ്പോഴല്ലാതെ ഒരാഹ്ലാദ സ്വരവും ആടുമാടുകൾ പുറപ്പെടുവിക്കാറില്ലല്ലോ.

ചതയം കഴിഞ്ഞ് രണ്ടാമത്തെ ദിവസം വെള്ളിയാഴ്ചയാണ് തിരിച്ചു പോകേണ്ടത്. അമ്മ മുമ്പലെ ദിവസം മുതൽ എനിക്ക് തന്നുവിടാനുള്ള ഭക്ഷണ സാധനങ്ങൾ ഉണ്ടാക്കുന്ന തത്രപ്പാടിലും തിരക്കിലുമാണ്. കുറച്ച് ബീഫ് എടുത്ത് നേരത്തേ അച്ചാറിട്ടു വെച്ചിട്ടുണ്ട്. വറുത്തു തന്നുവിടാൻ രണ്ടുകിലോ ബീഫ് വാങ്ങാൻ പറഞ്ഞിട്ട് അച്ഛൻ കൂട്ടാക്കുന്നില്ല:

“എടീ നീ അവനെ കൊലയ്ക്ക് കൊടുത്തേ അടങ്ങുള്ളോ?”

“ഓ.. ഇത്തിരി ഇറച്ചി വറുത്തത് അച്ചാറിന്റേം ചിപ്സിന്റേം ഇടയിൽ വെച്ചാൽ ആരും അറിയാൻ പോകുന്നില്ല, അതല്ലെങ്കിൽ വേറേ ഒരു സൂത്രപ്പണിയുണ്ട്”

“നീ ഇതെന്തറിഞ്ഞിട്ടാണ്?, സൗദിയിലേക്ക് ബ്രൗൺ ഷുഗർ കടത്തുന്നതിനേക്കാൾ ഭീകരമാണ് ഉത്തരേന്ത്യയിലേക്ക് ബീഫ് വറുത്തു കൊണ്ടുപോകുന്നത്!.”

“ഓ.. നമ്മടെ ആളുകളെ അവരൊന്നും ചെയ്യില്ല’

വാക്കുതർക്കങ്ങൾ നീണ്ടുപോയി.. അമ്മയെ പറഞ്ഞു മനസ്സിലാക്കുന്നതിൽ അച്ഛൻ ഒരുകാലത്തും വിജയിച്ചിട്ടില്ല. വിജയിക്കാത്ത യുദ്ധം നയിക്കുന്നതെന്തിനെന്നു കരുതി അച്ഛൻ അമ്മയുടെ പക്കലുള്ള സൂത്രപ്പണി എന്താണെന്ന് ആരാഞ്ഞു. കൂർമ്മ ബുദ്ധിയായ അമ്മയുടെ കയ്യിൽ എന്തെങ്കിലും ആക്ഷൻ പ്ലാൻ കാണാതിരിക്കില്ലെന്ന് അറിയാമായിരുന്നു.

പുറത്തൊരു നിറവും അകത്ത് മറ്റൊരു നിറവും നിറച്ച് കാപട്യം കൊണ്ട് വീർത്തുപൊട്ടാറായ ഒരു തണ്ണിമത്തനെ ചുറ്റിപ്പറ്റിയുള്ളതായിരുന്നു ആ ആക്ഷൻ പ്ലാൻ. തണ്ണിമത്തനിൽ നിന്ന് ഒരു ചെറിയ വാതിൽ വെട്ടി മാറ്റുക. അകത്തു നിന്ന് ചുവപ്പ് ചുരണ്ടിയെടുക്കുക. ഇറച്ചി വറുത്തതും ബീഫ് അച്ചാറും പോളിത്തീൻ കവറിലാക്കി ഉള്ളിലേക്ക് തിരുകുക. ശേഷം വെട്ടിയെടുത്ത വാതിൽ കൊണ്ട് അടയ്ക്കുക. ജോയിന്റിൽ സെല്ലോ ടേപ്പുകൊണ്ട് ഒട്ടിക്കുക.

“ഗോ രക്ഷകല്ല, അവന്റെ കീച്ചിപ്പാപ്പ വന്നാൽ പോലും കണ്ടുപിടിക്കാൻ പറ്റില്ല”

“എടീ, അവർ പട്ടിയെക്കൊണ്ട് മണപ്പിച്ച് കണ്ടുപിടിക്കും”

“കൊങ്കൺ റെയിൽ വേയിൽ ഗോ രക്ഷകിന് ഡോഗ് സ്ക്വാഡ് ഇല്ല. നിലവിൽ ഹിമാചൽ പ്രദേശിൽ മാത്രമാണു ആ സിസ്റ്റം ഉള്ളത്” - അമ്മ ഇതേപ്പറ്റി ഒരു റിസർച്ചു തന്നെ നടത്തിയിരുന്നു എന്നറിഞ്ഞ് എന്റെ പോലും കണ്ണുതള്ളിപ്പോയി.

തണ്ണിമത്തൻ ഹാൻഡ് ബാഗിൽ ഭദ്രമാക്കി വെക്കുമ്പോൾ അച്ഛൻ പറഞ്ഞു : “ഇതിന്റെ പുറത്തുകയറി ഇരിക്കതെ നോക്കണം”

അമ്മ ധൈര്യം തന്നു : “അങ്ങനെയിങ്ങനെയൊന്നും പൊട്ടത്തില്ല; മോൻ പേടിക്കാതെ പോ..”

കാസർഗോഡ് വരെയും ഉല്ലാസ യാത്രയായിരുന്നു . തണ്ണിമത്തൻ സൂക്ഷിച്ച ബാഗ് ആരെയും കൂസാതെ ബെർത്തിൽ സുഖമായിരുന്നു മയങ്ങി. കാസർഗോഡ് കഴിഞ്ഞപ്പോൾ മുതൽ ഒരു മോഷ്ടാവ് തൊണ്ടിമുതൽ നോക്കുന്നതുപോലെ ഇടയ്ക്കിടെ എന്റെ കണ്ണുകൾ അതിന്റെ ഭദ്രതയെപ്പറ്റി വ്യാകുലപ്പെട്ടുകൊണ്ടിരുന്നു. ഒപ്പം ആ സെക്ഷനിലെ ഉറങ്ങുന്നവരും ഉണർന്നിരിക്കുന്നവരുമായ ആളുകളേയും ശ്രദ്ധിക്കാൻ തുടങ്ങി. ഉറങ്ങുന്നവർ യഥാർഥത്തിൽ തന്നെ ഉറങ്ങുകയാണോ? അതോ അവർ ഇടയ്ക്കിടെ ഏറുകണ്ണിട്ട് എന്റെ ബാഗിനെ സംശയത്തോടെ നോക്കുന്നുണ്ടോ? ഇടനാഴിയിലൂടെ ഇടയ്ക്കിടെ തിരക്കിട്ടു നടക്കുന്നവർ എന്നിൽ ഉൾക്കിടിലം ഉണ്ടാക്കിക്കൊണ്ടിരുന്നു.. താഴെ സീറ്റിലിരിക്കുന്ന, കയ്യിൽ ചുവപ്പു ചരടുകെട്ടിയ മൂന്നാല് ചെറുപ്പക്കാർ... അവരാണോ ഗോരക്ഷകർ? അവരുടെ ജോലി ഇനിയും തുടങ്ങാനിരിക്കുന്നതേയുള്ളോ? സ്വസ്ഥത നഷ്ടപ്പെട്ടിരിക്കുന്നു. ഇതൊന്നും വേണ്ടിയിരുന്നില്ലെന്ന് തോന്നി.

ശീലമായിക്കഴിഞ്ഞാൽ പിന്നെ ഒന്നും പ്രശ്നമല്ലല്ലോ. പ്രത്യേകിച്ച് ഭയം പെട്ടെന്ന് അപ്രത്യക്ഷമാകും. ഇറാഖിലെയും അഫ്ഗാനിലേയും ഒക്കെ കുട്ടികൾ പീരങ്കികൾക്കിടയിൽ സാറ്റ് കളിക്കുന്നത് കണ്ടിട്ടില്ലേ? ആ പ്രതിഭാസം ഇവിടെയും സംഭവിച്ചു. വണ്ടി കാർവാർ സ്റ്റേഷൻ കടക്കുമ്പോഴേക്ക് ഹൃദയമിഡിപ്പ് നേരേയായിരുന്നു. മഡ്‌ഗാവിൽ എത്തിയപ്പോൾ ബാഗ് ബർത്തിൽ ഉപേക്ഷിച്ചിട്ട് പുറത്തുപോയി കുപ്പിയിൽ വെള്ളം നിറയ്ക്കാനും കട്‌ലറ്റും കാപ്പിയും വാങ്ങിക്കുടിക്കാനും പോലും ധൈര്യമുണ്ടായി. വീണ്ടും ആനന്ദത്തിന്റെ വേളകൾ തിരിച്ചു വന്നു. കുറച്ചുനേരം ഹെഡ് ഫോൺ കുത്തി പാട്ടുകേട്ടുകൊണ്ടിരുന്നു. മടുത്തപ്പോൾ ‘മഞ്ഞവെയിൽ മരണങ്ങൾ’ വായിക്കാൻ തുടങ്ങി.

ഒന്നുരണ്ട് സ്റ്റേഷനുകളിൽ വണ്ടി കുറേ നേരം പിടിച്ചിട്ടു. അപ്പോഴേക്ക് യാത്രക്കാർ ഓരോരുത്തരായി ഉറക്കമായിരുന്നു. എനിക്കും ഉറക്കം വരുന്നുണ്ട്. അതിനുമുമ്പ് മുഖവും കയ്യും കാലുമൊക്കെ ഒന്നു കഴുകണം. ബാഗ് തുറന്ന് തണ്ണിമത്തൻ എടുത്ത് ബെർത്തിന്റെ സൈഡിൽ വെച്ച് ഉള്ളിൽ എവിടെയോ ഉള്ള തോർത്തിനായി പരതി. ഒടുവിൽ തോർത്ത് വലിച്ചൂരിയെടുക്കുമ്പോൾ കൈ തട്ടി തണ്ണിമത്തൻ താഴെ വീണു. അത് ഉരുണ്ട് ഇടനാഴിക്ക് നടുവിൽ ഇരിപ്പായി. വെപ്രാളപ്പെട്ട് ചാടിയിറങ്ങി മുന്നോട്ട് ഓടിത്തിരിഞ്ഞതും നിയന്ത്രണം കിട്ടിയില്ല. അറിയാതെ അതിൽ ഒരു തട്ടു തട്ടി. കിക്ക് കൊണ്ട ഫുട് ബോൾ പോലെ അത് കോറിഡോറിലൂടെ ഉരുണ്ടു. തടഞ്ഞു നിർത്താനായി ഞാൻ പിറകേ ഓടി. പിന്നീട് നടന്നതെല്ലാം നാടകീയമായ രംഗങ്ങളായിരുന്നു.

അതാ അങ്ങേത്തലയ്ക്കൽ തണ്ണിമത്തനെ തന്റെ കാലിന് അടിയിലാക്കി ഗോളിയെപ്പോലൊരാൾ. വണ്ടി ഒരു ഇന്റർമീഡിയേറ്റ് സ്റ്റേഷൻ കടന്നുപോയി. അവിടെനിന്നുള്ള വെളിച്ചത്തിൽ അയാൾ കൂടുതൽ പ്രകാശിക്കുകയും പൊടുന്നനെ മങ്ങുകയും ചെയ്തു. യാത്രക്കാരുടെ നീട്ടിവെച്ച കാലുകൾക്കിടയിലൂടെ ഒരുവിധം ഞാൻ അടുത്തെത്തി. ട്രെയിൻ ഒരു നദി മുറിച്ചുകടക്കാനായി കൂടുതൽ ശബ്ദത്തിൽ കിതച്ചു. ഭയം കൊണ്ട് എന്റെ ചങ്ക് അതിനേക്കാൾ ശബ്ദത്തിൽ മിടിക്കാൻ തുടങ്ങി. അടുത്തുചെന്ന് ഗോളിയെ ഞാൻ ശ്രദ്ധിച്ചു നോക്കി...

ഹോ.. ആശ്വാസം! അത് സുരേന്ദ്രനായിരുന്നു..

“സുരേട്ടാ…”

സുരേന്ദ്രൻ പതിയെ കുനിഞ്ഞ് തണ്ണിമത്തൻ കയ്യിലെടുത്ത് എനിക്ക് നീട്ടി. ഞാൻ ആവേശത്തോടെ അത് തട്ടിയെടുക്കാൻ ആഞ്ഞതും എന്തോ ഓർത്തിട്ടെന്നപോലെ അയാൾ അത് പിൻവലിച്ചു.

“ഇതെന്താടാ ഇത്ര ഭാരക്കുറവ്?”

ഞാൻ ഒന്നും പറഞ്ഞില്ല. സുരേന്ദ്രൻ അതിന്റെ പുറത്ത് തല്ലിനോക്കി പൊള്ളയാണോ എന്ന് ശ്രദ്ധിച്ചു. തേങ്ങ കുലുക്കുന്നതുപോലെ കുലുക്കി നോക്കി. എന്നിട്ട് ആകെ ഉരുട്ടിയും തിരിച്ചും നോക്കി. തണ്ണിമത്തന്റെ വാതിലിൽ ഒട്ടിച്ച സെല്ലോടേപ്പ് അയാളുടെ ശ്രദ്ധയിൽ പെട്ടു. അപ്പോഴേക്ക് നിലത്ത് പത്രം വിരിച്ച് മദ്യപാനത്തിൽ ഏർപ്പെട്ടിരുന്ന മൂന്നുപേർ എഴുന്നേറ്റു വന്നു. അവരോട് സുരേന്ദ്രൻ പറഞ്ഞു:

“യേ ഖുൽ കേ ദേഖോ.. “

ഒരുവന്റെ കയ്യിൽ നിന്ന് ‘ക്ലിക്ക്’ എന്ന ശബ്ദത്തോടെ ഒരു കത്തി ചാടിയെഴുന്നേറ്റു. തണ്ണിമത്തന്റെ വാതിൽ അവൻ കുത്തിപ്പുറത്തെടുത്തു. ഉള്ളിലേക്ക് ഉറ്റുനോക്കി അവൻ പറഞ്ഞു:

“ഇസ്കാ അന്തർ കുച്ച് ഹൈ”

“നികാൽ കേ ദേഖോ” ഇതുപറഞ്ഞുകൊണ്ട് സുരേന്ദ്രൻ ഭയം കൊണ്ടു വിറയ്ക്കുന്ന എന്റെ കയ്യിൽ പിടുത്തമിട്ടു. ഞാൻ ഓടിക്കളഞ്ഞെങ്കിലോ..

പുറത്തെടുക്കാതെ തന്നെ അതിനുള്ളിൽ ബീഫാണെന്ന് അവർ മണത്തറിഞ്ഞു. കത്തിക്കാരൻ തണ്ണിമത്തൻ രണ്ടായി പിളർത്തി. അപ്പോഴേക്കും അതിനുള്ളിലെ പാഴ്സലുകൾ താഴെ വീണിരുന്നു. ഇത് കണ്ടതും മറ്റു രണ്ടുപേർ കലിപൂണ്ട് പാഞ്ഞുവന്ന് “ തേരീ മാക്കീ ഛൂത്..” എന്ന് ആക്രോശിച്ചുകൊണ്ട് വലതു ഭാഗത്തെ ഭിത്തിയിൽ ചാരി നിർത്തി എന്നെ മർദ്ദിക്കാൻ തുടങ്ങി. അതുവഴി വന്ന ഒരു യാത്രക്കാരൻ ഈ സംഘർഷം കണ്ടിട്ടും കാണാത്തപോലെ ധൃതിയിൽ ടൊയിലറ്റിൽ കയറി കതകടച്ചു. അവർ എന്നെ വാതിലിനരികിലേക്ക് പിടിച്ചു വലിച്ചു. പുറത്തേക്ക് വലിച്ചെറിയുമെന്ന് തോന്നി. ഉടനേ കത്തിക്കാരൻ വന്ന് മറ്റു രണ്ടുപേരെയും മാറ്റി നിർത്തി എന്നെ തിരികെ ഭിത്തിയിലേക്ക് ചേർത്തു നിർത്തി കഴുത്തിൽ കത്തിവെച്ചു. എന്റെ കണ്ഠമുഴ ജീവനു വേണ്ടി മുകളിലേക്കും താഴേക്കും പരക്കം പാഞ്ഞു. ഞാൻ "അമ്മേ.." എന്ന് അലറിക്കരഞ്ഞു.

എന്റെ കരച്ചിൽ കേട്ടിട്ടാവണം, സുരേന്ദ്രൻ ഇടപെട്ട് കത്തിക്കാരനെ പിന്നിലേക്ക് വലിച്ചു. ശേഷം ക്രൂരമായ മുഖഭാവം നിലനിർത്തിക്കൊണ്ട് ചോദ്യം ചെയ്യാൻ ആരംഭിച്ചു.

പേരു തെളിയിക്കാൻ എന്റെ ഐഡന്റിറ്റി കാർഡും ആധാർ കാർഡും കാണിച്ചുകൊടുക്കേണ്ടിവന്നു. അമ്മയുടെ പേര് Aisha യെന്നും അച്ഛന്റെ പേര് പ്രമോദ് എന്നും ആണെന്നുകണ്ട് ‘ലൗ ജിഹാദിൽ ഉണ്ടായതാണോ?’’ എന്ന് സുരേന്ദ്രൻ പരിഹസിച്ചു. ഒടുവിൽ ആയിഷയല്ല, ഐഷ എന്നാണ് അമ്മയുടെ പേരെന്നും അമ്മ ഒരു ഹിന്ദു തറവാട്ടിലേതാണെന്നും മൊബൈൽ ഫോണിൽ ഉണ്ടായിരുന്ന കുറച്ച് ഫോട്ടോകളുടെ സഹായത്താൽ എങ്ങനൊക്കെയോ പറഞ്ഞു മനസ്സിലാക്കി.

പിന്നെയും ചെറിയ പീഡനങ്ങൾക്കും ഭീഷണികൾക്കും ശേഷം എന്തായാലും എന്നെ പോകാൻ അനുവദിച്ചു. ക്ഷീണിച്ച് അവശനായി തിരികെ ബെർത്തിൽ വന്നു കിടക്കുമ്പോഴും നെഞ്ച് പടപടാ മിടിക്കുന്നുണ്ടായിരുന്നു. സഹയാത്രക്കാർ എല്ലാവരും ഉറക്കമാണ്. സംഭവം ആരും അറിഞ്ഞിട്ടില്ല. ഇനി ഇതറിയുമ്പോൾ അവരെല്ലാവരും കൂടി എന്താവും ചെയ്യുക എന്നോർത്തിട്ടുള്ള ടെൻഷൻ വേറെ.

അടുത്ത സ്റ്റേഷനിൽ വണ്ടി നിർത്തിയപ്പോൾ സുരേന്ദ്രനും കൂട്ടാളികളും ഇപ്പുറത്തെ വാതിലൂടെ ഇറങ്ങിപ്പോയി. അവർ കടന്നു പോകുമ്പോൾ മദ്യത്തിന്റേയും ബീഫിന്റേയും സമ്മിശ്ര ഗന്ധം അവിടൊക്കെ പരന്നു. സുരേന്ദ്രൻ എന്നെ രൂക്ഷമായൊന്നു നോക്കി. അയാൾ പുറത്തേക്കിറങ്ങുമ്പോൾ അണപ്പല്ലുകൾക്കിടയിൽ നിന്ന് എന്തോ ഊരിയെടുത്ത് വീണ്ടും വായിലിട്ട് ചവയ്ക്കുന്നുണ്ടായിരുന്നു..

വളരെ അവശനായാണ് ഞാൻ റൂമിൽ എത്തുന്നത്. ചെന്നപാടേ കിടക്കാനാണ് തോന്നിയത്. യാത്ര കഴിഞ്ഞെത്തിയ വിവരം പറഞ്ഞ് വീട്ടിലേക്ക് വിളിക്കാറുള്ളതാണ്. പക്ഷേ, ഇപ്പോൾ ഒന്നിനും തോന്നുന്നില്ല. വെളിയിൽ എവിടെയോ പോയിരുന്ന ഹിന്ദിക്കാരൻ അല്പ സമയം കഴിഞ്ഞപ്പോൾ റൂമിലെത്തി. വിശേഷങ്ങൾ ചോദിക്കും മുമ്പ് അപ്പോൾ വായിച്ചുകൊണ്ടിരുന്ന ഒരു വാട്ട്സാപ്പ് പോസ്റ്റ് വിശദീകരിക്കുവാനായിരുന്നു അവന് താല്പര്യം. ‘സാലേ ലോഗ്’ ബീഫ് കടത്തുന്നത് എങ്ങനെയൊക്കെയാണ് എന്ന് ബോധവത്കരിക്കുന്ന ഒരു പോസ്റ്റായിരുന്നു അത്. അതിൽ ഭൂഗോളം രണ്ടായി പിളർന്നതുപോലെ ഒരു തണ്ണിമത്തൻ.. അതിന്റെ ഒരു പാതിയിൽ അമ്മയുടെ ശരീരം ഒരു പോളിത്തീൻ കവറിൽ നുറുങ്ങിക്കിടന്നിരുന്നു..

No comments: