10/19/17

റൗണ്ട് ‘N’ റൗണ്ട്

Bujair PK യുടെ പോസ്റ്റുകൾ കണ്ടപ്പോൾത്തൊട്ടു തുടങ്ങിയതാണു ചെക്കനു സൂക്കേട്:

സൈക്കിളു വേണം!.

“വാപ്പാ.. സൈക്കിളു വാങ്ങിത്തരുന്നോ ഇല്ലേ?”

“എടാ നീ നാലു മാസം മുമ്പ് ഒരു ബുള്ളറ്റ് മേടിച്ചതല്ലേയുള്ളൂ.. പിന്നെ നിനക്കെന്തിനാ ഇപ്പം സൈക്കിള്?”

“ഉമ്മാ.. ഒന്നു പറഞ്ഞ് മനസ്സിലാക്കിക്കൊട്”

ഉമ്മ മനസ്സിലാക്കിക്കൊടുത്തു : “മനുഷ്യാ, നിങ്ങളു തന്നെയാണ് പറയുമ്പം പറയുമ്പം ഓരോന്നു വാങ്ങിക്കൊടുത്ത് ഇവനെ വഷളാക്കിയത്..”

അവന്റെ ഉമ്മ പറഞ്ഞത് എത്ര ശരിയാണ് എന്നെനിക്കറിയില്ല. ഒന്നറിയാം; ചെക്കൻ ചെറുപ്പം മുതലേ ഇങ്ങനെയായിരുന്നു. ഓരോ സമയത്ത് ഓരോന്നിലും കമ്പം കേറും. കുറേക്കാലം പാട്ടു പഠിക്കാൻ പോണമെന്നു പറഞ്ഞ് ബഹളമായിരുന്നു. അങ്ങനെ പാട്ടു പഠിക്കാൻ പോയി. ഒരാഴ്ചയെടുത്തില്ല; സരിഗമ മടുത്തു. പിന്നീട് ഗിറ്റാർ പഠിക്കാൻ പോയി. അതുപിന്നെ രണ്ടുമൂന്ന് മാസം പോയെന്നു വെക്കാം. ക്ലാസ്സ് കഴിഞ്ഞ് വീട്ടിൽ വന്നിരുന്ന് വായിക്കും. ‘തുഛേ ദേഖാ തോ യെ ജാനാ സനം..” പക്ഷേ അത് കഴിഞ്ഞുള്ള വരിയിലെത്തും മുമ്പ് അതും നിർത്തി. ഗിറ്റാർ ക്ലോക്കിനടുത്തായി ആണിയടിച്ചു തൂക്കി.അതിൽ ഇപ്പോൾ ആദികാലത്ത് കുടിയേറിയ ഒരു പല്ലിയുടെ പതിനൊന്നാം തലമുറ കൂട്ടുകുടുംബമായി താമസിക്കുന്നു.രാത്രിയാകുമ്പോൾ മൂന്നാലു വയസ്സൻ പല്ലികൾ ഗിറ്റാറിന്റെ ഹോളിനു വെളിയിലേക്ക് തലയിട്ട് ഫാനിന്റെ കാറ്റുള്ളാൻ വന്നിരിക്കും.

ഗിറ്റാറു പഠിത്തമെല്ലാം ഒരു വഴിയ്ക്കായിക്കഴിഞ്ഞ് കരാട്ടെ പഠിക്കാൻ പോയി. സ്കൂളിലെ കൂട്ടുകാരായ രാജീവനും അരുണും കരാട്ടെ പഠിക്കുന്നത്രേ! കരാട്ടേ ക്ലാസ്സുകഴിഞ്ഞ് വീട്ടിൽ വന്നുള്ള കാട്ടായമൊക്കെ ഒന്നു കാണണമായിരുന്നു!. പറമ്പിലെ അധികം പ്രായമാവാത്ത വാഴകളെയൊക്കെ പഞ്ച് ചെയ്തും മുതുകിനു ചവിട്ടിയും തലകുനിപ്പിച്ചു. ചായ്പ്പിന്റെ മേൽക്കൂരയിൽ നിന്ന് ഓടുകൾ ഓരോന്നായി ഊരിക്കൊണ്ടു വന്ന് തല്ലിപ്പൊട്ടിച്ചു. അക്കാലത്ത് അവനോട് ആരെന്തു പറഞ്ഞാലും കാലുകൊണ്ടു മാത്രമേ അനുസരിക്കുമായിരുന്നുള്ളൂ.. ‘എടാ, ആ ജനൽ ഒന്നടച്ചേ’ എന്നു പറഞ്ഞാൽ ചാടി ഉയർന്ന് ഒറ്റൊറ്റച്ചവിട്ടാണ്. അടഞ്ഞാൽ അടഞ്ഞു!

കുറഞ്ഞ കാലം കൊണ്ട് അവന്റെ കിടപ്പുമുറിയിലെ ഭിത്തികൾ കാൽപ്പാടുകൾ കൊണ്ട് നിറഞ്ഞു. യാ..ഹൂ.. വാ...

Yellow Belt കിട്ടിയക്കഴിഞ്ഞ് ഒരു മാസം കൂടി ക്ലാസ്സിനു പോയി. ശേഷം ബെൽറ്റ് ഊരി ഉമ്മായുടെ മുന്നിൽ വെച്ച് വണങ്ങി: ഹുസ്സ്….!!

ശരീരമൊക്കെ ഒന്നു ദൃഡപ്പെട്ടു വരുന്ന സമയമായപ്പോഴാണ് ജിമ്മിനു പോയിത്തുടങ്ങുന്നത്.. ദിനം പ്രതി അവിടവിടെയായി മുഴച്ചു വരുന്ന ശരീരം കണ്ടിട്ട് പ്രേമിക്കുന്ന പെണ്ണു പറഞ്ഞു അവൾക്ക് ജയറാമിനെപ്പോലെ പതുപതുത്ത ശരീരമാണ് ഇഷ്ടമെന്ന്. അതോടെ അതും നിർത്തി.

അങ്ങനെ ഓരോ സീസണിൽ ചെക്കന് ഓരോരോ കമ്പമാണ്. കിളിയെ വളർത്തൽ, അക്വേറിയം, പൂന്തോട്ടം തുടങ്ങിയവയ്ക്കു ചെലവിട്ട കാശ് വെച്ചു നോക്കുമ്പോൾ മേൽപ്പറഞ്ഞ കമ്പങ്ങൾക്കൊന്നും അത്ര പൈസ ആയിട്ടില്ലെന്നു പറയാം. ഇതിൽ പല കമ്പങ്ങളും ദുരന്തങ്ങളിൽ പര്യവസാനിച്ചു.. കിളികളിൽ കുറേ എണ്ണം വെള്ളം കിട്ടാതെ മരിച്ചു. കുറേ എണ്ണത്തിനെ ചേര പിടിച്ചു. ബാക്കി ഉണ്ടായിരുന്ന ഒരെണ്ണത്തിനെ കഷ്ടം തോന്നിയിട്ട് അവന്റെ വാപ്പാതന്നെ തുറന്നുവിട്ടു. മുറ്റത്തെ മാവിൻ കൊമ്പിൽ വന്നിരുന്ന് ദയനീയമായൊരു നോട്ടം നോക്കിയിട്ട് അത് എങ്ങോട്ടോ പറന്നുപോയി.

പൂന്തോട്ടമെല്ലാം ഫലമില്ലാത്ത ഏതൊക്കെയോ വള്ളിച്ചെടികൾ കയറി നശിച്ചു.  അക്വേറിയത്തിലെ മീനുകൾ തീറ്റ കിട്ടാതെ പരസ്പരം വിഴുങ്ങി.. ടാങ്കിലെ വെള്ളമാവട്ടെ, പെയിന്ററന്മാർ ബ്രഷ് കഴുകുന്ന ബക്കറ്റിലേതുപോലായി.

അവന്റെ വാപ്പ ഗൾഫീന്ന് ജോലി മതിയാക്കി വന്നപ്പോൾ കിട്ടിയ പൈസയിൽ കുറച്ചെടുത്തിട്ടാണ് ബുള്ളറ്റ് വാങ്ങുന്നത്. ഏറ്റവും ചെലവേറിയ ‘കമ്പം പ്രൊജക്ടും’ അതായിരുന്നു. കയ്യിൽ പൈസ ഇരിക്കുമ്പോൾ അതിനു തക്ക ചെലവും വരുമല്ലോ. ബുള്ളറ്റ് വാങ്ങിയ ചെലവ് പിന്നെയും സഹിക്കാമായിരുന്നു. അതിന്റെ അനുബന്ധ ചെലവുകളാണ് താങ്ങാൻ പറ്റാതിരുന്നത്. ആഴ്ചയിൽ ആഴ്ചയിൽ ടൂറു പോക്കാണ്. ആദ്യമാദ്യം വീട്ടുകാരും എതിർത്തില്ല. പോകട്ടെ, ലോകം കണ്ടു പഠിക്കട്ടെ.. ജീവിതം പഠിക്കട്ടെ..! അവർ ഉദ്ദേശിച്ചപോലായിരുന്നില്ല. അവൻ മിടുക്കനായിരുന്നു. വെറും മൂന്നു മാസത്തിനുള്ളിൽ മൂന്നാറിനും വയനാട് ചുരത്തിനും ഒക്കെ അപ്പുറത്തും ലോകമുണ്ടെന്നും അത് അങ്ങ് ഷില്ലോംഗ് വരെ പരന്നു കിടക്കുകയാണെന്നും അവൻ മനസ്സിലാക്കി. ആഴ്ചകളോളം നീണ്ടുനിന്ന പ്രയാണങ്ങൾ..

അവന്റെ വാപ്പായെ കണ്ടുകണ്ട് വീട്ടിനടുത്തുള്ള എ ടി എമ്മിന് ബോറടിച്ചു തുടങ്ങി. അങ്ങനെയിരിക്കുമ്പോഴാണ് പുതിയ കമ്പം. സൈക്കിളു മേടിച്ചു കൊടുക്കാൻ..

“നീ ഒരു കാര്യം ചെയ്യ്, ഷെഡ്ഡിലിരിക്കുന്ന ആ ഹെർക്കുലീസ് റിപ്പയർ ചെയ്തെടുത്തോ..”

“ഹയ്യേ..!! ഉമ്മാ… പറഞ്ഞു കൊട്!!”

“മനുഷ്യാ.. പിള്ളേരൊക്കെ ചവിട്ടുന്ന പുതിയ തരം സൈക്കിളുണ്ട്. ഗിയറൊക്കെ ഉള്ള… അല്ല്യോടാ?”

“ഹ്മ്..”

അയാൾ ഓർത്തുനോക്കിയപ്പോൾ സംഗതി തരക്കേടില്ല. ഒരു സൈക്കിൾ വാങ്ങിക്കൊടുത്താൽ പിന്നെ കുറച്ചുനാളെങ്കിൽ കുറച്ചുനാൾ അതും കൊണ്ട് നടന്നോളും. ഷില്ലോംഗ് വരെയുള്ള അവന്റെ ലോകം ഈ പഞ്ചായത്തിനുള്ളിലേക്ക് ചുരുങ്ങും. ചെലവു കുറയും. ഒരു സൈക്കിളിനു കൂടിവന്നാൽ മൂവായിരം രൂപ ആകുമായിരിക്കും..

“ഒരു കാര്യം ചെയ്യ്, നീ ഷർട്ടെടുത്തിട്.. നമുക്കൊന്ന് പോയി നോക്കാം”

‘റൗണ്ട് ‘N’ റൗണ്ട്’ സൈക്കിൾസിന്റെ എൻട്രൻസിൽത്തന്നെ ഹാന്റിൽ വളഞ്ഞുപുളഞ്ഞ ഒരു സൈക്കിൾ ഡെക്കറേറ്റ് ചെയ്ത് ഡിസ്പ്‌ളേ ചെയ്തിട്ടുണ്ട്. അയാൾ ആദ്യം നോക്കിയത് അതിന്റെ ഓഫർ ബോർഡിലേക്കാണ്. ‘Before 1.9L Now 1.75L!!’. സെയിൽസ് മാനോട് ചോദിച്ചു : “എന്തോന്നാ ഈ 1.75 L?

“ വൺ ലാക്ക് സെവന്റി ഫൈവ് തൗസന്റ് റുപ്പീസ്.. സാർ....”

വാപ്പ മകനെ ദയനീയമായൊന്നു നോക്കി. അല്പം കരുണയ്ക്കായി യാചിക്കുന്നപോലെ.. അവനോ, എത്ര ദയാലു! 27,500 രൂപയുടെ മഞ്ഞക്കരയുള്ളൊരു സൈക്കിളിലേക്ക് ചൂണ്ടി അയാളെ ഒരു പൊട്ടിക്കരച്ചിലിന്റെ വക്കിൽ നിന്ന് രക്ഷിച്ചു.. ചുരിദാർ വാങ്ങുമ്പോൾ പെൺകുട്ടികൾ അതിനു പറ്റിയ വളയും കമ്മലും മാലയും സ്ലൈഡും വാങ്ങുന്നപോലെ കുറേ ആക്സസ്സറീസും വാങ്ങി. അതിനെല്ലാം കൂടി പിന്നൊരു പതിനയ്യായിരമായി. ട്രൗസർ, ഷൂ, സോക്സ്, ഹെൽമെറ്റ്, ജാക്കറ്റ്…! അയാളുടെ ഷർട്ടിന്റെ പോക്കറ്റിരുന്നിടം വല്ലാതെ മിടിച്ചു.

ഇത്തിരി പൈസ മുടക്കിയെങ്കിലെന്താ, പ്രതീക്ഷിച്ചപോലെല്ലാം സംഭവിക്കുന്നെന്ന് വാപ്പായ്ക്ക് തോന്നി. ബുള്ളറ്റിനെ ഉപേക്ഷിച്ച് പുതിയ കമ്പത്തിൽ അവൻ വ്യാപൃതനായി. ട്രൗസറും ജാക്കറ്റും വലിച്ചുകേറ്റി ഹെൽമറ്റും തലയിൽ ഫിറ്റ് ചെയ്ത് രാവിലെയും വൈകിട്ടും സൈക്കിളുമെടുത്തുകൊണ്ടിറങ്ങും. അതേ കോലത്തിലുള്ള കൂട്ടുകാരുമൊത്ത് നാലു കിലോമീറ്റർ അങ്ങോട്ടും നാലു കിലോമീറ്റർ ഇങ്ങോട്ടും ചവിട്ടും. പ്ലസ് ടൂ പെൺപിള്ളേരെക്കാണുമ്പോൾ ചെറുതായൊന്നു സ്ലോ ചെയ്യും. വൈകും നേരം സർക്കീട്ടൊക്കെ കഴിഞ്ഞ് തിരിച്ചു വന്ന് സൈക്കിൾ തുടച്ചു വൃത്തിയാക്കി ബെഡ് റൂമിൽ കൊണ്ടുവെച്ച് സ്വന്തം പുതപ്പെടുത്ത് അതിനെ മൂടി നോക്കി നോക്കിക്കിടന്ന് മയങ്ങും.

ഒരാഴ്ച കഴിഞ്ഞപ്പോൾ അനുബന്ധച്ചെലവ് വന്നു.

“വാപ്പാ, രണ്ടായിത്തെണ്ണൂറു രൂപ വേണം”

“ഹ്മ്..??”

“ഉമ്മാ… പറഞ്ഞു കൊട്!”

“അവനു ക്ലബ്ബിൽ ചേരാനാ.. എന്താടാ ക്ലബ്ബിന്റെ പേര്?”

“കായംകുളം പെഡലേഴ്സ്”

അങ്ങനെ പെഡലേഴ്സിൽ ചേർന്നു. നാലഞ്ചു ദിവസം കഴിഞ്ഞപ്പോൾ പിന്നേം വന്നു. നാലായിരം കൂടി വേണം. എയിഡ്സിനെതിരേ സൈക്കിൾ ചവിട്ടുന്നു. തിരുവനന്തപുരം മുതൽ കോഴിക്കോടുവരെ. ഭക്ഷണവും മറ്റു വട്ടച്ചെലവുകളും ഉണ്ട്. കൂടാതെ രെജിസ്ട്രേഷൻ ഫീയും.

“സൈക്കിൾ ചവിട്ടിയാൽ എയിഡ്സ് മാറുവോ?”

“ഇത് ബോധവത്കരണച്ചവിട്ടലാണ്”

പൈസയും വാങ്ങിച്ചുകൊണ്ട് അവൻ എയിഡ്സിനെതിരേ പുറപ്പെട്ടു. ക്ലബ്ബിന്റെ വക വാട്സാപ്പിൽ വന്ന നിർദ്ദേശപ്രകാരം റൈഡേഴ്സ് എല്ലാവരും സൈക്കിളുമായി തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരണം.. ദൂരെയുള്ളവർ ട്രെയിനിൽ യാത്രചെയ്തു വന്നാൽ മതിയാവും. കോഴിക്കോടുവരെ ചവിട്ടാനുള്ളതുകൊണ്ട് എനർജി വെറുതേ പാഴാക്കേണ്ടതില്ല. അവനും അതൊക്കെ അനുസരിച്ചു.

റെയിൽ വേ സ്റ്റേഷനു സമീപം സൈക്ലിസ്റ്റുകളുടെ അത്യാവശ്യം വലിയൊരു കൂട്ടം തന്നെ ഉണ്ടായിരുന്നു. ഫേസ്ബുക്കിൽ മിന്നി നിൽക്കുന്ന സൈക്ലിസ്റ്റുകളെ അവൻ ആരാധനയോടെ നോക്കി. ബുജൈറിന്റെ കൈ പിടിച്ച് മുസാഫാത്ത് ചെയ്തു.

കൃത്യം ഏഴുമണിയ്ക്കുതന്നെ ചവിട്ട് ആരംഭിച്ചു. 80 മണിക്കൂറുകൊണ്ട് 400 കിലോമീറ്റർ ചവിട്ടണം. പലരും പറയുന്നതുകേട്ടു : ‘സിമ്പിൾ ടാസ്ക്’!

കഴക്കൂട്ടം വരെ നല്ല രസമായിരുന്നു..
അവിടുന്ന് തോന്നയ്ക്കൽ വരെ രസമായിരുന്നു..
അവിടുന്ന് ചെമ്പക മംഗലം വരെ തരക്കേടില്ലായിരുന്നു.
അവിടുന്ന് ആറ്റിംഗൽ വരെ മോശം പറയാൻ പറ്റില്ല.
അവിടുന്ന് കല്ലമ്പലം വരെ എങ്ങനൊക്കെയോ പോയി..
പാരിപ്പള്ളി എത്തിയപ്പോഴേക്കും കാലൊക്കെ വലിഞ്ഞു മുറുകി..
കല്ലുവാതുക്കൽ എത്തിയപ്പോഴേക്കും ചന്തി ഒരു പരുവമായി..
ചാത്തന്നൂർ എത്തിയപ്പോഴേക്ക് നാശം! വരേണ്ടിയിരുന്നില്ലെന്ന് തോന്നി

ഒരുവിധം വലിഞ്ഞുവലിഞ്ഞ് കൊല്ലത്തെത്തി. അപ്പോഴേക്കും രാത്രിയായിരുന്നു. കൂടെയുള്ളവരൊക്കെ എവിടെയാണോ ആവോ. എന്തായാലും അന്നവൻ അവിടൊരു ലോഡ്ജിൽ താമസിച്ചു. രാവിലെ ആയപ്പോൾ കാലൊക്കെ നല്ല വേദന. ഒരുവിധം എഴുന്നേറ്റ് കുളിച്ച് ഡ്രസ്സ് ചെയ്ത് റിസപ്ഷനിൽ ചെന്നപ്പോൾ ഇന്നലത്തെ റൈഡേഴ്സിന്റെ കൂട്ടം ലോഡ്ജിന്റെ മുറ്റത്ത് അടുത്ത ഘട്ടത്തിനു റെഡിയായി നിൽക്കുന്നു. പിന്നെ വല്ല രക്ഷയുമുണ്ടോ? അവിടുന്ന് അടുത്ത ഘട്ടം തുടങ്ങി. ഏന്തിയും വലിഞ്ഞും ചവിട്ടി. ക്ഷീണിച്ചു തളരുമ്പോൾ മോരും വെള്ളം വാങ്ങിക്കുടിച്ചു. ദാഹിച്ചു വലയുമ്പോൾ സോഡാ സർബത്ത് കുടിച്ചു. വിയർപ്പുകൊണ്ട് ജാക്കറ്റും ട്രൗസറുമൊക്കെ മുങ്ങി. വെയിലുകൊണ്ട് ദേഹം കരിഞ്ഞുണങ്ങി. ഒടുവിൽ ഒരുവിധത്തിൽ നീണ്ടകരയെത്തി.

ഭാഗ്യത്തിനാണ്‌‌ അവിടെനിന്ന് കായം കുളത്തേക്ക് ഒരു മീൻ ലോറി കിട്ടുന്നത്‌‌. സൈക്കിളെടുത്ത് മീൻ കൊട്ടയ്ക്കു മുകളിലേക്കെറിഞ്ഞു. കായംകുളത്തുന്ന് ഒരു പെട്ടിയോട്ടോ പിടിച്ച് സൈക്കിൾ അതിന്റെ പിറകിൽ കെട്ടിവെച്ച് വീട്ടുമുറ്റത്ത് വന്നിറങ്ങി. വാപ്പ അപ്പോൾ വാഴയ്ക്ക് തടമെടുക്കുകയായിരുന്നു.

മുറ്റത്ത് വന്നിറങ്ങിയ ആളെക്കണ്ട് ചോദിച്ചു: “ആരാ?”

“വാപ്പായ്ക്ക് എന്നെ മനസ്സിലായില്ലേ?”

വാപ്പാ പറഞ്ഞു: “നിനക്കുതന്നെ നീ ആരാണെന്ന് മനസ്സിലായിട്ടില്ല; അപ്പോപ്പിന്നെ ഞാനെങ്ങനെ അറിയാനാ?”

No comments: