ഈ പാവം പാൻ മസാല എന്തുപിഴച്ചു? പാവപ്പെട്ട വാർക്കപ്പണിക്കാരന്റേയും മത്സ്യത്തൊഴിലാളികളുടേയും കൊല്ലന്റേയും ആശാരിയുടേയും വർക്ക്ഷോപ്പ് മേസ്തരിയുടേയും ചുണ്ടിനു കീഴെ ആശ്വാസമായി നിലകൊണ്ട ഈ പാവം ഹൻസും ഗണേശും ശംഭുവും ചാണ്ടിയോട് എന്തു പാതകം ചെയ്തു?

ഉപയോഗിക്കുന്നവന് ചില്ലറ ബുദ്ധിമുട്ടുകളുണ്ടാക്കുന്നുവെന്നല്ലാതെ അവന്റെ കൂട്ടുകാർക്കോ വീട്ടുകാർക്കോ യാതൊരു ഉപദ്രവുമുണ്ടാക്കാത്ത, താരതമ്യേന ഉപദ്രവം കുറഞ്ഞ ഈ പാൻമസാലകളുടെ തോളിൽ തന്നെ വേണോ കുതിര കേറാൻ?. ഉപയോക്താവിനൊപ്പം അവനോട് സഹകരിക്കുന്നവർക്കും പ്രകൃതിക്കും ദോഷകരമായി ഭവിക്കുന്ന പനാമ, സിസ്സേഴ്സ്, വിത്സ്, ചാർമിനാർ തുടങ്ങിയ തറവാടികളായ ബ്രാന്റുകളെ ഉമ്മൻ ചാണ്ടി സർക്കാരിന് പേടിയാണോ? ഒരാൾ സിഗററ്റ് വലിക്കുമ്പോൾ നൂറു ശതമാനവും പുക അയാൾ പുറത്തേക്കാണ് വമിപ്പിക്കുന്നത്. ബസ്റ്റാന്റിലും സിനിമ തിയേറ്ററിലും റെയിൽവേസ്റ്റേഷനിലും ഒക്കെ നിന്ന് വലിക്കുന്നവർ നിരപരാധികളിലേക്കു കൂടി നിക്കോട്ടിൻ പ്രസരിപ്പിക്കുന്നവരാണ്. മദ്യമാവട്ടെ, കുടുംബത്തിനും സമൂഹത്തിനും എന്നും തീരാശാപമായി നിൽക്കുന്നു. എന്നിട്ടും ഇതൊന്നും കാണാത്ത ഉമ്മൻ ചാണ്ടി, പാവപ്പെട്ടവന്റെ പോക്കറ്റിൽ തിരുകിവെച്ചിരിക്കുന്ന ശംഭുവിന്റെ കവർ മാത്രം കണ്ടു പിടിച്ചിരിക്കുന്നു.. കഷ്ടം!!
കണ്ടുപിടിക്കപ്പെട്ടവയിൽ ഏറ്റവും യൂസർ ഫ്രണ്ട്ലി ആയിട്ടുള്ള ‘ലഹരി’ പദാർഥങ്ങളാണ് ശംഭുവും ഹൻസും ഗണേശുമൊക്കെ. പാൻമസാലകളിലെ ‘ഖൈനി’ എന്ന അവാന്തര ഗണത്തിൽ പെടുന്ന ഇവ ‘തമ്പാക്കിൽ’ നിന്ന് പരിണമിച്ചുണ്ടായവയാണ്. ചുണ്ണാമ്പിൽ മിക്സ് ചെയ്താണ് തമ്പാക്ക് ഉപയോഗിക്കുന്നതെങ്കിൽ ഖൈനി പ്രീ-മിക്സ് ചരക്കാണ്. 3മില്ലി മീറ്റർ മാത്രം കനമുള്ള വർണ്ണക്കവറുകളിൽ ഇവ ലഭ്യമായതിനാൽ പാന്റിന്റേയോ ഷർട്ടിന്റേയോ പോക്കറ്റിന്റെ ഒരു മൂലയിൽ ഒതുങ്ങിയിരുന്നുകൊള്ളും. ഉപയോഗിക്കാനാണെങ്കിൽ വളരെ എളുപ്പം. സിഗററ്റു വലിയിൽ ലൈറ്റർ കൊണ്ടു നടക്കുക, ഇല്ലെങ്കിൽ തീ തപ്പിപ്പോകുക തുടങ്ങിയ മെനക്കേടുകളുണ്ടെങ്കിൽ ഖൈനി ഉപയോഗിക്കാൻ വെറുതേ കൈവെള്ളയിൽ എടുത്ത് ഒന്നു ഞെരടിയ ശേഷം ചുണ്ടിനടിയിൽ നിക്ഷേപിച്ചാൽ മാത്രം മതി. പുറമേയുള്ള ആരും അറിയാതെ തന്നെ ലഹരി ആസ്വദിക്കാമെന്ന സൌകര്യമാണ് മറ്റൊന്ന്. അഛന്റേയോ അമ്മാവന്റേയോ മുന്നിൽ പോലും അവരോടുള്ള സ്നേഹാദരങ്ങൾക്ക് കോട്ടം തട്ടാതെ ലഹരി ആസ്വദിക്കാനാവുന്നതാണ്. ചുണ്ട് ഭാഗം സ്വാഭാവികമായും അല്പം വീർത്തു നിൽക്കുമെങ്കിലും അല്പം ശാസ്ത്രീയമായ രീതിയിൽ സാധനം ചുണ്ടിനടിയിൽ വിന്യസിച്ചാൽ ഒറ്റക്കുഞ്ഞും തിരിച്ചറിയുകയില്ല. എന്നാൽ കൂടുതൽ അടുത്തുചെന്ന് സ്നേഹപ്രകടനങ്ങൾക്കോ കുശലാന്വേഷണങ്ങൾക്കോ ഉപയോക്താവ് ശ്രമിക്കുകയാണെങ്കിൽ സാധനത്തിന്റെ വാസനകാരണം പണി പാളിയെന്നു വരാം. തിയേറ്ററിലോ ബസ്റ്റാന്റുകളിലോ അതുപോലെയുള്ള മറ്റ് പൊതു ഇടങ്ങളിലോ മറ്റാർക്കും ഒരു ശല്യമാവാതെ പോലീസിനെയോ അധികാരികളേയോ പേടിക്കാതെ കൂളായി ലഹരി ആസ്വദിക്കാനാവുമെന്ന ശ്രദ്ധേയമായ സവിശേഷതയും ഖൈനികളുടെ പ്രത്യേകതയാണ്. പെട്രോൾ പമ്പുകൾ, തീപിടിക്കാനും പടരാനും സാധ്യതയുള്ള ഇൻഡസ്ട്രിയൽ ഏരിയകൾ, കൺസ്ട്രക്ഷൻ സൈറ്റുകൾ തുടങ്ങിയ മേഖലകളിലെ സേഫ്റ്റി പരിഗണിക്കുമ്പോൾ ഇവിടങ്ങളിലെ തൊഴിലാളികൾ സിഗററ്റിനേക്കാൾ തമ്പാക്കുകളേയും ഖുഡ്ക്കകളേയും ആശ്രയിക്കുന്നത് സ്വാഭാവികം മാത്രം. ജോലിക്കിടയിലും ജോലിയെ ബാധിക്കാതെ ലഹരി ആസ്വദിക്കുകയുമാവാം.

സിഗററ്റ് മാഫിയയുടെ കയ്യിൽ നിന്ന് കാശ് വാങ്ങിയിട്ടാണോ ഉമ്മൻ ചാണ്ടി ഇത്തരം നിരോധനങ്ങൾ നടപ്പാക്കാൻ തുനിയുന്നതെന്ന് സംശയിച്ചുപോവുകയാണ്.
പാൻ മസാലകൾ നിരോധിക്കുന്നതുകൊണ്ട് എന്താണ് സംഭവിക്കാൻ പോകുന്നത്? അത് ഉപയോഗിച്ചിരുന്നവർ സിഗററ്റിലേക്ക് ചേക്കേറുകയാവും ഫലം. സത്യത്തിൽ ലഹരിയുടെ 'ചെലവ് കൂട്ടുക'മാത്രമാണ് സർക്കാർ ചെയ്യുന്നത്. മാണിസാർ സിഗററ്റിന് കഴിഞ്ഞ ബഡ്ജറ്റിൽ നികുതി കൂട്ടിയത് കൂട്ടി വായിക്കുക. ബോധവത്കരണ പ്രഹസനങ്ങൾ കേരളീയ സമൂഹത്തിൽ ഏശാൻ പോകുന്നില്ലെന്ന് ഏത് മാണിക്കും അറിയാവുന്ന വസ്തുതയാണ്. ചാരായ നിരോധനാനന്തര കാലങ്ങളിലാണ് വിദേശ മദ്യത്തിൽ റെക്കോഡ് വില്പന കേരളം രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നതെന്നത് നമുക്കു മുന്നിലുള്ള വസ്തുതയാണ്. ചാരായം കുടിച്ചിരുന്നവരെ വിദേശ മദ്യം കുടിപ്പിച്ചുവെന്നല്ലാതെ എന്ത് ലഹരി വിരുദ്ധ പ്രവർത്തനമാണ് ഇവിടെ നടന്നത്. ഇതു തന്നെയാണ് പാൻമസാല നിരോധനത്തിലും സംഭവിക്കുന്നത്.
കത്തിക്കുന്നതെന്തും വിറ്റു കാശാക്കുക എന്നതായിരിക്കാം കോണ്ഗ്രസ്സിന്റെ നയം. കേന്ദ്രത്തിൽ മൻമോഹൻ സർക്കാർ പെട്രോൾ വിറ്റ് കാശാക്കുന്നു. കേരളത്തിൽ ഉമ്മൻ സിഗററ്റ് വിക്കാൻ നോക്കുന്നു...
അതല്ലാതെ എന്തെങ്കിലും സാമൂഹിക പ്രതിബദ്ധത ഉമ്മൻ ചാണ്ടിക്കുണ്ടെന്ന് കരുതാൻ വയ്യ!