കയർ പിരി റാട്ടിന്റെ ഒച്ച കേട്ടുണരുന്ന
ഒരുകൊച്ചു ഗ്രാമമാണെന്റെ ഗ്രാമം
വളവുകളി*ലഴുകിയ തൊണ്ടിൻ പരിമളം
വായുവിൽ തങ്ങുന്ന നല്ല ഗ്രാമം.
കോഴികൾ കൂവട്ടെ കൂവാതിരിക്കട്ടെ
കൊച്ചുമ്മ കാലത്തു നാലിനെഴുന്നേറ്റ്
കുട്യോളെ മൂന്നിനേം കുത്തിയെണീപ്പിച്ച്
കട്ടൻ കുടിച്ചിട്ട് പിരി** തുടങ്ങും.
കൂടെപ്പിരിക്കുന്ന മൂത്തമോൾ ഷാഹിന
കറക്കിക്കൊടുക്കുന്ന നടുവത്തവൾ
ആറാട്ടുപുഴേന്നൊന്നു പോയാ മതിയെന്ന്
പാതിയുറക്കിൽ കിനാവു കാണും.
അവിടെയാ മൈതാന നടുവിലായ് വെയിലത്ത്
പിരിതീർന്ന കയറുകൾ മാടി***യടുക്കുന്ന
കൈലിയുടുത്തയാളാണെന്റെ കൊച്ചാപ്പ.
ഹസൻ കുഞ്ഞ് കൊച്ചാപ്പ.
കഥകൾ പറഞ്ഞും കയറുപിരിച്ചും
തൊണ്ടുകൾ തല്ലി ച്ചോറുകളഞ്ഞും
ചോറിനു വേണ്ടത് താറ്റി****യെടുത്തു
കൊച്ചാപ്പായുടെ കൊച്ചു കുടുംബം.
------------------------------------------------------------------
കായലിൽ മുങ്ങിക്കുളിച്ചു വന്ന സ്വർണ നാരിഴകൾ
രണ്ടു റാട്ടുകൾക്കിടയിൽ ഗർഭം ചുമന്ന
പെണ്ണിൻ കൈത്തഴമ്പുകളിലൂടൂർന്ന്
ഭ്രമണങ്ങളിൽ ഇണചേർന്നൊ-
ന്നായ് തീർന്ന, ഇഴകളുടെ രണ്ടറ്റങ്ങൾ
എന്തിനോ കലഹിച്ച് മുഖാമുഖം വിടർന്നു നിന്നു..
-----------------------------------------------------------------
ഒരിഴ ഇണയായ മറ്റിഴയോടുചൊല്ലി
നാമിരുവരുമിനിപ്പിരിയേണ്ട മരിക്കുവോളം.
പിന്നെയവരൊരുമിച്ച് വെയിൽ കാഞ്ഞു..
മഴയിൽ ടാർപ്പായ പുതപ്പിച്ചു കൊച്ചാപ്പ.
നാലഞ്ചു നാളുകൾ കൂടിക്കഴിയവേ
ഇഴകൾ ബന്ധം കടുപ്പിച്ച വേളയിൽ
മുടി*****കളായെണ്ണി പകുത്തുവെച്ചു
മുടിചീകിക്കെട്ടി അടുക്കിവെച്ചു.
കായൽ നിലാവിൽ കുളിച്ചൊരു രാത്രിയിൽ
കരക്കാറ്റ് നന്നായ് വീശുന്ന യാമത്തിൽ
കയർ സൊസൈറ്റിക്കാരാരോരുമറിയാതെ
കയറുകൾ ആലപ്പുഴക്കു പോയി.
അവിടൊരു മോലാളി മുഠാളനായവൻ
തൂക്കിയളന്നിട്ടവരെ വാങ്ങി.
പിന്നീട് പീഡന താഡനമേറ്റവർ
ഫാക്ടറിക്കട്ടിലിൽ തളർന്നുറങ്ങി.
പിറ്റേന്നു രാവിലെ രാസ ദ്രവങ്ങളിൽ
മുക്കി സ്വത്വത്തിന്റെ നീരകറ്റി.
ചായത്തിൽ മുങ്ങിയ കോമാളിയായവർ
കാറ്റത്തയകളിലയഞ്ഞുലഞ്ഞു..
----------------------------------------------------------
ചർക്കയിൽ നന്നായ് വരിഞ്ഞുകെട്ടി
രൂപങ്ങൾ ഭാവങ്ങളൊക്കെ മാറ്റി
ചന്തത്തിൽ കത്തിയ്ക്കരിഞ്ഞെടുത്തു
കയ്യും കാലുമുടലും പലരാജ്യത്തിനായ്
എങ്കിലും പിരിയാതെയായിഴകൾ
കാലു കാലോടും ഉടൽ ഉടലോടും
ഹൃദയം ഹൃദയത്തോടുമൊട്ടി
യാത്ര ചെയ്തൂ പല ദിക്കിലേക്ക്.
അവിടങ്ങളിൽ അവർ ചവിട്ടേറ്റ്
സ്വാഗതമോതിക്കിടന്നു പുറം തിണ്ണയിൽ
ചുവപ്പിൽ വരച്ച ഹൃദയത്തിൻ ചിഹ്നം മങ്ങി.
പാദസ്പർശങ്ങളിൽ ശാപമോക്ഷങ്ങൾ തേടി
പുണർന്നു കിടന്നൂ കൊച്ചാപ്പാ തൻ സ്വർണ നൂലിഴത്തുണ്ടുകൾ.
കാലങ്ങൾ മാറി കവിതകൾ മാറി
ഭൂലോകം ബൂലോകമായി മാറി
യന്ത്രങ്ങൾ മുഷ്ടി ചുരുട്ടി വിളിച്ചു
ഈങ്ക്വിലാബ് സിന്ദാബാദ്..
കായലിലഴുകാതെ തല്ലുകൾ കൊള്ളാതെ
ഫർണസിൽ ഉരുകിയ പ്ലാസ്റ്റിക്കു ലായനി
മിനുങ്ങുന്ന കയറായ് ഒലിച്ചിറങ്ങി
ഈ ലോക മാർക്കറ്റ് വരിഞ്ഞു കെട്ടി.
പച്ചയിൽ നീലയിൽ വിപ്ലവച്ചുവപ്പിൽ
മഞ്ഞയിലങ്ങനെ പലവർണ്ണങ്ങളിൽ
ഓരോകടയുടെ മൂലാന്തരങ്ങളിൽ
ചുരുണ്ടു നാഗങ്ങൾ പ്ലാസ്റ്റിക് കയറുകൾ.
വേലികൾ കെട്ടുവാൻ കൊടികളൂയർത്തുവാൻ,
ഓണം പ്രമാണിച്ചൊരൂഞ്ഞാലു കെട്ടുവാൻ
എന്തിന് തേങ്ങാക്കുലകൾക്കു പോലും
താങ്ങായി മാറിയീ പ്ലാസ്റ്റിക്കു കയറുകൾ.
ചകിരിക്കയറുകൾ കഥയായി മാറി.
ഒട്ടിയ വയറുകൾ കഥ പറഞ്ഞു..
ഉന്തിയ വയറുകൾ കേട്ടു നിന്നു.
കായലിൽ വരണ്ടൊരു കാറ്റു വീശി.
കാറ്റ് വറവിന്റെ കോട്ടുവായ് പോൽ
കറങ്ങിയടിച്ചിടവഴികളിലൊക്കെയും.
കപ്പയും ചുട്ട ഉണക്കമീനും
ബിരിയാണി പോലെ കഴിച്ച കാലം.
അക്കാലമൊക്കെയും ഹസങ്കുഞ്ഞു കൊച്ചാപ്പ
കുണുക്കിട്ടു ചീട്ടു കളിച്ചു പോന്നു.
അന്തി മയങ്ങിയാൽ സൊസൈറ്റിത്തിണ്ണയിൽ
തച്ചിനു കാജാ വലിച്ചു തള്ളി.
ചുവപ്പു കൊടികൾ ചുവചുവന്നൂ
നിയമസഭ വരെ മാർച്ചു ചെയ്തു
സമരപ്പാർട്ടികൾ വിളിച്ചു കൂകി
“താഴെയിറങ്ങൂ സർക്കാരേ..”
പറഞ്ഞതു പോലവർ താഴെയിറങ്ങി
കൂകിവിളിച്ചവർ മുകളിലേറി
മുദ്രാവാക്യം വിളികളൊടുങ്ങി
പട്ടിണി മാത്രം ശേഷിച്ചു.
-----------------------------------------------------------------
കോട്ടിട്ടയാളുകൾ ഒപ്പിട്ടു ഗാട്ടുകൾ
പൂട്ടിക്കിടന്നു ചെറു ഫാക്ടറികൾ
പൂട്ടാതെ കിടന്നുഴുനിലങ്ങൾ
എങ്ങും പട്ടിണി ആത്മഹത്യ..
ആന്ധ്രയിൽ ബീഹാറിൽ ബംഗാളിലങ്ങനെ
എങ്ങും പെരുകുന്നു ആത്മഹത്യ.
ഇങ്ങു വയനാട്ടിലും പാലക്കാട്ടും
പടർന്നു പനി പോലെ ആത്മഹത്യ..
വാർത്തയിൽ കൊച്ചാപ്പ കാജാപുകയ്ക്കവേ
ബീഡിപ്പുകയിലൊരു വഴി തെളിഞ്ഞു..
കേൾക്കുകിൽ ഏവരും ഞെട്ടിത്തരിച്ചിടും
എന്താണെന്നറിയുമോ? “ ആത്മഹത്യ”!!
കൊച്ചാപ്പാ ബാങ്കിൽ പ്രൊജക്ട് വെച്ചു
കാലു പിടിച്ചൊരു ലോണെടുത്തു.
വീട്ടുമുറ്റത്തൊരു ഷെഡ്ഡടിച്ചു
‘മോക്ഷം കയേഴ്സെ‘ന്നു പേരുമിട്ടു.
റാട്ടുകൾ ദിനവും കറങ്ങി വീണ്ടും
ആത്മഹത്യയ്ക്കുള്ള കയറൊരുങ്ങി.
കുരുക്കുകൾ കെട്ടിശരിപ്പെടുത്തി
ഡമ്മിയിലിട്ടൊന്നു തൂക്കി നോക്കി
റെഡിമെയ്‌ഡ് കയറുകൾ പായ്ക്കു ചെയ്തു
കൂട്ടഹത്യക്കുള്ള ഫാമിലി പായ്ക്കുകൾ
പ്രത്യേകമെണ്ണി തിരിഞ്ഞു വെച്ചു
“ഉപയോഗിക്കേണ്ട വിധ”മതിൻ പിറകിലായ്
പല ഭാഷയിൽ പ്രിന്റു ചെയ്തിരുന്നു.
“കയറുകൾ ജീവനു ഹാനികരമെന്ന”
അറിയിപ്പും ചെറുതായടിച്ചിരുന്നു.
കൊച്ചാപ്പ പെട്ടെന്നുയർന്നു വന്നു
“മോക്ഷം” കയറുകൾ കിട്ടാത്ത ഷോപ്പുകൾ
ഇന്ത്യയിൽ നന്നേ കുറഞ്ഞു വന്നു.
“ പ്രകൃതിയിലേക്കു മടങ്ങുകിൽ സോദരാ
“പ്രകൃതിയിലേക്കു മടങ്ങുക നീ“യെന്ന
‘മോക്ഷ‘ത്തിൻ സുന്ദര മോട്ടോയിൽ -
കൃത്രിമ പ്ലാസ്റ്റിക് ചലഞ്ച് തളർന്നുപോയി
ആയുർവേദത്തിന്റെ സാധ്യതയൊക്കെയും
കയറിൽ പരീക്ഷിച്ചു ബുദ്ധിപൂർവ്വം.
രാമച്ചം ഇൻലേ ചെയ്ത കുടുക്കുകൾ
അമേരിക്കക്കൊക്കെ യാത്രയായി.
പരീക്ഷാ റിസൾട്ടറിയുന്ന നേരത്ത്
കുട്ടിക്കഴുത്തിനു പാകമാം പാകത്തിൽ
ഓവർടൈം നിന്നു പുറത്തിറക്കി
മെഴുകുപുരട്ടിയ കുഞ്ഞിക്കുടുക്കുകൾ.
റിസഷന്റെ കാലത്ത് തൂങ്ങിയൊരു സായിപ്പ്
താങ്ക്സ് പറഞ്ഞോണ്ട് കത്തെഴുതി.
GMC പൂട്ടിയ വേളയിൽ കൊച്ചാപ്പ
കായംകുളത്തൊരു ബെൻസ് എടുത്തു.
ആസിയാനിലൊപ്പിടീപ്പിക്കുവാൻ കൊച്ചാപ്പ
ഒരുകോടി കോഴകൊടുത്തെന്നു കേട്ടു
പക്ഷേ അറിയുമോ, നിസ്വനാം കൊച്ചാപ്പ
അങ്ങനെയൊന്നും ചെയ്യുകില്ല.
ഒടുവിൽ കണ്ടപ്പോൾ കൊച്ചാപ്പ പറഞ്ഞു..
“ മോനേ, കയറുകൾ മാത്രമാണ് ഞാൻ ഉണ്ടാക്കിയത്. പക്ഷേ അതിൽ കുടുക്കുകളിട്ടത് ഭരണകൂടമാണ് . അതിന്റെ കരാറുകളാണ്. അതുകൊണ്ടെന്താ, കയറുകൾ ഇന്നും ജീവിക്കുന്നു, പിന്നെ ഈ ഞാനും.“
അങ്ങനെ മറ്റു മരണങ്ങളിൽ ജീവിച്ചു കയറുകൾ.
എന്റെ പ്രിയപ്പെട്ട കൊച്ചാപ്പയും.