11/18/09

പാഠം-3 ചുരളീധരന്റെ തൊലി(ക്കട്ടി)


ചുരളീധരന്റെ തൊലിയുടെ പരിഛേദം (ചിത്രം 1.2.1)

മുകളിൽ കാണിച്ചിരിക്കുന്നത് രാഷ്ട്രീയത്തിലെ അതി കായികാഭ്യാസിയും പാരമ്പര്യമായി എം.എൽ.എ മാരെയും എം.പി മാരെയും വാർത്തെടുക്കുന്ന കുടുംബത്തിലെ അംഗവുമായ ശ്രീമാൻ ചുരളീധരന്റെ തൊലി(ക്കട്ടി)യുടെ നെടുകെ ഛേദിച്ച ഭാഗമാണ്. കയ്യിൽ കിട്ടിയാൽ കുറുകെ ഛേദിച്ചേനെ എന്ന് അസൂയപൂണ്ട കുട്ടി നേതാക്കൾക്ക് കൂടിയാണ് ഞാൻ ഇന്ന് ഇത് ഇവിടെ പറയുന്നത്.. ഇവിടെ ശ്രദ്ധിക്കുക.. ശ്.. ഇവിടെ.

ചുരളിയുടെ തൊലിയെ നമുക്ക് വളരെയധികം ലേയറുകളായി തരം തിരിക്കാം. ഇവിടെ ഏറ്റവും പ്രധാനപ്പെട്ട അഞ്ചു ലേയറുകളെയാണ് ചിത്രം 1.2.1-ൽ ചിത്രീകരിച്ചിരിക്കുന്നത്.
1. പെറ്റപാളി : 
അതായത് പെറ്റിട്ടപ്പോഴുള്ള പാളി. ചുരളീധരൻ ജനിക്കുമ്പോൾ തന്നെ പാരമ്പര്യഗുണമായി 5mm കനമുള്ള തൊലിയാണുണ്ടായിരുന്നത്. സാധാരണ കുട്ടികൾക്ക് ഇത് 30മൈക്രോൺ മുതൽ 32 മൈക്രോൺ വരെയാണ്.  പ്രസവമെടുത്ത നഴ്സ് പുള്ളിക്കാരനെ ഒന്നു നുള്ളിക്കരയിക്കുവാൻ പെടാപ്പാടുപെട്ടു.

2. സ്കൂളോപാളി : 
സ്കൂളിൽ പഠിക്കാൻ പോകുന്നതോടുകൂടി തെലിക്കട്ടി ക്രമാനുഗതമായി കൂടുകയും ഇതിൽ അത്ഭുത പരതന്ത്രയായ ഉസ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി സരസമ്മ ടീച്ചർ, ചുരുളിയുടേയും ഭാവി രാഷ്ട്രീയത്തിൽ തന്നെ എന്ന് പ്രവചിക്കുകയുണ്ടായി. അവരുടെ ഭാഗ്യം, ചുരുളി രാഷ്ട്രീയത്തിലേക്ക് പൊത്തോന്ന് വീഴുന്നതിനു മുമ്പ് ഈ ലോകത്തോട് വിടപറഞ്ഞു.

3. സേവാദൾ പാളി:
മൂന്നാമത്തെ വട്ടത്തിൽ (ചിത്രം 1.2.1) നമ്പറിട്ട് കാണിച്ചിരിക്കുന്നതാണ് സേവാദൾ പാളി. വലിപ്പത്തിൽ രണ്ടാമത്തേതും എന്നാൽ വളരെ പ്രധാനപ്പെട്ടതുമായ ഒരു പാളിയാണ് ഇത്. സ്വതവേ മൃദുലം എന്നു തോന്നുമെങ്കിലും വജ്രത്തേക്കാൾ കാഠിന്യമുള്ളതും എന്നാൽ സാന്റ് പേപ്പറിന്റെ പോലെ ‘മിനുസമുള്ളതുമായ’ ഒരു പാളിയാണിത്. ഇത് ‘ലോൿസഭാ പാളി’ എന്ന് മറ്റൊരു പേരിലും അറിയപ്പെടുന്നു. ആരോപണങ്ങൾ, പാരവെപ്പുകൾ തുടങ്ങി ജീവന്റെ നിലനില്പിനെ ബാധിക്കുന്ന വിഷയങ്ങളുടെ അൾട്രാ വയലറ്റ് കിരണങ്ങളിൽ നിന്നും ഈ ലേയർ ചുരളീധരനെ സംരക്ഷിച്ചു നിർത്തുന്നു.

4. എടങ്ങേറ് പാളി:
രാഷ്ട്രീയക്കാരിൽ വളരെ അപൂർവമായി മാത്രം കണ്ടുവരാറുള്ള, അല്പമെങ്കിലും അഭിമാനം ബാക്കി ഉള്ള ചിലരിൽ മാത്രം കണ്ടു വരുന്ന ഒരു പാളിയാണിത്. രാഷ്ട്രീയക്കാർക്ക് ഇത് ഒരു എടങ്ങേറായിത്തീരാറാണ് പതിവ്. ചിലരിൽ ഇത് കാണാറേ ഇല്ല. പെരുന്നാളിന് പുറ കാണാൻ നിൽക്കുന്നപോലെ വളരെ ശ്രദ്ധിച്ച് സൂക്ഷിച്ച് നേക്കിയാൽ മാത്രം ചിലരിൽ ഒരു നേർത്ത വരപോലെ ഇത് കാണാനാവും. ഇത് ഉള്ള രാഷ്ട്രീയക്കാർ ഓപ്പറേഷനിലൂടെ നീക്കം ചെയ്യാറാണ് പതിവ്. ചുരളീധരനിൽ ഇടക്കാലത്ത് ഇതിന്റെ വളർച്ച ഉണ്ടാവുകയും പിന്നീട് ഇടങ്ങേറായിത്തീരുകയും ചെയ്തു. ഇപ്പോൾ ഇത് തീർത്തും നിർജ്ജീവാവസ്ഥയിലാണ്.

5. പുറം‌പാളി: 
പേരു കേട്ട് അത്ര സാധുവാണെന്നു കരുതണ്ട. ഇതാണ് ചുരളീധരനിൽ കാണുന്ന ഏറ്റവും കനമുള്ള പാളി.  ലജ്ജ, നാണം, മാനക്കേട് തുടങ്ങിയവയിൽ നിന്ന് സംരക്ഷിച്ചു നിർത്തുന്ന ഈ പാളി മിക്കവരിലും വലിയതോതിൽ കാണപ്പെടുന്നുണ്ടെങ്കിലും ചുരുളീധരന്റേത് അനന്യമാണ്. ഗ്രൂപ്പുകളി, കളിഗ്രൂപ്പ്, കുറുമുന്നണി, മുന്നണികുറു, തുടങ്ങിയവയുടെ നിർമ്മാണം, സംവിധാനം എന്നിവക്ക് ചുക്കാൻ പിടിക്കുകയാണ് ഈ ലേയറിന്റെ പ്രധാനധർമ്മം. മറ്റു പാർട്ടികളുണ്ടാക്കി പിരിഞ്ഞു പോയ ശേഷം തിരികെയെത്താൻ സഹായിക്കുന്നത് ഈ ലേയറാണ്. പാർട്ടിയിലേക്ക് തിരിച്ചു വരാൻ മുൻ സഹപ്രവർത്തകരുടേയും താപ്പാനകളുടേയും കാലു പിടിക്കുക, ഷൂ പോളിഷ് ചെയ്തു കൊടുക്കുക, ഖദർ ഇസ്തിരിയിടുക, അവശനായ അഛന്റെ ഫോട്ടോ കാണിച്ച് സഹതാപ തരംഗം സൃഷ്ടിക്കുക തുടങ്ങി അങ്ങ് ഡെല്ലിക്ക് പോയി പെൺപിള്ളാരോട് ഇരക്കാൻ വരെ പ്രാപ്തനാക്കുന്നത് ഈ 50mm പുറം‌പാളിയാകുന്നു. കുറച്ചു നാൾ മുമ്പ് ആഫ്രിക്ക പര്യടനത്തിനിടെ ഏതോ ആഫ്രിക്കൻ കാണ്ടാമൃഗം ചുരളീധരനെ കണ്ട് കണ്ണു വെച്ചതിനെ തുടർന്ന് 60mm ഉണ്ടായിരുന്ന പുറം പാളി 50mm ആയി ചുരുങ്ങുകയായിരുന്നു.

പാർട്ടിയിലെ ചില യുവനേതാക്കളും അയുവ നേതാക്കളും ചിത്രം 1.2.1 കണ്ട് അസുയപ്പെടാൻ സാധ്യതയുണ്ട്. അസൂയക്കും കഷണ്ടിക്കും തൊലിക്കട്ടിക്കും മരുന്നില്ല കുട്ടികളേ..


മാതൃകാ ചോദ്യപ്പേപ്പർ:

1) കാണ്ടാ മൃഗം ചുരളീധരനെ കണ്ട് അസൂയപ്പെട്ടത് എവിടെ വെച്ച്?
2) ഏറ്റവും വലിയ പാളി --------- ആകുന്നു ?
3) സേവാ പാളിയെക്കുറിച്ച് ഒരു ഖണ്ഡികയിൽ കുറയാതെ എഴുതുക.
4) എടങ്ങേറ് പാളി കാരണം എടങ്ങേറായ നിങ്ങൾക്കറിയാവുന്ന ഒരു നേതാവിനെപ്പറ്റി ഉപന്യസിക്കുക.

അദ്ധ്യാപകരോട്:
ഇതൊന്നും കുട്ടികളെ പഠിപ്പിക്കാതിരിക്കുക.ഒരാഴ്ചക്ക് ശേഷം ഈ പോസ്റ്റ് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും :)

11/13/09

പള്ളിക്കഥകൾ-4, നൂറുദ്ദീൻനൂറുദ്ദീൻ വലിയ അധ്വാനിയായിരുന്നു.
കയ്യിൽ ഒരു അറബാന*യുമായല്ലാതെ നൂറുദ്ദീനെ പകൽ വഴികളിലെങ്ങും കാണാൻ കഴിയില്ലായിരുന്നു.
രാത്രിയാകട്ടെ, നൂറുദ്ദീനെ കണ്ടിട്ടുള്ളവരും വളരെ കുറവായിരുന്നു
രാത്രിയിൽ നൂറുദ്ദീൻ എവിടെയായിരുന്നു? ആവോ, അറിയില്ല
നൂറുദ്ദീൻ പൊക്കം കുറഞ്ഞ ഒരു മനുഷ്യനായിരുന്നു.
നൂറുദ്ദീന്റെ കയ്യിലെ അറബാനയുടെ അളവും നൂറുദ്ദീന്റെ അനാട്ടമിയും ജ്യാമിതീയമായ ചില പൊരുത്തക്കേടുകൾ വിളിച്ചോതുന്നവയായിരുന്നു.
എങ്കിലും നൂറുദ്ദീൻ വലിയ അധ്വാനിയായിരുന്നു.

പക്ഷെ ഒരു കുഴപ്പം.
ഒറ്റ വൿതിനും** പള്ളിയിൽ കാണില്ല.
സുന്നത്തായ*** പെരുന്നാൾ നമസ്കാരമായിരുന്നു നൂറുദ്ദീന്റെ ഏറ്റവും വലിയ ഫർദ്****.
പക്ഷെ, പണ്ട് നൂറുദ്ദീൻ ഇങ്ങനെയായിരുന്നില്ല.
പള്ളിപ്പുരയിൽ പഠിക്കുന്ന സമയത്ത് നൂറുദ്ദീൻ ഇങ്ങനെയൊന്നും ആയിരുന്നില്ല.
മതപരമായ കാര്യങ്ങളിൽ ഏതൊരു കുട്ടിക്കും മാതൃകയായിരുന്നു നൂറു.
ചെലവു വീടുകളിൽ നിന്ന് ഉസ്താദിന് ഭക്ഷണം എത്തിച്ചിരുന്നത് നൂറുവായിരുന്നു.
നോമ്പു കാലങ്ങളിൽ നോമ്പു കഞ്ഞി ഇളക്കുവാൻ അമാനുള്ള ഇക്കായെ സഹായിച്ചിരുന്നതും മഗ്‌രിബിന് ഈന്തപ്പഴം വിതരണം ചെയ്തിരുന്നതും അവനായിരുന്നു.
ഞായറാഴ്ച്ച വൈകും നേരങ്ങളിൽ ദൂരദർശനിലെ സിനിമ കാണാൻ പോകാറുള്ള കുട്ടികളുടെ പേരുവിവരം രഹസ്യമായി ഉസ്താദിന്റെ കാതുകളിൽ എത്തിച്ചിരുന്നത് നൂറുവായിരുന്നു.

(അതുകൊണ്ടു തന്നെ മറ്റു കുട്ടികൾക്ക് ഉസ്താദിനെക്കാൾ അവനെയായിരുന്നു  പേടി. അന്നൊക്കെ ആഴ്ചയിൽ ഒരിക്കൽ വരാറുണ്ടായിരുന്ന ആ സിനിമകൾ കാണുവാൻ ചില്ലറ കസർത്തുകളല്ല കാട്ടിക്കൂട്ടിയിട്ടുള്ളത്. അക്കാലത്തെ ടി.വി കാണലും മറ്റു പുകിലുകളും മറ്റൊരു പോസ്റ്റിനുള്ള വകയുണ്ട്.
ഇതൊക്കെയാണെങ്കിലും രാമായണവും മഹാഭാരതവും കാണുന്ന കുട്ടികളെക്കുറിച്ച് നൂറുവിന് എതിരഭിപ്രായമെന്നും ഇല്ലായിരുന്നു. ഉസ്താദിനും അങ്ങനെ തന്നെ. ഒരു പക്ഷേ സീതയും കുന്തിയും പാഞ്ചാലിയും ഗാന്ധാരിയുമൊക്കെ തലയിൽ തട്ടമിട്ട മുഖത്ത് ഈമാൻ തുളുമ്പുന്ന നല്ല ഇസ്സത്തുള്ള കഥാ പാത്രങ്ങളായതുകൊണ്ടാവാം ഈ ഒരു പരിഗണന എന്ന് പിൽക്കാലത്ത് ഒരു നിഗമനത്തിലെത്തിയിരുന്നു ഞാൻ.)

അങ്ങനെ ഇസ്ലാം മതത്തിനു വേണ്ടി സ്തുത്യർഹമായ പല സേവനങ്ങളും കാഴ്ചവെച്ച നൂറുദ്ദീൻ ആണ് ഇന്നിപ്പോൾ പള്ളി കാണുമ്പോൾ അറബാനയുമായി മുഖം കുനിച്ച് പോകുന്നത്.
ബാങ്ക് വിളി കേട്ടാലും കേട്ട  ഭാവം നടിക്കാത്തത്.
ഒരു പക്ഷേ ഇടക്കാലത്ത് നാട്ടിലില്ലാതിരുന്നതുകൊണ്ടാവാം നൂറുവിന്റെ ഈ പരിണാമത്തെക്കുറിച്ച് ഞാൻ ഒന്നും അറിഞ്ഞിരുന്നില്ല. എന്തായാലും നാട്ടിലെ പള്ളിയിൽ പോകാത്തവരുടെ ലിസ്റ്റിൽ ഇപ്പോൾ ആദ്യത്തെ പേര് നൂറുദ്ദീന്റേതാണ്. നൂറുദ്ദീൻ - ദീനിന്റെ പ്രകാശം എന്നർഥം. ഇവനിങ്ങനെ ഇരുട്ടുകുത്തിപ്പോയല്ലോ റബ്ബേ..

പള്ളിയിൽ പോകാത്തതിന് നൂറുദ്ദീൻ വലിയ മഹാ കാരണങ്ങളൊന്നും പറഞ്ഞിരുന്നില്ല. ഭക്തൻ തന്നെ.
പള്ളിയിൽ പോകാൻ വിളിച്ചു നോക്കി. പലരും. പലവട്ടം.
‘ പണി കഴിഞ്ഞു വരാം, തേങ്ങയെടുക്കാൻ പോണം, ദാണ്ടെ ഇപ്പൊ വരാം’ എന്നൊക്കെപ്പറഞ്ഞ് നൂറുദ്ദീൻ തടി തപ്പും. പിന്നെ പിന്നെ ആരും വിളിക്കാറുമില്ല പറയാറുമില്ല. ‘ലക്കും ദീനുക്കും വലിയ ദീൻ‘ *****..

അങ്ങനെയിരിക്കെയാണ് പെട്ടെന്നൊരു ദിവസം നൂറുദ്ദീനെ പള്ളിയിൽ കാണുന്നത്. അതും നേരം വെളുംക്കും മുമ്പേ. കൊടിയ ഭക്തന്മാർ പോലും അതിരാവിലെ സുബ്‌ഹിക്ക് വീട്ടിൽ നമസ്കരിക്കുമ്പോൾ നൂറുദ്ദീൻ ദാണ്ടെ ആദ്യത്തെ സ്വഫ്ഫിൽ****** നിന്ന് നമസ്കരിക്കുന്നു. സുബ്‌ഹാനള്ളാഹ്!
പിന്നീട് അങ്ങോട്ട് ഏതാണ്ടെല്ലാ വക്തിനും ബാങ്ക് വിളിക്കും മുമ്പേ പുള്ളിക്കാരൻ പള്ളിയിൽ ഹാജർ.
സുബ്‌ഹാനള്ളാഹ്!

നൂറുദ്ദീന് പെട്ടെന്ന് ഇതെന്തു പറ്റി എന്ന് ആളുകൾ ആലോചിച്ചു. പലരും അവനോടതു ചോദിച്ചു. നൂറുദ്ദീൻ ഒന്നും ആരോടും പറഞ്ഞില്ല. മിണ്ടിയില്ല. ഉരിയാടിയില്ല. അതീവ രഹസ്യമായിരുന്നു അത്.

പക്ഷേ പിന്നീട് ആ രഹസ്യം ഞങ്ങളെല്ലാം അറിഞ്ഞു. പള്ളിയിലെ ഉസ്താദ് നൂറുദ്ദീനെ ഉപദേശിച്ചിരിക്കുന്നു. എല്ലാ മനുഷ്യരും നല്ലവരാണെന്നും അല്ലെന്നു തോന്നുന്നവരെ നാം  ഉപദേശിക്കണമെന്നും ഉസ്താദ് പറയാറുണ്ടായിരുന്നു. നന്മ കല്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുകയാണ് ഒരു മുസ്ലിമിന്റെ ധർമം എന്നും ഉസ്താദ് എല്ലാവരെയും ഉണർത്തുമായിരുന്നു.

ഒരു ദിവസം ഉസ്താദ് നൂറുദ്ദീനെ കയ്യോടെ പിടികൂടി. പള്ളിയിൽ കൊണ്ടുപോയി. കുശലാന്വേഷണങ്ങളൊക്കെ നടത്തി. ശേഷം ഉപദേശവും.
“ നൂറുദ്ദീനെ, നിന്നെ എന്താ പള്ളിയിലൊന്നും കാണുന്നില്ലല്ലോ..”
“ അത്.. ഉസ്താദേ ജോലി കഴിഞ്ഞ് നേരം വേണ്ടേ?”
“ അപ്പോ, ജോലി ചെയ്താൽ നിനക്ക് ദിവസം എത്ര കൂലി കിട്ടും?”
“ അതിപ്പോ, തേങ്ങാ വെട്ടാണെങ്കിൽ ദിവസം 150 രൂപാ, അറബാന പണിയൊക്കെയാണെങ്കിൽ ഇരുന്നൂറ് അങ്ങനെയൊക്കെ”..
“ പക്ഷേ നീ ഇങ്ങനെ ഈ പണിയുമായിട്ട് നടന്നാൽ പോരാ.. പള്ളീൽ വരണം.. നിനക്ക് ഇതിനേക്കാളൊക്കെ എത്രയോ ഇരട്ടി കൂലി കിട്ടും. നാളെ മുതൽ മുടങ്ങാതെ പള്ളിയിൽ വരാൻ നോക്കണം കേട്ടോ”
“ ഉവ്വ്.. ഉസ്താദേ ..”

അങ്ങനെ ആ ഉപദേശത്തിലാണ് നൂറുദ്ദീൻ പള്ളീൽ വരാൻ തുടങ്ങിയത്. നന്നായി എന്ന് ഞങ്ങളൊക്കെ കരുതിയത്.

എന്നാൽ മുകളിൽ പറഞ്ഞ സംഭാഷണത്തിന് ഒരാഴ്ചക്കു ശേഷം മറ്റൊരു സംഭാഷണം അതേ സ്ഥലത്ത് ഉസ്താദും നൂറുദ്ദീനും തമ്മിൽ നടത്തുകയുണ്ടായി. പള്ളിക്കഥകളുടെ ചരിത്രത്തിലേക്ക് ചേക്കേറിയ ആ സംഭവമാണ് താഴെ.
“ ഉസ്താദേ”
“ അല്ലാ ഇതാര് നൂറുവോ? എനിക്ക് ഭയങ്കര സന്തോഷമായി നൂറൂ. പള്ളീലൊക്കെ കൃത്യമായി വരുന്നുണ്ടല്ലോ അല്ലേ.”
“ ഉവ്വാ.. ഒരാഴ്ചയായിട്ട് വളരെ കൃത്യമായിട്ട് തന്നെ വരാറുണ്ട് ഉസ്താദേ”
“ ങ്ഹാ.. നിനക്കതിന്റെ കൂലി കിട്ടും.. നന്നായി.”
“ അപ്പോ.. ഉസ്താദേ..” - നൂറു ഭിത്തിയോട് ചാരിനിന്ന് ഭവ്യതയോടെ തല ചൊറിഞ്ഞു.
“ നീ നിസ്കരിച്ചാ നിനക്കതിന്റെ കൂലികിട്ടും. നിസ്കരിച്ചില്ലെങ്കിലോ..?- ഉസ്താദ് നൂറുവിന്റെ മറുപടിക്കായി കാത്തു.
“അതല്ല ഉസ്താദേ.. “ നൂറുദ്ദീൻ ഭവ്യതയോടെ വീണ്ടും തലചൊറിഞ്ഞു..
“പറയെടോ നൂറൂ.. നീ എന്താ പറയാൻ വന്നത്..”
“ വീട്ടിൽ ആഴ്ചയിൽ ആഴ്ചയിലാണ് അരിയും സാധനങ്ങളും വാങ്ങുന്നത്... ഈ ആഴ്ച്ച ഒന്നും വാങ്ങിയിട്ടില്ല. ആ കൂലി.. ഇങ്ങു കിട്ടിയിരുന്നെങ്കിൽ..”
“ഏത് കൂലി..“
“ ഉസ്താദ് പറഞ്ഞ ആ നിസ്കാരത്തിന്റെ കൂലി.. ഇങ്ങ്..ത...”
“ ഏത്?”
“ നിസ്കാരത്തിന്റെ കൂലി.. ഉസ്താദ് പറഞ്ഞില്ലേ ഇരട്ടി കൂലി കിട്ടുമെന്ന്.. പത്തോ അമ്പതോ കുറഞ്ഞാലും വേണ്ടില്ല. ഇന്നു തന്നെ കിട്ടിയാൽ ഉപകാരമായിരുന്നു ഉസ്താദേ”
ഉസ്താദ് അന്ധാളിച്ച് വായും പിളർന്നിരുന്നു.. നൂറു ഉസ്താദിന്റെ വായിലേക്കു നോക്കി നിന്നു.
സ്വബോധം വീണ്ടെടുത്ത് ഉസ്താദ് പറഞ്ഞു: “ ലാ ഹവല വലാ കുവ്വത്ത ഇല്ലാ ബില്ലാഹിൽ അലീം.. റബ്ബുൽ ആലമീനായ തമ്പുരാനേ ഇവനിതെന്തൊക്കെയാ ഈ പറയുന്നത്.. എടാ.. നിസ്കാരത്തിന്റെ കൂലി എന്നു പറഞ്ഞാൽ ആഖിറത്തിൽ നിനക്കു കിട്ടുന്ന പ്രതിഫലമാണ്. അല്ലാതെ ഇവിടെ ഇങ്ങനെ നിസ്കരിക്കുന്നവർക്കെല്ലാം കൂലികൊടുക്കാനിരുന്നാൽ ഞാനും എന്റെ കുടുംബവും ഈ മഹല്ലു തന്നെയും മുടിഞ്ഞു പോകില്ലേടാ മണ്ടച്ചാരേ..”
ഉസ്താദിന്റെ മറുപടി കേട്ട് നൂറുദ്ദീന്റെ സ്വബോധവും നഷടപ്പെട്ടു. നൂറു ഉസ്താദിനെ തുറിച്ചു നോക്കി.
മണ്ടച്ചാരേ എന്നു വിളിച്ചതുകൊണ്ടാണോ അതോ ഒരാഴ്ചത്തെ ജോലി കളഞ്ഞതിലുള്ള ദു:ഖം കൊണ്ടാണോ എന്നറിയില്ല. ഒടുവിൽ ഉസ്താദിനെ മണ്ടനാക്കുന്ന ഒരു പ്രസ്താവന നൂറുദ്ദീനും ഇറക്കി.

“ ഉസ്താദ് ഈ പോക്രിത്തരം പറയും എന്ന് എനിക്ക് നേരത്തേ ഒരു സംശയമുണ്ടായിരുന്നു.. അതുകൊണ്ട് ഞാൻ വുളു******* എടുക്കാതെയാ നിസ്കരിച്ചത്.. ഹോ”

ആ സ്വരത്തിൽ ദേഷ്യവും സങ്കടവും ഇനി ഒരിക്കലും പള്ളിയിൽ കേറില്ല എന്ന പ്രതിജ്ഞയും നിറഞ്ഞു നിന്നിരുന്നോ? എന്തായാലും അതിനു ശേഷം പെരുന്നാൾ നിസ്കാരത്തിനു പോലും നൂറുദ്ദീനെ പള്ളിയിൽ കണ്ടിട്ടില്ല..
------------------------------------------------------------------------------------
പദ പരിചയം:
* അറബാന - Wheel barrow
**വക്ത്  -  നേരം . മൊത്തം 5 വക്ത് നമസ്കാരങ്ങൾ ഉണ്ട്. പുലർച്ചെ, ഉച്ചക്ക്, വൈകിട്ട്, സന്ധ്യക്ക്, രാത്രിയിൽ അങ്ങനെ.
*** സുന്നത്തായത് - ഐശ്ചികമായ കർമങ്ങൾ. നിർബന്ധമല്ലാത്തത്.
**** ഫർദ്  -  നിർബന്ധമായ കർമങ്ങൾ.
‘ലക്കും ദീനുക്കും വലിയ ദീൻ‘ ***** - നിങ്ങൾക്ക് നിങ്ങളുടെ മതം, എനിക്കെന്റെ മതം’ എന്നർത്ഥം വരുന്ന ഖുർ‌ആൻ വചനം.
സ്വഫ്ഫ്****** - അണി, നിര, വരി. നമസ്കാരത്തിലെ ഓരോ അണിയെയും സ്വഫ്ഫ് എന്നു പറയും.
വുളു*******  - അംഗ സ്നാനം. നമസ്കാരത്തിനു മുമ്പ് അംഗസ്നാനം നിർബന്ധമാകുന്നു.

(കൂലി എന്ന വാക്ക് പരലോകത്തെ പ്രതിഫലം എന്ന അർഥത്തിൽ മുസ്ലീംങ്ങൾ പൊതുവെ ഉപയോഗിച്ചു വരുന്നതാണ്. വാക്കു വരുത്തി വെക്കുന്ന വിനകളേ..)