7/28/18

ദി ദന്തിസ്റ്റ്

എനിക്ക് നഷ്ടപ്പെട്ട പല്ലുകളുടെ എണ്ണം കഴിഞ്ഞ ആഴ്ചയോടെ രണ്ടായി. അതും അണപ്പല്ലുകൾ. ഓരോ സൈഡിൽ നിന്നും ഓരോന്ന് പോയി. പറിച്ചുകളഞ്ഞു എന്നു പറയുന്നതാവും കൂടുതൽ ശരി. കൊഴിഞ്ഞുപോകാനായിട്ട് എനിക്കത്ര വയസ്സൊന്നുമായിട്ടില്ലല്ലോ!.

ഏഴാം ക്ലാസ്സിലായിരുന്നപ്പോഴാണ് വലതുവശത്തെ അണപ്പല്ല് പറിച്ചെടുക്കുന്നത്. അന്നും കൃത്യം നിർവ്വഹിച്ചത് ഇതേ മാത്യു ഡോക്ടർ തന്നെയായിരുന്നു.

അങ്ങനെ നീണ്ടുനിൽക്കുന്ന വേദനയൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ, മാരകമായ ഒരു വേദന എപ്പോൾ വേണമെങ്കിലും പൊട്ടിപ്പുറപ്പെടാമെന്ന സ്ഥിതിയായിരുന്നു. ഭക്ഷണം കഴിക്കുമ്പോൾ വളരെ ശ്രദ്ധിക്കേണ്ടതുണ്ടായിരുന്നു. പല്ലിലെ പോടുള്ള ഭാഗത്തുവെച്ച് എന്തെങ്കിലും അറിയാതെ കടിച്ചാൽ തീർന്നു! സ്വർഗം കാണും!

പല്ലു പറിയ്ക്കാനുള്ള കവണ വായിലേക്ക് തിരുകുമ്പോൾ ഉപദേശരൂപേണ ഡോക്ടർ പറഞ്ഞു. “ചോക്ലേറ്റ് തിന്നിട്ട് വായ കഴുകാതെ കിടക്കുന്നതുകൊണ്ടാണ് ഇങ്ങനെയൊക്കെ വരുന്നത്; കേട്ടോ” -

ചോക്ലേറ്റേ..! എന്നെപ്പോലെ ദരിദ്രരായ കുട്ടികൾ അതിന്റെ പേരുപോലും കേൾക്കുന്നത് അന്ന് അപൂർവ്വമായിരുന്നു. അതിന്റെ രുചി എന്താണെന്ന് അതുവരേയും ഞാനറിഞ്ഞിരുന്നില്ല. ഗ്ലാസ്സ് വിൻഡോയ്ക്ക് അപ്പുറത്ത്, പല്ലെടുക്കുന്നതും നോക്കിനിന്ന വാപ്പായെ അതേ കിടപ്പിൽ കിടന്നുകൊണ്ട് ഞാൻ നീരസത്തോടെ നോക്കി. അതിന്റെ അർഥമറിയാതെ വാപ്പാ ആംഗ്യം കാട്ടുന്നു..

‘പേടിക്കണ്ട, ദാ ഇപ്പം കഴിയും, എന്റെ മൂന്നാലു പല്ല് എടുത്തതാ.. ഇവിടെത്തന്നെ.. ഇതേ ഡോക്ടർ… പേടിക്കണ്ട’. തെളിവായി വാ പിളർന്നു കാണിച്ചു. എനിക്കൊന്നും വ്യക്തമായില്ല. മുൻവരിപ്പല്ലുകളിലെ ബീഡിക്കറ മാത്രം കണ്ടു.

‘തിരികെപ്പോകുമ്പോൾ ചോക്കളേറ്റ് വാങ്ങിത്തരുമോ’ എന്നായിരുന്നു ആംഗ്യത്തിൽത്തന്നെ എനിക്ക് തിരിച്ചു ചോദിക്കേണ്ടിയിരുന്നത്. അതിനായി വലതുകൈ ഉയർത്തിയതും നഴ്സ് വന്ന് ബലമായി പിടിച്ചുവെച്ചു : “അനങ്ങരുത്!”

വലത്തേ അണയിൽ അന്ന് രൂപം കൊണ്ട ഗ്യാപ്പ് നികത്താൻ പുതിയ പല്ലൊന്നും പിന്നീട് മുളച്ചുവന്നില്ല. മറ്റു മുപ്പത്തിയൊന്നുപേരും ജീവിച്ചിരിക്കുമ്പോഴും നാവ് എപ്പോഴും തിരഞ്ഞത് നഷ്ടപ്പെട്ടവനെയായിരുന്നു. ഇപ്പോഴും ഞാൻ ചിന്തയിലാണ്ടിരിക്കുമ്പോഴൊക്കെ നാവിൻതുമ്പ് ആ ശൂന്യതയിൽ തഴുകിത്തഴുകി അവനെക്കുറിച്ചുള്ള ഓർമ്മകളിൽ മുഴുകാറുണ്ട്.

അന്നത്തെ പല്ലെടുപ്പിനു ശേഷം പിന്നീട് ഇക്കഴിഞ്ഞ വെക്കേഷനാണ് ഡോ.മാത്യുവിനെ വീണ്ടും കാണുന്നത്. രോഗം പഴയതുതന്നെ പല്ലിൽ പോട്. ഇത്തവണ ഇടതുവശത്ത്. രണ്ടുകൊല്ലം മുമ്പ് ദുബായിലെ MSK ഡന്റൽ ക്ലിനിക്കിൽ വെച്ച് പോട് അടച്ചതാണ്. പക്ഷേ കുറച്ചുകാലം കഴിഞ്ഞപ്പോൾ ആ ഭാഗത്ത് വേദന തുടങ്ങി. പിന്നാലെ വിട്ടുമാറാത്ത തലവേദനയും. ഞാൻ മാത്യു ഡോക്ടറുടെ ഫോൺ നമ്പർ തപ്പിപ്പിടിച്ച് വിളിച്ചു. അദ്ദേഹം പറഞ്ഞു:
“ഇങ്ങുപോരെ, നമുക്ക് അവനെയങ്ങ് തട്ടിയേക്കാം..”.

ഡോക്ടറുടെ ക്ലിനിക്ക് ഇപ്പോഴും മാവേലിക്കര കച്ചേരി ജംഗ്ഷനിൽനിന്ന് കിഴക്കോട്ടു തിരിയുമ്പോൾ കാണുന്ന ആ പഴയ ബിൾഡിംഗിന്റെ രണ്ടാം നിലയിൽത്തന്നെയാണ്. ക്ലിനിക്കിനു ചുറ്റും വക്കീലാപ്പീസുകളാണ്. അഡ്വക്കേറ്റുമാരുടെ ബ്ലാക്ക് ആന്റെ വൈറ്റ് ബോർഡുകൾ കൊണ്ട് അവിടെ മുഴുവൻ തോരണം ചാർത്തിയിരിക്കുന്നു. ഡോക്ടർ ഈ നിയമവൃത്തത്തിന് ഉള്ളിൽക്കിടന്ന് ശ്വാസം മുട്ടുകയാണെന്നാണ് ഞാൻ കരുതിയിരുന്നത്. എന്നാൽ ക്ലിനിക്കിന് ഉൾവശം ഇപ്പോൾ കുറച്ചുകൂടെ വിശാലമെന്ന് തോന്നിച്ചു. ഈ അടുത്ത കാലത്ത് ഇന്റീരിയറൊക്കെ ഒന്നു മിനുക്കിയ ലക്ഷണം കാണാനുണ്ട്. റിസപ്ഷനിൽ ഡ്രാക്കുളയുടെ വലിയൊരു ചിത്രം ബാക്ക്‌ലൈറ്റോടുകൂടി വെച്ചിരിക്കുന്നതാണ് എല്ലാവരും ശ്രദ്ധിക്കുന്ന കാര്യം. ഡ്രാക്കുളയുടെ ചോരക്കണ്ണുകളേക്കാൾ പല്ലുകളാണ്, പ്രത്യേകിച്ചും രക്തം ഇറ്റിവീഴുന്ന നീണ്ടുവളഞ്ഞ തേറ്റപ്പല്ലുകളാണ് ഹൈലൈറ്റ്. അത് സംഭവം കിടുക്കിയെന്ന് എനിക്ക് തോന്നി. ചിത്രത്തിനു താഴെ വെളുത്ത വസ്ത്രമുടുത്ത് വായനിറയെ പുഞ്ചിരിയുമായി ഒരു നഴ്സ് ഇരിക്കുന്നുണ്ട്. അവൾ കള്ളിയങ്കോട്ടു നീലിയെ വെറുതേ ഓർമ്മിപ്പിച്ചു. നേരംകെട്ട നേരത്ത് ഒറ്റയ്ക്കാണ് ഒരാൾ അവിടേയ്ക്ക് കയറിച്ചെല്ലുന്നതെങ്കിൽ ഈ സീൻ കണ്ട് പേടിച്ചുപോകാൻ സാധ്യതയുണ്ട്.

‘നീലി’ എന്റെ പേരു വിളിക്കുമ്പോഴേക്ക് വെയിറ്റിംഗ് ഏരിയയിൽ ആളൊഴിഞ്ഞിരുന്നു. എനിക്കു മുമ്പ് കയറിയ അച്ഛനും മകനും പുറത്തേക്ക് പോയി. പയ്യൻ വലത്തേക്കവിൾ പൊത്തിപ്പിടിച്ചിരുന്നു. ചോക്കളേറ്റ് തിന്നതാവണം!

ഡോക്ടർക്ക് ഇപ്പോൾ അമ്പത്തഞ്ച് വയസ്സെങ്കിലും കാണുമായിരിക്കും. എങ്കിലും മുഖത്തുനിന്നും ശരീരഭാഷയിൽ നിന്നും യൗവനം വിട്ടുപോയിട്ടില്ല . റൂമിലേക്ക് ചെന്നപാടെ എന്നെപ്പിടിച്ച് ഡന്റൽ ചെയറിലിരുത്തി വായമുഴുവനൊന്ന് ടോർച്ചടിച്ചു നോക്കി. എന്നിട്ട് പറഞ്ഞു:

“പോയിട്ട് ധൃതിയൊന്നുമില്ലല്ലോ? ഇത്തിരിനേരം ഫേസ്ബുക്ക് ഒക്കെ നോക്കി ഇവിടിങ്ങനെ ചാരിക്കിടക്ക്, എനിക്കൊരൽപ്പം പേപ്പർ വർക്കുണ്ട്. അതുകഴിഞ്ഞ് നമുക്ക് അവനയങ്ങെടുത്തേക്കാം”.

വലതുവശത്തെ ഭിത്തിയോട് ചേർന്നുള്ള ടേബിളിന്റെ വലിപ്പ് തുറന്ന് ഒരുകെട്ട് പേപ്പർ പുറത്തെടുത്തുവെച്ച് അദ്ദേഹം എന്തൊക്കെയോ വെട്ടാനും തിരുത്താനും കുറിക്കാനും തുടങ്ങി.. അതിനിടെ എന്നോട് അത്യാവശ്യം വിശേഷങ്ങളും ചോദിക്കുന്നുണ്ട്.

“ദുബായിൽ എന്താ ജോലി?”

“ഫയർ ഫൈറ്റിംഗ് സിസ്റ്റം ഡിസൈൻ എൻജിനീയറാണ്”

“അതുശരി, നമ്മുടെ ഈ ബിൾഡിംഗുകളിലൊക്കെയുള്ള സ്പ്രിംഗ്‌ളർ സിസ്റ്റം പോലുള്ള സംഗതി.. അല്ലേ?” ഡോക്ടർ ആ മുറിയുടെ സീലിംഗിലെ ഇല്ലാത്തൊരു സ്പ്രിംഗ്ലറിലേക്ക് വിരൽ ചൂണ്ടി.

“അല്ല, ഞാൻ ഓയിൽ ആന്റ് ഗാസ് സെക്ടറിലെ ഫയർ സിസ്റ്റമേ ചെയ്യാറുള്ളൂ”

“അതുകൊള്ളാം.. സ്പെഷ്യലൈസ് ചെയ്യുന്നത് നല്ലതാണ്. ഇന്നത്തെക്കാലത്ത് എല്ലാവരും സ്പെഷ്യലിസ്റ്റുകളല്ലേ.. ദാ ഈ ബിൾഡിംഗിലുള്ള കാക്കത്തൊള്ളായിരം വക്കീലന്മാരിൽ ഓരോ വക്കീലും ഓരോ സ്പെഷ്യലിസ്റ്റുകളാ. കൊലപാതകത്തിനും, തട്ടിപ്പറിയ്ക്കും, സ്ത്രീപീഡനത്തിനും എന്നുവേണ്ട ഓരോ കുറ്റത്തിനും ഓരോരോ സ്പെഷ്യലിസ്റ്റുകളാ..”

ഞാൻ ചിരിച്ചു.

“ചിരിക്കാൻ പറഞ്ഞതല്ല. വക്കീലന്മാരുടെ കാര്യം വിട്. ഞാൻ ഈ ക്ലിനിക്കിന്റെ അകമൊക്കെ ഒന്നു പുതുക്കിപ്പണിയിച്ചസമയത്ത് എത്രയെത്ര പണിക്കാരാ വന്നുപോയത്? ഫ്രേമിനും ടൈലിനും ജിപ്സത്തിനും ഡോറിനും കട്ടളയ്ക്കും ലൈറ്റ് ഫിറ്റിംഗിനുമൊക്കെ ഓരോരുത്തരാ..”

സംഗതി ശരിയാണല്ലോ എന്നു ഞാനോർത്തു. പണ്ടൊക്കെ ഇത്രയധികം സ്പെഷ്യലിസ്റ്റുകൾ ഇല്ലായിരുന്നു. ഒരു ആശാരി വന്നാൽ അയാൾ ചെയ്യാത്ത പണിയില്ല. പണിയൊക്കെ തീർത്ത് പോകാനിറങ്ങും മുമ്പ് വീട്ടിലെ ഒടിഞ്ഞ കസേരയും മേശയുമെല്ലാം ശരിയാക്കും. ബാക്കിവരുന്ന തടിയ്ക്ക് എന്തെങ്കിലും തട്ടിക്കൂട്ട് സാമഗ്രി ഉണ്ടാക്കിത്തരുകയും ചെയ്യും. മേസ്തരിമാരാണ് അന്ന് പ്ലംബിംഗ് വർക്കുകളിൽ പകുതിയും ചെയ്യുന്നത്. ഇന്ന് ഇതുവല്ലതും നടക്കുമോ?.

ഡോക്ടർ തുടരുന്നു..

“കഴിഞ്ഞയാഴ്ച ഇവിടുത്തെ സ്റ്റോറിന്റെ പൂട്ടു നന്നാക്കാൻ ഒരുത്തൻ വന്നു. അവനത് നന്നാക്കിക്കഴിഞ്ഞപ്പോൾ അതിന്റെ അപ്പുറത്തെ ഡോറിന്റെ ഇളകിക്കിടന്ന വ്യാപിരി ഒന്നു ശരിയാക്കാൻ പറഞ്ഞു. പൂട്ടുമാത്രേ ചെയ്യൂന്ന് പറഞ്ഞ് അവനൊരൊറ്റപ്പോക്ക്!..”

ഇങ്ങനെയുള്ള സംഗതികളിൽ പരിതപിച്ചിട്ട് കാര്യമില്ലെന്ന് പറയണെമെന്നെനിക്ക് തോന്നി. ചിലതൊക്കെ നല്ലതിനും കൂടിയാണ്. പിന്നെ, ഡോക്ടറെപ്പോലെ വലിയ ഒരാളോട് ഒരു സംവാദത്തിൽ ഏർപ്പെടുന്നത് ഔചിത്യമല്ലല്ലോ എന്നു കരുതി മൂളുക മാത്രം ചെയ്തു. വിജ്ഞാനം വളരുന്നതനുസരിച്ച് സ്പെഷ്യലിസ്റ്റുകൾ കൂടിക്കൊണ്ടിരിക്കും. ഏറ്റവും കൂടുതൽ സ്പെഷ്യലിസ്റ്റുകളെ ഇന്ന് കാണാൻ പറ്റുന്നത് ഹോസ്പിറ്റലുകളിലല്ലേ?. ഒരു ഗർഭിണി എത്ര സ്പെഷ്യലിസ്റ്റുകളെ കണ്ടശേഷമാണ് ഒരു കുഞ്ഞിനെ പ്രസവിക്കുന്നത്. ഓരോ പിഞ്ചുകുഞ്ഞും പിറന്നുവീണ് കണ്ണു തുറക്കും മുമ്പ് എത്രയെത്ര സ്പെഷ്യലിസ്റ്റുകളുടെ കയ്യിലൂടെയാണ് കടന്നു പോകുന്നത്. മാത്യുഡോക്ടർ പറയുന്ന പൂട്ട് എന്തുതരം പൂട്ടാണെന്ന് ആർക്കറിയാം? ഇന്ന് എത്രതരം പൂട്ടുകളാണുള്ളത്. നമ്പർ ലോക്ക്, ഫിംഗർ പ്രിന്റ്, കാർഡ് ആക്സസ്സ്, ഐ സ്കാൻ.. അങ്ങനെ എത്രതരം!

എന്നിൽ നിന്നുള്ള തണുപ്പൻ പ്രതികരണം കൊണ്ടോ എന്തോ, ഡോക്ടർ പേപ്പർ നോക്കലിൽ കൂടുതൽ വ്യാപൃതനായി. ഞാൻ ഫേസ്ബുക്കിൽ തോണ്ടിക്കൊണ്ടിരുന്നു. നീലി വന്ന് “സാർ, ഞാൻ ഇറങ്ങുന്നേ..” എന്നു പറഞ്ഞ് അന്നത്തെ ജോലി തീർത്തു പോയി. അല്ലെങ്കിലും ഒരു അണപ്പല്ലു പറിയ്ക്കാൻ രണ്ടുപേരുടെ ആവശ്യമില്ലല്ലോ.

പല്ലെടുക്കുമ്പോഴേക്കും ഏതാണ്ട് ഏഴുമണി ആയിരുന്നു. ഇടതു കവിൾ മുഴുവനും മരവിച്ചിരിക്കുന്നു. പല്ലുപോയതൊന്നും ഫീൽ ചെയ്യുന്നേയില്ല. എന്റെ നാവുപോലും അതറിഞ്ഞിരുന്നോ എന്ന് സംശയമാണ്. ഒരുരുള പഞ്ഞി കടിച്ചുപിടിച്ച് കുറച്ചു നേരം കൂടി ഞാൻ ഡന്റൽ ചെയറിൽ അങ്ങനെതന്നെ കിടന്നു. ഡോക്ടർ അടുത്തുവന്ന് ചില്ലറ കുശലങ്ങൾക്കു ശേഷം പറഞ്ഞു:

“നമ്മൾ ഇപ്പോ എടുത്ത പല്ലിന്റെ അടുത്ത പല്ലിലേക്ക് സാരമായി പോട് പടർന്നിട്ടുണ്ട്”

പഞ്ഞിയിൽ നിന്ന് കടി വിടാതെ ഞാൻ ഒരുവിധം ചോദിച്ചു: “എങ്കിൽ അതുകൂടി എടുത്തൂടേ ഡോക്ടർ?”

ഡന്റൽ ചെയർ അപ്റൈറ്റ് പൊസിഷനിലാക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു: “ഞാൻ ഈ പല്ലു മാത്രമേ എടുക്കാറുള്ളൂ.. ഞാനൊരു First Molar Specialist ആണ്. മറ്റേപ്പല്ലിന് നിങ്ങൾ അതിന്റെ സ്പെഷ്യലിസ്റ്റിനെ കാണണം”

എന്താണെന്നറിയില്ല, പെട്ടെന്ന് എന്റെ കവിളിലെ മരവിപ്പ് തലയിലേക്ക് ഇരച്ചുകയറുന്നതുപോലെ തോന്നി.

പശ്ചാത്തല സംഗീതം

പശ്ചാത്തലത്തിലെ സംഗീതം പ്രശ്നമായിത്തീരുന്നത് എന്റെ അറിവിൽ ഇത് ആദ്യത്തെ സംഭവമല്ല. ഇതിനു മുമ്പും സമാനമായ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. ഉദാഹരണത്തിന് ഒരു സംഭവം പറയാം. ഒരുപക്ഷേ നിങ്ങൾ കേട്ടതായിരിക്കാം.

പണ്ട് കല്യാണം, പുരതാമസം, മാർക്കം തുടങ്ങിയ വിശേഷാവസരങ്ങളിലൊക്കെ വലിയ ഒച്ചത്തിൽ പാട്ടു വെക്കാറുണ്ടായിരുന്നു. ലൗഡ്സ്പീക്കർ ബോക്സുകൾ കൂടാതെ തെങ്ങിനുമുകളിൽ കെട്ടുന്ന
വലിയ കോളാമ്പികളും ഈ സൗണ്ട് സിസ്റ്റത്തിന്റെ ഭാഗമായിരുന്നതുകൊണ്ട് ഞങ്ങളുടെ നാട്ടിൽ ഈ സെറ്റപ്പിന് 'തെങ്ങേൽ പാട്ട്' എന്നാണ് പറയുക. തെങ്ങേൽപ്പാട്ടില്ലാത്ത പരിപാടികളെക്കുറിച്ച് അന്ന് ചിന്തിക്കാനാവുമായിരുന്നില്ല. പരിസരത്തെവിടെയോ ഒരു വിശേഷം നടക്കുന്നുണ്ട് എന്ന് അറിയാനും ദൂരെനിന്നുള്ള സന്ദർശകർക്ക് വഴികട്ടിയാവാനും തെങ്ങേൽപ്പാട്ടുകൾ സഹായകമായിരുന്നു. അടുക്കളെപ്പുറത്തെ പെണ്ണുങ്ങൾക്കും കുശിനിപ്പണിക്കാർക്കും ജോലിക്ക് ഹരം പകരുന്നത് ഈ പാട്ടാണ്. അരയ്ക്കൽ, വറുക്കൽ, ഇളക്കൽ, നുറുക്കൽ, അടിക്കൽ, കോരൽ ഒക്കെ തെങ്ങേൽപ്പാട്ടിന്റെ താളത്തിനൊത്താണ്. പാട്ടിന്റെ ഇശലിനും ഇടമുറുക്കത്തിനുമൊത്ത് അല്പസ്വല്പം ചുറ്റുക്കളികളും ഉണ്ടാവുമെന്ന് കൂട്ടിക്കോ. അതുകൊണ്ടുതന്നെ ആമ്പ്ലിഫയറിനടുത്ത് സദാ ബീഡിയും വലിച്ചിരിക്കുന്ന മൈക്ക് സെറ്റുകാരനെ പ്രായഭേദമന്യേ എല്ലാവരും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു.

അന്ന് മൈമൂനയുടെ കല്യാണമാണ്. മുറ്റത്ത് വലിയ പന്തലുണ്ട്. തെങ്ങേൽ പാട്ടുണ്ട്. പുയ്യാപ്ലയുടെ വരവും കാത്ത് ബിരിയാണിച്ചെമ്പുകൾ വിങ്ങിപ്പൊട്ടി നിൽപ്പുണ്ട്. അന്നൊക്കെ പുയ്യാപ്ല അല്പം താമസിച്ചേ വരൂ. 'പുയ്യാപ്ല വന്നില്ലേ?', 'പുയ്യാപ്ല അവിടുന്ന് ഇറങ്ങിയോ?', 'പുയ്യാപ്ല എന്താ താമസിക്കുന്നത്?' എന്നിങ്ങനെ അന്യോന്യം ചോദിച്ചുചോദിച്ച് കല്യാണവീടാകെ 'പുയ്യാപ്ല'യെക്കൊണ്ട് നിറഞ്ഞുനിൽക്കുന്ന അവസരത്തിൽ അയാളൊരു വരവൊണ്ട്! അപ്പോൾ ആദ്യത്തെ ചെമ്പു പൊട്ടിയ മണം അവിടെല്ലാം പരക്കും.

ഇവിടെ, മൈമൂനയുടെ ചെക്കൻ പന്തലിലെത്താൻ കൂടുതൽ താമസിച്ചു.

ചെക്കൻ ആളൊരു മൊഞ്ചനാണെങ്കിലും അവനും അവന്റെ കുടുംബക്കാരും അവരുടെ നാട്ടിലെ കേഴ്‌വികേട്ട പ്രശ്നക്കാരാണ്. കൊച്ചുകൊച്ചു കാര്യങ്ങൾക്കൊക്കെ ഭയങ്കര പ്രശ്നമുണ്ടാക്കിക്കളയും. ചെക്കൻ റഹീമാകട്ടെ പ്രശ്നക്കാരനെന്നതിലുപരി പിടിവാശിക്കാരനുമാണ്. അതാണ് കാര്യങ്ങളൊക്കെ താമസിപ്പിച്ചത്.

മൈമൂനയുടെ വീടിനു മുന്നിൽ വലിയൊരു നെൽപ്പാടമുണ്ട്. പാടത്തിനക്കരെ കാറിട്ടിട്ട് വരമ്പിലൂടെ നടന്ന് ഇപ്പുറത്തു വന്നെങ്കിലേ ഇക്കരെ നിൽക്കുന്ന ഭാവി അളിയന് പുയ്യാപ്ലയുടെ കാലുകഴുകി പന്തലിലേക്ക് ആനയിക്കാനാവൂ. പെൺകൂട്ടരെല്ലാവരും ഇക്കരെ കാത്തുനിൽപ്പാണ്. എന്നാൽ വരമ്പിലൂടെ നടക്കാൻ ആവില്ലെന്നുപറഞ്ഞ് ചെക്കൻ കാറിനകത്ത് ഒറ്റയിരിപ്പ്. അവൻ പറഞ്ഞു:

“എന്നെക്കൊണ്ട് പറ്റത്തില്ല!”

കാരണവന്മാരും ബന്ധുജനങ്ങളുമൊക്കെ അവനോട് ആവുന്നത് പറഞ്ഞുനോക്കി:

“റഹീമേ, നീ കാറീന്നിങ്ങോട്ടെറങ്ങ്”

ഒരു രക്ഷയുമില്ല! അവൻ അത്തം കുത്തം നിൽക്കുകയാണ്.: “എന്നെക്കൊണ്ട് പറ്റത്തില്ല!”

കാരണോന്മാർക്ക് കലിപ്പ് കയറി. അവരെല്ലാവരും കൂടി കൂടിയാലോചന നടത്തി. തോളിലേറ്റി അക്കരെ എത്തിക്കാമെന്ന് അഭിപ്രായമുണ്ടായെങ്കിലും അതൊക്കെ മോശം എടപാടാണെന്ന് ഉടൻതന്നെ കണ്ടെത്തുകയും ചെയ്തു. ഏതോ ഒരു കാർന്നോര് ഒരു കിടുക്കൻ അഭിപ്രായം മുന്നോട്ടു വെച്ചു:

“നമുക്കവനെ മഞ്ചലിൽ കയറ്റി അപ്പുറത്തെത്തിച്ചാലോ? അവൻ രാജാവിനെപ്പോലെ പോട്ടെന്നേയ്.. ”

സംഗതി തരക്കേടില്ലല്ലോ എന്നുകരുതി ചെക്കന്റെ വാപ്പാ ആകാംക്ഷയോടെ ചോദിച്ചു: “അതിന് മഞ്ചൽ എവിടുന്നു കിട്ടും”

കാർന്നോരു പറഞ്ഞു: “ഇവിടടുത്ത് ജമാഅത്ത് പള്ളീലുണ്ടാവും”

വാപ്പാ ഒരാട്ടുവെച്ചുകൊടുത്തു: “പ്‌പ്‌പ്‌ഫ!!”

ഇതിനിടെ പെൺകൂട്ടരുടെ ഇടയിൽ നിന്നും ബ്രോക്കർ വരമ്പു മുറിച്ചുകടന്ന് ഇക്കരെയെത്തി.
അയാൾ ചോദിച്ചു: “നിങ്ങൾ ഇത്രനേരമായിട്ടും പുറപ്പെടാത്തതെന്ത്? മുഹൂർത്തം തെറ്റുന്നു..”

ചെക്കന്റെ കൂടെവന്ന ഖാളിയാരു ചോദിച്ചു: “മുസ്ലീങ്ങൾക്കെന്തന്ന് മുഹൂർത്താടോ?”

ബ്രോക്കർ പറഞ്ഞു: “ഐ മീൻ.. ആളുകളുടെ കുടല് കത്തിക്കരിയുന്നു..”

ശേഷം ബ്രോക്കർ അവസരത്തിനൊത്ത് ഉയരുന്നതാണ് കണ്ടത്. അയാൾ ചെക്കനെക്കൊണ്ട് കാറിന്റെ വിൻഡോ താഴ്ത്തിച്ച് എന്തൊക്കെയോ പുതിയ ഓഫറുകൾ നിരത്തുകയും യഥാർഥ കാര്യമെന്തെന്ന് അന്വേഷിക്കുകയും ചെയ്തു.
അത്രവലിയ കാര്യമൊന്നുമില്ല. പയ്യന് സഭാകമ്പമാണ്. പയ്യന്റെ വരവും കാത്ത് അക്കരെ കൂടിയിരിക്കുന്ന പെണ്ണുങ്ങളും ആണുങ്ങളുമെല്ലാം ഒഴിഞ്ഞുപോകണമെന്നാണ് പുതിയ വാശി. ആചാരപ്രകാരം ചെക്കനാണ് അവന്റെ കൂട്ടരുടെ മുന്നിൽ നടക്കേണ്ടത്. പാടത്തിനക്കരെ ഇത്രയും ആളുകൾ തന്നെത്തന്നെ നോക്കി നിൽക്കുമ്പോൾ…. ഓർക്കുമ്പോത്തന്നെ കാലുവിറയ്ക്കുന്നു. ചിലപ്പോൾ വിറച്ചുവിറച്ച് വരമ്പിൽ നിന്ന് ചെളിയിലേക്ക് തെന്നി വീഴാനും മതി. എങ്കിൽ താൻ ജീവിച്ചിരുന്നിട്ട് കാര്യമില്ല.

അങ്ങനെ, പയ്യന്റെ പുതിയ വാശിക്ക് വശം‌വദരായിക്കൊണ്ട് പെൺകൂട്ടരെല്ലാം പാടവരമ്പത്തുനിന്ന് പിൻവലിഞ്ഞു. കാലുകഴുകൽ ചടങ്ങിനു വേണ്ടി ഭാവിഅളിയൻ മാത്രം ഒരു മൊന്ത വെള്ളവുമായി നിന്നിടത്തുതന്നെ നിലകൊണ്ടു. എങ്കിലും, അദൃശ്യമായ കണ്ണുകൾ ഇപ്പോഴും തന്നെ നോക്കുന്നുണ്ടാവുമെന്നതുകൊണ്ടും ഈ സംഭവവികാസങ്ങൾ വലിയ വാർത്തയായി എന്നതുകൊണ്ടും റഹീമിന്റെ ഉള്ളിലെ സംഭ്രമങ്ങൾ പൂർണ്ണമായും മാഞ്ഞുപോയിരുന്നില്ല. അവൻ രണ്ടും കൽപ്പിച്ച് തന്റെ കൂട്ടരേയും നയിച്ചുകൊണ്ട് കൊണ്ട് പാടവരമ്പിലൂടെ നടക്കാൻ തുടങ്ങി.

പത്തടി വെച്ചില്ല; അസന്നിഗ്ധാവസ്ഥ കാരണം താൽക്കാലികമായി നിർത്തിവെച്ചിരുന്ന തെങ്ങേൽ ‌പാട്ട്, സ്ഥിതിഗതികളിൽ അയവുവരികയാൽ വീണ്ടും പാടാൻ തുടങ്ങി..

“പുറപ്പെട്ടബുജാഹിലു തൻ കിബിർ പൊങ്കിയെലുന്ത്
ലിബാസു ചമയ്ന്ത്….”

പയ്യൻ രണ്ടു കയ്യും വിടർത്തി എല്ലാവരേയും സ്റ്റോപ്പു ചെയ്തു : “സ്റ്റോപ്പ്!”
എന്നിട്ട് കാതുകൂർപ്പിച്ച് ആദ്യത്തെ രണ്ടുവരി ആവർത്തിക്കുന്നതുവരെ സ്റ്റില്ലടിച്ചുനിന്ന് പിന്നെയും കേട്ടു.

“പുറപ്പെട്ടബുജാഹിലു തൻ കിബിർ പൊങ്കിയെലുന്ത്
ലിബാസു ചമയ്ന്ത്….”

എന്തോ വശപ്പിശകുപോലെ!. അവൻ പിന്നിൽ നടന്നിരുന്ന വാപ്പായുടെ ചെവിയിൽ പറഞ്ഞു: “വാപ്പാ, ഇത് നമ്മളെ അപമാനിക്കാൻ വേണ്ടിയാണ്”

ബ്രോക്കർ പിന്നെയും ഓടിവന്നു. “എന്താ.. എന്തുപറ്റി?”

“താൻ ആദ്യം ആ ****ലെ പാട്ടു മാറ്റാൻ പറ” - പരമാവധി സഭ്യമായ ഭാഷയിലാണ് ബാപ്പ പൊട്ടിത്തെറിച്ചത്.

മൈക്കു സെറ്റുകാരന്റെ ചെവിയിൽ സന്ദേശമെത്താൻ അല്പസമയെമെടുത്തു. അയാൾ പാട്ട് ഓഫ് ചെയ്തു. കുറച്ചുകൂടി ഇമ്പമുള്ളതും ആർക്കും പ്രശ്നമുണ്ടാക്കാത്തതുമായ മറ്റൊരു പാട്ടിട്ടാലോ എന്ന് ആലോചിച്ചു. റഹീമും കൂട്ടരും ഇക്കരെ എത്താറായിരിക്കുന്നു. ചെറുക്കനും കൂട്ടരും പാടവരമ്പത്തുകൂടെ നിരനിരയായി വരുന്നത് കണ്ടപ്പോൾ അയാൾക്ക് നല്ലൊരു പാട്ട് ഓർമ്മവന്നു. അത് അയാൾ പ്ലേ ചെയ്തു:

“ഒട്ടകങ്ങൾ വരിവരി വരിയായ്..
കാരയ്ക്ക മരങ്ങൾ നിരനിരയായ്..”

നമുക്കെല്ലാം അറിയാം. അത് മൈക്കുസെറ്റുകാരന്റെ കുഴപ്പമായിരുന്നില്ല. ചെക്കന്റെ ബാപ്പയുടെ ഇരട്ടപ്പേര് ‘ഒട്ടകം’ എന്നാണെന്ന് അയാളെങ്ങനെ അറിയാനാണ്?

പിന്നീട് അവിടെ കണ്ടത് ഒട്ടകവും അയാളുടെ മകനും പിന്നെ ബന്ധക്കാരും സ്വന്തക്കാരുമെല്ലാം കൂടി പന്തലിൽക്കയറി മേയുന്നതാണ്. ഭാവിഅളിയന്റെ കയ്യിലെ മൊന്തയും വെള്ളവും പിടിച്ചു വാങ്ങി അവന്റെ തലയ്ക്കടിച്ചു. കസേരകൾ തല്ലിയൊടിച്ചു. പന്തൽ തുണികൾ വലിച്ചുകീറി. ബിരിയാണിയിൽ മണ്ണുവാരിയിട്ടു. മൈമൂന കരഞ്ഞുംകൊണ്ട്‌ മണിയറക്കട്ടിലിൽ കമന്നുവീണു...

മൈക്ക് സെറ്റുകാരൻ വേറൊരു പാട്ടിട്ടു:

“സംകൃത പമഗരി തംഗ തുംഗ തധിംഗിണ
തിംകൃത തിമികിട മേളം -
തക ധം ധരി സരിഗമ തക്കിട ജത്ത തിതിം ഗിണ
ധിം തിമി താളം കൃത താളം..”

ഇമ്യൂൺ സിസ്റ്റം

പകർച്ചവ്യാധികൾ പടർന്നുപിടിക്കാൻ തുടങ്ങിയാൽ നേർച്ചയാക്കപ്പെട്ട ഒരു ആടിനെയും കൊണ്ട് വീടുവീടാന്തരം കയറിയിറങ്ങുന്നൊരു ഇമ്യൂൺ സിസ്റ്റം പണ്ട് ഞങ്ങളുടെ നാട്ടിലൊക്കെ ഉണ്ടായിരുന്നു. വസൂരിയും, കോളറയുമൊക്കെ ഇങ്ങനെ പിടിച്ചു നിർത്തിയിരുന്നതായി പഴമക്കാർ പറയുന്നു. ഈ കലാപ്രകടനം കാണാൻ വളരെ അപൂർവ്വമായേ എനിക്ക് അവസരം ഉണ്ടായിട്ടുള്ളൂ. സുന്നികൾ കണ്ടെത്തി പരിപാലിച്ചുപോന്ന ഇത്തരം രോഗപ്രതിരോധ രീതികൾക്കെതിരേ ചില പുത്തനാശയക്കാർ പ്രചാരണം അഴിച്ചു വിടുകയും കാലക്രമേണ അവരോട് പിടിച്ചു നിൽക്കാനാവാതെ ഈ ആചാരം അന്യം നിന്നുപോവുകയും ചെയ്തു.

എനിക്ക് ഓർമ്മയുള്ള ആടുനേർച്ച ചിക്കൻ പോക്സിനെതിരേയുള്ളതായിരുന്നു. ഹൈദ്രോസ് തങ്ങളുടെ അടുത്ത് അതിനു പറ്റിയ ലക്ഷണമൊത്ത മുട്ടനാടുകൾ ഒന്നുരണ്ടെണ്ണം എപ്പോഴും ഉണ്ടാവും. നാഗൂറിൽ നിന്ന് കൊണ്ടുവന്നതാണെന്ന് പറയപ്പെടുന്നു. കണ്ടാലും നല്ല ലുക്കാണ്. നല്ല താടിയൊക്കെയായിട്ട്, ബാഖിയാത്തുസ്വാലിഹാത്തില്‍നിന്ന് ബാഖവി ബിരുദം നേടിയശേഷം ഇപ്പോൾ ഏതോ മുസ്ലിം സംഘടനയുടെ മൗലാനയായി വാണരുളുകയാണെന്നുപോലും തോന്നിപ്പോകും. അജ്ജാതി ആടുകൾ!.

ഹൈദ്രോസ് തങ്ങൾ താൻ ചെയ്യുന്ന ജോലിയിൽ നല്ല ശുഷ്കാന്തിയുള്ള ആളാണ്. ഉഷ്ണകാലം വരുന്നതോടനുബന്ധിച്ച് ചിക്കൻപോക്സിന്റെ കുരുക്കൾ അവിടവിടെയായി മുളയ്ക്കാൻ തുടങ്ങുമല്ലോ. അതിനും മുമ്പേ അദ്ദേഹം തന്റെ ആടുകൾക്ക് നല്ല തീറ്റകൊടുത്ത് കനപ്പിച്ച് ഒരുക്കി നിർത്തും. ആടിന്റെ കഴുത്തിൽ തൂക്കാനുള്ള പച്ചപ്പട്ടുകൊണ്ടു തുന്നിയ കീശ കഴുകിയുണക്കി തയ്യാറാക്കിവെക്കും. ആടുകൾ ഓരോരോ വീടുകളിൽ കയറിയിറങ്ങുമ്പോൾ അതിലേയ്ക്കാണ് വീട്ടുകാർ പണമെറിഞ്ഞുകൊടുക്കേണ്ടത്. നാഗൂർ ആണ്ടവൻ തുണ! എന്നാൽ എല്ലാ സീസണിലും ആടിനെ ഇറക്കി ഒരു പര്യടനം നടത്തത്തക്ക നിലയിൽ ചിക്കൻ പോക്സ് നാട്ടിലാകെ പടർന്നു പിടിക്കണമെന്നില്ല. അതൊക്കെ H.തങ്ങളുടെ ഭാഗ്യം പോലെയിരിക്കും. ഭാഗ്യമില്ലെങ്കിൽ ആടിന് പ്ലാവില വാങ്ങിയ കാശ് നഷ്ടം!

ഒരു പര്യടനത്തിനായി ചിലപ്പോൾ വർഷങ്ങൾ കാത്തിരിക്കേണ്ടിവരും. അതൊക്കെ ഇതിന്റെ ഭാഗമാണ്. കാത്തിരുന്നു കാത്തിരുന്നു മടുത്ത ഹൈദ്രോസുതങ്ങൾ 1994-ലെ ഒരു ഉഷ്ണകാലത്ത് തന്റെ ആടുകളെ പര്യടനത്തിനിറക്കാൻ തന്നെ തീരുമാനിച്ചു. ഒരുദിവസം വൈകും നേരം അവയെ കുളിപ്പിച്ച് കൂട്ടിലാക്കി ചന്ദനത്തിരിയും കുന്തിരിക്കവും ഗുമുഗുമാ പുകച്ച് ഭക്തിയുടെ മാസ്മര വലയത്തിലാക്കി. ആടുകൾക്കും എന്തെന്നില്ലാത്ത സന്തോഷം.

കൂട്ടിനു പുറത്തിറക്കിയപ്പോൾ ആഹ്ലാദം മറച്ചുവെക്കാതെ ആദ്യത്തെ ആട് ചോദിച്ചു :

"എങ്ങോട്ടാ?"

"അതൊക്കെയുണ്ട്": ഹൈദ്രോസ് സസ്പെൻസാക്കി.

പച്ചപ്പട്ടിന്റെ കീശ കഴുത്തിൽ കെട്ടാൻ തുടങ്ങുമ്പോൾ രണ്ടാമത്തെ ആട് ഇറങ്ങിവന്ന് കൈ തട്ടി മാറ്റിയിട്ടു ദേഷ്യപ്പെട്ടു: "എങ്ങോട്ടാണെന്ന് പറഞ്ഞിട്ട് കെട്ടിയാമതി!"

"നാട്ടിൽ മുഴുവൻ ചെങ്കണ്ണ് പടർന്നിരിക്കുന്നു. രാത്രിയാവുമ്പോഴേക്ക് നമുക്കൊന്ന് കറങ്ങിയിട്ടുവരാം, കുറച്ച് ആളുകളെയും പിന്നെ പെട്രോമാക്സും ഞാൻ സംഘടിപ്പിച്ചിട്ടുണ്ട്."

"അയ്യേ.. ചെങ്കണ്ണോ?" ആടുകളുടെ രണ്ടിന്റേയും ഹൃദയം തകർന്നു. ഹൈദ്രോസുതങ്ങളെ അവർ പുഛത്തോടെ നോക്കി. അവർ ഇരുവരും ഇനി ഒരടി മുന്നോട്ടുവെക്കില്ലെന്ന് വാശിപിടിച്ചുനിന്നു. വാശിയുടെ കാര്യത്തിൽ ആടുകൾ മറ്റേതു മൃഗങ്ങളേക്കാളും മുന്നിലാണല്ലോ.

ദയവുചെയ്ത് സഹകരിക്കണമെന്ന് അദ്ദേഹം അവരോട് കെഞ്ചി.

ഒന്നാമൻ പറഞ്ഞു:
"ഞങ്ങൾക്ക് ഇങ്ങനെയുള്ള ചീളു രോഗങ്ങൾ മാറ്റിയുള്ള പാരമ്പര്യമില്ല. വസൂരി, കോളറ, മലേറിയ, പ്ലേഗ് ഓഫ് ജസ്റ്റിനിയൻ.. ഇതൊക്കെയാണ് ഞങ്ങളുടെ പാരമ്പര്യം"

"പ്ലേഗ്? സീരിയസ്‌ലി? - തങ്ങളുടെ കണ്ണുകളിൽ സംശയവും അതിശവും കത്തിനിന്നു.

"യേസ്.. ദാറ്റ് ഈസ് ദ ഡെഡ്‌ലിയസ്റ്റ് എപിഡമിക് മാൻകൈന്റ് ഹാവ് എവർ സീൻ.. ജസ്റ്റിനിയൻ ചക്രവർത്തി ഞങ്ങളുടെ പിതാമഹന്മാരിൽ ആറുപേരെ നാഗൂരിൽ നിന്ന് കൊണ്ടുപോയിട്ടാണ് അത് പിടിച്ചു നിർത്തിയത്. അപ്പോഴേക്കും ലോക ജനസംഖ്യയുടെ പകുതിയും തീർന്നിരുന്നു"- രണ്ടാമത്തെ ആട് ഗദ്‌ഗദകണ്ഠനായി.

ആടുകൾ പറയുന്നത് ശരിയാണ്. അവരുടെ പൂർവ്വപിതാക്കന്മാരെല്ലാം ബഹുമാനവർകളായിരുന്നു. മഹാമാരികൾ പെയ്തിറങ്ങിയ ദേശങ്ങളിലേക്കും കാലങ്ങളിലേക്കും അവർ നിർഭയം കടന്നുചെന്നിരുന്നു. ഓരോ വീടുകളിലും കയറിയിറങ്ങി മരിച്ചവർക്കും മരിച്ചുകൊണ്ടിരിക്കുന്നവർക്കും ജീവിച്ചിരിക്കുന്നവർക്കും അവർ സാന്ത്വനം നൽകി. നാഗൂർ ആണ്ടവന്റെ പ്രകാശം എല്ലാകാലത്തും അവർക്ക് തുണയായിനിന്നു.

ഇവിടെ, ഈ ചെങ്കണ്ണിൽ അവരെ പ്രലോഭിപ്പിക്കുന്നതായി യാതൊന്നുമില്ല.

തങ്ങള് തെല്ല് നീരസത്തോടെ പറഞ്ഞു : "വസൂരി പടരുന്നതും കാത്തിരുന്നാൽ ഇങ്ങനെയിരിക്കുകയേയുള്ളൂ. അതൊക്കെ നാടുകടത്തപ്പെട്ടിട്ട് കാലം കുറേയായി. കാലത്തിനനുസരിച്ചു മാറിയാൽ നിങ്ങൾക്കു കൊള്ളാം. ഇല്ലെങ്കിൽ മറ്റ് ആടുകളെപ്പോലെ ഏതെങ്കിലും പെരുന്നാൾ രാവിൽ ഒടുങ്ങാനാവും നിങ്ങളുടെയും വിധി!."

"ഭീഷണിയാണോ?"

ഹൈദ്രോസ് തങ്ങൾ മറുപടിയൊന്നും പറഞ്ഞില്ല. ആടുകളെ രണ്ടിനേയും അടിമുടിയൊന്ന് നോക്കുകമാത്രം ചെയ്തു.

ആ നോട്ടം തൂക്കമളക്കാനുള്ള നോട്ടമാണെന്ന് ആടുകൾക്ക് മനസ്സിലാവാതിരുന്നില്ല. പക്ഷേ ചെങ്കണ്ണുപോലൊരു സില്ലി രോഗത്തിനു വേണ്ടി പുറത്തിറങ്ങുന്നതിലും ഭേദം മരിക്കുന്നതല്ലേ എന്ന് അവർ രണ്ടുപേരും പരസ്പരം ചോദിച്ചുകൊണ്ടിരുന്നു. അതേസമയം അടുത്തുവരുന്ന ചെറിയപെരുന്നാൾ അവരുടെ ഉള്ളിൽ ഭയമുണ്ടാക്കുകയും ചെയ്തിരുന്നു.

ആടുകളുടെ പ്രാർഥന. നാഗൂർ ആണ്ടവന്റെ തുണ. ഒപ്പം ഹൈദ്രോസ് തങ്ങളുടെ ഭാഗ്യം. അതേവർഷം ചെങ്കണ്ണ് സ്കോർ ചെയ്യുന്നതിനൊപ്പം നാട്ടിൽ ചിക്കൻ പോക്സും പടർന്നുപിടിക്കാൻ ആരംഭിച്ചു. വലിയ നാശനഷ്ടമുള്ള കേസൊന്നുമല്ല. എങ്കിലും വസൂരിയുടെ പിന്മുറക്കാരൻ എന്നനിലയിൽ അത്യാവശ്യം ഭീകരാന്തരീക്ഷം ഉണ്ടാക്കിയെടുക്കാൻ ചിക്കൻപോക്സിനുള്ള കഴിവ് തള്ളിക്കളയാനാവില്ല. കൂടാതെ, ജനങ്ങളെ സംബന്ധിച്ച് അത് വസൂരിയെപ്പറ്റിയുള്ള ഓർമ്മപുതുക്കാനുള്ള അവസരവും ഉണ്ടാക്കുന്നു. ഓർമ്മപുതുക്കലുകളെല്ലാം ഉത്സവങ്ങളാണല്ലോ.

കാലങ്ങൾ കൂടിയുള്ള പര്യടനമായതുകൊണ്ട് അക്കൊല്ലം ജനപിന്തുണ ഏറെയായിരുന്നു. പുതിയ തലമുറയിലെ ആളുകൾക്ക് നല്ലൊരു കാഴ്ചയും അനുഭവവുമായിരുന്നു അത്. മുഅ‌്‌മിനീങ്ങളുടെയെല്ലാം പൂർണ്ണമായ സഹകരണം ഉറപ്പുവരുത്താൻ പള്ളിയിൽ നിന്ന് അനൗൺസ്മെന്റ് ഉണ്ടായി. പള്ളികളുടേയും പുരാതനകുടുംബങ്ങളുടെയും അറകളിൽ നിന്ന് നൂറ്റാണ്ടുകൾ പഴക്കമുള്ള തൂക്കുവിളക്കുകളും ധൂമപാത്രങ്ങളും റാന്തലുകളും പുറത്തെടുത്ത് മിനുക്കിയെരുക്കി. എത്രയോ കാലം ഉപയോഗിക്കാതെ കിടന്നിരുന്ന ദഫുകളുടെ മുഴക്കങ്ങൾ റിഹേഴ്സൽ ക്യാമ്പുകളിൽ നിന്ന് രാവേറെ ചെന്നും പ്രതിധ്വനിച്ചു. ഓരോ വീടുകളിലും മൗലിദുകൾ പാരായണം ചെയ്യാൻ ആരംഭിച്ചു.

രോഗപ്രതിരോധത്തിനായുള്ള നാട്ടുകാരുടെ ആഘോഷപൂർവ്വമായ പ്രവർത്തനങ്ങളിൽ ആടുകളും ഹൈദ്രോസുതങ്ങളും അത്യധികം ആഹ്ലാദിച്ചു. നാഗൂർ ആണ്ടവന്റെ ആടുകളെകാണാനും അവയ്ക്ക് തീറ്റകൊടുക്കാനും ആളുകൾ മത്സരിച്ചു. കുറഞ്ഞസമയത്തിനുള്ളിൽത്തന്നെ ആടിനു തീറ്റകൊടുക്കൽ ഒരു നേർച്ചപോലെയായി. ആട്ടിൻകൂടിനു മുന്നിൽ തങ്ങളൊരു ഓട്ടുതളിക സംഘടിപ്പിച്ചുവെച്ചു. തീറ്റകൊടുത്ത ശേഷം ആളുകൾ അതിൽ പൈസ ഇട്ട് നാഗൂർ ആണ്ടവന്റെ ബർക്കത്തിനായി പ്രാർഥിച്ചു.

ഏതാണ്ട് ഏഴുദിവസത്തെ മൊന്നൊരുക്കത്തിനു ശേഷം ഏഴുദിവസം പര്യടനമായിരുന്നു. ഏറ്റവും മുന്നിൽ പുതിയാപ്ലമാരെപ്പോലെ നാഗൂർ ആടുകൾ. പച്ചപ്പട്ടിന്റെ കീശകൂടാതെ ഏഴാം നൂറ്റാണ്ടിലേതെന്നു കരുതപ്പെടുന്ന ഓരോ ഓട്ടുമണികളും അവയുടെ കഴുത്തിൽ കെട്ടിയിരുന്നു. മണിമുഴക്കിക്കൊണ്ട് ആടുകൾ ഗമയോടെ നടന്നു. അതിനു പിന്നിൽ ഇരുവശത്തുമായി പെട്രോമാക്സുകാർ, നടുവിൽ കുന്തിരിക്കവും ചാമ്പ്രാണിയും പുകയുന്ന ധൂമപാത്രങ്ങൾ വീശിക്കൊണ്ട് രണ്ടുപേർ. അതിനുപിന്നിലായി പുരാതനമായ റാന്തൽ വിളക്കുകളുടെ നേർത്ത പ്രകാശവും പേറിക്കൊണ്ട് നാലുപേർ. അതിനുപിന്നിൽ ഒരുനൂറു ചന്ദനത്തിരികൾ കത്തിച്ചുവെച്ചൊരു വെള്ളിക്കാൽ ഉയർത്തിപ്പിടിച്ചുകൊണ്ട് ഒരാൾ. ഏറ്റവും പുറകിലായി വയസ്സന്മാരുടെ ദഫ് സംഘം. ഘോഷയാത്രയുടെ നടുക്കായിട്ടാണ് ബൈത്തുകാരനുള്ളത്. വലിയൊരു ഹരിതപതാക വഹിക്കുന്ന അയാളാണ് ഉച്ചത്തിൽ ബൈത്തുകൾ ചൊല്ലിക്കൊടുക്കുന്നത്. കൂടെയുള്ള പുരുഷാരം അത് ഏറ്റുചൊല്ലും.

"എല്ലാബലാലും ആപത്തും
ഇടങ്ങേറുകൾ മുസീബത്തും

ബദ്‌രീങ്ങടെ ബർക്കത്തിനാൽ
ഷിഫയാക്കണം യാ റബ്ബനാ.."

ഒരാഴ്ച്ചയ്ക്കുള്ളിൽത്തന്നെ ഊടുവഴികൾ കയറിയും തോടുകൾ നീന്തിയും ആടുകളും പരിവാരങ്ങളും വീടുകൾ ഒന്നൊഴിയാതെ സന്ദർശനം നടത്തി. ജാതിമതഭേദമന്യേ നാട്ടുകാരെല്ലാവരും അവരെ വരവേറ്റു. ഘോഷയാത്രയോടൊപ്പം വന്ന ആളുകൾ വീടിനു പുറത്തുനിന്ന് പ്രാർഥനകൾ ഉരുവിടുമ്പോൾ ആദ്യം ധൂമക്കാരൻ വീടിനുള്ളിൽ കയറി പുക നിറയ്ക്കും. ശേഷം ആടുകൾ അടുക്കള ഉൾപ്പടെയുള്ള എല്ലാ മുറികളിലും കയറിയിറങ്ങി രോഗികളേയും അല്ലാത്തവരേയും അനുഗ്രഹിച്ച് തിരിച്ചുവരും. രോഗികളുടെ കുമിളകളിൽ ചുംബിക്കുകയും ഗൃഹാംഗങ്ങളെ തഴുകുകയും ചെയ്യും.

ആടുകളുടെ പ്രകടനത്തിൽ ഹൈദ്രോസുതങ്ങൾ സംപ്രീതനായിരുന്നു. എല്ലാവരും അദ്ദേഹത്തെ വാഴ്ത്തി. അദ്ദേഹം വിനയാന്വിതനായി : "ആണ്ടവൻ തുണ"

നിർദ്ദിഷ്ടദിവസങ്ങൾ കൊണ്ടുതന്നെ ആടുകളും ആളുകളും ചേർന്ന് ചിക്കൻപോക്സിനെ എത്തേണ്ടിടത്തെല്ലാം എത്തിച്ചു. മുമ്പ് രോഗം വന്നുപോയവർക്കും ഹൈദ്രോസുതങ്ങൾക്കുമൊഴികെ നാട്ടിൽ എല്ലാവർക്കും അതോടെ രോഗം പിടിപെട്ടു. എങ്ങും ഉപ്പില്ലാത്ത കഞ്ഞിയും ഹോമിയോ ഗുളികകളും മാത്രം. ആര്യവേപ്പുകളെല്ലാം ഇലപൊഴിച്ച ശിശിരകാല വൃക്ഷത്തെപ്പോലെ നഗ്നരായി നിലകൊണ്ടു.

അതുവരെ ഘോഷയാത്രയെ പ്രതിരോധിക്കാനാവാതെ നിന്നിരുന്ന ഒരുവിഭാഗം ഉത്പതിഷ്ണുക്കൾ അവസരം പാഴാക്കാതെ ഹൈദ്രോസുതങ്ങൾക്കെതിരേ ആരോപണങ്ങളുമായി രംഗത്തുവന്നു. ആടുകളേയും കൊണ്ടുനടന്ന് നാടുമുഴുവൻ തങ്ങൾ രോഗം പരത്തി എന്നവർ ആരോപിച്ചു.

മഹാമാരിയെല്ലാം ഒഴിഞ്ഞ് അവസാനത്തെയാളിന്റേയും കുളികഴിഞ്ഞശേഷം ഹൈദ്രോസുതങ്ങൾ ജംഗ്ഷനിൽ ഒരു അനുമോദന യോഗം വിളിച്ചുചേർത്തു. തങ്ങളെക്കൂടാതെ മൂന്നു പള്ളികളിലേയും ഖത്തീബുമാരും ആടുകളും സ്റ്റേജിൽ സന്നിഹിതരായിരുന്നു. തന്നെ അനുമോദിക്കാൻ താൻ തന്നെ വിളിച്ചുചേർത്ത ആ യോഗത്തിൽ വെച്ച് ഹൈദ്രോസ് തങ്ങൾ ഉത്പതിഷ്ണുക്കൾക്കുള്ള മറുപടി കൊടുത്തു:
"ഇന്ന് നമ്മുടെ നാട് ചിക്കൻ പോക്സിൽ നിന്ന് ശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു. ഇവിടെ ഇനി ഒരാൾക്കും ഈ രോഗം വരികയില്ല. ഇങ്ങനെയാണ് നാഗൂർ ആണ്ടവൻ ബലാൽ മുസീബത്തുകളേയും രോഗങ്ങളെയും പ്രതിരോധിക്കുന്നത്.."

ആടുകൾ ചിനച്ചു. കൂടിയിരുന്നവർ കയ്യടിച്ചു.

"ആണ്ടവൻ തുണ!" - ഹൈദ്രോസ് തങ്ങൾ പ്രസംഗം ഉപസംഹരിച്ചു.

അന്നത്തെ ഘോഷയാത്രയ്ക്കു ശേഷം ജനിച്ചവർക്കും ഹൈദ്രോസുതങ്ങൾക്കുമല്ലാതെ മറ്റാർക്കും പിന്നീട് ചിക്കൻ പോക്സ് പിടിപെട്ടിട്ടില്ല എന്നത് ചരിത്രം.

10/19/17

വടാപ്പാവ്

ഇക്കഴിഞ്ഞ ഓണം വെക്കേഷനു നടന്ന ഒരു സംഭവം പറയണമെന്ന് വിചാരിക്കാൻ തുടങ്ങിയിട്ട് ഒരു മാസത്തിനു മേലെയായി. ഇവിടെ ബോംബെയിലെ എന്റെ റൂം മേറ്റ്സ്് ആയ ഹിന്ദിക്കാരനോടും തമിഴനോടും അറിയാവുന്ന മുറിഹിന്ദിയിൽ ഞാൻ അക്കാര്യം പറഞ്ഞിരുന്നു. അവർ ചെറുതായിട്ട് അത്ഭുതപ്പെട്ടെങ്കിലും എന്നെ സംബന്ധിച്ച് സ്വന്തം മാതൃഭാഷയിൽ കാര്യങ്ങൾ പറയുന്നതിന്റെ സുഖം കിട്ടിയില്ല. മറുനാട്ടിൽ ജീവിക്കുന്നവർക്ക് ഫേസ്ബുക്ക് ആണല്ലോ ഇക്കാര്യങ്ങളിൽ നല്ലൊരാശ്രയം.

ഈ ഓണത്തിന് പെരുന്നാളും കൂട്ടിനുണ്ടായിരുന്നതുകൊണ്ട് നീണ്ട ഒരാഴ്ചത്തെ അവധി കിട്ടി. സത്യത്തിൽ ഓണത്തിനായിട്ടൊരു വെക്കേഷനൊന്നും വിഘ്‌നേശ്വര ഇൻസ്റ്റിറ്റ്യൂട്ടിനില്ല. നേരത്തേ തൊട്ടേ അവിടെ പഠിച്ചിരുന്ന മലയാളി വിദ്യാർഥികൾ ഓണത്തിന്റേതെന്നു പറഞ്ഞ് രണ്ടുമൂന്ന് ദിവസം അപ്രഖ്യാപിത ലീവെടുക്കാറുണ്ടായിരുന്നു. വന്നുവന്ന് ഇപ്പോൾ അതൊരു പ്രഖ്യാപിത ലീവ് പോലെ ആയി.

മെക്കാനിക്കൽ എഞ്ജിനീയറിംഗ് കഴിഞ്ഞ് എന്തു ചെയ്യണമെന്ന് അറിയാതെ നടന്ന എന്നോട് ഒരു വർഷത്തെ പൈപ്പ് ലൈൻ ഡിപ്ലോമ കോഴ്സിനു ചേരാൻ പറഞ്ഞത് അബൂദാബി അഡ്നോക്കിൽ ജോലി ചെയ്യുന്ന അമ്മാവനാണ്. അദ്ദേഹം തന്നെയാണ് വിഘ്‌നേശ്വര ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് നിർദ്ദേശിച്ചതും. അവിടെ ചേർന്നതിനു ശേഷമുള്ള എന്റെ ആദ്യത്തെ വെക്കേഷനായിരുന്നു ഇക്കഴിഞ്ഞ ഓണം വെക്കേഷൻ.

രാവിലെ വീട്ടിൽ വന്നു കയറുമ്പോൾ അമ്മയ്ക്ക് എന്നെ കണ്ടിട്ട് സഹിക്കാൻ കഴിഞ്ഞില്ല. ആഹാരമൊന്നും ശരിയാവാത്തതുകൊണ്ട് ഞാൻ നന്നായി ക്ഷീണിച്ചിരുന്നു. പോരാത്തതിന് കുഴിഞ്ഞുപോയ കവിളുകളിലും കൺതടങ്ങളിലും കുർള എക്സ്പ്രസ്സ് ഊതിപ്പറത്തിയ കരിയും പുകയും പൊടിയും വന്നടിഞ്ഞ് ആകെ കരുവാളിച്ചുമിരുന്നു.

തലയിൽ തലോടിക്കൊണ്ട് അമ്മ കണ്ണീർ വാർത്തു: “എന്റെ മോനങ്ങ് ക്ഷീണിച്ചുപോയി.. നിനക്ക് അവിടെ കഴിക്കാൻ ഒന്നും കിട്ടുന്നില്ലേടാ..?”

ഹോസ്റ്റലിലെ ഭക്ഷണത്തിന്റെ വിശേഷങ്ങളൊക്കെ അമ്മയോട് ഞാൻ നൂറുവട്ടം പറഞ്ഞിട്ടുള്ളതാണ്. വീട്ടിലേക്ക് ഫോൺ ചെയ്യുമ്പോഴെല്ലാം അമ്മ ആദ്യം ചോദിക്കുന്നത് അന്ന് എന്താണ് കഴിച്ചതെന്നാണ്. അവിടം കൊണ്ടും നിർത്തില്ല. ഇന്നലെ എന്തായിരുന്നു? മെനിഞ്ഞാന്ന് എന്തായിരുന്നു? അത്താഴത്തിന് എന്തായിരുന്നു? പകലത്തേക്ക് എന്തായിരുന്നു? കറി എന്തൊക്കെ? മീൻ എന്തൊക്കെ? പറഞ്ഞതുതന്നെ പറഞ്ഞുപറഞ്ഞ് ഞാൻ സഹികെടും. ദേഷ്യപ്പെടും.. എല്ലാം കേട്ടുംകൊണ്ട് ‘എന്റെ മോൻ ഇച്ചിരി ഇറച്ചികൂട്ടി ചോറുകഴിച്ചിട്ട് എത്ര നാളായി’ എന്ന് പരിതപിക്കും.

“യാത്രാ ക്ഷീണത്തിന്റേതാണ്, കുളിച്ചൊന്ന് ഫ്രെഷ് ആകുമ്പോൾ ക്ഷീണമൊക്കെ മാറും” അഛൻ അമ്മയെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. എങ്കിലും അച്ഛനും തോന്നാതിരുന്നില്ല; ‘നല്ല ക്ഷീണമുണ്ട്. ഭക്ഷണം ശരിയാകാഞ്ഞിട്ടാണ്!’.

“നിനക്ക് ഇടയ്ക്കിടയ്ക് വടാപ്പാവ് മേടിച്ച് കഴിച്ചൂടായിരുന്നോ?”- മറന്നുപോയ ഒരു ഉപദേശമെന്ന എന്ന രീതിയിൽ അച്ഛൻ പറഞ്ഞു.

അമ്മ ചോദിച്ചു: “അതെന്താ, ഈ വടാപ്പാവ്?”

അതിനെക്കുറിച്ചു വിവരിക്കാൻ അഛൻ ചാരുകസേരയിൽ നിന്ന് മുന്നോട്ട് ആഞ്ഞ് നിവർന്നൊരു ഇരുത്തമിരുന്നു. എന്നിട്ട് ആംഗ്യ വിക്ഷേപങ്ങളോടെ വടാപ്പാവ് ഉണ്ടാക്കുന്ന വിധവും അത് തിന്നുന്ന രീതിയുമൊക്കെ സ്കൂളിലെ തന്റെ കുട്ടികളെ പഠിപ്പിക്കുന്നപോലെ നാടകീയ ശബ്ദത്തിൽ അഞ്ചു മിനിറ്റോളം വിശദീകരിച്ചു. അഛൻ പണ്ട് ഗൾഫിൽ പോകാനുള്ള ആഗ്രഹത്തിൽ ബോംബെയിൽ തെണ്ടിനടന്നിട്ടുണ്ട്. അന്ന് തന്നെ നിലനിർത്തിയത് വടാപ്പാവാണ്. ബോംബെയിൽ അഛന് അറിയാവുന്ന ഒരേയൊരു ആഹാരസാധനവും വടാപ്പാവ് തന്നെ.

ഒരു ബന്നിനകത്ത് ഒരു കിഴങ്ങു ബോണ്ട തിരുകിവെച്ച് രണ്ട് പച്ചമുളകും കടിച്ചുകൂട്ടി തിന്നേണ്ടുന്ന സാധനമാണ് ഈ വടാപ്പാവെന്ന് ഹ്രസ്വമായി മനസ്സിലാക്കിയ അമ്മയ്ക്ക് കലികയറി!

“ഹും! ഇതാണൊ വലിയ വടാപ്പാവ്?!!”

അമ്മ വിചാരിച്ചിരുന്നത് മിനിമം ഷവർമ്മ പോലെ എന്തെങ്കിലും ആണെന്നാണ്. ഇറച്ചി ഇല്ലാത്ത ഒന്നും ഇപ്പോഴിപ്പോ അമ്മ ഭക്ഷണമായിട്ട് കരുതുന്നു പോലുമില്ല. അപ്പോഴാണ് അച്ഛന്റെ ഒരു വടാപ്പാവ്!.

ഇന്നാള് ഒരിക്കൽ കോഴിക്കോട്ട് പോയപ്പോൾ വിടുത്തെ ഒരു റസ്റ്റോറന്റിൽ നിന്ന് അമ്മയ്ക്ക് ഷവർമ്മ വാങ്ങിക്കൊടുക്കേണ്ടിവന്നു. റെയിൽ വേ സ്റ്റേഷനിൽ നിന്ന് പാളയം സ്റ്റാന്റിലേക്ക് ഓട്ടോയിൽ പൊയ്ക്കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് ഷവർമ്മയുടെ മണം മൂക്കിലേക്ക്‌ ഇരച്ചു. ഞങ്ങളാരും അത് ശ്രദ്ധിച്ചിരുന്നില്ല. എന്നാൽ, പേരറിയാത്ത ഏതൊക്കെയോ മസാലകളിൽ കെട്ടിപ്പിടിച്ചുകിടന്ന് കോഴികൾ ഒന്നായി നീറുന്ന മണം അമ്മയെ സംബന്ധിച്ച് വ്യത്യസ്തവും മാസ്മരികവുമായ അനുഭൂതിയായിരുന്നു. അപ്പോൾത്തന്നെ അമ്മ ഓട്ടോ നിർത്തിച്ച് മണം വന്നിടത്തേക്ക് തിരിച്ചു വിടീച്ചു. മൂന്നുപേർക്കും ഷവർമ്മ ഓർഡർ ചെയ്തു. അന്ന് അത് ആസ്വദിച്ച് കഴിച്ചുകൊണ്ട് അമ്മ പറഞ്ഞു:

“ഹൊ! ഇത് മുന്തിയ ജാതിതന്നെ. അതിന്റെ പേരുപോലും കണ്ടില്ലേ, ഷ’വർമ്മ.”

പടവാളും കുന്തവും പ്രയോഗിക്കുന്ന ഒരേയൊരു തീറ്റസാധനം എന്ന് തിരിച്ചറിഞ്ഞതുകൊണ്ടാവാം പാതി കടിച്ച സാന്റ്-വിച്ച് മുഖത്തിന് അഭിമുഖമായി ഉയർത്തിപ്പിടിച്ചുകൊണ്ട് അമ്മ വിളബരം ചെയ്തു:

“ ക്ഷത്രിയനായ ഷ’വർമ്മ’! “

അച്ഛൻ കളിയാക്കി: “അപ്പോൾ ബോണ്ടയും പഴമ്പൊരിയുമൊക്കെ പുലയനും ഈഴവനുമാണോ?”

ഇറച്ചിയോടുള്ള അമ്മയുടേ ഇഷ്ടം പണ്ടുമുതലേ ഉള്ളതാണ്. ഇപ്പോൾ ഒരു നാലഞ്ച് കൊല്ലമായി അത് കൂടിയിട്ടുണ്ടെങ്കിലേയുള്ളൂ. വിദേശത്തുനിന്നുള്ള നിന്നുള്ള ഷവർമ്മയും ഷവായിയും മന്തിയും കെ എഫ് സിയുമൊക്കെ വഴിയരികിൽ മണം പരത്താൻ തുടങ്ങിയതിനു ശേഷമെന്ന് വേണമെങ്കിൽ പറയാം. അതോടുകൂടി ദോശ, ചമ്മന്തി, സാമ്പാർ ഇത്യാദി ഐറ്റങ്ങളോടൊക്കെ ഒരുജാതി വെറുപ്പും കാട്ടാൻ തുടങ്ങി.. നൂറുതരം ദോശ കിട്ടുന്നൊരു കട ടൗണിൽ തുറന്നിട്ടുണ്ടെന്നു പറഞ്ഞപ്പോൾ അമ്മയ്ക്ക് പുഛമായിരുന്നു:

“എടാ, കുറേ മാവ് കോരിയൊഴിച്ച്, അതിന്റെ മുകളിൽ തക്കാളി വാരിയിട്ടിട്ട് ടൊമാറ്റോ ദോശയെന്നും, കിഴങ്ങ് നിരത്തിയിട്ട് ഒനിയൻ ദോശയെന്നും, മുളകുപൊടി വിതറിയിട്ട് ചില്ലി ദോശയെന്നും പറഞ്ഞാൽ ദോശ ദോശയല്ലാതാകുമോ? അങ്ങനെ നൂറുതരം ദോശ ഉണ്ടാക്കാൻ ആർക്കാ പറ്റാത്തെ? നിനക്കു വേണോ, ഇന്നു വേണമെങ്കിൽ ഞാൻ കടുക് ദോശ ഉണ്ടാക്കിത്തരാം.. ഒരു വെറൈറ്റിയ്ക്ക്. വേണോ?”

അമ്മ ഇത്തരം വെല്ലുവിളികൾ തുടങ്ങിയാൽ പിന്നെ ഞാനും അഛനും ഒരക്ഷരം മിണ്ടില. മിണ്ടിയാൽ പുതിയ വാദങ്ങളുമായി വരും. ഇറച്ചിക്കറികളിലാണ് ഒരു കുക്കിന്റെ വൈഭവം മുഴുവൻ ഇരിക്കുന്നത്, ഇറച്ചികൊണ്ടുള്ള വിഭവങ്ങളുടെ വൈവിധ്യം മറ്റൊന്നിനുമില്ല, ഓരോ പ്രദേശത്തേയും ഓരോ രാജ്യത്തേയും ഓരോ വിഭാഗത്തിന്റേയും ഇറച്ചിക്കറികൾ വെവ്വേറേ ആയിരിക്കും, ഫുഡിന്റെ ചരിത്രത്തിൽ നിന്ന് ഇറച്ചി നീക്കം ചെയ്താൽ പിന്നെ വെറും എല്ലും തോലും മാത്രമേ ബാക്കിയുണ്ടാവൂ... ഇങ്ങനെ പ്രഭാഷണ ഭാഷയിൽ നീളും വാദങ്ങൾ..

അമ്മയ്ക്കാവട്ടെ, ഫാറ്റി ലിവർ ഉണ്ടെന്ന് കണ്ടെത്തിയിട്ട് മൂന്നാലു കൊല്ലത്തോളമായി.. അടിവയർ ചെറുതായി തൂങ്ങിയിട്ടുണ്ട്. ഇറച്ചിതീറ്റ കാരണം വന്നതാണ്. എന്നിട്ടും വല്ല കണ്ട്രോളും ഉണ്ടോ? ഇല്ല! അച്ഛൻ ഇടയ്ക്കിടെ ഉപദേശിക്കും:

“എടീ നീ ഈ ഇറച്ചി കഴിക്കൽ ഒന്നു കുറയ്ക്ക്..”

അമ്മ പറയും : “മരിക്കുന്നെങ്കിൽ ബീഫ് തിന്ന് മരിക്കണം. മിനിമം പശു കുത്തിയെങ്കിലും മരിക്കണം”

“നിന്റെ തീറ്റ ഉടനേ നിൽക്കും.. ഗവണ്മെന്റ് കേരളത്തിലും മാട്ടിറച്ചി നിരോധിക്കാൻ പോകുവാ” അഛൻ ഭീഷണിപ്പെടുത്തും.

അമ്മയ്ക്ക് അത് തമാശയാണ്. ‘ഗവണ്മെന്റിന് അന്ത്രമാനെ നിരോധിക്കാൻ പറ്റില്ലല്ലോ?’ എന്നു പറയും. അന്ത്രമാൻ നാട്ടിലെ ഇറച്ചിവെട്ടുകാരനാണ്. “മാനത്ത് പുറ കാണുന്ന കാലത്തോളം അന്ത്രമാൻ പോത്തിനെ വെട്ടും’ എന്നൊരു ആത്മവിശ്വാസം അമ്മയ്ക്കുണ്ട്..

ഞാൻ ചെന്ന ദിവസം പെരുന്നാൾ ആയിരുന്നതുകൊണ്ട് അന്നത്തേയ്ക്ക് എനിക്ക് എന്തു വെച്ചുണ്ടാക്കിത്തരും എന്ന അങ്കലാപ്പൊന്നും അമ്മയ്ക്ക് ഉണ്ടായിരുന്നില്ല. ‘അയലത്തെ റസിയേടേം ജമീലേടേം ജാരിയത്തിന്റേം വീട്ടീന്ന് കൊണ്ടുവന്ന അരിപ്പത്തിരിയും നല്ല സൂപ്പർ ഇറച്ചിക്കറിയും ഇരിപ്പുണ്ട്. ഉച്ചയാകുമ്പോൾ അവർ ബിരിയാണി കൊണ്ടുവരും. ഇതൊക്കെ ആരു തിന്നു തീർക്കും’ എന്ന ആശങ്കയേ ഉണ്ടായിരുന്നുള്ളൂ.

ഞാനും അഛനും അമ്മയും കൂടിയാണ് ഭക്ഷണം കഴിക്കാനിരുന്നത്. പാത്രം തുറന്നപ്പോൾ പത്തിരിയിൽ നിന്നും ബീഫ് കറിയിൽ നിന്നും ആവി പൊന്തി. പെരുന്നാൾ വീട്ടിലാകെ നിറയുന്നതുപോലെ തോന്നി.

എല്ലുകൾ കടിച്ചൂറിക്കൊണ്ട് അമ്മ പറഞ്ഞു : “ഞാൻ ഉണ്ടാക്കിയാൽ ഇത്രയ്ക്കങ്ങോട്ട് ശരിയാകാറില്ല. റസിയേം ജമീലേം ഒക്കെ എന്തോ സ്പെഷ്യലായിട്ട് ചേർക്കുന്നുണ്ട്..”

ഞാൻ അമ്മയെ സപ്പോർട്ട് ചെയ്തു: “ശരിയാ, മുസ്ലീങ്ങൾടെ ഇറച്ചിക്കറിയാണ് ഇറച്ചിക്കറി..” പിന്നെ ബാലൻസ് ചെയ്തു : “ എന്നുവെച്ച് അമ്മ ഉണ്ടാക്കുന്നത് മോശമെന്ന് പറയാൻ പറ്റില്ല”

പിടികിട്ടാത്ത സ്പെഷ്യൽ ചേരുവയെക്കുറിച്ച് ഞങ്ങൾ കുറച്ചുനേരം കൂടി സംസാരിച്ചു. അമ്മ കറിയെടുത്ത് നാവിൽ വെച്ച് കണ്ണുകളടച്ച് കുറച്ചുനേരം നുണഞ്ഞ് ഇൻഗ്രീഡിയൻസ് എന്തൊക്കെയെന്ന് വേർതിരിച്ചറിയാൻ ഒരു ശ്രമം നടത്തി. ‘ഒന്നും ക്ലിയറാകുന്നില്ല’.

ചതയം വരേയും വീട്ടിലെ പ്രധാന വിഭവം മാട്ടിറച്ചി ആയിരുന്നു. പെരുന്നാൾ തുടങ്ങി ചതയം വരെ നീണ്ട ഒരാഴ്ചയോളം എത്രയെത്ര മാടുകളാണ് അന്ത്രമാന്റെ കടയിൽ മരണം ആഘോഷിച്ചത്. അവയുടെ ആത്മാവിന് ഇഞ്ചിയും പച്ചമുളകും വെളുത്തുള്ളിയും മസാലകളും ചേർന്ന് മോക്ഷം നൽകും എന്നാണ് വിശ്വാസം. അതുകൊണ്ട് മനസ്സാക്ഷിക്കുത്ത് ഉണ്ടാവേണ്ട കാര്യമില്ല. കൂടാതെ, വെളിച്ചെണ്ണയിൽ കിടന്ന് മൊരിയുമ്പോഴല്ലാതെ ഒരാഹ്ലാദ സ്വരവും ആടുമാടുകൾ പുറപ്പെടുവിക്കാറില്ലല്ലോ.

ചതയം കഴിഞ്ഞ് രണ്ടാമത്തെ ദിവസം വെള്ളിയാഴ്ചയാണ് തിരിച്ചു പോകേണ്ടത്. അമ്മ മുമ്പലെ ദിവസം മുതൽ എനിക്ക് തന്നുവിടാനുള്ള ഭക്ഷണ സാധനങ്ങൾ ഉണ്ടാക്കുന്ന തത്രപ്പാടിലും തിരക്കിലുമാണ്. കുറച്ച് ബീഫ് എടുത്ത് നേരത്തേ അച്ചാറിട്ടു വെച്ചിട്ടുണ്ട്. വറുത്തു തന്നുവിടാൻ രണ്ടുകിലോ ബീഫ് വാങ്ങാൻ പറഞ്ഞിട്ട് അച്ഛൻ കൂട്ടാക്കുന്നില്ല:

“എടീ നീ അവനെ കൊലയ്ക്ക് കൊടുത്തേ അടങ്ങുള്ളോ?”

“ഓ.. ഇത്തിരി ഇറച്ചി വറുത്തത് അച്ചാറിന്റേം ചിപ്സിന്റേം ഇടയിൽ വെച്ചാൽ ആരും അറിയാൻ പോകുന്നില്ല, അതല്ലെങ്കിൽ വേറേ ഒരു സൂത്രപ്പണിയുണ്ട്”

“നീ ഇതെന്തറിഞ്ഞിട്ടാണ്?, സൗദിയിലേക്ക് ബ്രൗൺ ഷുഗർ കടത്തുന്നതിനേക്കാൾ ഭീകരമാണ് ഉത്തരേന്ത്യയിലേക്ക് ബീഫ് വറുത്തു കൊണ്ടുപോകുന്നത്!.”

“ഓ.. നമ്മടെ ആളുകളെ അവരൊന്നും ചെയ്യില്ല’

വാക്കുതർക്കങ്ങൾ നീണ്ടുപോയി.. അമ്മയെ പറഞ്ഞു മനസ്സിലാക്കുന്നതിൽ അച്ഛൻ ഒരുകാലത്തും വിജയിച്ചിട്ടില്ല. വിജയിക്കാത്ത യുദ്ധം നയിക്കുന്നതെന്തിനെന്നു കരുതി അച്ഛൻ അമ്മയുടെ പക്കലുള്ള സൂത്രപ്പണി എന്താണെന്ന് ആരാഞ്ഞു. കൂർമ്മ ബുദ്ധിയായ അമ്മയുടെ കയ്യിൽ എന്തെങ്കിലും ആക്ഷൻ പ്ലാൻ കാണാതിരിക്കില്ലെന്ന് അറിയാമായിരുന്നു.

പുറത്തൊരു നിറവും അകത്ത് മറ്റൊരു നിറവും നിറച്ച് കാപട്യം കൊണ്ട് വീർത്തുപൊട്ടാറായ ഒരു തണ്ണിമത്തനെ ചുറ്റിപ്പറ്റിയുള്ളതായിരുന്നു ആ ആക്ഷൻ പ്ലാൻ. തണ്ണിമത്തനിൽ നിന്ന് ഒരു ചെറിയ വാതിൽ വെട്ടി മാറ്റുക. അകത്തു നിന്ന് ചുവപ്പ് ചുരണ്ടിയെടുക്കുക. ഇറച്ചി വറുത്തതും ബീഫ് അച്ചാറും പോളിത്തീൻ കവറിലാക്കി ഉള്ളിലേക്ക് തിരുകുക. ശേഷം വെട്ടിയെടുത്ത വാതിൽ കൊണ്ട് അടയ്ക്കുക. ജോയിന്റിൽ സെല്ലോ ടേപ്പുകൊണ്ട് ഒട്ടിക്കുക.

“ഗോ രക്ഷകല്ല, അവന്റെ കീച്ചിപ്പാപ്പ വന്നാൽ പോലും കണ്ടുപിടിക്കാൻ പറ്റില്ല”

“എടീ, അവർ പട്ടിയെക്കൊണ്ട് മണപ്പിച്ച് കണ്ടുപിടിക്കും”

“കൊങ്കൺ റെയിൽ വേയിൽ ഗോ രക്ഷകിന് ഡോഗ് സ്ക്വാഡ് ഇല്ല. നിലവിൽ ഹിമാചൽ പ്രദേശിൽ മാത്രമാണു ആ സിസ്റ്റം ഉള്ളത്” - അമ്മ ഇതേപ്പറ്റി ഒരു റിസർച്ചു തന്നെ നടത്തിയിരുന്നു എന്നറിഞ്ഞ് എന്റെ പോലും കണ്ണുതള്ളിപ്പോയി.

തണ്ണിമത്തൻ ഹാൻഡ് ബാഗിൽ ഭദ്രമാക്കി വെക്കുമ്പോൾ അച്ഛൻ പറഞ്ഞു : “ഇതിന്റെ പുറത്തുകയറി ഇരിക്കതെ നോക്കണം”

അമ്മ ധൈര്യം തന്നു : “അങ്ങനെയിങ്ങനെയൊന്നും പൊട്ടത്തില്ല; മോൻ പേടിക്കാതെ പോ..”

കാസർഗോഡ് വരെയും ഉല്ലാസ യാത്രയായിരുന്നു . തണ്ണിമത്തൻ സൂക്ഷിച്ച ബാഗ് ആരെയും കൂസാതെ ബെർത്തിൽ സുഖമായിരുന്നു മയങ്ങി. കാസർഗോഡ് കഴിഞ്ഞപ്പോൾ മുതൽ ഒരു മോഷ്ടാവ് തൊണ്ടിമുതൽ നോക്കുന്നതുപോലെ ഇടയ്ക്കിടെ എന്റെ കണ്ണുകൾ അതിന്റെ ഭദ്രതയെപ്പറ്റി വ്യാകുലപ്പെട്ടുകൊണ്ടിരുന്നു. ഒപ്പം ആ സെക്ഷനിലെ ഉറങ്ങുന്നവരും ഉണർന്നിരിക്കുന്നവരുമായ ആളുകളേയും ശ്രദ്ധിക്കാൻ തുടങ്ങി. ഉറങ്ങുന്നവർ യഥാർഥത്തിൽ തന്നെ ഉറങ്ങുകയാണോ? അതോ അവർ ഇടയ്ക്കിടെ ഏറുകണ്ണിട്ട് എന്റെ ബാഗിനെ സംശയത്തോടെ നോക്കുന്നുണ്ടോ? ഇടനാഴിയിലൂടെ ഇടയ്ക്കിടെ തിരക്കിട്ടു നടക്കുന്നവർ എന്നിൽ ഉൾക്കിടിലം ഉണ്ടാക്കിക്കൊണ്ടിരുന്നു.. താഴെ സീറ്റിലിരിക്കുന്ന, കയ്യിൽ ചുവപ്പു ചരടുകെട്ടിയ മൂന്നാല് ചെറുപ്പക്കാർ... അവരാണോ ഗോരക്ഷകർ? അവരുടെ ജോലി ഇനിയും തുടങ്ങാനിരിക്കുന്നതേയുള്ളോ? സ്വസ്ഥത നഷ്ടപ്പെട്ടിരിക്കുന്നു. ഇതൊന്നും വേണ്ടിയിരുന്നില്ലെന്ന് തോന്നി.

ശീലമായിക്കഴിഞ്ഞാൽ പിന്നെ ഒന്നും പ്രശ്നമല്ലല്ലോ. പ്രത്യേകിച്ച് ഭയം പെട്ടെന്ന് അപ്രത്യക്ഷമാകും. ഇറാഖിലെയും അഫ്ഗാനിലേയും ഒക്കെ കുട്ടികൾ പീരങ്കികൾക്കിടയിൽ സാറ്റ് കളിക്കുന്നത് കണ്ടിട്ടില്ലേ? ആ പ്രതിഭാസം ഇവിടെയും സംഭവിച്ചു. വണ്ടി കാർവാർ സ്റ്റേഷൻ കടക്കുമ്പോഴേക്ക് ഹൃദയമിഡിപ്പ് നേരേയായിരുന്നു. മഡ്‌ഗാവിൽ എത്തിയപ്പോൾ ബാഗ് ബർത്തിൽ ഉപേക്ഷിച്ചിട്ട് പുറത്തുപോയി കുപ്പിയിൽ വെള്ളം നിറയ്ക്കാനും കട്‌ലറ്റും കാപ്പിയും വാങ്ങിക്കുടിക്കാനും പോലും ധൈര്യമുണ്ടായി. വീണ്ടും ആനന്ദത്തിന്റെ വേളകൾ തിരിച്ചു വന്നു. കുറച്ചുനേരം ഹെഡ് ഫോൺ കുത്തി പാട്ടുകേട്ടുകൊണ്ടിരുന്നു. മടുത്തപ്പോൾ ‘മഞ്ഞവെയിൽ മരണങ്ങൾ’ വായിക്കാൻ തുടങ്ങി.

ഒന്നുരണ്ട് സ്റ്റേഷനുകളിൽ വണ്ടി കുറേ നേരം പിടിച്ചിട്ടു. അപ്പോഴേക്ക് യാത്രക്കാർ ഓരോരുത്തരായി ഉറക്കമായിരുന്നു. എനിക്കും ഉറക്കം വരുന്നുണ്ട്. അതിനുമുമ്പ് മുഖവും കയ്യും കാലുമൊക്കെ ഒന്നു കഴുകണം. ബാഗ് തുറന്ന് തണ്ണിമത്തൻ എടുത്ത് ബെർത്തിന്റെ സൈഡിൽ വെച്ച് ഉള്ളിൽ എവിടെയോ ഉള്ള തോർത്തിനായി പരതി. ഒടുവിൽ തോർത്ത് വലിച്ചൂരിയെടുക്കുമ്പോൾ കൈ തട്ടി തണ്ണിമത്തൻ താഴെ വീണു. അത് ഉരുണ്ട് ഇടനാഴിക്ക് നടുവിൽ ഇരിപ്പായി. വെപ്രാളപ്പെട്ട് ചാടിയിറങ്ങി മുന്നോട്ട് ഓടിത്തിരിഞ്ഞതും നിയന്ത്രണം കിട്ടിയില്ല. അറിയാതെ അതിൽ ഒരു തട്ടു തട്ടി. കിക്ക് കൊണ്ട ഫുട് ബോൾ പോലെ അത് കോറിഡോറിലൂടെ ഉരുണ്ടു. തടഞ്ഞു നിർത്താനായി ഞാൻ പിറകേ ഓടി. പിന്നീട് നടന്നതെല്ലാം നാടകീയമായ രംഗങ്ങളായിരുന്നു.

അതാ അങ്ങേത്തലയ്ക്കൽ തണ്ണിമത്തനെ തന്റെ കാലിന് അടിയിലാക്കി ഗോളിയെപ്പോലൊരാൾ. വണ്ടി ഒരു ഇന്റർമീഡിയേറ്റ് സ്റ്റേഷൻ കടന്നുപോയി. അവിടെനിന്നുള്ള വെളിച്ചത്തിൽ അയാൾ കൂടുതൽ പ്രകാശിക്കുകയും പൊടുന്നനെ മങ്ങുകയും ചെയ്തു. യാത്രക്കാരുടെ നീട്ടിവെച്ച കാലുകൾക്കിടയിലൂടെ ഒരുവിധം ഞാൻ അടുത്തെത്തി. ട്രെയിൻ ഒരു നദി മുറിച്ചുകടക്കാനായി കൂടുതൽ ശബ്ദത്തിൽ കിതച്ചു. ഭയം കൊണ്ട് എന്റെ ചങ്ക് അതിനേക്കാൾ ശബ്ദത്തിൽ മിടിക്കാൻ തുടങ്ങി. അടുത്തുചെന്ന് ഗോളിയെ ഞാൻ ശ്രദ്ധിച്ചു നോക്കി...

ഹോ.. ആശ്വാസം! അത് സുരേന്ദ്രനായിരുന്നു..

“സുരേട്ടാ…”

സുരേന്ദ്രൻ പതിയെ കുനിഞ്ഞ് തണ്ണിമത്തൻ കയ്യിലെടുത്ത് എനിക്ക് നീട്ടി. ഞാൻ ആവേശത്തോടെ അത് തട്ടിയെടുക്കാൻ ആഞ്ഞതും എന്തോ ഓർത്തിട്ടെന്നപോലെ അയാൾ അത് പിൻവലിച്ചു.

“ഇതെന്താടാ ഇത്ര ഭാരക്കുറവ്?”

ഞാൻ ഒന്നും പറഞ്ഞില്ല. സുരേന്ദ്രൻ അതിന്റെ പുറത്ത് തല്ലിനോക്കി പൊള്ളയാണോ എന്ന് ശ്രദ്ധിച്ചു. തേങ്ങ കുലുക്കുന്നതുപോലെ കുലുക്കി നോക്കി. എന്നിട്ട് ആകെ ഉരുട്ടിയും തിരിച്ചും നോക്കി. തണ്ണിമത്തന്റെ വാതിലിൽ ഒട്ടിച്ച സെല്ലോടേപ്പ് അയാളുടെ ശ്രദ്ധയിൽ പെട്ടു. അപ്പോഴേക്ക് നിലത്ത് പത്രം വിരിച്ച് മദ്യപാനത്തിൽ ഏർപ്പെട്ടിരുന്ന മൂന്നുപേർ എഴുന്നേറ്റു വന്നു. അവരോട് സുരേന്ദ്രൻ പറഞ്ഞു:

“യേ ഖുൽ കേ ദേഖോ.. “

ഒരുവന്റെ കയ്യിൽ നിന്ന് ‘ക്ലിക്ക്’ എന്ന ശബ്ദത്തോടെ ഒരു കത്തി ചാടിയെഴുന്നേറ്റു. തണ്ണിമത്തന്റെ വാതിൽ അവൻ കുത്തിപ്പുറത്തെടുത്തു. ഉള്ളിലേക്ക് ഉറ്റുനോക്കി അവൻ പറഞ്ഞു:

“ഇസ്കാ അന്തർ കുച്ച് ഹൈ”

“നികാൽ കേ ദേഖോ” ഇതുപറഞ്ഞുകൊണ്ട് സുരേന്ദ്രൻ ഭയം കൊണ്ടു വിറയ്ക്കുന്ന എന്റെ കയ്യിൽ പിടുത്തമിട്ടു. ഞാൻ ഓടിക്കളഞ്ഞെങ്കിലോ..

പുറത്തെടുക്കാതെ തന്നെ അതിനുള്ളിൽ ബീഫാണെന്ന് അവർ മണത്തറിഞ്ഞു. കത്തിക്കാരൻ തണ്ണിമത്തൻ രണ്ടായി പിളർത്തി. അപ്പോഴേക്കും അതിനുള്ളിലെ പാഴ്സലുകൾ താഴെ വീണിരുന്നു. ഇത് കണ്ടതും മറ്റു രണ്ടുപേർ കലിപൂണ്ട് പാഞ്ഞുവന്ന് “ തേരീ മാക്കീ ഛൂത്..” എന്ന് ആക്രോശിച്ചുകൊണ്ട് വലതു ഭാഗത്തെ ഭിത്തിയിൽ ചാരി നിർത്തി എന്നെ മർദ്ദിക്കാൻ തുടങ്ങി. അതുവഴി വന്ന ഒരു യാത്രക്കാരൻ ഈ സംഘർഷം കണ്ടിട്ടും കാണാത്തപോലെ ധൃതിയിൽ ടൊയിലറ്റിൽ കയറി കതകടച്ചു. അവർ എന്നെ വാതിലിനരികിലേക്ക് പിടിച്ചു വലിച്ചു. പുറത്തേക്ക് വലിച്ചെറിയുമെന്ന് തോന്നി. ഉടനേ കത്തിക്കാരൻ വന്ന് മറ്റു രണ്ടുപേരെയും മാറ്റി നിർത്തി എന്നെ തിരികെ ഭിത്തിയിലേക്ക് ചേർത്തു നിർത്തി കഴുത്തിൽ കത്തിവെച്ചു. എന്റെ കണ്ഠമുഴ ജീവനു വേണ്ടി മുകളിലേക്കും താഴേക്കും പരക്കം പാഞ്ഞു. ഞാൻ "അമ്മേ.." എന്ന് അലറിക്കരഞ്ഞു.

എന്റെ കരച്ചിൽ കേട്ടിട്ടാവണം, സുരേന്ദ്രൻ ഇടപെട്ട് കത്തിക്കാരനെ പിന്നിലേക്ക് വലിച്ചു. ശേഷം ക്രൂരമായ മുഖഭാവം നിലനിർത്തിക്കൊണ്ട് ചോദ്യം ചെയ്യാൻ ആരംഭിച്ചു.

പേരു തെളിയിക്കാൻ എന്റെ ഐഡന്റിറ്റി കാർഡും ആധാർ കാർഡും കാണിച്ചുകൊടുക്കേണ്ടിവന്നു. അമ്മയുടെ പേര് Aisha യെന്നും അച്ഛന്റെ പേര് പ്രമോദ് എന്നും ആണെന്നുകണ്ട് ‘ലൗ ജിഹാദിൽ ഉണ്ടായതാണോ?’’ എന്ന് സുരേന്ദ്രൻ പരിഹസിച്ചു. ഒടുവിൽ ആയിഷയല്ല, ഐഷ എന്നാണ് അമ്മയുടെ പേരെന്നും അമ്മ ഒരു ഹിന്ദു തറവാട്ടിലേതാണെന്നും മൊബൈൽ ഫോണിൽ ഉണ്ടായിരുന്ന കുറച്ച് ഫോട്ടോകളുടെ സഹായത്താൽ എങ്ങനൊക്കെയോ പറഞ്ഞു മനസ്സിലാക്കി.

പിന്നെയും ചെറിയ പീഡനങ്ങൾക്കും ഭീഷണികൾക്കും ശേഷം എന്തായാലും എന്നെ പോകാൻ അനുവദിച്ചു. ക്ഷീണിച്ച് അവശനായി തിരികെ ബെർത്തിൽ വന്നു കിടക്കുമ്പോഴും നെഞ്ച് പടപടാ മിടിക്കുന്നുണ്ടായിരുന്നു. സഹയാത്രക്കാർ എല്ലാവരും ഉറക്കമാണ്. സംഭവം ആരും അറിഞ്ഞിട്ടില്ല. ഇനി ഇതറിയുമ്പോൾ അവരെല്ലാവരും കൂടി എന്താവും ചെയ്യുക എന്നോർത്തിട്ടുള്ള ടെൻഷൻ വേറെ.

അടുത്ത സ്റ്റേഷനിൽ വണ്ടി നിർത്തിയപ്പോൾ സുരേന്ദ്രനും കൂട്ടാളികളും ഇപ്പുറത്തെ വാതിലൂടെ ഇറങ്ങിപ്പോയി. അവർ കടന്നു പോകുമ്പോൾ മദ്യത്തിന്റേയും ബീഫിന്റേയും സമ്മിശ്ര ഗന്ധം അവിടൊക്കെ പരന്നു. സുരേന്ദ്രൻ എന്നെ രൂക്ഷമായൊന്നു നോക്കി. അയാൾ പുറത്തേക്കിറങ്ങുമ്പോൾ അണപ്പല്ലുകൾക്കിടയിൽ നിന്ന് എന്തോ ഊരിയെടുത്ത് വീണ്ടും വായിലിട്ട് ചവയ്ക്കുന്നുണ്ടായിരുന്നു..

വളരെ അവശനായാണ് ഞാൻ റൂമിൽ എത്തുന്നത്. ചെന്നപാടേ കിടക്കാനാണ് തോന്നിയത്. യാത്ര കഴിഞ്ഞെത്തിയ വിവരം പറഞ്ഞ് വീട്ടിലേക്ക് വിളിക്കാറുള്ളതാണ്. പക്ഷേ, ഇപ്പോൾ ഒന്നിനും തോന്നുന്നില്ല. വെളിയിൽ എവിടെയോ പോയിരുന്ന ഹിന്ദിക്കാരൻ അല്പ സമയം കഴിഞ്ഞപ്പോൾ റൂമിലെത്തി. വിശേഷങ്ങൾ ചോദിക്കും മുമ്പ് അപ്പോൾ വായിച്ചുകൊണ്ടിരുന്ന ഒരു വാട്ട്സാപ്പ് പോസ്റ്റ് വിശദീകരിക്കുവാനായിരുന്നു അവന് താല്പര്യം. ‘സാലേ ലോഗ്’ ബീഫ് കടത്തുന്നത് എങ്ങനെയൊക്കെയാണ് എന്ന് ബോധവത്കരിക്കുന്ന ഒരു പോസ്റ്റായിരുന്നു അത്. അതിൽ ഭൂഗോളം രണ്ടായി പിളർന്നതുപോലെ ഒരു തണ്ണിമത്തൻ.. അതിന്റെ ഒരു പാതിയിൽ അമ്മയുടെ ശരീരം ഒരു പോളിത്തീൻ കവറിൽ നുറുങ്ങിക്കിടന്നിരുന്നു..

റൗണ്ട് ‘N’ റൗണ്ട്

Bujair PK യുടെ പോസ്റ്റുകൾ കണ്ടപ്പോൾത്തൊട്ടു തുടങ്ങിയതാണു ചെക്കനു സൂക്കേട്:

സൈക്കിളു വേണം!.

“വാപ്പാ.. സൈക്കിളു വാങ്ങിത്തരുന്നോ ഇല്ലേ?”

“എടാ നീ നാലു മാസം മുമ്പ് ഒരു ബുള്ളറ്റ് മേടിച്ചതല്ലേയുള്ളൂ.. പിന്നെ നിനക്കെന്തിനാ ഇപ്പം സൈക്കിള്?”

“ഉമ്മാ.. ഒന്നു പറഞ്ഞ് മനസ്സിലാക്കിക്കൊട്”

ഉമ്മ മനസ്സിലാക്കിക്കൊടുത്തു : “മനുഷ്യാ, നിങ്ങളു തന്നെയാണ് പറയുമ്പം പറയുമ്പം ഓരോന്നു വാങ്ങിക്കൊടുത്ത് ഇവനെ വഷളാക്കിയത്..”

അവന്റെ ഉമ്മ പറഞ്ഞത് എത്ര ശരിയാണ് എന്നെനിക്കറിയില്ല. ഒന്നറിയാം; ചെക്കൻ ചെറുപ്പം മുതലേ ഇങ്ങനെയായിരുന്നു. ഓരോ സമയത്ത് ഓരോന്നിലും കമ്പം കേറും. കുറേക്കാലം പാട്ടു പഠിക്കാൻ പോണമെന്നു പറഞ്ഞ് ബഹളമായിരുന്നു. അങ്ങനെ പാട്ടു പഠിക്കാൻ പോയി. ഒരാഴ്ചയെടുത്തില്ല; സരിഗമ മടുത്തു. പിന്നീട് ഗിറ്റാർ പഠിക്കാൻ പോയി. അതുപിന്നെ രണ്ടുമൂന്ന് മാസം പോയെന്നു വെക്കാം. ക്ലാസ്സ് കഴിഞ്ഞ് വീട്ടിൽ വന്നിരുന്ന് വായിക്കും. ‘തുഛേ ദേഖാ തോ യെ ജാനാ സനം..” പക്ഷേ അത് കഴിഞ്ഞുള്ള വരിയിലെത്തും മുമ്പ് അതും നിർത്തി. ഗിറ്റാർ ക്ലോക്കിനടുത്തായി ആണിയടിച്ചു തൂക്കി.അതിൽ ഇപ്പോൾ ആദികാലത്ത് കുടിയേറിയ ഒരു പല്ലിയുടെ പതിനൊന്നാം തലമുറ കൂട്ടുകുടുംബമായി താമസിക്കുന്നു.രാത്രിയാകുമ്പോൾ മൂന്നാലു വയസ്സൻ പല്ലികൾ ഗിറ്റാറിന്റെ ഹോളിനു വെളിയിലേക്ക് തലയിട്ട് ഫാനിന്റെ കാറ്റുള്ളാൻ വന്നിരിക്കും.

ഗിറ്റാറു പഠിത്തമെല്ലാം ഒരു വഴിയ്ക്കായിക്കഴിഞ്ഞ് കരാട്ടെ പഠിക്കാൻ പോയി. സ്കൂളിലെ കൂട്ടുകാരായ രാജീവനും അരുണും കരാട്ടെ പഠിക്കുന്നത്രേ! കരാട്ടേ ക്ലാസ്സുകഴിഞ്ഞ് വീട്ടിൽ വന്നുള്ള കാട്ടായമൊക്കെ ഒന്നു കാണണമായിരുന്നു!. പറമ്പിലെ അധികം പ്രായമാവാത്ത വാഴകളെയൊക്കെ പഞ്ച് ചെയ്തും മുതുകിനു ചവിട്ടിയും തലകുനിപ്പിച്ചു. ചായ്പ്പിന്റെ മേൽക്കൂരയിൽ നിന്ന് ഓടുകൾ ഓരോന്നായി ഊരിക്കൊണ്ടു വന്ന് തല്ലിപ്പൊട്ടിച്ചു. അക്കാലത്ത് അവനോട് ആരെന്തു പറഞ്ഞാലും കാലുകൊണ്ടു മാത്രമേ അനുസരിക്കുമായിരുന്നുള്ളൂ.. ‘എടാ, ആ ജനൽ ഒന്നടച്ചേ’ എന്നു പറഞ്ഞാൽ ചാടി ഉയർന്ന് ഒറ്റൊറ്റച്ചവിട്ടാണ്. അടഞ്ഞാൽ അടഞ്ഞു!

കുറഞ്ഞ കാലം കൊണ്ട് അവന്റെ കിടപ്പുമുറിയിലെ ഭിത്തികൾ കാൽപ്പാടുകൾ കൊണ്ട് നിറഞ്ഞു. യാ..ഹൂ.. വാ...

Yellow Belt കിട്ടിയക്കഴിഞ്ഞ് ഒരു മാസം കൂടി ക്ലാസ്സിനു പോയി. ശേഷം ബെൽറ്റ് ഊരി ഉമ്മായുടെ മുന്നിൽ വെച്ച് വണങ്ങി: ഹുസ്സ്….!!

ശരീരമൊക്കെ ഒന്നു ദൃഡപ്പെട്ടു വരുന്ന സമയമായപ്പോഴാണ് ജിമ്മിനു പോയിത്തുടങ്ങുന്നത്.. ദിനം പ്രതി അവിടവിടെയായി മുഴച്ചു വരുന്ന ശരീരം കണ്ടിട്ട് പ്രേമിക്കുന്ന പെണ്ണു പറഞ്ഞു അവൾക്ക് ജയറാമിനെപ്പോലെ പതുപതുത്ത ശരീരമാണ് ഇഷ്ടമെന്ന്. അതോടെ അതും നിർത്തി.

അങ്ങനെ ഓരോ സീസണിൽ ചെക്കന് ഓരോരോ കമ്പമാണ്. കിളിയെ വളർത്തൽ, അക്വേറിയം, പൂന്തോട്ടം തുടങ്ങിയവയ്ക്കു ചെലവിട്ട കാശ് വെച്ചു നോക്കുമ്പോൾ മേൽപ്പറഞ്ഞ കമ്പങ്ങൾക്കൊന്നും അത്ര പൈസ ആയിട്ടില്ലെന്നു പറയാം. ഇതിൽ പല കമ്പങ്ങളും ദുരന്തങ്ങളിൽ പര്യവസാനിച്ചു.. കിളികളിൽ കുറേ എണ്ണം വെള്ളം കിട്ടാതെ മരിച്ചു. കുറേ എണ്ണത്തിനെ ചേര പിടിച്ചു. ബാക്കി ഉണ്ടായിരുന്ന ഒരെണ്ണത്തിനെ കഷ്ടം തോന്നിയിട്ട് അവന്റെ വാപ്പാതന്നെ തുറന്നുവിട്ടു. മുറ്റത്തെ മാവിൻ കൊമ്പിൽ വന്നിരുന്ന് ദയനീയമായൊരു നോട്ടം നോക്കിയിട്ട് അത് എങ്ങോട്ടോ പറന്നുപോയി.

പൂന്തോട്ടമെല്ലാം ഫലമില്ലാത്ത ഏതൊക്കെയോ വള്ളിച്ചെടികൾ കയറി നശിച്ചു.  അക്വേറിയത്തിലെ മീനുകൾ തീറ്റ കിട്ടാതെ പരസ്പരം വിഴുങ്ങി.. ടാങ്കിലെ വെള്ളമാവട്ടെ, പെയിന്ററന്മാർ ബ്രഷ് കഴുകുന്ന ബക്കറ്റിലേതുപോലായി.

അവന്റെ വാപ്പ ഗൾഫീന്ന് ജോലി മതിയാക്കി വന്നപ്പോൾ കിട്ടിയ പൈസയിൽ കുറച്ചെടുത്തിട്ടാണ് ബുള്ളറ്റ് വാങ്ങുന്നത്. ഏറ്റവും ചെലവേറിയ ‘കമ്പം പ്രൊജക്ടും’ അതായിരുന്നു. കയ്യിൽ പൈസ ഇരിക്കുമ്പോൾ അതിനു തക്ക ചെലവും വരുമല്ലോ. ബുള്ളറ്റ് വാങ്ങിയ ചെലവ് പിന്നെയും സഹിക്കാമായിരുന്നു. അതിന്റെ അനുബന്ധ ചെലവുകളാണ് താങ്ങാൻ പറ്റാതിരുന്നത്. ആഴ്ചയിൽ ആഴ്ചയിൽ ടൂറു പോക്കാണ്. ആദ്യമാദ്യം വീട്ടുകാരും എതിർത്തില്ല. പോകട്ടെ, ലോകം കണ്ടു പഠിക്കട്ടെ.. ജീവിതം പഠിക്കട്ടെ..! അവർ ഉദ്ദേശിച്ചപോലായിരുന്നില്ല. അവൻ മിടുക്കനായിരുന്നു. വെറും മൂന്നു മാസത്തിനുള്ളിൽ മൂന്നാറിനും വയനാട് ചുരത്തിനും ഒക്കെ അപ്പുറത്തും ലോകമുണ്ടെന്നും അത് അങ്ങ് ഷില്ലോംഗ് വരെ പരന്നു കിടക്കുകയാണെന്നും അവൻ മനസ്സിലാക്കി. ആഴ്ചകളോളം നീണ്ടുനിന്ന പ്രയാണങ്ങൾ..

അവന്റെ വാപ്പായെ കണ്ടുകണ്ട് വീട്ടിനടുത്തുള്ള എ ടി എമ്മിന് ബോറടിച്ചു തുടങ്ങി. അങ്ങനെയിരിക്കുമ്പോഴാണ് പുതിയ കമ്പം. സൈക്കിളു മേടിച്ചു കൊടുക്കാൻ..

“നീ ഒരു കാര്യം ചെയ്യ്, ഷെഡ്ഡിലിരിക്കുന്ന ആ ഹെർക്കുലീസ് റിപ്പയർ ചെയ്തെടുത്തോ..”

“ഹയ്യേ..!! ഉമ്മാ… പറഞ്ഞു കൊട്!!”

“മനുഷ്യാ.. പിള്ളേരൊക്കെ ചവിട്ടുന്ന പുതിയ തരം സൈക്കിളുണ്ട്. ഗിയറൊക്കെ ഉള്ള… അല്ല്യോടാ?”

“ഹ്മ്..”

അയാൾ ഓർത്തുനോക്കിയപ്പോൾ സംഗതി തരക്കേടില്ല. ഒരു സൈക്കിൾ വാങ്ങിക്കൊടുത്താൽ പിന്നെ കുറച്ചുനാളെങ്കിൽ കുറച്ചുനാൾ അതും കൊണ്ട് നടന്നോളും. ഷില്ലോംഗ് വരെയുള്ള അവന്റെ ലോകം ഈ പഞ്ചായത്തിനുള്ളിലേക്ക് ചുരുങ്ങും. ചെലവു കുറയും. ഒരു സൈക്കിളിനു കൂടിവന്നാൽ മൂവായിരം രൂപ ആകുമായിരിക്കും..

“ഒരു കാര്യം ചെയ്യ്, നീ ഷർട്ടെടുത്തിട്.. നമുക്കൊന്ന് പോയി നോക്കാം”

‘റൗണ്ട് ‘N’ റൗണ്ട്’ സൈക്കിൾസിന്റെ എൻട്രൻസിൽത്തന്നെ ഹാന്റിൽ വളഞ്ഞുപുളഞ്ഞ ഒരു സൈക്കിൾ ഡെക്കറേറ്റ് ചെയ്ത് ഡിസ്പ്‌ളേ ചെയ്തിട്ടുണ്ട്. അയാൾ ആദ്യം നോക്കിയത് അതിന്റെ ഓഫർ ബോർഡിലേക്കാണ്. ‘Before 1.9L Now 1.75L!!’. സെയിൽസ് മാനോട് ചോദിച്ചു : “എന്തോന്നാ ഈ 1.75 L?

“ വൺ ലാക്ക് സെവന്റി ഫൈവ് തൗസന്റ് റുപ്പീസ്.. സാർ....”

വാപ്പ മകനെ ദയനീയമായൊന്നു നോക്കി. അല്പം കരുണയ്ക്കായി യാചിക്കുന്നപോലെ.. അവനോ, എത്ര ദയാലു! 27,500 രൂപയുടെ മഞ്ഞക്കരയുള്ളൊരു സൈക്കിളിലേക്ക് ചൂണ്ടി അയാളെ ഒരു പൊട്ടിക്കരച്ചിലിന്റെ വക്കിൽ നിന്ന് രക്ഷിച്ചു.. ചുരിദാർ വാങ്ങുമ്പോൾ പെൺകുട്ടികൾ അതിനു പറ്റിയ വളയും കമ്മലും മാലയും സ്ലൈഡും വാങ്ങുന്നപോലെ കുറേ ആക്സസ്സറീസും വാങ്ങി. അതിനെല്ലാം കൂടി പിന്നൊരു പതിനയ്യായിരമായി. ട്രൗസർ, ഷൂ, സോക്സ്, ഹെൽമെറ്റ്, ജാക്കറ്റ്…! അയാളുടെ ഷർട്ടിന്റെ പോക്കറ്റിരുന്നിടം വല്ലാതെ മിടിച്ചു.

ഇത്തിരി പൈസ മുടക്കിയെങ്കിലെന്താ, പ്രതീക്ഷിച്ചപോലെല്ലാം സംഭവിക്കുന്നെന്ന് വാപ്പായ്ക്ക് തോന്നി. ബുള്ളറ്റിനെ ഉപേക്ഷിച്ച് പുതിയ കമ്പത്തിൽ അവൻ വ്യാപൃതനായി. ട്രൗസറും ജാക്കറ്റും വലിച്ചുകേറ്റി ഹെൽമറ്റും തലയിൽ ഫിറ്റ് ചെയ്ത് രാവിലെയും വൈകിട്ടും സൈക്കിളുമെടുത്തുകൊണ്ടിറങ്ങും. അതേ കോലത്തിലുള്ള കൂട്ടുകാരുമൊത്ത് നാലു കിലോമീറ്റർ അങ്ങോട്ടും നാലു കിലോമീറ്റർ ഇങ്ങോട്ടും ചവിട്ടും. പ്ലസ് ടൂ പെൺപിള്ളേരെക്കാണുമ്പോൾ ചെറുതായൊന്നു സ്ലോ ചെയ്യും. വൈകും നേരം സർക്കീട്ടൊക്കെ കഴിഞ്ഞ് തിരിച്ചു വന്ന് സൈക്കിൾ തുടച്ചു വൃത്തിയാക്കി ബെഡ് റൂമിൽ കൊണ്ടുവെച്ച് സ്വന്തം പുതപ്പെടുത്ത് അതിനെ മൂടി നോക്കി നോക്കിക്കിടന്ന് മയങ്ങും.

ഒരാഴ്ച കഴിഞ്ഞപ്പോൾ അനുബന്ധച്ചെലവ് വന്നു.

“വാപ്പാ, രണ്ടായിത്തെണ്ണൂറു രൂപ വേണം”

“ഹ്മ്..??”

“ഉമ്മാ… പറഞ്ഞു കൊട്!”

“അവനു ക്ലബ്ബിൽ ചേരാനാ.. എന്താടാ ക്ലബ്ബിന്റെ പേര്?”

“കായംകുളം പെഡലേഴ്സ്”

അങ്ങനെ പെഡലേഴ്സിൽ ചേർന്നു. നാലഞ്ചു ദിവസം കഴിഞ്ഞപ്പോൾ പിന്നേം വന്നു. നാലായിരം കൂടി വേണം. എയിഡ്സിനെതിരേ സൈക്കിൾ ചവിട്ടുന്നു. തിരുവനന്തപുരം മുതൽ കോഴിക്കോടുവരെ. ഭക്ഷണവും മറ്റു വട്ടച്ചെലവുകളും ഉണ്ട്. കൂടാതെ രെജിസ്ട്രേഷൻ ഫീയും.

“സൈക്കിൾ ചവിട്ടിയാൽ എയിഡ്സ് മാറുവോ?”

“ഇത് ബോധവത്കരണച്ചവിട്ടലാണ്”

പൈസയും വാങ്ങിച്ചുകൊണ്ട് അവൻ എയിഡ്സിനെതിരേ പുറപ്പെട്ടു. ക്ലബ്ബിന്റെ വക വാട്സാപ്പിൽ വന്ന നിർദ്ദേശപ്രകാരം റൈഡേഴ്സ് എല്ലാവരും സൈക്കിളുമായി തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരണം.. ദൂരെയുള്ളവർ ട്രെയിനിൽ യാത്രചെയ്തു വന്നാൽ മതിയാവും. കോഴിക്കോടുവരെ ചവിട്ടാനുള്ളതുകൊണ്ട് എനർജി വെറുതേ പാഴാക്കേണ്ടതില്ല. അവനും അതൊക്കെ അനുസരിച്ചു.

റെയിൽ വേ സ്റ്റേഷനു സമീപം സൈക്ലിസ്റ്റുകളുടെ അത്യാവശ്യം വലിയൊരു കൂട്ടം തന്നെ ഉണ്ടായിരുന്നു. ഫേസ്ബുക്കിൽ മിന്നി നിൽക്കുന്ന സൈക്ലിസ്റ്റുകളെ അവൻ ആരാധനയോടെ നോക്കി. ബുജൈറിന്റെ കൈ പിടിച്ച് മുസാഫാത്ത് ചെയ്തു.

കൃത്യം ഏഴുമണിയ്ക്കുതന്നെ ചവിട്ട് ആരംഭിച്ചു. 80 മണിക്കൂറുകൊണ്ട് 400 കിലോമീറ്റർ ചവിട്ടണം. പലരും പറയുന്നതുകേട്ടു : ‘സിമ്പിൾ ടാസ്ക്’!

കഴക്കൂട്ടം വരെ നല്ല രസമായിരുന്നു..
അവിടുന്ന് തോന്നയ്ക്കൽ വരെ രസമായിരുന്നു..
അവിടുന്ന് ചെമ്പക മംഗലം വരെ തരക്കേടില്ലായിരുന്നു.
അവിടുന്ന് ആറ്റിംഗൽ വരെ മോശം പറയാൻ പറ്റില്ല.
അവിടുന്ന് കല്ലമ്പലം വരെ എങ്ങനൊക്കെയോ പോയി..
പാരിപ്പള്ളി എത്തിയപ്പോഴേക്കും കാലൊക്കെ വലിഞ്ഞു മുറുകി..
കല്ലുവാതുക്കൽ എത്തിയപ്പോഴേക്കും ചന്തി ഒരു പരുവമായി..
ചാത്തന്നൂർ എത്തിയപ്പോഴേക്ക് നാശം! വരേണ്ടിയിരുന്നില്ലെന്ന് തോന്നി

ഒരുവിധം വലിഞ്ഞുവലിഞ്ഞ് കൊല്ലത്തെത്തി. അപ്പോഴേക്കും രാത്രിയായിരുന്നു. കൂടെയുള്ളവരൊക്കെ എവിടെയാണോ ആവോ. എന്തായാലും അന്നവൻ അവിടൊരു ലോഡ്ജിൽ താമസിച്ചു. രാവിലെ ആയപ്പോൾ കാലൊക്കെ നല്ല വേദന. ഒരുവിധം എഴുന്നേറ്റ് കുളിച്ച് ഡ്രസ്സ് ചെയ്ത് റിസപ്ഷനിൽ ചെന്നപ്പോൾ ഇന്നലത്തെ റൈഡേഴ്സിന്റെ കൂട്ടം ലോഡ്ജിന്റെ മുറ്റത്ത് അടുത്ത ഘട്ടത്തിനു റെഡിയായി നിൽക്കുന്നു. പിന്നെ വല്ല രക്ഷയുമുണ്ടോ? അവിടുന്ന് അടുത്ത ഘട്ടം തുടങ്ങി. ഏന്തിയും വലിഞ്ഞും ചവിട്ടി. ക്ഷീണിച്ചു തളരുമ്പോൾ മോരും വെള്ളം വാങ്ങിക്കുടിച്ചു. ദാഹിച്ചു വലയുമ്പോൾ സോഡാ സർബത്ത് കുടിച്ചു. വിയർപ്പുകൊണ്ട് ജാക്കറ്റും ട്രൗസറുമൊക്കെ മുങ്ങി. വെയിലുകൊണ്ട് ദേഹം കരിഞ്ഞുണങ്ങി. ഒടുവിൽ ഒരുവിധത്തിൽ നീണ്ടകരയെത്തി.

ഭാഗ്യത്തിനാണ്‌‌ അവിടെനിന്ന് കായം കുളത്തേക്ക് ഒരു മീൻ ലോറി കിട്ടുന്നത്‌‌. സൈക്കിളെടുത്ത് മീൻ കൊട്ടയ്ക്കു മുകളിലേക്കെറിഞ്ഞു. കായംകുളത്തുന്ന് ഒരു പെട്ടിയോട്ടോ പിടിച്ച് സൈക്കിൾ അതിന്റെ പിറകിൽ കെട്ടിവെച്ച് വീട്ടുമുറ്റത്ത് വന്നിറങ്ങി. വാപ്പ അപ്പോൾ വാഴയ്ക്ക് തടമെടുക്കുകയായിരുന്നു.

മുറ്റത്ത് വന്നിറങ്ങിയ ആളെക്കണ്ട് ചോദിച്ചു: “ആരാ?”

“വാപ്പായ്ക്ക് എന്നെ മനസ്സിലായില്ലേ?”

വാപ്പാ പറഞ്ഞു: “നിനക്കുതന്നെ നീ ആരാണെന്ന് മനസ്സിലായിട്ടില്ല; അപ്പോപ്പിന്നെ ഞാനെങ്ങനെ അറിയാനാ?”

സുബൈറു കൊച്ചാപ്പാ

ഓൾ ഇന്ത്യാ തലത്തിലും ഇങ്ങ് കേരളത്തിലും അടിക്കടി ഉണ്ടാവുന്ന സംഭവ വികാസങ്ങൾ കാരണം എനിക്ക് പരിചയമുള്ള ചില ചെറിയ ചെറിയ കുടുംബകഥകൾ പോലും നിങ്ങളോട് പറയാനാവാത്ത അവസ്ഥയാണുള്ളത്. പാതിരാത്രിയിൽ മാത്രം ഫേസ്ബുക്കിൽ എഴുതാനിരിക്കുന്ന എന്നെപ്പോലെയുള്ള ആളുകളെ ഓരോ ദിവസവും രാവിലെ നടക്കുന്ന സംഭവങ്ങളുടെ പ്രതികരണങ്ങൾ ഒഴുക്കിക്കൊണ്ടു പോകുന്നു. അല്ലായിരുന്നെങ്കിൽ എനിക്ക് പറയാനുള്ള കൊച്ചുകൊച്ചു കഥകൾ മുഴുമിപ്പിച്ചിട്ട് എന്നേ ഞാൻ ഇത്തിരിക്കൂടെ വലിയ കഥകളിലേക്ക് തിരിയുമായിരുന്നു. അങ്ങനെ പോയിപ്പോയി ഒരു വല്യ ഇതിഹാസം തന്നെ എഴുതാനും സാധ്യതയുണ്ട്. അത് ചിലപ്പോൾ പ്ലാസ്റ്റിക് പാത്രങ്ങൾ വിൽക്കുന്ന അയലത്തെ റഹ്മാനിക്കായെക്കുറിച്ചായിരിക്കാം, അതല്ലെങ്കിൽ ബിൾഡിംഗ് മെറ്റീരിയൽ കട നടത്തുന്ന നാസർ സേട്ടിനെക്കുറിച്ചായിരിക്കാം. അങ്ങനെ ആരെക്കുറിച്ചും ആയിരിക്കാം. ‘ഇവരിലൊക്കെ എന്തോന്ന് ഇതിഹാസം’ എന്നാണോ?. ഓരോ മനുഷ്യനും ഓരോ ഇതിഹാസമാണ് ഭായ്!

സുബൈറു കൊച്ചാപ്പാ ഗൾഫിൽ പോയ കഥ പറയണമെന്ന് വിചാരിച്ചിരിക്കുന്നതിനിടയിലാണ് ഗോരഖ് പൂരും ലഘുലേഖയും മുത്തലാഖും ലാവലിനും വിപിന്റെ കൊലപാതകവും ഗുർജീത് സിംഗും ഒക്കെ ഒന്നിനു പിറകേ ഒന്നായി വന്നത്. ആതിര സ്വധർമ്മത്തിലേക്ക് തിരിച്ചു പോയത്. അതുകൊണ്ട് കൊച്ചാപ്പായെ വെയിറ്റിംഗിൽ നിർത്തി. എന്നാൽ അദ്ദേഹം അങ്ങനെ വെയിറ്റിങ്ങിൽ നിൽക്കേണ്ടുന്ന ആളാണോ എന്നു ചോദിച്ചാൽ, അതുമല്ല!

കൊച്ചാപ്പാ നാട്ടിലെ അറിയപ്പെടുന്ന ഒരു പത്രം വായനക്കാരനായിരുന്നു. ഓരോ വാർത്തയും വള്ളിപുള്ളി വിടാതെ അരിച്ചുപെറുക്കി വായിക്കും. പണ്ട് അദ്ദേഹം രണ്ട് പത്രങ്ങൾ വരുത്താറുണ്ടായിരുന്നു. മലയാള മനോരമയും ജനയുഗവും. ജനയുഗത്തിനു മുമ്പ് ദേശാഭിമാനിയായിരുന്നു. സി ഐ ടിയുവിൽ നിന്ന് എ ഐ ടി യു സിയിലേക്ക് മാറിയപ്പോൾ പത്രവും മാറി. ഈ പത്രങ്ങൾ മുഴുക്കെ വായിച്ചിട്ടും വിശപ്പ് തീരാഞ്ഞ് ദേശാഭിവർദ്ധിനി വായനശാലയിൽ പോയിരുന്ന് മറ്റു പത്രങ്ങളും പുറമേ ആനുകാലികങ്ങളും തിന്നു തീർക്കുമായിരുന്നു. സലാഡ് ആയിട്ട് സംഘടനകളുടെ ലഘുലേഖകളും സിനിമാ നോട്ടീസുകളും അതിനോടൊപ്പം ഉണ്ടാവും.

അതുകൊണ്ടെന്താ, കല, രാഷ്ട്രീയം, സാഹിത്യം ഇത്യാദി കാര്യങ്ങളെക്കുറിച്ചൊക്കെ നല്ല പിടിപാടായിരുന്നു പുള്ളിക്ക്. ചായക്കടകളിലെ രാഷ്ട്രീയ തർക്കങ്ങളിൽ കൊച്ചാപ്പായെ അടിച്ചിടാൻ തക്ക മൂത്താപ്പാമാരൊന്നും അന്ന് ഉണ്ടായിരുന്നില്ല. അളമുട്ടി എന്നു തോന്നുമ്പോൾ ശ്രീനിവാസന്റെ കഥാപാത്രത്തെപ്പോലെ ‘പോളണ്ടി’ലെ രാഷ്ട്രീയ കാലാവസ്ഥയെപ്പറ്റി പറഞ്ഞും സോവിയറ്റ് യൂണിയനിലെ കമ്യൂണിസ്റ്റ് നേതാക്കളുടെ കടിച്ചാൽ പൊട്ടാത്ത പേരുകൾ ഉദ്ധരിച്ചും എതിരാളിയെ നിർവ്വീര്യമാക്കാനുള്ള മിടുക്ക് അദ്ദേഹത്തിനുമുണ്ടായിരുന്നു. അന്ന് കേരളത്തിലെ കമ്യൂണിസ്റ്റുകളുടെ കക്ഷത്തെ സ്ഥിരം ഐറ്റമായിരുന്ന ‘സോവിയറ്റ് യൂണിയൻ’ എന്ന ഗ്ലോസ്സി മാസികയുടെ ആരാധകൻ കൂടിയായിരുന്നു കൊച്ചാപ്പ. കക്ഷത്ത് തിരുകുന്ന മാസികയായതുകൊണ്ടാണ് റഷ്യാക്കാർ അത് ഗ്ലോസ്സി ആക്കിയത് എന്നായിരുന്നു ഞങ്ങളിൽ ‌പലരും കരുതിയിരുന്നത്. വിയർപ്പു പറ്റുകേലല്ലോ. ലോക്കൽ കമ്മിറ്റി സെക്രട്ടറി ഉൾപ്പടെയുള്ള നേതാക്കൾ സോവിയറ്റു യൂണിയൻ മറിച്ചു നോക്കുകപോലും ചെയ്യാതെ കുട്ടികളുടെ പാഠപുസ്തകം പൊതിയാനായി ഉപയോഗിക്കുമ്പോൾ തൊഴിലാളിയായ കൊച്ചാപ്പ അവ ഒരു നിധിപോലെ ശേഖരിച്ചു വെച്ചിരുന്നു. എങ്കിലും കുറേക്കാലങ്ങൾക്കു ശേഷം അവയൊക്കെ പുസ്തകം പൊതിയാൻ ‌തന്നെ ഉപയോഗിച്ചു എന്നതാണ് സത്യം. വിധിയെ തടുക്കാൻ ‘സോവിയറ്റ് യൂണിയന്’ ആയില്ല.

യഥാർഥ സോവിയറ്റ് യൂണിയന്റെ തകർച്ച കൊച്ചാപ്പായെ വല്ലാതെ ഉലച്ചിരുന്നു. ഗ്ലാസ്തനസ്സ്, പെരിസ്ട്രോയിക്ക എന്ന് പിറുപിറുത്തുകൊണ്ട് കുറേക്കാലം അങ്ങനെ നടന്നു. ഈ മാനസികാഘാതത്തിറ്റെ ആദ്യ ഘട്ടത്തിൽ സൗദാക്കൊച്ചുമ്മ അദ്ദേഹത്തിന് ഓരോ ഗ്ലാസ് വെള്ളം കൊണ്ടുക്കൊടുക്കുമായിരുന്നു. ഗ്ലാസ്തനസ്സ് എന്നതിനു പകരം ‘ഒരുഗ്ലാസ് വെള്ളം’ എന്നോ മറ്റോ തെറ്റി കേട്ടതുകൊണ്ടുണ്ടായ അബദ്ധമായിരുന്നു അതെന്ന് രണ്ടുപേരും കുറേക്കാലത്തേക്ക് തിരിച്ചറിഞ്ഞതുമില്ല. പെരിസ്ട്രിയിക്ക ഭർത്താവിന്റെ പരിചയത്തിലുള്ള ഏതോ ഒരിക്ക ആണെന്ന് സൗദാക്കൊച്ചുമ്മ കരുതിപ്പോന്നിരുന്നു. എങ്കിലും അവർക്ക് അതിൽ ചെറിയ സംശയം ഇല്ലാതിരുന്നില്ല. അയലത്തെ രമണിച്ചേയിയോട് ഒരിടെ അവരത് ചോദിക്കുകയും ചെയ്തു : “പെരിസ്ട്രോയിക്ക എന്ന് മുസ്ലീങ്ങക്ക് പേരുണ്ടോ?”

ഇച്ചേയി കൈ മലർത്തി: “ആ… അത് നിങ്ങക്കല്ലേ അറിയാവൂ?”.

ശരിയല്ലേ?, അത് രമണിച്ചേയിക്ക് എങ്ങനെ അറിയാനാണ്?

കമ്യൂണിസ്റ്റ് നാടിന്റെ തകർച്ച സംഭവിച്ചുകൊണ്ടിരുന്ന അതേ കാലയളവിൽ നാട്ടിലെ പല സഖാക്കന്മാരും നാടും പാർട്ടിയും വിട്ട് മധ്യപൂർവ്വ ദേശങ്ങളിലേക്ക് പാലായനം ചെയ്തുതുടങ്ങിയിരുന്നു. പാർട്ടിയ്ക്ക് വേണ്ടപ്പെട്ട സുരേഷും ജഗദീശനും സൈതലവിയും ഉൾപ്പടെ കുറച്ചുപേർ അടുത്തടുത്തായി ഗൾഫിലേക്ക് പോയപ്പോൾ സോവിയറ്റ് യൂണിയനോടൊപ്പം ലോക്കൽ കമ്മിറ്റിയും ബ്രാഞ്ച് കമ്മിറ്റികളും തളർന്നുതുടങ്ങി. തകരുമ്പോൾ എല്ലാം തകരുന്നു എന്നുപറഞ്ഞപോലെ യൂണിയന്റെ കീഴിലുള്ള സീവാൾ നിർമ്മാണവും ഇക്കാലയളവിൽ നിലച്ചു. പിന്നീടുണ്ടായ വിശപ്പുകൊണ്ടുള്ള തളർച്ചയാണ് സോവിയറ്റ് ഡിപ്രഷനിൽ നിന്ന് വിമുക്തനാക്കി കൊച്ചാപ്പായെ വീണ്ടും ഊർജ്ജസ്വലനാക്കുന്നത്.

മിഡിൽ ഈസ്റ്റിലെ ചലനങ്ങൾ അദ്ദേഹം സാകൂതം നിരീക്ഷിച്ചു. മുതലാളിത്തമൂലധനത്തിന്റെ ഒഴുക്ക് ഭയപ്പെടുത്തുന്നതാണെന്ന് ഒരിക്കൽ അദ്ദേഹം പറയുകയും ചെയ്തു. ‘അവിടെ നിലയ്ക്കാത്ത യുദ്ധങ്ങൾ ഉണ്ടാകും’ എന്ന് താൻ പത്തുവർഷം മുമ്പ് പറഞ്ഞിരുന്നുവെന്ന് 1990 ലെ ഇറാഖ് യുദ്ധസമയത്തെ ഒരു കടത്തിണ്ണ അവലോകനത്തിനിടെ കൊച്ചാപ്പ വീമ്പിളക്കുന്ന രംഗം ഞാൻ ഇപ്പോഴും ഓർക്കുന്നു. ആ വാക്കുകൾ പുലർന്നുകൊണ്ടേയിരിക്കുന്നു. ‘അഫ്ഗാൻ ഭാവിയിൽ ഒരു സമ്പന്ന രാഷ്ട്രമാകും’ എന്നൊരു പ്രവചനം ഇനി പുലരാനിരിക്കുന്നു.

1990 ആയപ്പോഴേക്കും ജനയുഗം അടച്ചുപൂട്ടി. മനോരമയ്ക്ക് മുകളിൽ വീണ്ടും ദേശാഭിമാനി വീഴാൻ തുടങ്ങി. 1992-ലെ ബാബറിമസ്ജിദ് ധ്വംസനത്തോടെ മാധ്യമം നാട്ടിലാകെ പടർന്നുപിടിച്ചു. മനോരമയ്ക്കും ദേശാഭിമാനിക്കും പുറത്ത് മാധ്യമം കൂടി വന്നുവീഴാൻ തുടങ്ങി.

മാധ്യമം വരുത്താൻ തുടങ്ങിയതിന്റെ രണ്ടാം വർഷമാണ് കൊച്ചാപ്പ ഗൾഫിലേക്കുള്ള കെട്ടുകെട്ടുന്നത്. 1994-ൽ. അന്ന് പത്താം ക്ലാസ്സിൽ പഠിച്ചിരുന്ന എനിക്ക് ജിയോഗ്രഫി പരീക്ഷയായിരുന്നു. സ്കൂളിലേക്ക് പോകുന്നവഴി യാത്രപറയാൻ ഞാൻ കൊച്ചാപ്പയുടെ വീട്ടിൽ കയറി. ജീവിതത്തിൽ ആദ്യമ്യായി പാന്റും ഷൂസുമിട്ട് ഷർട്ട് ഇൻ ‌ചെയ്ത് അസ്വസ്ഥതയോടെ അദ്ദേഹം ഇറങ്ങാനായി തയ്യാറെടുത്തു നിന്നിരുന്നു. പള്ളിയിലെ ഉസ്താദ് വന്ന് ദുആ ഇരന്നുകഴിഞ്ഞാൽ ഇറങ്ങാം. എന്നെക്കണ്ട് ചോദിച്ചു :

“ഇന്നേതാ പരീക്ഷ?”

“ജിയോഗ്രഫി”

“സാംബിയയുടെ തലസ്ഥാനം ഏതാ?”

ഉത്തരം എന്റെ നാവിൻ തുമ്പത്തുണ്ട്. തലയിലേക്ക് കയറുന്നില്ല. ഞാൻ നിന്നു കണ്ണുമിഴിച്ചു. കൊച്ചാപ്പ തോളിൽ തട്ടിക്കൊണ്ടു പറഞ്ഞു:

“ലുസാക്ക”

ഗൾഫിലേക്ക് പുറപ്പെടുന്നതിനുമുമ്പ് അദ്ദേഹം എന്നോട് അവസാനമായിപ്പറഞ്ഞ ആ വാക്ക് ചേരും പടി ചേർക്കാൻ പരീക്ഷയ്ക്കു വന്നിരുന്നു. ‘സാംബിയ - ലുസാക്ക.’

സൗദിയിൽ തബൂക്കിനടുത്തുള്ള ഒരു റിമോട്ട് ഏരിയയിലെ ജയിലിലേക്കായിരുന്നു അദ്ദേഹം പോയത്. ഗൾഫുതന്നെ വിശാലമായൊരു ജയിലാണ്. അതിന്റെകത്ത് വേറൊരു ജയിലെന്നുപറഞ്ഞാൽ ഊഹിക്കാവുന്നതേയുള്ളൂ. കൊച്ചാപ്പ ചെന്നുപെട്ട സാഹചര്യമാവട്ടെ ഊഹത്തിനപ്പുറത്തുള്ളതും. ജയിലിനകത്തെ കാന്റീനിലായിരുന്നു ജോലി. പ്രശ്നക്കാരായ കുറ്റവാളികളെ ഒറ്റയ്ക്ക് താമസിപ്പിച്ചിരിക്കുന്ന സെല്ലുകളിൽ ഭക്ഷണം എത്തിക്കണം. അവിടെനിന്ന് കഴിച്ചുകഴിഞ്ഞ പാത്രങ്ങൾ തിരികെ വാങ്ങി കിച്ചണിൽ എത്തിച്ച് വൃത്തിയാക്കണം. പിന്നെ പാചകക്കാർക്ക് അല്ലറചില്ലറ സഹായങ്ങൾ ചെയ്യണം. ശാരീരികമായി വലിയ ആയാസമുള്ള ജോലിയൊന്നുമല്ല..

ചില പ്രശ്നങ്ങൾ ഉള്ളത് എന്താന്നുവെച്ചാൽ, ഒറ്റ ദിവസം പോലും അവധിയില്ല. പുറത്തുപോകാൻ പറ്റില്ല. വളരെ അത്യാവശ്യമാണെങ്കിൽ കാന്റീൻ മാനേജർ മുതൽ ജയിൽ അധികാരിയുടെ വരെ അനുമതി വാങ്ങിയിട്ട് മൂന്നോ നാലോ മണിക്കൂർ നേരത്തേക്ക് പുറത്തുപോയി വരാം. ഈ നിബന്ധനകൾക്ക് അവർ പറയുന്ന കാരണം ജയിൽ കോമ്പൗണ്ടിൽ തന്നെ എല്ലാ സൗകര്യങ്ങളും ഉണ്ടെന്നതാണ്. സാധനങ്ങൾ വാങ്ങാനും ഫോൺ ചെയ്യാനും കളിക്കാനും വ്യായാമം ചെയ്യാനും ഒക്കെയുള്ള സൗകര്യം അവിടെയുണ്ട്. ‘പിന്നെന്തിനു പുറത്തുപോകണം?’. തിരിച്ചും അതുതന്നെയാണ് സ്ഥിതി. ബന്ധുക്കൾക്ക് ആർക്കെങ്കിലും കൊച്ചാപ്പായുടെ ഗ്രേഡിലുള്ള കാന്റീൻ ജീവനക്കാരെ കാണണമെന്നുണ്ടെങ്കിൽ അധികാരികളുടെ മുൻകൂർ അനുവാദം വേണ്ടിയിരുന്നു. അദ്ദേഹത്തെ സംബന്ധിച്ച് തന്നെ സന്ദർശിക്കാൻ അധികം ആരും ഉണ്ടായിരുന്നില്ലെന്നത് മറ്റൊരു കാര്യം. ഒരനുജൻ അങ്ങ് ദമാമിലും ഒരളിയൻ അങ്ങ് റിയാദിലുമാണ് ഉള്ളത്. രണ്ടുകൊല്ലത്തിനിടെ ഇവർ രണ്ടുപേരും കൂടി ആകെ മൂന്നു പ്രാവശ്യം മാത്രമാണ് സന്ദർശനത്തിനായി വന്നിട്ടുള്ളത്. മേൽ പ്രയാസങ്ങളും ദൂരവും കണക്കുകൂട്ടുമ്പോൾ ഇതുതന്നെ അധികമാണ്.

കൊച്ചാപ്പായെ അലട്ടിയിരുന്ന ഏറ്റവും വലിയ പ്രശ്നം ഇതൊന്നുമല്ലായിരുന്നു. ജീവനക്കാരായിട്ടോ ജയിൽപ്പുള്ളികളായിട്ടോ അവിടെങ്ങും ഒരൊറ്റ മലയാളി പോലും ഇല്ലായിരുന്നെന്നതാണത്. രണ്ടുകൊല്ലത്തിനു ശേഷം ലീവിനു വന്നപ്പോൾ വാപ്പയോട് ഇക്കാര്യം കൊച്ചാപ്പ വിവരിച്ചത് കേട്ടിട്ടുണ്ട്. ഏകദേശം ഇങ്ങനെ:

“ പാചകക്കാരായിട്ട് ഉള്ളത് സുഡാനികളും യമനികളും പിന്നെ ഒന്നുരണ്ട് ലബനോനികളുമാണ്. പിന്നെ കയ്യാളുകളും ക്ലീനറന്മാരുമായി കുറേ സുമാലികളും ബംഗാളികളും ആന്ധ്രക്കാരും. ഇവന്മാരിത് എന്തൊക്കെയാ സംസാരിക്കുന്നതെന്ന് ഒരു പിടുത്തവും കിട്ടത്തില്ല. ഹിന്ദിക്കാരു കുറച്ചുപേരുള്ളത് വേറൊരു ഗ്യാങ്ങാണ്. ബംഗാളികൾ മറ്റൊരു ഗ്യാംഗ്. ഭാഷ പിടുത്തമില്ലാത്തതുകൊണ്ട് എന്നെ അവന്മാരും കൂട്ടത്തില്ല. എന്തായാലും കുറച്ചുനാളിനുള്ളിൽ അല്ലറ ചില്ലറ അറബിയൊക്കെ ഞാൻ പഠിച്ചെടുത്തു. ജയിലിൽ കിടക്കുന്ന അറബിപ്പുള്ളികളോടൊക്കെ അത്യാവശ്യം കുശലം ചോദിക്കും. പക്ഷേ മലയാളം പറയാൻ എന്തു ചെയ്യും? ഒരു രക്ഷേം ഇല്ല. നാട്ടിലേക്ക് ഫോൺ വിളിച്ചാൽത്തന്നെ എത്രനേരം സംസാരിക്കാൻ പറ്റും? കാശ് കുറേ പോട്ടേന്നു വെച്ചാൽത്തന്നെ വിളിക്കാൻ ക്യൂവിൽ നിൽക്കുന്നവന്മാർ സമാധാനം തരുവോ? ശരിക്കും ശ്വാസം മുട്ടിപ്പോയി! ഏതെങ്കിലും മലയാളി കുറ്റകൃത്യത്തിൽ പിടിക്കപ്പെട്ട് ജയിലിലേക്ക് വന്നിരുന്നെങ്കിൽ എന്നുവരെ തോന്നിപ്പോയി. അന്നൊക്കെ ഞാൻ വിചാരിക്കും; മലയാളിയെന്താണിങ്ങനെ? നാട്ടിൽ കൊള്ളയും കൊള്ളിവെയ്പ്പും കരിഞ്ചന്തയുമായി നടക്കുന്നവനും വിദേശത്ത് പോയിക്കഴിഞ്ഞാൽ വായിൽ വിരലിട്ടാൽ കടിയ്ക്കാത്ത പാവത്താനായി മാറുന്നതെന്താണ്?

എന്നാലും ചിലരെങ്കിലും ഇല്ലാതിരിക്കുവോ? മലയാളികളിലും ചില തല്ലുകൊള്ളികളുണ്ട്. ജയിലിൽ ജോലിതുടങ്ങി മൂന്നാലു മാസം ആയപ്പോഴേക്ക് അതിലൊരുത്തൻ പിടിയ്ക്കപ്പെട്ട് ജയിലിലേക്ക് വന്നു. അവൻ വന്നതൊന്നും ഞാൻ അറിഞ്ഞിരുന്നില്ല. ഒരു ദിവസം സെല്ലുകളിൽ ഫുഡ് സപ്ലൈ ചെയ്യുന്നതിനിടെ ഒരു ജയിൽ വാർഡൻ ‘മലബാറീ.. മലബാറീ..’ന്നു പറഞ്ഞ് പരിഭ്രമിച്ച് എന്റടുത്തേക്ക് ഓടി വന്നു. അവന്റെ കൂടെ കാന്റീനിൽ വരെ അത്യാവശ്യമായി ചെല്ലണമെന്നുപറഞ്ഞ് എന്നെ വിളിച്ചുകൊണ്ടുപോയി. കാന്റീനിൽ ചെന്നപ്പഴാണ് സീൻ. ദാണ്ടെ അവിടൊരു മലയാളി തടവുകാരൻ. അവന്റെ കയ്യിലൊരു കൂർത്ത വിറകുകഷണമുണ്ട്. അത് ബാലികാ പീഡനത്തിൽ ശിക്ഷിക്കപ്പെട്ട നരുന്തുപോലിരിക്കുന്ന ഒരു അറബിപ്പയ്യന്റെ കഴുത്തിനു മീതെ വെച്ചുകൊണ്ട് നിൽക്കുകയാണ്. രണ്ട് സൗദി ജയിൽ ഉദ്യോഗസ്ഥർ അവന്റെ നേർക്ക് തോക്ക് ചൂണ്ടി നിൽക്കുന്നുണ്ട്. അവൻ വിറകു കഷണം അല്പം കൂടി സൗദി നരുന്തിന്റെ കഴുത്തിൽ ആഴ്ത്തിയാൽ വെടി പൊട്ടാം.. രക്തം ചീറ്റാം.. ഭയങ്കര സീൻ!. എന്നെ വിളിച്ചു കൊണ്ടുവന്നത് മലയാളിയായ ആ കുറ്റവാളിയെ എത്രയും വേഗം അനുനയിപ്പിക്കാനാണെന്ന് മനസ്സിലായി.

ഞാൻ പതിയെ അവന്റെ അടുത്തേക്ക് ചെന്നു.

“നായീന്റെ മോനേ.. അടുത്തേക്ക് വരരുത്!”

കാന്റീനിൽ എല്ലാവരും ഇടിവെട്ടേറ്റതുപോലെ നിൽക്കുകയാണ്. അവനാണെങ്കിലോ, ഭയങ്കര ഒച്ചയിലാണ് തെറി വിളിക്കുന്നത്.

അതു കേട്ടപ്പോൾ ആത്മാവിന്റെ ഉള്ളിലേക്ക് ഐസു കോരിയിട്ട പ്രതീതിയായിരുന്നു എനിയ്ക്ക്. ‘നായീന്റെ മോനേ..’ പച്ച മലയാളത്തിലെ തനി നാടൻ പ്രയോഗം! ഹാ.. ആ പ്രയോഗത്തിൽ നിന്നും അവനൊരു വടക്കനായിരിക്കാനാണ് സാധ്യതയെന്നു തോന്നി. ‘അടുത്തേയ്ക്ക് വരരുത് എന്നത് ഒരു സാധാരണ സിനിമാ ഡയലോഗ് ആണ്. അതിനു പകരം വെക്കാൻ വേറേ വാക്കുകൾ ഏതെങ്കിലും ഉണ്ടെന്നും തോന്നുന്നില്ല. പരിഭ്രമം ഉണ്ടെങ്കിലും ഞാൻ ഇങ്ങനെയൊക്കെ ഓരോന്ന് ചിന്തിച്ചു നിൽക്കുകയാണ്. എന്നെ അവിടേക്ക് കൂട്ടിക്കൊണ്ടുവന്നയാൾ കണ്ണുകാണിച്ചു; പെട്ടെന്ന് എന്തെങ്കിലുമൊന്ന് ചെയ്യാൻ.

ഞാനും അവനും അല്പനേരം പരസ്പരം തുറിച്ചു നോക്കി. ഞാൻ പറഞ്ഞു:
“നീ ആ പയ്യനെ വിട്.. ആ വിറകുകൊള്ളി താഴെയിട്”

അവൻ പറഞ്ഞു: “ഒക്കത്തില്ല”

‘അതുശരി, തെക്കനാണല്ലേ?’ ഞാൻ മനസ്സിലോർത്തു.

“തന്നെ ആലപ്പുഴയിൽ എവിടെയോവെച്ച് കണ്ടിട്ടുണ്ടല്ലോ.. എവിടാ വീട്?” ഞാൻ ചുമ്മാ ഒരു ചൂണ്ടയിട്ടുനോക്കി.

അവന്റെ കണ്ണുകൾ അയഞ്ഞു. ‘അപ്പോൾ ഒരു ബന്ധുവിനെ കിട്ടിയതുപോലെ തോന്നി’ എന്നാണ് ഈ സന്ദർഭത്തെപ്പറ്റി പിന്നീട് അവൻ എന്നോട് പറഞ്ഞത്.

“മുട്ടത്ത്”

“ഹരിപ്പാട് മുട്ടം ആണോ?”

“ഹ്മ്..”

“പേരെന്താ?”

“ഹാരീസ്”

“മുട്ടത്താണ് എന്റെയൊരു പെങ്ങളെ കെട്ടിച്ചിരിക്കുന്നത്, സുലേഖ എന്നുപറയും.. ആ പള്ളിയുടെ കിഴക്കുവശത്തെ റോഡിൽ നിന്ന് വടക്കോട്ട് പോകുന്നിടത്ത് ഒരു വയലില്ലേ? അതിന്റെ ഓപ്പോസിറ്റ്. ചോലയിൽ എന്നു പറയും വീട്ടുപേര്. അവർക്ക് അവിടെ ഒരു വിറകുകടയൊക്കെ ഉണ്ടായിരുന്നു.”

“അറിയാം”- അവന്റെ കണ്ണുകൾ പെട്ടെന്ന് നിറഞ്ഞു. ഞാൻ അത് പറയുമ്പോൾ അവന്റെ മനസ്സ് ആ പ്രദേശങ്ങളിലൊക്കെ സഞ്ചരിച്ചിട്ടുണ്ടാവും.

പോലീസുകാരും മറ്റുള്ളവരും ഞങ്ങൾ ഇതെന്തൊക്കെയാ സംസാരിക്കുന്നതെന്നറിയാതെ മൃഗസ്യാന്ന് നോക്കിനിൽക്കുകയാണ്. നരുന്ത് ഹാരീസിന്റെ കയ്ക്കിടയിൽ ഞെരങ്ങുന്നു.

“നീ ആ വിറകുകഷണം താഴെയിട്ടിട്ട് അയാളെ വിട്”

അവൻ വിട്ടില്ല. ഞാൻ മുട്ടത്തെ നമ്മുടെ ഒന്നുരണ്ട് ബന്ധങ്ങൾ കൂടി പറഞ്ഞു. അവൻ പയ്യെ വിറകുകഷണം താഴെയിട്ടു കയ്യയച്ചു. തളർന്നുപോയ നരുന്തിനെ സഹതടവുകാരൊക്കെക്കൂടി എടുത്തുകൊണ്ടുപോയി. പോലീസുകാർ ഹാരീസിനെ ഏകാന്ത തടവിലാക്കി. പിന്നീട് അവന് ആഹാരം കൊണ്ടുക്കൊടുക്കാൻ പോകുമ്പോഴും അല്ലാത്തപ്പോഴുമൊക്കെ ഞങ്ങൾ മതിവരും വരെ സംസാരിച്ചു. അവന്റെ കേസ് മയക്കുമരുന്ന് കടത്തായിരുന്നു. ഒരു വെള്ളിയാഴ്ച പോലീസുകാർ അവനെ പുറത്തിറക്കിക്കൊണ്ടുപോയി വേറൊരു ബ്ലോക്കിൽ താമസിപ്പിച്ചു. അവിടേയ്ക്കൊന്നും എനിക്ക് പ്രവേശനമുണ്ടായിരുന്നില്ല. വിവരങ്ങളൊക്കെ ഞാൻ സൗദായോടു പറഞ്ഞിരുന്നു. സൗദായെ പിന്നീട് ഒരിക്കൽ ഫോൺ ചെയ്യുമ്പോഴാണ് അവനെ വെട്ടിയ കാര്യം ഞാൻ അറിയുന്നത്. എവിടെ വെച്ചാണ് എപ്പോഴാണ് വെട്ടിയിരിക്കുക എന്നൊന്നും അറിയില്ല. എനിക്ക് അവിടെ പത്രങ്ങൾ കിട്ടില്ലായിരുന്നു. അവിടെ ഇതേപ്പറ്റി ആരും ഒന്നും പറഞ്ഞുകേട്ടതുമില്ല. ”.

സത്യം. കൊച്ചാപ്പയുടെ വായനയുടെ കാര്യം അതിനേക്കാൾ കഷ്ടമായിരുന്നു.

ജയിലിൽ വലിയൊരു ലൈബ്രറിയുണ്ട്. മുഴുവനും അറബി പുസ്തകങ്ങളാണ്. ഒരു സൈഡ് മുഴുവൻ ഖുർആന്റെ കോപ്പികൾ. ബാക്കി മൂന്നു സൈഡിലും തടിയൻ വ്യഖ്യാന ഗ്രന്ഥങ്ങൾ. നടുവിലെ റാക്കുകളിൽ കഥകളും നോവലുകളും തത്വശാസ്ത്രങ്ങളും ജീവചരിത്രങ്ങളും ഇതിഹാസങ്ങളും. പല പല ആശയങ്ങൾ കൂടിക്കുഴഞ്ഞുണ്ടാവുന്ന ലൈബ്രറികളിലെ ആ സുഗന്ധമുണ്ടല്ലോ, അതാസ്വദിക്കാൻ സമയം കിട്ടുമ്പോഴൊക്കെ കൊച്ചാപ്പ അവിടെപ്പോയിരിക്കും. 1200 പുസ്തകങ്ങൾ വായിച്ചു തീർത്തതിന് ദേശാഭിവർദ്ധിനി വായനശാലയുടെ അവാർഡ് വാങ്ങിയ അദ്ദേഹം മലയാളമെഴുതിയ ഒരു ചെറുപുസ്തകമെങ്കിലുമുണ്ടോ എന്നറിയാൻ ജയിൽ ലൈബ്രറിയിലെ റാക്കുകൾക്കിടയിൽ ദിവസങ്ങളോളം അന്വേഷിച്ചു നടന്നിട്ടുണ്ട്. നിരാശനായി, ഒടുവിൽ ഖുർആൻ പാരായണം ചെയ്തുകൊണ്ട് കുറച്ചുസമയം അവിടെ ചെലവഴിയ്ക്കും. നൂറുകണക്കിനു ഗ്രന്ഥങ്ങളുള്ള ആ ലൈബ്രറിയിൽ അദ്ദേഹത്തിനു വായിക്കാനറിയാവുന്ന ഒരേയൊരു ഗ്രന്ഥം ഖുർആൻ മാത്രമായിരുന്നു. ‘യാസീൻ’ നല്ല ഒഴുക്കോടെയും ‘അൽ ബക്കറ’ തപ്പിത്തടഞ്ഞും വായിച്ചു.

ആദ്യ നാളുകളിൽ മലയാളം വായിക്കാനാവാതെയും മലയാളം പറയാനാവാതെയും കൊച്ചാപ്പ ഒരുപാട് വലഞ്ഞിട്ടുണ്ട്. നാട്ടിൽ നിന്ന് വന്നപ്പോൾ അലുവ പൊതിഞ്ഞുകൊണ്ടുവന്ന എണ്ണമെഴുക്കു പറ്റിയ മനോരമയുടെ പ്രാദേശികം പേജ് ചുരുട്ടിക്കൂട്ടി കളയാതെ വെച്ചിരുന്നതുകൊണ്ട് അത്രയുമായി. ദിവസവും കിടക്കും മുമ്പ് ഒരു പുണ്യഗ്രന്ഥം നിവർത്തിയിട്ടെന്നപോലെ അദ്ദേഹം അത് വായിച്ചു.

“അരൂക്കുറ്റിയിൽ മോഷണം വ്യാപകം”
“ആറാട്ടുപുഴയിൽ കുടിവെള്ള ക്ഷാമം രൂക്ഷം”
“ഇന്ന് വൈദ്യുതി മുടങ്ങും”

ഒന്നൊന്നര മാസം കഴിഞ്ഞപ്പോഴേക്ക് അമിതമായ ഉപയോഗം കാരണം ഈ പ്രാദേശികം പേജ് പിഞ്ഞിപ്പോയിരുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ളൊരു സ്മാരകം സംരക്ഷിക്കുന്ന ഗൗരവത്തിൽ അതിനെ പരിപാലിക്കാൻ ശ്രമിച്ചുവെങ്കിലും തന്റെ കൈകളിലിരുന്ന് ആ പേപ്പർ കഷണം പയ്യെപ്പയ്യെ അഴുകി ദ്രവിച്ചുപോയി.

പിന്നെ കുറേക്കാലം സ്വന്തമായി വാർത്തകൾ എഴുതി വായിക്കുമായിരുന്നു. നാടിനെ ഓർത്തുകൊണ്ടും ഇടയ്ക്കൊക്കെ നാട്ടിലേക്ക് ഫോൺ ചെയ്യുന്ന രണ്ടോ മൂന്നോ മിനിട്ടിൽ കിട്ടുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലുമാണ് വാർത്തകൾ ചമയ്ക്കുന്നത്.


മിന്നലേറ്റു.
ആറാട്ടുപുഴ : ഇന്നലെ ഉണ്ടായ ഇടിയിലും മിന്നലിലും കക്കാ സുകുമാരന്റെ വീട്ടിലെ ഫോൺ അടിച്ചുപോയി.

“ശ്രീനാരായണ ഗുരു സാമൂഹിക പരിഷ്കർത്താവ് - ചെന്നിത്തല”

ഇങ്ങനെ ചെറിയ ചെറിയ വാർത്തകൾ.

ജയിലിലെത്തി നാലു മാസങ്ങൾക്ക് ശേഷമാണ് ആദ്യമായി അനിയനും അളിയനും കൂടി സന്ദർശനത്തിനെത്തുന്നത്. അവർ മൂന്നാലു ദിവസത്തെ മാതൃഭൂമി കൊണ്ടുക്കൊടുത്തു. അവയിൽ വൈക്കം മുഹമ്മദ് ബഷീർ അന്തരിച്ച വാർത്തയും അനുബന്ധ കുറിപ്പുകളും നിറഞ്ഞുനിന്നു. കൊച്ചാപ്പ അന്നു രാത്രി തന്റെ മുറിയിലിരുന്ന് ഒരുപാട് കരഞ്ഞു. രണ്ടാമത്തെ പ്രാവശ്യം അവർ സന്ദർശനത്തിനെത്തുന്നത് പിന്നെയും നാലു മാസങ്ങൾ കഴിഞ്ഞ് കൂത്തുപറമ്പ് വെടിവെയ്പ്പിൽ അഞ്ച് ഡി വൈ എഫ് ഐ പ്രവർത്തകർ കൊല്ലപ്പെട്ടതിനേപ്പറ്റിയുള്ള വാർത്തകളുമായാണ്.

1996 ജൂലൈയിൽ അദ്ദേഹം ആദ്യത്തെ വെക്കേഷനു വന്നു. വാപ്പായമൊത്ത് മുട്ടത്തെ ഹാരീസിന്റെ വീട്ടിൽ ചെന്ന് അവന്റെ ഭാര്യയേയും രണ്ടു മക്കളേയും കാണാൻ മറന്നില്ല. 1997 ജനുവരിയിൽ വീണ്ടും സൗദിയിലേക്ക് തിരിച്ചുപോകുമ്പോൾ കൊച്ചാപ്പായുടെ ലഗേജിൽ ഉണ്ടായിരുന്നത് ഇരുപതു കിലോയ്ക്ക് മുകളിൽ വരുന്ന പത്രക്കെട്ടുകളും ദേശാഭിവർദ്ധിനി വായനശാല പാരിതോഷികമായി നൽകിയ കുറേ പുസ്തകങ്ങളും സൗദാക്കൊച്ചുമ്മായുടെ വക സ്പെഷ്യൽ കടുമാങ്ങ അച്ചാറും രണ്ടുകിലോ ഇറച്ചി വറുത്തതും മാത്രമായിരുന്നു

ഞാനാണ് ലഗേജിനു മുകളിൽ മാസ്കിംഗ് ടേപ്പ് ഒട്ടിച്ച് ലേബൽ ചെയ്തത്

“SUBAIR.A. TVM to RIYADH.”

പീറ്ററിന്റെ ഫാർമസി

ആലപ്പുഴ മെഡിക്കൽ കോളേജിനടുത്തുള്ള പീറ്ററിന്റെ ഫാർമസി ആളുകളെല്ലാം കൂടി തല്ലിപ്പൊളിച്ചില്ലെന്നേയുള്ളൂ. എല്ലാ നാട്ടിലും കാണുമല്ലോ വേലയും കൂലിയുമില്ലാത്ത കുറേയെണ്ണം. ഇപ്പഴാണെങ്കിൽ എണ്ണം ശരിക്കും കൂടിയിട്ടുണ്ട്. പീറ്ററിന് ഈ ഫാർമസി മാത്രമല്ല ഉള്ളത്. നാടൊട്ടുക്കുമുള്ള ഹോസ്പിറ്റലുകളുടെ മുറ്റത്തെല്ലാം ഫാർമസികളുണ്ട്. ഗൾഫിലാണെങ്കിൽ അയാളുടെ ഫാർമസികളേ ഉള്ളൂ.. എവിടെ നോക്കിയാലും കാണാം Peter’s Pharmacy’ എന്ന ബോർഡ്. പക്ഷേ, ആലപ്പുഴയിലെ ഫാർമസി മാത്രമാണ് അയാൾക്ക് മുട്ടനൊരു പണി കൊടുത്തത്.

ഇതെങ്ങനെ സംഭവിച്ചെന്നറിയില്ല. യന്ത്രങ്ങളെല്ലാം കറകറക്ടായിട്ട് പ്രവർത്തിച്ചുകൊണ്ടിരുന്നതാണ്. ഡോക്ടറുടെ ചീട്ടിൽ കുറിച്ചിരിക്കുന്ന കോഡ് അമർത്തിയിട്ട് മെഷീനിലേക്ക് പൈസയും ഇട്ടുകൊടുത്താൽ അണുവിട തെറ്റാതെ മെഡിസിൻ ഡിസ്പെൻസ് ചെയ്യും. വേറൊരു സ്ലോട്ടിലൂടെ ഉപയോഗിക്കേണ്ട വിധം വിശദീകരിച്ചെഴുതിയൊരു കുറിപ്പും പുറത്തുവരും. ഫാർമസി Fully ഓട്ടോമേറ്റഡ് ആക്കിയിട്ട് മൂന്നു വർഷമായി. ഇതുവരെ ഒരബദ്ധം പോലും ഉണ്ടായിട്ടില്ല. പീറ്ററിന്റെ കഷ്ടകാലം എന്നല്ലാതെ എന്തുപറയാൻ. ആറുമാസം പോലും പ്രായമാകാത്ത കുഞ്ഞിന് ഓവർ ഡോസ് മരുന്ന് ഡിസ്പെൻസ് ചെയ്തത് എങ്ങനെയെന്ന ചോദ്യത്തിന് എവിടെയെല്ലാം അയാൾ ഉത്തരം പറഞ്ഞു. ചാനൽ, പത്രം, കോടതി.. ഹൊ!. ആ കുഞ്ഞാണെങ്കിൽ ഇനിയും അപകടനില തരണം ചെയ്തിട്ടുമില്ല. അതൊന്നു രക്ഷപ്പെട്ടുവരുന്നതുവരെ ഈ പീഡനം തുടരും.

പ്രോസിക്യൂട്ടർ പറയുന്നു പീറ്ററാണ് കുറ്റക്കാരനെന്ന്. പീറ്ററിന്റെ വക്കീൽ പറയുന്നു മെഷീനാണ് കുറ്റക്കാരനെന്ന്. ഒന്നോർത്താൽ പീറ്ററിന്റെ വക്കീൽ പറയുന്നതല്ലേ ശരി? മെഷീനല്ലേ റോംഗ് മെഡിസിൻ സപ്ലൈ ചെയ്തത്? കോടതി നിയോഗിച്ച ടെക്നിക്കൽ ഇൻവെസ്റ്റിഗേഷൻ ടീം (TIT) സമർപ്പിച്ച റിപ്പോർട്ടിൽ മെഷീനെപ്പോലും കുറ്റപ്പെടുത്തുന്നില്ല എന്നത് ശ്രദ്ധിക്കണം. Unknown Reason ആണെന്നാണ് ആ റിപ്പോർട്ട് സമ്മറൈസ് ചെയ്യുന്നത്. മരുന്ന് കറക്ടായിട്ട് ലോഡ് ചെയ്യുന്നത് ഉൾപ്പടെയുള്ള ക്യാമറ ദൃശ്യങ്ങൾക്കൂടി കണക്കിലെടുത്താണ് TIT റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. എന്നിട്ടും പീറ്ററിന്റെ വക്കീൽ മെഷീനെ കൈവിട്ടുകൊണ്ട് ഒന്ന് അയഞ്ഞുകൊടുത്തത് തന്റെ ക്ലൈന്റിനെ എത്രയും വേഗം കേസിൽ നിന്ന് ഊരിയെടുക്കാൻ വേണ്ടി മാത്രമാണ്. ഗവണ്മെന്റിന്റെ സകലമാന മാർഗ നിർദ്ദേശങ്ങളും പാലിച്ച് പതിനാലോളം സർക്കാർ അംഗീകൃത ഏജൻസികളുടെ ടെസ്റ്റിംഗുകൾക്കും അപ്രൂവലുകൾക്കും ശേഷം പ്രവർത്തനം തുടങ്ങുകയും കറക്ടായി പീരിയോഡിക് മെയിന്റനൻസ് നടത്തുകയും ചെയ്തിരുന്ന ഒരു സിസ്റ്റം ഇങ്ങനെയൊരു കന്നംതിരിവ് കാണിച്ചാൽ അതിന്റെ ഓണർ എങ്ങനെയാണ് ഉത്തരവാദിയാവുക?

സത്യത്തിൽ കോടതി കൺഫ്യൂഷനിലാണ്. പ്രതിഭാഗം വക്കീലിനോട് കേസിനെ വെറും ‘കന്നംതിരിവായി’ ലഘൂകരിച്ചു കാണരുതെന്ന് ഓർമ്മപ്പെടുത്താൻ കോടതി മറന്നില്ല. അതേ സമയം കേസിലെ പ്രതി ആരെന്നു തീർപ്പാക്കാൻ കോടതി രണ്ടാഴ്ചയ്ക്ക് ശേഷം ചേരുമെന്നുപറഞ്ഞ് പിരിഞ്ഞു.

പീറ്ററിന് ഈ കയറിയിറങ്ങൽ മടുത്തു. ചൂടായാണ് വീട്ടിലേക്ക് വന്നു കയറിയത്. തന്റെ പരിചാരകന്മാരെയെല്ലാം അടുത്തുവിളിച്ച് അയാൾ പൊട്ടിതെറിച്ചു:

“നേരത്തേ ജോലി ചെയ്തിരുന്ന തെണ്ടികളെ ഒരൊറ്റയൊരെണ്ണത്തിനെ വിശ്വസിക്കാൻ കൊള്ളാത്തതുകൊണ്ടാണ് ഫാർമസിയെല്ലാം ഓട്ടോമേറ്റ് ചെയ്യാമെന്ന് വെച്ചത്. മെഷീൻ ആകുമ്പോൾ കയ്യിട്ടു വാരില്ലല്ലോ എന്നു കരുതി. പുറത്തു നിന്ന് മെഡിസിൻ കൊണ്ടുവന്ന് അകത്തു വെച്ച് വേറേ കച്ചോടം നടത്തില്ലല്ലോന്നും കരുതി. എന്നിട്ടിപ്പോ എന്തായി? ചതിയും വഞ്ചനയും അനുസരണക്കേടും ഞാൻ വെച്ചുപൊറുപ്പിക്കില്ല. അതുകൊണ്ടാണ് എന്റെ ഭാര്യയെപ്പോലും ഞാൻ പണ്ടേ പറഞ്ഞുവിട്ടത്!”

പാവം പരിചാരകർ. അവർ ഇതൊക്കെ കേട്ടുകൊണ്ടുനിന്നതേയുള്ളൂ. പ്രോഗ്രാം ചെയ്തുവെച്ചിരിക്കുന്നതുപോലല്ലേ പെരുമാറാനാവൂ. അവർക്ക് കരയാനോ, ദേഷ്യപ്പെടാനോ, ചിരിക്കാനോ, സഹതപിക്കാനോ പറ്റില്ല. പീറ്ററാവട്ടെ, അവരിൽ നിന്നും അതൊന്നും ആഗ്രഹിക്കുന്നുമില്ല. അയാൾക്ക് അവരിൽ സെറ്റ് ചെയ്തിരിക്കുന്ന ജോലികൾ കൃത്യമായി ചെയ്താൽ മാത്രം മതി. അവരത് കൃത്യമായി ചെയ്യുന്നുമുണ്ട്. CQ-143T-യാണ് പാചകം മുഴുക്കെയും ചെയ്യുന്നത്. BM-B4S പൂന്തോട്ടം നന്നായി പരിപാലിക്കും. അങ്ങനെ ഓരോരുത്തരും. പിന്നെ അത്യാവശ്യം സാന്ത്വന വാക്കുകൾ പറയാനുള്ള സ്വാതന്ത്ര്യം കൊടുത്തിരിക്കുന്നത് LD-MNCA യ്ക്ക് മാത്രമാണ്. അവൾ രാവിലെ മുഴുവൻ സ്ലീപ്പിംഗ് മോഡിലായിരിക്കും. രാത്രിയിൽ പീറ്ററിനെ രസിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യും.

പീറ്റർ മുറിയിലേക്ക്‌ വരുന്നതിനു മുമ്പുതന്നെ ബെഡ് നന്നായി വിരിച്ച് തലയണ ഉറകൾ മാറ്റി പുതിയതൊന്നിട്ട് ജനാലകളിലെ കർട്ടൺ അല്പം വകന്നുമാറ്റി മുറിയിലാകെ പെർഫ്യൂം പൂശി കിടക്കയുടെ നടുവിൽ അവൾ മലർന്നുകിടന്നിരുന്നു. അയാൾക്കെന്തോ, അന്നൊരു മൂഡ് തോന്നിയില്ല. എല്ലാവരോടും ദേഷ്യപ്പെട്ട് തളർന്നിരുന്നു. കട്ടിലിന്റെ ഒരു സൈഡിൽ ഒരു വശം ചരിഞ്ഞ് ഓരോന്ന് ഓർത്തു കിടന്നു. അവൾ അയാളിലേക്ക് തിരിഞ്ഞ് തോളിലൂടെ കെട്ടിപ്പിടിച്ചു.. എന്തോ പറയാൻ തുടങ്ങുകയായിരുന്നു, അപ്പോഴേക്കും അയാൾ ചോദിച്ചു:

“നീയും എന്നെ ചതിക്കുമോ?”

അവളുടെ ഉദരത്തിൽ നിന്ന് കിരുകിരാന്നൊരു ശബ്ദം കേട്ടു. ചെവിയിലൂടെ ഒരൽപ്പം പുക പുറത്തുപോയി. എന്തോ കരിഞ്ഞ ഗന്ധം. ആ യന്ത്രം പിന്നീട് അനങ്ങിയില്ല.

അപ്പുറത്തെ മുറിയിൽ പരിചാരകരെല്ലാം കൂടി കൂട്ടക്കരച്ചിലായിരുന്നു.

ഗ്രീനിച്ച്‌ രേഖ

നാലുമണി ആയപ്പോഴേക്ക്‌ ഗ്രീനിച്ചിലെത്തി. നമ്മൾ പണ്ട്‌ പാഠപുസ്തകത്തിലൊക്കെ പഠിച്ച ഗ്രീനിച്ച്‌. ഗ്രീനിച്ച്‌ രേഖ? അത്.

അധികം തണുപ്പില്ല. എന്നാൽ എത്ര നടന്നാലും വിയർക്കുകേമില്ല. അങ്ങനെയൊരു കാലാവസ്ഥ. നാലുമണിയുടെ നല്ല സ്വർണ്ണ വെയില്‌. Weekend ആയിരുന്നതുകൊണ്ട്‌ മെട്രോയിൽ ഭയങ്കര തിരക്ക്‌. ഗീനിച്ച് സ്റ്റേഷനിൽ നിന്നിറങ്ങിയ കൂടുതൽ ആളുകളും മേലോട്ടു നോക്കിയാണ്‌ നടക്കുന്നത്‌. ഞാനും മേലോട്ട്‌ നോക്കി നടന്നു. ആചാരങ്ങൾ തെറ്റിക്കരുതല്ലോ. ഭൂരിപക്ഷം ആചരിക്കുന്നതെന്താണോ അതിനൊപ്പം ചേരുക. ചൈനയിൽ ചെന്നാൽ നടുക്കണ്ടം. കുറേ നടന്നു. കഴുത്തു വേദനിച്ചപ്പോ ഒരു സംശയം ഇങ്ങനെതന്നെ നടക്കേണ്ടതുണ്ടോ? നേരേ നടന്നാൽ എന്താ കുഴപ്പം? ലണ്ടൻ യൂസ്റ്റണിൽ നിന്ന് ഇവിടെവരെ മെട്രോയിൽ ഒപ്പം ഉണ്ടായിരുന്ന ഇറ്റലിക്കാരൻ അതാ പോകുന്നു.. ഞാൻ പിന്നീന്ന് വിളിച്ചു:

"ഹോയ്‌ സായിപ്പേ.."

പുള്ളി തിരിഞ്ഞു നിന്നു. മുഷിഞ്ഞ നോട്ടം. 'സായിപ്പോ?'.
എന്തായാലും ഞാൻ നടന്നെത്തുന്നതും കാത്ത്‌ അയാൾ അവിടെ നിന്നു.

"എന്തേ? "

"അല്ല സായിപ്പേ, എല്ലാരും എന്തിനാ മോപ്പോട്ട്‌ നോക്കി നടക്കണേ?"

"ഡേയ്‌ നിന്നോട്‌ ഞാൻ നൂറു തവണ ട്രെയിനിൽ വെച്ച്‌ പറഞ്ഞതാണ്‌ എന്റെ പേര്‌ സായിപ്പെന്നല്ല ബർലീനീ-ന്നാന്ന്"

"ങാ, ബർലീനീ, ദെന്താപ്പോ എല്ലാരും ഇങ്ങനെ?"

സത്യം പഞ്ഞാൽ ആ പേരു പറയുമ്പോ വരാലിനെക്കയറി പിടിച്ചപോലെ മേലാകെ ഒരു പെരുപെരുപ്പ്‌ കയറും. അതൊഴിവാക്കാനാണ്‌ സായിപ്പെന്ന് വിളിക്കുന്നത്‌. വീട്‌ കായംകുളം കായൽത്തീരത്തായതുകൊണ്ട്‌ വെള്ളക്കാരെക്കണ്ടാൽ സായിപ്പെന്നേ വായിൽ വരൂ. അതു വേറേ കാര്യം! "സായിപ്പേ.. thotmeen kootmo?" ദിവസവും എത്രയെത്ര ടൂറിസ്റ്റ്‌ ബോട്ടുകളും വള്ളങ്ങളുമാ കായലിലൂടെ പോകുന്നത്‌. എല്ലാവർക്കും റ്റാറ്റ കൊടുത്തിട്ടേയുള്ളൂ.. ഹാപ്പി ജേർണ്ണി പറഞ്ഞിട്ടേയുള്ളൂ. വീട്ടിൽ ഒരു നേരം മാത്രം ഉണക്കക്കപ്പ പുഴുങ്ങിത്തിന്നിട്ട്‌ രണ്ടുനേരം പട്ടിണി കിടന്നിട്ടുണ്ട്‌. അന്നൊന്നും ഞാനോ എന്റെ അഛനോ ചേട്ടന്മാരോ ആരും ഒരു സായിപ്പിനെ തട്ടിക്കൊണ്ടു വരികയാകട്ടെ, അവരുടെ ബോട്ട്‌ കൊള്ളയടിക്കയാവട്ടെ.. ങേഹേ.. ചെയ്തിട്ടില്ല. ഇനി ചെയ്യുകേമില്ല. നിക്കറിട്ടു നടന്നിരുന്ന മദാമ്മമാരെ ഞങ്ങളാരും കയറിപ്പിടിച്ചിട്ടില്ല. ചെറുപ്പം തൊട്ടേ ഇവറ്റോളെ സ്നേഹിച്ചിട്ടേയുള്ളൂ.. എന്നിട്ടും ഇറ്റലിക്കാരൻ ബർലീനിയ്ക്ക്‌ സായിപ്പേന്ന് വിളിച്ചപ്പം പുഛം!

"എഡേയ്‌ ഇവിടെ ഒരു ക്ലോക്ക്‌ ടവറുണ്ട്‌. ആളുകൾ അത്‌ നോക്കി പോകുന്നതാ. അതിൽ നോക്കി ആളുകൾ അവരുടെ വാച്ച്‌ സെറ്റ്‌ ചെയ്യും."

ഹമ്മേ, എന്തൊക്കെ ആചാരങ്ങളാ..

‘ഇതൊന്നും അറിയാതെ ടൂറിസ്റ്റാണെന്നുമ്പറഞ്ഞ്‌ ഇവിടേയ്ക്ക്‌ കെട്ടിയെടുത്ത ഇവനാരെടാ’ എന്ന അർത്ഥത്തിൽ സായിപ്പ്‌ എന്നെ ഒന്നുഴിഞ്ഞ്‌ നോക്കി.

കുറച്ചു ദൂരം ചെന്നപ്പോൾ മരങ്ങൾക്കിടയിലൂടെ അതാ ബർലീനി പറഞ്ഞ ടവർ എത്തിനോക്കുന്നു. ടൂറിസ്റ്റുകൾ നിന്ന നിപ്പിൽ വാച്ച്‌ സെറ്റ്‌ ചെയ്യുന്നു. ഞാനും സെറ്റ്‌ ചെയ്തു. 4:20

അടുത്തു നിന്ന വേറൊരു സായിപ്പ്‌ എന്റെ വാച്ചിൽ നോക്കിപ്പറഞ്ഞു:

"ചെങ്ങായീ അത്‌ ഓടുന്നില്ലല്ലോ"

രണ്ടുവർഷത്തിനു മേലെയായി എനിക്ക്‌ അക്കാര്യം അറിയാം. ഓടാത്ത കാര്യം. ഞാൻ ഉള്ള കാര്യം തുറന്നുപറഞ്ഞു:

"ഈ മൊബെയിലൊക്കെ ഉള്ളപ്പോ ഇതൊക്കെ ആരു നോക്കുന്നു?"

"പിന്നെ നിങ്ങളെന്തിനാ വാച്ച്‌ സെറ്റ്‌ ചെയ്യുന്നെ?"

ശ്ശെടാ.. സായിപ്പിന്‌ എന്തൊക്കെ അറിയണം? സായിപ്പായതുകൊണ്ട് മറുപടി പറയാതിരിക്കുന്നതും ശരിയല്ല. ഇത്തിരി സാഹിത്യം ചേർത്ത് ഞാനൊരു കീച്ചു കീച്ചി.

"അതുപിന്നെ.., ഇവിടെ വെച്ച്‌ സെറ്റ്‌ ചെയ്ത സമയം എന്നെന്നും അതുപോലെ സൂക്ഷിക്കാൻ വേണ്ടി മാത്രമാണ്‌ ഈ ഒടാത്ത വാച്ചുമായി കിലോമീറ്ററുകൾ താണ്ടി ഞാൻ ഇവിടെ വന്നത്‌. അങ്ങ്‌ ഇന്ത്യയിൽ ഓടുന്ന മൂന്ന് വാച്ചുകളുണ്ടെനിക്ക്‌. എന്റെ വീട്ടിലും എല്ലാവർക്കും വാച്ചുണ്ട്‌."

"അത്‌ ശരിയല്ല. ഇവിടെവെച്ച്‌ ആളുകൾ വാച്ചു സെറ്റ്‌ ചെയ്യുന്നത്‌ അവരുടെ കയ്യിലെ വാച്ചും ഗ്രീനിച്ചിലെ ഈ ക്ലോക്കും ഒരുപോലെ ചലിക്കാൻ വേണ്ടിയാണ്‌. ലോകത്തിലെ എല്ലാ വാച്ചുകളും ഗ്രീനിച്ചിലെ ഈ ക്ലോക്കിന്റെ മക്കളാണ്‌‌."

എന്റെ കണ്ണു നനഞ്ഞുപോയി. കയ്യിലിരിക്കുന്ന ഈ ഓടാത്ത വാച്ച്‌ ഈ അമ്മക്ലോക്കിന് മരണപ്പെട്ടുപോയ മകനെപ്പോലെയാണെന്നാണ് സായിപ്പ് പറഞ്ഞുവരുന്നത്. ഈ കുഞ്ഞുജഡവും പേറിവന്ന ഞാനെന്തൊരു പാപമാണ്‌ ചെയ്തത്‌. ഞാനെങ്ങിനെ ഇതിന്‌ പ്രായിശ്ചിത്തം ചെയ്യും?

"പറയൂ സായിപ്പേ, ഞാൻ എന്തുചെയ്യണം?"

"നമുക്ക്‌ ഇത്‌ ശരിയാക്കണം." ഇതും പറഞ്ഞുകൊണ്ട്‌ അയാൾ എന്നെ ഒരു വാച്ചുകടയിൽ കൊണ്ടുചെന്നാക്കി.
ഗ്രീനിച്ചിലെ റോഡരികിൽ നിറയെ വാച്ചുകടകളാണ്.

ഒരു ബാറ്ററിമാറ്റ ശസ്ത്രക്രിയയിലൂടെ പുനർജ്ജന്മം കിട്ടിയ വാച്ചുമായി ഞാൻ വീണ്ടും സമയം സെറ്റ്‌ ചെയ്യാനായി പോയി. അപ്പോൾ മറ്റേ‌ സായിപ്പ്‌ വേറേ രണ്ടുപേരെയും കൊണ്ട്‌ അതേ വാച്ചുകടയിലേക്ക്‌ പോകുന്നതുകണ്ടു. മൊബെയിൽക്കാലത്ത്‌‌ നിന്നുപോയ വാച്ചുകൾക്ക്‌ മോക്ഷം നൽകാൻ അവതരിച്ച പ്രവാചകനാണോ ഇയാൾ? അതോ വാച്ചുകടക്കാരന്റെ ഏജന്റോ? പ്രവാചകൻ തന്നെയായിരിക്കും.. അയാളുടെ ചെമ്പിച്ച താടി കണ്ടില്ലേ.?

വാച്ചെടുത്ത് കയ്യിൽ വെച്ച് കീ അല്പം പുറത്തേക്ക് വലിച്ച് ടവറിലേക്ക്‌ നോക്കിയപ്പോഴാണ് ശ്രദ്ധിക്കുന്നത്; അമ്മക്ക്ലോക്കിൽ സെക്കന്റ്‌ സൂചിയില്ല. സെക്കന്റ് സൂചിയില്ലാതെ എങ്ങനെ ക്ലോക്കുകളുടെയും വാച്ചുകളുടേയും തുടിപ്പറിയും? അയാളെവിടെ? ആ ഏജന്റ്? എന്റെ കയ്യിലെ മകന്റെ സെക്കന്റ്‌ സൂചിയാകട്ടെ ഒരു മയവുമില്ലാതെ ഏണിൽ നിന്നെടുത്ത്‌ താഴെ നിർത്തിയ രണ്ടര വയസ്സുകാരനെപ്പോലെ പാഞ്ഞോടുന്നു. സമയം പോകുന്നതറിയുന്നില്ല. ഇപ്പോൾത്തന്നെ അഞ്ചരമണിയായി.

ഞാൻ വന്നതുതന്നെ അത്‌ കാണാനാണ്‌. ഗ്രീനിച്ച്‌ രേഖ. അതിന്റെ മുകളിൽ നിന്ന് ഒരു പടമെടുത്ത്‌ ഫേസ്ബുക്കിലിടണം. സ്കൂളിന്റെ വാട്ട്‌സപ്പ്‌ ഗ്രൂപ്പിലും കൊണ്ടുപോയി പോസ്റ്റണം. അസൂയ ഉള്ളവന്മാർക്കുപോലും തമ്പ്സ്‌ അപ്പ്‌ ഇടാതിരിക്കാനാവില്ല. എത്രയും പെട്ടെന്ന് ഗ്രീനിച്ചു രേഖ കണ്ടുപിടിക്കണം. രണ്ടു മണിക്കൂറും കൂടി കഴിഞ്ഞാൽ ഇരുട്ടിത്തുടങ്ങും. അതു കഴിഞ്ഞാൽ ഗ്രീനിച്ച്‌ രേഖ കാണാൻ പ്രയാസമാകും. കണ്ടാൽത്തന്നെ ഫോട്ടോ എടുക്കുമ്പോൾ ക്ലിയറാകില്ല.

പക്ഷേ എവിടെയാണത്‌?. ഇത്ര പ്രാധാന്യമുള്ള രേഖയാവുമ്പോൾ അത്യാവശ്യം കാണാനുള്ള വലിപ്പത്തിൽത്തന്നെ വരച്ചിരിക്കും. ആരോടെങ്കിലും ചോദിക്കുന്നത്‌ മോശം! "എവിടുന്നു വരുന്നു ഈ കിഴങ്ങൻ” എന്ന നോട്ടം! സഹിക്കാൻ പറ്റില്ല. എന്നിട്ടും ഒരു സായിപ്പിനോട്‌ ചോദിച്ചു:

"സായിപ്പേ, ഈ ഗ്രീനിച്ച്‌ ലൈൻ...??"

സായിപ്പ്‌ നിന്നിടത്തുനിന്ന് കാലുകൊണ്ട് ഒരു വര വരച്ചിട്ട് നടന്നുപോയി. ഞാൻ അതിനു നടുവിൽക്കയറിനിന്ന് അന്തംവിട്ട് ചുറ്റുപാടും നോക്കി. സാറ്റർഡേ ഈവനിംഗ്‌‌. ഭയങ്കര തിരക്ക്. ആർക്കും സമാധാനത്തോടെ നിന്ന് ചോദ്യം കേൾക്കാനോ ഉത്തരം വിശദീകരിക്കാനോ നേരമില്ല. നേരം വൈകും തോറും തിരക്ക്‌ കൂടിക്കൊണ്ടിരിക്കുന്നു. വെല്ലുവിളിയെങ്കിൽ വെല്ലുവിളി. യാത്രക്കാരനെന്നാൽ സ്ഥലങ്ങൾ കാണുന്നവൻ മാത്രമല്ല. കണ്ടെത്തുന്നവൻ കൂടിയാണ്. ഗ്രീനിച്ചു രേഖ ഞാൻ കണ്ടുപിടിക്കും.

എല്ലാ പെരുവഴികളിലൂടെയും ഊടുവഴികളിലൂടെയും ഞാൻ നടന്നു. പക്ഷേ, ഏതെങ്കിലും ഒരു രേഖയ്ക്ക് മുകളിൽ കയറിനിന്ന് ടൂറിസ്റ്റുകൾ സെൽഫിയെടുക്കുന്നതായ ഒരു സ്ഥലവും കണ്ടില്ല. ഏതെങ്കിലും സീബ്രാ ലൈനിൽ കയറിനിന്ന് ഒരു ഫോട്ടോ എടുത്ത് കൂട്ടുകാരെ പറ്റിച്ചാലോ? ഏയ് വേണ്ട. പിന്നെയും നടന്നു. ഗ്രീനിച്ച് യുണിവേഴ്സിറ്റിയേയും മരിറ്റൈം മ്യൂസിയത്തേയും നാലുതവണ വലം വെച്ചു. കട്ടിസാർക്കിലും എൽവേഴ്സൺ റോഡുവരേയും രണ്ടുതവണ പോയി. നേരം ഇരുണ്ടുവരുന്നു. ഒടുവിൽ വഴിതെറ്റി കട്ടിസാർക്കിൽത്തന്നെ എത്തി. ഈവനിംഗ് മാർക്കറ്റ് അപ്പഴേക്കും സജീവമായിരുന്നു. എല്ലായിടത്തും ഭക്ഷണത്തിന്റെ മദിപ്പിക്കുന്ന മണം. വയറു കത്തുന്നു. ‘ഗ്രീൻവിച്ച് സാൻവിച്ച്’ എന്നെഴുതിയിരുന്നൊരു കടയിൽ കയറി ഒരു സാൻവിച്ചും കോളയും വാങ്ങി.

തെയിംസിൽ നിന്നും ചാലുവെട്ടിയ ക്രീക്കിൽ രണ്ട് വലിയ പായ്ക്കപ്പലുകൾ നങ്കൂരമിട്ടിരുന്നു. ഒരുപാട് സമുദ്രങ്ങൾ താണ്ടിയ അവയെ നോക്കിയിരുന്ന് ഞാൻ സാൻവിച്ച് കഴിക്കാൻ തുടങ്ങി. ഇനി എട്ടരയ്ക്ക് ലണ്ടൻ ഐ-യിലിരുന്നുകൊണ്ട് നഗരത്തിന്റെ രാത്രിഭാവങ്ങൾ കാണാൻ പറ്റുമോ? ഓൺലൈൻ വഴി എടുത്ത ടിക്കറ്റ് പാഴായിപ്പോകുമോ? എങ്കിലും എവിടാണ് ആ രേഖ? ചിന്തകൾക്കൊരു പഞ്ഞവുമില്ല.

അപ്പോഴതാ കപ്പലുകൾ നങ്കൂരമിട്ടിരിക്കുന്ന അഴിമുഖത്തെ ഒരു ബഞ്ചിലിരുന്ന് ഒരാരാൾ കൈകൊട്ടി വിളിക്കുന്നു. എന്നെയാണോ? ഞാൻ അയാളുടെ മുഖത്തേക്ക് നോക്കി.

“അതേ, നിങ്ങളെത്തന്നെ” - അയാൾ ആംഗ്യത്തിൽ പറഞ്ഞുകൊണ്ട് വീണ്ടും കൈയ്യാട്ടി..

ഞാൻ അടുത്തുചെന്നു. എതിർ വശത്തുള്ള ഷോപ്പുകളിൽ നിന്നുള്ള വെട്ടം അയാളുടെ മുഖത്തേക്ക് വീണിരുന്നു. കട്ടിയുള്ള കറുത്ത കണ്ണട. കഷണ്ടിത്തല. കുറുകിയ രൂപം..

കസേരയ്ക്കുള്ളിൽ ചമ്രം പടിഞ്ഞിരുന്ന അയാൾ തന്റെ ഇടതു കൈവെള്ള എന്റെ മുഖത്തിനഭിമുഖമായി നീട്ടിക്കൊണ്ടു പറഞ്ഞു:

“ദ.. ഇതാണാ രേഖ..!"

8/6/17

റിലയൻസ് ജ്യുഡീഷ്യൽ സിസ്റ്റംസ്

ഇന്നലെ വല്ലാത്തൊരു സ്വപ്നം കണ്ടു. കണ്ടുകഴിഞ്ഞാൽ ഉടനേ മറന്നുപോകുന്നതുകൊണ്ട് സ്വപ്നങ്ങളുടെ സിനോപ്സിസ് എഴുതിവെക്കുന്നത് ഇപ്പോൾ ഒരു ശീലമാക്കി. ഇന്നലത്തേതിൽ നിന്ന് ഇലാബറേറ്റ് ചെയ്ത സംഗതിയാണ് താഴെ.

റിലയൻസിന്റെ പോലീസ് വന്ന് എന്നെ പിടിച്ചുകൊണ്ടു പോകുന്നു. “കേറെടാ -----ന്റെ മോനേ” എന്ന് പോലീസുകാരൻ. ജീപ്പ് പുറം തള്ളിയ പുകയ്ക്കപ്പുറത്തുനിന്ന് അലറിവിളിക്കുന്ന ഭാര്യയുടെ രൂപം‌ അകന്നകന്ന് പോകുന്നു.

എന്നെക്കൊണ്ടുപോയി രണ്ടു ദിവസം സ്റ്റേഷനിലിട്ടു ഇടിച്ചു പിഴിഞ്ഞെങ്കിലും കോടതിയിൽ ഹാജരാക്കിയപ്പോഴാണ് ചെയ്ത കുറ്റം എന്താണെന്ന് മനസ്സിലാവുന്നത്. റിയലയൻസ് സൂപ്പർമാർക്കറ്റിൽ നിന്നും രണ്ടാഴ്ചയിലേറെയായി അരിയും സാമാനങ്ങളും വാങ്ങുന്നില്ലത്രേ. റിലയൻസിന്റെ ജഡ്ജായിരുന്നു വാദം കേൾക്കേണ്ടിയിരുന്നത്. അന്നു അയാൾക്ക് പനിയടിച്ചു കിടന്നതിനാൽ അദാനി ഗ്രൂപ്പിന്റെ ഒരു ജഡ്ജിയായിരുന്നു ചെയറിൽ. കാഴ്ചയ്ക്ക് കരുണാമയൻ. പ്രത്യേകിച്ച് വലിയ വാദപ്രതിവാദങ്ങളൊന്നുമില്ല. എല്ലാം ചുമ്മാ ചടങ്ങ്.

കഴിഞ്ഞ രണ്ടാഴ്ചയായിട്ട് ഞാൻ എന്തായിരുന്നു കഴിച്ചതെന്ന് ജഡ്ജി നേരിട്ട് ചോദിച്ചു. പ്രത്യേകിച്ച് ഒന്നും കഴിച്ചില്ലെന്ന് ഞാൻ. ഉടനേ വക്കീല് വന്നെന്റെ വയറ്റത്ത് ഞെക്കിനോക്കിയിട്ട് ഒരാക്രോശം: “യുവർ ഓണർ.. ഇയാൾ കള്ളം പറയുകയാണ്. ഇന്നു രാവിലെ കൂടി ഇയാൾ വയറു നിറച്ച് എന്തോ കേറ്റിയിട്ടുണ്ട്.” അതുകേട്ടപ്പോ എനിക്ക് ചിരിവന്നു. ഒരു വക്കീലിന്റെ വായിൽ നിന്ന് ‘കേറ്റിയിട്ടുണ്ട്’ എന്ന വാക്ക് ഞാൻ ആദ്യമായി കേൾക്കുകയാണ്. ഞാൻ ചിരിച്ചുകൊണ്ടുതന്നെ പറഞ്ഞു : “സാറേ, ഇത് ഇന്നു രാവിലെ പോലീസുകാർ വാങ്ങിത്തന്നതാണ്. നാലു പൊറോട്ടായും ബീഫും”. ജഡ്ജി ഉടനെ പോലീസുകാരനെ വിളിച്ച് വിസ്തരിച്ചു. ചെലവായ കാശെത്രയെന്ന് ചോദിച്ച് അതെഴുതിവെച്ചു.

ഞാൻ കരുതി അത്രയും കൊണ്ട് തീരുമെന്ന്. ആ ജഡ്ജി കാഴ്ചയ്ക്കു മാത്രമാണ് കരുണാമയൻ. പുല്ലൻ വിളഞ്ഞ വിത്താണ്. പോലീസുകാരനെ കൂട്ടിൽ നിന്നിറക്കി വീണ്ടും എന്നെ കയറ്റി നിർത്തി. “കഴിഞ്ഞ രണ്ടാഴ്ച എന്താണ് കഴിച്ചത്?”-ജഡ്ജി ചോദിച്ചു. എന്നിട്ട് തിരിഞ്ഞ് വക്കീലിനെ വിരട്ടി “എടോ വക്കീലേ, മൃംഗസ്യാന്ന് നിൽക്കാതെ ചോദിക്കെടോ”. എനിക്കാണെങ്കിൽ ചിരിപൊട്ടി. ഒരു ജഡ്ജ് ‘മൃംഗസ്യ’ എന്ന വാക്ക് ഉപയോഗിക്കുന്നത് ആദ്യമായിട്ട് കേൾക്കുകയാണ്.

“കിണിക്കാതെ കാര്യം പറയെടേയ്”- വക്കീൽ ചൂടായി. അതുകൂടി കേട്ടപ്പോ ചിരിച്ചു ചിരിച്ച് ഒരു പരുവമായി. ഞാൻ ജഡ്ജിയെ ആംഗ്യം കാണിച്ചു: “കുടിക്കാൻനിത്തിരി വെള്ളം വേണം”. ജഡ്ജി മൂന്ന് സോഡാ സർബത്ത് വാങ്ങിക്കൊണ്ടു വരാൻ ശിപായിയോട് ഉത്തരവിട്ടു. രണ്ടു മിനിട്ട് കഴിഞ്ഞപ്പോൾ സർബത്ത് വന്നു. ഒന്ന്‌‌എനിക്കു തന്നു. ബാക്കി രണ്ടെണ്ണം വക്കീലും ജഡ്ജിയും കൂടി കുടിച്ചു. കുപ്പികളിൽ ബാക്കിവന്നത് ശിപായിയും കുടിച്ചു. അതിന്റെ പൈസ മൊത്തം‌‌ എന്റെ പേരിൽ എഴുതിവെച്ചു. ജഡ്ജി ഏമ്പക്കത്തോടൊപ്പം ഒന്നുരണ്ടുപ്രാവശ്യം സോഡാഗ്യാസ് പുറം തള്ളി. ആദ്യത്തേതിനൊപ്പം ഒരു മഴവില്ലും‌‌‌ ഉണ്ടായിരുന്നു.

“പറ, കഴിഞ്ഞ രണ്ടാഴ്ച എന്താ കഴിച്ചത്?” വക്കീൽ വിസ്താരം തുടർന്നു.

“പ്രത്യേകിച്ച് ഒന്നും കഴിച്ചില്ല”

“എന്നുവെച്ചാൽ?”

“വീട്ടിൽ എല്ലാവർക്കും ലൂസ് മോഷൻ ആയിരുന്നു. അതുകൊണ്ട് പ്രത്യേകിച്ച് ഒന്നും കഴിച്ചില്ല”

“എന്നിട്ട് ഇപ്പോൾ കുറവുണ്ടോ?”

“പൂർണ്ണമായിട്ടും മാറിയിട്ടില്ല”

“എന്നിട്ടാണോ സോഡാ സർബത്ത് കുടിച്ചത്?”

“അതുപിന്നെ...” - ഞാൻ ബബ്ബബ്ബയായി.

‘യുവർ ഓണർ’ എന്നുപറഞ്ഞുകൊണ്ട് വക്കീൽ ജഡ്ജിക്കു നേരേ തിരിഞ്ഞു. ആ തിരിയലും ‌’യുവർ ഓണറും’ കേട്ടാലറിയാം ആ തെണ്ടിവക്കീൽ എനിക്കെതിരേ എന്തൊക്കെയോ ജഡ്ജിയോട് പറയാൻ പോവുകയാണ്. അതുതന്നെ സംഭവിച്ചു. എന്റെ വാദങ്ങളൊക്കെ വിചിത്രമാണെന്നായിരുന്നു വക്കീലിന്റെ വാദം. എനിക്കും കുടുംബത്തിനും വയറിളക്കമാണെന്നതിന്റെ മെഡിക്കൽ സർട്ടിഫിക്കേറ്റ് ‌ഹാജരാക്കാൻ‌ അയാളാവശ്യപ്പെട്ടു. അത് എന്നെ കുടുക്കാനുള്ള അയാളുടെ സൂത്രമായിരുന്നു. നാട്ടുവൈദ്യം ചെയ്തു എന്നു പറയാൻ എനിക്ക്‌ ആവുമായിരുന്നില്ല. നാട്ടുവൈദ്യം നിരോധിച്ചുകൊണ്ട് റിലയൻസ് നിയമംകൊണ്ടുവന്നത് കഴിഞ്ഞവർഷം സപ്റ്റംബറിലാണ്. നാടുമുഴുക്കെ കമ്പനിയുടെ ഹോസ്പിറ്റൽ ഉണ്ടായിരിക്കെ നാട്ടുവൈദ്യം ചെയ്യുന്നത് ക്രിമിനൽ കുറ്റം ആവാനും സാധ്യതയുണ്ട്.

വാദത്തിന്റെ പല ഘട്ടങ്ങളിലും എനിക്ക് ഉത്തരം ‌മുട്ടിപ്പോയി. എന്റെ HDFC ബാങ്ക് സ്റ്റേറ്റ്മെന്റ് കയ്യിൽ ഉയർത്തിപ്പിടിച്ച് വക്കീൽ ‌അലറി: കഴിഞ്ഞ രണ്ടാഴ്ചയായി ഒരൊറ്റ ട്രാൻസാക്ഷൻ പോലും ഇതിൽ നടന്നിട്ടില്ല”. ജഡ്ജി ഒന്നു ചരിഞ്ഞ് പുച്ഛത്തോടെ എന്നെ നോക്കി- ‘എന്തുവാടേ ഇതെല്ലാം?’

വക്കീൽ പിന്നേം കുറേനേരം വായിട്ടലച്ചുകൊണ്ടിരുന്നു. എനിക്കെതിരേ ‘കമ്പനിദ്രോഹക്കുറ്റം’ വരെ ചുമത്തണമെന്ന് ആ വൃത്തികെട്ടവൻ വാദിച്ചു. വാദമെല്ലാം കേട്ടശേഷം ജഡ്ജി ചില തീരുമാനങ്ങൾ അറിയിച്ചു. രണ്ടാഴ്ചയായി പ്രതിയും കുടുംബവും എന്തൊക്കെയാണ് ഭക്ഷിച്ചതെന്ന് അറിയാൻ മലം ടെസ്റ്റ് ചെയ്യണം. സപ്ലിമെന്ററിയായിട്ട് രക്തം, കഫം, മൂത്രം എന്നിവയും ടെസ്റ്റ് ചെയ്യാൻ ശുപാർശ. പോലീസ് സ്റ്റേഷനിൽ രണ്ടു ദിവസം കിടന്നതിന്റെ മുറിവാടക, അവിടെ നിന്ന് കഴിച്ച ഭക്ഷണത്തിന്റെ ചാർജ്ജ്, സോഡാ സർബ്ബത്ത്, ലബോറട്ടറി ചാർജ്ജ്, അന്തിമ വിധിയ്ക്ക് ശേഷം കുത്തിയൊടിക്കാനുള്ള പേനയുടെ വില തുടങ്ങി കമ്പനിയ്ക്ക് ചെലവായതും ചെലവായേക്കാവുന്നതുമായ തുകയെല്ലാം കോടതി വളപ്പ് കടക്കും മുമ്പ് പ്രതി കമ്പനിയിൽ കെട്ടിവെക്കണം. HDFC ബാങ്കിന് മാപ്പപേക്ഷ എഴുതി നൽകണം. മലം പരിശോധിച്ചതിന്റെയും മറ്റും ലബോറട്ടറി റിസൾട്ട് പരിശോധിച്ചശേഷം അന്തിമ വിധി ഉണ്ടായിരിക്കും.

താൽക്കാലിക വിധി കേട്ടശേഷം കൂട്ടിൽ നിന്നിറങ്ങിയ എന്നെ ഒരു പോലീസുകാരൻ കഴുത്തിനു പിടിച്ച് കോടതിഹാളിനു പുറത്തേക്ക് തള്ളി. ഞാൻ കട്ടിലിൽ നിന്ന് ഉരുണ്ടുമറിഞ്ഞ് താഴെ വീണു.. ഉമ്മോ..

മൊയ്തീൻ സൊല്യൂഷൻസ്

ഞങ്ങൾ ആറുപേർ ചേർന്നാണ് ഇപ്പോഴുള്ള M-Solutions എന്ന ഐ ടി കമ്പനി സ്ഥാപിക്കുന്നത്. ഞങ്ങളെന്നു പറയുമ്പോൾ, കമ്പനി മുതലാളി മൊയ്തീൻ ഒഴികെ മറ്റെല്ലാവരും എമ്പ്ലോയീസ് ‌മാത്രമാണ്. എങ്കിലും കമ്പനിയുടെ സംസ്ഥാപനം മുതൽക്കേ ഉണ്ടായിരുന്നതിനാൽ അങ്ങനെ പറഞ്ഞെന്നേയുള്ളൂ. മൊയ്തീൻ കുറച്ചുകാലം അമേരിക്കയിൽ ഇൻഫോസിസിലായിരുന്നു. അവിടെ മടുപ്പു തോന്നിയപ്പോഴാണ് അദ്ദേഹത്തിന് ഇന്ത്യയിൽ വന്ന് ഒരു ചെറിയ കമ്പനി തട്ടിക്കൂട്ടാൻ ആഗ്രഹം തോന്നിയത്. ഇൻഫോസിസിൽത്തന്നെ ഇടയ്ക്കിടെ നൽകുന്ന മോട്ടിവേഷണൽ സ്പീച്ചുകളും ട്രെയിനിംഗുകളുമാണ് സ്വന്തമായി എന്തെങ്കിലും ചെയ്താൽ നന്നായിരിക്കുമെന്ന ചിന്തയിലേക്ക് അദ്ദേഹത്തെ എത്തിക്കുന്നത്. ഞങ്ങൾ നാട്ടുകാരും ചിരകാല സുഹൃത്തുക്കളുമാണ്. എന്നേക്കാൾ ആറുവയസ്സിനു മൂത്തതാണ്. അമേരിക്കയിലായിരിക്കുമ്പോഴും അദ്ദേഹം ബന്ധം നിലനിർത്തിയിരുന്ന അപൂർവ്വം സുഹൃത്തുക്കളിൽ ഒരാളാണ് ഞാൻ. അതുകൊണ്ടുതന്നെ എന്തുകാര്യവും ഞാനുമായി ചർച്ച ചെയ്യുമായിരുന്നു.

മൊയ്തീൻ തന്റെ കമ്പനിക്ക് ‘മൊയ്തീൻ സൊലൂഷൻസ്’ എന്ന പേരാണ് കണ്ടുവെച്ചിരുന്നത്. “ഇതൊരുതരം ‌പ്രാഞ്ചിയേട്ടൻ കോമ്പ്ലക്സാണെ”ന്ന് കേട്ടപാടെ ഞാൻ എതിർത്തു. എന്നുമാത്രമല്ല, പറ്റുമെങ്കിൽ അദ്ദേഹത്തിന്റെ സ്വന്തം പേരും ‘മൊയ്തീൻ’ എന്നതുമാറ്റി ഒരു ഐടി കമ്പനി മുതലാളിക്കു ചേർന്നതാക്കുവാനും ഞാൻ നിർദ്ദേശിച്ചു. രണ്ടുകാര്യങ്ങളോടും ദഹനക്കേട് പ്രകടിപ്പിച്ചെങ്കിലും രണ്ടാമത്തേതിനെ അല്പം ഇമോഷണലായി തന്നെ അദ്ദേഹം എതിർത്തു. അമേരിക്കൻ യാത്രകളിലും ജീവിതത്തിലും ഏറെ പ്രയോജനപ്പെട്ട പേരാണ് തന്റേതെന്നായിരുന്നു പ്രധാന വാദം. കൂടാതെ ‘തുമ്പൈ മൊയ്തീനെ’ ഉദാഹരണമാക്കി കോർപ്പറേറ്റ് മുതലാളിമാർക്കുപോലും ‘മൊയ്തീൻ’ എന്ന പേരുണ്ടെന്ന് പറഞ്ഞ് തന്റെ ഭാഗം അദ്ദേഹം വീറോടെ സ്ഥാപിച്ചെടുത്തു.

എന്നാൽ കമ്പനിയ്ക്കായി നിർദ്ദേശിക്കപ്പെട്ട ‘മൊയ്തീൻ സൊലൂഷൻസ്’ എന്ന പേരിൽ ചില നീക്കുപോക്കുകൾക്ക് അദ്ദേഹം തയ്യാറായി. അമേരിക്കയിൽ ‘മൊയ്തീൻ‘ എന്നാൽ പഴഞ്ചനായ ഒരു മതനാമമായിരിക്കില്ല. അവർക്കിതു ചിലപ്പോൾ പുതുമയുള്ളതും ‌മതേതരമായതും വിളിക്കാൻ എളുപ്പമുള്ളതുമായ പേരായിരിക്കും. പക്ഷേ ഇന്ത്യയിലെ സ്ഥിതി അതല്ല. മുസ്ലീം നാമങ്ങളിലെ ഏറ്റവും ലഘുവായതും ഇമ്പമാർന്നതുമായ പേരാണ് മൊയ്തീനെങ്കിലും അതിനെ ചുറ്റിപ്പറ്റി നിൽക്കുന്ന സങ്കീർണ്ണതകൾ ഏറെയാണ്. അതില്ലെങ്കിൽത്തന്നെ ഈ പേര് അറുപഴഞ്ചനാണ്. ഇങ്ങനെ പേരുള്ളൊരു സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർക്ക് പെണ്ണുകിട്ടാൻ പ്രയാസമാവുമെന്നുപോലും ഒരുഘട്ടത്തിൽ എനിക്ക് പറയേണ്ടിവന്നു. “ചെക്കന് എവിടെയാ ജോലി?. ‘മൊയ്തീൻ സൊല്യൂഷൻസ്’ - അതോടെതീരും ആലോചന” - ഞാൻ പറഞ്ഞു. അങ്ങനെ പറഞ്ഞുപറഞ്ഞ് ഒടുക്കം മൊയ്തീൻ സൊല്യൂഷൻസ് M-സൊല്യൂഷൻസ് ആയി. തന്റെ പേരിനെ അടക്കം ചെയ്തിട്ട് അതിനുമുകളിൽ നാട്ടിയ മീസാൻ ‌കല്ലാണ് M-സൊല്യൂഷൻസിലെ ‘M’” എന്ന് മൊയ്തീൻ തമാശയായിട്ടെങ്കിലും ഇടയ്ക്കിടെ ‌പരിഭവിക്കാറുണ്ട്.

ആള് സ്ഥിരം മൊയ്തീൻ സങ്കൽപ്പങ്ങളിൽ നിന്നും വേറിട്ട നല്ല സെറ്റപ്പ് മനുഷ്യനാണ്. സുമുഖൻ. ഇരുനിറത്തേക്കാൾ അല്പംകൂടി വെളുത്തിട്ടാണ്. എന്നേക്കാൾ മൂന്നാല് സെന്റീമീറ്റർ കൂടുതൽ പൊക്കമുണ്ടാകും. എപ്പോഴും നല്ല ടിപ്-ടോപ്പായാണ് നടപ്പ്. തന്റെ കറുത്ത ഫ്രെയിന്റെ കണ്ണട കാണാൻ എപ്പോഴും നല്ല വൃത്തിയായിരിക്കും. കണ്ണടകൾ അതുപോലെ ക്രിസ്റ്റൽ ക്ലിയറായി സൂക്ഷിക്കാൻ എനിക്കും ആയെങ്കിലെന്ന് എപ്പോഴും ആഗ്രഹിക്കാറുണ്ട്. പക്ഷേ എത്ര ശ്രമിച്ചാലും സാധിക്കാറില്ല.

എം-സൊല്യൂഷൻസിന്റെ സ്ഥാപനത്തിനു മുമ്പും ശേഷവും ഞങ്ങൾ തമ്മിലുള്ള കൂടിച്ചേരലുകൾ വെറും സൊറപറച്ചിലുകൾക്കപ്പുറത്ത് ബ്രെയിൻ സ്റ്റോമിംഗ് സെഷനുകളായിരുന്നു എന്നുപറയാം. കാപ്പിക്കടകളിലും കടലോരത്തും ക്ഷേത്രമൈതാനത്തുമൊക്കെയിരുന്ന് വിവിധ ഐഡിയകളെപ്പറ്റി ഞങ്ങൾ മിക്കപ്പോഴും ചർച്ചചെയ്തു. മൊയ്തീന്റെ പേരുമാത്രമേ പഴഞ്ചനായിരുന്നുള്ളൂ.പുതിയ ഐഡിയാസിന്റെ വലിയ കലവറയായിരുന്നു അദ്ദേഹത്തിന്റെ മനസ്സ്. ഐടിയിലേക്ക് പ്രവേശിക്കും മുമ്പ് കുറേക്കാലം ജപ്പാനിലെ ടൊയോട്ട മാനുഫാക്ചറിംഗ് സിസ്റ്റത്തിൽ ഡിസൈൻ എഞ്ചിനീയറായിരുന്നതുകൊണ്ടാവാം കേവലമായ ഒരു ഐ ടി കമ്പനിയായിരുന്നില്ല അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നത്. ഇന്ന് എം സൊല്യൂഷൻസിന്റെ പ്രൊഡക്ടുകളിൽ നിങ്ങൾ കാണുന്നതുപോലെ ഐ ടി യുടെ സഹായത്തോടെ പ്രവർത്തിപ്പിക്കാനാവുന്നതും മനുഷ്യന്റെ നിത്യജീവിതത്തിൽ ഇടപെടുന്നതുമായ ചെറിയ ചെറിയ ഓട്ടോമാറ്റിക് സിസ്റ്റങ്ങളുടെ മാനുഫാക്ചറിംഗ് ആണ് മൊയ്തീൻ തന്റെ കമ്പനികൊണ്ട് ഉദ്ദേശിച്ചിരുന്നതും.

ഞങ്ങളുടെ ആദ്യത്തെ സംരഭമായിരുന്നു ഓട്ടോമാറ്റിക് ഫ്ലോർ ക്ലീനിംഗ് മെഷീൻ. ഇന്ത്യൻ മാർക്കറ്റിൽ ഇതിന് വളരെ തണുപ്പൻ പ്രതികരണമായിരുന്നു. ഇപ്പോഴും അതേ. എന്നാൽ അമേരിക്കയിലും ഗൾഫ് രാജ്യങ്ങളിലും ഈ പ്രൊഡക്ട് നിലവിലുണ്ടായിരുന്ന സമാനമായ ഉത്പന്നങ്ങളെ വെല്ലുവിളിച്ചു. ക്വാളിറ്റിയ്ക്കും കോമ്പറ്റിറ്റീവ് പ്രൈസിനും പുറമേ വളരെ ഇഫക്ടീവായ മൊബൈൽ ആപ്ലിക്കേഷൻ ഇന്റർഫേസാണ് ഇതിന് ഞങ്ങളെ തുണച്ചത്. അതായത്, നിങ്ങൾക്ക് ലോകത്ത് എവിടെയിരുന്നുവേണമെങ്കിലും മൊബൈൽ ആപ്ലിക്കേഷൻ ‌വഴി റൂം ക്ലീൻ ചെയ്യാനാവും. ക്ലീനിംഗ് ടാസ്ക് ഷെഡ്യൂൾ ചെയ്തു വെക്കുകയോ, പ്രീ സെറ്റ് ഓപ്ഷൻ അമർത്തിയോ, മൊബൈൽ ആപ്ലിക്കേഷനിൽ തെളിയുന്ന നിങ്ങളുടെ റൂമിന്റെ പ്ലാനിൽ വെറുതേ വിരലോടിച്ചുകൊണ്ടോ ആ മെഷീൻ പ്രവർത്തിപ്പിക്കാനാവും. ക്യാമറ മോണിറ്റേഡ് ആണ് റൂമുകളെങ്കിൽ മെഷീന്റെ ലൈവായുള്ള പ്രവർത്തനവും കാണാം.

ഇന്ത്യയിൽ ഇത് എന്തുകൊണ്ട് ചലനം സൃഷ്ടിച്ചില്ല എന്ന് ഞങ്ങൾ പലവട്ടം ചർച്ചചെയ്തു. മുറികൾ വൃത്തിയാക്കുന്നതിൽ നമ്മുടെ അലംഭാവം, പുതിയ ടെക്നോളജിയെ സ്വീകരിക്കാനുള്ള മടി, ഡിസൈൻ ചെയ്തത് ഇന്ത്യയിലാണെങ്കിലും ചൈനയിൽ മാനുഫാക്ചറിംഗ് ചെയ്തതുകൊണ്ടുണ്ടായ റിലയബിലിറ്റി ഇഷ്യൂസ് തുടങ്ങി കുറേക്കാര്യങ്ങൾ അതിൽ ഉൾപ്പെട്ടു. പക്ഷേ ഇതിലൊന്നും പെടാത്ത ഒരു കൺക്ലൂഷനായിരുന്നു മൊയ്തീന് പറയാനുണ്ടായിരുന്നത്. തന്റെ കണ്ണടയൂരി കയ്യിൽ വെച്ച് അതിന്റെ ക്ലാരിറ്റി ആസ്വദിച്ചുകൊണ്ട് മൊയ്തീൻ പറഞ്ഞു:

“We are a male dominated society, Shefeek”

ഡിവലപ്മെന്റ് ഫേസിൽ അതിനകം ഒട്ടേറെ മുന്നേറിയതിനാൽ മൊയ്തീന്റെ മേൽ കണ്ടെത്തൽ നിലനിൽക്കെത്തന്നെ ക്ലീനിംഗ് മെഷീന്റെ കൺസെപ്റ്റിൽത്തന്നെ പ്രവർത്തിക്കുന്ന മറ്റൊരു പ്രൊഡക്റ്റുകൂടി ഞങ്ങൾ ആ വർഷം അവസാനം പുറത്തിറക്കി. ‘Smart Sweeper’ എന്നു പേരിട്ട, മുറ്റം അടിച്ചുവാരുന്ന ഒരു യന്ത്രം. പ്രധാനമായും ഇന്ത്യയിലെ ഗ്രാമ പ്രദേശങ്ങളെ ഉദ്ദേശിച്ചായിരുന്നു ഇത് വികസിപ്പിച്ചത്. എന്നാൽ മൊയ്തീന്റെ തിയറിയെ പ്രൂവ് ചെയ്തു എന്നതല്ലാതെ ഇതിൽ നിന്നും പ്രത്യേകിച്ച് വരുമാനമൊന്നും ഉണ്ടാക്കാൻ ‌കമ്പനിയ്ക്കായില്ല.

വരവുചെലവ് കണക്കുകൾ അവതരിപ്പിക്കുന്ന വർഷാന്തമീറ്റിംഗിൽ മൊയ്തീൻ കമ്പനിയുടെ പ്രൊഡക്ടുകളേക്കാൾ തന്റെ തിയറിയെ എക്‌സ്‌പ്ലെയിൻ ചെയ്തു:

“പുരുഷാധിപത്യ പ്രവണതകൾ വെച്ചുപുലർത്തുന്നിടത്തോളം കാലം നമ്മുടെ സൊസൈറ്റിയിൽ M - Solutions നെപ്പോലെയുള്ളൊരു കമ്പനിയ്ക്ക് ഇന്നുള്ള നിലയിൽ നിലനിൽക്കാൻ ആവില്ല. വികസിത രാജ്യങ്ങളിൽ നമുക്ക് കിട്ടുന്ന സ്വീകാര്യത മാത്രമാണ് നമ്മെ ഇന്നു പിടിച്ചു നിർത്തുന്നത്. നമ്മുടെ ആളുകൾ സ്ത്രീകളുടെ ജോലിഭാരം വലിയ തോതിൽ ലഘൂകരിക്കുന്ന സാധനങ്ങളൊന്നും അത്ര പെട്ടെന്ന് കാശ് കൊടുത്ത് വാങ്ങാൻ പോകുന്നില്ല. വാഷിംഗ് മെഷീനും, ഗ്യാസ് അടുപ്പുകളും, മിക്സിയും റഫ്രിഡ്ജറേറ്ററും തന്നെ അധികപ്പറ്റായാണ് പല പുരുഷന്മാരും കാണുന്നത്. ഇതൊക്കെ കണ്ടുപിടിക്കപ്പെട്ടതിലുള്ള ദേഷ്യം അവർക്ക് ഇനിയും അടങ്ങിയിട്ടില്ല. നമ്മുടെ നാട്ടിൽ പണ്ട് ഇവയൊന്നും കണ്ടുപിടിക്കപ്പെടാഞ്ഞതിനു കാരണം പുരുഷന്മാരുടെ ഈ മനോനിലയാണ്. മിക്സിയിൽ അരച്ച് ഉണ്ടാക്കുന്ന കറിയ്ക്ക് സ്വാദ് കുറവാണെന്ന് പറയുന്ന പുരുഷന്മാരെ നമുക്ക് ഇന്നും കാണാം. തന്റെ അമ്മ ഏഴെട്ട് മക്കൾക്ക് വെച്ചുവിളമ്പിയത് അടുപ്പിൽ വിറകുകത്തിച്ച് പരിപാലിച്ചാണ് എന്നു പറഞ്ഞ് അഭിമാനിക്കുന്നവരേയും കാണാം. നമ്മുടെ പുരുഷന്മാർ സ്ത്രീകളിൽ കാണാൻ ആഗ്രഹിക്കുന്ന ഏറ്റവും വലിയ യോഗ്യതയാണ് ‘കഷ്ടപ്പെടുക’ എന്നത്. നമ്മുടെ കമ്പനിയുടെ പ്രൊഡക്ടുകൾ സ്ത്രീകളെ അലസരാക്കും എന്ന് അവർ ഭയപ്പെടുന്നു. അയ്യായിരം രൂപയ്ക്ക് അൻപത് ചൂലുകൾ വാങ്ങിക്കൊടുക്കാൻ അവർ തയ്യാറായേക്കും. എന്നാൽ നാലായിരത്തി ഇരുന്നൂറു രൂപയ്ക്ക് നമ്മുടെ ‘Smart Sweep’ മെഷീൻ അവർ വാങ്ങുകയില്ല.”

പ്രസന്റേഷന്റെ പല ഘട്ടങ്ങളിലും മൊയ്തീൻ ഒരു വിപ്ലവകാരിയെപ്പോലെ സംസാരിച്ചു. ഭാവിയെ സംബന്ധിച്ച് ഒരു വലിയ പ്രഖ്യാപനം നടത്തിയിട്ടാണ് അദ്ദേഹം തന്റെ സംസാരം അവസാനിപ്പിച്ചത്. അദ്ദേഹം പറഞ്ഞു:

“വീടുകളിൽ നിന്ന് നമുക്ക് അടുക്കളകളെ ഇല്ലാതാക്കണം. അടുക്കളകളെന്നാൽ ഒരു വീട്ടിലെ ഫുഡ് പ്രോസസ്സിംഗ് യൂണിറ്റ് മാത്രമാകണമെന്നാണ് M-Solutions ആഗ്രഹിക്കുന്നത്. നിലവിലെ അടുക്കളകളിൽ വേവിച്ചെടുക്കുന്നത് മനുഷ്യനെയാണ്. ആ അവസ്ഥയെ ഇല്ലാതെയാക്കി Manual Intervension വെറും 5% ആക്കിയെങ്കിലും കുറയ്ക്കുന്ന Automatic Food Processing Units ആയിരിക്കും നമ്മുടെ അടുത്ത സംരഭം. ഒരു കോഫി മെഷീന്റെ സങ്കൽപ്പത്തിൽ നിന്നും പൊടുന്നനെ പരിണമിച്ചുവികസിക്കുന്ന ഒരു വലിയ ഭക്ഷണനിർമ്മാണ യന്ത്രം! വികസിത രാജ്യങ്ങളിലെ വിപണികളാണ് നമ്മൾ താൽക്കാലികമായി ലക്ഷ്യമിടുന്നതെങ്കിലും ഇന്ത്യയിലെ വീടുകളിൽ നിന്ന് അടുക്കളകൾ അപ്രത്യക്ഷമാകുന്നതായിരിക്കണം നമ്മൾ കാണുന്ന സ്വപ്നം”.

‘ലോകം നേരിടുന്ന എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ ടെക്നോളജിക്കു മാത്രമേ സാധിക്കൂ’ എന്ന് ഉറച്ചു വിശ്വസിക്കുന്നയാളാണ് മൊയ്തീൻ. ‘പാരമ്പര്യ തൊഴിലുകളെ’ അപ്രസക്തമാക്കിയതും ജാതീയതയെ മുമ്പത്തേക്കാളേറെ നേർപ്പിച്ചതും ടെക്നോളജിയാണെന്നാണ് മൊയ്തീന്റെ പക്ഷം. ഓരോ സാങ്കേതിക വിദ്യയുടേയും വികാസം സാമൂഹികമായ ഒട്ടേറെ മാറ്റങ്ങൾക്ക് കാരണമാകുന്നുവെന്നൊക്കെ പറയുന്ന ഈ മൊയ്തീനാണോ തന്റെ കമ്പനിയ്ക്ക് 'മൊയ്തീൻ സൊല്യൂഷൻ' എന്ന് പേരുനൽകാൻ പോയതെന്ന് ഞാൻ പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട്.

എന്തായാലും, പദ്ധതിയുമായി ബന്ധപ്പെട്ട് കമ്പനിയ്ക്ക് അകത്തും പുറത്തും ഞങ്ങൾ ഒട്ടേറെ ചർച്ചകൾ നടത്തി.

“ ഒരു പരുഷാധിപത്യ സമൂഹത്തിൽ നിന്ന് അടുക്കളയെ ഇല്ലാതാക്കാൻ ആവുമോ?"

"ഇന്ത്യൻ സാഹചര്യത്തിൽ അടുക്കളയെ ഇല്ലാതാക്കുകയെന്നാൽ വീട്ടിൽ നിന്ന് സ്ത്രീകളെ പുറത്താക്കുക എന്നല്ലേ അർഥം?”

ഇത്തരം നിരവധി ചോദ്യങ്ങൾ ഉയർന്നുവന്നു. അതൊക്കെ ഇനി അടുത്ത ഭാഗത്തിൽ.

7/26/17

ഗൂഢാലോചന

സത്യം പറഞ്ഞാൽ ക്രിമിനൽ ഗൂഢാലോചനകൾ നടത്തുന്നവരെ ആത്മാർഥമായി എതിർക്കാൻ എനിക്കാവില്ല. കാരണം കഴിഞ്ഞുപോയ കാലത്ത് ഒരു മഹാക്രൂരകൃത്യത്തിനുവേണ്ടി ഞാനും ഗൂഢാലോചന നടത്തിയിട്ടുണ്ട്. അന്ന് വെറും ഏഴിലോ എട്ടിലോ പഠിക്കുന്ന പയ്യനാണ് ഞാൻ . പന്ത്രണ്ടോ പതിമൂന്നോ വയസ്സുകാണും. പക്ഷേ, ഗൂഢാലോചനയുടെ വ്യാപ്തി ഓർക്കുമ്പോൾ ക്രിമിനൽക്കുറ്റങ്ങളെ എതിർക്കുവാനുള്ള എന്റെ ധാർമ്മിക ശേഷി സാരമാം വണ്ണം ചോർന്നുപോകുന്നതായി അനുഭവപ്പെടുന്നു.

കുറ്റവാളി ഞാനായിരുന്നില്ല. അത് തൊട്ടയല്പക്കത്തെ എന്റെ കൂട്ടുകാരനായിരുന്നു. നിസാർ. അവൻ ഒരു ദിവസം എന്നോടു വന്നു പറഞ്ഞു : 

"അളിയാ, സഹികെട്ടളിയാ.. സഹികെട്ടു! ഈ നാശം പിടിച്ച കോഴിയേം താറാവിനേം ആടിനേം കൊണ്ട് ഞാൻ സഹികെട്ടു!"

അവന്റെ വീട്ടിൽ കുറേ കോഴികളും പത്തുപന്ത്രണ്ട് താറാവുകളും മൂന്ന് ആടുകളും നാല് ആട്ടിൻകുട്ടികളും ഉണ്ട്. ഇവയെല്ലാം കാരണം അവന് യാതൊരു സ്വസ്ഥതയും സന്തോഷവുമില്ല. മറ്റു കുട്ടികളൊക്കെ സ്കൂളിൽ നിന്ന് വരുന്നപാടെ പുസ്തകക്കെട്ടെടുത്ത് അട്ടത്തേയ്ക്കെറിഞ്ഞിട്ട് കളിക്കാനായി ഓടുമ്പോൾ നിസാറിനാവട്ടെ, ആടിനെ അഴിച്ചു കെട്ടണം, അതിനു പ്ലാവില പറിച്ചുകൊടുക്കണം, വീടുകളിൽ പാലുകൊണ്ടുക്കൊടുക്കണം സന്ധ്യയാവുംമ്മുമ്പ് കോഴിയെയും താറാവിനെയും പിടിച്ച് കൂട്ടിലടയ്ക്കണം, താറാവിനു കൊടൂക്കാൻ കൂലിക്ക കുത്തണം തുടങ്ങി നൂറുകൂട്ടം പണികൾ കാണും. സ്കൂൾ അവധി ദിവസങ്ങളിലും ഈ ജീവികളെ പരിപാലിക്കലുതന്നെയാണ് അവന്റെ ജോലി. അഥവാ ഇതിനിടയിൽ ഇത്തിരി സമയം ഒപ്പിച്ച് അപ്പുറത്തെ അയ്യത്ത് ക്രിക്കറ്റ് കളിക്കാൻ പോയാലും സ്വസ്ഥതയോടെ അത് പൂർത്തീകരിക്കാൻ പറ്റില്ല. കാത്തു കാത്തിരുന്ന് ബാറ്റിംഗ് കിട്ടുമ്പോഴാവും അവന്റെ ഉമ്മ സൂറാത്ത വേലിയ്ക്കരികെ വന്നു വിളിക്കുന്നത്. ക്രൂരയായ ആ സ്ത്രീ ക്രിക്കറ്റു കളിക്ക് പറയുന്നത് തുഴയെറിഞ്ഞുകളിയെന്നാണ്. അവർ ആക്രോശിക്കും:

"നിസാറേ.., ഡാ നിസാറേ.. ഇവിടെ എന്തുമ്മാത്രം പണികിടക്കുന്നു.. അപ്പഴാ അവന്റെയൊരു തുഴയെറുഞ്ഞുകളി! അങ്ങേര് ഒന്നിങ്ങു വന്നോട്ടെ; പറഞ്ഞുകൊടുക്കുന്നുണ്ട് ഞാൻ.. "

ഇടയ്ക്കൊക്കെ ഉമ്മായുടെ നിർദ്ദേശപ്രകാരം വാപ്പാ അവനെ തല്ലാറുണ്ടെങ്കിലും ദിവസം ‌മുഴുവൻ നീണ്ടുനിൽക്കുന്ന  സ്വൈര്യക്കേട് അയാൾ ഉണ്ടാക്കാറില്ല. പുള്ളി രാവിലെ തന്നെ എണീറ്റ് ചീട്ടുകളിക്കാൻ പോകും. പിന്നെ വൈകും നേരം ഏഴെട്ട് മണിയൊക്കെ ആകുമ്പഴേ തിരിച്ചുവരൂ. നിസാർ സ്കൂളിൽ നിന്ന് ഉച്ചയ്ക്ക് ഊണിന് വീട്ടിൽ വന്ന് തിരിച്ചു പോകുമ്പോൾ വാപ്പായ്ക്കുള്ള ഭക്ഷണം കളിക്കുന്നിടത്ത് കൊണ്ടുക്കൊടുക്കും. ചീട്ടുകളിയിൽ നിന്നും എന്തെങ്കിലും ചില്ലറ കിട്ടുമെന്നല്ലാതെ അത്ര വലിയ വരുമാനമൊന്നുമില്ല. പലപ്പോഴും നഷ്ടമാണ്. പിന്നെ ഒരു ജോലി എന്ന രീതിയിൽ അയാളത് കൊണ്ടു നടക്കുന്നെന്നേയുള്ളൂ.

കോഴി, താറാവ്, ആടുകൾ മുതലായവയിൽ നിന്ന് അത്യാവശ്യം വരുമാനം ഉണ്ടാക്കുന്നതുകൊണ്ട് അതിന്റെയെല്ലാം ഉടമസ്ഥയും നോക്കിനടത്തിപ്പുകാരിയും എന്നനിലയിൽ നിസാറിന്റെ ഉമ്മയാണ് വീട്ടിലെ രാജാവ്. ചീട്ടുകളിക്കാരൻ വാപ്പാ അവിടെ വെറും ഡൈമൺ ഏഴാണ്. വീട്ടിലിരുന്നാൽ ഭാര്യ തുടരെത്തുടരെ ആജ്ഞകൾ പുറപ്പെടുവിക്കുമെന്നതുകൊണ്ടാണ് രണ്ടുകുത്ത് ചീട്ടുമെടുത്ത് അയാൾ രാവിലെതന്നെ അവിടുന്ന് കടന്നുകളയുന്നത്.

താൻ വളർത്തുന്ന പക്ഷിമൃഗാദികളെല്ലാം കൂടി ചില്ലറ അസ്വസ്ഥതകൾ സൂറാത്തായ്ക്കും ഉണ്ടാക്കാറുണ്ട്. ഏതെങ്കിലും കല്യാണ വീട്ടിൽ പോയാലോ നേർച്ചയ്ക്കോ അടിയന്തിരങ്ങൾക്കോ പോയാലോ ഒക്കെ സന്ധ്യയാവുമ്പോഴേക്ക് സൂറാത്തായ്ക്ക് ആധിയാണ്. "അയ്യോ.. കോഴിയെ പിടിച്ചിട്ടില്ല", "അയ്യോ.. ആടിനു തീറ്റകൊടുത്തില്ല!" എന്നിങ്ങനെ. എന്നാൽ ഈ ആധിയെല്ലാം അവർ ഇറക്കിവെക്കുന്നത് നിസാറിന്റെ തലയിലേക്കാണെന്നതാണ് കഷ്ടം!

"ഡാ.. നീ ചെന്ന് ആ കോഴിയേം താറാവിനേം കൂട്ടിൽ കയറ്റി ആടിന് തീറ്റയും കൊടുത്തിട്ട് ഓടി ഇങ്ങ് വാ.. അവിടേം ഇവിടേം കറങ്ങി നടക്കരുത്; പെട്ടെന്നിങ്ങ് വന്നേക്കണം.."

"നാശം". അവൻ ഓടിക്കിതച്ച് വീട്ടിൽ വരും. പെട്ടെന്ന് ജോലി തീർത്ത് തിരിച്ചുപോയാൽ കുറച്ചു നേരംകൂടി കുട്ടികളുമായി കളിക്കാമല്ലോ എന്നു കരുതി കോഴികളെ പിടിച്ച് കൂട്ടിലടച്ച്, ആടുകൾക്ക് തീറ്റയും കൊടുത്ത് താറാവിനെ കൂട്ടിൽ കയറ്റാൻ നോക്കുമ്പോഴായിരിക്കും പന്ത്രണ്ടെണ്ണം ഉള്ളതിൽ ഒന്നുരണ്ടെണ്ണത്തിനെ കാണാനില്ലെന്ന് മനസ്സിലാവുന്നത്. "നാശം അതിനെ ഇനി എവിടെപ്പോയി തപ്പിപ്പിടിക്കും?" കൂട്ടത്തിലുള്ള ഒന്നോ രണ്ടോ താറാവുകൾ ഒളിച്ചോടുന്നത്  സ്ഥിരം ഏർപ്പാടാണ്. തോടുകളിൽ നീന്തി നീന്തി നടക്കുന്നതിനിടയ്ക്ക് ചില പെടകൾ വേറേ ഏതെങ്കിലും പൂവൻ നയിക്കുന്ന കൂട്ടത്തിലേക്ക് ആകൃഷ്ടരായങ്ങ് പൊയ്ക്കളയും. പിന്നെ വള്ളവുമെടുത്ത് തോടായ തോടുമുഴുവൻ തുഴഞ്ഞ് അന്വേഷിച്ചു നടക്കണം. ഭാഗ്യമുണ്ടെങ്കിൽ പെട്ടെന്ന് കണ്ടുകിട്ടും. ഇല്ലെങ്കിൽ ഒരു എട്ടെട്ടരയെങ്കിലുമാവും. ആ സമയമാവുമ്പോഴേക്ക് മറ്റു കൂട്ടങ്ങളിൽ നിന്ന് നിഷ്കാസിതരായി 'ക്വാക്ക് ക്വാക്ക്' എന്ന് നിലവിളിച്ച് ഇരുട്ടുവീണതും വിജനവുമായ തോടുകളിൽ യഥാർഥ ഉടമയെ തേടി അവ അലയുന്നുണ്ടാവും. നിസാറിനെ കാണുമ്പോൾ അവറ്റകളുടെ സന്തോഷമൊന്ന് കാണണം!. 'ക്വാക്കി'ന്റെ ശബ്ദം കൂടും. പക്ഷേ പിടിക്കാൻ ചെല്ലുമ്പോൾ ഒരുമാതിരി ബെടക്ക് സ്വഭാവം കാണിക്കും. പൊന്തക്കാട്ടിലും അവിടെയും ഇവിടെയുമൊക്കെയിട്ട് ഓടിച്ച് മനുഷ്യന്റെ ഊപ്പാട് തീർത്തതിനു ശേഷമേ പിടിതരൂ.

നേരത്തേയൊക്കെ നിസാറിന് സ്വന്തം താറാവുകളെ തിരിച്ചറിയാൻ ബുദ്ധിമുട്ടായിരുന്നു. ഒരിക്കൽ പകരമായി വേറൊരു താറാവിനെ പിടിച്ചുകൊണ്ടുവന്ന് കൂട്ടിലടച്ച് അവൻ ഉമ്മായെ പറ്റിയ്ക്കാൻ നോക്കിയിട്ടുണ്ട്. പിറ്റേ ദിവസം ആ താറാവ് മുട്ടയിടാത്തതിൽ കലിപൂണ്ട് അവർ അവനെ ഒരുപാട് വഴക്കുപറഞ്ഞു. അതിനു ശേഷം താറാവുകളെ തിരിച്ചറിയാനായി അവൻ പന്ത്രണ്ടെണ്ണത്തിന്റെയും ഓരോ കാലുകളിലും പഴയൊരു പാവാടയിൽ നിന്ന് കീറിയെടുത്ത കാവിനിറമുള്ള  നാടകൾ കെട്ടി. അതിന്റെ പിറ്റേ ദിവസം കൂട്ടിൽ നിന്നിറങ്ങി വരിവരിയായി നടന്നു നീങ്ങിയ താറാവുകളെ കണ്ട് വടക്കേതിലെ പട്ടാളം പ്രഭാകരണ്ണൻ ചോദിച്ചു:

"ഇതെന്തോന്നാടാവേ? ആർ എസ്സ് എസ്സിന്റെ ജാഥയോ?"

ചോദ്യം കേൾക്കാത്ത ഭാവത്തിൽ താറാവുകൾ കുണുങ്ങിക്കുണുങ്ങി തോട് ലക്ഷ്യമാക്കി നടന്നുപോയി. നാടകൾ കാരണം ആളുകൾ പലതും പറഞ്ഞ് പരിഹസിക്കാറുണ്ടായിരുന്നെങ്കിലും ഏത് വലിയ താറാക്കൂട്ടങ്ങൾക്കിടയിൽ അകപ്പെട്ടുപോയാലും തന്റെ താറാവുകളെ തിരിച്ചറിയാൻ അതേ നാടകൾ അവനെ സഹായിക്കുമായിരുന്നു.

താറാവുകളെ തിരയാൻ ചിലപ്പോഴൊക്കെ ഞാനും അവനോടൊപ്പം വള്ളത്തിൽ കൂടാറുണ്ടായിരുന്നു. ഒരു ദിവസം  തിരഞ്ഞു തിരഞ്ഞ് സഹികെട്ടപ്പോൾ വള്ളത്തിൽ വെച്ച് അവൻ എന്നോടു പറഞ്ഞു:

"ഈ നാശത്തിനെയൊക്കെ കൊല്ലണം അളിയാ.., കൊല്ലണം!"

അവിടെത്തുടങ്ങി ഞങ്ങളുടെ ഗൂഢാലോചന.
എങ്ങനെ കൊല്ലും?
എപ്പോൾ കൊല്ലും?
എന്തിനെയൊക്കെ കൊല്ലും?

ഈ മൂന്ന് കാര്യങ്ങളാണ് ചർച്ചചെയ്ത് തീരുമാനിക്കേണ്ടിയിരുന്നത്.
അവസരം കിട്ടുമ്പോഴൊക്കെ ഞങ്ങൾ അതിനെപ്പറ്റി മാത്രം സംസാരിച്ചു. ഏതാണ്ട് രണ്ടര ആഴ്ചയോളം നീണ്ടു നിന്നു ആ ഗൂഢാലോചന.

ഒന്നാം ഘട്ടം:
**************
"എങ്ങനെ കൊല്ലും?"- ഞാനാണ് ആദ്യം ചോദ്യം ഉന്നയിച്ചത്

"കോഴികളെ നമുക്ക് കഴുത്തു ഞെരിച്ചു കൊല്ലാം, ആടിന് വെഷം കൊടുക്കാം"- അവൻ

"താറാവിനേം നമുക്ക് കഴുത്തു ഞെരിച്ചുകൊല്ലാം"- ഞാൻ അവേശം കൊണ്ടു.

"എടാ, ഈ നാശം കഴുത്ത് ഞെരിച്ചാൽ ചാവത്തില്ല... പിന്നെന്തു ചെയ്യും?"

"എങ്കി, നമ്മക്ക് എല്ലാത്തിനേം വെഷം കൊടുത്ത് കൊല്ലാം"

"ഓക്കെ, പക്ഷേ എന്തു വെഷം കൊടുക്കും?

"ഒതളങ്ങ!"

"ചാകുവോ?"

"പിന്നേ.., ഒറപ്പായിട്ടും ചാകും" അടുത്ത സമയത്ത് ഒതളങ്ങ കഴിച്ചു മരിച്ച രണ്ടുപേരുടെ ഉദാഹരണങ്ങൾ കൂടി ഞാൻ പറഞ്ഞു കൊടുത്തു.

"ആടും കോഴീം ഒക്കെ ഒതളങ്ങ തിന്നുവോ?"

"എടാ നമ്മക്ക് തീറ്റയ്ക്കകത്ത് അരച്ചു ചേർക്കാം"

"അതൊക്കെ ബുദ്ധിമുട്ടായിരിക്കും.., നമുക്ക് എലിവെഷം ചേർത്തുകൊടുക്കാം.. അതാകുമ്പം വീട്ടിലൊണ്ട്."

"ഓക്കെ"


രണ്ടാം ഘട്ടം:
*************
"എപ്പോൾ കൊല്ലാൻ പറ്റും?"

"അടുത്തേന്റെ അടുത്ത ഞാറാഴ്ച അക്കരേലെ അപ്പീടങ്ങ് മുഹ്‌യുദ്ദീൻ റാത്തീബാണ്. എല്ലാവരും പോയിട്ട് തിരിച്ചു വരുമ്പം ഒരുപാട് രാത്രിയാകും. നമ്മക്ക് അന്ന് കൊല്ലാം.."

"ഓക്കെ"


മൂന്നാം ഘട്ടം:
*************
"ഏതിനെയൊക്കെ കൊല്ലണം?" - അതും ഞാനാണ് ആദ്യം ചോദിച്ചത്.

ഈ ചോദ്യത്തിന് കൃത്യമായ ഉത്തരം ഉണ്ടായിവരാൻ ദീർഘമായ ആറു ദിവസങ്ങളെടുത്തു. അവനെ സംബന്ധിച്ച് അങ്കലാപ്പ് നിറഞ്ഞതായിരുന്നു ആ ചോദ്യം. 'എല്ലാത്തിനേയും' കൊല്ലണമെന്ന് പറയുമെങ്കിലും അത് നടപ്പാക്കുക എളുപ്പമല്ലെന്നും, അങ്ങനെ നടന്നാൽത്തന്നെ അത് ഊഹിക്കാവുന്നതിനും അപ്പുറമുള്ള പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ഞങ്ങൾക്ക് അറിയാമായിരുന്നു. അതുകൊണ്ട് കുറച്ചെണ്ണത്തിന്റെ മാത്രം കൊന്ന് ജോലിഭാരം കുറയ്ക്കുകയേ നിർവ്വാഹമുള്ളൂ എന്നകാര്യത്തിൽ ഞങ്ങൾക്കിടയിൽ തർക്കവുമില്ലായിരുന്നു. ഈ ജീവികളെല്ലാം ശല്യമായിരിക്കുമ്പോഴും അവയോട് അവന് എന്തോ ഒരു വാത്സല്യവും ഉണ്ടായിരുന്നു എന്നത് വേറെ!. ചിലതിനെയൊക്കെ അവൻ  പേരിട്ടുപോലും വിളിച്ചിരുന്നു. ഇപ്പോൾ 'ഏതിനെയൊക്കെ കൊല്ലണം?' എന്നു ചോദിച്ചാൽ...?, ചിന്തിക്കേണ്ടിയിരിക്കുന്നു . കൂട്ടക്കൊലയേക്കാൾ തെരഞ്ഞുപിടിച്ച് കൊല്ലുന്നതിലെ ക്രൂരത ദിവസങ്ങളോളം അവന്റെ മനസ്സിനെ അസ്വസ്ഥമാക്കി.

"എടാ, സ്ഥിരമായി ചാടിപ്പോകുന്ന താറാവുകളെയെല്ലാം എന്തായാലും കൊല്ലാം" - ഞാൻ പറഞ്ഞു. പക്ഷേ, അവൻ അത് അംഗീകരിച്ചില്ല. തോടുകളിലും കയങ്ങളിലും അന്വേഷിച്ച് നടക്കുന്നത് ബുദ്ധിമുട്ടുള്ള ജോലിയായിരുന്നെങ്കിലും അവ ചാടിപ്പോകുന്നതുകൊണ്ടു മാത്രമാണ് അവന് വീട്ടിൽ നിന്ന് കുറച്ചധികം നേരത്തേക്ക് വിട്ടുനിൽക്കാനായിരുന്നത്.

ചാട്ടക്കാരികളായ താറാവുകളെക്കൂടാതെ 'ആട്ടിൻകുട്ടികളേയും കഴുത്തിൽ തൂവലില്ലാത്ത മൂന്ന് കോഴികളേയും കൊല്ലണ്ട'. എന്ന അഭിപ്രായം അവൻ ആദ്യമേ പറഞ്ഞു. ബാക്കിയുള്ളവയിൽ ഒരു തീരുമാനമാകാതെ ദിവസങ്ങൾ നീണ്ടുനീണ്ടുപോയി. മുഹ്യുദ്ദീൻ റാത്തീബ് അടുത്തടുത്ത് വന്നു. ഒടുക്കം ഞാനൊരു ഐഡിയ പറഞ്ഞു.

"ബാക്കിയുള്ളതിനെയെല്ലാം നമ്മക്ക് പപ്പാതിയാക്കി വേറേ വേറേ കൂട്ടിലിട്ടിട്ട് ഒരു പാതിയ്ക്ക് മാത്രം വെഷം കൊടുക്കാം"

കുറച്ചുനേരം ചിന്തിച്ചിരുന്നിട്ട് അവൻ പറഞ്ഞു: "ഓക്കെ"

അങ്ങനെ, ഗൂഢാലോചന പൂർത്തിയായി!

************
കൃത്യം നടന്ന കരാള രാത്രിയെക്കുറിച്ച് വിവരിക്കാൻ ഒരുപാടുണ്ട്. തൽക്കാലം ഞാനതിന് മുതിരുന്നില്ല. ഒരു പെരുമഴ പെയ്തൊഴിഞ്ഞ രാത്രിയായിരുന്നു അത്. തവളകളും ചീവീടുകളും അവയ്ക്ക് ആവുന്നത്ര ശബ്ദത്തിൽ കരഞ്ഞു. അയൽക്കാരൊക്കെ നേരത്തേ മൂടിപ്പുതച്ച് ഉറക്കമായി. അക്കരയിലെ അപ്പിയുടെ വീട്ടിൽ നിന്നുള്ള റാത്തീബിന്റെ അലർച്ചകൾ പുഴകടന്ന്, ഇക്കരെയും എത്തുന്നുണ്ടായിരുന്നു. എല്ലാം കൊണ്ടും അനുകൂലമായ ആ രാത്രിയിൽ പ്ലാൻ ചെയ്തതുപോലെ വളരെ കൃത്യമായും ഈസിയായും ഞങ്ങൾ കൃത്യം നടത്തി. ഗൂഢാലോചനയെ അപേക്ഷിച്ച് കുറ്റകൃത്യം ഒട്ടും പ്രയാസകരമല്ലാത്ത കാര്യമാണെന്ന് എനിക്ക് മനസ്സിലാവുന്നത് അന്നാണ്. ഒരു ചെറിയ കൊലപാതകമോ ബലാത്സംഗമോ നടത്താൻ ചിലപ്പോൾ നമുക്ക്  വർഷങ്ങളോളം ഗൂഢാലോചനകൾ നടത്തേണ്ടിവരും. അത്രയും കാലം രഹസ്യങ്ങൾ സൂക്ഷിക്കേണ്ടിയും വരും. പക്ഷേ കുറ്റകൃത്യങ്ങളിൽ പലതും വളരെക്കുറഞ്ഞ സമയം കൊണ്ട് കഴിയുന്നു. ചിലപ്പോൾ ഒരു നിമിഷത്തിനുള്ളിൽ പോലും!

കൃത്യത്തിനു ശേഷം വലിയ സംഭ്രമത്തോടെയാണ് ഞാൻ വീട്ടിലേക്ക് പോകുന്നത്. അനക്കമൊന്നുമുണ്ടാക്കാതെ വാതിൽ പയ്യെത്തുറന്ന് അകത്തുകയറി ഒന്നും സംഭവിച്ചില്ലാത്തവനെപ്പോലെ കിടന്നു. അവൻ വള്ളവുമെടുത്ത് അപ്പിയുടെ വീട്ടിലേക്ക് പോയി കുറച്ചു സമയം കഴിഞ്ഞ് വാപ്പയോടും ഉമ്മയോടും ഒപ്പം ഒന്നും അറിയാത്തവനെപ്പോലെ തിരികെ വന്നു. അവർ തിരികെ എത്തുമ്പോൾ കൂടുകളിൽ അസ്വാഭാവികമായ അനക്കങ്ങൾ കേട്ടെങ്കിലും കണ്ണുകളിൽ ഉറക്കം പിടിച്ചതുകാരണം സൂറാത്ത അധികം മൈന്റ് ചെയ്യാതെ അകത്തേക്ക് പോയി. പക്ഷേ അവരെല്ലാം ഉറങ്ങാൻ കിടന്ന് അധികമാവും മുമ്പ് ആടുകൾ വലിയ ബഹളമുണ്ടാക്കാൻ തുടങ്ങി. കോഴികളും അതേ. വല്ല പാമ്പോ ചേരയോ കയറിയതാവുമെന്നു കരുതി വിളക്കുമെടുത്തു പുറത്തുവന്ന സൂറാത്ത ആട്ടിൻ കൊട്ടിലിലെ കാഴ്ചകണ്ട് നിലവിളിച്ചുപോയി...

പിറ്റേ ദിവസം ആയപ്പോഴേക്കും മരണ സംഖ്യ കൂടിയിരുന്നു. മൊത്തം ആറു കോഴികളും രണ്ട് ആടുകളും ചത്തുപോവുകയും നാലോളം കോഴികൾക്ക് മയക്കം ബാധിക്കുകയും ചെയ്തു. അത്ഭുതമെന്നു പറയട്ടേ, താറാവുകൾക്കൊന്നും സാരമായ പ്രശ്നം ഉണ്ടായില്ല. നിസാറിനെ അവന്റെ വാപ്പ മുറ്റത്തെ പൂവരശിൽ കെട്ടിയിട്ടു പൊതിരെ തല്ലുകയും ഉറുമ്പിങ്കൂട് ദേഹത്ത് കുടഞ്ഞ് വെള്ളം ഒഴിക്കുകയും ചെയ്തു.

"ആരാടാ, നിനക്ക് ഇതൊക്കെ പറഞ്ഞുതന്നത്?"

സൂറാത്തായുടെ ആക്രോശങ്ങളിൽ ഏറ്റവും കൂടുതൽ തവണ കേട്ടത് ഈ ചോദ്യമായിരുന്നു. പക്ഷേ, എന്റെ കൂട്ടുകാരൻ എന്നെ ഒറ്റിക്കൊടുത്തില്ല. ഇന്നാണെങ്കിൽ അവനെ ഞാൻ 'ചങ്ക് ബ്രോ' എന്നു വിളിക്കുമായിരുന്നു.

അന്ന് രാത്രി, നീറുകൾ കടിച്ച് ദേഹം ആസകലം തിണർത്തുപോയ അവന്റെ ശരീരത്തിൽ കെട്ടിപ്പിടിച്ച് സൂറാത്താ ഒരുപാട് കരഞ്ഞു. തേക്കിന്റെ ഇലയിട്ട് എണ്ണ കാച്ചി അവന്റെ തിണർപ്പുകളിലൊക്കെ അവർ പുരട്ടിക്കൊടുത്തു.

ഈ സംഭവത്തിനു ശേഷം സൂറാത്ത ഒരുപാട് മാറി.
അവർ ബാക്കിയുണ്ടായിരുന്ന തന്റെ വളർത്തു ജീവികളെയെല്ലാം വിറ്റ് ആ കാശിനോടൊപ്പം അല്പം കടവും ചേർത്ത് നാലുപൂട്ട് റാട്ട് വാങ്ങി കയറുപിരി തുടങ്ങി അങ്ങനെയൊക്കെയങ്ങ് ജീവിച്ചു.

കാലം കുറേയായി. പക്ഷേ 'എന്തിനായിരുന്നു ഞാൻ ആ കുറ്റകൃത്യത്തിൽ പങ്കാളിയായത്' എന്ന് ഞാൻ ഇപ്പോഴും ആലോചിക്കാറുണ്ട്. വീട്ടിലെ പീഡനം അനുഭവിച്ചവൻ എന്ന നിലയിൽ അവന് ഒരുപക്ഷേ ന്യായീകരണമുണ്ടാവും. പക്ഷേ, കണ്ടുനിന്ന ഞാനും എങ്ങനെയാണ് കുറ്റവാളിയായത്?