12/16/09

തീവ്രവാദകാലത്തെ വായനകൾ..

കടന്നുപോകുന്ന കാലത്തെക്കുറിച്ച് എന്തെങ്കിലും എഴുതാതിരിക്കുന്നത് ശരിയല്ലായിരിക്കാം.
പക്ഷേ ഒന്നും എഴുതാതിരിക്കുന്നതാവും നല്ലത്. പക്ഷേ എഴുതാനും വായിക്കാനും പഠിച്ചുപോയി. എന്തു ചെയ്യാം.
ഞാൻ എന്റെ ചുറ്റുപാടുമുള്ള ഒരുപാട് ആൾക്കാരെ കാണുന്നു. മത്സ്യത്തൊഴിലാളികൾ, മരം കയറ്റക്കാർ, കയറു പിരിക്കുന്നവർ, ചുമ്മാ ചീട്ടുകളിച്ച് സമയം കളയുന്നവർ. പശുവിനെ വളർത്തുന്നവർ. എഴുതാനും വായിക്കാനും അറിയാമെങ്കിലും അല്ലലില്ലാതെ ആരെയും അലോസരപ്പെടുത്താതെ അവനവന്റെ പാടേ വിധിയേ എന്നു ചൊല്ലി ജീവിച്ചു പോകുന്നു മിക്കവരും .
മത്സ്യത്തൊഴിലാളികൾ രാവിലെ ആകുമ്പോൾ കടലിലോ കായലിലോ പോകുന്നു. മീൻ പിടിക്കുന്നു. നാട്ടുവിശേഷങ്ങൾ പറയുന്നു. വല മാട്ടുന്നു. വൈകും നേരം ജംഗ്ഷനിൽ വന്ന് സൊറ പറയുന്നു. വീട്ടിൽ ചെന്ന് അത്താഴം കഴിക്കുന്നു. ഭാര്യയോടും കുട്ടികളോടുമൊപ്പം സന്തോഷത്തോടെ ഉറങ്ങുന്നു. പിറ്റേ ദിവസം വീണ്ടും കടലിൽ പോകുന്നു. പത്രങ്ങൾ വായിച്ചാലായി ഇല്ലെങ്കിലായി. ലോകത്ത് നടക്കുന്ന ലൊട്ടു ലൊടുക്കുകളൊന്നും അവരെ അലട്ടുന്നില്ല. സമാധാനപരമായ ജീവിതം. ഇപ്പറഞ്ഞപോലെ പശുവിനെ വളർത്തുന്നവനും കയറുപിരിക്കുന്നവനും ഒക്കെ അവനവന് ജീവിക്കാനാവശ്യമായ ഭൌതികവും ആത്മീയവുമായ അളവിൽ കവിയാത്ത അറിവുകൾ വെച്ച് ജീവിച്ചുപോകുന്നു. അളവിൽ കവിഞ്ഞ് അറിവില്ല, സ്വത്തില്ല, സമ്പാദ്യമില്ല. പക്ഷേ ജീവിതം സ്വസ്ഥം, സുഖം, സുന്ദരം.
സാക്ഷരരെങ്കിലും, അത് ഉപയോഗപ്പെടുത്താത്ത ആരെ വേണമെങ്കിലും നിങ്ങൾ ശ്രദ്ധിച്ചോളൂ, അയാളുടെ മുഖത്ത് ഒരു സമാധാനം, മാനുഷികതയുടെ ഒരു പച്ചപ്പ്, ഒരു ആർദ്രത, ഒക്കെ നിങ്ങൾക്ക് ദർശിക്കാനാവും. ഉറപ്പ്.
അവരുമായി നിങ്ങളൊന്ന് സംസാരിച്ചു നോക്കൂ. ഒരു പച്ചമനുഷ്യനോട് സംസാരിക്കുന്നതിന്റെ സുഖം നിങ്ങൾക്ക് ആസ്വദിക്കാം. അവരുമായി ഒന്നിടപെട്ടുനോക്കൂ. നിങ്ങൾ അവരെ ഒരിക്കലും മറക്കില്ല.

പക്ഷേ എന്റെ ചുറ്റിനും അസ്വസ്ഥതകൾ തിങ്ങിയ മുഖവുമായി മറ്റു കുറേ പേർ ഉണ്ട്. അഭ്യസ്തവിദ്യരാണവർ.  ഒരു പക്ഷേ ഞാനും അതിൽ ഉൾപ്പെട്ടേക്കാം. അവർ ദിവസവും പത്രം വായിക്കുന്നു. ലോകത്ത് നടക്കുന്ന സകലകാര്യങ്ങളിലേക്കും തന്റെ തലയിട്ട് നോക്കുന്നു. തന്നെ ബാധിക്കുന്ന വിഷയങ്ങൾ, തന്റെ നാട്ടുകാരെ ബാധിക്കുന്ന വിഷയങ്ങൾ, തന്റെ മതത്തെ ബാധിക്കുന്ന, സമുദായത്തെ ബാധിക്കുന്ന വിഷയങ്ങൾ, തന്റെ ജാതിയെയും തൊഴിലിനെയും, സാമ്പത്തിക ഭദ്രതയെയും ക്രമസമാധാനത്തെയും ആരോഗ്യത്തെയും ബാധിക്കുന്ന വിഷയങ്ങൾ.. ഇതിലൊക്കെ അവർ തലയിട്ട് തലയിട്ട് തല പുണ്ണാക്കുന്നു. പല വിഷയങ്ങളും അവർക്ക് ഓർക്കുമ്പോൾ സഹിക്കാനാവുന്നില്ല. എങ്ങും ഇനിയും ഉത്തരം കണ്ടെത്തേണ്ട വിഷയങ്ങൾ. അസ്വസ്ഥത നിറഞ്ഞ മനസ്സുമായിട്ടാണ് അയാളുടെ ജീവിതം. എങ്ങും സ്വസ്ഥതയില്ല. കുടുംബത്തിലും, സമൂഹത്തിലും തൊഴിലിടത്തിലും സ്വസ്ഥതയില്ല. ലോകം മാറുന്നത് അവർ പത്രങ്ങളിലൂടെയും ഇന്റർനെറ്റിലൂടെയും ഒക്കെ അറിഞ്ഞു കൊണ്ടിരിക്കുന്നു. ഇപ്പോഴുള്ള ജോലി പോരാതെ വരുന്നു. ഇപ്പോഴുള്ള വാഹനം, വീട്, സ്ഥലം, ഒന്നും പോരാതെ വരുന്നു. അസ്വസ്ഥതകളിന്മേൽ അസ്വസ്ഥത. ഇനിയും കിടക്കുന്നു തന്റെ ഇടപെടലുണ്ടാകേണ്ട സ്ഫോടനാത്മകമായ ഇടങ്ങൾ. തന്റെ മതത്തിനെതിരെയുള്ള ആക്ഷേപങ്ങൾക്ക് മറുപടി കൊടുക്കണം. ബ്ലോഗിൽ പോസ്റ്റ് ഇടണം. ആക്ഷേപങ്ങൾക്ക് പ്രത്യാക്ഷേപങ്ങൾ നിരത്തണം. എതിർക്കാൻ വരുന്നവനെ മുട്ടുകുത്തിക്കണം. അവിടെയും അസ്വസ്ഥ ജനകമായ മനസ്സ്. അസ്വസ്ഥതകളിന്മേൽ അസ്വസ്ഥതകളിന്മേൽ അസ്വസ്ഥത. പത്തക്ഷരം പഠിച്ചവന്റെ, സാമ്പത്തികമായി ഭേദപ്പെട്ടവന്റെ  അവസ്ഥയാണ് ഈ പറയുന്നത്.

ദിവസവും പത്രം വായിക്കുന്ന, അഭ്യസ്തവിദ്യരായ, ഈ കൂട്ടരെ ഒന്നു ശ്രദ്ധിച്ചു നോക്കൂ. അവനെ മുഖം സംശയങ്ങൾ കെട്ടിനിന്ന് കൂത്താടികൾ വളർന്നപോലെയിരിക്കും. മനസിൽ തിങ്ങിയ അസമാധാനം മുഖത്തേക്ക് പടർന്നിരിക്കും. കുറുക്കനെപ്പോലെയാവും അവന്റെ നോട്ടം.
ഇക്കൂട്ടരുമായി ഒന്നു സംസാരിച്ചു നോക്കൂ. ഓരോ വാക്കിലും അവൻ ആരെന്ന് അടയാളപ്പെടുത്തിയിരിക്കും. ഓരോന്ന് മിണ്ടുമ്പോഴും അവന്റെ ഉള്ളിൽ ദേശം, ഭാഷ, വർണ്ണം, മതം, തൊഴിൽ, ജീവിത നിലവാരം എന്നിവയെ സംബന്ധിച്ച ഒരു ഡാറ്റാ വാക്കുകളുമായി ലിങ്ക് ചെയ്യപ്പെടും. ഇവരുമായി ഒന്ന് ഇടപെട്ടുനോക്കൂ.. അവർ പേറുന്ന അസ്വസ്ഥതകളെ നിങ്ങളിലേക്കവർ പകർന്നു നൽകും.

സത്യത്തിൽ വായന എന്നെ അസ്വസ്ഥാനാക്കുന്നു. വിവിധ ബ്ലോഗുകളിലൂടെ ചുമ്മാ ഒന്നു കടന്നു പോയാൽ ഈ അസ്വസ്ഥത നിങ്ങൾക്ക് ആസ്വദിച്ചറിയാം. ബ്ലോഗുകളിലെ ചർച്ചകളിൽ അന്യന്റെ അഭിപ്രായങ്ങളെ വെട്ടിമൂടാനുള്ള ത്വര മാത്രമാണ് കാണാനാവുന്നത്. ചർച്ചകൾക്കിടയിൽ മനസ്സ് ജീർണ്ണതയിലേക്ക് നയിക്കപ്പെടുന്നുണ്ടെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.  ഈ ഒരു അനുഭവത്തിൽ നിന്നാണ് ഞാൻ ഇത്രയും കുറിച്ചത്. ഒരു പക്ഷേ കേരളത്തിലെ 100% സാക്ഷരതയാണോ നമുക്ക് ഈ അസ്വസ്ഥതകൾ സമ്മാനിക്കുന്നത്?  വായനകളാണോ നമ്മെ സംശയാലുക്കളാക്കുന്നത്? ഓരോ സമൂഹങ്ങളും ആഗോളവത്കരിക്കപ്പെട്ടിരിക്കുന്നു.
ആഗോള വത്കരണത്തിന്റെ കാലത്ത് ഇന്ത്യക്ക് വെളിയിൽ അങ്ങ് പന്നേപ്പള്ളിയിൽ നടക്കുന്ന കാര്യങ്ങൾ വരെ നമ്മുടെ ഏറ്റവും അടുത്ത പ്രശ്നമായി കണ്ട് നാം അസ്വസ്ഥരാകേണ്ടി വരുന്നു. ലോകം കൈക്കുമ്പിളിലായപ്പോൾ ലോകത്തെ ഏത് ചൊറിയും നമ്മുടെ കയ്യിലേക്കും പടരുന്നു.

നാം നമ്മുടെ പഞ്ചായത്തുകളിൽ ജീവിച്ചാൽ,
നമ്മുടെ മഹല്ലുകളി മാത്രം ജീവിച്ചാൽ,
നമ്മുടെ കരയോഗങ്ങളിൽ മാത്രം ജീവിച്ചാൽ,
നമുക്ക് സമാധാനമായി ജീവിക്കാനായേക്കും.

പക്ഷേ, നമ്മുടെ പഞ്ചായത്തിനേക്കാൾ ചെറിയ ഈ ലോകം..
നാം തേടിച്ചെല്ലാതെ തന്നെ നമ്മിലേക്ക് വരുന്ന ഈ ലോകം
നാം അറിയാതെ ചെറുതാക്കിയ ഈലോകം
നമ്മെ അസ്വസ്ഥരാക്കിക്കൊണ്ടേ ഇരിക്കും.. ഹെന്തു ചെയ്യാം?!