ജബ്ബാറിന്റെ ബ്ലോഗിൽ വെച്ച് കണ്ടുമുട്ടാൻ ഇടയായപ്പോൾ അപ്പൂട്ടൻ എന്നോടു ചോദിച്ചു:
പള്ളിക്കുളം,
സത്യത്തിൽ ഭയം മൂലമാണോ താങ്കൾ ദൈവത്തോട് പ്രാർത്ഥിക്കുന്നത്? അതിനേക്കാൾ സത്യസന്ധമാണ് എന്റെ അവിശ്വാസം എന്നാണ് എനിക്ക് തോന്നുന്നത്.
ഇനി, സത്യം എത്തിയിട്ടും അതിൽ വിശ്വസിക്കാത്തവരേയാണ് ദൈവം നരകത്തിലിടുന്നത് എന്നെഴുതിക്കണ്ടു. ഇതേ അർത്ഥത്തിലുള്ള കമന്റുകൾ പലയിടത്തും കണ്ടിട്ടുണ്ട്. പ്രബോധനം എത്താത്തതുമൂലം അവിശ്വാസികളായി (അല്ലെങ്കിൽ അധർമ്മികളായി) തുടരുന്നവരെ ദൈവം നരകത്തിലേക്കയക്കില്ല എന്ന് (എന്തായാലും സ്വർഗ്ഗത്തിലെത്തില്ല, പിന്നെ എവിടെ പോകും എന്നറിയില്ല).
അപ്പോൾ ലോകം മുഴുവൻ ഈ സന്ദേശം എത്തിക്കണം എന്ന നിർബന്ധം ദൈവത്തിനില്ലേ? ഇത് ഒന്നിരുത്തി വായിച്ചാൽ ലോകം നന്നാവണം എന്നതിലുപരി ആരൊക്കെ തന്റെ ആജ്ഞ അനുസരിച്ച് ജീവിക്കുന്നവർക്ക് മാത്രം സ്വർഗ്ഗം കൊടുക്കാം എന്ന നിലയിലാണോ ദൈവം കാര്യങ്ങൾ നോക്കിക്കാണുന്നത് എന്ന് ചോദിക്കേണ്ടിവരും.
സത്യത്തിൽ ഭയം മൂലമാണോ താങ്കൾ ദൈവത്തോട് പ്രാർത്ഥിക്കുന്നത്? അതിനേക്കാൾ സത്യസന്ധമാണ് എന്റെ അവിശ്വാസം എന്നാണ് എനിക്ക് തോന്നുന്നത്.
ഇനി, സത്യം എത്തിയിട്ടും അതിൽ വിശ്വസിക്കാത്തവരേയാണ് ദൈവം നരകത്തിലിടുന്നത് എന്നെഴുതിക്കണ്ടു. ഇതേ അർത്ഥത്തിലുള്ള കമന്റുകൾ പലയിടത്തും കണ്ടിട്ടുണ്ട്. പ്രബോധനം എത്താത്തതുമൂലം അവിശ്വാസികളായി (അല്ലെങ്കിൽ അധർമ്മികളായി) തുടരുന്നവരെ ദൈവം നരകത്തിലേക്കയക്കില്ല എന്ന് (എന്തായാലും സ്വർഗ്ഗത്തിലെത്തില്ല, പിന്നെ എവിടെ പോകും എന്നറിയില്ല).
അപ്പോൾ ലോകം മുഴുവൻ ഈ സന്ദേശം എത്തിക്കണം എന്ന നിർബന്ധം ദൈവത്തിനില്ലേ? ഇത് ഒന്നിരുത്തി വായിച്ചാൽ ലോകം നന്നാവണം എന്നതിലുപരി ആരൊക്കെ തന്റെ ആജ്ഞ അനുസരിച്ച് ജീവിക്കുന്നവർക്ക് മാത്രം സ്വർഗ്ഗം കൊടുക്കാം എന്ന നിലയിലാണോ ദൈവം കാര്യങ്ങൾ നോക്കിക്കാണുന്നത് എന്ന് ചോദിക്കേണ്ടിവരും.
അപ്പൂട്ടനോട് അല്പം ചില കാര്യങ്ങൾ മുഖവുരയായി പറഞ്ഞോട്ടെ,
പള്ളിക്കുളം ബൂലോകത്ത് ഉണ്ടെങ്കിലും മതപരമായ പോസ്റ്റുകൾ ഇടാറില്ല. കാരണം ഞാനൊരു മതപണ്ഡിതനല്ല. ഖുർആനോ ഹദീസോ ഉദ്ധരിച്ച് കാര്യങ്ങൾ വിശദീകരിക്കുവാനും എനിക്കാവില്ല. പിന്നെയെന്തിന് മതകാര്യബ്ലോഗുകളിൽ തർക്കിക്കുന്നുവെന്നു ചോദിച്ചാൽ ഞാൻ ഒരു വിശ്വാസിയാണെന്നതാണെന്നതാണ് അതിനുത്തരം. ഞാൻ വിശ്വസിക്കുന്ന പ്രത്യയ ശാസ്ത്രം എന്റെ ലളിതയുക്തികളുമായി വളരെ വേഗം ഇണങ്ങും വിധമുള്ളതാണ്. ഇത് ഒരു മതപ്പോസ്റ്റ് ആയി കാണാതിരിക്കുക. വിശ്വാസകാര്യങ്ങളിലെ ചർച്ചകൾ അവിശ്വാസികളുമായി ഒരു പരിധിവരെ മാത്രമേ സാധ്യമാവുകയുള്ളൂ എന്ന് പലരും പല ചർച്ചകളിലും പറഞ്ഞു കേട്ടിട്ടുണ്ട്.
ഞാൻ ദൈവത്തിൽ വിശ്വസിക്കുന്ന ഒരു വിശ്വാസിയാണ്. താങ്കൾ ദൈവത്തിൽ വിശ്വസിക്കാത്ത ഒരു അവിശ്വാസിയും. സത്യത്തിൽ രണ്ടും വിശ്വാസമാണ്. ദൈവം ഉണ്ടെന്ന് ഞാനും ഇല്ലെന്ന് നിങ്ങളും വിശ്വസിക്കുന്നു. കുറച്ചുകൂടി നീട്ടിപ്പറഞ്ഞാൽ എന്റെ നോട്ടത്തിൽ ‘ഉള്ള’ ദൈവത്തിൽ താങ്കൾ വിശ്വസിക്കുന്നില്ല. താങ്കളുടെ നോട്ടത്തിൽ ‘ഇല്ലാത്ത ദൈവത്തിൽ’ ഞാൻ വിശ്വസിക്കുകയും ചെയ്യുന്നു. ദൈവ വിശ്വാസികളും അവിശ്വാസികളും തമ്മിലെ തർക്കത്തിന്റെ തുടക്കവും അടിസ്ഥാനവും അതു തന്നെയാണ്.
ഈ അടിസ്ഥാന വ്യത്യാസത്തിലെ ചോദ്യങ്ങൾക്കാണ് ആദ്യം ഉത്തരം കണ്ടെത്തേണ്ടതെന്നു തോന്നുന്നു. വിശ്വാസത്തെ സംബന്ധിച്ച മറ്റു ചോദ്യങ്ങളെല്ലാം ഉപചോദ്യങ്ങൾ മാത്രമാണ്. സത്യത്തിൽ ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തിയാൽ ഉപചോദ്യങ്ങൾക്കും നിലനിൽപ്പില്ലാതെയാവും.
ഇവിടെ യുക്തിവാദികൾ വിശ്വാസികളോട് ചോദിക്കുന്നു (പ്രകടമായല്ലാതെ) നിങ്ങൾ എന്തിന് ദൈവത്തിൽ വിശ്വസിക്കുന്നുവെന്ന്.
ഇതിനേക്കാളോ ഇതിനോളമോ പ്രസക്തമാണ് ‘ദൈവം ഇല്ലെന്ന്’ നിങ്ങൾ വിശ്വസിക്കുന്നതെങ്ങനെയെന്നുള്ളത്.
താങ്കൾ അവിശ്വാസിയാണെന്ന് എഴുതിക്കണ്ടു. എന്തടിസ്ഥാനത്തിലാണ് താങ്കൾ അവിശ്വാസിയായിരിക്കുന്നത്?
ദൈവം ഇല്ലെന്ന് എങ്ങിനെയാണ് നിങ്ങൾ തെളിയിക്കുക അല്ലെങ്കിൽ വിശ്വസിക്കുക?? ഇല്ലെന്നു നിങ്ങൾ ‘വിശ്വസിക്കുന്ന‘ ദൈവത്തെ ഇല്ലെന്ന് നിങ്ങൾക്ക് തെളിയിക്കാനാവുമോ?
ദൈവം ഇല്ലെന്ന് ഇന്നുവരെ ആരും തെളിയിച്ചിട്ടില്ല. ചില ഊഹങ്ങളിൽ നിന്നും നിരീക്ഷണങ്ങളിൽ നിന്നും ദൈവം ഇല്ലെന്ന് അനുമാനിച്ചിട്ടേയുള്ളൂ.
വിശ്വാസിയും ഇതേപോലെ തന്നെ നിരീക്ഷണത്തിൽ നിന്നും പഠനത്തിൽ നിന്നും ചിന്തയിൽ നിന്നുമൊക്കെത്തെന്നെയാണ് ദൈവത്തെ കണ്ടെത്തുന്നത്. ദൈവം ഇല്ലെന്നതിന് യുക്തിവാദി നിരത്തുന്ന ‘തെളിവുകളേക്കാൾ’ കൂടുതൽ തെളിവുകൾ ‘ദൈവം ഉണ്ടെന്നതിന് വിശ്വാസികൾ നിരത്തിയേക്കാം.
(ഒരു കാര്യം നേരത്തേ പറഞ്ഞേക്കാം. ഒരു വിശ്വാസി അവിശ്വാസിയോട് നടത്തുന്ന ഒരു സംഭാഷണം എന്ന നിലക്കാണ് മറുഭാഗത്തിനു കൂടി സ്വീകാര്യമായേക്കാവുന്ന ‘സന്ദേഹ ഭാഷ‘ ഇവിടെ ഉപയോഗിക്കപ്പെട്ടിട്ടുള്ളത്. കാളിദാസൻ ചെയ്യുന്നപോലെ ഇതിൽ നിന്നും ഇത്തിരി കട്ടു ചെയ്തെടുത്ത് “ നിങ്ങൾക്കും സംശയമുണ്ടല്ലേ..” എന്ന് തിരിച്ചു ചോദിക്കരുത് J )
അപ്പോൾ, പറഞ്ഞു വന്നത്.. വിശ്വാസിയും ഇതേപോലെ തന്നെ നിരീക്ഷണത്തിൽ നിന്നും പഠനത്തിൽ നിന്നും ചിന്തയിൽ നിന്നുമൊക്കെത്തെന്നെയാണ് ദൈവത്തെ കണ്ടെത്തുന്നത്. ലോകത്തിലെ ഏത് കാട്ടു ജാതിയിൽ പെട്ട ആളുകൾക്കും ഒരു ദൈവ സങ്കല്പം ഇല്ലാതിരിക്കില്ല. അല്പമെങ്കിലും ചിന്തിക്കാൻ ശേഷിയുള്ള മനുഷ്യൻ തന്നെക്കുറിച്ചും ഈ വിശാലമായ പ്രപഞ്ചത്തെക്കുറിച്ചും ഇതിനെ സൃഷ്ടിച്ച് പരിപാലിച്ചുപോരുന്ന ഒരു ശക്തിയെക്കുറിച്ചും ചിന്തിക്കും. എത്ര ബാലിശമാണെന്നു തോന്നിയാലും ഏതൊരു അപരിഷ്കൃത സമൂഹത്തിലേതായാൽ പോലും ദൈവം എന്ന സങ്കല്പത്തെ കീഴ്മേൽ മറിച്ചിടുവാൻ ‘ദൈവമില്ല’ എന്ന് പൂർണ്ണമായും പ്രൂവ് ചെയ്ത് കാണിച്ചു കൊടുക്കേണ്ടതുണ്ട്. യുക്തിവാദത്തിന് അത് കഴിയാത്തിടത്തോളം കാലം വിശ്വാസികൾ അവരവർ വിശ്വസിക്കുന്ന മോക്ഷം ലക്ഷ്യമാക്കിയും യുക്തിവാദികൾ പ്രത്യേകിച്ച് ലക്ഷ്യമൊന്നുമില്ലാതെയും നീങ്ങിക്കൊണ്ടിരിക്കും.
ഇനി അപ്പൂട്ടന്റെ ചോദ്യത്തിലേക്ക് കടക്കാം. സത്യം പറയാമല്ലോ. അപ്പൂട്ടന്റെ ചോദ്യത്തിന് അപ്പൂട്ടൻ ഉദ്ദേശിക്കുന്ന രീതിയിലുള്ള മറുപടി എന്റെ കയ്യിൽ ഉണ്ടാവില്ല. അപ്പൂട്ടനെപ്പോലെയുള്ള അവിശ്വാസികൾ ഇത്തരം ചോദ്യങ്ങളുമായി വിശ്വാസികളെ സമീപിക്കുന്നതിലെ അസാംഗത്യം മാത്രമാണ് എനിക്ക് ചൂണ്ടിക്കാണിക്കുവാനുള്ളത്.
ഞാൻ ഒരു വിശ്വാസിയാണ്. ദൈവത്തിൽ വിശ്വസിക്കുന്നു. സത്യത്തിൽ ഒരു യുക്തിവാദിയുടേയോ അവിശ്വാസിയുടേയോ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം ആ പ്രസ്ഥാവനയിൽ ഉണ്ട്. ഞാൻ വിശ്വാസിയാണ്. (വിശ്വാസിയും യുക്തി ഉപയോഗിച്ചു തന്നെയാണ് വിശ്വാസത്തിൽ എത്തിച്ചേരുകയോ നിലനിൽക്കുകയോ ചെയ്യുന്നതെന്ന് നേരത്തേ വിശദീകരിച്ചിരുന്നു.) ദൈവത്തിൽ വിശ്വസിക്കുന്നു എന്നു പറയുമ്പോൾ അർത്ഥമാക്കുന്നത് അവന്റെ പ്രതാപത്തിലും ‘യുക്തിയിലും’ മറ്റു ഗുണഗണങ്ങളിലുമൊക്കെ വിശ്വസിക്കുന്നു. ദൈവം മഹാ യുക്തിമാനാണ്. അനന്തമായ ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച് പരിപാലിക്കുന്ന ദൈവം എത്രയോ എത്രയോ യുക്തിമാനും ബുദ്ധിമാനും ഒക്കെയാണെന്ന് ഞാൻ മനസ്സിലാക്കുന്നു. ദൈവത്തിന്റെ അളക്കാനാവാത്തത്ര യുക്തിയെ ദൈവം തന്നെ സൃഷ്ടിച്ചതെന്ന് ഞാൻ വിശ്വസിക്കുന്ന എന്റെ തലച്ചോറുകൊണ്ട് അളക്കുവാൻ ശ്രമിക്കുന്നത് എന്റെ തന്നെ ‘യുക്തി ചിന്തക്ക്’ അനുയോജ്യമായതായി എനിക്ക് ഒരിക്കലും അനുഭവപ്പെടില്ല.
മനുഷ്യന്റെ യുക്തി ആപേക്ഷികം കൂടിയാണ്. ഓരോ ആളുകളും ദൈവത്തിന്റെ ഒരേ നിലപാടിനെ പല നിലക്കാണ് അവനവന്റെ യുക്തി ഉപയോഗിച്ച് നിരീക്ഷിക്കുന്നത്. ‘വിശപ്പ്’ എന്നൊരു പ്രതിഭാസത്തെ ഉദാഹരണമായി പറയാം. ഒരു നേരത്തെ ആഹാരത്തിന് ഗതിയില്ലാത്ത ഒരു ദരിദ്രന് ‘വിശപ്പ്’ എന്ന സംഗതി ദൈവത്തിന്റെ കയ്യിൽ നിന്നു പറ്റിയ ‘വൻവീഴ്ചയായി’ അനുഭവപ്പെടാം. വിശപ്പില്ലായിരുന്നുവെങ്കിൽ എന്ന് ദൈവത്തിന്റെ യുക്തിക്കുനേരേ തിരിഞ്ഞു നിന്ന് ചോദിക്കാം. അയാൾക്ക് വേണമെങ്കിൽ ദൈവത്തിനെതിരേ ലേഖനങ്ങൾ എഴുതുകയോ വിശപ്പുകൊണ്ട് വലയുന്ന എല്ലും തോലുമായ മനുഷ്യരുടെ പടം യു-റ്റ്യൂബിലിട്ട് ദൈവത്തിന്റ്റെ യുക്തിയെ ആവോളം പരിഹസിക്കാം. ഈ ലോകത്ത് നടക്കുന്ന സകല തിന്മകളുടേയും മുഖ്യകാരണമായി ‘വിശപ്പിനെ’ ചിത്രീകരിക്കുകയും അതുവഴി ദൈവത്തെ ചീത്തപറയുകയും ആവാം. ഇപ്പറഞ്ഞത് ദരിദ്രനായ ഒരാൾ തന്റെ സ്വന്തം യുക്തി ഉപയോഗിച്ച് സ്ഥാപിക്കാൻ ശ്രമിക്കുന്ന കാര്യം.
ഇനി വേറൊരു ധനികൻ മനുഷ്യൻ ദൈവത്തിന്റെ ‘വിശപ്പെന്ന’ ആഗോള പ്രതിഭാസത്തെ തന്റെ യുക്തി ഉപയോഗിച്ച് ആവോളം പുകഴ്ത്തും. ‘വിശപ്പ്‘ ഇല്ലായിരുന്നുവെങ്കിൽ ജീവിതം എത്ര വിരസമാകുമായിരുന്നു എന്ന് അയാൽ ഇടക്കിടെ കടലകൊറിച്ചുകൊണ്ട് ഓർക്കുകയും ദൈവത്തിന്റെ യുക്തിയെ തന്റെ യുക്തി ഉപയോഗിച്ചുകൊണ്ട് കണ്ടെത്തി ദൈവത്തെ സ്തുതിക്കുകയും ചെയ്യും.
ഇനി ഇതേ മനുഷ്യൻ ഒരു ചരിത്രകാരനാണെങ്കിൽ ‘വിശപ്പ്’ എന്ന പ്രതിഭാസത്തിന് മറ്റൊരു മാനം കൈവരാം. വിശപ്പാണ് ചരിത്രത്തെ നിയന്ത്രിക്കുന്നതെന്നും വിശപ്പാണ്ലോകത്തിലെ ഏറ്റവും വലിയ തത്വശാസ്ത്രമെന്നും വിശപ്പിലൂടെയാണ് ലോകം സഞ്ചരിച്ചിട്ടുള്ളതെന്നും ഒക്കെ വാദിക്കാം. ഈ മേഖലയിൽ അയാൾക്ക് വേണമെങ്കിൽ ദൈവത്തെ കുറ്റം പറയുകയോ പുകഴ്ത്തുകയോ ആവാം.
യഥാർത്ഥത്തിൽ മനുഷ്യന് വിശപ്പ് നൽകുന്നതിലൂടെ എന്തു യുക്തിയാവും ദൈവത്തിന്റ്റെ പക്കൽ ഉണ്ടാവുക എന്നത് ആർക്ക് പറയാനാവും? ഇതാണ് ഒരു വിശ്വാസിയുടെ ‘വിശപ്പിനെ’ സംബന്ധിച്ച വീക്ഷണം. ‘ദൈവത്തിനേ പൂർണ്ണമായി അറിയൂ’. ഇങ്ങനെ വിശ്വസിക്കുന്നത് ചുമ്മാ അങ്ങ് വിശ്വസിക്കുകയല്ല. വിശ്വാസിയുടെ ചിന്തക്ക് ചില അതിർവരമ്പുകൾ ഉണ്ടെന്ന തിരിച്ചറിവാണ് ഇത്തരം വിശ്വാസങ്ങൾക്ക് കാരണം.
ഇവിടെ ചിലർ ചോദിക്കുന്നു ഒരുപാട് ആളുകൾ പട്ടിണി കിടക്കുന്നു. ഒരുപാട് ആളുകൾ അംഗ വൈകല്യങ്ങൾ കൊണ്ട് കഷ്ടപ്പെടുന്നു. എന്തുകൊണ്ട്? എന്റെ കുരുന്നു മകളുടെ മുകളിൽ തേങ്ങ വീണു. എന്തുകൊണ്ട്? . ദൈവം ഇത്ര ക്രൂരനാണോ? വിശ്വാസിയെ സംബന്ധിച്ച് അയാൾക്ക് പറയാവുന്ന ഒരേ ഒരുത്തരം ‘ദൈവത്തിന്റെ വിധി‘ എന്നതാണ്. കാരണം അതിന്റെ പിന്നിലുള്ള യുക്തിയെക്കുറിച്ച് മനുഷ്യൻ അജ്ഞനാണ്. യുക്തിവാദികൾക്ക് ഇത്തരം ഉത്തരങ്ങൾ ദഹിക്കില്ലെങ്കിലും സത്യത്തിൽ വിശ്വാസിയെ സംബന്ധിച്ച് ഇതാണ് വളരെ യുക്തിഭദ്രമായ ഉത്തരം.
ഈ ചോദ്യങ്ങൾ അങ്ങ് നീണ്ട് നീണ്ട് ആകാശത്തിലുള്ള നക്ഷത്രങ്ങളിൽ എത്തിച്ചേരുകയും പിന്നീട് ചർച്ചകൾക്ക് ഒരു പുരോഗതിയുമില്ലാതെ ചുമ്മാ കറങ്ങിക്കൊണ്ടിരിക്കുകയും ചെയ്യും. യുക്തിവാദ ചോദ്യങ്ങൾ ഇങ്ങനെ ലോകാവസാനം വരെ ഒരേ ഭ്രമണ പഥത്തിൽ കറങ്ങിക്കൊണ്ടേയിരിക്കും. ‘അവർ ഉദ്ദേശിക്കുന്ന’ ഉത്തരം കണ്ടെത്തുവാനാവാതെ.
(സംഗതികൾ ഇങ്ങനെയൊക്കെയാണെങ്കിലും ദൈവത്തിന്റെ യുക്തിയിലെ യുക്തിയിലേക്ക് മനുഷ്യൻ കടന്നു നോക്കിക്കൂടാ എന്നൊന്നും ദൈവം നിബന്ധന വെച്ചിട്ടില്ല. ഈ പ്രപഞ്ചത്തിന്റെ സൃഷ്ടിപ്പിനെക്കുറിച്ചുള്ള പഠനവും മറ്റുമേഖലകളിലെ പഠനവും ഒരു വിശ്വാസിക്ക് നിർവ്യാജം തുടരാവുന്നതേയുള്ളൂ താനും. അത് അങ്ങനെ ആയിരുന്നിട്ടുമുണ്ട്. ഇനി അങ്ങനെതന്നെ ആയിരിക്കുകയും ചെയ്യും.)
ഞാൻ വിശ്വസിക്കുന്ന പ്രത്യയ ശാസ്ത്രം എന്റെ ലളിതയുക്തികളുമായി വളരെ വേഗം ഇണങ്ങും വിധമുള്ളതാണെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നു. ഇസ്ലാമിന്റെ അധ്യാപനങ്ങളിലൂടെയാണ് ഞാൻ ദൈവത്തെക്കുറിച്ച് കൂടുതൽ അറിയുന്നത്. തീർച്ചയായും ഞാൻ ഒരു മുസ്ലിം കുടുംബത്തിലെ അംഗമാണ്. എന്റെ യുക്തിയെ അത് സ്വാധീനിച്ചിരിക്കാം. ഞാൻ ഇടപെഴകിയവരിലൂടെ, ഞാൻ പഠിച്ച മതപാഠ പുസ്തകങ്ങളിലൂടെ ഒക്കെ അത് അങ്ങനെ ആയിരിക്കാം. ഒരു യുക്തിവാദിയെ സംബന്ധിച്ചും ഇവയൊക്കെ അയാളെ സ്വാധീനിക്കുന്ന ഘടകങ്ങൾ തന്നെ. ഒരുപക്ഷേ ഒരാൾ ജനിച്ച മതത്തിലെ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും അയാളെ സ്വാധീനിക്കാം. അയാളുടെ കൂട്ടുകാർ, അയാൾ വായിക്കുന്ന പുസ്തകങ്ങൾ.. അങ്ങനെ ഒരാളെ യുക്തിവാദി ആക്കുന്നതിലും നിലനിർത്തുന്നതിലും സാഹചര്യങ്ങൾക്കും പങ്കുണ്ടെന്ന് മനസ്സിലാക്കാം. ഇവിടെ ചില ആളുകളെ യുക്തിവാദി ആക്കാൻ സഹായിച്ചത് ഗൾഫിൽ അവർക്കുണ്ടയ ‘തിക്താനുഭവങ്ങളാണെന്നൊക്കെ’ ചില കമന്റുകൾ വായിക്കാനും ഇടയായി. ഒരു വിശ്വാസിയുടെ വിശ്വാസം പൂർണ്ണമായിരുന്നാൽ ഒരിക്കലും ഇങ്ങനെ സംഭവിക്കില്ല. വിശ്വസിക്കുക എന്നാൽ ദൈവത്തിന്റെ ഗുണഗണങ്ങളിലും കൂടി വിശ്വസിക്കുകയാണ്. ദൈവം ഉണ്ടെന്നു വിശ്വസിച്ചുകഴിഞ്ഞാൽ പിന്നെ ദൈവത്തിന്റെ ഗുണഗണങ്ങളിൽ വിശ്വസിക്കുവാൻ പ്രയാസം ഉണ്ടാവേണ്ടതില്ല. ചിലയാളുകൾ ദൈവത്തിന്റെ ഗുണഗണങ്ങളിലൂടെയാണ് ദൈവം ഉണ്ടെന്നു വിശ്വസിക്കുന്നത്. രണ്ടു രീതികളിലും ദൈവത്തിന്റെ ഗുണഗണങ്ങളിലുള്ള വിശ്വാസം പരമപ്രധാനമാണ്. ഇതില്ലാത്ത വിശ്വാസികൾ പക്വത ആർജ്ജിക്കാത്ത വിശ്വാസികളാണ്. അവർ ചോദിച്ചുകൊണ്ടേയിരിക്കും ദൈവം എന്തുകൊണ്ട് ഇങ്ങനെ ചെയ്തു? അങ്ങനെ ചെയ്തു? അങ്ങനെയങ്ങനെ..
ഇസ്ലാമിനെ സംബന്ധിച്ച് ഇസ്ലാം അതിന്റെ വിശ്വാസികളുടെ മനസ്സിൽ ഒരു വലിയ വൃക്ഷമായി വളരുന്നത് ‘ഏകദൈവ വിശ്വാസം’ എന്ന അതിന്റെ തായ്വേരിൽ നിന്നുകൊണ്ടാണ്. പ്രവാചകത്വം അതിന്റെ യുക്തിസഹമായ മറുപടിയുമാകുന്നു. ഏകദൈവത്വത്തിലും പ്രവാചകത്വത്തിലും വിശ്വസിച്ചുകഴിയുന്ന ഒരു ഇസ്ലാം മത വിശ്വാസിക്ക് പിന്നെ പ്രവാചകൻ പറയുന്നതിലും വിശ്വസിക്കുന്നതിന് പ്രയാസമുണ്ടാവുന്നില്ല. സ്വർഗ നരകങ്ങളുണ്ട് എന്ന ദൈവത്തിന്റെ വെളിപാടുകൾ പ്രവാചകൻ പറയുന്നു. ദൈവത്തിലും പ്രവാചകനിലും വിശ്വസിച്ച എനിക്ക് സ്വർഗ നരകങ്ങൾ ഉണ്ടോ എന്ന് ചിന്തിക്കുവാൻ ‘ഇറക്കുമതി ചെയ്ത‘ മറ്റൊരു യുക്തി ചിന്ത വേണ്ടി വരുന്നില്ല.
(അവിശ്വാസികളുമായി വിശ്വാസികൾ സംവാദത്തിൽ ഏർപ്പെടുവാൻ മടിക്കുന്നതിനുള്ള കാരണം എനിക്കിപ്പോൾ മനസ്സിലാകുന്നു. അവിശ്വാസിയുടെ ഒരു കൊച്ചു ചോദ്യത്തിന് നാലുപുറത്തിൽ കവിയാത്ത എസ്സേ എഴുതേണ്ടി വരുന്നു വിശ്വാസി. വിശ്വാസിയുടേതായിരുന്നു ഈ ചോദ്യമെങ്കിൽ കഴിഞ്ഞ ഖണ്ഡികയിൽ അവസാനമെഴുതിയ ഒരൊറ്റ വാചകം മതിയാകുമായിരുന്നു ഉത്തരമായിട്ട്.)
ഒരു ഇസ്ലാം മത വിശ്വാസിയുടെ ദൈവ സങ്കല്പം ഇങ്ങനെയൊക്കെ ആയിരിക്കെ അപ്പൂട്ടൻ ചോദിക്കുന്നു: “ലോകം മുഴുവൻ ഈ സന്ദേശം എത്തിക്കണം എന്ന നിർബന്ധം ദൈവത്തിനില്ലേ?“ എന്ന്.
അറിയില്ല അപ്പൂട്ടാ അറിയില്ല. എന്തുകൊണ്ടാണ് ആളുകൾ എല്ലാവരും ദൈവത്തിൽ വിശ്വസിക്കാത്തതെന്ന് അറിയില്ല. പക്ഷേ അത് ദൈവത്തിനറിയാം. ദൈവത്തിനു മാത്രമാണ് അത് അറിയാവുന്നത്. അവനാണ് ഏറ്റവും വലിയ യുക്തിമാൻ..
ചോദിക്കുന്നു: >>>>>“ഇതേ അർത്ഥത്തിലുള്ള കമന്റുകൾ പലയിടത്തും കണ്ടിട്ടുണ്ട്. പ്രബോധനം എത്താത്തതുമൂലം അവിശ്വാസികളായി (അല്ലെങ്കിൽ അധർമ്മികളായി) തുടരുന്നവരെ ദൈവം നരകത്തിലേക്കയക്കില്ല എന്ന് (എന്തായാലും സ്വർഗ്ഗത്തിലെത്തില്ല, പിന്നെ എവിടെ പോകും എന്നറിയില്ല?<<<<
അറിയില്ല അപ്പൂട്ടാ അറിയില്ല. സ്വർഗത്തിൽ പോകുമോ, നരകത്തിൽ പോകുമോ, അതോ മറ്റെന്തെങ്കിലും സെറ്റ് അപ് ഉണ്ടോ? അറിയില്ല. ഒന്നറിയാം, ജഗന്നിയന്താവായ ആ തമ്പുരാന് ഈ പ്രപഞ്ചം ഇങ്ങനെയൊക്കെ സൃഷ്ടിക്കാമെങ്കിൽ, ഇങ്ങനെയൊക്കെ പരിപാലിക്കാൻ അറിയാമെങ്കിൽ ഈ പ്രശ്നത്തിന് ഉത്തരം കാണാനും അറിയാം.
അപ്പൂട്ടൻ ഉൾപ്പടെ ഉള്ള ചില അവിശ്വാസി യുക്തിവാദികളുടെ ഒരുതരം വിചാരത്തിന്റെ പ്രതിഫലനമാണ് ഇത്തരം ചോദ്യങ്ങൾ. അവർ വിചാരിക്കുന്നത് അവർ മാത്രമാണ് ഇത്തരം ചോദ്യങ്ങൾ സ്വയം ചോദിക്കുന്നത് എന്നാണ്. ചോദ്യങ്ങൾ ചോദിക്കുന്നതിനെ ഇസ്ലാം വെറുക്കുകയോ എതിർക്കുകയോ ചെയ്യുന്നില്ല. ഒരു വിശ്വാസിയും ഇത്തരം ചിന്തകളിലൂടെ കടന്നുപോകാതെയുമിരിക്കുന്നില്ല. പക്ഷേ അവൻ എല്ലാം ദൈവത്തിൽ ഭരമേൽപ്പിക്കുന്നു. വിശ്വാസിക്കറിഞ്ഞുകൂടാ ഇതിന്റെ യഥാർത്ഥ്യം. ദൈവത്തിനറിയാം അവനാണ് യുക്തിമാൻ. ദൈവത്തിൽ വിശ്വസിക്കുന്ന ഇസ്ലാം മതവിശ്വാസി ഇത്തരം ചിന്തകൾക്കൊടുവിൽ സ്വയം പറയും.. “അല്ലാഹു അഅ’ലം”- അല്ലാഹുവാണ് ഏറ്റവും അറിയുന്നവൻ.. സ്വർഗ നരകങ്ങൾക്ക് ഉടയവൻ.. അവൻ ഉദ്ദേശിക്കുന്നവരെ സ്വർഗത്തിൽ പ്രവേശിപ്പിക്കുന്നു. അവൻ ഉദ്ദേശിക്കുന്നവരെ നരകത്തിലും..
ഇത്രമാത്രമാത്രമല്ല എനിക്ക് പറയാനുള്ളത്. വിശ്വാസം വളരെ വിശാലമായ ഒരു മേഖലയാണെന്നാണ് എന്റെ പക്ഷം. ഒരു വിശ്വാസിയുടെ മനസ്സ് അവിശ്വാസിയുടെ അത്രയും സങ്കീർണമായിരിക്കില്ല. പക്ഷേ വിശാലമായിരിക്കും. പ്രശ്നങ്ങളിൽ ദൈവയുക്തിയുടെ വിശാലതകളിലേക്ക അയാൾ പറന്നുകൊണ്ടേയിരിക്കും. ദൈവത്തിന്റെ യുക്തിക്കാകട്ടെ അതിരുകളില്ലതാനും..