7/28/18

ദി ദന്തിസ്റ്റ്

എനിക്ക് നഷ്ടപ്പെട്ട പല്ലുകളുടെ എണ്ണം കഴിഞ്ഞ ആഴ്ചയോടെ രണ്ടായി. അതും അണപ്പല്ലുകൾ. ഓരോ സൈഡിൽ നിന്നും ഓരോന്ന് പോയി. പറിച്ചുകളഞ്ഞു എന്നു പറയുന്നതാവും കൂടുതൽ ശരി. കൊഴിഞ്ഞുപോകാനായിട്ട് എനിക്കത്ര വയസ്സൊന്നുമായിട്ടില്ലല്ലോ!.

ഏഴാം ക്ലാസ്സിലായിരുന്നപ്പോഴാണ് വലതുവശത്തെ അണപ്പല്ല് പറിച്ചെടുക്കുന്നത്. അന്നും കൃത്യം നിർവ്വഹിച്ചത് ഇതേ മാത്യു ഡോക്ടർ തന്നെയായിരുന്നു.

അങ്ങനെ നീണ്ടുനിൽക്കുന്ന വേദനയൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ, മാരകമായ ഒരു വേദന എപ്പോൾ വേണമെങ്കിലും പൊട്ടിപ്പുറപ്പെടാമെന്ന സ്ഥിതിയായിരുന്നു. ഭക്ഷണം കഴിക്കുമ്പോൾ വളരെ ശ്രദ്ധിക്കേണ്ടതുണ്ടായിരുന്നു. പല്ലിലെ പോടുള്ള ഭാഗത്തുവെച്ച് എന്തെങ്കിലും അറിയാതെ കടിച്ചാൽ തീർന്നു! സ്വർഗം കാണും!

പല്ലു പറിയ്ക്കാനുള്ള കവണ വായിലേക്ക് തിരുകുമ്പോൾ ഉപദേശരൂപേണ ഡോക്ടർ പറഞ്ഞു. “ചോക്ലേറ്റ് തിന്നിട്ട് വായ കഴുകാതെ കിടക്കുന്നതുകൊണ്ടാണ് ഇങ്ങനെയൊക്കെ വരുന്നത്; കേട്ടോ” -

ചോക്ലേറ്റേ..! എന്നെപ്പോലെ ദരിദ്രരായ കുട്ടികൾ അതിന്റെ പേരുപോലും കേൾക്കുന്നത് അന്ന് അപൂർവ്വമായിരുന്നു. അതിന്റെ രുചി എന്താണെന്ന് അതുവരേയും ഞാനറിഞ്ഞിരുന്നില്ല. ഗ്ലാസ്സ് വിൻഡോയ്ക്ക് അപ്പുറത്ത്, പല്ലെടുക്കുന്നതും നോക്കിനിന്ന വാപ്പായെ അതേ കിടപ്പിൽ കിടന്നുകൊണ്ട് ഞാൻ നീരസത്തോടെ നോക്കി. അതിന്റെ അർഥമറിയാതെ വാപ്പാ ആംഗ്യം കാട്ടുന്നു..

‘പേടിക്കണ്ട, ദാ ഇപ്പം കഴിയും, എന്റെ മൂന്നാലു പല്ല് എടുത്തതാ.. ഇവിടെത്തന്നെ.. ഇതേ ഡോക്ടർ… പേടിക്കണ്ട’. തെളിവായി വാ പിളർന്നു കാണിച്ചു. എനിക്കൊന്നും വ്യക്തമായില്ല. മുൻവരിപ്പല്ലുകളിലെ ബീഡിക്കറ മാത്രം കണ്ടു.

‘തിരികെപ്പോകുമ്പോൾ ചോക്കളേറ്റ് വാങ്ങിത്തരുമോ’ എന്നായിരുന്നു ആംഗ്യത്തിൽത്തന്നെ എനിക്ക് തിരിച്ചു ചോദിക്കേണ്ടിയിരുന്നത്. അതിനായി വലതുകൈ ഉയർത്തിയതും നഴ്സ് വന്ന് ബലമായി പിടിച്ചുവെച്ചു : “അനങ്ങരുത്!”

വലത്തേ അണയിൽ അന്ന് രൂപം കൊണ്ട ഗ്യാപ്പ് നികത്താൻ പുതിയ പല്ലൊന്നും പിന്നീട് മുളച്ചുവന്നില്ല. മറ്റു മുപ്പത്തിയൊന്നുപേരും ജീവിച്ചിരിക്കുമ്പോഴും നാവ് എപ്പോഴും തിരഞ്ഞത് നഷ്ടപ്പെട്ടവനെയായിരുന്നു. ഇപ്പോഴും ഞാൻ ചിന്തയിലാണ്ടിരിക്കുമ്പോഴൊക്കെ നാവിൻതുമ്പ് ആ ശൂന്യതയിൽ തഴുകിത്തഴുകി അവനെക്കുറിച്ചുള്ള ഓർമ്മകളിൽ മുഴുകാറുണ്ട്.

അന്നത്തെ പല്ലെടുപ്പിനു ശേഷം പിന്നീട് ഇക്കഴിഞ്ഞ വെക്കേഷനാണ് ഡോ.മാത്യുവിനെ വീണ്ടും കാണുന്നത്. രോഗം പഴയതുതന്നെ പല്ലിൽ പോട്. ഇത്തവണ ഇടതുവശത്ത്. രണ്ടുകൊല്ലം മുമ്പ് ദുബായിലെ MSK ഡന്റൽ ക്ലിനിക്കിൽ വെച്ച് പോട് അടച്ചതാണ്. പക്ഷേ കുറച്ചുകാലം കഴിഞ്ഞപ്പോൾ ആ ഭാഗത്ത് വേദന തുടങ്ങി. പിന്നാലെ വിട്ടുമാറാത്ത തലവേദനയും. ഞാൻ മാത്യു ഡോക്ടറുടെ ഫോൺ നമ്പർ തപ്പിപ്പിടിച്ച് വിളിച്ചു. അദ്ദേഹം പറഞ്ഞു:
“ഇങ്ങുപോരെ, നമുക്ക് അവനെയങ്ങ് തട്ടിയേക്കാം..”.

ഡോക്ടറുടെ ക്ലിനിക്ക് ഇപ്പോഴും മാവേലിക്കര കച്ചേരി ജംഗ്ഷനിൽനിന്ന് കിഴക്കോട്ടു തിരിയുമ്പോൾ കാണുന്ന ആ പഴയ ബിൾഡിംഗിന്റെ രണ്ടാം നിലയിൽത്തന്നെയാണ്. ക്ലിനിക്കിനു ചുറ്റും വക്കീലാപ്പീസുകളാണ്. അഡ്വക്കേറ്റുമാരുടെ ബ്ലാക്ക് ആന്റെ വൈറ്റ് ബോർഡുകൾ കൊണ്ട് അവിടെ മുഴുവൻ തോരണം ചാർത്തിയിരിക്കുന്നു. ഡോക്ടർ ഈ നിയമവൃത്തത്തിന് ഉള്ളിൽക്കിടന്ന് ശ്വാസം മുട്ടുകയാണെന്നാണ് ഞാൻ കരുതിയിരുന്നത്. എന്നാൽ ക്ലിനിക്കിന് ഉൾവശം ഇപ്പോൾ കുറച്ചുകൂടെ വിശാലമെന്ന് തോന്നിച്ചു. ഈ അടുത്ത കാലത്ത് ഇന്റീരിയറൊക്കെ ഒന്നു മിനുക്കിയ ലക്ഷണം കാണാനുണ്ട്. റിസപ്ഷനിൽ ഡ്രാക്കുളയുടെ വലിയൊരു ചിത്രം ബാക്ക്‌ലൈറ്റോടുകൂടി വെച്ചിരിക്കുന്നതാണ് എല്ലാവരും ശ്രദ്ധിക്കുന്ന കാര്യം. ഡ്രാക്കുളയുടെ ചോരക്കണ്ണുകളേക്കാൾ പല്ലുകളാണ്, പ്രത്യേകിച്ചും രക്തം ഇറ്റിവീഴുന്ന നീണ്ടുവളഞ്ഞ തേറ്റപ്പല്ലുകളാണ് ഹൈലൈറ്റ്. അത് സംഭവം കിടുക്കിയെന്ന് എനിക്ക് തോന്നി. ചിത്രത്തിനു താഴെ വെളുത്ത വസ്ത്രമുടുത്ത് വായനിറയെ പുഞ്ചിരിയുമായി ഒരു നഴ്സ് ഇരിക്കുന്നുണ്ട്. അവൾ കള്ളിയങ്കോട്ടു നീലിയെ വെറുതേ ഓർമ്മിപ്പിച്ചു. നേരംകെട്ട നേരത്ത് ഒറ്റയ്ക്കാണ് ഒരാൾ അവിടേയ്ക്ക് കയറിച്ചെല്ലുന്നതെങ്കിൽ ഈ സീൻ കണ്ട് പേടിച്ചുപോകാൻ സാധ്യതയുണ്ട്.

‘നീലി’ എന്റെ പേരു വിളിക്കുമ്പോഴേക്ക് വെയിറ്റിംഗ് ഏരിയയിൽ ആളൊഴിഞ്ഞിരുന്നു. എനിക്കു മുമ്പ് കയറിയ അച്ഛനും മകനും പുറത്തേക്ക് പോയി. പയ്യൻ വലത്തേക്കവിൾ പൊത്തിപ്പിടിച്ചിരുന്നു. ചോക്കളേറ്റ് തിന്നതാവണം!

ഡോക്ടർക്ക് ഇപ്പോൾ അമ്പത്തഞ്ച് വയസ്സെങ്കിലും കാണുമായിരിക്കും. എങ്കിലും മുഖത്തുനിന്നും ശരീരഭാഷയിൽ നിന്നും യൗവനം വിട്ടുപോയിട്ടില്ല . റൂമിലേക്ക് ചെന്നപാടെ എന്നെപ്പിടിച്ച് ഡന്റൽ ചെയറിലിരുത്തി വായമുഴുവനൊന്ന് ടോർച്ചടിച്ചു നോക്കി. എന്നിട്ട് പറഞ്ഞു:

“പോയിട്ട് ധൃതിയൊന്നുമില്ലല്ലോ? ഇത്തിരിനേരം ഫേസ്ബുക്ക് ഒക്കെ നോക്കി ഇവിടിങ്ങനെ ചാരിക്കിടക്ക്, എനിക്കൊരൽപ്പം പേപ്പർ വർക്കുണ്ട്. അതുകഴിഞ്ഞ് നമുക്ക് അവനയങ്ങെടുത്തേക്കാം”.

വലതുവശത്തെ ഭിത്തിയോട് ചേർന്നുള്ള ടേബിളിന്റെ വലിപ്പ് തുറന്ന് ഒരുകെട്ട് പേപ്പർ പുറത്തെടുത്തുവെച്ച് അദ്ദേഹം എന്തൊക്കെയോ വെട്ടാനും തിരുത്താനും കുറിക്കാനും തുടങ്ങി.. അതിനിടെ എന്നോട് അത്യാവശ്യം വിശേഷങ്ങളും ചോദിക്കുന്നുണ്ട്.

“ദുബായിൽ എന്താ ജോലി?”

“ഫയർ ഫൈറ്റിംഗ് സിസ്റ്റം ഡിസൈൻ എൻജിനീയറാണ്”

“അതുശരി, നമ്മുടെ ഈ ബിൾഡിംഗുകളിലൊക്കെയുള്ള സ്പ്രിംഗ്‌ളർ സിസ്റ്റം പോലുള്ള സംഗതി.. അല്ലേ?” ഡോക്ടർ ആ മുറിയുടെ സീലിംഗിലെ ഇല്ലാത്തൊരു സ്പ്രിംഗ്ലറിലേക്ക് വിരൽ ചൂണ്ടി.

“അല്ല, ഞാൻ ഓയിൽ ആന്റ് ഗാസ് സെക്ടറിലെ ഫയർ സിസ്റ്റമേ ചെയ്യാറുള്ളൂ”

“അതുകൊള്ളാം.. സ്പെഷ്യലൈസ് ചെയ്യുന്നത് നല്ലതാണ്. ഇന്നത്തെക്കാലത്ത് എല്ലാവരും സ്പെഷ്യലിസ്റ്റുകളല്ലേ.. ദാ ഈ ബിൾഡിംഗിലുള്ള കാക്കത്തൊള്ളായിരം വക്കീലന്മാരിൽ ഓരോ വക്കീലും ഓരോ സ്പെഷ്യലിസ്റ്റുകളാ. കൊലപാതകത്തിനും, തട്ടിപ്പറിയ്ക്കും, സ്ത്രീപീഡനത്തിനും എന്നുവേണ്ട ഓരോ കുറ്റത്തിനും ഓരോരോ സ്പെഷ്യലിസ്റ്റുകളാ..”

ഞാൻ ചിരിച്ചു.

“ചിരിക്കാൻ പറഞ്ഞതല്ല. വക്കീലന്മാരുടെ കാര്യം വിട്. ഞാൻ ഈ ക്ലിനിക്കിന്റെ അകമൊക്കെ ഒന്നു പുതുക്കിപ്പണിയിച്ചസമയത്ത് എത്രയെത്ര പണിക്കാരാ വന്നുപോയത്? ഫ്രേമിനും ടൈലിനും ജിപ്സത്തിനും ഡോറിനും കട്ടളയ്ക്കും ലൈറ്റ് ഫിറ്റിംഗിനുമൊക്കെ ഓരോരുത്തരാ..”

സംഗതി ശരിയാണല്ലോ എന്നു ഞാനോർത്തു. പണ്ടൊക്കെ ഇത്രയധികം സ്പെഷ്യലിസ്റ്റുകൾ ഇല്ലായിരുന്നു. ഒരു ആശാരി വന്നാൽ അയാൾ ചെയ്യാത്ത പണിയില്ല. പണിയൊക്കെ തീർത്ത് പോകാനിറങ്ങും മുമ്പ് വീട്ടിലെ ഒടിഞ്ഞ കസേരയും മേശയുമെല്ലാം ശരിയാക്കും. ബാക്കിവരുന്ന തടിയ്ക്ക് എന്തെങ്കിലും തട്ടിക്കൂട്ട് സാമഗ്രി ഉണ്ടാക്കിത്തരുകയും ചെയ്യും. മേസ്തരിമാരാണ് അന്ന് പ്ലംബിംഗ് വർക്കുകളിൽ പകുതിയും ചെയ്യുന്നത്. ഇന്ന് ഇതുവല്ലതും നടക്കുമോ?.

ഡോക്ടർ തുടരുന്നു..

“കഴിഞ്ഞയാഴ്ച ഇവിടുത്തെ സ്റ്റോറിന്റെ പൂട്ടു നന്നാക്കാൻ ഒരുത്തൻ വന്നു. അവനത് നന്നാക്കിക്കഴിഞ്ഞപ്പോൾ അതിന്റെ അപ്പുറത്തെ ഡോറിന്റെ ഇളകിക്കിടന്ന വ്യാപിരി ഒന്നു ശരിയാക്കാൻ പറഞ്ഞു. പൂട്ടുമാത്രേ ചെയ്യൂന്ന് പറഞ്ഞ് അവനൊരൊറ്റപ്പോക്ക്!..”

ഇങ്ങനെയുള്ള സംഗതികളിൽ പരിതപിച്ചിട്ട് കാര്യമില്ലെന്ന് പറയണെമെന്നെനിക്ക് തോന്നി. ചിലതൊക്കെ നല്ലതിനും കൂടിയാണ്. പിന്നെ, ഡോക്ടറെപ്പോലെ വലിയ ഒരാളോട് ഒരു സംവാദത്തിൽ ഏർപ്പെടുന്നത് ഔചിത്യമല്ലല്ലോ എന്നു കരുതി മൂളുക മാത്രം ചെയ്തു. വിജ്ഞാനം വളരുന്നതനുസരിച്ച് സ്പെഷ്യലിസ്റ്റുകൾ കൂടിക്കൊണ്ടിരിക്കും. ഏറ്റവും കൂടുതൽ സ്പെഷ്യലിസ്റ്റുകളെ ഇന്ന് കാണാൻ പറ്റുന്നത് ഹോസ്പിറ്റലുകളിലല്ലേ?. ഒരു ഗർഭിണി എത്ര സ്പെഷ്യലിസ്റ്റുകളെ കണ്ടശേഷമാണ് ഒരു കുഞ്ഞിനെ പ്രസവിക്കുന്നത്. ഓരോ പിഞ്ചുകുഞ്ഞും പിറന്നുവീണ് കണ്ണു തുറക്കും മുമ്പ് എത്രയെത്ര സ്പെഷ്യലിസ്റ്റുകളുടെ കയ്യിലൂടെയാണ് കടന്നു പോകുന്നത്. മാത്യുഡോക്ടർ പറയുന്ന പൂട്ട് എന്തുതരം പൂട്ടാണെന്ന് ആർക്കറിയാം? ഇന്ന് എത്രതരം പൂട്ടുകളാണുള്ളത്. നമ്പർ ലോക്ക്, ഫിംഗർ പ്രിന്റ്, കാർഡ് ആക്സസ്സ്, ഐ സ്കാൻ.. അങ്ങനെ എത്രതരം!

എന്നിൽ നിന്നുള്ള തണുപ്പൻ പ്രതികരണം കൊണ്ടോ എന്തോ, ഡോക്ടർ പേപ്പർ നോക്കലിൽ കൂടുതൽ വ്യാപൃതനായി. ഞാൻ ഫേസ്ബുക്കിൽ തോണ്ടിക്കൊണ്ടിരുന്നു. നീലി വന്ന് “സാർ, ഞാൻ ഇറങ്ങുന്നേ..” എന്നു പറഞ്ഞ് അന്നത്തെ ജോലി തീർത്തു പോയി. അല്ലെങ്കിലും ഒരു അണപ്പല്ലു പറിയ്ക്കാൻ രണ്ടുപേരുടെ ആവശ്യമില്ലല്ലോ.

പല്ലെടുക്കുമ്പോഴേക്കും ഏതാണ്ട് ഏഴുമണി ആയിരുന്നു. ഇടതു കവിൾ മുഴുവനും മരവിച്ചിരിക്കുന്നു. പല്ലുപോയതൊന്നും ഫീൽ ചെയ്യുന്നേയില്ല. എന്റെ നാവുപോലും അതറിഞ്ഞിരുന്നോ എന്ന് സംശയമാണ്. ഒരുരുള പഞ്ഞി കടിച്ചുപിടിച്ച് കുറച്ചു നേരം കൂടി ഞാൻ ഡന്റൽ ചെയറിൽ അങ്ങനെതന്നെ കിടന്നു. ഡോക്ടർ അടുത്തുവന്ന് ചില്ലറ കുശലങ്ങൾക്കു ശേഷം പറഞ്ഞു:

“നമ്മൾ ഇപ്പോ എടുത്ത പല്ലിന്റെ അടുത്ത പല്ലിലേക്ക് സാരമായി പോട് പടർന്നിട്ടുണ്ട്”

പഞ്ഞിയിൽ നിന്ന് കടി വിടാതെ ഞാൻ ഒരുവിധം ചോദിച്ചു: “എങ്കിൽ അതുകൂടി എടുത്തൂടേ ഡോക്ടർ?”

ഡന്റൽ ചെയർ അപ്റൈറ്റ് പൊസിഷനിലാക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു: “ഞാൻ ഈ പല്ലു മാത്രമേ എടുക്കാറുള്ളൂ.. ഞാനൊരു First Molar Specialist ആണ്. മറ്റേപ്പല്ലിന് നിങ്ങൾ അതിന്റെ സ്പെഷ്യലിസ്റ്റിനെ കാണണം”

എന്താണെന്നറിയില്ല, പെട്ടെന്ന് എന്റെ കവിളിലെ മരവിപ്പ് തലയിലേക്ക് ഇരച്ചുകയറുന്നതുപോലെ തോന്നി.

No comments: