9/18/09

പള്ളിക്കഥ-2, പെരുന്നാൾ നമസ്കാര ചരിതം.

പള്ളിക്കഥ-1 ഇവിടെ വായിക്കാം.

പള്ളിക്കഥ-2
പെരുന്നാൾ നമസ്കാര ചരിതം അഥവാ കുഞ്ഞിഖാദറിന്റെ ഈദുൽ ഫിത്വർ.

കൃഷ്ണൻകുട്ടി മുസ്ലിമായിട്ട് രണ്ടു മാസത്തോളമായി.

ഒരുമാസത്തോളം മതപാഠങ്ങൾ അഭ്യസിച്ചു.

വരുന്ന പെരുന്നാൾ ദിനത്തിൽതന്നെ നമസ്കാരം ആരംഭിച്ചുകളയാം എന്നു കരുതി.
ഒരാഴ്ച മുമ്പു തന്നെ കുപ്പായവും മുണ്ടും തൊപ്പിയും വാങ്ങി.

പച്ചനിറമുള്ള, നാലിഞ്ച് വീതിയുള്ള അറകളുള്ള ബെൽറ്റ് (സിനിമകളിലെ മുസ്ലിം കഥാപാത്രങ്ങൾ ധരിക്കുന്ന തരം) തിരക്കി ഹരിപ്പാട്ടുകാരനായ കൃഷ്ണൻ‌കുട്ടി (കുഞ്ഞിഖാദർ എന്നാണ് പുതിയ പേര്. നല്ലനല്ല മോഡേൺ മുസ്ലിം പേരുകൾ ശുപാർശ ചെയ്തതാണ്. പക്ഷെ പഴമയുള്ള നല്ല ശേലുള്ള മൊഞ്ചുള്ള ഒരു പേരു മതിയെന്നു വാശിയായിരുന്നു.) കടയായ കടകൾ മുഴുവൻ അലഞ്ഞു. ഹെവിടെ! തെക്കൻ കേരളത്തിൽ അതെവിടെക്കിട്ടാൻ! ഒരു റെഫറൻസിനു പോലും ഒന്നെടുക്കാനുണ്ടാവില്ല എവിടെയും. എങ്കിൽ അടുത്ത വല്യ പെരുന്നാളിനു മുമ്പ് കോഴിക്കോട്ടു പോയി വാങ്ങാമെന്നു നിനച്ച് തൽക്കാലം ആഗ്രഹം അവിടെ അടക്കി.

കാത്തിരുന്ന് കാത്തിരുന്ന് പെരുന്നാൾ ദിനം സമാഗതമായി.

വാങ്ങിവെച്ചിരുന്ന മുണ്ടുടുത്തു. കുപ്പായമണിഞ്ഞു. അത്തറു പൂശി.
തൊപ്പി വെക്കുമ്പോൾ കണ്ണാടിയിലൊന്നു നോക്കി.

“അൽഹംദുലില്ലാഹ്.. നല്ല അസ്സല് കാക്കാൻ”

‘ഒരാൾ മതം മാറുന്നു.. വസ്ത്രങ്ങൾ അയാളെ പാടേമാറ്റുന്നു’ എന്നൊക്കെ അന്നേരം കുഞ്ഞിഖാദറിന് ഒരു വെളിപാടൊക്കെ ഉണ്ടായി.

കണ്ണാടിയിൽ നോക്കിനിന്ന് എത്ര ഒരുങ്ങിയിട്ടും മതിയായില്ല.

മുണ്ടാണെങ്കിൽ എത്ര ഉടുത്തിട്ടും ശരിയാകുന്നില്ല.

“ പടച്ചോനേ.. ഇതു ഇടത്തേക്കു തന്നെ ഉടുക്കണോ.. എല്ലാം പഠിപ്പിച്ചിട്ടും അവരാരും ഇതൊന്നു പഠിപ്പിച്ചു തന്നില്ലല്ലോ റബ്ബേ.. ഇന്നുകൂടെ ഞാനൊന്നു വലത്തേക്കു ഉടുക്കുകയാ” എന്നും പറഞ്ഞു കുഞ്ഞിഖാദർ വലത്തേക്ക് നല്ല സുന്ദരമായിട്ടു മുണ്ടുടുത്തു മതിയാക്കി.

അങ്ങനെ കുഞ്ഞിഖാദർ അത്യന്തം സുഗന്ധപൂരിതമായ ഒരു ശരീരവുമായി കിഴക്കേ പള്ളിയിലേക്ക് യാത്രയായി.

പടിഞ്ഞാറേ പള്ളിയിൽ പല പല ആവശ്യങ്ങൾക്കായി പോയിട്ടുണ്ടെങ്കിലു കിഴക്കേ പള്ളിയിൽ ഇതാദ്യമായാണ് പോകുന്നത്. പഴയ പള്ളിയാണ്. പലതരം ചിത്രപ്പണികളാലലംകൃതമാണ് അതിനകം എന്നു കേട്ടിട്ടേയുള്ളൂ. അതൊക്കെ താനിതാ കാണാൻ പോകുന്നു, അതിന്റെയൊക്കെ ഒരു ത്രില്ലിലുമാണ് കുഞ്ഞിഖാദർ.

പള്ളി മിനാരങ്ങളിൽ നിന്നു ഒഴുകി വന്നിരുന്ന തൿബീർ ധ്വനികൾ കുഞ്ഞിഖാദറിനെ പുളകം കൊള്ളിച്ചു.

കുറച്ചുദൂരം ചെന്നപ്പോഴേക്കും തൿബീർ നിന്നു. നമസ്കാരം തുടങ്ങുവാൻ പോകുന്നുവെന്ന് ഖാദറിനു മനസ്സിലായി.
ഓടിക്കിതച്ചാണ് പള്ളിയിലെത്തിയത്.
അപ്പോഴേക്കും പള്ളി മുഴുവൻ നിറഞ്ഞു കവിഞ്ഞിരുന്നു. അധികം ഒരുങ്ങാൻ നിന്നതാണ് വിനയായത്. തന്നെക്കാത്ത് ജംഗ്ഷനിൽ നിൽക്കാമെന്നുപറഞ്ഞവരെയും അതുകാരണം കണ്ടില്ല.

കിതപ്പ് മാറിയിട്ടില്ലാത്ത കുഞ്ഞിഖാദറിനോട് അലിയാര് ഉപ്പ പറഞ്ഞു:
“പുറത്ത് കൈകെട്ടി നിസ്കരിച്ചോ കൃ.. കുഞ്ഞിഖാദറേ..”

അകത്തെ പള്ളിയിൽ ഇടമില്ല. പുറത്തു നിന്നു നമസ്കരിക്കാനാണ് അലിയാരുപ്പ പറഞ്ഞതും ഉദ്ദേശിച്ചതും.

എന്നാൽ കുഞ്ഞി ഖാദർ ഇമാമം അള്ളാഹു അൿബർ പറയേണ്ട താമസം കൈകൾ രണ്ടും വളച്ച് വളരെ ബുദ്ധിമുട്ടി തന്റെ മുതുകിനു പിന്നിലായി പിണഞ്ഞു കെട്ടി ‘പുറത്തു കൈകെട്ടി’ നമസ്കാരം തുടങ്ങി...

അങ്ങനെ കുഞ്ഞിഖാദറിന്റെ ആദ്യത്തെ പെരുന്നാൾ നമസ്കാരം പള്ളിക്കഥകളിൽ ഒരു ചരിത്രമായി രേഖപ്പെടുത്തപ്പെട്ടു.

നമസ്കാരശേഷം ആശ്ലേഷങ്ങൾക്കിടെ വടക്കൻ സൈതലവി അബൂബക്കറിനോട് ചോദിച്ചു:

“ ഓനേതാ മദ്‌ഹബ്..?”

കാലക്രമത്തിൽ ഇങ്ങനെയൊരു കൂട്ടിച്ചേർക്കലും വന്നു..



9/12/09

ഉമ്മയുടെ ഫോൺകാൾ - കവിത

നമ്മുടെ മുറ്റത്തെ മാവൊന്നു പൂത്തെടാ
മാങ്ങാ പിടിച്ചെടാ
ആറാണ്ട് മുമ്പു നീ
നട്ടിട്ടു പോയതാ,
പോയാണ്ടിൽ രണ്ടു തിരി
പൂത്തു പറ്റിച്ചതാ
ഇക്കുറി എങ്കിലും പൂത്തുകായ്ച്ചു.

അടുത്തമാസത്തോടെ വിളഞ്ഞാലതിൽനിന്ന്
നാലഞ്ചു മാങ്ങകൾ അച്ചാറിടാം
ഒക്ടോബർ പത്തിന് ഹാഷിം വരുന്നുണ്ട്
അവന്റെ കയ്യിൽ കൊടുത്തയക്കാം.

വടക്കേലെ ശശാങ്കൻ ഗൾഫീന്നു വന്നെടാ
കാവ്യക്ക് ഫ്രോക്കുകൾ
ഭാര്യക്കൊരു മാല
പത്തു പവനുണ്ടൊന്നു കാണണം നീ.

തെക്കത്തെ ഗോപീടെ
മോൾ ചാടിപ്പോയെടാ
ത്റ് സന്ധ്യനേരത്തുമെത്താഞ്ഞ കണ്ടിട്ട്
ഗോപീം കുടുംബവും ഓടുന്ന നേരത്ത്
ഏതോരു ബൈക്കിന്റെ പിന്നിലായ് കണ്ടൂന്ന്
മെമ്പർ ഷഫീക്ക് പറഞ്ഞുവത്രേ

ഇന്നലെ ഒരു മഴ ഇടിവെട്ടിപ്പെയ്തെടാ
മിന്നലിൽ ഇവിടുത്തെ ടിവി പോയി.
കാറ്റത്തും മഴയത്തും ചായ്പിൽ നിന്നോടുകൾ
രണ്ടുമൂന്നെണ്ണം പറന്നു പോയി.

വാപ്പാ പാർട്ടീടെ സെക്രട്രി ആണെടാ
എന്നുമീ മുറ്റത്ത് യോഗങ്ങളാണെടാ
കട്ടനിട്ടിട്ടെന്റെ നടുവൊടിഞ്ഞു.
ഇന്നലെ പോയൊരു കാൽനട ജാഥക്ക്
കഞ്ഞിയും പയറും ഇവിടാരുന്നെടാ.

ഷമീറ് തെക്കു വടക്കു നടക്കുന്നെടാ.
ഒരെസ്റ്റീഡീ ബൂത്തുകൊണ്ടെന്തുകിട്ടും?
അവനുമിനി അക്കരെപ്പോകാതെ പറ്റില്ല
വിസയൊന്നവനും ശരിയാക്കെടാ.

മുംതാസിവിടൊണ്ട്
ഔറൂനു കുറവുണ്ട്
ഇപ്പോഴൊരൽപ്പാൽപ്പം പിടിച്ചെണീക്കും.
പൊടിക്കുട്ടൻ മഹാ തുന്ത്രിയാണവനെന്റെ
ഔറൂനെ നന്നായ് ഉപദ്രവിക്കും.

ബാസിലും ചേട്ടത്തീം
ഇന്നലെ കാലത്തെ
അമ്പലപ്പുഴക്കു പോയ്
വീടു കാണാൻ.

നിന്റെ വിശേഷങ്ങളെന്തൊക്കെയുണ്ടെടാ
ആഹാരം നന്നായ് കഴിക്കണം നീ.
ഈ മൂന്നു നേരവും ഹോട്ടലിൽ പോകാതെ
സ്വന്തമായ് വെച്ചു കഴിച്ചുകൂടെ?

നിന്റെ മൂലക്കുരുവെങ്ങനെയുണ്ടെടാ
മരുന്നുകൊണ്ടു വല്ല കുറവുമുണ്ടോ?
നാരുള്ള ഭക്ഷണം നിറയെക്കഴിക്കണം
താറാമൊട്ട പുഴുങ്ങിവിഴുങ്ങണം
ചിക്കനും അയലയും എണ്ണപ്പലഹാരവും
തൊണ്ടേടെ താഴോട്ടിറങ്ങാതെ നോക്കണം.

നീയെന്നാണിനി നാട്ടിൽ വരുന്നത്
വരുമ്പോൾ മറക്കേണ്ട പറഞ്ഞതൊന്നും.
പത്തു പവനിൽ കുറയാതെ വാങ്ങണം
പതക്കങ്ങളുള്ളൊരു ലോക്കറ്റും വാങ്ങണം.
ചിരിക്കാതെ ചിരിക്കാതീ ചിരിയൊന്നും കാണണ്ട
പെറ്റ തള്ളേടെയൊരാശയല്ലേ...
അള്ളാഹു നിന്നെ അനുഗ്രഹിക്കും..