10/30/09

“ധ്വനിപ്പിച്ചില്ല“ - ഒരു ആസ്വാദനം.


ആസ്വദിച്ചില്ല എന്നു മാത്രം പറയരുത്.
ഒരു ആസ്വാദനം ഞാൻ ആദ്യമായിട്ടാണെഴുതുന്നത്. എന്തുകൊണ്ടെഴുതുന്നു എന്നു ചോദിച്ചാൽ എന്റെയുള്ളിലും ഒരു വെരുകു പെട്ടുപോയി. ലതീഷ് മോഹന്റെ “ ധ്വനിപ്പിച്ചില്ല എന്നു മാത്രം പറയരുത്” എന്ന വിവാദമാക്കപ്പെട്ട കവിതയിൽ കമന്റുകൾ ഒന്നും ഇടാത്ത ഒരാളാണീ പള്ളിക്കുളം. പക്ഷേ ഒരു വെരുകു പെട്ടുപോയസ്ഥിതിക്ക് അതിനു പുറത്തു ചാടാതിരിക്കാനും വയ്യ. ബൂലോകത്തെ മണ്ടൻ‌കുണാപ്പിയെന്നും മണ്ടൻ‌കുണാപ്പിണിയെന്നും എന്ന് ഇതിനകം തന്നെ പേരുകേട്ട ‘ഉറുമ്പ്, വിശുദ്ധഭാവന എന്നിവരൊക്കെ ചേർന്നാണ് ഈ വെരുകിനെ എന്റെ ഉള്ളിലേക്ക് കടത്തിവിട്ടത്. മനസ്സിന്റെ കൂട്ടിൽ ഒരു വെരുകു കിടന്ന് എത്ര നേരം ഉലാത്തും?!

സത്യത്തിൽ ലതീഷ് മേഹന്റെ കവിതയിലെ
“ഉള്ളിലൊരു വെരുക്‌ പെട്ടുപോയി
എന്നു പറയുമ്പോള്‍
ആവര്‍ത്തനം കൊണ്ട്‌,
സൂചിപ്പിക്കാനുള്ള കഴിവ്‌ നഷ്ടപ്പെട്ട
ഒരു പ്രയോഗം
എപ്പോഴും ചുറ്റിലുമുണ്ട്‌ “
എന്ന വരികളിൽ തന്നെ ആസ്വാദനം നമുക്ക് ആരംഭിക്കാനാവും. പോകെപ്പോകെ കവിത കൂടുതൽ ആസ്വാദ്യകരമാകുന്നു. മേൽ‌പ്പറഞ്ഞ വരികൾ ഇനിയും കീഴെ വരുന്ന വരികളെ ശരിവെക്കുകയോ വിശദീകരിക്കുകയോ ചെയ്യുന്നുണ്ട്. “ഉള്ളിലൊരു വെരുക് പെട്ടുപോയി” അല്ലെങ്കിൽ ഉള്ളിൽ ഒരു കവിത പെട്ടുപോയി അല്ലെങ്കിൽ ഒരു ആശയം പെട്ടുപോയി എന്ന് നമുക്കു വായിച്ചെടുക്കാം. എന്നാൽ ഒരു ഉത്തരാധുനികൻ അല്ലെങ്കിൽ ഒരു അത്യന്താധുനികൻ എന്ന നിലയിൽ ആ ആശയത്തെ പുതിയ ഒരു ഭാഷയിൽ ആവിഷ്കരിക്കുവാൻ വളരെ പ്രയാസകരമെന്നു കവി തിരിച്ചറിയുന്നു. പറഞ്ഞും എഴുതിയും കേട്ടും ശീലിച്ച പഴം പ്രയോഗങ്ങളാണ് കവിയുടെ ചുറ്റിലും. പക്ഷേ അവയൊക്കെ വിശദീകരണശേഷി നഷ്ടപ്പെട്ട പ്രയോഗങ്ങളാണെന്ന് കവി മനസ്സിലാക്കുകയും അനുവാചകനിൽ നിന്ന് ഒരു മുൻ‌കൂർ ജാമ്യം നേടുകയും ചെയ്യുന്നു. ചുറ്റിലുമുള്ള സൂചിപ്പിക്കാനുള്ള കഴിവ് നഷ്ടപ്പെട്ട പ്രയോഗങ്ങളിൽനിന്നുള്ള ഒരു വിടുതലിനാണ് കവി ശ്രമിക്കുന്നത്. കവിതയുടെ തലക്കെട്ടുപോലും ഭാഷയുടെയോ കവിതയുടേയോ നടപ്പു സമ്പ്രദായങ്ങളിൽ നിന്നുള്ള ഒരു കിടിലൻ വിടുതലാണെന്നു പറയാതെ വയ്യ. അതുകൊണ്ടാണ് കവി ഇങ്ങനെ പ്രസ്താവിക്കുന്നത്


“അതിനിടയില്‍ നിന്ന്‌,
പ്രയോഗങ്ങളെ

അര്‍ഥങ്ങളായി ചിത്രീകരിക്കുന്നതിന്‌
ചില ഒറ്റമൂലികളാണ്‌
ഞാന്‍ ചിന്തിക്കുന്നത്“

.......................................................................
മണ്ടൻ‌കുണാപ്പീ ഉറുമ്പേ..
മണ്ടങ്കുണാപ്പിണീ വിശുദ്ധഭാവനേ..
ഈ നാലു വരിയെങ്കിലും മനസ്സിലായോ?
ഇനി ചേട്ടായിക്ക് അടുത്ത നാലുവരികളിലേക്ക് പോകാമല്ലോ അല്ലേ. ചേട്ടായി വലിയ ജാഡയില്ലാത്ത ഒരു ബുജിയായത് നിങ്ങളുടെയൊക്കെ ഭാഗ്യം. ഇല്ലെങ്കിൽ ബൂലോഗ കവിതാ ചന്തയിൽ വഴിതെറ്റിയലഞ്ഞേനെ ഇരുവരും പിന്നെ അതുപോലെ പലരും. ഭാഗ്യം.
അടുത്ത വരികളിലാണ് കവിയെക്കുറിച്ചോർത്ത് നിങ്ങൾ (മേൽ‌പ്പറഞ്ഞ രണ്ടു ടീമുകളും ചില ഗീർവാണക്കാരുമല്ല) അനുവാചകർ അത്ഭുതസ്തബ്ദരാകുന്നത്. പിന്നെ കവിയെ ഫോളോ ചെയ്യാതെ നമുക്ക് ഉറക്കം വരുകേല. അങ്ങനെ നമ്മെ ഫോളോവേഴ്സ് ആക്കുന്ന വരികൾ ഫോളോസ്..
മൃഗശാലയില്‍,


വന്യതയാര്‍ന്ന കാട്‌ ഉള്ളില്‍പ്പേറുന്ന
കാട്ടുപൂച്ചകളെ ചുമക്കുന്ന
കൂടിനെയോര്‍ത്തു നോക്കൂ..

മൃഗശാല, കാട് , കാടിനെ ഉള്ളിൽ പേറുന്ന കാട്ടുപൂച്ചകൾ, കാട്ടുപൂച്ചകളെ ഉള്ളിൽ പേറുന്ന കൂട്. കാടിനെ ഉള്ളിൽ പേറുന്ന കാട്ടുപൂച്ചകളെ ഉള്ളിൽ‌പ്പേറുന്ന കൂടിനെ ഉള്ളിൽ പേറുന്ന മൃഗശാല. ലേയർ ലേയറുകളായി, പാളി പാളികളായി പാളിപ്പോകാത്ത കണിശമല്ലാത്ത ഇമേജുകൾ. ഇതിനെക്കുറിച്ചൊന്ന് ഓർത്തു നോക്കുവാൻ കവി ആവശ്യപ്പെടുന്നു. അനുവാചകൻ കൂടിനെക്കുറിച്ചു മാത്രമല്ല, മൃഗശാലയെക്കുറിച്ചും കാട്ടുപൂച്ചകളെക്കുറിച്ചും കാടിനെക്കുറിച്ചുമൊക്കെ കാടുകയറി ചിന്തിച്ചു പോകുന്നു അപ്പോൾ. അതെന്തായാലും അതൊക്കെ ഒന്നു ചുമ്മാതെങ്കിലും ഓർത്തുനോക്കാതെ മണ്ടത്തരങ്ങൾ പേറുന്ന തലമണ്ടകൾ നായരച്ചൻ പറഞ്ഞപോലെ അസ്ഥാനത്ത് കടിക്കുവാൻ ഇറങ്ങി പുറപ്പെടുന്നു. (കവിത ആസ്വദിക്കുന്നതിലെ ആവേശം കൊണ്ട് ആസ്വാദകൻ ചിലപ്പോഴൊക്കെ തന്റെ കർത്തവ്യം തന്നെ മറന്നു പോകുന്നു. ഏതെങ്കിലും ഉറുമ്പിൻ‌കൂട്ടിൽ കല്ലെറിയലല്ലല്ലോ എന്റെ ധർമ്മം. ഈ വഴുതൽ സ്വാഭാവികം മാത്രം. ഉറുമ്പുകളും ഭാവനകളും കൂതറകളും സദയം ക്ഷമിക്കുക.)


മൃഗശാല തികച്ചും നഗര മധ്യത്തിലെ ഒരു സ്ഥാപനമാകുന്നു. കാട്ടുപൂച്ചകൾക്ക് കാട് ഒരു വികാരവും ഇടക്കിടെ പുറത്തേക്ക് ചാടാൻ കൊതിക്കുന്ന വന്യമായ ഒരു ഗൃഹാതുരത്വവുമാകാം. അതുകൊണ്ടാണ് കവി പറയുന്നതിങ്ങനെ:
പുറത്തേക്ക്‌ പുറത്തേക്ക്‌
എന്നയസ്വസ്ഥത
നഖങ്ങളില്‍ നാരകമുള്ളു പോലെ
പൊള്ളുമ്പോള്‍
ശരീരത്തിന്റെ ഭിത്തികളിലേക്ക്‌
തിരമാല പോലെ വന്നടിച്ച്‌
ചിതറുന്ന കാട്ടുപൂച്ചകള്‍,
അവയുടെ കൂട്‌“
ഒട്ടും ചേർച്ചയില്ലാത്തവയുടെ ഒരു ചേരുവയാകുന്നു കാടിനെ ഉള്ളിൽ പേറുന്ന കാട്ടുപൂച്ചകളെ ഉള്ളിൽ‌പ്പേറുന്ന കൂടിനെ ഉള്ളിൽ പേറുന്ന മൃഗശാല എന്ന മൊത്തം സെറ്റ് അപ്പ്. ഈ കാട്ടുപൂച്ചകൾക്കുള്ളിൽ അതിവേഗം പുറത്തു കടക്കാൻ വെമ്പുന്ന വെരുകുകളുണ്ട്. കാട്ടുപൂച്ചകൾക്കുള്ളിൽ അസ്വസ്ഥതകളുടെ എക്സ്പ്രസ് ഉലാത്തലുകൾ നടന്നുകൊണ്ടിരിക്കുന്നു. പക്ഷേഅവക്ക് പുറത്തു കടക്കാനാവുന്നില്ല. ശരീരത്തിന്റെ ഭിത്തികളിലേക്ക് തിരമാലപോലെ വന്നലക്കുന്നുണ്ട് ആ വികാരങ്ങൾ. തൊലിപ്പുറം പോലും വിട്ടുപോകുവാനാവാത്തവ. വിട്ടുപോയാൽ തന്നെ കൂടും മൃഗശാലയും ഭേദിക്കാനാവാത്തവ. അസ്വാതന്ത്ര്യത്തിന്റെയും അസ്വസ്ഥതകളുടെയും തട്ടുതട്ടായുള്ള കൂടുകൾ!


ഈ കവിതയിൽ ഈ എളിയ ബുജിയായ പള്ളിക്കുളം ദർശിച്ച മറ്റൊരു പ്രത്യേകത, അത് വായനക്കാരന്റെ പങ്കാളിത്തം കൂടി ആവശ്യപ്പെടുന്നുണ്ട് എന്നതാണ്. കവിയുടെ മാത്രമല്ല വായനക്കാരന്റെ കൂടി ഭാവനാപങ്കാളിത്തമുണ്ടെങ്കിൽ മാത്രമേ ഈ കവിത പൂർണ്ണമാകു എന്ന് കവി ഉറച്ചു വിശ്വസിക്കുന്നു. അതുകൊണ്ടാണ്  
ആ പ്രയോഗം ഫലിച്ചാലും
ഇല്ലെങ്കിലും “
എന്ന് കവി സന്ദേഹിക്കുന്നത്. കൂടാതെ മറ്റൊന്നു കൂടി ചിന്തിച്ചു നോക്കുവാൻ കവി ഒരു ബദൽ  നിർദ്ദേശവും നൽകുന്നുണ്ട്.
"വാക്കുകളെ കഥാപാത്രങ്ങളായി കരുതിയാല്‍
പല പ്രയോഗങ്ങളിലേക്കും
രസത്തെയും ധ്വനിയെയും തിരിച്ചെത്തിക്കാം" എന്ന് ഉറപ്പു നൽകുന്നു.

എന്നാൽ തുടർന്നു നൽകുന്ന ബദൽ നിർദ്ദേശം കവിതയെ അത്യന്താധുനികമാക്കുന്നു. ചിന്തയുടെ കീഴ്മേൽ മറിച്ചിൽ. എങ്ങനെ ചിന്തിച്ചാലും എങ്ങനെ അളന്നാലും ഒരേ അളവുകിട്ടുന്ന ഒരു സമചതുരക്കട്ടയിലേക്ക് കവിത രൂപം മാറുന്നു. ഇതു കണ്ടിട്ടാണ് ഉറുമ്പിൻ കൂട്ടത്തിന്റെ രൂപവും ഭാവവും മാറുന്നതും സമനില തെറ്റുന്നതും എന്നു കരുതാം.

“ഉദാഹരണത്തിന്‌
വെരുക്‌ - പി രാമകൃഷ്ണന്‍
കൂട്‌ - മറിയാമ്മ ജോസഫ്‌
അല്ലെങ്കില്‍ വെരുക്‌ - മറിയാമ്മ ജോസഫ്‌
കൂട്‌ - പി രാമകൃഷ്ണന്‍

കൂട്ടില്‍ കിടക്കുന്ന കൂടിന്റെ കാടെവിടെ
മുറിയോളം മുറിയില്ല മറ്റൊരു മുറിവും
എന്നിവ ഞാനുണ്ടാക്കിയ പ്രയോഗങ്ങളാണ്‌ “

ആരുണ്ടാക്കിയ പ്രയോഗങ്ങളാണെങ്കിലും ഗംഭീരമായിരുന്നു ഈ രൂപമാറ്റം. കവിതയുടെ ഈ ഭാഗം ഉപയോഗിച്ചു വേണം കവിതയുടെ മൊത്തം രൂപം ആസ്വാദകൻ മെനഞ്ഞെടുക്കാൻ. അത് അല്പം മെനക്കേടുള്ള, കുഴഞ്ഞു മറിഞ്ഞ, ഒരു പസിൽ കളിയിൽ അനുവാചകനെ കൊണ്ടു ചെന്നെത്തിക്കുന്നു.
അനുവാചകൻ മൃഗീയവും വന്യവുമായ ഇടങ്ങളിൽ നിന്ന് കവിതയെ വേർപെടുത്തി മാനുഷികവും നാഗരികവുമായ ഇടങ്ങളിലേക്ക് പസിലുകൾ മാറ്റിയും മറിച്ചും വെച്ചു നോക്കുന്നു.
കവിയോ, ചുണ്ടത്തു വെച്ച സിഗററ്റ് വലിച്ച് ഒരു പുക ഊതി വിട്ട്  സ്ഥലം കാലിയാക്കുന്നു.

“കഥാപാത്രങ്ങളെ
നിങ്ങള്‍ തീരുമാനിച്ചു കൊള്ളുക“!

10/6/09

ഹസൻ‌കുഞ്ഞു കൊച്ചാപ്പ - കവിത


കയർ പിരി റാട്ടിന്റെ ഒച്ച കേട്ടുണരുന്ന
ഒരുകൊച്ചു ഗ്രാമമാണെന്റെ ഗ്രാമം
വളവുകളി*ലഴുകിയ തൊണ്ടിൻ പരിമളം
വായുവിൽ തങ്ങുന്ന നല്ല ഗ്രാമം.


കോഴികൾ കൂവട്ടെ കൂവാതിരിക്കട്ടെ
കൊച്ചുമ്മ കാലത്തു നാലിനെഴുന്നേറ്റ്
കുട്യോളെ മൂന്നിനേം കുത്തിയെണീ‌പ്പിച്ച്
കട്ടൻ കുടിച്ചിട്ട് പിരി** തുടങ്ങും.


കൂടെപ്പിരിക്കുന്ന മൂത്തമോൾ ഷാഹിന
കറക്കിക്കൊടുക്കുന്ന നടുവത്തവൾ
ആറാട്ടുപുഴേന്നൊന്നു പോയാ മതിയെന്ന്
പാതിയുറക്കിൽ കിനാവു കാണും.


അവിടെയാ മൈതാന നടുവിലായ് വെയിലത്ത്
പിരിതീർന്ന കയറുകൾ മാടി***യടുക്കുന്ന
കൈലിയുടുത്തയാളാണെന്റെ കൊച്ചാപ്പ.
ഹസൻ കുഞ്ഞ് കൊച്ചാപ്പ.


കഥകൾ പറഞ്ഞും കയറുപിരിച്ചും
തൊണ്ടുകൾ തല്ലി ച്ചോറുകളഞ്ഞും
ചോറിനു വേണ്ടത് താറ്റി****യെടുത്തു
കൊച്ചാപ്പായുടെ കൊച്ചു കുടുംബം.


------------------------------------------------------------------
കായലിൽ മുങ്ങിക്കുളിച്ചു വന്ന സ്വർണ നാരിഴകൾ
രണ്ടു റാട്ടുകൾക്കിടയിൽ ഗർഭം ചുമന്ന
പെണ്ണിൻ കൈത്തഴമ്പുകളിലൂടൂർന്ന്
ഭ്രമണങ്ങളിൽ ഇണചേർന്നൊ-
ന്നായ് തീർന്ന, ഇഴകളുടെ രണ്ടറ്റങ്ങൾ
എന്തിനോ കലഹിച്ച് മുഖാമുഖം വിടർന്നു നിന്നു..


-----------------------------------------------------------------
ഒരിഴ ഇണയായ മറ്റിഴയോടുചൊല്ലി
നാമിരുവരുമിനിപ്പിരിയേണ്ട മരിക്കുവോളം.
പിന്നെയവരൊരുമിച്ച് വെയിൽ കാഞ്ഞു..
മഴയിൽ ടാർപ്പായ പുതപ്പിച്ചു കൊച്ചാപ്പ.



നാലഞ്ചു നാളുകൾ കൂടിക്കഴിയവേ
ഇഴകൾ ബന്ധം കടുപ്പിച്ച വേളയിൽ
മുടി*****കളായെണ്ണി പകുത്തുവെച്ചു
മുടിചീകിക്കെട്ടി അടുക്കിവെച്ചു.


കായൽ നിലാവിൽ കുളിച്ചൊരു രാത്രിയിൽ
കരക്കാറ്റ് നന്നായ് വീശുന്ന യാമത്തിൽ
കയർ സൊസൈറ്റിക്കാരാരോരുമറിയാതെ
കയറുകൾ ആലപ്പുഴക്കു പോയി.


അവിടൊരു മോലാളി മുഠാളനായവൻ
തൂക്കിയളന്നിട്ടവരെ വാങ്ങി.
പിന്നീട് പീഡന താഡനമേറ്റവർ
ഫാക്ടറിക്കട്ടിലിൽ തളർന്നുറങ്ങി.


പിറ്റേന്നു രാവിലെ രാസ ദ്രവങ്ങളിൽ
മുക്കി സ്വത്വത്തിന്റെ നീരകറ്റി.
ചായത്തിൽ മുങ്ങിയ കോമാളിയായവർ
കാറ്റത്തയകളിലയഞ്ഞുലഞ്ഞു..


----------------------------------------------------------
ചർക്കയിൽ നന്നായ് വരിഞ്ഞുകെട്ടി
രൂപങ്ങൾ ഭാവങ്ങളൊക്കെ മാറ്റി
ചന്തത്തിൽ കത്തിയ്ക്കരിഞ്ഞെടുത്തു
കയ്യും കാലുമുടലും പലരാജ്യത്തിനായ്
എങ്കിലും പിരിയാതെയായിഴകൾ
കാലു കാലോടും ഉടൽ ഉടലോടും
ഹൃദയം ഹൃദയത്തോടുമൊട്ടി
യാത്ര ചെയ്തൂ പല ദിക്കിലേക്ക്.


അവിടങ്ങളിൽ അവർ ചവിട്ടേറ്റ്
സ്വാഗതമോതിക്കിടന്നു പുറം തിണ്ണയിൽ
ചുവപ്പിൽ വരച്ച ഹൃദയത്തിൻ ചിഹ്നം മങ്ങി.
പാദസ്പർശങ്ങളിൽ ശാപമോക്ഷങ്ങൾ തേടി
പുണർന്നു കിടന്നൂ കൊച്ചാപ്പാ തൻ സ്വർണ നൂലിഴത്തുണ്ടുകൾ.


കാലങ്ങൾ മാറി കവിതകൾ മാറി
ഭൂലോകം ബൂലോകമായി മാറി
യന്ത്രങ്ങൾ മുഷ്ടി ചുരുട്ടി വിളിച്ചു
ഈങ്ക്വിലാബ് സിന്ദാബാദ്..


കായലിലഴുകാതെ തല്ലുകൾ കൊള്ളാതെ
ഫർണസിൽ ഉരുകിയ പ്ലാസ്റ്റിക്കു ലായനി
മിനുങ്ങുന്ന കയറായ് ഒലിച്ചിറങ്ങി
ഈ ലോക മാർക്കറ്റ് വരിഞ്ഞു കെട്ടി.


പച്ചയിൽ നീലയിൽ വിപ്ലവച്ചുവപ്പിൽ
മഞ്ഞയിലങ്ങനെ പലവർണ്ണങ്ങളിൽ
ഓരോകടയുടെ മൂലാന്തരങ്ങളിൽ
ചുരുണ്ടു നാഗങ്ങൾ പ്ലാസ്റ്റിക് കയറുകൾ.


വേലികൾ കെട്ടുവാൻ കൊടികളൂയർത്തുവാൻ,
ഓണം പ്രമാണിച്ചൊരൂഞ്ഞാലു കെട്ടുവാൻ
എന്തിന് തേങ്ങാക്കുലകൾക്കു പോലും
താ‍ങ്ങായി മാറിയീ പ്ലാസ്റ്റിക്കു കയറുകൾ.


ചകിരിക്കയറുകൾ കഥയായി മാറി.
ഒട്ടിയ വയറുകൾ കഥ പറഞ്ഞു..
ഉന്തിയ വയറുകൾ കേട്ടു നിന്നു.
കായലിൽ വരണ്ടൊരു കാറ്റു വീശി.


കാറ്റ് വറവിന്റെ കോട്ടുവായ് പോൽ
കറങ്ങിയടിച്ചിടവഴികളിലൊക്കെയും.
കപ്പയും ചുട്ട ഉണക്കമീനും
ബിരിയാണി പോലെ കഴിച്ച കാലം.


അക്കാലമൊക്കെയും ഹസങ്കുഞ്ഞു കൊച്ചാപ്പ
കുണുക്കിട്ടു ചീട്ടു കളിച്ചു പോന്നു.
അന്തി മയങ്ങിയാൽ സൊസൈറ്റിത്തിണ്ണയിൽ
തച്ചിനു കാജാ വലിച്ചു തള്ളി.


ചുവപ്പു കൊടികൾ ചുവചുവന്നൂ
നിയമസഭ വരെ മാർച്ചു ചെയ്തു
സമരപ്പാർട്ടികൾ വിളിച്ചു കൂകി
“താഴെയിറങ്ങൂ സർക്കാരേ..”


പറഞ്ഞതു പോലവർ താഴെയിറങ്ങി
കൂകിവിളിച്ചവർ മുകളിലേറി
മുദ്രാവാക്യം വിളികളൊടുങ്ങി
പട്ടിണി മാത്രം ശേഷിച്ചു.


-----------------------------------------------------------------
കോട്ടിട്ടയാളുകൾ ഒപ്പിട്ടു ഗാട്ടുകൾ
പൂട്ടിക്കിടന്നു ചെറു ഫാക്ടറികൾ
പൂട്ടാതെ കിടന്നുഴുനിലങ്ങൾ
എങ്ങും പട്ടിണി ആത്മഹത്യ..


ആന്ധ്രയിൽ ബീഹാറിൽ ബംഗാളിലങ്ങനെ
എങ്ങും പെരുകുന്നു ആത്മഹത്യ.
ഇങ്ങു വയനാട്ടിലും പാലക്കാട്ടും
പടർന്നു പനി പോലെ ആത്മഹത്യ..


വാർത്തയിൽ കൊച്ചാപ്പ കാജാപുകയ്ക്കവേ
ബീഡിപ്പുകയിലൊരു വഴി തെളിഞ്ഞു..
കേൾക്കുകിൽ ഏവരും ഞെട്ടിത്തരിച്ചിടും
എന്താണെന്നറിയുമോ? “ ആത്മഹത്യ”!!


കൊച്ചാപ്പാ ബാങ്കിൽ പ്രൊജക്ട് വെച്ചു
കാലു പിടിച്ചൊരു ലോണെടുത്തു.
വീട്ടുമുറ്റത്തൊരു ഷെഡ്ഡടിച്ചു
‘മോക്ഷം കയേഴ്സെ‘ന്നു പേരുമിട്ടു.


റാട്ടുകൾ ദിനവും കറങ്ങി വീണ്ടും
ആത്മഹത്യയ്ക്കുള്ള കയറൊരുങ്ങി.
കുരുക്കുകൾ കെട്ടിശരിപ്പെടുത്തി
ഡമ്മിയിലിട്ടൊന്നു തൂക്കി നോക്കി


റെഡിമെയ്‌ഡ് കയറുകൾ പായ്ക്കു ചെയ്തു
കൂട്ടഹത്യക്കുള്ള ഫാമിലി പായ്ക്കുകൾ
പ്രത്യേകമെണ്ണി തിരിഞ്ഞു വെച്ചു
“ഉപയോഗിക്കേണ്ട വിധ”മതിൻ പിറകിലായ്
പല ഭാഷയിൽ പ്രിന്റു ചെയ്തിരുന്നു.
“കയറുകൾ ജീവനു ഹാനികരമെന്ന”
അറിയിപ്പും ചെറുതായടിച്ചിരുന്നു.


കൊച്ചാപ്പ പെട്ടെന്നുയർന്നു വന്നു
“മോക്ഷം” കയറുകൾ കിട്ടാത്ത ഷോപ്പുകൾ
ഇന്ത്യയിൽ നന്നേ കുറഞ്ഞു വന്നു.
“ പ്രകൃതിയിലേക്കു മടങ്ങുകിൽ സോദരാ
“പ്രകൃതിയിലേക്കു മടങ്ങുക നീ“യെന്ന
‘മോക്ഷ‘ത്തിൻ സുന്ദര മോട്ടോയിൽ -
കൃത്രിമ പ്ലാസ്റ്റിക് ചലഞ്ച് തളർന്നുപോയി


ആയുർവേദത്തിന്റെ സാധ്യതയൊക്കെയും
കയറിൽ പരീക്ഷിച്ചു ബുദ്ധിപൂർവ്വം.
രാമച്ചം ഇൻലേ ചെയ്ത കുടുക്കുകൾ
അമേരിക്കക്കൊക്കെ യാത്രയായി.


പരീക്ഷാ റിസൾട്ടറിയുന്ന നേരത്ത്
കുട്ടിക്കഴുത്തിനു പാകമാം പാകത്തിൽ
ഓവർടൈം നിന്നു പുറത്തിറക്കി
മെഴുകുപുരട്ടിയ കുഞ്ഞിക്കുടുക്കുകൾ.


റിസഷന്റെ കാലത്ത് തൂങ്ങിയൊരു സായിപ്പ്
താങ്ക്സ് പറഞ്ഞോണ്ട് കത്തെഴുതി.
GMC പൂട്ടിയ വേളയിൽ കൊച്ചാപ്പ
കായംകുളത്തൊരു ബെൻസ് എടുത്തു.


ആസിയാനിലൊപ്പിടീപ്പിക്കുവാൻ കൊച്ചാപ്പ
ഒരുകോടി കോഴകൊടുത്തെന്നു കേട്ടു
പക്ഷേ അറിയുമോ, നിസ്വനാം കൊച്ചാപ്പ
അങ്ങനെയൊന്നും ചെയ്യുകില്ല.


ഒടുവിൽ കണ്ടപ്പോൾ കൊച്ചാപ്പ പറഞ്ഞു..
“ മോനേ, കയറുകൾ മാത്രമാണ് ഞാൻ ഉണ്ടാക്കിയത്. പക്ഷേ അതിൽ കുടുക്കുകളിട്ടത് ഭരണകൂടമാണ് . അതിന്റെ കരാറുകളാണ്. അതുകൊണ്ടെന്താ, കയറുകൾ ഇന്നും ജീവിക്കുന്നു, പിന്നെ ഈ ഞാനും.“


അങ്ങനെ മറ്റു മരണങ്ങളിൽ ജീവിച്ചു കയറുകൾ.
എന്റെ പ്രിയപ്പെട്ട കൊച്ചാപ്പയും.