10/6/09

ഹസൻ‌കുഞ്ഞു കൊച്ചാപ്പ - കവിത


കയർ പിരി റാട്ടിന്റെ ഒച്ച കേട്ടുണരുന്ന
ഒരുകൊച്ചു ഗ്രാമമാണെന്റെ ഗ്രാമം
വളവുകളി*ലഴുകിയ തൊണ്ടിൻ പരിമളം
വായുവിൽ തങ്ങുന്ന നല്ല ഗ്രാമം.


കോഴികൾ കൂവട്ടെ കൂവാതിരിക്കട്ടെ
കൊച്ചുമ്മ കാലത്തു നാലിനെഴുന്നേറ്റ്
കുട്യോളെ മൂന്നിനേം കുത്തിയെണീ‌പ്പിച്ച്
കട്ടൻ കുടിച്ചിട്ട് പിരി** തുടങ്ങും.


കൂടെപ്പിരിക്കുന്ന മൂത്തമോൾ ഷാഹിന
കറക്കിക്കൊടുക്കുന്ന നടുവത്തവൾ
ആറാട്ടുപുഴേന്നൊന്നു പോയാ മതിയെന്ന്
പാതിയുറക്കിൽ കിനാവു കാണും.


അവിടെയാ മൈതാന നടുവിലായ് വെയിലത്ത്
പിരിതീർന്ന കയറുകൾ മാടി***യടുക്കുന്ന
കൈലിയുടുത്തയാളാണെന്റെ കൊച്ചാപ്പ.
ഹസൻ കുഞ്ഞ് കൊച്ചാപ്പ.


കഥകൾ പറഞ്ഞും കയറുപിരിച്ചും
തൊണ്ടുകൾ തല്ലി ച്ചോറുകളഞ്ഞും
ചോറിനു വേണ്ടത് താറ്റി****യെടുത്തു
കൊച്ചാപ്പായുടെ കൊച്ചു കുടുംബം.


------------------------------------------------------------------
കായലിൽ മുങ്ങിക്കുളിച്ചു വന്ന സ്വർണ നാരിഴകൾ
രണ്ടു റാട്ടുകൾക്കിടയിൽ ഗർഭം ചുമന്ന
പെണ്ണിൻ കൈത്തഴമ്പുകളിലൂടൂർന്ന്
ഭ്രമണങ്ങളിൽ ഇണചേർന്നൊ-
ന്നായ് തീർന്ന, ഇഴകളുടെ രണ്ടറ്റങ്ങൾ
എന്തിനോ കലഹിച്ച് മുഖാമുഖം വിടർന്നു നിന്നു..


-----------------------------------------------------------------
ഒരിഴ ഇണയായ മറ്റിഴയോടുചൊല്ലി
നാമിരുവരുമിനിപ്പിരിയേണ്ട മരിക്കുവോളം.
പിന്നെയവരൊരുമിച്ച് വെയിൽ കാഞ്ഞു..
മഴയിൽ ടാർപ്പായ പുതപ്പിച്ചു കൊച്ചാപ്പ.നാലഞ്ചു നാളുകൾ കൂടിക്കഴിയവേ
ഇഴകൾ ബന്ധം കടുപ്പിച്ച വേളയിൽ
മുടി*****കളായെണ്ണി പകുത്തുവെച്ചു
മുടിചീകിക്കെട്ടി അടുക്കിവെച്ചു.


കായൽ നിലാവിൽ കുളിച്ചൊരു രാത്രിയിൽ
കരക്കാറ്റ് നന്നായ് വീശുന്ന യാമത്തിൽ
കയർ സൊസൈറ്റിക്കാരാരോരുമറിയാതെ
കയറുകൾ ആലപ്പുഴക്കു പോയി.


അവിടൊരു മോലാളി മുഠാളനായവൻ
തൂക്കിയളന്നിട്ടവരെ വാങ്ങി.
പിന്നീട് പീഡന താഡനമേറ്റവർ
ഫാക്ടറിക്കട്ടിലിൽ തളർന്നുറങ്ങി.


പിറ്റേന്നു രാവിലെ രാസ ദ്രവങ്ങളിൽ
മുക്കി സ്വത്വത്തിന്റെ നീരകറ്റി.
ചായത്തിൽ മുങ്ങിയ കോമാളിയായവർ
കാറ്റത്തയകളിലയഞ്ഞുലഞ്ഞു..


----------------------------------------------------------
ചർക്കയിൽ നന്നായ് വരിഞ്ഞുകെട്ടി
രൂപങ്ങൾ ഭാവങ്ങളൊക്കെ മാറ്റി
ചന്തത്തിൽ കത്തിയ്ക്കരിഞ്ഞെടുത്തു
കയ്യും കാലുമുടലും പലരാജ്യത്തിനായ്
എങ്കിലും പിരിയാതെയായിഴകൾ
കാലു കാലോടും ഉടൽ ഉടലോടും
ഹൃദയം ഹൃദയത്തോടുമൊട്ടി
യാത്ര ചെയ്തൂ പല ദിക്കിലേക്ക്.


അവിടങ്ങളിൽ അവർ ചവിട്ടേറ്റ്
സ്വാഗതമോതിക്കിടന്നു പുറം തിണ്ണയിൽ
ചുവപ്പിൽ വരച്ച ഹൃദയത്തിൻ ചിഹ്നം മങ്ങി.
പാദസ്പർശങ്ങളിൽ ശാപമോക്ഷങ്ങൾ തേടി
പുണർന്നു കിടന്നൂ കൊച്ചാപ്പാ തൻ സ്വർണ നൂലിഴത്തുണ്ടുകൾ.


കാലങ്ങൾ മാറി കവിതകൾ മാറി
ഭൂലോകം ബൂലോകമായി മാറി
യന്ത്രങ്ങൾ മുഷ്ടി ചുരുട്ടി വിളിച്ചു
ഈങ്ക്വിലാബ് സിന്ദാബാദ്..


കായലിലഴുകാതെ തല്ലുകൾ കൊള്ളാതെ
ഫർണസിൽ ഉരുകിയ പ്ലാസ്റ്റിക്കു ലായനി
മിനുങ്ങുന്ന കയറായ് ഒലിച്ചിറങ്ങി
ഈ ലോക മാർക്കറ്റ് വരിഞ്ഞു കെട്ടി.


പച്ചയിൽ നീലയിൽ വിപ്ലവച്ചുവപ്പിൽ
മഞ്ഞയിലങ്ങനെ പലവർണ്ണങ്ങളിൽ
ഓരോകടയുടെ മൂലാന്തരങ്ങളിൽ
ചുരുണ്ടു നാഗങ്ങൾ പ്ലാസ്റ്റിക് കയറുകൾ.


വേലികൾ കെട്ടുവാൻ കൊടികളൂയർത്തുവാൻ,
ഓണം പ്രമാണിച്ചൊരൂഞ്ഞാലു കെട്ടുവാൻ
എന്തിന് തേങ്ങാക്കുലകൾക്കു പോലും
താ‍ങ്ങായി മാറിയീ പ്ലാസ്റ്റിക്കു കയറുകൾ.


ചകിരിക്കയറുകൾ കഥയായി മാറി.
ഒട്ടിയ വയറുകൾ കഥ പറഞ്ഞു..
ഉന്തിയ വയറുകൾ കേട്ടു നിന്നു.
കായലിൽ വരണ്ടൊരു കാറ്റു വീശി.


കാറ്റ് വറവിന്റെ കോട്ടുവായ് പോൽ
കറങ്ങിയടിച്ചിടവഴികളിലൊക്കെയും.
കപ്പയും ചുട്ട ഉണക്കമീനും
ബിരിയാണി പോലെ കഴിച്ച കാലം.


അക്കാലമൊക്കെയും ഹസങ്കുഞ്ഞു കൊച്ചാപ്പ
കുണുക്കിട്ടു ചീട്ടു കളിച്ചു പോന്നു.
അന്തി മയങ്ങിയാൽ സൊസൈറ്റിത്തിണ്ണയിൽ
തച്ചിനു കാജാ വലിച്ചു തള്ളി.


ചുവപ്പു കൊടികൾ ചുവചുവന്നൂ
നിയമസഭ വരെ മാർച്ചു ചെയ്തു
സമരപ്പാർട്ടികൾ വിളിച്ചു കൂകി
“താഴെയിറങ്ങൂ സർക്കാരേ..”


പറഞ്ഞതു പോലവർ താഴെയിറങ്ങി
കൂകിവിളിച്ചവർ മുകളിലേറി
മുദ്രാവാക്യം വിളികളൊടുങ്ങി
പട്ടിണി മാത്രം ശേഷിച്ചു.


-----------------------------------------------------------------
കോട്ടിട്ടയാളുകൾ ഒപ്പിട്ടു ഗാട്ടുകൾ
പൂട്ടിക്കിടന്നു ചെറു ഫാക്ടറികൾ
പൂട്ടാതെ കിടന്നുഴുനിലങ്ങൾ
എങ്ങും പട്ടിണി ആത്മഹത്യ..


ആന്ധ്രയിൽ ബീഹാറിൽ ബംഗാളിലങ്ങനെ
എങ്ങും പെരുകുന്നു ആത്മഹത്യ.
ഇങ്ങു വയനാട്ടിലും പാലക്കാട്ടും
പടർന്നു പനി പോലെ ആത്മഹത്യ..


വാർത്തയിൽ കൊച്ചാപ്പ കാജാപുകയ്ക്കവേ
ബീഡിപ്പുകയിലൊരു വഴി തെളിഞ്ഞു..
കേൾക്കുകിൽ ഏവരും ഞെട്ടിത്തരിച്ചിടും
എന്താണെന്നറിയുമോ? “ ആത്മഹത്യ”!!


കൊച്ചാപ്പാ ബാങ്കിൽ പ്രൊജക്ട് വെച്ചു
കാലു പിടിച്ചൊരു ലോണെടുത്തു.
വീട്ടുമുറ്റത്തൊരു ഷെഡ്ഡടിച്ചു
‘മോക്ഷം കയേഴ്സെ‘ന്നു പേരുമിട്ടു.


റാട്ടുകൾ ദിനവും കറങ്ങി വീണ്ടും
ആത്മഹത്യയ്ക്കുള്ള കയറൊരുങ്ങി.
കുരുക്കുകൾ കെട്ടിശരിപ്പെടുത്തി
ഡമ്മിയിലിട്ടൊന്നു തൂക്കി നോക്കി


റെഡിമെയ്‌ഡ് കയറുകൾ പായ്ക്കു ചെയ്തു
കൂട്ടഹത്യക്കുള്ള ഫാമിലി പായ്ക്കുകൾ
പ്രത്യേകമെണ്ണി തിരിഞ്ഞു വെച്ചു
“ഉപയോഗിക്കേണ്ട വിധ”മതിൻ പിറകിലായ്
പല ഭാഷയിൽ പ്രിന്റു ചെയ്തിരുന്നു.
“കയറുകൾ ജീവനു ഹാനികരമെന്ന”
അറിയിപ്പും ചെറുതായടിച്ചിരുന്നു.


കൊച്ചാപ്പ പെട്ടെന്നുയർന്നു വന്നു
“മോക്ഷം” കയറുകൾ കിട്ടാത്ത ഷോപ്പുകൾ
ഇന്ത്യയിൽ നന്നേ കുറഞ്ഞു വന്നു.
“ പ്രകൃതിയിലേക്കു മടങ്ങുകിൽ സോദരാ
“പ്രകൃതിയിലേക്കു മടങ്ങുക നീ“യെന്ന
‘മോക്ഷ‘ത്തിൻ സുന്ദര മോട്ടോയിൽ -
കൃത്രിമ പ്ലാസ്റ്റിക് ചലഞ്ച് തളർന്നുപോയി


ആയുർവേദത്തിന്റെ സാധ്യതയൊക്കെയും
കയറിൽ പരീക്ഷിച്ചു ബുദ്ധിപൂർവ്വം.
രാമച്ചം ഇൻലേ ചെയ്ത കുടുക്കുകൾ
അമേരിക്കക്കൊക്കെ യാത്രയായി.


പരീക്ഷാ റിസൾട്ടറിയുന്ന നേരത്ത്
കുട്ടിക്കഴുത്തിനു പാകമാം പാകത്തിൽ
ഓവർടൈം നിന്നു പുറത്തിറക്കി
മെഴുകുപുരട്ടിയ കുഞ്ഞിക്കുടുക്കുകൾ.


റിസഷന്റെ കാലത്ത് തൂങ്ങിയൊരു സായിപ്പ്
താങ്ക്സ് പറഞ്ഞോണ്ട് കത്തെഴുതി.
GMC പൂട്ടിയ വേളയിൽ കൊച്ചാപ്പ
കായംകുളത്തൊരു ബെൻസ് എടുത്തു.


ആസിയാനിലൊപ്പിടീപ്പിക്കുവാൻ കൊച്ചാപ്പ
ഒരുകോടി കോഴകൊടുത്തെന്നു കേട്ടു
പക്ഷേ അറിയുമോ, നിസ്വനാം കൊച്ചാപ്പ
അങ്ങനെയൊന്നും ചെയ്യുകില്ല.


ഒടുവിൽ കണ്ടപ്പോൾ കൊച്ചാപ്പ പറഞ്ഞു..
“ മോനേ, കയറുകൾ മാത്രമാണ് ഞാൻ ഉണ്ടാക്കിയത്. പക്ഷേ അതിൽ കുടുക്കുകളിട്ടത് ഭരണകൂടമാണ് . അതിന്റെ കരാറുകളാണ്. അതുകൊണ്ടെന്താ, കയറുകൾ ഇന്നും ജീവിക്കുന്നു, പിന്നെ ഈ ഞാനും.“


അങ്ങനെ മറ്റു മരണങ്ങളിൽ ജീവിച്ചു കയറുകൾ.
എന്റെ പ്രിയപ്പെട്ട കൊച്ചാപ്പയും.

27 comments:

പള്ളിക്കുളം.. said...

* വളവുകൾ - തൊണ്ടുകൾ അഴുക്കാനിടുന്ന ജലാശയം
** പിരി - കയറു പിരി
***മാടുക - കയറുകൾ ചുറ്റി അടുക്കി കെട്ടുകളാക്കുക
**** താറ്റുക - പിരിക്കും മുമ്പ് ചകിരിയിലെ കരടുകൾ ഒരു മുളം കമ്പ് ഉപയോഗിച്ച് നീക്കം ചെയ്യുന്ന പ്രവൃത്തി.
*****മുടി - 6 കയറുകൾ ഒരു മുടി. 6 മുടി ഒരു കെട്ട്.. അങ്ങനെയാണ് കണക്ക്.

വിവിധ ഗവണ്മെന്റുകളുടെ വിവിധ കരാറുകൾക്ക് വിധേയമായി ആത്മഹത്യ ചെയ്യേണ്ടി വന്ന കർഷകർക്ക് സമർപ്പിക്കുന്നു ഈ കവിത..

അഭിപ്രായങ്ങൾ അറിയിക്കുമല്ലോ.

Shameer Arattupuzha said...

hasankungu kochappaye vechu kondu kalika presakthiyulla oru vishayam bhangiyayi kavya valkarichathu ugranayittundu. ethu sadaranakkaranum eluppathil ithile ashayam manassilakkan kazhiyum ennathu kavithayude oru + point. Grameenathayude nishkkalankatha kavithayil bhangiyayi avatharippichittundu. congrats.

eMARATHIPPAYYAN said...

areyy wahh..
super.. super.. super..

തിരൂര്‍കാരന്‍ said...

എന്റെ പള്ളി സൂപ്പര്‍ ,
ആനുകാലിക സംഭവങ്ങളെ വളരെ മനോഹരമായി അവതരിപിചിരിക്കുന്നു... കൂടുതല്‍ വായനക്കാരില്‍ എത്തിക്കാന്‍ ശ്രമിക്കണം.. .. "വളിപ്പുകള്‍" വായിച്ചു ദഹനക്കേട് വന്നവര്‍ക്ക് നല്ല ഒരു ഒറ്റമൂലിയാണ് ഈ കൊച്ചാപ്പ... ഞാന്‍ വരാം കുറച്ചു കൂടെ "തെറി"വിളിക്കാന്‍ ...ഇപ്പോള്‍ അല്പം തിരകുണ്ട്...

shahul said...

vishaya thantu kochappayum kayarum anenkilum karyangal avide nilkkunnilla chintikkan paladum undu.....pallikkulam karyamayi workout cheyyunnundu.....edupolulla srishttikal veendum pratheehikkunnu oppam abhinandhanavum.....

Bijoy said...
This comment has been removed by a blog administrator.
കൊട്ടോട്ടിക്കാരന്‍... said...

കുറച്ചു വെള്ളം കുടിച്ചുവരാം...

സാപ്പി said...
This comment has been removed by the author.
bilatthipattanam said...

ഇതെന്തായഭിപ്രായക്കവിതയൊ..അതോയാധുനികനോ....കൊള്ളാം കേട്ടൊ

പള്ളിക്കുളം.. said...

നന്ദി ഷമീർ ആറാട്ടുപുഴ,
തിരൂർകാരൻ,
ഷാഹുൽ,
കൊട്ടോട്ടിക്കാരൻ,
ബിലാത്തിപ്പട്ടണം,
സാപ്പി..

ദീർഘമായ ഈ കവിത വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിന്.
ഇതൊരു കഥാ കവിതയാകുന്നു.
കവിതകളിൽ അന്യം നിന്നുപോകുന്ന ഒരു ശാഖയാവാം അത്.

സാപ്പി said...

പള്ളിക്കുളം ഉശിരനായിരിക്കുന്നു.... അഭിനന്ദനങ്ങള്‍.... പറ്റുമെങ്കില്‍ അച്ചടിക്കാന്‍ കൊടുക്കണം നാലാളു വായിക്കട്ടേന്നു....

'പ്രവാസി' എന്ന 'പ്രയാസി' said...

എന്നു വായിക്കുമ്പോഴും ഓരോ കോള്‍ വരും
പ്രിണ്റ്റര്‍ പേപ്പര്‍ജാം,സ്പാംവെയര്‍,സ്പൈവെയര്‍
ഇന്നാണ്‌ മുഴുവന്‍ വായിച്ചെടുത്തത്‌.

പള്ളിക്കുളത്തില്‍ അഴുകുന്ന തൊണ്ടുകള്‍
ബ്ളോഗില്‍ വല്ലാത്ത സുഗന്ധം പരത്തുന്നു.

വ്യത്യസ്തനാമൊരു പള്ളിക്കുളത്തിന്‌
നേരുന്നു നന്‍മതന്‍ പൂച്ചെണ്ടുകള്‍..

Bijoy said...
This comment has been removed by a blog administrator.
latheesh mohan said...

ആ പ്രൊഫൈലിലെ എബൌട് മി ഉണ്ടെല്ലോ അതങ്ങു ബോധിച്ചു :)

latheesh mohan said...
This comment has been removed by the author.
Anas Erattupetta said...

ഹലോ,
തുടക്കത്തിൽ ഇത്തിരി തപ്പിത്തടയൽ ഉണ്ടായെങ്കിലും പിന്നീട് നല്ല ഒഴുക്കുണ്ടായിരുന്നു.
നല്ല ആശയം, തുടരുക.. ഏല്ലാവിധ ആശംസകളും..

ഭായി said...
This comment has been removed by the author.
ഭായി said...

പള്ളീ..., ഇതൊരു പുതിയ അനുഭവം തന്നെ...
ഒരു പുതിയ ആഖ്യാന ശൈലി.
വളരെ വളരെ നന്നായിട്ടുണ്ട്.സത്യം!

പള്ളിക്ക് കവിതയും വഴങുമെന്ന് ഇപ്പോഴാ മനസ്സിലായത്!!!
അഭിനന്ദനങള്‍.

നരിക്കുന്നൻ said...

ഹസങ്കുഞ്ഞു കൊച്ചാപ്പ പുതിയ കഥാകവിതാ രചനയുടെ തുടക്കമാവട്ടേ. നല്ല ഒഴുക്കോടെ അവസാനംവരെ വായിക്കാൻ പറ്റി. ഇടക്കിടക്ക് ആ കമന്റ്സ് വേണമായിരുന്നോ?

പള്ളിക്കുളം.. said...

നന്ദി ഭായീ
ആത്മാർഥമായ അഭിപ്രായങ്ങൾക്ക്.
നന്ദി നരിക്കുന്നൻ വായനക്കും നിർദ്ദേശത്തിനും.
ആ കമന്റുകൾ വേണ്ടവയല്ല.
നീണ്ട കവിതയായതുകൊണ്ട് ഇടക്കൊക്കെ ഒരു ബ്രേക്ക് ആകട്ടെ എന്നു കരുതി ഇട്ടതാ..
ഒരു കൊമേഴ്സ്യൽ ബ്രേക്ക്. :)
എടുത്തുമാറ്റുന്നുണ്ട് ഉടനെ..
ഇനിയും വരിക..

കാപ്പിലാന്‍/காப்பிலான்/కాప్పిలాన్ said...

പറയാതെ പോകുന്നത് ശരിയല്ലല്ലോ . നന്നായിരിക്കുന്നു ഈ കവിത . എനിക്ക് വളരെ ഇഷ്ടമായി .മനസിലാകുകയും ചെയ്തു .

പള്ളിക്കുളം.. said...

കാപ്പിലാന് ഇഷ്ടപ്പെട്ടുവെന്നറിഞ്ഞതിൽ വളരെ സന്തോഷം.
ഇടക്കൊക്കെ വരിക..

studentsofbalasir said...

really touching and handling the most significant topic in a lovely manner..very good

Akbar said...

“ പ്രകൃതിയിലേക്കു മടങ്ങുകിൽ സോദരാ
പ്രകൃതിയിലേക്കു മടങ്ങുക നീ“യെന്ന
മോക്ഷ‘ത്തിൻ സുന്ദര മോട്ടോയിൽ -
കൃത്രിമ പ്ലാസ്റ്റിക് ചലഞ്ച് തളർന്നുപോയി"

നന്നായി. ഒരു നല്ല സന്ദേശം.
പള്ളിക്കുളം- ആശംസകള്‍

PrinceAsok said...

really touching and handling the most significant topic in a lovely manner..very good

MANOJ said...

Pallikkulam ugran.

manoj umesan said...

pallikkulam nalla nilavaram pularthunnundu.