നിങ്ങൾക്കറിയുമോ.. ഈ ഭായിയുണ്ടല്ലോ ഈ ഭായി.. ഹ! നമ്മുടെ ബ്ലോഗർ ഭായീന്ന്. ‘ഞാനൊരു വലിയ സംഭവമൊന്നുമല്ലെങ്കിലും ഭയങ്കര സംഭവമല്ല‘എന്ന് അയാളുടെ പ്രൊഫൈലിൽ പറയുന്നുണ്ടെങ്കിലും മഹാ സംഭവമാണ് കേട്ടോ. വെറും ഒന്നൊന്നര സംഭവമൊന്നുമല്ല. രണ്ടായിരത്തി ഒന്നിലെ ഒരു മഹാ സംഭവത്തിന്റെ അത്രേം വരും. അതെ, ആ ഡബ്ല്യൂ ടി സി ഓ ആർ ഡബ്ല്യൂ എക്സ് (രണ്ടു മൂന്ന് അക്ഷരങ്ങൾ കൂടുതൽ ഇരിക്കട്ടെ. ചുമ്മാ എന്തിനാ പോലീസുകാരുടെ ചെലവിൽ ഫേമസ് ആകുന്നത് അല്ലേ?) അതിയാന്റെ സൈഡ് വ്യൂ കണ്ടിട്ട് ‘ ബാബു ആന്റണി’യൊക്കെ ബൂലോകത്തുണ്ടോ‘ എന്ന് വർണ്ണ്യത്തിൽ ആശങ്കിച്ചിരുന്നു പണ്ട്. അത്തരുണത്തിൽ ആശങ്കിച്ചു നിൽക്കവെ, ചെങ്ങായി തന്റെ സൈഡ് വ്യൂ മാറ്റി എലവേഷൻ എടുത്തു ഫിറ്റുചെയ്തു. ഇപ്പോൾ കണ്ടാൽ ഏതോ അമ്പലത്തിലെ എമ്പ്രാന്തിരിയെപ്പോലെ തോന്നും.
പുള്ളിക്കാരന്റെ പ്രൊഫൈൽ വായിച്ചാലോ ‘അമ്മേണ പെറ്റ തള്ള സഹിക്കില്ല’.
“ചിരിക്കാനായി മലയാള ഭാഷ കൊണ്ട് പരമാവധി അഭ്യാസങള്‍ ഞാന്‍ ഇവിടെ കാണീക്കും....
നിങള്‍ ചിരിച്ചാല്‍ എനിക്കും സന്തോഷം നിങള്ക്കും സന്തോഷം.... “ എന്നൊക്കെ വെച്ചു കീച്ചിയിരിക്കുവല്ലിയോ.
ഒന്നു പോടാ ഉവ്വേ,, നിന്റെ ഒരഭ്യാസം, എന്നാങ്കി നീ എന്നെ ചിരിപ്പിക്കുന്നതൊന്നു കാണണം എന്നു കരുതിയാ അങ്ങേരുടെ ‘അറബിമാഡത്തിനൊരു പ്രസന്റേഷൻ’ വായിക്കാനിരുന്നെ. അവസാനം എന്റെ ചിരി കണ്ടുമ്മെച്ച് ആസ്ത്മ കൂടിയതാണെന്നു തെറ്റിദ്ധരിച്ച ഭാര്യ നെലവിളിച്ച് ആൾക്കാരെക്കൂട്ടിയതിനു ശേഷമല്ലിയോ ചിരി നിന്നെ.
ഈ ഭായീടെ ചെല കമന്റുകളാണ് കേട്ടോ പോസ്റ്റുകളേക്കാൾ കേമം. കമന്റുകൾ ഇങ്ങനെ വാരിക്കോരിക്കൊടുക്കുന്ന ഒരു ദാനശീലനായ ബ്ലോഗറെ വേറെ ഏത് ബൂലോകത്ത് കിട്ടും? എനിക്കു തോന്നുന്നില്ല. കോനുമഠം എന്ന പേരുകേട്ട ദാനശീലനായ ദാരുശില്പത്തെ പ്രതിഷ്ഠിക്കാത്ത കമന്റുപത്തായങ്ങൾ ബൂലോകത്ത് കുറയുമായിരിക്കും. പക്ഷെ, ഭായിയുടെ കാര്യത്തിൽ അയാളുടെ കമന്റുകളുടെ എണ്ണത്തിലല്ല ഭായിയെ എണ്ണപ്പെട്ടവനായിട്ട് ഞാൻ കണക്കിലെടുക്കുന്നത്. പിന്നെയോ? കമന്റുകളിലെ ഊഷ്മളതയിലും മാംസളതയിലും ബഹുസ്വരതയിലും മുന്നിട്ടു നിൽക്കുന്നു ഭായി.
“പൊന്നുഭായീ.. നീ മഹാ പർവതം..
കണ്ണിനെത്താത്ത ദൂരത്തുയർന്നു നിൽക്കുന്നു നീ“
എന്നൊരു പാരഡിക്കവിതയുടെ ഈരടികൾ ഞാൻ ഇത്തരുണത്തിൽ ഓർത്തുപോവുകയാണ്.
ഇവിടെ ബൂലോകം ഓൺലൈൻ സകല വാർദാൻ ഐറ്റങ്ങൾക്കും അവാർഡ് ഏർപ്പെടുത്തിയെങ്കിലും മികച്ച കമന്റർമാരെ തെരഞ്ഞെടുക്കാൻ ഒരു വോട്ടെടുപ്പ് നടത്തിയോ? അതിനെക്കുറിച്ച് ഇപ്പോൾ കമന്റിയാൽ കൂടിപ്പോകും അതുകൊണ്ട് മിണ്ടുന്നില്ല. എന്നുവെച്ച് എന്നും മിണ്ടാതിരുന്നുകളയുമെന്നും ബൂ. ഓ. വിചാരിക്കുകയും വേണ്ട!.
കമന്റൊഴുക്കുകളുടെ ആദ്യ പകുതിയിൽ തന്നെ ഭായിയെ നിങ്ങൾക്ക് കണ്ടെത്താനാവും. മിക്കപ്പോഴും പത്താമനായോ, പത്തു കമന്റുപോലും കിട്ടാത്ത പോസ്റ്റുകളിൽ മൂന്നാമനായോ ഭായി ഉണ്ടാവുമെന്ന് നമുക്ക് ഉറപ്പിക്കാം. ബൂലോകത്തിറങ്ങുന്ന നൂറുകമന്റുകളിൽ മൂന്നെണ്ണം ഭായിയുടേതായിരിക്കുമെന്ന് ഒരു സർവ്വേ ഫലം വെളിപ്പെടുത്തുന്നു. വിവാദപോസ്റ്റുകളിൽ ഭായിയെ അപൂർവ്വമായേ കാണാനാവൂ. ഇതിന് അപവാദമായത് ഒരിക്കൽ ചിത്രകാരന്റെ ഒരു പോസ്റ്റിൽ ഭായിയെ കാണാനായതാണ്.
“രാജ്യദ്രോഹത്തിന്റെ വിഷവിത്തുകൾ” എന്ന പോസ്റ്റ് വായിച്ച് ഡിസംബർ 14നു വെളുപ്പാൻകാലത്തെ 9.10ന് പല്ല്ലുപോലും തേക്കാതെ ഭായി എഴുതി:
“100% യോജിക്കുന്നു!“
ചിത്രകാരൻപോസ്റ്റുകളെപ്പറ്റി നിലനിൽക്കുന്ന സകല സങ്കൽപ്പങ്ങളെയും അട്ടിമറിക്കാൻ പോന്നതായിരുന്നു ഭായിയുടെ ശതമാനക്കണക്കിലുള്ള ആ ഗർജ്ജനങ്ങൾ. ചിത്രകാരനുപോലും യോജിക്കാനാവാത്ത വസ്തുതകളുടെ നിരത്തലുകളിൽ ഭായി എങ്ങനെ 100 ശതമാനം യോജിക്കും എന്ന് കണ്ടവർ കണ്ടവർ സംശയിച്ചിരിക്കാം. എന്നാൽ ഭായിയുടെ നിഷ്കളങ്കത്തവും ബൂലോകത്തോടുള്ള സ്നേഹവുമായിരുന്നു അതിൽ നിറഞ്ഞു നിന്നിരുന്നത് എന്ന് ആർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ.
അപ്പോൾ അതാണ് ഭായി. ഒരാളുടെ വ്യക്തിത്വം ഒരിക്കലും നമുക്ക് അയാളുടെ പോസ്റ്റിൽ നിന്ന് അളക്കാനാവില്ല. കമന്റുകളാണ് ബൂലോക ജീവികളെ നിർണ്ണയിക്കുന്നതും നയിക്കുന്നതും.
ഭായീടെ ഏറ്റവും പുതിയ മറ്റൊരു കമന്റ് നോക്കൂ.
ഭായി said...
“ഇല്ല സ്വയം തളരില്ല
ആരും തളര്‍ത്താനൊട്ട് കഴിയില്ല..ആരും തളര്‍ത്താനൊട്ട് കഴിയില്ല..“
സുനിൽ പണിക്കരുടെ ഒരു കവിതക്കിട്ട കമന്റ്റാണ് മുകളിൽ കണ്ടത്. ഇതു തന്നെയാണ് ഭായിയുടെ പ്രകൃതം. ഭായി 100 ശതമാനം ഒരു നിഷ്കളങ്ക ബ്ലോഗറാണ്. സുനിൽ പണിക്കരുടെ കവിതകളിൽ നിന്ന് സ്വന്തം സ്വത്വത്തെ കണ്ടെത്തുകയും പുറം ലോകത്തോട് അത് വിളംബരം ചെയ്യുകയും ചെയ്യുന്ന ഭായി കവിതാസ്വാദകർക്കെല്ലാം ഒരു മാതൃകയാണ്. ചെറുപ്പംതൊട്ടേ നല്ല കവിതകൾ വായിക്കുമായിരുന്നെങ്കിൽ ഭായിക്ക് ഈ ഗതി വരില്ലായിരുന്നു എന്നു വിലപിക്കുന്നവരും ഇല്ലാതില്ല.
ചില നർമ്മ പോസ്റ്റൂകൾ വായിച്ച് ഭായി ആത്മാർത്ഥമായി ചിരിക്കുന്നത് നാം കണ്ടതാണ്. തന്നെ ദത്തെടുക്കുവാനുള്ള ആഹ്വാനവുമായാണ് ഭായി വാഴക്കോടന്റെ “നർമ്മാസ് മിമിക്സ് പരേഡ് – വേദി ഒന്നി“-നെ വരവേൽക്കുന്നത്.
സുനില്‍ ഭായി said...
“ഇപ്പോഴാണ് ഇതൊക്കെ കാണുന്നത്...
വാഴ ഒരു ബൂ ലോക സംഭവം തന്നെയാ കേട്ടോ...
അയ്യോ..എന്നെയങ് ദത്തെട്.:-) “
വാഴ ഒരു ബൂ ലോക സംഭവം തന്നെയാ കേട്ടോ...
അയ്യോ..എന്നെയങ് ദത്തെട്.:-) “
ഇന്നും വാഴക്കൂട്ടങ്ങൾക്കിടയിലൂടെ പോകേണ്ടി വന്നാൽ ‘വേദി ഒന്നിൽ’ ഞെക്കി, മൌസ് ഉരുട്ടി താഴെവന്ന് ഈ കമന്റുകണ്ട് ചിരിക്കാറുണ്ട് ഈയുള്ളവൻ. ‘എന്നെയങ്ങ് ദത്തെട്’ എന്ന വാചകവും അതിന് കമ്മലു ചാർത്തിയതുപോലെയൊരു സ്മൈലിയും കമന്റുകളുടെ ചരിത്രത്തിൽ എന്നും മിന്നിക്കൊണ്ടിരിക്കും. ഒരു പക്ഷേ അന്ന് വാഴയുടെ പോസ്റ്റ് പോലും വിസ്മൃതിയിൽ ആണ്ടുപോയേക്കാം.
“പൊന്നുഭായീ.. നീ മഹാ പർവതം..
കണ്ണിനെത്താത്ത ദൂരത്തുയർന്നു നിൽക്കുന്നു നീ“
ആസ്വാദനം ഒരു കലയാണ്. മാലിന്യമുക്തമായ ഒരു മനസ്സിനുമാത്രമേ അത് സാധ്യമാകൂ. ചിത്രകാരന്മാരുടേയും ചാണക്യന്മാരുടേയും പോസ്റ്റുകൾ ചിന്തകന്മാർക്കും പള്ളിക്കുളങ്ങൾക്കും ആസ്വദിക്കാനാവുന്നത് മാലിന്യമുക്തമായ ഈ മനസ്സുള്ളതുകൊണ്ടാണ്. ഇവിടെ ഭായിയുടെ ഔന്നത്യവും നാം മനസ്സിലാക്കാതെ പോകരുത്. എന്റെ തന്നെ “മുരളീധരന്റെതൊലിക്കട്ടി” എന്ന പോസ്റ്റിൽ ഭായി അർമാദിച്ചുകൊണ്ടും ആസ്വദിച്ചുകൊണ്ടും നവംബറിലെ ഒരു രാത്രിയിൽ ഇങ്ങനെയെഴുതി:
“അടിപൊളി! ഇടിപൊളി!കടിപൊളി!
തകര്‍ത്തു പള്ളീ....സമ്മതിച്ചിരിക്കുന്നു!
ഇതിന്റെ ഒരോ കോഫിയെടുത്ത് ദുഖാത്മാക്കള്‍ക്ക് വിതരണം ചെയ്യണം ദുഖം വരുംബോള് ഇത് വായിച്ചാല്‍ ദുഖം പംബയല്ല പെസഫിക്കും കടക്കും!“
തകര്‍ത്തു പള്ളീ....സമ്മതിച്ചിരിക്കുന്നു!
ഇതിന്റെ ഒരോ കോഫിയെടുത്ത് ദുഖാത്മാക്കള്‍ക്ക് വിതരണം ചെയ്യണം ദുഖം വരുംബോള് ഇത് വായിച്ചാല്‍ ദുഖം പംബയല്ല പെസഫിക്കും കടക്കും!“
ഇതിൽ ‘കടിപൊളി’ എന്നാൽ എന്താണെന്ന് ഇനി തിരയാത്ത ഗൂഗിളുകളില്ല, വിക്കി പീഡിയകളില്ല. മലയാള ഭാഷക്ക് പുതുമുഖങ്ങളെ സമ്മാനിക്കുന്ന അത്യുദാത്തനായ സംവിധായകനെയാണ് ഞാൻ ഭായിയിൽ ദർശിക്കുന്നത്.
ഭായിയുടെ മാസ്റ്റർ പീസുകളായ “മലപ്പുറം സിനിമകളും“ തിരോന്തരം സിനിമകളും” സമന്വയിപ്പിച്ച് ആരോ അയച്ച ഒരു മെയിൽ കിട്ടിയപ്പോഴാണ് ഭായിയെക്കുറിച്ച് ഓർക്കുന്നത്. എന്തോ, ഭായിയെ ഇപ്പോൾ അങ്ങനെയിങ്ങനെ ഭൂലോകത്ത് കാണാനില്ല. അപൂർവമായി മാത്രം വന്നുപോകുന്നു ആ മഹാനായ കമന്റേറ്റർ..
നിങ്ങളിലാരെങ്കിലും പുള്ളിയെ കാണുകയാണെങ്കിൽ ഈ പള്ളി തിരക്കിയതായി പറയുക.
“പൊന്നുഭായീ.. നീ മഹാ പർവതം..
കണ്ണിനെത്താത്ത ദൂരത്തുയർന്നു നിൽക്കുന്നു നീ“
38 comments:
ഭായിയെ ശരണം അയ്യപ്പ,
ഭായിയമ്മാള്,
ഭായിആനന്തമയി,
ഭായ് ബാബാ, (ഇത് നന്നായി ചേരുന്നു- സായി- ഭായ് !!)
ഭായ് തിരുവടികള്‍,
വിശുദ്ധ ഭായ്,
ഭായ് ഹാജി,
തുടങ്ങിയ പോസ്റ്റുകള്‍ ഉടന്‍ പ്രതീക്ഷിക്കുക.....!!!!!!!!!!
എന്റെ മകളുടെ ബ്ലോ-പ്പറേഷന് (ബ്ലോഗിന്റെ അറ്റകുറ്റ പണികള്‍ക്ക്!!) 80,000 ഹിറ്റ് തന്നു സഹായിച്ച ഭായിക്ക് ഉപകാരസ്മരണ.
എന്നിങ്ങനെ പത്ര വാര്‍ത്തകളും പ്രതീക്ഷിക്കുന്നു............ :)
പള്ളിക്കുളം മാഷേ,
കമന്റ് നിരൂപണം വായിച്ചു. ഏറെ രസിച്ചു.
മാഷേ, പറ്റുന്ന എല്ലാ പോസ്റ്റുകളും വായിക്കും അതിന് അര്‍ഹിക്കുന്ന രീതിയില്‍ മറുപടിയും പോസ്റ്റും. ഞാനൊരു പ്രവാസിയാണ്. കടുത്ത പ്രവാസി.
അതുകൊണ്ട് തന്നെ എല്ലാ ബ്ലോഗര്‍മ്മാരേയും ഒരു പോലെ വായിക്കുന്നു. നല്ലതും ചീയതും.
പിന്നെ സമയം പോസ്റ്റുന്നത് എല്ലായിടത്തും ഒരുപോലെയല്ലലോ..?
എന്നെ കൂടെ ഉള്‍പ്പെടുത്തിയതിന് നന്ദി.
ഞാന്‍ ഒരു പാവം പ്രവാസി. ബ്ലോഗറായിട്ട് ഒരുപാട് കാലവുമായില്ല. ഒരു വര്‍ഷമാകുന്നു. വീണ്ടും നന്ദി.
അയ്യോ കോനുമഠം, തമാശയായെടുക്കുക.. ഹഹ.. അതൊരു ക്വാളിറ്റിയല്ലേ ആശാനേ.. മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുവാൻ സമയം കുട്ടുന്നത് ഒരു ഭാഗ്യവും സമയം കണ്ടെത്തുന്നത് ഒരു പുണ്യവുമല്ലേ കോനുമഠം,, :)
ഭായി ഒരു മഹാ സംഭവം തന്നെയാണ്. ഇത്തവണത്തെ എന്റെ പോസ്റ്റിലെ കമന്റും ഒട്ടും മോശമല്ല.
പോസ്റ്റ് നന്നായി മാഷേ
വാഴുക വാഴുക... ഭായിക്ക വാഴുക..!!
ഇതൊരു പുതുമയുള്ള നിരൂപണം തന്നെ...ഭായി എന്ന പ്രിയ സ്നേഹിതൻ ഈ വിശേഷണങ്ങൾക്ക് അർഹനാണ്. ഭായിയുടെ ഹിറ്റായ ചില കമന്റുകൾ ഏതൊക്കെയോ ബ്ലോഗുകളിൽ ഉണ്ട്.
ചിത്രകാരനുപോലും യോജിക്കാനാവാത്ത വസ്തുതകളുടെ നിരത്തലുകളിൽ ഭായി എങ്ങനെ 100 ശതമാനം യോജിക്കും എന്ന് കണ്ടവർ കണ്ടവർ സംശയിച്ചിരിക്കാം.
ഇവിടം മാർക്കിടട്ടയോ?
യേതാടേയ് ഈ കൂതറ? ഭായിയാ ആര്ട ഭായി?!
അവന് വേലയും കൂലിയുമൊന്നും ഇല്ലാത്തോണ്ട് ഇരുന്ന് കമന്റടിക്കുന്നതായിരിക്കും.
റോടിലിറങ്ങി കമന്റ് അടിച്ചാല്‍ അവന്റെ മോന്തക്ക് അടികിട്ടും. അതുകൊണ്ട് അവന് ബ്ലോഗില്‍ കമന്റടിക്കുന്നു!
അതും ഒരു പോസ്റ്റിനുള്ള വിഷയമാക്കിയാ..?!
പള്ളിക്ക് ഭായി എത്ര വീല്‍ (ചക്രം) തന്നു.
അതോ പള്ളിയുടെ പോസ്റ്റില്‍ പുള്ളി ഇത്രേമ്മ്മ്മ്മ് കമന്റിട്ടേക്കമെന്ന് വാക്ക് തന്നോ..?
ആ ഒറ്റവരി രാമേണ്ണന്റ കമന്റ് കണ്ടാ? അമ്മെയാണ എത വരിയെന്ന് നോക്ക്!
എന്ന് ഭായിയുടെ ഭായി
ഒപ്പ്
ശൂ.
ഞാന്‍ കണ്ടിട്ടില്ലാത്ത എന്റെ ബ്ലോഗ് ബ്ലുഹൃത്ത് ശ്രീ.പള്ളിക്കുളത്തിന് നന്ദി എങിനെ പറയണമെന്നറിയാത്തത് കൊണ്ട് ഇവിടെ “നന്ദി“ എന്ന് ടൈപ്പ് ചെയ്ത് വെക്കുന്നു!
പോസ്റ്റില്‍ കൂടി എന്നെ ഒന്ന് ആക്കിയതല്ല എന്ന് ഇപ്പോഴും വിസ്വസിച്ചുകൊണ്ട്
ഭായിയുടെ ഭായി!
എന്റെ 'ഗ്രഹണം' എന്ന കവിതയെ ഭായി വിലയിരുത്തിയത് ഇങ്ങനെ :
###മലയുടെ പച്ചയും
പുഴയുടെ നീലയും
പൂവിന്റെ മഞ്ഞയും ചുവപ്പും
ഊറ്റി കുടിച്ച്, കരിനിഴല്‍ ഛര്‍ദിച്ച്###
അത് ശരിയാ ശ്രദ്ധേയാ..എല്ലാം കൂടി ചേര്‍ത്ത് കുടിച്ചാല്‍ ഛര്‍ദ്ദിക്കും...:-)
നല്ല കവിത ഇഷ്ടപ്പെട്ടു!
വേദനിപ്പിക്കാതെ ഒന്ന് നുള്ളി എന്നര്‍ത്ഥം. ഭായിക്ക് ഭാവുകങ്ങള്‍.
ഇത് ഭായിയെ ആക്കിയതല്ലെങ്കി അടിപൊളിയാ, ഇനി ആക്കിയതാണേല്‍ സൂപ്പറാ!!!
ഹ..ഹ..ഹ
(എനിക്കും ജീവിക്കേണ്ടേ)
ഇതു തമാശയാണോ അതോ പരിഹാസമോ?
ഒരാള്‍ പോസ്റ്റ് വായിച്ചു കഴിയുന്നതുപോലെ കമന്റുന്നതിനെയും കളിയാക്കണോ?
ഭായിയുടെ കമന്റുകളും പോസ്റ്റുകളും അത്ര മോശമായി തോന്നിയിട്ടില്ല. പോസ്റ്റുകള്‍ എന്നെ അത്യാവശ്യം ചിരിപ്പിക്കുന്നുണ്ട്. എന്റെ നിലവാരക്കുറവാകും കാരണം.
ഇവിടെ വ്യക്തിഹത്യയാണുദ്ദേശമെങ്കില് അതു വേണ്ടായിരുന്നു. ഒരു പോസ്റ്റിടാന്‍ വേറെന്തൊക്കെ വിഷയമാക്കാം. ഈ പോസ്റ്റൊരു തമാശയും ഒത്തുകളിയുമാണെങ്കില് കൊള്ളാം.
പലരും ചോദിച്ച സംശയം എനിക്കുമുണ്ട്. ഞാന്‍ ഇതൊരു ഹാസ്യമായാണ് കണ്ടത്. വ്യക്തിഹത്യയാണുദ്ദേശമെങ്കില് ശക്തമായി പ്രതിഷേധിക്കുന്നു.
ഇതൊരു വ്യക്തിഹത്യ അല്ലെന്ന് ഞാനിതാ പ്രഖ്യാപിക്കുന്നു. കമന്റുകൾ ഇടുന്നവർക്ക് ഒരു പ്രോത്സാഹനമായി എഴുതിയതാണ് ആശാന്മാരേ.. തമാശയായെഴുതിയതല്ലെങ്കിൽ ഞാൻ ഇത് പ്രതികരണത്തിൽ ഇടുമായിരുന്നു..
ഭായിക്കും ഭായിയെപ്പോലെ നല്ല കമന്റുകൾ ഇടുന്ന എല്ലാവർക്കും ഭാവുകങ്ങൾ അർപ്പിച്ചുകൊള്ളുന്നു. ഭായി പോസ്റ്റിട്ടാലും കമന്റിയാലും എന്തെങ്കിലും ചിരിക്കാനോ ചിന്തിക്കാനോ ഉണ്ടാവും. ഭായിക്ക് ആശംസകൾ!
പ്രിയ സുഹൃത്തെ...
വായിച്ചിട്ട് "കമാ" ന്നൊരക്ഷരം പറയാതെ തലയില്‍ മുണ്ടിട്ടു മുങ്ങുന്നവരുടെ ബൂലോകത്ത് ഒരു പോസ്റ്റ് (നല്ലതായാലും ചീത്തയായാലും) വായിക്കാനുള്ള ക്ഷമ കാണിക്കുകയും അതിനു പറ്റുന്ന രീതിയില്‍ കമന്റു എഴുതുകയും ചെയ്യുന്ന ഭായിയെ പോലെയുള്ളവരെ അനുമോദിക്കുകയല്ലേ വേണ്ടത്? അതാണ് ലേഖകന്റെ ഉദ്ദേശമെങ്കില്‍ ഈ പോസ്റ്റിന്റെ ലേഖകനും അനുമോദനം അര്‍ഹിക്കുന്നു. അതല്ല വ്യക്തിഹത്യയാണ് ഇതിന്റെ ലക്ഷ്യമെങ്കില്‍ വിഷമമുണ്ട്..
രഘുനാഥൻ, എന്റെ മുകളിലെ കമന്റ് വായിക്കുക.
കഴിഞ്ഞ എന്റെ പോസ്റ്റിന് ഭായിയെന്ന (തമാശന്റെ മരം)ബ്ലോഗര്‍ ഇങ്ങനെ എഴുതി
“....പണ്ട് ഞാനും നന്നായിട്ട് വരക്കുമായിരുന്നു സ്കെയിലുകൊണ്ട് നോട്ട് ബുക്കിന്റെ ഇടത് വശത്ത്“
ഇത് വായിച്ച് ആര്‍ക്കാണ് ചിരിക്കാതിരിക്കാന്‍ കഴിയുക.
ഭായിയുടെ ഒരു കമെന്റുണ്ടായാല് ഒരു പോസ്റ്റ് മുഴുവനായി എന്ന് തന്നെ പറയാം.
നന്ദി പള്ളീ...
Bhaikkente lalsalam.. :)
മലയാള നവമാധ്യമ വേദിയായ ബൂലോക പ്രപഞ്ചത്തില്‍ കമന്റു നിരൂപണം എന്ന സാഹിത്യ ശാഖക്ക് ഈ പോസ്റ്റിലൂടെ നാന്ദികുറിച്ച
ബൂലോക തോന്നിവാസിയും,ശുദ്ധനും,ദുഷ്ടനും,
തനി പച്ച കാക്കയുമായ നന്മനിറഞ്ഞ പള്ളിക്കൂളത്തെ ബൂലോക മൂരാച്ചിയും വര്‍ഗ്ഗീയ വാദിയും, മോഡി ഭക്തനും, സദാചാര വിരുദ്ധനും, സരസ്വതിയുടെ പ്രാണനാഥനുമായ
നാം ഇതിനാല്‍ ഹാര്‍ദ്ദവമായി അഭിനന്ദിച്ചുകൊള്ളുന്നു :)
ഈ പോസ്റ്റിലെ കഥാതന്തുവായ ഭായിയുടെ
മഹത്തരമായ കമന്റു പ്രതിബദ്ധതയേയും
അദ്ദേഹത്തിന്റെ കമന്റുകള്ക്കകത്തെ
ഒരു ബ്ലോഗാത്മാവിന്റെ ഹൃദയസ്പന്ദനത്തേയും
ബൂലോകം എന്നും നന്ദിയോടെ സ്മരിക്കും
എന്നാശിച്ചുകൊണ്ടും അതിനായി
പടച്ചോനോട് കണ്ണാടിയില്‍ നോക്കി പ്രാര്‍ത്ഥിച്ചുകൊണ്ടും സര്‍വ്വ മംഗളങ്ങളും
ഭായിക്കും നേര്‍ന്നുകൊള്ളുന്നതായി
പ്രഖ്യാപിച്ചുകൊള്ളുന്നു :)
ഭായി ഒരു സംഭവം തന്നെ!
ചിത്രകാരന് പറഞ്ഞപോലെ, കമന്റ് നിരൂപണം എന്ന ബ്ലോഹിത്യ ശാഖക്ക് തുടക്കം കുറിച്ച പള്ളിക്കുള്ളത്തിന് ആശംസകള്‍.
പള്ളിക്കുളം കലക്കി !
പള്ളിക്കുളം കലക്കിയെന്ന് വായിക്കുന്നവർക്ക് ; പള്ളിക്കുളം കഴിഞ്ഞ് ‘കോമ’ യിടാൻ വിട്ടു പോയതാണേ :)
സംഗതി ഉഷാർ
@ OAB,
ഭായി യുടെ ആ കമന്റ് വായിച്ച് ചിരിക്കാതിരിക്കാനെങ്ങിനെ കഴിയും :)
കൊള്ളാം പള്ളീ... ഈ നിരൂപണം അസ്സലായി... ഭായി കീ ജയ്....
'നന്ദി എങിനെ പറയണമെന്നറിയാത്തത് കൊണ്ട് ഇവിടെ “നന്ദി“ എന്ന് ടൈപ്പ് ചെയ്ത് വെക്കുന്നു!'
ഇതു മാത്രം പോരേ നമ്മടെ ഭായിയെ ക്ലാസ്സ് അറിയാൻ...
പള്ളീ...സംഭവം കൊള്ളാം. ഭായി പറഞ്ഞതു പോലെ കത്തികള്‍ എല്ലാം മുറിവേല്ക്കാതെ എടുത്തുനോക്കിയിരുന്നു...പലതും ഒരു പാട് ചിരിപ്പിച്ചു... ഭാവുകങ്ങള്‍
ഓടൊ-പിന്നെ പള്ളി മുന്‍പ് എന്നോട് ചോദിക്കാന്‍ പറഞ്ഞ ചോദ്യം പലരോടും ഞാന്‍ ചോദിച്ചു. എന്തായാലും ഉത്തരം പള്ളിപറഞ്ഞതല്ലായിരുന്നു. അതു സന്തോഷിപ്പിച്ചു..... സസ്നേഹം
വ്യക്തിഹത്യയാണോ നര്‍മ്മമാണോ എന്ന് ഇപ്പോഴും വര്‍ണ്ണത്തിലാശങ്ക! പിന്നെ പള്ളിക്കുളമല്ലേ അങ്ങിനെ കേറി ഒരാളെ സുയിപ്പാക്കില്ലാലോന്ന് ഒരു വിശ്വാസം. ആ വിശ്വാസത്തിന്റെ പുറത്ത് പറയട്ടെ, കലക്കി :)
മലയാള ബ്ലോഗിന്റെ രോമാഞ്ചകഞ്ചുകമായ ഭായിയ്ക്ക് ഭാവുകങ്ങള്‍!
:)
എന്താണെന്ന് അറിയില്ല ഭായി ഇതുവരെ എന്റെ ബ്ലോഗില്‍ ഒന്നും മിണ്ടിയില്ല, രക്ഷപെട്ടുപോയാലോ എന്നു കരുതി ആണോ അതോ ഞ്ഞാന്‍ ഒരു സംഭവം ആണെന്ന് കരുതി ആണോ ആവോ
ഹി ഹി ഹീ...സ്ക്കെയിലോണ്ട് നോട്ട് ബുക്കിന്റെ എടത്തേ സൈഡീള്ള ഓന്റെ ആ വരണ്ടല്ലാ.ഒരൊന്നൊന്നര വരന്നേ അത്.
ഒടുക്കത്തെ സെന്‍സ് ഓഫ് ഹ്യൂമര്‍ തന്നെ.
പിന്നെ ഇത് വ്യക്തിഹത്യയല്ലെന്ന് പള്ളി ആദ്യമേ പറഞ്ഞതോണ്ട് വിടുന്നു :)
പള്ളിക്കുളം. എന്താ പറയാ. "മരണാക്ഷരങ്ങള്‍" എന്ന താങ്കളുടെ പോസ്റ്റ് വെറും പത്തു കമന്റില്‍ കരിന്തിരി കത്തിപ്പോയപ്പോ അത് പള്ളിക്കുളം ബ്ലോഗിന്റെ മരണാക്ഷരങ്ങളായി താങ്കള്‍ ഭൂലോകം വിട്ടെന്നാണ് ഞാന്‍ കരുതിയത്. പരലോകത്ത് നിന്ന് ഭായിയെയും പൊക്കിപ്പിടിച്ചുള്ള ഈ ഉയിര്ത്തെഴുന്നേല്പ് കേമായി. മുങ്ങിത്താഴുമ്പോള്‍ കിട്ടിയ "ഭായി" എന്ന വന്‍ മരത്തെ വലിച്ചു കരക്ക് കയറ്റിയല്ലോ. അഭിനന്ദനങ്ങള്‍. പള്ളിക്കുളത്തിനും ഭായിക്കും ഒരിക്കലും ചിരിക്കില്ലെന്ന് വാശി പിടിക്കാത്തവരെ ചിരിപ്പിച്ച പോസ്റ്റിനും.
എന്താപറയ്യാ.. വരാണ്ടിരിക്കാൻ പറ്റ്വോ?
ബ്ലോഗ്”ഭായി”ക്ക് “പള്ളിക്കുളം”വകയായി
രസികശിരോമണി അവാറ്ഡും,പൊന്നാടയും...
"കമന്റടിക്കാര്‍ ബ്ലോഗിന്റെ ഐശ്വര്യം" അവര്‍ നീണാള്‍ വാഴട്ടെ!!
nalla rasakaramaaya avatharanam.....
ഭായിയെ അഭിനന്ദിച്ചതിന് അഭിനന്ദനങ്ങള്‍.
ഭായിയൊരു സംഭമാണെന്ന് ഇപ്പഴാ മാനസ്സിലായത്. ന്നാലും ന്റെ പള്ളിക്കുളം ഈ കമന്റ് നിരൂപണം വേണമായിരുന്നോ?? ഇങ്ങനെ നിരൂപിച്ചാൽ പലതും ഈ ബ്ലോഗിൽ കാണേണ്ടിവരും. അങ്ങനെയല്ലേ കമന്റുകളുടെ ഒരു പോക്ക്.
Post a Comment