9/12/11

‘പ്രണയ’നൈരാശ്യം.


റിവ്യൂവിന് ചിത്ര നിരീക്ഷണം തന്നെ നന്ന്. ഇത് ഒരു സാദാ പ്രേക്ഷകന്റെ അനുഭവം മാത്രം.


പ്രണയ നൈരാശ്യം ബാധിച്ചാണ് തിയേറ്റർ വിട്ടിറങ്ങിയത്.
ബ്ലസ്സിയെ പ്രണയിച്ചതാണ് ഞാൻ ചെയ്ത തെറ്റ്.
ആദ്യ ‘കാഴ്ച’യിൽ തന്നെ എനിക്കിഷ്ടമായിരുന്നു ബ്ലസ്സിയെ.
കൽക്കട്ട ന്യൂസ് നിരാശപ്പെടുത്തിയെങ്കിലും മറ്റു പല ചിത്രങ്ങളിലൂടെയും ബ്ലസ്സിയോടുള്ള പ്രണയം നിലനിന്നിരുന്നു.
എന്തോ ഈ പ്രണയത്തോടെ ആ പ്രണയത്തിന് സാരമാം വിധം മങ്ങലേറ്റിരിക്കുന്നു.
ഒരുപക്ഷേ പ്രണയത്തെ സംബന്ധിച്ച എന്തോ പുതിയ വിചാരങ്ങൾ പ്രേക്ഷകനു മുന്നിൽ സമർപ്പിക്കുകയാണ് ബ്ലസ്സി എന്ന മുൻ‌ധാരണയോടെ ചിത്രം കാണാൻ കയറിയതാകാം നിരാശയ്ക്ക് കാരണം.
ബ്ലസ്സിയുടെ ഭീരുത്വം വിളിച്ചോതുന്ന ഒരു ചിത്രമെന്ന നിലയിൽ പ്രണയത്തെ കാണാനാണ് എനിക്കിഷ്ടം.
 “മാംസനിബദ്ധമല്ല രാഗം” എന്നൊക്കെ ചുമ്മാ കവികൾക്ക് പറയാമെങ്കിലും സിനിമക്കാർ അത് സമ്മതിച്ചു തരാൻ പോകുന്നില്ല. മാംസനിബദ്ധം തന്നെയാണ് രാഗം എന്നാണ് ബ്ലസ്സിയും വിളിച്ചോതുന്നത്. ‘ഒരേസമയം’ രണ്ടു ബുഡ്ഡാ കിഴവന്മാരുടെ കാമുകിയാവാൻ വിധിക്കപ്പെട്ട ചിത്രത്തിലെ നായിക ഗ്രേസ് (ജയപ്രദ) ഒരു നരപോലും വീഴാത്ത നല്ല സുന്ദര ശരീ‍രമായതിൽ നിന്നുതന്നെ രാഗത്തിന്റെ മാംസ നിബദ്ധത നമുക്ക് ബോധ്യപ്പെടും. (അയ്യോ ആന്റിക്ക് ഒരു നരപോലുമില്ലല്ലോ എന്ന് കൊച്ചുമകളെക്കൊണ്ട് ചോദിപ്പിച്ച് തടിതപ്പാൻ ബ്ലസ്സി ശ്രമിക്കുന്നുണ്ടെങ്കിലും.)

 ബ്ലസ്സിയെ പറഞ്ഞിട്ട് കാര്യമില്ല. മലയാളി പ്രേക്ഷകൻ കണ്ടുപരിചയിച്ച നായികമാരൊക്കെ സുന്ദരികളായിരുന്നു. ചിത്രത്തിലെ നായകൻ അണ്ടനോ അടകോടനോ മന്ദബുദ്ധിയോ കൂനനോ മുടന്തനോ വയസ്സനോ ആരുമായിക്കോട്ടെ, നല്ല കിളി കിളിപോലെയുള്ള നായികമാരെ തന്നെ കണ്ടെത്തിക്കൊടുക്കും നമ്മുടെ സംവിധായകർ അവർക്ക് പ്രേമിക്കുവാൻ. ഏത് ചേറിൽ കിടക്കുന്ന നായികാ കഥാപാത്രത്തിന്റേയും പുരികം ത്രെഡ് ചെയ്ത്  ലിപ്സ്റ്റിക്കും തേച്ച് ഈറനണിയിച്ച് നിർത്തിത്തരും നമുക്കും നായകനും കണ്ട് ആസ്വദിക്കുവാൻ. ബ്ലസ്സിയും ചെയ്യുന്നത് മറ്റൊന്നല്ല. നായകന്മാർ അനുപം ഖേറും മോഹൻലാലുമാകുമ്പോൾ ഏറ്റവും കുറഞ്ഞത് ജയപ്രദയെങ്കിലും നായികയാവുക എന്നതു തന്നെയാണ്  അതിന്റെ ഒരു.. ഒരു  ന്യായം. 

പ്രണയത്തിന്റെ വിവിധ ഭാവങ്ങളെ പ്രതിഫലിപ്പിക്കാൻ ബ്ലസ്സി ശ്രമിക്കുന്നുണ്ട് എന്നുമാത്രമേ പറയാനാവൂ. പുതിയ തലമുറയുടേയും പഴയ തലമുറയുടേയും ഇതിനിടയിലെ തലമുറയിലേയും പ്രണയ വൈവിധ്യങ്ങളെ ബ്ലസ്സി ചിത്രത്തിന്റെ ആദ്യ പകുതിയിൽ പകർത്താൻ ശ്രമിച്ചത് കഥാപാത്രങ്ങളുടെ ആധിക്യത്തിന് കാരണമായി എന്നതല്ലാതെ മറ്റൊന്നും പ്രേക്ഷകന് പകർന്നു നൽകുന്നില്ല. ആദ്യത്തെയും മൂന്നാമത്തെയും കാറ്റഗറിയെ ഇടവേളയുടെ ഗേറ്റ് കടത്തിവിടാഞ്ഞത് പ്രേക്ഷകനോട് ചെയ്ത കാരുണ്യം എന്നേ പറയാനാവൂ.

ചിത്രത്തിൽ ഉടനീളം പ്രണയത്തെക്കാളുപരി ഒരു പ്രശ്നത്തിന്റെ സൊല്യൂഷനാണ് സംവിധായകൻ തേടുന്നത് എന്ന ഫീലിംഗാണ് എനിക്ക് ഉണ്ടായത്. പ്രണയിക്കുകയും വിവാഹം കഴിക്കുകയും പിന്നീട് പിരിയുകയും ചെയ്ത രണ്ട് വ്യക്തികൾ നാല്പത് വർഷങ്ങൾക്ക് ശേഷം മറ്റൊരു സെറ്റപ്പിൽ കണ്ടുമുട്ടുമ്പോൾ ഉണ്ടാവുന്ന ആശയക്കുഴപ്പങ്ങൾക്കും പ്രശ്നങ്ങൾക്കും ഒരു സൊല്യൂഷൻ തേടുകയാണ് ചിത്രം. തന്റെ ഭാര്യ പഴയ കാമുകനെ/ ഭർത്താ‍വിനെ അവിചാരിതമായി കണ്ടുമുട്ടി എന്ന കാര്യം തന്റെ ഫിലോസഫിക്കൽ കണ്ണടയിലൂടെയാണ് മാത്യൂസ് നോക്കിക്കാണുന്നത്. എന്തായാലും തന്റെ ഭാര്യയെ പ്രണയിക്കാനുള്ള ജനാധിപത്യപരമായ അവകാശം മാത്യൂസ് അച്യുതമേനോന് വകവെച്ച് കൊടുക്കുന്നു. മാത്യൂസ് ഒരു ഫിലോസഫി വാദ്യാരാണ് എന്ന് മൂന്നാല് വട്ടം നമ്മോട് പറയുന്നത് മാത്യൂസിനെപ്പോലെ തന്നെ നമുക്കും ഈ പ്രണയം പെട്ടെന്ന് ദഹിക്കാൻ വേണ്ടിയാണോ എന്നൊരു സംശയം ഇല്ലാതില്ല. എന്തായാലും ഇത്തരുണത്തിലുള്ള പ്രണയം പ്രേക്ഷകന്റെ ഉള്ളിൽ ദഹിപ്പിച്ചെടുക്കുന്നതിൽ ബ്ലസ്സി വിജയിച്ചു എന്നു തന്നെ പറയാം.

ഡയലോഗിന്റെ അതിപ്രസരം ചിത്രത്തെയും ബാധിച്ചിട്ടുണ്ട്. ബ്ലസി ഒരുപക്ഷേ അന്ധന്മാരെക്കൂടി മുന്നിൽ കണ്ടുകൊണ്ടാവാം ചിത്രം സംവിധാനിച്ചത്. പിന്നെ പ്രേക്ഷകനെ പഠിപ്പിക്കുവാൻ  ചില തത്വശാസ്ത്രങ്ങളും തലങ്ങും വിലങ്ങും കഥാപാത്രങ്ങളെക്കൊണ്ട് തട്ടിമൂളിക്കുന്നു. തന്മാത്രയെയും പളുങ്കിനെയുമൊക്കെ ഓർമിപ്പിക്കുന്ന തരത്തിലായിരുന്നു പുതു തലമുറയുടെ ഡയലോഗ് പ്രസന്റേഷൻ. കുട്ടികൾക്കൊക്കെ  അതേ ആക്സന്റ്, അതേ ചിരി. അനുപം ഖേറിന്റെ ചുണ്ടനക്കൽ അത്ര പോരായിരുന്നു. ചിലപ്പോഴൊക്കെ അദ്ദേഹത്തിന്റെ ഡയലോഗ് ആക്ഷനെ മറികടക്കുന്നതും ഒരു കല്ലുകടിയായി അനുഭവപ്പെട്ടു.

അച്യുത മേനോൻ (അനുപം ഖേർ) കണ്ണുഡോക്ടർ തരുന്ന ലെൻസുകൾ തന്റെ കണ്ണിൽ മാറി മാറി പരീക്ഷിക്കുന്നതാണ് ആദ്യത്തെ രംഗം. ഓരോ ലെൻസും പെട്ടെന്നു പെട്ടെന്ന് മാറ്റുന്ന ഡോക്ടറോട് “കാഴ്ചകൾ കണ്ണിൽ പതിയാനുള്ള സമയം തരൂ“ എന്ന് മയത്തിൽ തട്ടിക്കയറുന്നുണ്ട്. ചിത്രത്തിൽ പിന്നീട് വരുന്ന രംഗങ്ങളിൽ നമ്മൾ കാണുന്നത് മനസ്സിൽ പതിയാതെ പെട്ടെന്നു പെട്ടെന്ന് മാറിപ്പോകുന്ന ഫ്രെയിമുകളാണ്. “ ഇങ്ങനെ പെട്ടെന്ന് പെട്ടെന്ന് മാറ്റിയാലെങ്ങനെ” എന്ന് സംവിധായകനോട് പ്രേക്ഷകൻ ചോദിച്ചുപോകും. 

ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങൾ ടച്ചിംഗ് ആയിരുന്നു. ഒരു പക്ഷേ പ്രേക്ഷകന് ആകെ ആശ്വാസം നൽകുന്നത് ചിത്രത്തിന്റെ അവസാനത്തെ ഏതാനും രംഗങ്ങൾ മാത്രമാണ്. ഗ്രേസിന്റെ മരണം പ്രേക്ഷകന്റെ കണ്ണു നനയിക്കാതിരിക്കില്ല.



“ നല്ല പടം.. അല്ലേ.. ?” പോരാൻ നേരം ഭാര്യ കണ്ണീരോടെ ചോദിച്ചു..
“ അതു പിന്നെ, മരണം ആരുടെ കണ്ണാണ് നനയിക്കാത്തത്..? ഞാൻ എന്റെ കണ്ണു തുടച്ചുകൊണ്ട് പറഞ്ഞു.

5 comments:

മേഘമല്‍ഹാര്‍(സുധീര്‍) said...

ക്ലൈമക്ഷ് ഒഴികെ മറ്റെല്ലാം വളരെ നന്നായി എന്നാണു മാതൃഭുമിയില്‍ വായിച്ചത്.. ഇവിടെ മറിച്ചും ..

ഒരു യാത്രികന്‍ said...

അല്ല മാഷെ അപ്പൊ കാണണ്ടേ? പണ്ടാരം ആകെ കണ്‍ഫ്യൂഷന്‍ ആക്കിയല്ലോ.......സസ്നേഹം

ശ്രീ said...

ഓണചിത്രങ്ങളില്‍ തമ്മില്‍ ഭേദമെന്നാണ് കേട്ടത്.
അതു കൊണ്ട് കാണണമെന്നുണ്ടായിരുന്നു, സമയം കിട്ടിയില്ല.

ഭായി said...

ഹ ഹ ഹ പള്ളിക്കുളം എത്തിയോ..?!!

കളം മാറ്റിച്ചവിട്ടിയാണല്ലോ ഇപ്പോഴത്തെ വരവ്.! :)
റിവ്യൂ വായിച്ചപ്പോൾ ചിത്രം കാണണമെന്ന് ആഗ്രഹമുണ്ട്.!

അപരിചിതന്‍ said...

പള്ളിക്കുളം ..

പറഞ്ഞത് ശരിയാണ്‌..പക്ഷെ ഞാന്‍ അത്ഭുതം കൂറിയത് മറ്റൊരു കാര്യം കൊണ്ടാണ്‌.

ഒരു കഥയും പറയാതെ എത്ര സുന്ദരമായി ബ്ളെസി ഒരു ശരാശരി മലയാളി പ്രേക്ഷകനെ കബളിപ്പിക്കുന്നു..

ഇദ്ദേഹം ഒരു amplified celebrity മാത്രം ആണെന്ന് പറയേണ്ടി വരും..