ഡൽഹി ഇമാമിന്റെ മകന്റെ സ്ഥാനാരോഹണം വിവാദമായിരിക്കുന്ന സമയമാണിത്. വ്യവസായ പ്രമുഖർക്കും രാഷ്ട്രത്തലവന്മാർക്കും ആതിഥ്യമരുളാൻ തക്കവണ്ണം ശേഷിയുള്ള പള്ളിയും ഖാദിയും മുക്രിയുമൊക്കെയുള്ള 'മഹല്ലുകൾ' ഈ രാജ്യത്തുണ്ടെന്ന് മനസ്സിലായത് ഇപ്പോഴാണ്. പാവം ഷംസിക്ക! ഷംസിക്കയും ഒരു മഹല്ലിലെ മുക്രിയായിരുന്നു.. ഒന്നും രണ്ടുമല്ല.. 40 വർഷം. നീണ്ട നാല്പത് വർഷം!! ഈ നാല്പത് കൊല്ലവും ആ പള്ളിക്കു ചുറ്റുമുള്ള നാനാജാതി മതസ്ഥരായവർ ഉറക്കമെണീറ്റതും, അരി അടുപ്പത്തിട്ടതും, പശുവിനെ കറന്നതും, അത്താഴം കഴിച്ചതും ഒക്കെ ഷംസിക്കയുടെ ബാങ്ക് കേട്ടായിരുന്നു. പിന്നെ, നിസ്കാരം! അത് വേണ്ടവർ നിസ്കരിച്ചു. വേണ്ടാത്തവർ നിസ്കരിച്ചില്ല.!!
ഷംസിക്ക ബാങ്കിനും ഇഖാമത്തിനും പുറമേ പള്ളിയിലെ, പായകൾ വൃത്തിയാക്കി, മാറാലകൾ തൂത്തുമാറ്റി, പള്ളിക്കുളത്തിലെ സിലോപ്പിയകൾക്ക് തീറ്റകൊടുത്തു.. വിശ്രമവേളകളിൽ വാതിൽപ്പടിയിൽ ചാരി പള്ളിക്കാട്ടിലെ ഖബറിൻ കൂട്ടങ്ങളിലേക്ക് കണ്ണും നട്ടിരുന്നു.. രാവിലെ നാല് മണിമുതൽ രാത്രി ഒൻപത് മണിവരെ ഷംസിക്ക പള്ളിയിൽ തന്നെ ഉണ്ടാവും. ഒരുപക്ഷേ എനിക്ക് പരിചയമുള്ളതിൽ വെച്ച് ഏറ്റവും ദൈർഘ്യമേറിയ ജോലിസമയം! 17 മണിക്കൂർ! പള്ളിപരിപാലനവും ബാങ്ക് വിളിയും കൂടാതെ മുടികളച്ചിൽ വിവാഹം, വിവാഹ നിശ്ചയങ്ങൾ, ഗൾഫിൽ പോക്ക്, മരണം, മൂന്നാം ഫാത്തിഹ, ഖത്തം തുടങ്ങി ജനനവും ജീവിതവും മരണവുമായി ബന്ധപ്പെട്ട സകല സംഗതികൾക്കും ഷംസിക്ക ഉണ്ടാവും ഉസ്താദിന്റെ കയ്യാളായി.. അതുവഴി എന്തെങ്കിലും കൈമടക്ക് തടയാറുമുണ്ടായിരുന്നു. പുരോഗമന പ്രസ്ഥാനങ്ങൾ തലപൊക്കിയതോടെ ആ കൈ മടങ്ങാതെയായി.
നാല്പത് ദിവസം തുടർച്ചയായി സുബ്‌ഹി നിസ്കരിച്ചാൽ സ്വർഗാവകാശി ആവും എന്ന് കേട്ടിട്ടുണ്ട്. അത് ശരിയാണെങ്കിൽ ഷംസിക്ക ഇതിനകം തന്നെ എത്രയെത്ര സ്വർഗങ്ങൾക്ക് അവകാശിയായിരിക്കണം?! ഈ ചെറിയ മനുഷ്യന്റെ നെറ്റിയിലെ വലിയ നിസ്കാരത്തഴമ്പുകൾ പലപ്പോഴും സ്വർഗത്തിന്റെ ഭൂപടം പോലെ തോന്നിച്ചു.
ഷംസിക്കായ്ക്ക് വയസ്സായി. പഴയതുപോലെ വയ്യ. രണ്ട് മക്കളുണ്ട്. ഒരാൾ ഷംസിക്കയുടെ തനിപ്പകർപ്പാണ്. അവശനായ ഷംസിക്ക പള്ളിസർവ്വീസിൽ നിന്നും ഈയിടെ വിരമിച്ചു. അവസാനമാസം അയാൾ വാങ്ങിയ ശമ്പളം 1500 രൂഫ. നാല്പത്തി അഞ്ചു കൊല്ലമായി ഇൻക്രിമെന്റ് കിട്ടിക്കിട്ടി എത്തിച്ചേർന്ന തുകയാണത്. ആയിരത്തഞ്ഞൂറു രൂഫാ.. പെൻഷനായി ഒന്നുമില്ല. മാസാമാസം എന്തെങ്കിലും കൊടുത്തേക്കണമെന്ന് നാട്ടിലെ പ്രമാണിമാരെ പറഞ്ഞേല്പിച്ചിട്ടുണ്ട് എന്നറിയുന്നു. അതുവാങ്ങാൻ ഷംസിക്ക മാസാമാസം അവരുടെ മുന്നിൽ കൈനീട്ടണം!!
ഈ മഹല്ല് കമ്മിറ്റിയും മഹല്ലിലെ ഇടയന്മാരും കുഞ്ഞാടുകളുമൊക്കെ നരകത്തിൽ പോകാൻ ഷംസിക്കായ്ക്ക് അനുവദിച്ചുകൊടുത്ത ഈ 'ദാനം' മതിയാകുമെന്ന് ഞാൻ വിശ്വസിക്കുന്നു. മരിച്ചു സ്വർഗത്ത് ചെല്ലുമ്പോൾ ഷംസിക്കയോട് ദൈവം ഇങ്ങനെ പറയുമായിരിക്കും: "ഷംസേ, നിന്റെ നാട്ടിൽ അന്ന് ഞാൻ കല്ലുമഴ പെയ്യിക്കാതിരുന്നത് നീ അവിടെ ഉള്ളതുകൊണ്ട് മാത്രമായിരുന്നു.."
No comments:
Post a Comment