7/28/18

ഇമ്യൂൺ സിസ്റ്റം

പകർച്ചവ്യാധികൾ പടർന്നുപിടിക്കാൻ തുടങ്ങിയാൽ നേർച്ചയാക്കപ്പെട്ട ഒരു ആടിനെയും കൊണ്ട് വീടുവീടാന്തരം കയറിയിറങ്ങുന്നൊരു ഇമ്യൂൺ സിസ്റ്റം പണ്ട് ഞങ്ങളുടെ നാട്ടിലൊക്കെ ഉണ്ടായിരുന്നു. വസൂരിയും, കോളറയുമൊക്കെ ഇങ്ങനെ പിടിച്ചു നിർത്തിയിരുന്നതായി പഴമക്കാർ പറയുന്നു. ഈ കലാപ്രകടനം കാണാൻ വളരെ അപൂർവ്വമായേ എനിക്ക് അവസരം ഉണ്ടായിട്ടുള്ളൂ. സുന്നികൾ കണ്ടെത്തി പരിപാലിച്ചുപോന്ന ഇത്തരം രോഗപ്രതിരോധ രീതികൾക്കെതിരേ ചില പുത്തനാശയക്കാർ പ്രചാരണം അഴിച്ചു വിടുകയും കാലക്രമേണ അവരോട് പിടിച്ചു നിൽക്കാനാവാതെ ഈ ആചാരം അന്യം നിന്നുപോവുകയും ചെയ്തു.

എനിക്ക് ഓർമ്മയുള്ള ആടുനേർച്ച ചിക്കൻ പോക്സിനെതിരേയുള്ളതായിരുന്നു. ഹൈദ്രോസ് തങ്ങളുടെ അടുത്ത് അതിനു പറ്റിയ ലക്ഷണമൊത്ത മുട്ടനാടുകൾ ഒന്നുരണ്ടെണ്ണം എപ്പോഴും ഉണ്ടാവും. നാഗൂറിൽ നിന്ന് കൊണ്ടുവന്നതാണെന്ന് പറയപ്പെടുന്നു. കണ്ടാലും നല്ല ലുക്കാണ്. നല്ല താടിയൊക്കെയായിട്ട്, ബാഖിയാത്തുസ്വാലിഹാത്തില്‍നിന്ന് ബാഖവി ബിരുദം നേടിയശേഷം ഇപ്പോൾ ഏതോ മുസ്ലിം സംഘടനയുടെ മൗലാനയായി വാണരുളുകയാണെന്നുപോലും തോന്നിപ്പോകും. അജ്ജാതി ആടുകൾ!.

ഹൈദ്രോസ് തങ്ങൾ താൻ ചെയ്യുന്ന ജോലിയിൽ നല്ല ശുഷ്കാന്തിയുള്ള ആളാണ്. ഉഷ്ണകാലം വരുന്നതോടനുബന്ധിച്ച് ചിക്കൻപോക്സിന്റെ കുരുക്കൾ അവിടവിടെയായി മുളയ്ക്കാൻ തുടങ്ങുമല്ലോ. അതിനും മുമ്പേ അദ്ദേഹം തന്റെ ആടുകൾക്ക് നല്ല തീറ്റകൊടുത്ത് കനപ്പിച്ച് ഒരുക്കി നിർത്തും. ആടിന്റെ കഴുത്തിൽ തൂക്കാനുള്ള പച്ചപ്പട്ടുകൊണ്ടു തുന്നിയ കീശ കഴുകിയുണക്കി തയ്യാറാക്കിവെക്കും. ആടുകൾ ഓരോരോ വീടുകളിൽ കയറിയിറങ്ങുമ്പോൾ അതിലേയ്ക്കാണ് വീട്ടുകാർ പണമെറിഞ്ഞുകൊടുക്കേണ്ടത്. നാഗൂർ ആണ്ടവൻ തുണ! എന്നാൽ എല്ലാ സീസണിലും ആടിനെ ഇറക്കി ഒരു പര്യടനം നടത്തത്തക്ക നിലയിൽ ചിക്കൻ പോക്സ് നാട്ടിലാകെ പടർന്നു പിടിക്കണമെന്നില്ല. അതൊക്കെ H.തങ്ങളുടെ ഭാഗ്യം പോലെയിരിക്കും. ഭാഗ്യമില്ലെങ്കിൽ ആടിന് പ്ലാവില വാങ്ങിയ കാശ് നഷ്ടം!

ഒരു പര്യടനത്തിനായി ചിലപ്പോൾ വർഷങ്ങൾ കാത്തിരിക്കേണ്ടിവരും. അതൊക്കെ ഇതിന്റെ ഭാഗമാണ്. കാത്തിരുന്നു കാത്തിരുന്നു മടുത്ത ഹൈദ്രോസുതങ്ങൾ 1994-ലെ ഒരു ഉഷ്ണകാലത്ത് തന്റെ ആടുകളെ പര്യടനത്തിനിറക്കാൻ തന്നെ തീരുമാനിച്ചു. ഒരുദിവസം വൈകും നേരം അവയെ കുളിപ്പിച്ച് കൂട്ടിലാക്കി ചന്ദനത്തിരിയും കുന്തിരിക്കവും ഗുമുഗുമാ പുകച്ച് ഭക്തിയുടെ മാസ്മര വലയത്തിലാക്കി. ആടുകൾക്കും എന്തെന്നില്ലാത്ത സന്തോഷം.

കൂട്ടിനു പുറത്തിറക്കിയപ്പോൾ ആഹ്ലാദം മറച്ചുവെക്കാതെ ആദ്യത്തെ ആട് ചോദിച്ചു :

"എങ്ങോട്ടാ?"

"അതൊക്കെയുണ്ട്": ഹൈദ്രോസ് സസ്പെൻസാക്കി.

പച്ചപ്പട്ടിന്റെ കീശ കഴുത്തിൽ കെട്ടാൻ തുടങ്ങുമ്പോൾ രണ്ടാമത്തെ ആട് ഇറങ്ങിവന്ന് കൈ തട്ടി മാറ്റിയിട്ടു ദേഷ്യപ്പെട്ടു: "എങ്ങോട്ടാണെന്ന് പറഞ്ഞിട്ട് കെട്ടിയാമതി!"

"നാട്ടിൽ മുഴുവൻ ചെങ്കണ്ണ് പടർന്നിരിക്കുന്നു. രാത്രിയാവുമ്പോഴേക്ക് നമുക്കൊന്ന് കറങ്ങിയിട്ടുവരാം, കുറച്ച് ആളുകളെയും പിന്നെ പെട്രോമാക്സും ഞാൻ സംഘടിപ്പിച്ചിട്ടുണ്ട്."

"അയ്യേ.. ചെങ്കണ്ണോ?" ആടുകളുടെ രണ്ടിന്റേയും ഹൃദയം തകർന്നു. ഹൈദ്രോസുതങ്ങളെ അവർ പുഛത്തോടെ നോക്കി. അവർ ഇരുവരും ഇനി ഒരടി മുന്നോട്ടുവെക്കില്ലെന്ന് വാശിപിടിച്ചുനിന്നു. വാശിയുടെ കാര്യത്തിൽ ആടുകൾ മറ്റേതു മൃഗങ്ങളേക്കാളും മുന്നിലാണല്ലോ.

ദയവുചെയ്ത് സഹകരിക്കണമെന്ന് അദ്ദേഹം അവരോട് കെഞ്ചി.

ഒന്നാമൻ പറഞ്ഞു:
"ഞങ്ങൾക്ക് ഇങ്ങനെയുള്ള ചീളു രോഗങ്ങൾ മാറ്റിയുള്ള പാരമ്പര്യമില്ല. വസൂരി, കോളറ, മലേറിയ, പ്ലേഗ് ഓഫ് ജസ്റ്റിനിയൻ.. ഇതൊക്കെയാണ് ഞങ്ങളുടെ പാരമ്പര്യം"

"പ്ലേഗ്? സീരിയസ്‌ലി? - തങ്ങളുടെ കണ്ണുകളിൽ സംശയവും അതിശവും കത്തിനിന്നു.

"യേസ്.. ദാറ്റ് ഈസ് ദ ഡെഡ്‌ലിയസ്റ്റ് എപിഡമിക് മാൻകൈന്റ് ഹാവ് എവർ സീൻ.. ജസ്റ്റിനിയൻ ചക്രവർത്തി ഞങ്ങളുടെ പിതാമഹന്മാരിൽ ആറുപേരെ നാഗൂരിൽ നിന്ന് കൊണ്ടുപോയിട്ടാണ് അത് പിടിച്ചു നിർത്തിയത്. അപ്പോഴേക്കും ലോക ജനസംഖ്യയുടെ പകുതിയും തീർന്നിരുന്നു"- രണ്ടാമത്തെ ആട് ഗദ്‌ഗദകണ്ഠനായി.

ആടുകൾ പറയുന്നത് ശരിയാണ്. അവരുടെ പൂർവ്വപിതാക്കന്മാരെല്ലാം ബഹുമാനവർകളായിരുന്നു. മഹാമാരികൾ പെയ്തിറങ്ങിയ ദേശങ്ങളിലേക്കും കാലങ്ങളിലേക്കും അവർ നിർഭയം കടന്നുചെന്നിരുന്നു. ഓരോ വീടുകളിലും കയറിയിറങ്ങി മരിച്ചവർക്കും മരിച്ചുകൊണ്ടിരിക്കുന്നവർക്കും ജീവിച്ചിരിക്കുന്നവർക്കും അവർ സാന്ത്വനം നൽകി. നാഗൂർ ആണ്ടവന്റെ പ്രകാശം എല്ലാകാലത്തും അവർക്ക് തുണയായിനിന്നു.

ഇവിടെ, ഈ ചെങ്കണ്ണിൽ അവരെ പ്രലോഭിപ്പിക്കുന്നതായി യാതൊന്നുമില്ല.

തങ്ങള് തെല്ല് നീരസത്തോടെ പറഞ്ഞു : "വസൂരി പടരുന്നതും കാത്തിരുന്നാൽ ഇങ്ങനെയിരിക്കുകയേയുള്ളൂ. അതൊക്കെ നാടുകടത്തപ്പെട്ടിട്ട് കാലം കുറേയായി. കാലത്തിനനുസരിച്ചു മാറിയാൽ നിങ്ങൾക്കു കൊള്ളാം. ഇല്ലെങ്കിൽ മറ്റ് ആടുകളെപ്പോലെ ഏതെങ്കിലും പെരുന്നാൾ രാവിൽ ഒടുങ്ങാനാവും നിങ്ങളുടെയും വിധി!."

"ഭീഷണിയാണോ?"

ഹൈദ്രോസ് തങ്ങൾ മറുപടിയൊന്നും പറഞ്ഞില്ല. ആടുകളെ രണ്ടിനേയും അടിമുടിയൊന്ന് നോക്കുകമാത്രം ചെയ്തു.

ആ നോട്ടം തൂക്കമളക്കാനുള്ള നോട്ടമാണെന്ന് ആടുകൾക്ക് മനസ്സിലാവാതിരുന്നില്ല. പക്ഷേ ചെങ്കണ്ണുപോലൊരു സില്ലി രോഗത്തിനു വേണ്ടി പുറത്തിറങ്ങുന്നതിലും ഭേദം മരിക്കുന്നതല്ലേ എന്ന് അവർ രണ്ടുപേരും പരസ്പരം ചോദിച്ചുകൊണ്ടിരുന്നു. അതേസമയം അടുത്തുവരുന്ന ചെറിയപെരുന്നാൾ അവരുടെ ഉള്ളിൽ ഭയമുണ്ടാക്കുകയും ചെയ്തിരുന്നു.

ആടുകളുടെ പ്രാർഥന. നാഗൂർ ആണ്ടവന്റെ തുണ. ഒപ്പം ഹൈദ്രോസ് തങ്ങളുടെ ഭാഗ്യം. അതേവർഷം ചെങ്കണ്ണ് സ്കോർ ചെയ്യുന്നതിനൊപ്പം നാട്ടിൽ ചിക്കൻ പോക്സും പടർന്നുപിടിക്കാൻ ആരംഭിച്ചു. വലിയ നാശനഷ്ടമുള്ള കേസൊന്നുമല്ല. എങ്കിലും വസൂരിയുടെ പിന്മുറക്കാരൻ എന്നനിലയിൽ അത്യാവശ്യം ഭീകരാന്തരീക്ഷം ഉണ്ടാക്കിയെടുക്കാൻ ചിക്കൻപോക്സിനുള്ള കഴിവ് തള്ളിക്കളയാനാവില്ല. കൂടാതെ, ജനങ്ങളെ സംബന്ധിച്ച് അത് വസൂരിയെപ്പറ്റിയുള്ള ഓർമ്മപുതുക്കാനുള്ള അവസരവും ഉണ്ടാക്കുന്നു. ഓർമ്മപുതുക്കലുകളെല്ലാം ഉത്സവങ്ങളാണല്ലോ.

കാലങ്ങൾ കൂടിയുള്ള പര്യടനമായതുകൊണ്ട് അക്കൊല്ലം ജനപിന്തുണ ഏറെയായിരുന്നു. പുതിയ തലമുറയിലെ ആളുകൾക്ക് നല്ലൊരു കാഴ്ചയും അനുഭവവുമായിരുന്നു അത്. മുഅ‌്‌മിനീങ്ങളുടെയെല്ലാം പൂർണ്ണമായ സഹകരണം ഉറപ്പുവരുത്താൻ പള്ളിയിൽ നിന്ന് അനൗൺസ്മെന്റ് ഉണ്ടായി. പള്ളികളുടേയും പുരാതനകുടുംബങ്ങളുടെയും അറകളിൽ നിന്ന് നൂറ്റാണ്ടുകൾ പഴക്കമുള്ള തൂക്കുവിളക്കുകളും ധൂമപാത്രങ്ങളും റാന്തലുകളും പുറത്തെടുത്ത് മിനുക്കിയെരുക്കി. എത്രയോ കാലം ഉപയോഗിക്കാതെ കിടന്നിരുന്ന ദഫുകളുടെ മുഴക്കങ്ങൾ റിഹേഴ്സൽ ക്യാമ്പുകളിൽ നിന്ന് രാവേറെ ചെന്നും പ്രതിധ്വനിച്ചു. ഓരോ വീടുകളിലും മൗലിദുകൾ പാരായണം ചെയ്യാൻ ആരംഭിച്ചു.

രോഗപ്രതിരോധത്തിനായുള്ള നാട്ടുകാരുടെ ആഘോഷപൂർവ്വമായ പ്രവർത്തനങ്ങളിൽ ആടുകളും ഹൈദ്രോസുതങ്ങളും അത്യധികം ആഹ്ലാദിച്ചു. നാഗൂർ ആണ്ടവന്റെ ആടുകളെകാണാനും അവയ്ക്ക് തീറ്റകൊടുക്കാനും ആളുകൾ മത്സരിച്ചു. കുറഞ്ഞസമയത്തിനുള്ളിൽത്തന്നെ ആടിനു തീറ്റകൊടുക്കൽ ഒരു നേർച്ചപോലെയായി. ആട്ടിൻകൂടിനു മുന്നിൽ തങ്ങളൊരു ഓട്ടുതളിക സംഘടിപ്പിച്ചുവെച്ചു. തീറ്റകൊടുത്ത ശേഷം ആളുകൾ അതിൽ പൈസ ഇട്ട് നാഗൂർ ആണ്ടവന്റെ ബർക്കത്തിനായി പ്രാർഥിച്ചു.

ഏതാണ്ട് ഏഴുദിവസത്തെ മൊന്നൊരുക്കത്തിനു ശേഷം ഏഴുദിവസം പര്യടനമായിരുന്നു. ഏറ്റവും മുന്നിൽ പുതിയാപ്ലമാരെപ്പോലെ നാഗൂർ ആടുകൾ. പച്ചപ്പട്ടിന്റെ കീശകൂടാതെ ഏഴാം നൂറ്റാണ്ടിലേതെന്നു കരുതപ്പെടുന്ന ഓരോ ഓട്ടുമണികളും അവയുടെ കഴുത്തിൽ കെട്ടിയിരുന്നു. മണിമുഴക്കിക്കൊണ്ട് ആടുകൾ ഗമയോടെ നടന്നു. അതിനു പിന്നിൽ ഇരുവശത്തുമായി പെട്രോമാക്സുകാർ, നടുവിൽ കുന്തിരിക്കവും ചാമ്പ്രാണിയും പുകയുന്ന ധൂമപാത്രങ്ങൾ വീശിക്കൊണ്ട് രണ്ടുപേർ. അതിനുപിന്നിലായി പുരാതനമായ റാന്തൽ വിളക്കുകളുടെ നേർത്ത പ്രകാശവും പേറിക്കൊണ്ട് നാലുപേർ. അതിനുപിന്നിൽ ഒരുനൂറു ചന്ദനത്തിരികൾ കത്തിച്ചുവെച്ചൊരു വെള്ളിക്കാൽ ഉയർത്തിപ്പിടിച്ചുകൊണ്ട് ഒരാൾ. ഏറ്റവും പുറകിലായി വയസ്സന്മാരുടെ ദഫ് സംഘം. ഘോഷയാത്രയുടെ നടുക്കായിട്ടാണ് ബൈത്തുകാരനുള്ളത്. വലിയൊരു ഹരിതപതാക വഹിക്കുന്ന അയാളാണ് ഉച്ചത്തിൽ ബൈത്തുകൾ ചൊല്ലിക്കൊടുക്കുന്നത്. കൂടെയുള്ള പുരുഷാരം അത് ഏറ്റുചൊല്ലും.

"എല്ലാബലാലും ആപത്തും
ഇടങ്ങേറുകൾ മുസീബത്തും

ബദ്‌രീങ്ങടെ ബർക്കത്തിനാൽ
ഷിഫയാക്കണം യാ റബ്ബനാ.."

ഒരാഴ്ച്ചയ്ക്കുള്ളിൽത്തന്നെ ഊടുവഴികൾ കയറിയും തോടുകൾ നീന്തിയും ആടുകളും പരിവാരങ്ങളും വീടുകൾ ഒന്നൊഴിയാതെ സന്ദർശനം നടത്തി. ജാതിമതഭേദമന്യേ നാട്ടുകാരെല്ലാവരും അവരെ വരവേറ്റു. ഘോഷയാത്രയോടൊപ്പം വന്ന ആളുകൾ വീടിനു പുറത്തുനിന്ന് പ്രാർഥനകൾ ഉരുവിടുമ്പോൾ ആദ്യം ധൂമക്കാരൻ വീടിനുള്ളിൽ കയറി പുക നിറയ്ക്കും. ശേഷം ആടുകൾ അടുക്കള ഉൾപ്പടെയുള്ള എല്ലാ മുറികളിലും കയറിയിറങ്ങി രോഗികളേയും അല്ലാത്തവരേയും അനുഗ്രഹിച്ച് തിരിച്ചുവരും. രോഗികളുടെ കുമിളകളിൽ ചുംബിക്കുകയും ഗൃഹാംഗങ്ങളെ തഴുകുകയും ചെയ്യും.

ആടുകളുടെ പ്രകടനത്തിൽ ഹൈദ്രോസുതങ്ങൾ സംപ്രീതനായിരുന്നു. എല്ലാവരും അദ്ദേഹത്തെ വാഴ്ത്തി. അദ്ദേഹം വിനയാന്വിതനായി : "ആണ്ടവൻ തുണ"

നിർദ്ദിഷ്ടദിവസങ്ങൾ കൊണ്ടുതന്നെ ആടുകളും ആളുകളും ചേർന്ന് ചിക്കൻപോക്സിനെ എത്തേണ്ടിടത്തെല്ലാം എത്തിച്ചു. മുമ്പ് രോഗം വന്നുപോയവർക്കും ഹൈദ്രോസുതങ്ങൾക്കുമൊഴികെ നാട്ടിൽ എല്ലാവർക്കും അതോടെ രോഗം പിടിപെട്ടു. എങ്ങും ഉപ്പില്ലാത്ത കഞ്ഞിയും ഹോമിയോ ഗുളികകളും മാത്രം. ആര്യവേപ്പുകളെല്ലാം ഇലപൊഴിച്ച ശിശിരകാല വൃക്ഷത്തെപ്പോലെ നഗ്നരായി നിലകൊണ്ടു.

അതുവരെ ഘോഷയാത്രയെ പ്രതിരോധിക്കാനാവാതെ നിന്നിരുന്ന ഒരുവിഭാഗം ഉത്പതിഷ്ണുക്കൾ അവസരം പാഴാക്കാതെ ഹൈദ്രോസുതങ്ങൾക്കെതിരേ ആരോപണങ്ങളുമായി രംഗത്തുവന്നു. ആടുകളേയും കൊണ്ടുനടന്ന് നാടുമുഴുവൻ തങ്ങൾ രോഗം പരത്തി എന്നവർ ആരോപിച്ചു.

മഹാമാരിയെല്ലാം ഒഴിഞ്ഞ് അവസാനത്തെയാളിന്റേയും കുളികഴിഞ്ഞശേഷം ഹൈദ്രോസുതങ്ങൾ ജംഗ്ഷനിൽ ഒരു അനുമോദന യോഗം വിളിച്ചുചേർത്തു. തങ്ങളെക്കൂടാതെ മൂന്നു പള്ളികളിലേയും ഖത്തീബുമാരും ആടുകളും സ്റ്റേജിൽ സന്നിഹിതരായിരുന്നു. തന്നെ അനുമോദിക്കാൻ താൻ തന്നെ വിളിച്ചുചേർത്ത ആ യോഗത്തിൽ വെച്ച് ഹൈദ്രോസ് തങ്ങൾ ഉത്പതിഷ്ണുക്കൾക്കുള്ള മറുപടി കൊടുത്തു:
"ഇന്ന് നമ്മുടെ നാട് ചിക്കൻ പോക്സിൽ നിന്ന് ശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു. ഇവിടെ ഇനി ഒരാൾക്കും ഈ രോഗം വരികയില്ല. ഇങ്ങനെയാണ് നാഗൂർ ആണ്ടവൻ ബലാൽ മുസീബത്തുകളേയും രോഗങ്ങളെയും പ്രതിരോധിക്കുന്നത്.."

ആടുകൾ ചിനച്ചു. കൂടിയിരുന്നവർ കയ്യടിച്ചു.

"ആണ്ടവൻ തുണ!" - ഹൈദ്രോസ് തങ്ങൾ പ്രസംഗം ഉപസംഹരിച്ചു.

അന്നത്തെ ഘോഷയാത്രയ്ക്കു ശേഷം ജനിച്ചവർക്കും ഹൈദ്രോസുതങ്ങൾക്കുമല്ലാതെ മറ്റാർക്കും പിന്നീട് ചിക്കൻ പോക്സ് പിടിപെട്ടിട്ടില്ല എന്നത് ചരിത്രം.

11/17/14

The Curious Case of AAM AADMI PARTY

രണ്ട് ദിവസം മുമ്പ് HBO-യിൽ അവിചാരിതമായി ആ പടം ഒന്നൂടെ കണ്ടു. The Curious Case of Benjamin Button.
ഒരാളുടെ കാലചക്രം തിരിഞ്ഞു കറങ്ങുന്നതും അതോടനുബന്ധിച്ച അന്ത:സംഘർഷങ്ങളുമാണ് ഇതിവൃത്തം. ബെഞ്ചമിൻ ബട്ടൺ ജനിക്കുന്നതുതന്നെ വൃദ്ധനായാണ്. പ്രസവത്തോടെ അമ്മ മരണപ്പെടുന്നു. ചുക്കിച്ചുളിഞ്ഞ തൊലിയും ദേഹം മുഴുക്കെ വടുക്കളുമായി ജനിച്ച കുഞ്ഞു ബെഞ്ചമിന്റെ കോലം കണ്ട് അച്ഛൻ ബട്ടനും അവനെ കയ്യൊഴിയുന്നു. പിന്നെ അവനെ വളർത്തുന്നതൊക്കെ ക്യൂനി എന്നൊരു സ്ത്രീയാണ്. അകാല വാർദ്ധക്യമാണെന്നും കുറഞ്ഞകാലമേ ജീവിച്ചിരിക്കൂ എന്നും വിധിയെഴുതപ്പെട്ട ബെഞ്ചമിന്റെ ജീവിതം പക്ഷേ നേരേ തലതിരിഞ്ഞൊരു ഭ്രമണ പഥം തെരഞ്ഞെടുത്തു. ബെഞ്ചമിന്റെ മനസ്സ് എപ്പോഴും അവന്റെ ശരീരത്തിന് എതിരായിരുന്നു. ശരീരം വയസ്സനായിരുന്നപ്പോൾ അവന്റെ ഉള്ളം ഒരു കൊച്ചുകുട്ടിയുടേതായിരുന്നു. നരച്ച മുടിയും തളർന്ന ശരീരവുമായി അവൻ തന്റെ കളിക്കൂട്ടുകാരിയായ ഡെയ്സിയോടൊപ്പം ഒളിച്ചേ കണ്ടേ കളിച്ചു.  അതുപോലെ ശരീരം ചെറുപ്പം പ്രാപിച്ചപ്പോൾ അവന്റെ മനസ്സ് വൃദ്ധന്റേതായിരുന്നു. പടം കാണാത്തവുള്ളതുകൊണ്ട് കഥ അധികം പറയുന്നില്ല. എന്തായാലും അപാരമായ ഇതിവൃത്തമുള്ള ഒരു അപാര സിനിമയാണ് "ദി ക്യൂരിയസ് കേസ് ഓഫ് ബെഞ്ചമിൻ ബട്ടൻ". ബ്രാഡ് പിറ്റിന്റെ അപാരമായ അഭിനയത്തികവും ഫോട്ടോഗ്രാഫിയും മേക്കപ്പിലെ സൂക്ഷ്മതയും ചിത്രത്തിന്റെ അപാരതയ്ക്ക് മിഴിവേറ്റുന്നുണ്ട്.

 ഏകദേശം ബെഞ്ചമിൻ ബട്ടന്റെ അതേ ഗതിയാണ് ആം ആദ്മി പാർട്ടിക്കും എന്ന് തോന്നുന്നു. ജനിച്ചപ്പോൾ തന്നെ വലിയ കോലാഹലവുമായി രംഗപ്രവേശം. കാലങ്ങളായി കൊണ്ടും കൊടുത്തും വളർന്ന മറ്റേതൊരു രാഷ്ട്രീയപ്പാർട്ടിയേയും അത്ഭുതപ്പെടുത്തുന്ന രീതിയിലുള്ള വളർച്ച. മുല്ലപ്പൂ വിപ്ലവത്തെ അനുസ്മരിപ്പിക്കും വിധമുള്ള മഹാ സംഗമങ്ങൾ.. സമരങ്ങൾ. ഒരു സംസ്ഥാനത്തിന്റെ തന്നെ ഭരണം കൈക്കലാക്കി. ബെഞ്ചമിനെപ്പോലെ ഉള്ളം കൊച്ചുകുട്ടിയുടേതായിരുന്നതുകൊണ്ട് അത് എറിഞ്ഞു പൊട്ടിച്ചു. പിന്നെയും അഴിമതിക്കെതിരേ ക്യാമ്പയിനുകൾ. പ്രസംഗങ്ങൾ. മോഡിയെ വെല്ലുവിളിച്ചുള്ള മത്സരങ്ങൾ. ലോക് സഭാ ഇലക്ഷൻ കഴിഞ്ഞതോടു കൂടി മങ്ങി. പത്തുവയസ്സ് കുറഞ്ഞു. ഫേസ്ബുക്കിലും ട്വിറ്ററിലും ഗൂഗിൾ പ്ലസ്സിലും എന്നുവേണ്ട എല്ലായിടത്തും ഇരിക്കപ്പൊറുതി തരാത്ത രീതിയിലുള്ള പോസ്റ്റർ ഒട്ടിക്കലായിരുന്നു. ദിവസം 24 പോസ്റ്ററെങ്കിലും ആം ആദ്മിയുടെ വക സ്ക്രീനിൽ നിന്ന് ഉരുട്ടിമാറ്റിക്കൊണ്ടിരുന്നു. ആ പോസ്റ്റർ നിർമ്മാതാക്കളൊക്കെ ഇപ്പോൾ ഏത് പാർട്ടിയിൽ പോയി ചേർന്നോ ആവോ.. എന്തായാലും ആം ആദ്മി പാർട്ടി വന്നുവന്ന് കൗമാര ദശയിൽ എത്തിനിൽക്കുന്നു. അതിന്റെ മനസ്സ് ഇപ്പോൾ വലിയ പാർട്ടിക്കാർ ചിന്തിക്കുന്നതുപോലെയാണെന്ന വൈരുദ്ധ്യം ഉണ്ടെന്നു മാത്രം. ഡൽഹി ഇലക്ഷനോടെ ആം ആദ്മി പാർട്ടി അതിന്റെ ജീവിത ചക്രത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കും.

ഇന്ത്യമുഴുക്കെ അലയടിച്ച ഒരു അഴിമതി വിരുദ്ധ പ്രസ്ഥാനം മറ്റെല്ലാം മറന്ന് ഡൽഹിയിലെ കുടിവെള്ള പ്രശ്നത്തിലും കറണ്ട് ബില്ലിലും കുടുങ്ങി അവസാനിക്കും. പ്രേക്ഷകന് വേദന മാത്രം ബാക്കി!!

ഷംസിക്ക ഒരു മുക്രി ആകുന്നു..

ഡൽഹി ഇമാമിന്റെ മകന്റെ സ്ഥാനാരോഹണം വിവാദമായിരിക്കുന്ന സമയമാണിത്. വ്യവസായ പ്രമുഖർക്കും രാഷ്ട്രത്തലവന്മാർക്കും ആതിഥ്യമരുളാൻ തക്കവണ്ണം ശേഷിയുള്ള പള്ളിയും ഖാദിയും മുക്രിയുമൊക്കെയുള്ള 'മഹല്ലുകൾ' ഈ രാജ്യത്തുണ്ടെന്ന് മനസ്സിലായത് ഇപ്പോഴാണ്. പാവം ഷംസിക്ക! ഷംസിക്കയും ഒരു മഹല്ലിലെ മുക്രിയായിരുന്നു.. ഒന്നും രണ്ടുമല്ല.. 40 വർഷം. നീണ്ട നാല്പത് വർഷം!! ഈ നാല്പത് കൊല്ലവും ആ പള്ളിക്കു ചുറ്റുമുള്ള നാനാജാതി മതസ്ഥരായവർ ഉറക്കമെണീറ്റതും, അരി അടുപ്പത്തിട്ടതും, പശുവിനെ കറന്നതും, അത്താഴം കഴിച്ചതും ഒക്കെ ഷംസിക്കയുടെ ബാങ്ക് കേട്ടായിരുന്നു. പിന്നെ, നിസ്കാരം! അത് വേണ്ടവർ നിസ്കരിച്ചു. വേണ്ടാത്തവർ നിസ്കരിച്ചില്ല.!!

ഷംസിക്ക ബാങ്കിനും ഇഖാമത്തിനും പുറമേ പള്ളിയിലെ, പായകൾ വൃത്തിയാക്കി,  മാറാലകൾ തൂത്തുമാറ്റി, പള്ളിക്കുളത്തിലെ സിലോപ്പിയകൾക്ക് തീറ്റകൊടുത്തു.. വിശ്രമവേളകളിൽ വാതിൽപ്പടിയിൽ ചാരി പള്ളിക്കാട്ടിലെ ഖബറിൻ കൂട്ടങ്ങളിലേക്ക് കണ്ണും നട്ടിരുന്നു.. രാവിലെ നാല് മണിമുതൽ രാത്രി ഒൻപത് മണിവരെ ഷംസിക്ക പള്ളിയിൽ തന്നെ ഉണ്ടാവും. ഒരുപക്ഷേ എനിക്ക് പരിചയമുള്ളതിൽ വെച്ച് ഏറ്റവും ദൈർഘ്യമേറിയ ജോലിസമയം! 17 മണിക്കൂർ! പള്ളിപരിപാലനവും ബാങ്ക് വിളിയും കൂടാതെ മുടികളച്ചിൽ വിവാഹം, വിവാഹ നിശ്ചയങ്ങൾ, ഗൾഫിൽ പോക്ക്,  മരണം, മൂന്നാം ഫാത്തിഹ, ഖത്തം തുടങ്ങി ജനനവും ജീവിതവും മരണവുമായി ബന്ധപ്പെട്ട സകല സംഗതികൾക്കും ഷംസിക്ക ഉണ്ടാവും ഉസ്താദിന്റെ കയ്യാളായി.. അതുവഴി എന്തെങ്കിലും കൈമടക്ക് തടയാറുമുണ്ടായിരുന്നു. പുരോഗമന പ്രസ്ഥാനങ്ങൾ തലപൊക്കിയതോടെ ആ കൈ മടങ്ങാതെയായി.

നാല്പത് ദിവസം തുടർച്ചയായി സുബ്‌ഹി നിസ്കരിച്ചാൽ സ്വർഗാവകാശി ആവും എന്ന് കേട്ടിട്ടുണ്ട്. അത് ശരിയാണെങ്കിൽ ഷംസിക്ക ഇതിനകം തന്നെ എത്രയെത്ര സ്വർഗങ്ങൾക്ക് അവകാശിയായിരിക്കണം?! ഈ ചെറിയ മനുഷ്യന്റെ നെറ്റിയിലെ വലിയ നിസ്കാരത്തഴമ്പുകൾ പലപ്പോഴും സ്വർഗത്തിന്റെ ഭൂപടം പോലെ തോന്നിച്ചു.

 ഷംസിക്കായ്ക്ക് വയസ്സായി. പഴയതുപോലെ വയ്യ. രണ്ട് മക്കളുണ്ട്. ഒരാൾ ഷംസിക്കയുടെ തനിപ്പകർപ്പാണ്. അവശനായ ഷംസിക്ക പള്ളിസർവ്വീസിൽ നിന്നും ഈയിടെ വിരമിച്ചു. അവസാനമാസം അയാൾ വാങ്ങിയ ശമ്പളം 1500 രൂഫ. നാല്പത്തി അഞ്ചു കൊല്ലമായി ഇൻക്രിമെന്റ് കിട്ടിക്കിട്ടി എത്തിച്ചേർന്ന തുകയാണത്. ആയിരത്തഞ്ഞൂറു രൂഫാ.. പെൻഷനായി ഒന്നുമില്ല. മാസാമാസം എന്തെങ്കിലും കൊടുത്തേക്കണമെന്ന് നാട്ടിലെ പ്രമാണിമാരെ പറഞ്ഞേല്പിച്ചിട്ടുണ്ട് എന്നറിയുന്നു. അതുവാങ്ങാൻ ഷംസിക്ക മാസാമാസം അവരുടെ മുന്നിൽ കൈനീട്ടണം!!

ഈ മഹല്ല് കമ്മിറ്റിയും മഹല്ലിലെ ഇടയന്മാരും കുഞ്ഞാടുകളുമൊക്കെ നരകത്തിൽ പോകാൻ ഷംസിക്കായ്ക്ക് അനുവദിച്ചുകൊടുത്ത ഈ 'ദാനം' മതിയാകുമെന്ന് ഞാൻ വിശ്വസിക്കുന്നു. മരിച്ചു സ്വർഗത്ത് ചെല്ലുമ്പോൾ ഷംസിക്കയോട് ദൈവം ഇങ്ങനെ പറയുമായിരിക്കും: "ഷംസേ, നിന്റെ നാട്ടിൽ അന്ന് ഞാൻ കല്ലുമഴ പെയ്യിക്കാതിരുന്നത് നീ അവിടെ  ഉള്ളതുകൊണ്ട് മാത്രമായിരുന്നു.."

വര്‍ഷം - ഇകിറു


സിനിമ എന്തെങ്കിലും സന്ദേശം പകർന്നു തരുന്നതാവണം എന്ന് നിങ്ങൾ ശഠിക്കുന്നുണ്ടെങ്കിൽ വർഷം കാണുന്നത് നന്നായിരിക്കും. പിന്നെ, കുറോസാവയുടെ 'ഇകിറു'. അത് പഴയൊരു ബ്ലാക്ക് ആന്റ് വൈറ്റ് സ്റ്റഫ്ഫാണ്. 1952 ജപ്പാൻ മോഡൽ. വതനബെ എന്നൊരു സർക്കാർ ഉദ്യോഗസ്ഥൻ. സർക്കാർ ഓഫീസിലെ ഫയൽ കൂമ്പാരങ്ങളും പൊടിയും മാറാലയും കണ്ടുമടുത്തൊരു ജന്മം. അതിന്റെ കൂടെ ഇപ്പോഴിതാ അയാൾക്ക് ആമാശയ ക്യാൻസറും. ജീവിക്കാൻ ഉള്ള മൂഡും പോയി. നിരാശ. കടുത്ത നിരാശ. നാളുകൾ എണ്ണപ്പെട്ടു കഴിഞ്ഞു. ഇനിയുള്ള കാലമെങ്കിലും സന്തോഷിച്ച് അടിച്ചുപൊളിച്ചു കഴിയണം. ഒരു കൂട്ടുകാരൻ അയാളെ ബാറിലും നൈറ്റ് ക്ലബ്ബിലും ഒക്കെ കൊണ്ടുപോയി. കാശ് എത്രവേണമെങ്കിലും മുടക്കാം. സന്തോഷിക്കണം. പക്ഷേ അതിലൊന്നും സന്തോഷം പോരാത്തതുപോലെ.
ഇതിനിടെയാണ് അവള് വന്നത്. ടോയോ. സഹപ്രവർത്തക. ആ നരകത്തീന്ന് ജോലി രാജിവെച്ചു. ദരിദ്രയെങ്കിലും ജീവിതം ആസ്വദിക്കുന്നവൾ. വതനബെ അവളോടൊപ്പം കൂടുന്നു. അവളുടെ പിഞ്ചിയ സോക്സുകൾക്കു പകരം പുതിയതൊന്ന് അയാൾ വാങ്ങിക്കൊടുക്കുന്നു. അപ്പോൾ ഉള്ളിൽ എന്തോ ഒരു സന്തോഷത്തിന്റെ തിരയിളക്കം. ദാനമോ സഹായമോ എന്തോ ആവട്ടെ. അത് അയാളെ സന്തോഷവാനാക്കുന്നു.
പിന്നീട് ദിനങ്ങൾ എണ്ണപ്പെട്ട വതനബെയെ നമ്മൾ കാണുന്നത് ഉന്മേഷവാനായാണ്. അയാൾ തന്റെ കോളനിക്കടുത്ത് അഴുക്കു ജലം കെട്ടി കൊതുകുകൾ മുട്ടയിട്ട് കൂത്താടികൾ പെരുകിയ ഒരിടം സുന്ദരമായ ഒരു പാർക്ക് ആക്കി മാറ്റുന്നു. അതിനുവേണ്ടി അയാൾ സർക്കാരിന്റെ ഓഫീസായ ഓഫീസുകളൊക്കെ ഓടി നടക്കുന്നു. തന്റെ ജീവിതം ഇപ്പോൾ എത്ര സാർഥകമാണെന്ന് വതനബെ തിരിച്ചറിയുന്നു.
മമ്മൂട്ടിയുടെ "വർഷ"ത്തിലെ കഥാപാത്രവും അങ്ങനെ ഒരാളാണ്. എല്ലാം തകർന്ന് ജീവിതത്തിന് അർഥമില്ലെന്ന് നിരാശനായിരിക്കുമ്പോൾ ചെയ്യുന്ന ഒരു ദാനം അയാളിൽ സന്തോഷം നിറയ്ക്കുന്നു. പിന്നീട് അത് അയാളുടെ ജീവിത സങ്കല്പങ്ങളെയെല്ലാം അട്ടിമറിച്ച് സാമൂഹ്യ സേവനത്തിന്റെ ഉദാത്ത മാതൃകയായിത്തീരുന്നു അയാൾ.
"അപരന്ന് സുഖത്തിനാചരിക്കുന്നവ
അവനവനാത്മസുഖമായിത്തീരുന്നു" എന്ന് ഗുരുവചനത്തെ തിരുത്തുന്നു രണ്ട് ചിത്രങ്ങളും.

11/2/14

ചുംബനാനന്തര സീനുകൾ..!

"അണ്ണാ.. സദാശിവണ്ണാ.."
"എന്തിരെടേ മുരുകാ കിടന്ന് കാറണത്?!
"അണ്ണാ ദോ പാലാരിവട്ടം ഓമന ഇങ്ങാട്ട് കലി തുള്ളി വരുന്നൊണ്ട്"
"ഇങ്ങാട്ടാ? എന്തിരിന്? അവൾടെ എടപാടെല്ലാം തീർത്ത് വിട്ടില്ലേടേയ്.."
"ഇതെന്തിരണ്ണാ അണ്ണന്റെ ചുണ്ടൊക്കെ മുറിഞ്ഞിരിക്കണത്.. ഇന്നലെ ആരേലും കേറിക്കടിച്ചാണ്ണാ?  "
"അത് വിട്!.. ഇത് ഇന്നലെ പ്വാലീസാര് വലിച്ച് വണ്ടീക്കേറ്റുമ്പം ആ തുരുമ്പിച്ച ഗ്രില്ലിലൊന്ന് ഒരഞ്ഞതാ.. നീ കാര്യമ്പറയ്.. ഓമന എന്തിരിനെടേയ് ഇങ്ങോട്ട് വരണത്?"
"ആണ്ടെ വരണൊണ്ട് കേട്ടോ.. "
"കടവുളേ.. എവള് ഇങ്ങാ 
ട്ട് തന്നെയാണല്ലാ വരണത്.."
"ഇതൊന്നും ഈ 750 ഉലുവകൊണ്ടൊന്നും നടപടിയാവുകേല സാറേ .. സാറ് എന്റെ സ്ഥിരം കസ്റ്റമറായതു കൊണ്ടാണ് ഇന്നലെ നാലഞ്ച് കസ്റ്റമറൊണ്ടായട്ടും ഞങ്ങ സാറിന്റെ സമരത്തിന് വരാമെന്നേറ്റത്"
"അതിനിപ്പം എന്തിരാണ് കൊഴപ്പം?"
"എന്താണ് കൊഴപ്പമെന്നാ? മേലനങ്ങി ജോലി ചെയ്യണ്ടല്ലാ, ചുണ്ടനങ്ങി എന്തെങ്കിലും ചെയ്താമതിയല്ലാന്ന് കരുതി സമരത്തിന് പോയതാണ്. അവിടെച്ചെന്നപ്പം ദാണ്ടെ കിടക്ക്ന്ന്.."
"എന്തിര് പറ്റിയെന്നാണ് ഓമന പറയ്ന്നത്?"
"ഞാങ്കര്തി കായലോരത്തെ ഏതെങ്കിലും മരത്തിന്റെ മൂട്ടിലിരുന്ന് രണ്ട് ഉമ്മം കൊടുത്താ മതീന്ന്. അവിടെച്ചെന്നപ്പണ്ടല്ലാ.. ഒരു ഫുട്ബാള് കളി കാണാനുള്ള ആൾക്കാര് ഉമ്മം കാണാൻ നിക്കണ്. ഓമന വൃത്തികെട്ടവാളാണെങ്കിലും ഒണ്ടല്ലാ, ഇത്രേം ആൾക്കാര്ടെ മുന്നിവെച്ച് ഉമ്മം കൊടുക്കാമ്മാത്രം ചെറ്റയല്ല സാറേ.. "
"അതിനിപ്പം എന്തിര്? അവിടേ വേറേം ആളുകൾ ഒണ്ടാരുന്നല്ലാ, നെനക്ക് മാത്രം എന്തിര് ഇത്ര നാണം വരാനക്കൊണ്ട്? ദേ, വെറുതേ ശീലാവതി ചമയല്ല് കേട്ടാ.."
"അത് നുമ്മ എന്തായാലും സഹിച്ച്. ചെറുപ്പക്കാര് പുള്ളങ്ങള് കിസ്സ് ചെയ്യാൻ വരുന്നെന്ന് പറഞ്ഞത് കേട്ട് മേക്കപ്പൊക്കെ ഇട്ട് ചെന്നപ്പം ഒരുത്തൻ എന്നെപ്പിടിച്ച് ഒരു കാർന്നോർടെ കയ്യിലോട്ട് ഇട്ടു കൊടുത്ത്.. എന്റെ ദൈവമേ,, അയാൾടെ ഒരു നോട്ടോം ഭാവോം.. ത്ഭൂ.. തൈക്കെളവൻ!!" പോലീസുകാര് ഉന്തിത്തെള്ളി വണ്ടീൽ കേറ്റുന്നേന്റെടയ്ക്ക് സകല തെണ്ടികളും കേറി ഉമ്മവെച്ച്.. ഇത്രേം കസറ്റമേഴ്സിനെ ഒന്നിച്ച് ഒരു കാലത്തും ഈ ഓമന ഡീല് ചെയ്തിട്ടില്ല സാറേ.. അതുകഴിഞ്ഞോ? പോലീസ് സ്റ്റേഷനിപ്പോയി പാതിരാത്രിവരെ കുത്തിയിരുന്ന്.. മാതൃകാ പോലീസാണെങ്കിലും ഒണ്ടല്ലാ, ലവമ്മാർടെ നോട്ടം ശരിയല്ലാർന്ന്.. ദൈവകൃപകൊണ്ട് വീടുപിടിച്ചെന്ന് പറഞ്ഞാ മതിയല്ലാ.. അതുകൊണ്ട് ഈ കഷ്ടപ്പാടിനെലാങ്കൂടി രൂപാ 5000 എങ്കിലും കിട്ടാതെ ഓമന ഇവിടുന്ന് പോന്നില്ല"
"ഡേ മുരുകാ എവളെ ഇവിടുന്നെടുത്തോണ്ട് പോടേ,, സരള ജോലികഴിഞ്ഞ് ഇപ്പം വരും"
"അണ്ണാ.. പണി പാളി.."
"ഓഹോ.. അപ്പോ ഇതാരുന്നല്ലേ നിങ്ങടെ പരിപാടി.. കണ്ട അറുവാണിച്ചികളെയൊക്കെ വീട്ടിൽ വിളിച്ചുവരുത്താൻ നാണമില്ലേ മനുഷ്യാ നിങ്ങക്ക്..?? രണ്ടു പിള്ളേരുടെ തന്തയാണെന്ന കാര്യമെങ്കിലും നിങ്ങൾ ഓർത്തില്ലല്ലോ.. നിങ്ങക്കറിയാവോ.. കൊല്ലം അഞ്ചായി നിങ്ങളെന്നെ ഒന്നു ഉമ്മവെച്ചട്ട്.. കണ്ടവളുമാരെയൊക്കെ.. എന്നെക്കൊണ്ടൊന്നും പറയിക്കണ്ട.. ഇനി ഒരു നിമിഷം ഞാനിവിടെ നിക്കത്തില്ല.. "
"സരളേ നീയാ പെട്ടീം പ്രമാണോമൊക്കെ അകത്ത് കൊണ്ട് വെക്ക്.."
"ഇല്ല, ഇനി ഒരുനിമിഷം ഞാനിവിടെ നിക്കത്തില്ല ഞാൻ പോന്നു.. പിന്നെ, വൈകുംനേരം കോഴിയെ പിടിച്ച് അടയ്ക്കാൻ മറക്കണ്ട.."
"സരളേ.. നിക്ക്, പറയട്ടെ.. അതൊക്കെ ഹോമോസാപ്പിയൻസിന്റെ ബയോളജിക്കലായിട്ടുള്ള....


10/29/14

നമ്മുടെ നായികമാരെല്ലാം സുന്ദരികളായത് എന്തുകൊണ്ടാണ്?

മാമുക്കോയ എന്ന മഹാപ്രതിഭയെ ശ്രീനിവാസൻ ആണ് സത്യൻ അന്തിക്കാടിന് പരിചയപ്പെടുത്തുന്നത്.
പല്ല് പുറത്തേക്ക് ഉന്തിയ കൊള്ളിക്കഷണം പോലെയുള്ള മാമുക്കോയയെ സത്യന് ആദ്യ കാഴ്ചയിൽ തന്നെ ദഹിച്ചില്ല. ഈ ദഹിക്കായ്ക ശ്രീനിവാസന് ഒട്ടും ദഹിച്ചില്ല. ശ്രീനിവാസൻ പറഞ്ഞു:
"നിങ്ങള്‍ സംവിധായകര്‍ ഗ്ലാമറിന്റെ തടവുകാരാണ്. സിനിമ സാധാരണ മനുഷ്യരുടെ ജീവിതം പറയുന്ന കലയാണ്'. ആ മേഖലയിലേക്ക് സാധാരണക്കാര്‍ കടന്നുവരണം. ഈ ഗ്ലാമര്‍കൊണ്ടൊന്നും ഒരു കാര്യവുമില്ല സത്യാ."
'സത്യൻ അന്തിക്കാടിന്റെ ഗ്രാമീണർ' എന്ന പുസ്തകത്തിലെ 'ശ്രീനിവാസനും മാമുക്കോയയും മലയാളസിനിമയെ പൊളിച്ചെഴുതിയത് എങ്ങനെ?' എന്ന ഭാഗത്തിലെ ഗീർവാണങ്ങളുടെ സംക്ഷിപ്ത രൂപമാണ് മുകളിൽ പറഞ്ഞത്. മാമുക്കോയ, ശ്രീനിവാസൻ തുടങ്ങിയ നടന്‍മാരുടെ പ്രഭാവം സിനിമയിലെ എല്ലാതരം ഗ്ലാമറിനേയും നിഷ്പ്രഭമാക്കുന്നു. എന്നൊരു 'കണ്ടുപിടുത്തവും' നടത്തുന്നുണ്ട് സത്യൻ അന്തിക്കാട്.
മലയാള സിനിമയിൽ ഹാസ്യനടന്മാർക്ക് ഗ്ലാമർ ഉണ്ടായിരുന്ന കാലഘട്ടം ഏതാണെന്ന് സത്യൻ ഒന്നു പറഞ്ഞുതന്നാൽ നന്നായിരുന്നു. അടൂർഭാസിയും ബഹദൂറും അവരുടെ ഫിസിക്കൽ അപ്പിയറൻസിൽ തന്നെ കോമാളികൾ ആയിരുന്നില്ലേ? എസ് പി പിള്ളയെ എന്തായാലും മമ്മൂട്ടിയോട് ഉപമിക്കാൻ ആവില്ലല്ലോ. പിന്നീട് വന്ന പപ്പു, മാള, കുഞ്ചൻ ഒക്കെയും തഥൈവ! എന്തിനേറേ, നായകന്മാർക്ക് പോലും ഗ്ലാമർ വേണമെന്ന് മലയാളി പ്രേക്ഷകൻ ഒരിക്കലും ശഠിച്ചിട്ടില്ല. സത്യനും സൂപ്പർ സ്റ്റാർ മോഹൻലാലും ഒക്കെ ഉദാഹരണം. (മോഹൻലാലിന് നല്ല നല്ല കഥാപാത്രങ്ങളിലൂടെ ഒരു ഗ്ലാമർ പരിവേഷം ഉണ്ടായിത്തീരുകയായിരുന്നു. അത് മലയാളികളുടെ ഗ്ലാമർ സങ്കൽപ്പങ്ങളിൽ പോലും കൈകടത്തി എന്നുമാത്രം!) പിന്നെ, ശ്രീനിവാസനും മാമുക്കോയയും പൊളിച്ചെഴുതിയത് എന്തു കുന്തമാണ്?
എങ്കിലും ശ്രീനിവാസൻ പറഞ്ഞത് ശരിയാണ്. സത്യന്‍ അന്തിക്കാട് ഉള്‍പ്പടെ ഉള്ള സംവിധായകർ ഇന്നും എന്നും ഗ്ലാമറിന്റെ തടവുകാരാണ്. പറഞ്ഞതുകൊണ്ട് അയില്ലല്ലോ. നമ്മൾ എന്നെങ്കിലും ഗ്ലാമര്‍ ഇല്ലാത്ത ഒരു പെണ്‍കുട്ടിയുടെ കഥ പറഞ്ഞിട്ടുണ്ടോ? നമ്മുടെ എല്ലാ നായികമാരും നയന്‍താരയെ പോലെയുള്ളവര്‍ ആയിരുന്നില്ലേ? കറുത്ത് മെലിഞ്ഞുണങ്ങിയ എത്രയോ യുവതികള്‍ നമുക്ക് ചുറ്റും കഷ്ടപ്പാടുകള്‍ക്കിടയില്‍ ജീവിക്കുന്നു. ഒരു പക്ഷെ സുന്ദരികളേക്കാള്‍ കൂടുതല്‍ സുന്ദരികള്‍ ആല്ലാത്തവര്‍ ആയിരുന്നിട്ടും എന്തുകൊണ്ട് എന്നും നാം സുന്ദരികളുടെ കഥ മാത്രം പറഞ്ഞു? നായകന്‍ കരിക്കട്ടപോലെ കറുത്ത് വികലാഗംനായിരുന്നാലും അവര്‍ക്കൊക്കെവേണ്ടി നാം തേടിപ്പിടിച്ചത് മൂടും മുലയും ഉയര്‍ന്ന രംഭതിലോത്തമമാരെയല്ലേ? സിനിമ ഗ്ലാമറിന്റെ തടവിലാണെന്ന് ദു:ഖിക്കുന്ന ശ്രീനിവാസൻ പോലും ഇന്നുവരെ ഗ്ലാമറില്ലാത്ത ഒരു നായികയെ സങ്കൽപ്പിച്ചിട്ടുണ്ടോ?. അദ്ദേഹത്തിന്റെ പടങ്ങളിൽ ആരെയും നമ്മൾ അങ്ങനെ കണ്ടിട്ടില്ല. ഇന്നും നിങ്ങളൊക്കെ നായികയെ സെലക്റ്റ് ചെയ്യുമ്പോൾ 'പ്രേക്ഷകനിൽ രോമാഞ്ചമുണ്ടാക്കാൻ ഇവൾക്കാവുമോ' എന്നാണല്ലോ ആദ്യം ചിന്തിക്കുന്നത്.
ഇനിയും സത്യന്‍ അന്തിക്കാടിനെ പോലെയുള്ളവര്‍ക്ക് ധൈര്യമുണ്ടോ മലയാള സിനിമയെ ശരിക്കും പൊളിച്ചെഴുതാന്‍? നിങ്ങളിൽ ആർക്കെങ്കിലും തൊലിവെളുപ്പും മുഖശ്രീയും ഇല്ലാത്ത ഒരു നായികയെ സങ്കൽപ്പിക്കാനുള്ള ബോൾസ് ഉണ്ടോ, ബോൾസ്??

5/25/12

പാവം പാവം പാൻ‌മസാല!


ഈ പാവം പാൻ മസാല എന്തുപിഴച്ചു? പാവപ്പെട്ട വാർക്കപ്പണിക്കാരന്റേയും മത്സ്യത്തൊഴിലാളികളുടേയും കൊല്ലന്റേയും ആശാരിയുടേയും വർക്ക്ഷോപ്പ് മേസ്തരിയുടേയും ചുണ്ടിനു കീഴെ ആശ്വാസമായി നിലകൊണ്ട ഈ പാവം ഹൻസും ഗണേശും ശംഭുവും ചാണ്ടിയോട് എന്തു പാതകം ചെയ്തു?

അടിസ്ഥാനവർഗത്തിന്റെ തലയിലൊരു ചെറിയ പിടുത്തമായി നിലകൊള്ളുന്ന, തെരുവിനൊരു അലങ്കാരമായി മുറുക്കാൻ പീടികകളുടെ മോന്തായത്ത് തൂങ്ങിയാടുന്ന ഈ കുഞ്ഞു ബഹുവർണ്ണത്തോരണങ്ങൾ മറ്റു പുകയില ഉത്പന്നങ്ങളെ അപേക്ഷിച്ച് എന്തുതെറ്റാണ് സർക്കാറിനോട് ചെയ്തത്? താരതമ്യേന ചെലവുകൂടിയ സിഗററ്റിനേയും, കൊല്ലുന്ന വിലയുള്ള മദ്യത്തേയും നിലനിർത്തിക്കൊണ്ട് മൂന്ന് രൂപക്ക് മുപ്പത് നേരം ഉപയോഗിക്കാനാവുന്ന ലെമണിൽ മുങ്ങിയ പുകയിലയേയും ചുണ്ണാമ്പ് കൊണ്ട് മേക്കപ്പ് ചെയ്ത പാക്കുകളേയും ഏത് കേസിന്റെ പേരിലാണ് ഉമ്മൻ ചാണ്ടി കസ്റ്റഡിയിലെടുക്കുന്നത്?

ഉപയോഗിക്കുന്നവന് ചില്ലറ ബുദ്ധിമുട്ടുകളുണ്ടാക്കുന്നുവെന്നല്ലാതെ അവന്റെ കൂട്ടുകാർക്കോ വീട്ടുകാർക്കോ യാതൊരു ഉപദ്രവുമുണ്ടാക്കാത്ത, താരതമ്യേന ഉപദ്രവം കുറഞ്ഞ ഈ പാൻ‌മസാലകളുടെ തോളിൽ തന്നെ വേണോ കുതിര കേറാൻ?. ഉപയോക്താവിനൊപ്പം അവനോട് സഹകരിക്കുന്നവർക്കും പ്രകൃതിക്കും ദോഷകരമായി ഭവിക്കുന്ന പനാമ, സിസ്സേഴ്സ്, വിത്സ്, ചാർമിനാർ തുടങ്ങിയ തറവാടികളായ ബ്രാന്റുകളെ ഉമ്മൻ ചാണ്ടി സർക്കാരിന് പേടിയാണോ? ഒരാൾ സിഗററ്റ് വലിക്കുമ്പോൾ നൂറു ശതമാനവും പുക അയാൾ പുറത്തേക്കാണ് വമിപ്പിക്കുന്നത്. ബസ്റ്റാന്റിലും സിനിമ തിയേറ്ററിലും റെയിൽ‌വേസ്റ്റേഷനിലും ഒക്കെ നിന്ന് വലിക്കുന്നവർ നിരപരാധികളിലേക്കു കൂടി നിക്കോട്ടിൻ പ്രസരിപ്പിക്കുന്നവരാണ്. മദ്യമാവട്ടെ, കുടുംബത്തിനും സമൂഹത്തിനും എന്നും തീരാശാപമായി നിൽക്കുന്നു. എന്നിട്ടും ഇതൊന്നും കാണാത്ത ഉമ്മൻ ചാണ്ടി, പാവപ്പെട്ടവന്റെ പോക്കറ്റിൽ തിരുകിവെച്ചിരിക്കുന്ന ശംഭുവിന്റെ കവർ മാത്രം കണ്ടു പിടിച്ചിരിക്കുന്നു.. കഷ്ടം!!

കണ്ടുപിടിക്കപ്പെട്ടവയിൽ ഏറ്റവും യൂസർ ഫ്രണ്ട്ലി ആയിട്ടുള്ള ‘ലഹരി’ പദാർഥങ്ങളാണ് ശംഭുവും ഹൻസും ഗണേശുമൊക്കെ. പാൻ‌മസാലകളിലെ ‘ഖൈനി’ എന്ന അവാന്തര ഗണത്തിൽ പെടുന്ന ഇവ ‘തമ്പാക്കിൽ’ നിന്ന് പരിണമിച്ചുണ്ടായവയാണ്.  ചുണ്ണാമ്പിൽ മിക്സ് ചെയ്താണ് തമ്പാക്ക് ഉപയോഗിക്കുന്നതെങ്കിൽ ഖൈനി പ്രീ-മിക്സ് ചരക്കാണ്. 3മില്ലി മീറ്റർ മാത്രം കനമുള്ള വർണ്ണക്കവറുകളിൽ ഇവ ലഭ്യമായതിനാൽ പാന്റിന്റേയോ ഷർട്ടിന്റേയോ പോക്കറ്റിന്റെ ഒരു മൂലയിൽ ഒതുങ്ങിയിരുന്നുകൊള്ളും. ഉപയോഗിക്കാനാണെങ്കിൽ വളരെ എളുപ്പം. സിഗററ്റു വലിയിൽ ലൈറ്റർ കൊണ്ടു നടക്കുക, ഇല്ലെങ്കിൽ തീ തപ്പിപ്പോകുക തുടങ്ങിയ മെനക്കേടുകളുണ്ടെങ്കിൽ ഖൈനി ഉപയോഗിക്കാൻ വെറുതേ കൈവെള്ളയിൽ എടുത്ത് ഒന്നു ഞെരടിയ ശേഷം ചുണ്ടിനടിയിൽ നിക്ഷേപിച്ചാൽ മാത്രം മതി. പുറമേയുള്ള ആരും അറിയാതെ തന്നെ ലഹരി ആസ്വദിക്കാമെന്ന സൌകര്യമാണ് മറ്റൊന്ന്. അഛന്റേയോ അമ്മാവന്റേയോ മുന്നിൽ പോലും അവരോടുള്ള സ്നേഹാദരങ്ങൾക്ക് കോട്ടം തട്ടാതെ ലഹരി ആസ്വദിക്കാനാവുന്നതാണ്. ചുണ്ട് ഭാഗം സ്വാഭാവികമായും അല്പം വീർത്തു നിൽക്കുമെങ്കിലും അല്പം  ശാസ്ത്രീയമായ രീതിയിൽ സാധനം ചുണ്ടിനടിയിൽ വിന്യസിച്ചാൽ ഒറ്റക്കുഞ്ഞും തിരിച്ചറിയുകയില്ല. എന്നാൽ കൂടുതൽ അടുത്തുചെന്ന് സ്നേഹപ്രകടനങ്ങൾക്കോ കുശലാന്വേഷണങ്ങൾക്കോ ഉപയോക്താവ് ശ്രമിക്കുകയാണെങ്കിൽ സാധനത്തിന്റെ വാസനകാരണം പണി പാളിയെന്നു വരാം. തിയേറ്ററിലോ ബസ്റ്റാന്റുകളിലോ അതുപോലെയുള്ള മറ്റ് പൊതു ഇടങ്ങളിലോ മറ്റാർക്കും ഒരു ശല്യമാവാതെ പോലീസിനെയോ അധികാരികളേയോ പേടിക്കാതെ കൂളായി ലഹരി ആസ്വദിക്കാനാവുമെന്ന ശ്രദ്ധേയമായ സവിശേഷതയും ഖൈനികളുടെ പ്രത്യേകതയാണ്. പെട്രോൾ പമ്പുകൾ, തീപിടിക്കാനും പടരാനും സാധ്യതയുള്ള ഇൻഡസ്ട്രിയൽ ഏരിയകൾ, കൺസ്ട്രക്ഷൻ സൈറ്റുകൾ തുടങ്ങിയ മേഖലകളിലെ സേഫ്റ്റി പരിഗണിക്കുമ്പോൾ ഇവിടങ്ങളിലെ തൊഴിലാളികൾ സിഗററ്റിനേക്കാൾ തമ്പാക്കുകളേയും ഖുഡ്ക്കകളേയും ആശ്രയിക്കുന്നത് സ്വാഭാവികം മാത്രം. ജോലിക്കിടയിലും ജോലിയെ ബാധിക്കാതെ ലഹരി ആസ്വദിക്കുകയുമാവാം.

വായയിൽ വ്രണങ്ങളും ക്യാൻസറും ഉണ്ടാക്കുമെന്നാണ് പാൻ‌മസാലകൾക്കെതിരെ പറയുന്ന ആരോപണം. അപ്പോൾ സിഗററ്റോ? ശ്വാസകോശം തന്നെ അടിച്ചുപോകുന്ന സിഗററ്റാണോ അതോ വായയിലെ ഞൊണലാണോ ഉമ്മൻ ചാണ്ടിയുടെ ഉറക്കം കെടുത്തുന്നത്? പാവപ്പെട്ടവരും സമൂഹത്തിന്റെ താഴേക്കിടയിലുള്ളവരും കൂടുതലായി ഉപയോഗിക്കുന്നതുകൊണ്ടും ചോദിക്കാനും പറയാനും വൻ കോർപറേറ്റുകൾ ഇല്ലാത്തതുകൊണ്ടുമല്ലേ സത്യത്തിൽ പാൻ‌മസാലകളെ മാത്രം സർക്കാർ ഇപ്പോൾ നിരോധിക്കുന്നത്. ഇല്ലെങ്കിൽ പിന്നെ ഖൈനിക്കവറിലെ പുകയിലയും സിസർ ഫിൽട്ടറിലെ പുകയിലയും തമ്മിൽ എന്ത് വ്യത്യാസമാണുള്ളതെന്ന് ഉമ്മൻ ചാണ്ടി വ്യക്തമാക്കണം. പാൻ മസാലകൾ ഉപയോഗിച്ച് രോഗികളായവരുടെ കണക്കും മറ്റ് പുകയില ഉത്പന്നങ്ങൾ വഴി രോഗികളായവരുടെ കണക്കും സർക്കാർ ജനങ്ങൾക്ക് മുമ്പിൽ വെക്കുകയാണെങ്കിൽ പാൻ മസാലകൾ അതിവേഗം ബഹുദൂരം പിന്നിൽ പോയി നിൽക്കുകയേ ഉള്ളൂ.

സിഗററ്റ് മാഫിയയുടെ കയ്യിൽ നിന്ന് കാശ് വാങ്ങിയിട്ടാണോ ഉമ്മൻ ചാണ്ടി ഇത്തരം നിരോധനങ്ങൾ നടപ്പാക്കാൻ തുനിയുന്നതെന്ന് സംശയിച്ചുപോവുകയാണ്.
പാൻ മസാലകൾ നിരോധിക്കുന്നതുകൊണ്ട് എന്താണ് സംഭവിക്കാൻ പോകുന്നത്? അത് ഉപയോഗിച്ചിരുന്നവർ സിഗററ്റിലേക്ക് ചേക്കേറുകയാവും ഫലം. സത്യത്തിൽ ലഹരിയുടെ 'ചെലവ് കൂട്ടുക'മാത്രമാണ് സർക്കാർ ചെയ്യുന്നത്.  മാണിസാർ സിഗററ്റിന് കഴിഞ്ഞ ബഡ്ജറ്റിൽ നികുതി കൂട്ടിയത് കൂട്ടി വായിക്കുക. ബോധവത്കരണ പ്രഹസനങ്ങൾ കേരളീയ സമൂഹത്തിൽ ഏശാൻ പോകുന്നില്ലെന്ന് ഏത് മാണിക്കും അറിയാവുന്ന വസ്തുതയാണ്. ചാരായ നിരോധനാനന്തര കാലങ്ങളിലാണ് വിദേശ മദ്യത്തിൽ റെക്കോഡ് വില്പന കേരളം രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നതെന്നത് നമുക്കു മുന്നിലുള്ള വസ്തുതയാണ്. ചാരായം കുടിച്ചിരുന്നവരെ വിദേശ മദ്യം കുടിപ്പിച്ചുവെന്നല്ലാതെ എന്ത് ലഹരി വിരുദ്ധ പ്രവർത്തനമാണ് ഇവിടെ നടന്നത്. ഇതു തന്നെയാണ് പാൻ‌മസാല നിരോധനത്തിലും സംഭവിക്കുന്നത്.

കത്തിക്കുന്നതെന്തും വിറ്റു കാശാക്കുക എന്നതായിരിക്കാം കോണ്ഗ്രസ്സിന്റെ നയം. കേന്ദ്രത്തിൽ മൻ‌മോഹൻ സർക്കാർ പെട്രോൾ വിറ്റ് കാശാക്കുന്നു. കേരളത്തിൽ ഉമ്മൻ സിഗററ്റ് വിക്കാൻ നോക്കുന്നു...
അതല്ലാതെ എന്തെങ്കിലും സാമൂഹിക പ്രതിബദ്ധത ഉമ്മൻ ചാണ്ടിക്കുണ്ടെന്ന് കരുതാൻ വയ്യ!

9/12/11

‘പ്രണയ’നൈരാശ്യം.


റിവ്യൂവിന് ചിത്ര നിരീക്ഷണം തന്നെ നന്ന്. ഇത് ഒരു സാദാ പ്രേക്ഷകന്റെ അനുഭവം മാത്രം.


പ്രണയ നൈരാശ്യം ബാധിച്ചാണ് തിയേറ്റർ വിട്ടിറങ്ങിയത്.
ബ്ലസ്സിയെ പ്രണയിച്ചതാണ് ഞാൻ ചെയ്ത തെറ്റ്.
ആദ്യ ‘കാഴ്ച’യിൽ തന്നെ എനിക്കിഷ്ടമായിരുന്നു ബ്ലസ്സിയെ.
കൽക്കട്ട ന്യൂസ് നിരാശപ്പെടുത്തിയെങ്കിലും മറ്റു പല ചിത്രങ്ങളിലൂടെയും ബ്ലസ്സിയോടുള്ള പ്രണയം നിലനിന്നിരുന്നു.
എന്തോ ഈ പ്രണയത്തോടെ ആ പ്രണയത്തിന് സാരമാം വിധം മങ്ങലേറ്റിരിക്കുന്നു.
ഒരുപക്ഷേ പ്രണയത്തെ സംബന്ധിച്ച എന്തോ പുതിയ വിചാരങ്ങൾ പ്രേക്ഷകനു മുന്നിൽ സമർപ്പിക്കുകയാണ് ബ്ലസ്സി എന്ന മുൻ‌ധാരണയോടെ ചിത്രം കാണാൻ കയറിയതാകാം നിരാശയ്ക്ക് കാരണം.
ബ്ലസ്സിയുടെ ഭീരുത്വം വിളിച്ചോതുന്ന ഒരു ചിത്രമെന്ന നിലയിൽ പ്രണയത്തെ കാണാനാണ് എനിക്കിഷ്ടം.
 “മാംസനിബദ്ധമല്ല രാഗം” എന്നൊക്കെ ചുമ്മാ കവികൾക്ക് പറയാമെങ്കിലും സിനിമക്കാർ അത് സമ്മതിച്ചു തരാൻ പോകുന്നില്ല. മാംസനിബദ്ധം തന്നെയാണ് രാഗം എന്നാണ് ബ്ലസ്സിയും വിളിച്ചോതുന്നത്. ‘ഒരേസമയം’ രണ്ടു ബുഡ്ഡാ കിഴവന്മാരുടെ കാമുകിയാവാൻ വിധിക്കപ്പെട്ട ചിത്രത്തിലെ നായിക ഗ്രേസ് (ജയപ്രദ) ഒരു നരപോലും വീഴാത്ത നല്ല സുന്ദര ശരീ‍രമായതിൽ നിന്നുതന്നെ രാഗത്തിന്റെ മാംസ നിബദ്ധത നമുക്ക് ബോധ്യപ്പെടും. (അയ്യോ ആന്റിക്ക് ഒരു നരപോലുമില്ലല്ലോ എന്ന് കൊച്ചുമകളെക്കൊണ്ട് ചോദിപ്പിച്ച് തടിതപ്പാൻ ബ്ലസ്സി ശ്രമിക്കുന്നുണ്ടെങ്കിലും.)

 ബ്ലസ്സിയെ പറഞ്ഞിട്ട് കാര്യമില്ല. മലയാളി പ്രേക്ഷകൻ കണ്ടുപരിചയിച്ച നായികമാരൊക്കെ സുന്ദരികളായിരുന്നു. ചിത്രത്തിലെ നായകൻ അണ്ടനോ അടകോടനോ മന്ദബുദ്ധിയോ കൂനനോ മുടന്തനോ വയസ്സനോ ആരുമായിക്കോട്ടെ, നല്ല കിളി കിളിപോലെയുള്ള നായികമാരെ തന്നെ കണ്ടെത്തിക്കൊടുക്കും നമ്മുടെ സംവിധായകർ അവർക്ക് പ്രേമിക്കുവാൻ. ഏത് ചേറിൽ കിടക്കുന്ന നായികാ കഥാപാത്രത്തിന്റേയും പുരികം ത്രെഡ് ചെയ്ത്  ലിപ്സ്റ്റിക്കും തേച്ച് ഈറനണിയിച്ച് നിർത്തിത്തരും നമുക്കും നായകനും കണ്ട് ആസ്വദിക്കുവാൻ. ബ്ലസ്സിയും ചെയ്യുന്നത് മറ്റൊന്നല്ല. നായകന്മാർ അനുപം ഖേറും മോഹൻലാലുമാകുമ്പോൾ ഏറ്റവും കുറഞ്ഞത് ജയപ്രദയെങ്കിലും നായികയാവുക എന്നതു തന്നെയാണ്  അതിന്റെ ഒരു.. ഒരു  ന്യായം. 

പ്രണയത്തിന്റെ വിവിധ ഭാവങ്ങളെ പ്രതിഫലിപ്പിക്കാൻ ബ്ലസ്സി ശ്രമിക്കുന്നുണ്ട് എന്നുമാത്രമേ പറയാനാവൂ. പുതിയ തലമുറയുടേയും പഴയ തലമുറയുടേയും ഇതിനിടയിലെ തലമുറയിലേയും പ്രണയ വൈവിധ്യങ്ങളെ ബ്ലസ്സി ചിത്രത്തിന്റെ ആദ്യ പകുതിയിൽ പകർത്താൻ ശ്രമിച്ചത് കഥാപാത്രങ്ങളുടെ ആധിക്യത്തിന് കാരണമായി എന്നതല്ലാതെ മറ്റൊന്നും പ്രേക്ഷകന് പകർന്നു നൽകുന്നില്ല. ആദ്യത്തെയും മൂന്നാമത്തെയും കാറ്റഗറിയെ ഇടവേളയുടെ ഗേറ്റ് കടത്തിവിടാഞ്ഞത് പ്രേക്ഷകനോട് ചെയ്ത കാരുണ്യം എന്നേ പറയാനാവൂ.

ചിത്രത്തിൽ ഉടനീളം പ്രണയത്തെക്കാളുപരി ഒരു പ്രശ്നത്തിന്റെ സൊല്യൂഷനാണ് സംവിധായകൻ തേടുന്നത് എന്ന ഫീലിംഗാണ് എനിക്ക് ഉണ്ടായത്. പ്രണയിക്കുകയും വിവാഹം കഴിക്കുകയും പിന്നീട് പിരിയുകയും ചെയ്ത രണ്ട് വ്യക്തികൾ നാല്പത് വർഷങ്ങൾക്ക് ശേഷം മറ്റൊരു സെറ്റപ്പിൽ കണ്ടുമുട്ടുമ്പോൾ ഉണ്ടാവുന്ന ആശയക്കുഴപ്പങ്ങൾക്കും പ്രശ്നങ്ങൾക്കും ഒരു സൊല്യൂഷൻ തേടുകയാണ് ചിത്രം. തന്റെ ഭാര്യ പഴയ കാമുകനെ/ ഭർത്താ‍വിനെ അവിചാരിതമായി കണ്ടുമുട്ടി എന്ന കാര്യം തന്റെ ഫിലോസഫിക്കൽ കണ്ണടയിലൂടെയാണ് മാത്യൂസ് നോക്കിക്കാണുന്നത്. എന്തായാലും തന്റെ ഭാര്യയെ പ്രണയിക്കാനുള്ള ജനാധിപത്യപരമായ അവകാശം മാത്യൂസ് അച്യുതമേനോന് വകവെച്ച് കൊടുക്കുന്നു. മാത്യൂസ് ഒരു ഫിലോസഫി വാദ്യാരാണ് എന്ന് മൂന്നാല് വട്ടം നമ്മോട് പറയുന്നത് മാത്യൂസിനെപ്പോലെ തന്നെ നമുക്കും ഈ പ്രണയം പെട്ടെന്ന് ദഹിക്കാൻ വേണ്ടിയാണോ എന്നൊരു സംശയം ഇല്ലാതില്ല. എന്തായാലും ഇത്തരുണത്തിലുള്ള പ്രണയം പ്രേക്ഷകന്റെ ഉള്ളിൽ ദഹിപ്പിച്ചെടുക്കുന്നതിൽ ബ്ലസ്സി വിജയിച്ചു എന്നു തന്നെ പറയാം.

ഡയലോഗിന്റെ അതിപ്രസരം ചിത്രത്തെയും ബാധിച്ചിട്ടുണ്ട്. ബ്ലസി ഒരുപക്ഷേ അന്ധന്മാരെക്കൂടി മുന്നിൽ കണ്ടുകൊണ്ടാവാം ചിത്രം സംവിധാനിച്ചത്. പിന്നെ പ്രേക്ഷകനെ പഠിപ്പിക്കുവാൻ  ചില തത്വശാസ്ത്രങ്ങളും തലങ്ങും വിലങ്ങും കഥാപാത്രങ്ങളെക്കൊണ്ട് തട്ടിമൂളിക്കുന്നു. തന്മാത്രയെയും പളുങ്കിനെയുമൊക്കെ ഓർമിപ്പിക്കുന്ന തരത്തിലായിരുന്നു പുതു തലമുറയുടെ ഡയലോഗ് പ്രസന്റേഷൻ. കുട്ടികൾക്കൊക്കെ  അതേ ആക്സന്റ്, അതേ ചിരി. അനുപം ഖേറിന്റെ ചുണ്ടനക്കൽ അത്ര പോരായിരുന്നു. ചിലപ്പോഴൊക്കെ അദ്ദേഹത്തിന്റെ ഡയലോഗ് ആക്ഷനെ മറികടക്കുന്നതും ഒരു കല്ലുകടിയായി അനുഭവപ്പെട്ടു.

അച്യുത മേനോൻ (അനുപം ഖേർ) കണ്ണുഡോക്ടർ തരുന്ന ലെൻസുകൾ തന്റെ കണ്ണിൽ മാറി മാറി പരീക്ഷിക്കുന്നതാണ് ആദ്യത്തെ രംഗം. ഓരോ ലെൻസും പെട്ടെന്നു പെട്ടെന്ന് മാറ്റുന്ന ഡോക്ടറോട് “കാഴ്ചകൾ കണ്ണിൽ പതിയാനുള്ള സമയം തരൂ“ എന്ന് മയത്തിൽ തട്ടിക്കയറുന്നുണ്ട്. ചിത്രത്തിൽ പിന്നീട് വരുന്ന രംഗങ്ങളിൽ നമ്മൾ കാണുന്നത് മനസ്സിൽ പതിയാതെ പെട്ടെന്നു പെട്ടെന്ന് മാറിപ്പോകുന്ന ഫ്രെയിമുകളാണ്. “ ഇങ്ങനെ പെട്ടെന്ന് പെട്ടെന്ന് മാറ്റിയാലെങ്ങനെ” എന്ന് സംവിധായകനോട് പ്രേക്ഷകൻ ചോദിച്ചുപോകും. 

ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങൾ ടച്ചിംഗ് ആയിരുന്നു. ഒരു പക്ഷേ പ്രേക്ഷകന് ആകെ ആശ്വാസം നൽകുന്നത് ചിത്രത്തിന്റെ അവസാനത്തെ ഏതാനും രംഗങ്ങൾ മാത്രമാണ്. ഗ്രേസിന്റെ മരണം പ്രേക്ഷകന്റെ കണ്ണു നനയിക്കാതിരിക്കില്ല.



“ നല്ല പടം.. അല്ലേ.. ?” പോരാൻ നേരം ഭാര്യ കണ്ണീരോടെ ചോദിച്ചു..
“ അതു പിന്നെ, മരണം ആരുടെ കണ്ണാണ് നനയിക്കാത്തത്..? ഞാൻ എന്റെ കണ്ണു തുടച്ചുകൊണ്ട് പറഞ്ഞു.

4/13/10

അപ്പൂട്ടനെന്ന വിശ്വാസിയും പള്ളിക്കുളമെന്ന അവിശ്വാസിയും.

ജബ്ബാറിന്റെ ബ്ലോഗിൽ വെച്ച് കണ്ടുമുട്ടാൻ ഇടയായപ്പോൾ അപ്പൂട്ടൻ എന്നോടു ചോദിച്ചു:

പള്ളിക്കുളം,
സത്യത്തിൽ ഭയം മൂലമാണോ താങ്കൾ ദൈവത്തോട്‌ പ്രാർത്ഥിക്കുന്നത്‌? അതിനേക്കാൾ സത്യസന്ധമാണ്‌ എന്റെ അവിശ്വാസം എന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌.

ഇനി, സത്യം എത്തിയിട്ടും അതിൽ വിശ്വസിക്കാത്തവരേയാണ്‌ ദൈവം നരകത്തിലിടുന്നത്‌ എന്നെഴുതിക്കണ്ടു. ഇതേ അർത്ഥത്തിലുള്ള കമന്റുകൾ പലയിടത്തും കണ്ടിട്ടുണ്ട്‌. പ്രബോധനം എത്താത്തതുമൂലം അവിശ്വാസികളായി (അല്ലെങ്കിൽ അധർമ്മികളായി) തുടരുന്നവരെ ദൈവം നരകത്തിലേക്കയക്കില്ല എന്ന് (എന്തായാലും സ്വർഗ്ഗത്തിലെത്തില്ല, പിന്നെ എവിടെ പോകും എന്നറിയില്ല).

അപ്പോൾ ലോകം മുഴുവൻ ഈ സന്ദേശം എത്തിക്കണം എന്ന നിർബന്ധം ദൈവത്തിനില്ലേ? ഇത്‌ ഒന്നിരുത്തി വായിച്ചാൽ ലോകം നന്നാവണം എന്നതിലുപരി ആരൊക്കെ തന്റെ ആജ്ഞ അനുസരിച്ച്‌ ജീവിക്കുന്നവർക്ക്‌ മാത്രം സ്വർഗ്ഗം കൊടുക്കാം എന്ന നിലയിലാണോ ദൈവം കാര്യങ്ങൾ നോക്കിക്കാണുന്നത്‌ എന്ന് ചോദിക്കേണ്ടിവരും.


അപ്പൂട്ടനോട് അല്പം ചില കാര്യങ്ങൾ മുഖവുരയായി പറഞ്ഞോട്ടെ,
പള്ളിക്കുളം ബൂലോകത്ത് ഉണ്ടെങ്കിലും മതപരമായ പോസ്റ്റുകൾ ഇടാറില്ല. കാരണം ഞാനൊരു മതപണ്ഡിതനല്ല. ഖുർആനോ ഹദീസോ ഉദ്ധരിച്ച് കാര്യങ്ങൾ വിശദീകരിക്കുവാനും എനിക്കാവില്ല.  പിന്നെയെന്തിന് മതകാര്യബ്ലോഗുകളിൽ തർക്കിക്കുന്നുവെന്നു ചോദിച്ചാൽ ഞാൻ ഒരു വിശ്വാസിയാണെന്നതാണെന്നതാണ് അതിനുത്തരം. ഞാൻ വിശ്വസിക്കുന്ന പ്രത്യയ ശാസ്ത്രം എന്റെ ലളിതയുക്തികളുമായി വളരെ വേഗം ഇണങ്ങും വിധമുള്ളതാണ്. ഇത് ഒരു മതപ്പോസ്റ്റ് ആയി കാണാതിരിക്കുക. വിശ്വാസകാര്യങ്ങളിലെ ചർച്ചകൾ അവിശ്വാസികളുമായി ഒരു പരിധിവരെ മാത്രമേ സാധ്യമാവുകയുള്ളൂ എന്ന് പലരും പല ചർച്ചകളിലും പറഞ്ഞു കേട്ടിട്ടുണ്ട്.

ഞാൻ ദൈവത്തിൽ വിശ്വസിക്കുന്ന ഒരു വിശ്വാസിയാണ്. താങ്കൾ ദൈവത്തിൽ വിശ്വസിക്കാത്ത ഒരു അവിശ്വാസിയും. സത്യത്തിൽ രണ്ടും വിശ്വാസമാണ്. ദൈവം ഉണ്ടെന്ന് ഞാനും ഇല്ലെന്ന് നിങ്ങളും വിശ്വസിക്കുന്നു. കുറച്ചുകൂടി നീട്ടിപ്പറഞ്ഞാൽ എന്റെ നോട്ടത്തിൽ ഉള്ള ദൈവത്തിൽ താങ്കൾ വിശ്വസിക്കുന്നില്ല. താങ്കളുടെ നോട്ടത്തിൽഇല്ലാത്ത ദൈവത്തിൽഞാൻ വിശ്വസിക്കുകയും ചെയ്യുന്നു. ദൈവ വിശ്വാസികളും അവിശ്വാസികളും തമ്മിലെ തർക്കത്തിന്റെ തുടക്കവും അടിസ്ഥാനവും അതു തന്നെയാണ്.

അടിസ്ഥാന വ്യത്യാസത്തിലെ ചോദ്യങ്ങൾക്കാണ് ആദ്യം ഉത്തരം കണ്ടെത്തേണ്ടതെന്നു തോന്നുന്നു. വിശ്വാസത്തെ സംബന്ധിച്ച മറ്റു ചോദ്യങ്ങളെല്ലാം ഉപചോദ്യങ്ങൾ മാത്രമാണ്. സത്യത്തിൽ ചോദ്യത്തിന് ഉത്തരം കണ്ടെത്തിയാൽ ഉപചോദ്യങ്ങൾക്കും നിലനിൽപ്പില്ലാതെയാവും.

ഇവിടെ യുക്തിവാദികൾ വിശ്വാസികളോട് ചോദിക്കുന്നു (പ്രകടമായല്ലാതെ) നിങ്ങൾ എന്തിന് ദൈവത്തിൽ വിശ്വസിക്കുന്നുവെന്ന്.
ഇതിനേക്കാളോ ഇതിനോളമോ പ്രസക്തമാണ്ദൈവം ഇല്ലെന്ന്നിങ്ങൾ വിശ്വസിക്കുന്നതെങ്ങനെയെന്നുള്ളത്.

താങ്കൾ അവിശ്വാസിയാണെന്ന് എഴുതിക്കണ്ടു. എന്തടിസ്ഥാനത്തിലാണ് താങ്കൾ അവിശ്വാസിയായിരിക്കുന്നത്?
ദൈവം ഇല്ലെന്ന് എങ്ങിനെയാണ് നിങ്ങൾ തെളിയിക്കുക അല്ലെങ്കിൽ വിശ്വസിക്കുക?? ഇല്ലെന്നു നിങ്ങൾ ‘വിശ്വസിക്കുന്ന‘ ദൈവത്തെ ഇല്ലെന്ന് നിങ്ങൾക്ക് തെളിയിക്കാനാവുമോ?

ദൈവം ഇല്ലെന്ന് ഇന്നുവരെ രും തെളിയിച്ചിട്ടില്ല. ചില ഊഹങ്ങളിൽ നിന്നും നിരീക്ഷണങ്ങളിൽ നിന്നും ദൈവം ഇല്ലെന്ന് അനുമാനിച്ചിട്ടേയുള്ളൂ.
വിശ്വാസിയും ഇതേപോലെ തന്നെ നിരീക്ഷണത്തിൽ നിന്നും പഠനത്തിൽ നിന്നും ചിന്തയിൽ നിന്നുമൊക്കെത്തെന്നെയാണ് ദൈവത്തെ കണ്ടെത്തുന്നത്. ദൈവം ഇല്ലെന്നതിന് യുക്തിവാദി നിരത്തുന്നതെളിവുകളേക്കാൾകൂടുതൽ തെളിവുകൾദൈവം ഉണ്ടെന്നതിന് വിശ്വാസികൾ നിരത്തിയേക്കാം.

(ഒരു കാര്യം നേരത്തേ പറഞ്ഞേക്കാം. ഒരു വിശ്വാസി അവിശ്വാസിയോട് നടത്തുന്ന ഒരു സംഭാഷണം എന്ന നിലക്കാണ് മറുഭാഗത്തിനു കൂടി സ്വീകാര്യമായേക്കാവുന്ന സന്ദേഹ ഭാഷഇവിടെ ഉപയോഗിക്കപ്പെട്ടിട്ടുള്ളത്. കാളിദാസൻ ചെയ്യുന്നപോലെ ഇതിൽ നിന്നും ഇത്തിരി കട്ടു ചെയ്തെടുത്ത്നിങ്ങൾക്കും സംശയമുണ്ടല്ലേ..” എന്ന് തിരിച്ചു ചോദിക്കരുത് J )

അപ്പോൾ, പറഞ്ഞു വന്നത്.. വിശ്വാസിയും ഇതേപോലെ തന്നെ നിരീക്ഷണത്തിൽ നിന്നും പഠനത്തിൽ നിന്നും ചിന്തയിൽ നിന്നുമൊക്കെത്തെന്നെയാണ് ദൈവത്തെ കണ്ടെത്തുന്നത്. ലോകത്തിലെ ഏത് കാട്ടു ജാതിയിൽ പെട്ട ആളുകൾക്കും ഒരു ദൈവ സങ്കല്പം ഇല്ലാതിരിക്കില്ല. അല്പമെങ്കിലും ചിന്തിക്കാൻ ശേഷിയുള്ള മനുഷ്യൻ തന്നെക്കുറിച്ചും വിശാലമായ പ്രപഞ്ചത്തെക്കുറിച്ചും ഇതിനെ സൃഷ്ടിച്ച് പരിപാലിച്ചുപോരുന്ന ഒരു ശക്തിയെക്കുറിച്ചും ചിന്തിക്കും. എത്ര ബാലിശമാണെന്നു തോന്നിയാലും ഏതൊരു അപരിഷ്കൃത സമൂഹത്തിലേതായാൽ പോലും ദൈവം എന്ന സങ്കല്പത്തെ കീഴ്മേൽ മറിച്ചിടുവാൻദൈവമില്ലഎന്ന് പൂർണ്ണമായും പ്രൂവ് ചെയ്ത് കാണിച്ചു കൊടുക്കേണ്ടതുണ്ട്. യുക്തിവാദത്തിന് അത് കഴിയാത്തിടത്തോളം കാലം വിശ്വാസികൾ അവരവർ വിശ്വസിക്കുന്ന മോക്ഷം ലക്ഷ്യമാക്കിയും യുക്തിവാദികൾ പ്രത്യേകിച്ച് ലക്ഷ്യമൊന്നുമില്ലാതെയും നീങ്ങിക്കൊണ്ടിരിക്കും.

ഇനി അപ്പൂട്ടന്റെ ചോദ്യത്തിലേക്ക് കടക്കാം. സത്യം പറയാമല്ലോ. അപ്പൂട്ടന്റെ ചോദ്യത്തിന് അപ്പൂട്ടൻ ഉദ്ദേശിക്കുന്ന രീതിയിലുള്ള  മറുപടി എന്റെ കയ്യിൽ ഉണ്ടാവില്ല. അപ്പൂട്ടനെപ്പോലെയുള്ള അവിശ്വാസികൾ ഇത്തരം ചോദ്യങ്ങളുമായി വിശ്വാസികളെ സമീപിക്കുന്നതിലെ അസാംഗത്യം മാത്രമാണ് എനിക്ക് ചൂണ്ടിക്കാണിക്കുവാനുള്ളത്.

 ഞാൻ ഒരു വിശ്വാസിയാണ്. ദൈവത്തിൽ വിശ്വസിക്കുന്നു. സത്യത്തിൽ ഒരു യുക്തിവാദിയുടേയോ അവിശ്വാസിയുടേയോ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം പ്രസ്ഥാവനയിൽ ഉണ്ട്. ഞാൻ വിശ്വാസിയാണ്. (വിശ്വാസിയും യുക്തി ഉപയോഗിച്ചു തന്നെയാണ് വിശ്വാസത്തിൽ എത്തിച്ചേരുകയോ നിലനിൽക്കുകയോ ചെയ്യുന്നതെന്ന് നേരത്തേ വിശദീകരിച്ചിരുന്നു.)  ദൈവത്തിൽ വിശ്വസിക്കുന്നു എന്നു പറയുമ്പോൾ അർത്ഥമാക്കുന്നത് അവന്റെ പ്രതാപത്തിലുംയുക്തിയിലുംമറ്റു ഗുണഗണങ്ങളിലുമൊക്കെ വിശ്വസിക്കുന്നു. ദൈവം മഹാ യുക്തിമാനാണ്. അനന്തമായ പ്രപഞ്ചത്തെ സൃഷ്ടിച്ച് പരിപാലിക്കുന്ന ദൈവം എത്രയോ എത്രയോ യുക്തിമാനും ബുദ്ധിമാനും ഒക്കെയാണെന്ന് ഞാൻ മനസ്സിലാക്കുന്നു. ദൈവത്തിന്റെ അളക്കാനാവാത്തത്ര യുക്തിയെ ദൈവം തന്നെ സൃഷ്ടിച്ചതെന്ന് ഞാൻ വിശ്വസിക്കുന്ന എന്റെ തലച്ചോറുകൊണ്ട് അളക്കുവാൻ ശ്രമിക്കുന്നത് എന്റെ തന്നെയുക്തി ചിന്തക്ക്അനുയോജ്യമായതായി എനിക്ക് ഒരിക്കലും അനുഭവപ്പെടില്ല.

മനുഷ്യന്റെ യുക്തി ആപേക്ഷികം കൂടിയാണ്. ഓരോ ആളുകളും ദൈവത്തിന്റെ ഒരേ നിലപാടിനെ പല നിലക്കാണ് അവനവന്റെ യുക്തി ഉപയോഗിച്ച് നിരീക്ഷിക്കുന്നത്. ‘വിശപ്പ്’ എന്നൊരു പ്രതിഭാസത്തെ ഉദാഹരണമായി പറയാം. ഒരു നേരത്തെ ആഹാരത്തിന് ഗതിയില്ലാത്ത ഒരു ദരിദ്രന് ‘വിശപ്പ്’ എന്ന സംഗതി ദൈവത്തിന്റെ കയ്യിൽ നിന്നു പറ്റിയ ‘വൻ‌വീഴ്ചയായി’ അനുഭവപ്പെടാം. വിശപ്പില്ലായിരുന്നുവെങ്കിൽ എന്ന് ദൈവത്തിന്റെ യുക്തിക്കുനേരേ തിരിഞ്ഞു നിന്ന് ചോദിക്കാം. അയാൾക്ക് വേണമെങ്കിൽ ദൈവത്തിനെതിരേ ലേഖനങ്ങൾ എഴുതുകയോ വിശപ്പുകൊണ്ട് വലയുന്ന എല്ലും തോലുമായ മനുഷ്യരുടെ പടം യു-റ്റ്യൂബിലിട്ട് ദൈവത്തിന്റ്റെ യുക്തിയെ ആവോളം പരിഹസിക്കാം. ഈ ലോകത്ത് നടക്കുന്ന സകല തിന്മകളുടേയും മുഖ്യകാരണമായി ‘വിശപ്പിനെ’ ചിത്രീകരിക്കുകയും അതുവഴി ദൈവത്തെ ചീത്തപറയുകയും ആവാം. ഇപ്പറഞ്ഞത് ദരിദ്രനായ ഒരാൾ തന്റെ സ്വന്തം യുക്തി ഉപയോഗിച്ച് സ്ഥാപിക്കാൻ ശ്രമിക്കുന്ന കാര്യം.
ഇനി വേറൊരു ധനികൻ മനുഷ്യൻ ദൈവത്തിന്റെ ‘വിശപ്പെന്ന’ ആഗോള പ്രതിഭാ‍സത്തെ തന്റെ യുക്തി ഉപയോഗിച്ച് ആവോളം പുകഴ്ത്തും. ‘വിശപ്പ്‘ ഇല്ലായിരുന്നുവെങ്കിൽ ജീവിതം എത്ര വിരസമാകുമായിരുന്നു എന്ന് അയാൽ ഇടക്കിടെ കടലകൊറിച്ചുകൊണ്ട് ഓർക്കുകയും ദൈവത്തിന്റെ യുക്തിയെ തന്റെ യുക്തി ഉപയോഗിച്ചുകൊണ്ട് കണ്ടെത്തി ദൈവത്തെ സ്തുതിക്കുകയും ചെയ്യും.
ഇനി ഇതേ മനുഷ്യൻ ഒരു ചരിത്രകാരനാണെങ്കിൽ ‘വിശപ്പ്’ എന്ന പ്രതിഭാസത്തിന് മറ്റൊരു മാനം കൈവരാം. വിശപ്പാണ് ചരിത്രത്തെ നിയന്ത്രിക്കുന്നതെന്നും വിശപ്പാണ്ലോകത്തിലെ ഏറ്റവും വലിയ തത്വശാസ്ത്രമെന്നും വിശപ്പിലൂടെയാണ് ലോകം സഞ്ചരിച്ചിട്ടുള്ളതെന്നും ഒക്കെ വാദിക്കാം. ഈ മേഖലയിൽ അയാൾക്ക് വേണമെങ്കിൽ ദൈവത്തെ കുറ്റം പറയുകയോ പുകഴ്ത്തുകയോ ആവാം.
യഥാർത്ഥത്തിൽ മനുഷ്യന് വിശപ്പ് നൽകുന്നതിലൂടെ എന്തു യുക്തിയാവും ദൈവത്തിന്റ്റെ പക്കൽ ഉണ്ടാവുക എന്നത് ആർക്ക് പറയാനാവും? ഇതാണ് ഒരു വിശ്വാസിയുടെ ‘വിശപ്പിനെ’ സംബന്ധിച്ച വീക്ഷണം. ‘ദൈവത്തിനേ പൂർണ്ണമായി അറിയൂ’. ഇങ്ങനെ വിശ്വസിക്കുന്നത് ചുമ്മാ അങ്ങ് വിശ്വസിക്കുകയല്ല. വിശ്വാസിയുടെ ചിന്തക്ക് ചില അതിർവരമ്പുകൾ ഉണ്ടെന്ന തിരിച്ചറിവാണ് ഇത്തരം വിശ്വാസങ്ങൾക്ക് കാരണം.

ഇവിടെ ചിലർ ചോദിക്കുന്നു ഒരുപാട് ആളുകൾ പട്ടിണി കിടക്കുന്നു. ഒരുപാട് ആളുകൾ അംഗ വൈകല്യങ്ങൾ കൊണ്ട് കഷ്ടപ്പെടുന്നു. എന്തുകൊണ്ട്? എന്റെ കുരുന്നു മകളുടെ മുകളിൽ തേങ്ങ വീണു. എന്തുകൊണ്ട്? . ദൈവം ഇത്ര ക്രൂരനാണോ? വിശ്വാസിയെ സംബന്ധിച്ച് അയാൾക്ക് പറയാവുന്ന ഒരേ ഒരുത്തരം ‘ദൈവത്തിന്റെ വിധി‘ എന്നതാണ്. കാരണം അതിന്റെ പിന്നിലുള്ള യുക്തിയെക്കുറിച്ച് മനുഷ്യൻ അജ്ഞനാണ്. യുക്തിവാദികൾക്ക് ഇത്തരം ഉത്തരങ്ങൾ ദഹിക്കില്ലെങ്കിലും സത്യത്തിൽ വിശ്വാസിയെ സംബന്ധിച്ച് ഇതാണ് വളരെ യുക്തിഭദ്രമായ ഉത്തരം.

ഈ ചോദ്യങ്ങൾ അങ്ങ് നീണ്ട് നീണ്ട് ആകാശത്തിലുള്ള നക്ഷത്രങ്ങളിൽ എത്തിച്ചേരുകയും പിന്നീട് ചർച്ചകൾക്ക് ഒരു പുരോഗതിയുമില്ലാതെ ചുമ്മാ കറങ്ങിക്കൊണ്ടിരിക്കുകയും ചെയ്യും. യുക്തിവാദ ചോദ്യങ്ങൾ ഇങ്ങനെ ലോകാവസാനം വരെ ഒരേ ഭ്രമണ പഥത്തിൽ കറങ്ങിക്കൊണ്ടേയിരിക്കും. ‘അവർ ഉദ്ദേശിക്കുന്ന’ ഉത്തരം കണ്ടെത്തുവാനാവാതെ.

(സംഗതികൾ ഇങ്ങനെയൊക്കെയാണെങ്കിലും ദൈവത്തിന്റെ യുക്തിയിലെ യുക്തിയിലേക്ക് മനുഷ്യൻ കടന്നു നോക്കിക്കൂടാ എന്നൊന്നും ദൈവം നിബന്ധന വെച്ചിട്ടില്ല. ഈ പ്രപഞ്ചത്തിന്റെ സൃഷ്ടിപ്പിനെക്കുറിച്ചുള്ള പഠനവും മറ്റുമേഖലകളിലെ പഠനവും ഒരു വിശ്വാസിക്ക് നിർവ്യാജം തുടരാവുന്നതേയുള്ളൂ താനും. അത് അങ്ങനെ ആയിരുന്നിട്ടുമുണ്ട്. ഇനി അങ്ങനെതന്നെ ആയിരിക്കുകയും ചെയ്യും.)

ഞാൻ വിശ്വസിക്കുന്ന പ്രത്യയ ശാസ്ത്രം എന്റെ ലളിതയുക്തികളുമായി വളരെ വേഗം ഇണങ്ങും വിധമുള്ളതാണെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നു. ഇസ്ലാമിന്റെ അധ്യാപനങ്ങളിലൂടെയാണ് ഞാൻ ദൈവത്തെക്കുറിച്ച് കൂടുതൽ അറിയുന്നത്. തീർച്ചയായും ഞാൻ ഒരു മുസ്ലിം കുടുംബത്തിലെ അംഗമാണ്. എന്റെ യുക്തിയെ അത് സ്വാധീനിച്ചിരിക്കാം. ഞാൻ ഇടപെഴകിയവരിലൂടെ, ഞാൻ പഠിച്ച മതപാഠ പുസ്തകങ്ങളിലൂടെ ഒക്കെ അത് അങ്ങനെ ആയിരിക്കാം. ഒരു യുക്തിവാദിയെ സംബന്ധിച്ചും ഇവയൊക്കെ അയാളെ സ്വാധീനിക്കുന്ന ഘടകങ്ങൾ തന്നെ. ഒരുപക്ഷേ ഒരാ ജനിച്ച മതത്തിലെ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും അയാളെ സ്വാധീനിക്കാം. അയാളുടെ കൂട്ടുകാർ, അയാൾ വായിക്കുന്ന പുസ്തകങ്ങൾ.. അങ്ങനെ ഒരാളെ യുക്തിവാദി ആക്കുന്നതിലും നിലനിർത്തുന്നതിലും സാഹചര്യങ്ങൾക്കും പങ്കുണ്ടെന്ന് മനസ്സിലാക്കാം. ഇവിടെ ചില ആളുകളെ യുക്തിവാദി ആക്കാൻ സഹായിച്ചത് ഗൾഫിൽ അവർക്കുണ്ടയതിക്താനുഭവങ്ങളാണെന്നൊക്കെചില കമന്റുകൾ വായിക്കാനും ഇടയായി. ഒരു വിശ്വാസിയുടെ വിശ്വാസം പൂർണ്ണമായിരുന്നാൽ ഒരിക്കലും ഇങ്ങനെ സംഭവിക്കില്ല. വിശ്വസിക്കുക എന്നാൽ ദൈവത്തിന്റെ ഗുണഗണങ്ങളിലും കൂടി വിശ്വസിക്കുകയാണ്. ദൈവം ഉണ്ടെന്നു വിശ്വസിച്ചുകഴിഞ്ഞാൽ പിന്നെ ദൈവത്തിന്റെ ഗുണഗണങ്ങളിൽ വിശ്വസിക്കുവാൻ പ്രയാസം ഉണ്ടാവേണ്ടതില്ല. ചിലയാളുകൾ ദൈവത്തിന്റെ ഗുണഗണങ്ങളിലൂടെയാണ് ദൈവം ഉണ്ടെന്നു വിശ്വസിക്കുന്നത്. രണ്ടു രീതികളിലും ദൈവത്തിന്റെ ഗുണഗണങ്ങളിലുള്ള വിശ്വാസം പരമപ്രധാനമാണ്. ഇതില്ലാത്ത വിശ്വാസികൾ പക്വത ആർജ്ജിക്കാത്ത വിശ്വാസികളാണ്. അവർ ചോദിച്ചുകൊണ്ടേയിരിക്കും ദൈവം എന്തുകൊണ്ട് ഇങ്ങനെ ചെയ്തു? അങ്ങനെ ചെയ്തു? അങ്ങനെയങ്ങനെ..

ഇസ്ലാമിനെ സംബന്ധിച്ച്  ഇസ്ലാം അതിന്റെ വിശ്വാസികളുടെ മനസ്സിൽ ഒരു വലിയ വൃക്ഷമായി വളരുന്നത്ഏകദൈവ വിശ്വാസംഎന്ന അതിന്റെ തായ്വേരിൽ നിന്നുകൊണ്ടാണ്. പ്രവാചകത്വം അതിന്റെ യുക്തിസഹമായ മറുപടിയുമാകുന്നു. ഏകദൈവത്വത്തിലും പ്രവാചകത്വത്തിലും വിശ്വസിച്ചുകഴിയുന്ന ഒരു ഇസ്ലാം മത വിശ്വാസിക്ക് പിന്നെ പ്രവാചകൻ പറയുന്നതിലും വിശ്വസിക്കുന്നതിന് പ്രയാസമുണ്ടാവുന്നില്ല. സ്വർഗ നരകങ്ങളുണ്ട് എന്ന ദൈവത്തിന്റെ വെളിപാടുകൾ പ്രവാചകൻ പറയുന്നു. ദൈവത്തിലും പ്രവാചകനിലും വിശ്വസിച്ച എനിക്ക് സ്വർഗ നരകങ്ങൾ ഉണ്ടോ എന്ന് ചിന്തിക്കുവാൻഇറക്കുമതി ചെയ്തമറ്റൊരു യുക്തി ചിന്ത വേണ്ടി വരുന്നില്ല.

(അവിശ്വാസികളുമായി വിശ്വാസികൾ സംവാദത്തിൽ ഏർപ്പെടുവാൻ മടിക്കുന്നതിനുള്ള കാരണം എനിക്കിപ്പോൾ മനസ്സിലാകുന്നു. അവിശ്വാസിയുടെ ഒരു കൊച്ചു ചോദ്യത്തിന് നാലുപുറത്തിൽ കവിയാത്ത എസ്സേ എഴുതേണ്ടി വരുന്നു വിശ്വാസി. വിശ്വാസിയുടേതായിരുന്നു ചോദ്യമെങ്കിൽ കഴിഞ്ഞ ഖണ്ഡികയിൽ അവസാനമെഴുതിയ ഒരൊറ്റ വാചകം മതിയാകുമായിരുന്നു ഉത്തരമായിട്ട്.)

ഒരു ഇസ്ലാം മത വിശ്വാസിയുടെ ദൈവ സങ്കല്പം ഇങ്ങനെയൊക്കെ ആയിരിക്കെ അപ്പൂട്ടൻ ചോദിക്കുന്നു: ലോകം മുഴുവൻ ഈ സന്ദേശം എത്തിക്കണം എന്ന നിർബന്ധം ദൈവത്തിനില്ലേ?“ എന്ന്.
അറിയില്ല അപ്പൂട്ടാ അറിയില്ല. എന്തുകൊണ്ടാണ് ആളുകൾ എല്ലാവരും ദൈവത്തിൽ വിശ്വസിക്കാത്തതെന്ന് അറിയില്ല. പക്ഷേ അത് ദൈവത്തിനറിയാം. ദൈവത്തിനു മാത്രമാണ് അത് അറിയാവുന്നത്. അവനാണ് ഏറ്റവും വലിയ യുക്തിമാൻ..

ചോദിക്കുന്നു: >>>>>ഇതേ അർത്ഥത്തിലുള്ള കമന്റുകൾ പലയിടത്തും കണ്ടിട്ടുണ്ട്‌. പ്രബോധനം എത്താത്തതുമൂലം അവിശ്വാസികളായി (അല്ലെങ്കിൽ അധർമ്മികളായി) തുടരുന്നവരെ ദൈവം നരകത്തിലേക്കയക്കില്ല എന്ന് (എന്തായാലും സ്വർഗ്ഗത്തിലെത്തില്ല, പിന്നെ എവിടെ പോകും എന്നറിയില്ല?<<<<

അറിയില്ല അപ്പൂട്ടാ അറിയില്ല. സ്വർഗത്തിൽ പോകുമോ, നരകത്തിൽ പോകുമോ, അതോ മറ്റെന്തെങ്കിലും സെറ്റ് അപ് ഉണ്ടോ? അറിയില്ല. ഒന്നറിയാം, ജഗന്നിയന്താവായ ആ തമ്പുരാന് ഈ പ്രപഞ്ചം ഇങ്ങനെയൊക്കെ സൃഷ്ടിക്കാമെങ്കിൽ, ഇങ്ങനെയൊക്കെ പരിപാലിക്കാൻ അറിയാമെങ്കിൽ ഈ പ്രശ്നത്തിന് ഉത്തരം കാണാനും അറിയാം.

അപ്പൂട്ടൻ ഉൾപ്പടെ ഉള്ള ചില അവിശ്വാസി യുക്തിവാദികളുടെ ഒരുതരം വിചാരത്തിന്റെ പ്രതിഫലനമാണ് ഇത്തരം ചോദ്യങ്ങൾ. അവർ വിചാരിക്കുന്നത് അവർ മാത്രമാണ് ഇത്തരം ചോദ്യങ്ങൾ സ്വയം ചോദിക്കുന്നത് എന്നാണ്. ചോദ്യങ്ങൾ ചോദിക്കുന്നതിനെ ഇസ്ലാം വെറുക്കുകയോ എതിർക്കുകയോ ചെയ്യുന്നില്ല. ഒരു വിശ്വാസിയും ഇത്തരം ചിന്തകളിലൂടെ കടന്നുപോകാതെയുമിരിക്കുന്നില്ല. പക്ഷേ അവൻ എല്ലാം ദൈവത്തിൽ ഭരമേൽപ്പിക്കുന്നു. വിശ്വാസിക്കറിഞ്ഞുകൂടാ ഇതിന്റെ യഥാർത്ഥ്യം. ദൈവത്തിനറിയാം അവനാണ് യുക്തിമാൻ. ദൈവത്തിൽ വിശ്വസിക്കുന്ന ഇസ്ലാം മതവിശ്വാസി ഇത്തരം ചിന്തകൾക്കൊടുവിൽ സ്വയം പറയും.. അല്ലാഹു അഅലം”- അല്ലാഹുവാണ് ഏറ്റവും അറിയുന്നവൻ.. സ്വർഗ നരകങ്ങൾക്ക് ഉടയവൻ.. അവൻ ഉദ്ദേശിക്കുന്നവരെ സ്വർഗത്തിൽ പ്രവേശിപ്പിക്കുന്നു. അവൻ ഉദ്ദേശിക്കുന്നവരെ നരകത്തിലും..

ഇത്രമാത്രമാത്രമല്ല എനിക്ക് പറയാനുള്ളത്. വിശ്വാസം വളരെ വിശാലമായ ഒരു മേഖലയാണെന്നാണ് എന്റെ പക്ഷം. ഒരു വിശ്വാസിയുടെ മനസ്സ് അവിശ്വാസിയുടെ അത്രയും സങ്കീർണമായിരിക്കില്ല. പക്ഷേ വിശാലമായിരിക്കും. പ്രശ്നങ്ങളിൽ ദൈവയുക്തിയുടെ വിശാലതകളിലേക്ക അയാൾ പറന്നുകൊണ്ടേയിരിക്കും. ദൈവത്തിന്റെ യുക്തിക്കാകട്ടെ അതിരുകളില്ലതാനും..